തര്‍ജ്ജനി

പത്രങ്ങളും ദേശീയപ്രസ്ഥാനവും

ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ സാന്നിദ്ധ്യം തെളിയിച്ചിരുന്ന വര്‍ത്തമാനപത്രങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആവിര്‍ഭാവത്തോടെ കൂടുതല്‍ സജീവമായി. നേതാക്കളുടെ പ്രസംഗങ്ങള്‍ക്കും ദേശീയ സാന്നിദ്ധ്യമുള്ള വിഷയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയ പത്രങ്ങള്‍ കൌണ്‍സിലുകളിലെ ചര്‍ച്ചകള്‍ വായനക്കാരിലെത്തിച്ചു.

പലപത്രാധിപന്മാരും സ്വയം ദേശീയപ്രസ്ഥാനത്തില്‍ പങ്കാളികളായി. ചിലരൊക്കെ അമരക്കാരുമായിത്തീര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനം ബോംബെയില്‍ നടക്കുമ്പോള്‍ ഈ പത്രസാന്നിദ്ധ്യം പ്രകടമായിരുന്നു. 1885 ഡിസംബര്‍ 25 മുതല്‍ 28 വരെ നടന്ന സമ്മേളനത്തിലെ എഴുപത്തിരണ്ടുപ്രതിനിധികളില്‍ 25 പേര്‍ പത്രപ്രവര്‍ത്തനവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരായിരുന്നു. ദാദാസാഹിബ്‌ നവറോജി, മഹാദേവഗോവിന്ദ, റാനഡെ, നരേന്ദ്രസെന്‍, ജി.സുബ്രഹ്മണ്യന്‍ അയ്യര്‍, എന്നിങ്ങനെയുള്ള പ്രഗത്‌ഭ പത്രാധിപന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും പ്രചാരമുണ്ടായിരുന്ന പത്രങ്ങളായ 'റാസ്റ്റ്‌ ഗോഫ്ത്താര്‍', 'ഇന്‍ഡു പ്രകാശ്‌', 'ഇന്ത്യന്‍ മിറര്‍', 'ഹിന്ദു' എന്നിവയുടെ പത്രാധിപന്മാരായി യഥാക്രമം ശ്രദ്ധേയരായി ത്തീര്‍ന്നവരായിരുന്നു അവര്‍.

ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ മൂന്ന് പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ചിരുന്ന എ.ഒ. ഹ്യും ഇന്ത്യന്‍ നാഷണല്‍ സ്ഥാപിക്കുമ്പോള്‍ സഹകാരികളായുണ്ടായിരുന്നവരും പത്രപ്രവര്‍ത്തകര്‍ തന്നെ. 'സ്റ്റേറ്റ്സ്‌മാന്‍' പത്രാധിപര്‍ റോബര്‍ട്ട്‌ നൈറ്റ്‌, വെഡര്‍ബേണ്‍ എന്നിവരുടെ സഹായത്തോടെ ഹ്യൂം സ്ഥാപിച്ച എന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്വാഭാവികമായും പത്രപ്രവര്‍ത്തകരുടെ സജീവസാന്നിദ്ധ്യം ഉറപ്പാക്കുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണം നടന്ന 1885 ല്‍ സ്ഥാനമൊഴിഞ്ഞ ലോഡ്‌ റിപ്പണിന്റെ പിന്‍ഗാമിയായിവന്ന വൈസ്രോയി ഡഫ്രിന്‍ പ്രഭു പത്രങ്ങളുമായി നല്ല ബന്ധം ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പത്രങ്ങളില്‍ എഴുതുവാനുള്ള അനുമതി നല്‍കുവാനും പ്രഭു തയ്യാറായി. ഈ അനുകൂല അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഭോപ്പാലിലെ ബ്രിട്ടീഷ്‌ ഭരണത്തിലുള്ള ക്രമക്കേടുകളെ ശക്തമായി വിമര്‍ശിക്കുവാന്‍ 'അമൃത്‌ ബസാര്‍ പത്രിക‘ തന്റേടം കാട്ടി. അപ്പോള്‍ തന്നെ പത്രത്തിനെതിരെ നിയമ നടപിടിക്കും വിചാരണയ്ക്കും ഉത്തരവിടുവാന്‍ വൈസ്രോയിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായി. പത്രത്തിന്‌ വിചാരണവഴി കൈവരുന്ന വന്‍ പ്രചരണം ഒഴിവാക്കുവാന്‍ നടപടികള്‍ക്കൊന്നും പോകേണ്ടതില്ലാ എന്നതായിരുന്നു വൈസ്രോയി ഡെഫ്രിന്‍ പ്രഭുവിന്റെ തീരുമാനം. ഇതില്‍ പ്രതിഷേധിച്ച്‌ ഭരണത്തിന്റെ ഭോപ്പാല്‍ പതിനിധി രാജിവച്ച്‌ പിരിയുകയും ചെയ്തു. കല്‍ക്കട്ടയിലെ 'അമൃത്‌ ബാസാര്‍ പത്രിക' കാശ്മീരിനെ സംബന്ധിച്ച ഒരു സര്‍ക്കാര്‍ രഹസ്യരേഖ പ്രസിദ്ധീകരിച്ചുകൊണ്ട്‌ വീണ്ടും ബ്രിട്ടീഷ്‌ ഭരണത്തിന്‌ തലവേദന സൃഷ്ടിച്ചു. ഗവണ്മെന്റിനും ഉദ്യോഗസ്ഥര്‍ക്കും ഇതൊരു അപമാനമായിതോന്നി. അതീവ രഹസ്യമായി സൂക്ഷിക്കുന്ന രേഖകള്‍ ഇങ്ങനെ പരസ്യമായി അടിച്ചുവരുന്നത്‌ തടയേണ്ടത്‌ അനിവാര്യമാണെന്ന് അഭിപ്രായമുണ്ടായതോടെ നിയമനിര്‍മ്മാണത്തിനുള്ള ശ്രമമായി. രഹസ്യരേഖകളും ഔദ്യോഗിക വിവരങ്ങളും ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ നിയമം രൂപപ്പെട്ടു. ഒഫിഷ്യ സീക്രട്ട്‌ ആക്ട്‌ നമ്പര്‍ XV ഓഫ്‌ 1889 എന്ന നിയമം 1889 ഒക്ടോബര്‍ രണ്ടാം തീയതി പ്രാബല്യത്തില്‍ വന്നു. അന്നുവരെ രഹസ്യസ്വഭാവമുള്ള രേഖകളും മറ്റും കരഗതമാക്കുവാനും പ്രസിദ്ധം ചെയ്യുവാനും പത്രങ്ങള്‍ക്ക്‌ സാദ്ധ്യമായിരുന്നത്‌ കടുത്തനിയന്ത്രണങ്ങള്‍ക്ക്‌ വിധേയമാക്കപ്പെട്ടു. സൈനിക കാര്യങ്ങളോട്‌ മാത്രം ബന്ധപ്പെട്ടാണ്‌ ഈ നിയമം നിലവിലിരുന്നതെങ്കില്‍ 1903 ല്‍ ഔദ്യോഗിക രഹസ്യനിയമം സിവില്‍ വിഷയങ്ങള്‍ക്കും ബാധകമാക്കുകയായിരുന്നു.

സ്വാതന്ത്യ സമരത്തിനായുള്ള കാലാവസ്ഥ സൃഷ്‌ടിക്കുന്നതിനിടയില്‍ വര്‍ഗ വര്‍ണ വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനും പത്രങ്ങള്‍ ശ്രദ്ധവെച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ വിജയിക്കുന്ന ഒരു ഭാരതീയന്‌ യൂറോപ്യന്മാരെയും കോടതികളില്‍ വിചാരണചെയ്യുവാനുള്ള അധികാരം നല്‍കുന്ന ഇല്‍ബര്‍ട്ട്‌ ബില്‍ 1889-ല്‍ പാസാക്കുകയും ഉണ്ടായി. എന്നാല്‍ വെള്ളക്കാരെ വിചാരണചെയ്യുവാന്‍ ഇന്ത്യക്കാരനെ പ്രാപ്തനാക്കുന്ന നിയമം സഹിക്കുവാനാവാത്ത യൂറോപ്യന്‍ വംശജരുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇല്‍ബര്‍ട്ട്‌ ബില്‍ ഭേദഗതി ചെയ്തു. ഈ വര്‍ഗവിവേചനത്തെ അതിശക്തമായി വിമര്‍ശിച്ച പത്രങ്ങള്‍ ജുഡീഷ്യറിയുടെ നിലവാരത്തെത്തന്നെ തകര്‍ക്കും വിധം ജഡ്ജിമാരില്‍ വിവേചന ചിന്ത വളര്‍ത്തുവാനേ ഇതുപകരിക്കൂ എന്നും തുറന്നെഴുതി. പിന്നീട്‌ 1891 ല്‍ 'ദി ഏജ്‌ ഓഫ്‌ കണ്‍സെന്റ്‌ ബില്‍' നിയമം ആയപ്പോഴും ഇന്ത്യന്‍ പത്രങ്ങല്‍ തങ്ങളുടെ എതിര്‍പ്പ്‌ പ്രകടമാക്കുകയുണ്ടായി. ഹൈന്ദവ വിവാഹ സമ്പ്രദായത്തില്‍ ഇടപെടും വിധമുള്ള ഈ നിയമത്തെ വിമര്‍ശിച്ച 'ബംഗാ ബസി' എന്ന ബംഗാളി മാസികയുടെ എഡിറ്ററെയും മാനേജരെയും പ്രസാധകനെയും ബ്രിട്ടീഷ്‌ അധികാരികള്‍ അറസ്റ്റ്‌ ചെയ്തു. 'കേസരി പത്രാധിപര്‍ ബാലഗംഗാധര തിലക്‌ ഈ നിയമത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും എതിര്‍ക്കുകയും ചെയ്തു. ഒപ്പം നിയമം അവഗണിക്കുവാനും ലംഘിക്കുവാനും ഹൈന്ദവവിശ്വാസികളോട്‌ ആഹ്വാനം ചെയ്തു. ഈ അവസരത്തില്‍ ഹിന്ദുക്കളുടെ അഭിപ്രായരൂപീകരണത്തിനും വിദേശികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌ കരുത്തു നല്‍കുന്നതിനും വേണ്ടി അന്ന് ഏറ്റവും അധികം പ്രചാരമുണ്ടായിരുന്ന 'അമൃത്‌ ബസാര്‍ പത്രിക' 1891 മുതല്‍ സ്വയം ദിനപത്രമായി മാറുകയുണ്ടായി.

വനിതകളുടെ വിദ്യാഭ്യാസം, ജാതിസമ്പ്രദായത്തിന്റെ നിരോധനം, വിധവാവിവാഹം പ്രോത്സാഹിപ്പിക്കല്‍, ശിശുബാലവിവാഹങ്ങള്‍ ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങള്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളുടെ ഒപ്പം പത്രത്താളുകളിലൂടെ ജനങ്ങള്‍ക്കിടയിലെത്തിക്കൊണ്ടിരുന്നു. ഭാരതത്തിന്‌ രാഷ്‌ടീയ സ്വാതന്ത്ര്യം മാത്രമല്ല വേണ്ടത്‌ സാമൂഹിക സ്ഥിതി സമത്വം കൂടി ഉണ്ടാകണമെന്ന ഉന്നത ആദര്‍ശം വച്ചുപുലര്‍ത്തിയ ഉല്‍പതിഷ്ണുക്കളുടെ കൂട്ടായ്മയായിരുന്നു ഇത്തരം പത്രങ്ങള്‍. ബോംബെയില്‍ സാമൂഹ്യപരിഷ്കരണപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി 1890 ല്‍ 'ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മര്‍' എന്നൊരു പത്രം തന്നെ തുടങ്ങുകയുണ്ടായി. പില്‍ക്കാലത്ത്‌ പത്രപ്രവര്‍ത്തനരംഗത്ത്‌ വളരെയേറെ പ്രശസ്തി കൈവരിച്ച കാമാക്ഷി നടരാജനായിരുന്നു 'ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മറു'ടെ എഡിറ്റര്‍. രാഷ്‌ടീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴും സാമൂഹ്യനവോത്ഥാനത്തിന്‌ മുന്‍തൂക്കം നല്‍കിയ പത്രം എല്ലാ അര്‍ത്ഥത്തിലും അതിന്റെ പേരിനോട്‌ നീതിപുലര്‍ത്തി. ദേശീയ സമര പ്രക്രിയയില്‍ വലിയ സംഭാവന നല്‍കിയ പത്രം ദേശീയ പ്രക്ഷോഭകരില്‍ സാമൂഹിക പരിഷ്കരണ വാഞ്ഛ വളര്‍ത്തുന്നതിനും സഹായകരമായിത്തീര്‍ന്നു.

രാഷ്‌ടീയ സ്വാതന്ത്ര്യത്തിന്റെ ശംഖൊലി മുഴക്കിയ പത്രങ്ങള്‍ക്കെതിരെ വാള്‍ വീശുവാന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ മറന്നിരുനില്ല. വംഗ ദേശത്തുനിന്നും ഇംഗ്ലീഷ്‌ ഭാഷയില്‍ 1879 മുതല്‍ പ്രസിദ്ധം ചെയ്തു വന്ന 'ദി ബംഗാള്‍' എന്ന പത്രത്തിന്റെ പത്രാധിപര്‍ സുരേന്ദ്രനാഥ്‌ ബാനര്‍ജി രാഷ്‌ട്ര്Iയ ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. കോളനി വാഴ്ചയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ പത്രം ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ്‌ ജുഡീഷ്യറിയുടെ പക്ഷപാതത്തെയും കടന്നാക്രമിച്ചു. കോര്‍ട്ട്‌ അലഷ്യം എന്ന പഴുതുപയോഗിച്ച്‌ സുരേന്ദ്രനാഥബാനര്‍ജിയെ അറസ്റ്റു ചെയ്തു. ബ്രട്ടീഷ്‌ സര്‍ക്കാര്‍ അദ്ദേഹത്തെ രണ്ട്‌ മാസത്തെ ജയില്‍വാസത്തിനയച്ചുകൊണ്ട്‌ പകവീട്ടി.

തങ്ങള്‍ക്ക്‌ ലഭിച്ച അവസരങ്ങളിലൊക്കെ മതവികാരത്തെ വ്രണപ്പെടുത്തുകയും അതുവഴി ഇന്ത്യാക്കാരന്റെ മേല്‍ സര്‍വാധിപത്യം സ്ഥാപിച്ചു എന്നു ധരിക്കുകയും ചെയ്തു. ബ്രട്ടീഷ്‌ ഭരണാധികാരികള്‍. 1896-ല്‍ ബോംബയിലും പൂനയിലും പ്ലേഗ്‌ ബാധ ഉണ്ടായപ്പോഴും ഇതു തന്നെ സംഭവിച്ചു. പ്ലേഗ്‌ ബാധിച്ചവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഹൈന്ദവകുടുംബങ്ങളിലെ അകത്തകങ്ങളില്‍ വരെ ബ്രിട്ടീഷ്‌ സൈനികര്‍ പരിശോധന നടത്തുമ്പോള്‍ പരക്കെ പ്രതിഷേധം ഉണ്ടായി. ബാലഗംഗാധരതിലകന്റെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ സംഘടിച്ചു. ഒരു ജനതയുടെ പാരമ്പര്യങ്ങളെ കാറ്റില്‍ പറത്തുകയും അവഹേളിക്കുകയും ചെയുന്ന ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ജനവികാരം ഇരമ്പി. 'കേസരി'പത്രത്തിലെ തന്റെ പംക്തിയില്‍ തിലക്‌ ഈ വിഷയത്തെക്കുറിച്ച കടുത്തഭാഷയില്‍ ലേഖനമെഴുതി. പൂനയില്‍ ജനങ്ങള്‍ അക്രമാസക്തരായി. തിലകന്റെ രണ്ട്‌ സഹപ്രവര്‍ത്തകരെ അക്രമ പ്രവണത പ്രോത്സാഹിപ്പിച്ചു എന്നതിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്ത്‌ പന്ത്രണ്ട്‌ മാസത്തെ കഠിനതടവ്‌ ശിക്ഷ നല്‍കി. പത്രങ്ങളാകെ പൂനയിലെ നടപടികളെ അപലപിച്ചൂകൊണ്ട്‌ മുഖക്കുറിപ്പുകളുമെഴുതി. ബ്രിട്ടീഷ്‌ ചെയ്തികള്‍ കടുത്തവിമര്‍ശനത്തിന്‌ വിധേയമായതോടെ കൂടുതല്‍ അക്രമങ്ങളും എതിര്‍പ്പുകളും ഉണ്ടാവാതിരിക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ക്കോഡിലെ ചില വകുപ്പുകള്‍ തന്നെ ഒഴിവാക്കുവാന്‍ ഭരണാധികാരികള്‍ തയ്യാറായി. പത്രസ്വാതന്ത്ര്യത്തെ വിലക്കുക എന്ന അപകടത്തിലേക്ക്‌ പോകാതെ തത്ക്കാലം അന്തരീക്ഷം ലാഘവപ്പെടുത്തുകയായിരുന്നു ബ്രിട്ടിഷ്‌ ലക്ഷ്യം. അക്രമപ്രവണതകളെ തടയുന്നതിനുവേണ്ടി എന്ന ധാരണ സൃഷ്‌ടിച്ച്‌ നിയമത്തിലെ 124-എ സെക്ഷന്‌ പുനര്‍ നിര്‍വചനം നല്‍കി ആവശ്യമുള്ളപ്പോഴൊക്കെ പത്രാധിപന്മാരെയും പത്രത്തിനെയും ശിക്ഷിക്കുവാന്‍ കൂര്‍മ്മബുദ്ധികളായ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ തയ്യാറുമായി.

ബോംബെയില്‍ 1885-ല്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയം ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ അഡ്മിനിസ്ട്രേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ അന്വേഷണക്കമ്മീഷനെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്യുന്ന ഒന്നായിരുന്നു അത്‌. തമിഴ്‌നാട്ടുകാരനായ ജി.സുബ്രഹ്മണ്യയ്യര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠ്യേന അംഗീകരിക്കപ്പെട്ടു. പത്രപ്രവര്‍ത്തനത്തില്‍ ഉത്സുകനായിരുന്ന സുബ്രഹ്മണ്യ അയ്യരും വീരരാഘവചാരിയും സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരും കൂടി ഒത്തുചേര്‍ന്ന് 1878 സെപ്തംബര്‍ 20-ന്‌ മദ്രാസില്‍ ആരംഭിച്ചവാരിക 'ഹിന്ദു' അപ്പോഴേക്കും വായനക്കാരുടെ ഇടയില്‍ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. മദിരാശി നഗരത്തിലെ ട്രിപ്ലിക്കേന്‍ ഭാഗത്ത്‌ പ്രവര്‍ത്തിച്ചുവന്ന 'ട്രിപ്ലിക്കേന്‍ സാഹിത്യ സമിതി' യുടെ പ്രവര്‍ത്തകരായ അവര്‍ തങ്ങളുടെ രാഷ്‌ട്ര്Iയ സാമൂഹ്യചര്‍ച്ചകളിലേക്ക്‌ നഗരത്തിലെ ചെറുപ്പക്കാരെയാകെ ആകര്‍ഷിക്കുവാന്‍ ശ്രിമിച്ചു. 'ഹിന്ദു' വാരിക 1888 ആയപ്പോഴേക്ക്‌ ത്രൈവാരികയായും 1889 ല്‍ ദിനപത്രമായും മാറി. കെ. നടരാജന്‍, സി.കരുണാകരമേനോന്‍ എന്നിങ്ങനെയുള്ള പ്രഗത്ഭരായ പത്ര പ്രവര്‍ത്തകര്‍ പില്‍ക്കാലത്ത്‌ ഹിന്ദുവിന്റെ ശക്തിയായി തീര്‍ന്നു. 'മഹജനസഭയുടെ ആസ്ഥാനമായി മാറിയ 'ഹിന്ദു'വിന്റെ സഹായത്തോടെയാണ്‌ ആദ്യത്തെ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ്‌ 1885 ഡിസംബറില്‍ സഭ സംഘടിപ്പിച്ചത്‌. എ.ഒഹ്യൂം ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയും അന്നു മുതല്‍ 'ഹിന്ദു'വും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം അഭേദ്യമായി നിലകൊള്ളുകയും ചെയ്തു വന്നു. 1887 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൂന്നാം സെഷന്‍ മദിരാശിയില്‍ ബാറുദ്ദീന്‍ കയാബ്ജിയുടെ അദ്ധ്യക്ഷതയില്‍ നടക്കുമ്പോള്‍ 'ഹിന്ദു'വെന്റെ സജീവ സാന്നിദ്ധ്യമുണ്ടായി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ സസൂക്ഷമം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത ഹിന്ദു കാലാകാലങ്ങളില്‍ അഭിപ്രായം തുറന്നെഴുതുകയുമുണ്ടായി. കോണ്‍ഗ്രസിലെ മിതവാദികളെ കളിയാക്കുവാനും സ്വാതന്ത്ര്യ സമ്പാദനത്തില്‍ ഉത്പതിഷ്ണുക്കളുടെ പ്രവര്‍ത്തനങ്ങളാണ്‌ അനിവാര്യമാകുന്നതെന്നു വ്യക്തമാകുവാനും പത്രം തയ്യാറായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്ന കസ്തൂരി രംഗ അയ്യര്‍ 1905 ല്‍ മുഖ്യപത്രാധിപരായതോടെ പത്രം ദേശീയ പ്രക്ഷോഭത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. അക്കലത്തെ ദേശീയ നേതാക്കളിലെ പ്രഗത്ഭമതികള്‍ ഹിന്ദുവില്‍ എഴുതിക്കൊണ്ടിരുന്നു. വിയന്നയില്‍ നിന്നും സുഭാഷ്‌ ബോസ്‌ അയച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ വായനക്കരില്‍ ഏറെ താത്പര്യമുണ്ടാക്കി. സാമൂഹ്യ പ്രശ്നങ്ങളോട്‌ പ്രതികരിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നതിലും പത്രം ജാഗ്രത കാട്ടി. ഒന്നാം ലോക മഹായുദ്ധത്തെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കവെ ബ്രിട്ടീഷ്‌ താത്പര്യം സംരക്ഷിക്കുവാന്‍ മുതിരാത്തതിന്റെ പേരില്‍ 'ഹിന്ദു' ദിനപത്രം ബ്രിട്ടനില്‍ നിരോധിച്ചുകൊണ്ട്‌ 1918 ല്‍ ഉത്തരവുണ്ടായി. വീണ്ടും 1919 ലെ പഞ്ചാബ്‌ അതിക്രമങ്ങളെ പരുക്കന്‍ ഭാഷയില്‍ അപലപിച്ചുകൊണ്ടെഴുതിയ മുഖപ്രസംഗം ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ വിരോധത്തിനിടയാക്കി. പ്രസ്‌ ആക്ട്പ്രകാരം പത്രം 2000 രൂപ പ്രിഴയടയ്ക്കേണ്ടിയും വന്നു.

പത്രങ്ങളുടെ രാഷ്ടീയ പങ്കാളിത്തത്തെക്കുറിച്ച് തികഞ്ഞ ബോധമുണ്ടായിരുന്ന ബാലഗംഗാധര തിലക്‌ മറാത്തി ഭാഷയിലുള്ള 'കേസരി' ഇംഗ്ലീഷ ഭാഷാ പത്രമായ 'ദി മറാത്ത' എന്നീ പത്രങ്ങളിലൂടെ 1881 മുതല്‍ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയെ എതിര്‍ക്കുവാന്‍ തുടങ്ങിയിരുന്നു. 'ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി'യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന രണ്ടു പത്രങ്ങളും ക്രമേണ ജനങ്ങളുടെ പ്ര്Iയപ്പെട്ട പ്രസിദ്ധീകരണങ്ങളായിത്തീര്‍ന്നു. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രമായി തീരുവാന്‍ 'കേസരി' ക്ക്‌ ഒ രുവര്‍ഷത്തിനകം കഴിഞ്ഞു. 'ദി മറാത്ത'യാവട്ടെ അഭ്യസ്തവിദ്യരുടെ വികാരപ്രകടനത്തിന്‌ വഴിയൊരുക്കിക്കൊണ്ട്‌ മഹാരാഷ്‌ട്രയിലെ ദെശീയ പത്രമായി തീര്‍ന്നു. ബ്രിട്ടീഷ്‌ അധികാരികള്‍ ഇന്ത്യന്‍ പൈതൃകത്തെ ചോദ്യം ചെയ്ത വേളയിലോക്കെ ഭാരതീയ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തിലുള്ള നിര്‍Iക്ഷണങ്ങളിലൂടെ ശക്തമായി പ്രതികരിച്ച തിലകനെ ഒരു ഹൈന്ദവ പക്ഷപാതിയായി ചിത്ര്Iകരിക്കുവാന്‍ ആഗ്ലോ ഇന്ത്യന്‍ പത്രങ്ങള്‍ ശ്രമിച്ചു. ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയ്ക്ക്‌ കുടപിടിക്കുക എന്ന കൃത്യം ചെയ്തുകൊണ്ട്‌ 'ദി ടൈസ്‌ ഓഫ്‌ ഇന്ത്യ' 'പയനിയര്‍' എന്നീ പത്രങ്ങളായിരുന്നു ഈ വിമര്‍ശന സാഹസത്തിന്‌ മുതിര്‍ന്നത്‌. പില്‍ക്കാലത്ത്‌ ഈ പത്രങ്ങള്‍ ദേശീയ പത്രങ്ങളായി വാഴ്തപ്പെടുകയുമുണ്ടായി. എന്നാല്‍ ബാലഗംഗാധര തിലക്‌ പിന്നോട്ട്‌ പോകുവാന്‍ തുനിഞ്ഞില്ല. ബ്രിട്ടീഷ്‌ അധികാരത്തെ മറയില്ലാതെ എതിര്‍ത്ത തിലക്‌ 'കേസരി'യിലെഴുതിയ വിവാദലേഖനങ്ങള്‍ അദ്ദേഹത്തെ കഠിന തടവു ശിക്ഷ അനുഭവിക്കുന്നതില്‍ വരെ കൊണ്ടെത്തിച്ചു.

'ബോംബെ ടൈസ്‌', 'ബോംബെ സ്റ്റാന്റാര്‍ഡ്‌', 'ടെലിഗ്രാഫ്‌', 'കൊറിയര്‍' എന്നീ പത്രങ്ങള്‍ ലയിച്ചുചേര്‍ന്നുണ്ടായ 'ടൈസ്‌ ഓഫ്‌ ഇന്ത്യ' 1861 മുതല്‍ ഭാരതത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന പത്രമായി നിലകൊള്ളുകയായിരുന്നു. റോബര്‍ട്ട്‌ നൈറ്റ്‌ എന്ന ധിഷണാശാലിയായ പത്രാധിപര്‍ 'ടൈംസ്‌ ഓഫ്‌ ഇന്ത്യ'യെ ഇംഗ്ലീഷ്‌ അറിയാവുന്ന വായനക്കാരുടെ പ്രിയ പത്രമാക്കി മാറ്റി. ബോംബെയില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരുന്ന പത്രം ഭാരതത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും എത്തിച്ചേര്‍ന്നു. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചു കൊണ്ടോ അല്ലാതെയോ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയിലൂടെ വ്യാപകമായി സഞ്ചരിക്കുവാന്‍ അവസരമുണ്ടായി.

അലഹബാദില്‍ നിന്നും സര്‍ ജോണ്‍ ലാറന്‍സ്‌ നേതൃത്വം നല്‍കി ആരംഭിച്ച 'പയനിയര്‍' വാര്‍ത്തകള്‍ ഏറ്റവും അധികം ഉള്‍പ്പെടുത്തുന്ന പത്രമെന്ന പേരില്‍ തുടക്കം മുതല്‍ (1865) പ്രശസ്തമായി. ഈ ആഗ്ലോ ഇന്ത്യന്‍ പത്രത്തെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഉദ്യോഗസ്തര്‍ തന്നെ ആരഭകാലത്ത്‌ സഹായിച്ചു വന്നു. അതു കൊണ്ടുതന്നെ ഭരണകൂടവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക്‌ ആശ്രയിക്കാവുന്ന പത്രമായിത്തീര്‍ന്നു 'പയനിയര്‍'. ഒപ്പം തന്നെ ബ്രിട്ടീഷ്‌ പക്ഷപാതത്തിന്റെ പേരില്‍ ഇന്ത്യന്‍ വായനക്കാരുടെ അപ്രിയം പയനിയര്‍ പിടിച്ചുപറ്റുകയുമുണ്ടായി. വംഗ ദേശത്തുനിന്നും 'സ്വയം പ്രകാശ്‌','ഹിന്ദു പേട്രിയറ്റ്‌' എന്നിവയ്ക്ക്‌ പുറമേ മറ്റൊരു ബംഗാളി പത്രം കൂടി 1863-ല്‍ വെളിച്ചം കണ്ടു. ഇന്ത്യന്‍ ദേശീയതയുടെ വികാരം ഉള്‍ക്കൊള്ളുന്ന 'ഗ്രാമമാരത പ്രകാശിക' ഹരിനാഥ മജുംദാറിന്റെ സ്വപ്ന സന്തതികൂടിയായിരുന്നു. 1868 ല്‍ പുറത്തു വന്ന ബംഗാളി വാരിക 'അമൃത്‌ ബാസാര്‍ പത്രിക' പില്‍ക്കാല സ്വാതന്ത്ര്യ സമര പ്രക്രിയയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുകയൂണ്ടായി. ഹേമന്ദകുമാര്‍, ശിശിര്‍ കുമാര്‍, മോത്തിലാല്‍ ഘോഷ്‌ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന് ആരംഭിച്ച 'അമൃത്‌ ബാസാര്‍ പത്രിക' മറ്റ്‌ ബംഗാളി പ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യതസ്തത പുലര്‍ത്തി. ബ്രഹ്മസമാജ്‌ പ്രവര്‍ത്തകനൂം ബംഗാളിലെ നവോത്ഥാനനായകനുമായിരുന്ന കേശവ ചന്ദ്ര സെന്‍ തന്റെ ആശയങ്ങളെ സാധാരണ ജനങ്ങളുമായി പങ്കു വെയ്ക്കുന്നതിന്‌ പ്രസിദ്ധീകരണം തുടങ്ങിയ പത്രം 'സുളുവ സമാചാര്‍' ആഴ്ചതോറും ബംഗാളികളെ തേടിയെത്തി. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം ഉള്‍ക്കൊള്ളുന്നതിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയ പ്രചരണത്തിന്‌ സ്വയം സന്നദ്ധമയിക്കൊണ്ടും ഒട്ടനവധിപത്രങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആവിര്‍ഭാവത്തോടെ ഇന്ത്യയിലെ പത്രങ്ങള്‍ക്കിടയില്‍ ദേശീയ പ്രക്ഷോഭത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നു വരാനുള്ള ത്വര സജീവമാകുന്നത്‌ കാണാം. സ്വാതന്ത്ര്യ സമര സേനാനികളെയും നേതൃത്വസ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകരുടെയും പ്രസംഗങ്ങള്‍ പ്രധാന വാര്‍ത്തകളായിത്തീര്‍ന്നു. അന്നോളം ബ്രിട്ടീഷ്‌ ഭരണത്തിന്റെ ശദ്വലങ്ങളില്‍ സുഖശയനം നടത്തിയ പത്രങ്ങള്‍ പോലും രാഷ്‌ട്രീയ രംഗത്തെ പുത്തനുണര്‍വില്‍ ഞെട്ടിയെഴുന്നേല്‍ക്കുയുണ്ടായി. സമരരംഗത്തെ അവഗണിക്കാനാവാതെ വന്നപ്പോള്‍ അത്തരം പത്രങ്ങളൂം ദേശീയ പ്രക്ഷോഭകരുടെ അഭിപ്രായങ്ങളൂം വായനക്കാര്‍ക്ക്‌ എത്തിച്ചു കൊടുത്തു. ബ്രിട്ടണിലെ ഭരണരീതിയെക്കുറിച്ചും ഇന്ത്യന്‍ സാഹചര്യത്തിലെ മാറ്റങ്ങളെക്കുറിച്ചും ഭാരതീയര്‍ ആഗ്രഹിക്കുന്ന ഭരണക്രമത്തെക്കുറിച്ചുമൊക്കെയുള്ള ഗൌരവതരമായ ചര്‍ച്ചകള്‍ രാഷ്ടീയരംഗത്തുയര്‍ന്നപ്പോള്‍ അവയൊക്കെയും പത്രത്താളുകളെ സജീവമാക്കി. ഇന്ത്യയുടെയും ബ്രിട്ടന്റെയും രാഷ്ട്ര്Iയ ഭൂമികയില്‍ ഒതുങ്ങാത്ത മറ്റ്‌ വിദേശരാഷ്ട്രങ്ങളിലെ സംഭവവികാസങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഇന്ത്യന്‍ പത്രങ്ങള്‍ പതിവാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളും പാരതന്ത്ര്യത്തിന്‌ എതിരെയുള്ള പോരാട്ടങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുകവഴി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരഭടന്മാര്‍ക്ക്‌ ഉണര്‍വേകാനും പത്രങ്ങള്‍ പരോക്ഷമായി ശ്രദ്ധിച്ചുവന്നു.

ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്ത്യന്‍ പത്രങ്ങളുടെ ഈ ദേശീയ ബോധത്തെ സംശയത്തോടുകൂടിയാണ്‌ വീക്ഷിച്ചിരുന്നത്‌. അപകടകരമായ അവസ്ഥയിലേക്കാണ്‌ പത്രങ്ങളുടെ പോക്കെന്നും ബ്രിട്ടീഷ്‌ അധികാരികള്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപീകരണത്തെ ആദ്യഘട്ടത്തില്‍ എതിര്‍ക്കാതിരുന്ന ഭരണകൂടം പിന്നീട്‌ പൊതുരംഗത്ത്‌ ആ പ്രസ്ഥാനത്തിനു കൈവന്ന പ്രാധാന്യത്തില്‍ ഉത്കണ്ഠ പുലര്‍ത്തി. എന്നാല്‍ പത്രങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായങ്ങള്‍ വായനക്കാരിലെത്തിക്കുകയും പൊതുജന അഭിപ്രായം രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തതോടെ ഭാരതമാകെ ശക്തിനേടുവാന്‍ ദേശീയ പ്രസ്ഥാനത്തിന്‌ സാധ്യമായി. ഇത്‌ പത്രപ്രവര്‍ത്തന ചരിത്രത്തിലെ പ്രത്യേകതകള്‍ ഏറെയുള്ള ഒരു കാലഘട്ടവുമായിത്തീര്‍ന്നു.

ഡോ .വള്ളിക്കാവ്‌ മോഹന്‍ദാസ്‌