തര്‍ജ്ജനി

ആത്മസ്പന്ദത്തിന്റെ സ്വരരേഖകള്‍

സമകാലികരില്‍ മനുഷ്യന്റെ ആന്തരിക ജീവിതത്തെ ഏറ്റവും സഫലമായി കവിതയില്‍ അവതരിപ്പിച്ചത്‌ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്‌. താന്‍ ജീവിക്കുന്ന കാലത്തിന്റെയും ലോകത്തിന്റെയും ഭീകരതയില്‍ ഭീതിയും രോഷവും പൂണ്ട അദ്ദേഹമെഴുതിയ കവിതകളൊക്കെ വായനക്കാരന്റെ ഹൃദയമിടിപ്പുകളെപ്പോലും വിറങ്ങലിപ്പിച്ചു. അവരുടെ ഹൃദയത്തെ കീഴടക്കി. കവിത ബാലചന്ദ്രന്‌ അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകളല്ല, ആത്മസ്പന്ദത്തിന്റെ സ്വരരേഖകളാണ്‌. അവയാകട്ടെ ഒരു ദുഃസ്വപ്നപീഡിതന്റെ തേങ്ങലുകളെ വഹിക്കുന്നുമുണ്ട്‌.

ഭാവാവിഷ്കാരത്തിലും ഭാഷാക്രമത്തിലും വിഷയസ്വീകരണത്തിലും സമകാലികരായ കവികളുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയാണ്‌ ബാലചന്ദ്രനുള്ളത്‌. മനുഷ്യന്റെ ജീവിതം, അവന്റെ മനസ്സ്‌, അവന്റെ അനുഭവങ്ങള്‍ - ഇവയൊക്കെയാണ്‌ ബാലചന്ദ്രന്റെ സര്‍ഗ്ഗവ്യാപാരത്തെ നിയന്ത്രിക്കുന്നത്‌. ജീവിതം ഒരു തുഴച്ചിലാണെന്നും എന്നാല്‍ കാലപരിണതിയോളം നമുക്ക്‌ തുഴയാനാവില്ലെന്നുമുള്ള അറിവ്‌ കവിക്കുണ്ട്‌. നഷ്ടപ്രണയം പോലെ ഇത്ര ഗൃഹാതുരത്വം സമ്മാനിക്കുന്ന മറ്റൊരോര്‍മ്മയും മന്നിലില്ലെന്നും കവിയ്ക്കറിയാം. സത്യം നിറഞ്ഞ മനസ്സിനെ ഒരായുധത്തിനും മുറിവേല്‍പ്പിക്കാനാവില്ലെന്നും കവി വിശ്വസിക്കുന്നു. ഇതൊക്കെയാണ്‌ ബാലചന്ദ്രന്‍ തന്റെ കവിതകളില്‍ ആവര്‍ത്തിച്ചവതരിപ്പിക്കുന്നത്‌. അതിനനുയോജ്യമായ ബിംബകല്‍പനകളും താളഘടനയും 'നവപദസംയുക്ത സാന്ദ്രമായ ശൈലി'യും അദ്ദേഹം സ്വീകരിക്കുന്നു. കാല്‍പനികതയുടെ അപചയത്തെക്കുറിച്ചും ആധുനികതയുടെ ആഗമനത്തെക്കുറിച്ചുമുള്ള സൂചനകള്‍ കൊണ്ട്‌ സമ്പന്നമായ "ഇടനാഴി"യും ജോണ്‍ എബ്രഹാമുമായുള്ള ആത്മബന്ധത്തിന്റെ തീവ്രത സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ ആവിഷ്കരിക്കുന്ന "എവിടെ ജോണും" വിഭ്രാന്തബുദ്ധിയാക്കിത്തീര്‍ക്കപ്പെട്ട ഒരു പുത്രന്റെ ഭാഷണമായ "അമാവാസിയും" ഭോഗത്തിന്റെ ഉന്മത്താഭിലാഷത്തെ ചിത്ര്Iകരിക്കുന്ന 'ഡ്രാക്കുളയും' മറ്റു ആത്മഗന്ധം പുരണ്ടവയും അല്ല്ലാത്തവയുമായ കവിതകളും ആഴമുള്ള ജീവിതാവസ്ഥകളെ ബാലചന്ദ്രന്‍ എങ്ങനെ സമര്‍ത്ഥവും സഫലവുമായി ചിത്ര്Iകരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്‌.

ഇന്ദ്രിയങ്ങളില്‍ കരിന്തീയല പടരുമ്പോഴും സ്വന്തം കര്‍മ്മത്തിന്‍ വിഷമൂര്‍ച്ഛയില്‍ ദഹിക്കുമ്പോഴുമാണ്‌ ബാലചന്ദ്രന്റെ കവിതകള്‍ പിറക്കുന്നത്‌. അതുകൊണ്ട്‌ അവ അനുഭൂതിരഹസ്യങ്ങളുടെ വിചിത്ര വിഭവങ്ങളായി വായിക്കപ്പെടുന്നു. വൈതാളിക വൃന്ദത്താല്‍ രാപകല്‍ കീര്‍ത്തിക്കപ്പെടാതെതന്നെ ജനതയുടെ ഹൃദയം കീഴടക്കുന്നു.

ഡോ. സാജന്‍ പാലമറ്റം