തര്‍ജ്ജനി

ജോണിനെ ഓര്‍ക്കുമ്പോള്‍

ജീവിച്ചിരുന്നപ്പോള്‍ തന്നെ ഒരു ലെജെണ്ട്‌ ആയ വ്യക്തിയാണ്‌ ജോണ്‍ എബ്രഹാം. ഞാന്‍ ജോണിനെ ആദ്യം കാണുന്നത്‌ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ്‌. ഞാനവിടെ 1968-ല്‍ സംവിധാനത്തിന്‌ ചേരുമ്പോള്‍ ജോണും സംവിധാനത്തില്‍ തന്നെ അന്നത്തെ സീനിയര്‍, ലാസ്റ്റ്‌ ഇയര്‍ വിദ്യാര്‍ത്ഥിയായിരുന്നു. ജോണിനെ ആദ്യം കാണുകയും പരിചയപ്പെടുകയും ചെയ്തതിന്റെ കഥ ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിട്ടുണ്ട്‌, എങ്കിലും അത്‌ ആവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. വളരെ രസകരമായ കഥയാണ്‌. ആ കാലത്ത്‌ ഇന്‍സ്റ്റിറ്റ്യ‍ൂട്ടില്‍ പുതിയതായി ചേരുന്നവരെ റാഗ്‌ ചെയ്യുമായിരുന്നു. പക്ഷേ അതത്ര ക്രൂരമായ റാഗിങ്ങൊന്നുമല്ല, ഒരു പരിചയപ്പെടലിന്റെ ഭാഗമായി ആദ്യം കുറച്ചു കളിയാക്കും, ശല്യപ്പെടുത്തും. അങ്ങനെ എന്നെ ഹോസ്റ്റലില്‍ നിന്നു പിടിച്ചിറക്കി, താഴെ ഒരു നീണ്ട റോഡുണ്ട്‌. അതു വഴി മരച്ചോട്ടിലിരിക്കുന്ന സീനിയേഴ്സിനെ ഒക്കെ നമസ്കരിപ്പിച്ചു. നേരെ കാന്റീനില്‍ കൊണ്ടു വന്നു. അവിടെ വച്ച്‌ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഒരു പാട്ടു പാടാന്‍ പറഞ്ഞു. ചെമ്മീനിലെ "കടലിനക്കരെ പോണോരെ.." എന്ന പാട്ടു പാടി. അതെല്ലാം കഴിഞ്ഞ്‌, അല്‍പം വ്യത്യസ്തമായ സ്വഭാവമുള്ള ആളുകളെല്ലാം ഉള്ളതു കൊണ്ട്‌, അവരെന്നോട്‌ തുണിയഴിക്കാന്‍ പറഞ്ഞു. ആദ്യം കാന്റീനിലെ മേശയുടെ മേലെ കയറി നില്‍ക്കാന്‍ പറഞ്ഞു, അതു കഴിഞ്ഞു ഷര്‍ട്ടൂരാന്‍ പറഞ്ഞു. ഷര്‍ട്ടൂരി തോളത്തിട്ടു. അവസാനം പാന്റൂരാന്‍ പറഞ്ഞു. പാന്റ്സിന്റെ ബട്ടണില്‍ കൈ വയ്ക്കുമ്പോള്‍ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുകയാണ്‌. That's enough..!

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ യേശുക്രിസ്തുവിനെപ്പോലെ താടി നീട്ടിവളര്‍ത്തിയ ഒരാള്‍! ജോണ്‍ ആണ്‌. അതാണ്‌ ആദ്യത്തെ കാഴ്ച.

അതു കഴിഞ്ഞ്‌, റാഗിംഗ്‌ എല്ലാം കഴിഞ്ഞ്‌ എട്ടുപത്തു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രി -എട്ടൊന്‍പതു മണിയായി കാണും- ഞാന്‍ ജി എസ്‌ പണിക്കരുടെ റൂമില്‍ ചെന്നു. അന്ന് എന്റൊപ്പം സീനിയറായി പഠിക്കുന്നവരാണ്‌ ഈ പണിക്കര്‍, കബീര്‍ റാവുത്തര്‌...എല്ലാം. അപ്പോള്‍ അവിടെ ജോണ്‍ ഉണ്ട്‌. ചുവരില്‍ ചാരിയിരുന്ന് സംസാരിക്കുകയാണ്‌. പുതിയതായതു കൊണ്ടും സ്ഥലം അത്ര പരിചയമാവാത്തതു കൊണ്ടും ഞാന്‍ വെറുതേ കേട്ടിരുന്നു. കുറേ നേരം കഴിഞ്ഞതിനു ശേഷം എന്റെ നേരെ നോക്കി "നീ എന്താണൊന്നും മിണ്ടാത്തത്‌" എന്നു ജോണ്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞു " എനിക്ക്‌ പറയാനൊന്നും ഇല്ലാത്തതു കൊണ്ടാണ്‌"
"ങാ ഹാ .. ഒരടി തന്നാല്‍ നീ മിണ്ടുമോ?" എന്നു ജോണ്‍.
ഞാന്‍ പറഞ്ഞു "അടിച്ചു നോക്ക്‌"
അപ്പോള്‍ ജോണ്‍ എന്റെ ഷര്‍ട്ടിന്റെ മുന്‍ഭാഗത്തിങ്ങനെ പിടിച്ചിട്ട്‌ മുന്നോട്ടു വലിച്ചു. ഞാനൊരു ടെര്‍ളിന്‍ ഷര്‍ട്ടാണിട്ടിരുന്നത്‌. വലിയുടെ ആഘാതത്തില്‍ അതിന്റെ എല്ലാ ബട്ടണുകളും പൊട്ടി താഴെ വീണു. എനിക്ക്‌ വല്ലാതെ ദേഷ്യം വന്നു. ഞാന്‍ "ജോണേ അരുത്‌.." എന്നു പറയുന്നുണ്ട്‌.
ജോണ്‍ "ങാ ഹാ.." എന്നു പറഞ്ഞു കൊണ്ട്‌ എന്റെ കവിളത്ത്‌ നീട്ടി വലിച്ച്‌ ഒരടി തന്നു. അത്‌ വളരെ അപ്രതീക്ഷിതമായിരുന്നു. എനിക്കു നല്ല വിഷമം തോന്നി. കാരണം എന്റെ അച്ഛനമ്മമാര്‍ പോലും എന്നെ തല്ലിയിട്ടില്ല. ഞാന്‍ പെട്ടെന്ന് ചാടി വീണ്‌ ജോണിനെ തല്ലി. ജോണ്‍ താഴെ വീണ്‌ ചുണ്ട്‌ പൊട്ടി ചോരയൊലിക്കാന്‍ തുടങ്ങി. അന്നത്തെ ഇന്‍സ്റ്റിറ്റ്യ‍ൂട്ടിന്റെ സ്വഭാവം വച്ച്‌ ആളുകളൊക്കെ വളരെ സാവധാനമാണ്‌ പ്രതികരിക്കുന്നത്‌. മുറിയിലുണ്ടായിരുന്ന സുഹൃത്തുകള്‍ ഇത്രയും കഴിഞ്ഞതിനു ശേഷമാണ്‌ റിയാക്ട്‌ ചെയ്യുന്നത്‌. എല്ലാവരും കൂടി ഞങ്ങളെ പിടിച്ചുമാറ്റി ഞാന്‍ എന്റെ റൂമിലേയ്ക്കു പോയി. അതു കഴിഞ്ഞ്‌ രാത്രി പന്ത്രണ്ടു മണിയായി കാണൂം എന്റെ റൂമിന്റെ വെളിയില്‍ വലിയ ഒച്ചയും ബഹളവും. ഈ ശബ്ദം കേട്ട്‌ ഉണര്‍ന്നു. അന്ന് എന്റെ സഹമുറിയന്‍ ഗുജറാത്തിയായ ഒരു പട്ടേല്‍ ആയിരുന്നു. അയാളെഴുന്നേറ്റു കതകു തുറന്നു. എനിക്കറിയാം അതു ജോണ്‍ തന്നെയായിരിക്കുമെന്ന്. ജോണ്‍ നന്നായി കുടിച്ചിട്ടുണ്ട്‌. വന്നു കയറിയിട്ട്‌ എന്നോട്‌ എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ഞാന്‍ എഴുന്നേറ്റു. എഴുന്നേറ്റു കഴിഞ്ഞപ്പോള്‍ ജോണ്‍ പറഞ്ഞു.
"sorry for what happened. എന്റെ കൂടെ വരുമോ" എന്നു ചോദിച്ചു.

ഞാന്‍ വരാമല്ലോ എന്നു പറഞ്ഞ്‌ വേഷം മാറി ജോണിന്റെ കൂടെ പോയി. കാമ്പസ്സിനു വെളിയില്‍ ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ നടന്ന് ഒരു ചേരി പോലുള്ള പ്രദേശത്ത്‌ ഞങ്ങള്‍ എത്തി. വഴിയില്‍ ആളുകള്‍ കിടന്നുറങ്ങുന്നുണ്ട്‌. അവരുടെ ഇടയിലൂടെ നടന്ന് ഒരു ചെറിയ വീട്ടിലെത്തി. അത്‌ ഇന്‍സ്റ്റിറ്റ്യ‍ൂട്ടിലെ ചൌക്കിദാരുടെ വീടാണ്‌. അവിടെയാണ്‌ ചാരായം വില്‍ക്കുന്നത്‌. അങ്ങനെ ഞാനും ജോണും അവിടെയിരുന്ന് മൂന്നു മണിവരെ ചാരായം കുടിച്ച്‌ തിരിച്ച്‌ വന്ന് റൂമില്‍ കിടന്നുറങ്ങി. ഇതായിരുന്നു ജോണുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച.

അതു കഴിഞ്ഞ്‌ ജോണുമായി അടുത്ത്‌ ഇടപഴകുന്നത്‌, പൂനയിലെ പഠനമെല്ലാം കഴിഞ്ഞ്‌ മദിരാശിയില്‍ വന്ന്, ഞാന്‍ രാമു കാര്യാട്ടിന്റെ സഹായിയായി നില്‍ക്കുമ്പോള്‍, അന്ന് ജോണ്‍ 'വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ' എന്ന സിനിമ എടുത്തുകൊണ്ടിരിക്കുകയാണ്‌. എം. ആസാദ്‌ (പിന്നീട്‌ മരിച്ചു പോയി), ജോണ്‍ എബ്രഹാം, രാമചന്ദ്ര ബാബു (ക്യാമറാമാന്‍), ഇവരെല്ലാം കൂടി അവിടെ മഹാലിംഗപുരം എന്ന സ്ഥലത്ത്‌ ഒരു വീട്ടില്‍, ഒന്നിച്ചു താമസിക്കുകയാണ്‌. കാര്യാട്ട്‌ വര്‍ക്ക്‌ തൂടങ്ങിയിരുന്നില്ല. എനിക്കു താമസിക്കാന്‍ വേറെ സ്ഥലമില്ലാതിരുന്നതു കൊണ്ട്‌ ഞാനും ഇവരുടെ കൂടെ കൂടി. ജോണിന്‌ ഓരോ മിനിട്ടിലും, എന്നല്ല, ഓരോ സെക്കന്റിലും അനക്‌ഡോട്ടുകളൂണ്ടാവും. എന്തുകേട്ടാലും, അതിനെപ്പറ്റി ഒരു തമാശ അല്ലെങ്കില്‍ പാരഡി ജോണ്‍ ഉടനെ ഉണ്ടാക്കും. രണ്ടു മൂന്നു മാസത്തോളം ഞാന്‍ അവിടെ താമസിച്ചു. ജോണിന്റെ കന്നിചിത്രത്തിന്റെ പണി പുരോഗമിക്കുന്നതിനിടയില്‍, ജോണുമായി അടുത്ത്‌ ബന്ധപ്പെടാനും ക്രിയേറ്റീവായ കാര്യങ്ങള്‍ ജോണ്‍ ചെയ്യുന്നത്‌ നോക്കി കാണാനും അവസരം ലഭിച്ചു. പക്ഷേ ഞാന്‍ സിനിമയുണ്ടാക്കി കഴിഞ്ഞാണ്‌ ജോണ്‍ പടം പുറത്തിറക്കിയത്‌. അതിനു പല കാരണങ്ങളുമുണ്ട്‌. നിങ്ങള്‍ക്കെല്ലാം അറിയാവുന്ന കഥയാണ്‌.

ജോണ്‍ നല്ല യാത്രക്കാരനായിരുന്നു. ഒരു നയാപൈസ കൈയിലില്ലെങ്കിലും അദ്ദേഹം യാത്ര ചെയ്യും. എവിടെ എങ്ങനെ എന്ന് അദ്ദേഹത്തിനു തന്നെ തീര്‍ച്ചയുണ്ടാവില്ല. ഇന്നു ഇവിടെ. ഒരു പക്ഷേ മറ്റെന്നാള്‍ ബോംബേയിലായിരിക്കും ജോണിനെ കാണുക. ഈ രീതിയില്‍ പെട്ടെന്ന് അപ്രത്യക്ഷനാവുന്ന ഒരു സ്വാഭാവമുണ്ടായിരുന്നു. എവിടെ ചെന്നാലും അദ്ദേഹത്തിനൊരു 'നേക്കു'ണ്ട്‌. ആളുകളോട്‌ സംസാരിക്കാനും പരിചയപ്പെടാനും. മദിരാശിയില്‍ വരുന്നതിനു മുന്‍പ്‌ മണികൌളിന്റെ 'ഉസ്കി റോട്ടി' യില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ രീതിയില്‍ സിനിമാക്കാരെവിടെയുണ്ടോ അവിടെയൊക്കെ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. സിനിമാക്കാരുമാത്രമല്ല, ജോണിനെ ഒരിക്കലെങ്കിലും കണ്ടുമുട്ടിയിട്ടുള്ള ആര്‍ക്കും അദ്ദേഹത്തെപ്പറ്റി സ്മരിക്കാന്‍ എന്തെങ്കിലും ഉണ്ടാവും എന്നു ഉറച്ചു വിശ്വസിക്കുന്ന ആളാണു ഞാന്‍. സദാസമയവും ലഹരിയിലായിരുന്ന മനുഷ്യന്‍. പറയേണ്ട കാര്യമില്ല. ലഹരിയെന്നു പറയുന്നത്‌ എന്തുമാകാം. ഞങ്ങളൊക്കെ ഒരുമിച്ചിരുന്ന് ധാരാളം കഞ്ചാവു വലിച്ചിട്ടുണ്ട്‌. ജോണിന്റെ ജീവിതം എന്നു പറയുന്നത്‌ എപ്പോഴും മറ്റുള്ളവരുമായി പങ്കിടുന്ന ഒന്നായിരുന്നു.

'വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ' കുറേനാള്‍ കഴിഞ്ഞ്‌ പുറത്തിറങ്ങി. നമ്മളാരും വളരെ ശ്രദ്ധിച്ച ചിത്രമല്ല അത്‌. ജോണിനെ നാം ബഹുമാനിക്കുന്ന ചിത്രങ്ങള്‍ വേറെയാണ്‌. ജോണിന്റെ സിനിമാജീവിതത്തില്‍, ഞാന്‍ അദ്ദേഹത്തെ ഏറ്റവുമധികം ബഹുമാനിക്കുന്നത്‌, 'അഗ്രഹാരത്തില്‍ കഴുത' എന്ന സിനിമയെടുത്തതുകൊണ്ടും അത്‌ കണ്ടിട്ടുമാണ്‌. അതാണു ജോണിന്റെ മികച്ച സിനിമ എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍, നാഷണല്‍ ടെലിവിഷനില്‍ പോലും അതു കാണിക്കാന്‍ സാധിച്ചില്ല, അങ്ങനെയൊരു പേരുണ്ടായി പോയതു കൊണ്ട്‌. പല ആളുകളും അതെടുത്തു പറഞ്ഞിട്ടുണ്ട്‌. സിനിമയെ സ്നേഹിക്കുന്ന പലരും അതു കണ്ടിട്ടുണ്ട്‌. അതാണ്‌ ജോണിന്റെ വര്‍ക്കുകളില്‍ ഏറ്റവും 'കോംപ്ലെക്സ്‌' ആയിട്ടുള്ളതും ഉത്തമമായിട്ടുള്ളതും. അതിനു കൃത്യമായ ഒരു ശൈലി അല്ലെങ്കില്‍ ഘടനയുണ്ട്‌.

മറ്റു സിനിമകള്‍, ഉദാഹരണത്തിന്‌ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍', 'അമ്മ അറിയാന്‍' ഒക്കെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ എവിടെയൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു മനസ്സിലാവും. വലിയ ഒരാശയവുമായി തുടങ്ങിയിട്ട്‌ അതു പൂര്‍ത്തിയാക്കാനാവാതെ എവിടെയോ സിനിമ അവസാനിപ്പിക്കുകയാണെന്നു തോന്നും. അദ്ദേഹത്തിന്റെ ജീവിതവും അങ്ങനെ തന്നെ. പൂര്‍ണ്ണമാവാതെ അവസാനിച്ച ഒരു ജീവിതമാണദ്ദേഹത്തിന്റേത്‌. കാരണം മദ്യം തന്നെ. സദാ ലഹരിയിലായിരുന്നതു കൊണ്ട്‌ വലിയ ആശയങ്ങളുമായി, വ്യത്യസ്തമായ, പുതുമയുള്ള തീമുമായി ഒരു വര്‍ക്ക്‌ ആരംഭിച്ചു കഴിഞ്ഞാല്‍ മുന്നോട്ട്‌ പോകാനാവാത്ത ഒരു അവസ്ഥ വരും, ഒരു ടെക്നിക്കല്‍ ഡിസബിലിറ്റി. അതുണ്ടായത്‌ മദ്യം കൊണ്ടു തന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു. സിനിമയിലെ പ്രവര്‍ത്തനം എന്നു പറയുന്നത്‌ നമ്മുടെ മനസ്സിന്റെ 'എന്‍ഗേജ്‌ മെന്റ്‌' മാത്രം പോരാത്ത ഒന്നാണ്‌. ശരീരത്തിന്റെ ശേഷി വളരെ പ്രധാനമാണ്‌. ഒരു ദിവസത്തെ വര്‍ക്ക്‌ ആരംഭിച്ചു കഴിഞ്ഞാല്‍ സംവിധായകന്‍ കുറഞ്ഞത്‌ 25 കിലോമീറ്ററെങ്കിലും സെറ്റിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടി വരും. physical involvement ആവശ്യമുള്ള ഒന്നാണ്‌ സിനിമാ പ്രവര്‍ത്തനം. ആ നിലയ്ക്ക്‌, ജോണ്‍ കുറച്ചു കഴിയുമ്പോള്‍ മനസ്സിന്റെ പ്രവര്‍ത്തനവും ശരീരത്തിന്റെ പ്രവര്‍ത്തനവും അറിയാതെ നിലച്ചു പോകുന്ന ഒരവസ്ഥയിലെത്തുകയായിരുന്നു. ഇതൊക്കെ ഓരോ മനുഷ്യരുടെ സ്ക്രിപ്റ്റ്‌ ആണ്‌. ഒരാളുടെ ജീവിതം ഒരു സ്ക്രിപ്റ്റ്‌ പോലെ ആണെന്നു ഞാന്‍ തന്നെ പറയാറുണ്ട്‌. ജോണ്‍ തന്നെ ജോണിന്റെ സ്ക്രിപ്റ്റ്‌ എഴുതുകയായിരുന്നു.

ജോണ്‍ എന്നു പറയുന്നത്‌ അസാമാന്യ ആശയങ്ങളുള്ള, ഹിപ്പോക്രസി എവിടെ കണ്ടാലും എതിര്‍ക്കുന്ന, അന്നേരം മുഖത്തു നോക്കി 'പോടാ' എന്നു പറയുന്ന ആളായിരുന്നു. ബംഗാളിലെ ഉന്നതനായ ഒരു സംവിധായകനെ നോക്കി അയാളുടെ അടുത്തിരുന്ന് 'you bastard'! എന്നു പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്‌. അത്തരം ഒരു ജോണ്‍ എബ്രഹാമിനെ അടുത്തു കാണാനും അദ്ദേഹത്തിന്റെയൊപ്പം ജീവിക്കാനും ഭാഗ്യമുണ്ടായതായി ഞാന്‍ കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ടത്‌, അദ്ദേഹം മരിക്കുന്നതിന്‌ ഏതാനും നാളൂകള്‍ക്ക്‌ മുന്‍പ്‌ എന്റെ 'മറ്റൊരാള്‍' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുകയായിരുന്നു. മമ്മൂട്ടിയൊക്കെ സെറ്റിലുണ്ട്‌. അവിടെ അദ്ദേഹം വന്നിരുന്നു. വന്നിരുന്ന് ഏതാനും നിമിഷങ്ങള്‍ കൊണ്ട്‌ അദ്ദേഹം എല്ലാവരുടെയും സുഹൃത്തായി മാറി. അവിടെയിരുന്ന് പാട്ടും പാടി. സിനിമയില്‍ മമ്മൂട്ടി രണ്ടുവരി പാടുന്നുണ്ട്‌. അത്‌ ജോണ്‍ അവിടെയിരുന്നു ട്യൂണ്‍ മാറ്റി കുട്ടനാടന്‍ ഈണത്തിലാക്കി പാടി. അവിടെ നിന്നും പോയി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ്‌ അദ്ദേഹം കോഴിക്കോട്‌ വച്ച്‌ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മരിച്ചു എന്നു കേള്‍ക്കുന്നത്‌. ഒരു 'ഷോക്ക്‌' എന്നതിനേക്കാള്‍ ഇങ്ങനെയായല്ലോ ജോണിന്റെ അന്ത്യം എന്നൊരു സങ്കടമായിരുന്നു എനിക്കതു കേട്ടപ്പോള്‍ തോന്നിയത്‌. അതുകൊണ്ടാണ്‌ തുടക്കത്തില്‍ ഞാന്‍ പറഞ്ഞത്‌ ജീവിച്ചിരുന്നപ്പോള്‍ തന്നെ ലെജെണ്ടായ ആളാണ്‌ ജോണ്‍ എന്ന്.

(ജോണ്‍ എബ്രഹാം സിനിമാ പുരസ്കാര സമര്‍പ്പണത്തോടനുബന്ധിച്ചു കെ ജി ജോര്‍ജ്‌ നടത്തിയ പ്രഭാഷണം)