തര്‍ജ്ജനി

യമുനോത്രി - മൂന്ന്

മഴ ശമിച്ചിട്ടില്ല. യാത്ര തുടങ്ങിയിട്ട്‌ ആറു മണിക്കൂറായി. മഴയില്ലെങ്കില്‍ എത്തേണ്ട സമയമായി. ഇനി ഒരു മണിക്കൂര്‍ കൂടി കയറിയാല്‍ മതിയെന്ന് ഞങ്ങളെ കടന്നു പോയ ഒരാള്‍ പറഞ്ഞു. ആകാശം മുട്ടി നില്‍ക്കുന്ന ഹരിതാഭയാര്‍ന്ന മലനിരകളും അവയിലൂടെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകളും മഴയുടെയും പാഞ്ഞൊഴുകുന്ന മൂടല്‍മഞ്ഞിന്റെയും ഇടയിലൂടെ അല്‍പമായി കാണാമായിരുന്നു. സ്വപ്നം പോലെ ഒരു ദര്‍ശനം. മിസ്റ്റിക്കല്‍. ശരീരത്തിന്റെ ക്ഷീണം മനസ്സിന്റെ സന്തോഷത്തില്‍ ലയിച്ചില്ലാതായിത്തീര്‍ന്നതു പോലെയാണ്‌ യമുനോത്രിയില്‍ എത്തിയപ്പോള്‍ അനുഭവപ്പെട്ടത്‌.

എല്ലായിടത്തും ചളി നിറഞ്ഞ വെള്ളം കെട്ടി നില്‍ക്കുന്നു. നല്ല തണുപ്പുണ്ട്‌. കാലെല്ലാം വിറയ്ക്കുന്നു. പല്ലു കൂട്ടിയിടിക്കുന്നു. അല്‍പം ചൂടു കിട്ടിയിരുന്നെങ്കില്‍ എന്നു കൊതിച്ച്‌ മന്ദിറിനു താഴെയുള്ള കൊച്ചു ബസാറിലേക്കു പ്രവേശിച്ചു. ചായക്കടകളാലും പലവ്യഞ്ജനങ്ങളാലും നിറഞ്ഞ ചെറിയൊരു ബസാര്‍. അടുപ്പിനുചുറ്റും ആളുകള്‍ ഇരുന്നു ചായ കുടിക്കുന്നു. ഞങ്ങളും അവിടെ ചെന്നിരുന്നു. നെരിപ്പോടിനടുത്തിരുന്നു്‌ ചൂടു ചായ മൊത്തിക്കുടിക്കുന്നതു്‌ എത്ര ആശ്വാസകരവും ആനന്ദകരവുമാണു്‌.

അടുത്തിരിക്കുന്നയാള്‍ ഞങ്ങളെ തോണ്ടിയപ്പോഴാണ്‌ ആളെ ശ്രദ്ധിച്ചതു്‌, രാം ലാല്‍. ഊണെല്ലാം കഴിഞ്ഞ്‌ ചായക്കടക്കാരന്‍ മാധവുമായി സൊറപറഞ്ഞിരിക്കുകയാണ്‌. ഭക്ഷണമെല്ലാം കഴിച്ചിട്ട്‌ മന്ദിറിലേക്ക്‌ വരിക എന്നു പറഞ്ഞു്‌ രാംലാല്‍ എഴുന്നേറ്റു പോയി. അല്‍പം ചോറും ഈരണ്ടു ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ഞങ്ങള്‍ അകത്താക്കി. കടുകെണ്ണക്കറി എന്നു പറയുന്നതാവും ശരി. എണ്ണയില്‍ മുങ്ങി ഉരുളക്കിഴങ്ങു മാത്രം കണ്ടെടുത്തു വേണം ശാപ്പിടാന്‍. ഇല്ലെങ്കില്‍ ഈയുള്ളവന്റെ വയറിന്റെ കാര്യം പോക്കു തന്നെ.

ചളിയും വെള്ളവും ആലിംഗനം ചെയ്തു കിടക്കുന്ന ആ വഴിയിലൂടെ ഒരുവിധം ഞങ്ങള്‍ മന്ദിരിന്റെ അടുത്തെത്തി. പാറയിടുക്കുകളിലൂടെ കുതിച്ചുപാഞ്ഞു വരുന്ന യമുനാനദിക്കു കുറുകെ കെട്ടിയിട്ടുള്ള പാലം കടന്നാല്‍ മന്ദിരമായി. കുറെ സമയം യമുനയുടെ കൂലംകുത്തിപ്പാച്ചിലും നോക്കി ഞങ്ങള്‍ ആ പാലത്തില്‍ നിന്നു. ഞങ്ങളവിടെ നില്‍ക്കുന്നതുകണ്ടു് രാം‍ലാല്‍ മന്ദിരില്‍ നിന്നു് കൈകൊട്ടി വിളിച്ചു. ശരീരത്തില്‍ മൊത്തം ചെളിയാണ്. അല്പം ചൂടുവെള്ളം കിട്ടിയിരുന്നെങ്കില്‍ കുളിക്കാമായിരുന്നെന്ന മോഹം മനസ്സിലുണ്ട്. താമസിക്കാനുള്ള സൌകര്യം രാം‍ലാല്‍ ശരിയാക്കിത്തരാമെന്നു പറഞ്ഞിരുന്നതിനാല്‍ ആദ്യം മുറി സംഘടിപ്പിച്ചു തരാന്‍ പറയുമെന്നു കരുതി ഞങ്ങള്‍ രാം‍‍ലാലിന്‍റെ അടുത്തേക്കു നടന്നു.

Yamunotri

1991ലുണ്ടായ ഭൂമികുലുക്കത്തില്‍ കാര്യമായ തകരാറു സംഭവിച്ചതിനാല്‍ പ്രധാനക്ഷേത്രത്തിലേക്കു് ആരെയും പ്രവേശിപ്പിക്കുന്നില്ല. എങ്കിലും പുറത്തു നിന്നും ദേവിയെ കാണാനുള്ള സൌകര്യം ചെയ്തിട്ടുണ്ട്. അമ്പലത്തില്‍ യമുനയുടെയും ഗംഗയുടെയും പ്രതിഷ്ഠയുണ്ട്. യമുനാദേവിയെ കറുത്തകല്ലിലും യമുനയ്ക്കു ഇടത്തായുള്ള ഗംഗയെ വെളുത്ത കല്ലിലും കൊത്തിയിരിക്കുന്നു. രാം‍ലാല്‍ തുടങ്ങിയ പൂജാരികള്‍ ആളുകള്‍ക്കു് പൂജ ചെയ്തുകൊടുക്കുന്നതു് പ്രധാനമന്ദിരിനു തൊട്ടു താഴെയുള്ള വലിയ പാറയില്‍ നിന്നും ചീറ്റി വരുന്ന ജലപ്രവാഹത്തിനടുത്താണു്. അതു ദിവ്യശിലയാണു്. സാധാരണ ഇവിടെ പൂജ കഴിച്ചാണ് ഭക്തര്‍ പ്രധാന ക്ഷേത്രത്തിലേക്കു പോകുക.

ഞങ്ങള്‍ ആ പാറയിലേക്കു പ്രവേശിച്ചപ്പോള്‍ ഒരുഭാഗത്തു നിന്ന് മുകളിലേക്കു് ആവി ഉയര്‍ന്നു പൊന്തുന്നതു കണ്ടു. തണുപ്പു നിറഞ്ഞ വെള്ളത്തില്‍നിന്നും പൊന്തിവരുന്ന ആവിയായിരിക്കുമെന്നാണ് കരുതിയതു്. പത്തടിയോളം ചതുരത്തിലുള്ള ഒരു കുണ്ഡില്‍ നിന്നും വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്നു. അതു് തൊട്ടു താഴെയുള്ള കുണ്ഡിലേക്കുപോയി നിറയുന്നു. താഴെയുള്ള കുണ്ഡില്‍ നിന്നും ആവി പൊന്തുന്നുണ്ട്. അതില്‍ രണ്ടുമൂന്നു പേര്‍ നിന്നു കുളിക്കുന്നതു കണ്ടപ്പോള്‍ ശരീരം കോച്ചിപ്പോയി. ദൈവമേ, തണുത്തു വിറയ്ക്കുന്ന അന്തരീക്ഷത്തില്‍ ഐസുപോലെ തണുത്ത വെള്ളത്തില്‍ എങ്ങനെയാണു് ഈ മനുഷ്യര്‍ക്കു കുളിക്കാന്‍ കഴിയുന്നതു്? ഭക്തിയുടെ ശക്തി അപാരം തന്നെ. കുളിച്ചുകയറിയവരുടെ ശരീരത്തില്‍ നിന്നെല്ലാം ആവി പറക്കുന്നുണ്ടു്. അവരുടെ മുഖത്തു് ഒരു ഭാവമാറ്റവുമില്ല. വലിയ ആശ്വാസവും സംതൃപ്തിയും നിറഞ്ഞ മുഖഭാവം.

തൊട്ടു താഴത്തൂടെ ഒഴുകുന്ന യമുനയില്‍ നിന്നും കൈകുമ്പിളില്‍ ഇത്തിരി വെള്ളമെടുത്തു് മുഖം കഴുകാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയതാണു്. എന്നാല്‍ വെള്ളത്തില്‍ കൈയിട്ടതും വിരല്‍ കോച്ചിപ്പോയതും ഒന്നിച്ചായിരുന്നു. വിരലുകള്‍ മടക്കിയും നിവര്‍ത്തിയും കൈകള്‍ പരസ്പരം ഉരച്ചും ചൂടുകൊടുത്തു് ഒരുവിധം ശരിയാക്കി എടുത്തതേയുള്ളൂ. അതുകൊണ്ടു് മുഖം കഴുകല്‍ പരിപാടികള്‍ തല്‍ക്കാലം വേണ്ടെന്നു തന്നെ തീരുമാനിച്ചു. എന്നാല്‍ ഇവിടെയിതാ ആളുകള്‍ ഒരു കൂസലുമില്ലാതെ കുളിക്കുന്നു. ഒരുപക്ഷേ കുണ്ഡിലെ വെള്ളത്തിനു് അത്ര തണുപ്പുണ്ടാകില്ല; അതിനാല്‍ മുഖമൊന്നു കഴുകിക്കളയാം എന്നു കരുതി ഞാന്‍ ആരും കുളിക്കാതെ കിടക്കുന്ന കുണ്ഡിന്റെ അടുത്തേക്കു നടന്നു. കുന്തക്കാലിലിരുന്നു് വെള്ളമെടുക്കാനായി കൈയിട്ടതും “ന്റയ്യോ” എന്ന് വിളിച്ചു് കൈ വലിച്ചതും പെട്ടെന്നായിരുന്നു. അപ്പോഴാണു് യമുനോത്രിയില്‍ തപ്തകുണ്ഡങ്ങളുണ്ടെന്ന കാര്യം ഓര്‍ത്തതു്. ഞാന്‍ കൈയിട്ടതു് സൂര്യകുണ്ഡിലായിരുന്നു. ഭക്തര്‍ പ്രസാദമായി കിട്ടുന്ന അരിയും ഉരുളക്കിഴങ്ങുമെല്ലാം തുണിയില്‍കെട്ടി വേവിച്ചെടുക്കുന്ന തീര്‍ത്ഥമാണതു്. തൊട്ടുതാഴെയുള്ള ഗൌരീകുണ്ഡിലെ വെള്ളത്തിനു് അല്പം ചൂടു കുറവുണ്ടു്. അതിലാണു് എല്ലാവരും കുളിക്കുന്നതു്.

പൊള്ളിയ കൈയില്‍ ഊതിക്കൊണ്ട് മെല്ലെ എഴുന്നേറ്റ് യമുനാഭായ്‍കുണ്ഡിനടുത്തു പോയി. മനസ്സില്ലാമനസ്സോടെ ഇടത്തെ കൈ അതിലിട്ടു നോക്കി. വലിയ കുഴപ്പമില്ല. എങ്കിലും കുളിക്കാനൊരു മടി. ഇതൊന്നും വിശ്വസിക്കാനാവുന്നില്ല. ഞങ്ങളങ്ങനെ അന്തം വിട്ടു നില്‍ക്കുന്നതു കണ്ടു് രാം‍ലാല്‍ അടുത്തു വന്നു. എന്താ കുളിക്കുന്നില്ലേ? സ്ത്രീകള്‍ കുളിക്കുന്നയിടം അപ്പുറത്താണു്. ഞാന്‍ കാണിച്ചു തരാം. ഗായത്രിയെയും കൂട്ടി അയാള്‍ അങ്ങോട്ടു പോയി. അപ്പോഴേക്കും രാം‍ലാല്‍ ഞങ്ങളുടെ രക്ഷകര്‍ത്താവായി മാറിയിരുന്നു. ഞാന്‍ തോര്‍ത്തുമുണ്ടുടുത്തു് കുണ്ഡിന്റെ കരയിലിരുന്നു് വെള്ളം കൈക്കുമ്പിളിലെടുത്തു് ശരീരം മുഴുവന്‍ തടവാന്‍ തുടങ്ങി. എന്റെയീ കുട്ടിക്കളി കണ്ടു് രാം‍ലാല്‍ അടുത്തെത്തി. വെള്ളത്തിലേക്കു് ചാടാന്‍ പറഞ്ഞു. അതു പറ്റില്ലെന്നു ഞാന്‍ മലയാളത്തില്‍ പറഞ്ഞു. രാം‍ലാല്‍ എന്നെപ്പിടിച്ചു ഒറ്റത്തള്ളു്. “ന്റള്ളോന്നു” കരഞ്ഞു വിളിച്ചു ദാ കിടക്കുന്നു, ഗൌരീകുണ്ഡില്‍. വെന്തു പോകുമെന്നു തോന്നി. എങ്ങനെയെങ്കിലും കരയ്ക്കുകയറണമെന്നു കരുതി ഞാന്‍ കുണ്ഡിന്റെ ഓരത്തേക്കു നീന്തി. പെട്ടെന്നു് ശരീരത്തിലെ പൊള്ളല്‍ കുറഞ്ഞുകുറഞ്ഞു വരാന്‍ തുടങ്ങി. സുഖകരമായ ഒരിളം ചൂട് ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും തഴുകാന്‍ തുടങ്ങി. പിടിച്ചു വലിച്ചു കയറ്റിയാല്‍ പോലും ഞാന്‍ കയറില്ല എന്ന സ്ഥിതിയായി. എത്ര സുഖകരമായ കുളി! പ്രിയ സുഹൃത്തുക്കള്‍ കുളിയ്ക്കാന്‍ വേണ്ടിയെങ്കിലും യമുനോത്രിയില്‍ പോകണമെന്നു ഞാന്‍ വിനീതമായി ശുപാര്‍ശ ചെയ്യുന്നു.

തണുപ്പു നിറഞ്ഞ ഹിമാലയത്തില്‍, തൊട്ടടുത്തു് ഐസുപോലെ തണുത്ത ജലം കുതിച്ചു പാഞ്ഞു പോകുമ്പോള്‍ എങ്ങനെയാണു് ഈ പാറയില്‍ മാത്രം ചുടുനീര്‍ പ്രവാഹം ഉണ്ടായതു്? ജീവിതം തന്നെ ഒരു ആശ്ചര്യമായിരിക്കേ അതില്‍ സംഭവിക്കുന്ന ഇത്തിരിപ്പോരം പോന്ന ആശ്ചര്യങ്ങളിലൊന്നും ആശ്ചര്യപ്പെടേണ്ടതായിട്ടില്ല.

ഗായത്രി കുളിയെല്ലാം കഴിഞ്ഞു് തിരിച്ചു വരുമ്പോഴേക്കും ഞാന്‍ വസ്ത്രമെല്ലാം മാറി യമുനയെയും നോക്കി നില്‍ക്കുകയായിരുന്നു. ഗായത്രിക്കു പറയാനുണ്ടായിരുന്ന കഥയും എന്റേതു പോലെ തന്നെ. ഗായത്രിയെയും രാം‍ലാല്‍ കുണ്ഡിലേക്കു പിടിച്ചു തള്ളുകയായിരുന്നു. എന്തായാലും ആകപ്പാടേ ഒന്നു ഫ്രഷായി. ഇത്രയും ദൂരം നടന്നുവന്ന കഥയൊക്കെ മറന്നു പോയിരിക്കുന്നു.

യമുനയുടെ കഥ പറയാന്‍ മറന്നു പോയി.

3323 മീറ്റര്‍ ഉയരത്തിലാണു് യമുനോത്രി. സൂര്യദേവന്റെയും വിശ്വകര്‍മ്മാവിന്റെ പുത്രി സഞ്ജനയുടെയും മകളായിരുന്നു യമുന. സൂര്യന്റെ ജീവദായകത്വവും വിശ്വകര്‍മ്മാവിന്റെ കലാനിപുണതയും ഉള്ളവളായി യമുന കരുതപ്പെട്ടിരുന്നു. ചിലപ്പോള്‍ അവളെ സൂര്യകന്യ (സൂര്യപുത്രി എന്ന അര്‍ത്ഥത്തില്‍) എന്നും സൂര്യതന്യ (സൂര്യനില്‍ നിന്നും ഉടലെടുത്തവള്‍ എന്ന അര്‍ത്ഥത്തില്‍) എന്നും വിളിക്കപ്പെടുന്നു. സഞ്ജനാ-സൂര്യ ദമ്പതിമാര്‍ക്കു് യമനെനും ധര്‍മ്മരാജനെന്നും രണ്ടു പുത്രന്മാര്‍ കൂടിയുണ്ടായി. എങ്കിലും സൂര്യതാപം സഹിക്കാന്‍ കഴിയാതെ സഞ്ജന രഹസ്യമായി തന്റെ ഛായയെ നിര്‍മ്മിച്ചു് സൂര്യനോടോപ്പം അയച്ചിട്ടു് കാട്ടിലേക്കു പോയി. ഛായയ്ക്കു് സൂര്യദേവനില്‍ ശനി എന്നും തപതി എന്നും രണ്ടു കുട്ടികളുണ്ടായി. പിന്നീടങ്ങോട്ടൂള്ള പെരുമാറ്റത്തില്‍ നിന്നും ഛായയുടെ രഹസ്യം മനസ്സിലാക്കിയ യമുന മാതാപിതാക്കളുടെ സംഗമത്തിനായി ബ്രഹ്മദേവനെ തപസ്സു ചെയ്തു. ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവളുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നും മൃത്യുലോകത്തില്‍ ചെന്നു് മനുഷ്യരുടെ ദുഃഖങ്ങള്‍ ലഘൂകരിക്കുവാനും കലിയുഗത്തില്‍ ഗംഗ പാതാളത്തിലേക്കു പോകുമ്പോള്‍ യമുനയ്ക്കു് ബ്രഹ്മലോകത്തിലേക്കു് പോകാമെന്നും അനുഗ്രഹിച്ചു. ഭൂമിയിലേക്കു വരുന്നതിനു മുമ്പു് സഹോദരന്മാര്‍ അവള്‍ക്കു് ഒരു വരം നല്‍കി. ഏതൊരാള്‍ യമുനോത്രിയില്‍ വന്നു സ്നാനം ചെയ്യുന്നുവോ അവര്‍ എത്ര പാപിയായിക്കൊള്ളട്ടെ അവനു് മുക്തി ലഭിക്കും. അവള്‍ പുണ്യഭൂമിയായ ഉത്തരഖണ്ഡില്‍ വന്നു് നദിയായി പിറന്നു.

ഞങ്ങള്‍ രാം‍ലാലിന്റെ അടുത്തെത്തി. രാം‍ലാലിനടുത്തു് ഒരുപാടാളുകള്‍ കൂടിയിരിക്കുന്നു. ചെറിയൊരു മുറിയാണു് മന്ദിരം. അതൊരു വൃത്തിയില്ലാത്ത മുറിയാണു്. അതിനുള്ളില്‍ യാതൊരു ഭംഗിയുമില്ലാത്ത ദേവിയുടെ ഒരു പ്രതിഷ്ഠയുമുണ്ടു്. പുറത്തിരുന്നാണു് രാം‍ലാല്‍ പൂജ നടത്തുന്നതു്. രാം‍ലാലിന്റെ പിന്നിലായി പാറയില്‍ നിന്നും പുറത്തേക്കു് ഒരു ദ്വാരമുണ്ട്. അഞ്ചിഞ്ചോളം ചതുരത്തിലുള്ള ഒരു ദ്വാരം. അതൊരു കല്ലു കൊണ്ടു് അടച്ചു വച്ചിരിക്കുന്നു. പൂവും അരിയും പിന്നെ എന്തൊക്കെയോ സാധനങ്ങളും ചേര്‍ന്ന പൂജയ്ക്കായുള്ള സാമഗ്രികള്‍ ഒരു തട്ടില്‍ വാങ്ങിക്കാന്‍ കിട്ടും. താഴെ കടയില്‍ നിന്നും അതും വാങ്ങി വേണം ഭക്തര്‍ രാം‍ലാലന്മാരുടെ അടുത്തെത്താന്‍. പിന്നെ രാം‍ലാലിനുള്ള ദക്ഷിണയുംകൂടി സമര്‍പ്പിക്കണം.

ദക്ഷിണ മിനിമം ഇത്രരൂപ എന്നൊക്കെയുണ്ട്. പത്തുപൈസ കുറഞ്ഞാല്‍ പിന്നെ തെറിയായിരിക്കും പ്രസാദം. യാതൊരു ദാക്ഷണ്യവുമില്ലാതെ രാം‍ലാലില്‍ നിന്നും ഒഴുകിയെത്തുന്ന തെറിവചനങ്ങള്‍ ദേവിയുടെ അനുഗ്രഹവാക്യങ്ങള്‍ പോലെയാണ് ഭക്തര്‍ കേട്ടിരിക്കുക. ഇത്രയും കഷ്ടപ്പെട്ടു കയറി വന്നിട്ടു് ദേവിക്കു പണം കൊടുക്കുന്ന കാര്യത്തില്‍ എന്തിനാ ഇത്ര പിശുക്കു കാണിക്കുന്നതെന്നാണു് രാം‍ലാല്‍ ഞങ്ങളോട് ചോദിക്കുന്നതു്. അതു ശരിയെന്നുള്ള തലയാട്ടലാണു് അവനു വേണ്ടതു്. അതു കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ അവന്‍ ഞങ്ങളെയും അനുഗ്രഹിച്ചെന്നു വരും. എന്നാല്‍ ബംഗാളില്‍ നിന്നുവന്ന ഒരാളോടു് ദക്ഷിണ കുറഞ്ഞതിനു് രാം‍ലാല്‍ ചാടിക്കയറിയപ്പോള്‍ അതു ദേവീവചനമായിട്ടൊന്നുമല്ല അയാളെടുത്തതു്. അയാള്‍ രാം‍ലാലിനെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അതോടെ അന്തരീക്ഷം കൂടുതല്‍ വഷളായി. താന്‍ ആവശ്യപ്പെടുന്ന പണം തരാതെ ഇനി പൂജ ചെയ്യുന്ന പ്രശ്നമില്ലെന്നു ഭീഷണിപ്പെടുത്തി രാം‍ലാല്‍ മാറിയിരുന്നു. അവസാനം മറ്റുപൂജാരിമാരെല്ലാം രംഗത്തെത്തി. ബംഗാളിയെ മാറ്റി നിറുത്തി ഉപദേശം തുടങ്ങി.

രാം‍ലാല്‍ ആവശ്യപ്പെട്ടതിനേക്കാള്‍ അഞ്ചു രൂപ അധികം കൊടുത്തു് ബംഗാളിലെ പുരോഗമന ചിന്തകന്‍ രാം‍ലാലിന്റെ മുന്നില്‍ വിനീതനായിരിക്കുന്നതാണു് പിന്നീടു് കണ്ടതു്. രാം‍ലാല്‍ ചിരിച്ചുകൊണ്ടു് പൂജാസാമഗ്രികള്‍ ഏറ്റു വാങ്ങി. തട്ടില്‍നിന്നും പൈസയെടുത്തു് എണ്ണി നോക്കി പോക്കറ്റിലാക്കി. തിരിഞ്ഞു് പാറയിലെ ദ്വാരം അടച്ചു വച്ചിരുന്ന കല്ലെടുത്തു മാറ്റി. തിളച്ചവെള്ളം പാറയില്‍ നിന്നും പുറത്തേക്കു ചീറ്റി. ആ ജലം കയ്യിലെടുത്തു ബംഗാളിയുടെ തലയില്‍ കുടഞ്ഞുകൊണ്ട് എന്തൊക്കെയോ മന്ത്രങ്ങള്‍ അവ്യക്തമായ ശബ്ദത്തില്‍ യാന്ത്രികമായി മൊഴിഞ്ഞു. ബംഗാളി രാം‍ലാലിനെ നമസ്കരിച്ചു. തട്ടില്‍ നിന്നു് അരിയുടെ പൊതിയെടുത്തു് പ്രസാദമായി ബംഗാളിക്കു് കൊടുത്തു. കുങ്കുമം നെറ്റിയില്‍ പൂശിക്കൊടുത്തു. ബംഗാളിക്കു പൂര്‍ണ്ണ തൃപ്തിയായി. അരി തപ്തകുണ്ഡത്തിലിട്ടു് വേവിച്ചെടുക്കാനായി ബംഗാളി തിരിഞ്ഞു നടന്നു. രാം‍ലാല്‍ പാറയില്‍ നിന്നും പുറത്തേക്കു ചീറ്റി വരുന്ന വെള്ളത്തെ കല്ലുകൊണ്ട് അടച്ചു കഴിഞ്ഞിരുന്നു. അടുത്തയാള്‍ പൂജാദ്രവ്യങ്ങളുമായി ഭയഭക്തിബഹുമാനങ്ങളോടെ രാം‍ലാലിന്റെ മുന്നില്‍ വന്നു നിന്നു. യമുന ഭക്തരെ അനുഗ്രഹിക്കാനായി പാറയില്‍ ചുടുനീരായി നിറഞ്ഞിരിക്കയാണെന്നും പാറയില്‍ നിന്നും ചീറ്റിവരുന്ന വെള്ളം പൂജാരിയുടെ കൈകൊണ്ട് തലയില്‍ തളിക്കപ്പെട്ടാല്‍ അതാണു് ദേവിയുടെ അനുഗ്രഹമെന്നും രാം‍ലാല്‍ പറഞ്ഞു. ഓരോ ആളുടെ പൂജ കഴിയുമ്പോഴും രാം‍ലാല്‍ ഞങ്ങളുടെ തലയിലും വെള്ളം തളിക്കും. രാം‍ലാലിന്റെ അനുഗ്രഹം കൊണ്ടു് ഞങ്ങളുടെ തലയെല്ലാം നനഞ്ഞു കുതിര്‍ന്നു.

രാം‍ലാല്‍ ഇരിക്കുന്ന കൊച്ചു പീഠത്തിന്റെ അടുത്തുള്ള ഇരിപ്പിടത്തിലാണു് ഞങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളതു്. ഞങ്ങളോടു് കുശലം പറയലും പൂജയും മന്ത്രവും എല്ലാം ഇടകലര്‍ന്നു നടന്നുകൊണ്ടിരുന്നു. എങ്ങനെയെങ്കിലും രാം‍ലാലില്‍ നിന്നു രക്ഷപെട്ടാല്‍ മതിയെന്നായി. സ്ഥലമെല്ലാം ഒന്നു കറങ്ങി തിരിച്ചു വരാമെന്നു പറഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു. ചൂടുപാറയോടു തൊട്ടുള്ള ഹനുമാന്‍ ടെമ്പിളിലേക്കു ഞങ്ങള്‍ നടന്നു. അതിനു മുമ്പില്‍ നിന്നിരുന്ന ആളില്‍നിന്നും അതൊരു ആശ്രമം കൂടിയാണു് എന്നറിഞ്ഞപ്പോള്‍ മുഖ്യസ്വാമിയെ ഒന്നു കണ്ടു കളയാം എന്നു തീരുമാനിച്ചു.

വെള്ളവസ്ത്രം ധരിച്ച സുമുഖരായ നേപ്പാളികളാണു് ആശ്രമത്തിലെ അന്തേവാസികള്‍. അഞ്ചാറു പേരു കാണും. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്വാമി ഉറക്കത്തിലായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു. യാതൊരു ‘സ്വാമിത്വ’വുമില്ലാത്ത മനുഷ്യന്‍. എന്തൊരു തെളിച്ചമാണാ മുഖത്തു്. ഞങ്ങള്‍ നമസ്കരിച്ചു. അദ്ദേഹം ഒന്നു ചിരിച്ചു. ഞങ്ങള്‍ ഒന്നും ചോദിച്ചില്ല. അദ്ദേഹം ഒന്നും പറഞ്ഞതുമില്ല. കുറെ സമയം അവിടെയിരുന്നു. ഇടയ്ക്കദ്ദേഹം ഇടങ്കണ്ണിട്ടു് ഞങ്ങളെയൊന്നു നോക്കും. പിന്നെ പെട്ടെന്നു് മുഖം തിരിക്കും. അപ്പോഴെനിക്കു ചിരി വരും. കുറെ സമയം അവിടെയിരുന്നു് ഞങ്ങള്‍ പുറത്തിറങ്ങി. സ്വാമിയെ ഞങ്ങള്‍ക്കു വല്ലാതങ്ങു പിടിച്ചു.

ആശ്രമത്തില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരാള്‍ ഞങ്ങള്‍ക്കൊപ്പം ഇറങ്ങി വന്നു. ഖദറിന്റെ കട്ടിയുള്ള ജൂബായും വെള്ളമുണ്ടും ധരിച്ച ആറടിയോളം പൊക്കമുള്ള സുമുഖന്‍. ഗാംഭീര്യം നിറഞ്ഞ മുഖഭാവം. വളരെ വിനയത്തോടെ അദ്ദേഹം ഞങ്ങളോടു ചോദിച്ചു:
“എവിടെ നിന്നു വരുന്നു?”
“കേരളത്തില്‍ നിന്നു്”

കേരളമെന്നു കേട്ടപ്പോള്‍ ആള്‍ക്കു വലിയ സന്തോഷമായി. കുറച്ചു സമയം എന്റെ കൂടെ ചിലവഴിക്കാമോ? നമുക്കു മുറിയിലിരുന്നു സംസാരിക്കാം.

ഞങ്ങള്‍ അയാളോടൊപ്പം മുറിയിലേക്കു നടന്നു.

ഷൌക്കത്ത്, നാരായണ ഗുരുകുലം, ഊട്ടി.

Submitted by Akhilesh (not verified) on Tue, 2005-12-06 10:42.

Dear Shoukathhe,

Nice to read this.

Please be correct the first line, describing yamuna, don't try to make indian version of eedipus.
Suryadevanteyum, visykarammavinte puthri sanjanayudayaum makalaayirunnu yamuna......

Best regards
Akhilesh

Submitted by chinthaadmin on Wed, 2005-12-07 07:56.

അഖിലേഷ്,
നന്ദി, സൂക്ഷ്മ വായനയ്ക്ക്. തെറ്റ് ഞങ്ങളുടേതാണ്. ഷൌക്കത്തിന്റെ ലേഖനം യൂണികോഡിലേക്ക് മാറ്റിയപ്പോള്‍ വന്നതാണത്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.