തര്‍ജ്ജനി

ശ്രീജിത്ത്‌ പി എസ്സ്‌

വിലാസം: Kunnumpurathu veedu,
Sreekaryam P O,
Thiruvanathapuram –695581.
ഫോണ്‍: 9895636814
ഇ മെയില്‍ sreejithps84@gmail.com

Visit Home Page ...

കഥ

സോപ്പുകുമിളകള്‍

"ലോകം സാമ്പത്തിക മാന്ദ്യത്തില്‍ ചക്രശ്വാസം വലിക്കുകയും , പിരിച്ചുവിടല്‍ ഭീഷണികള്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുകയും ചെയ്യുന്ന ഈ കാലഘട്ടം എന്റെ സുഹൃത്തുക്കള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്‌ ". മാരുതി സ്വിഫ്റ്റിന്റെ സ്റ്റിയറിംഗില്‍ അലസമായി വിരലോടിച്ചുകൊണ്ടാണു പി.എസ്സ്‌ ഞങ്ങള്‍ക്കിടയിലെ മൗനത്തിനു വിരാമമിട്ടതു . പ്രണയാതുരമായ, പഴയ ബഷീറിന്റെ ചോദ്യത്തില്‍ കാലം വരുത്തിയ ചില ഭേദഗതികള്‍.

"ഞാന്‍ ദിവസവും രണ്ടു കുപ്പി ബിയര്‍ കുടിച്ചു വിജയ്‌ മല്ല്യയെ കൂടുതല്‍ സമ്പന്നനാക്കുന്നു".കൊച്ചുണ്ണി ഉഷാറായി.

"ഞാന്‍ പകലിന്റെ പ്രഭയറിയാതെ രാത്രിയുടെ ശാന്തതയറിയാതെ , ഓഫിസിലെ കമ്പ്യൂട്ടറുകളിലെ കീബോര്‍ഡുകളോടു യുദ്ധം ചെയ്യുന്നു, ആഴ്ചയില്‍ ഏഴു ദിവസവും . അതും മൂന്നാളുടെ ജോലി ഒറ്റയ്ക്കു ചെയ്തു കൊണ്ട്‌ ". ലംഗുവിന്റെ സ്വരത്തില്‍ നിരാശ.

നാലു കൊല്ലം പള്ളീലച്ചന്മാരുടെ എഞ്ചിനീയറിംഗ്‌ കോളേജിലെ ക്ലാസ്സ്‌മുറികളില്‍, പുറകിലെ ബെഞ്ചിലിരുന്ന്‌ ഉറക്കം തൂങ്ങിയതിന്റെ സമ്മാനമാണ്‌ ഈ ചുരുക്കപ്പേരുകള്‍. ലംഗു, കൊച്ചുണ്ണി, പി.എസ്സ്‌......ഞാന്‍ മുന്നിലെ ബെഞ്ചിലിരുന്നു ഉറക്കം തൂങ്ങിയതു കൊണ്ടും, ക്ലാസ്സില്‍ അത്ര ജനകീയനല്ലായിരുന്നതിനാലും വേറെ പേരൊന്നും വീണില്ല.പുറകിലെ സീറ്റില്‍ അഡിഗയുടെ വൈറ്റ്‌ടൈഗറിന്റെ കവര്‍ പേജിന്റെ സൗന്ദര്യം ആസ്വദിച്ചു മടുത്ത ഞാന്‍ വെറുതേ ചോദിച്ചു. "ഡേയ്‌ എങ്ങോട്ടാ? എന്തായാലും ബാറിലേക്കു വേണ്ട. വേറെ എങ്ങോട്ടെങ്കിലും.......".

ടെക്‌നോപാര്‍ക്കിലെ വരിവരിയായി ഉയര്‍ന്നു നില്‍ക്കുന്ന ബഹുനിലക്കെട്ടിടങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ മസ്തിഷ്ക്കം ചൂടാക്കി പണിയെടുത്തു മടുക്കുമ്പോള്‍, ക്ഷീണം തീര്‍ക്കാനായിറങ്ങിത്തിരിക്കുന്ന ഇത്തരം യാത്രകള്‍ മിക്കപ്പോഴും അവസാനിക്കുന്നതു നഗരത്തിലെ മുന്തിയ ബാറുകളിലെ ബിയര്‍ ഗ്ലാസ്സുകള്‍ക്കു മുന്നിലാണല്ലോ.

"ആക്കുളത്തു പോകാം". ആര്‍ക്കും ഒന്നിലും പ്രത്യേകിച്ചു താല്‍പര്യമില്ലാത്തതു കൊണ്ടാവാം എല്ലാരും ലംഗുവിന്റെ നിര്‍ദ്ദേശം അംഗീകരിച്ചു.

"ഡേയ്‌ ശരിക്കും സംഭവം എന്താണ്‌ ? അമേരിക്കയിലെ ഇന്‍ഷുറന്‍സ്‌ കമ്പനികളും ബാങ്കുമൊക്കെ തകര്‍ന്നതു കൊണ്ടാണോ ഈ പുകിലൊക്കെ ? അപ്പോള്‍ ഇത്രയും കാലം ഇവരാണോ ഭൂഗോളത്തെ താങ്ങി നിര്‍ത്തിയത്‌ ? ".

പി.എസ്സിന്റെ നിഷ്കളങ്കമായ ചോദ്യത്തിനു ഉത്തരങ്ങളുടെ പ്രവാഹം. കൊച്ചുണ്ണിയാണു ഇത്തരം വിഷയങ്ങളില്‍ ഉസ്താദ്‌. ബി.ബി.സി, സി.എന്‍.എന്‍, ബിസിനെസ്സ്‌ വീക്കിലികള്‍......പിന്നെ ഒന്നിനെ പത്താക്കി പറയാനുള്ള ജന്മസിദ്ധമായ കഴിവും....അവന്‍ ലോക വിജ്ഞാനം വിളമ്പി. "എല്ലാം ഒരു സോപ്പുകുമിളയായിരുന്നൂ". കൊച്ചുണ്ണി പറഞ്ഞു നിര്‍ത്തി.

"എന്തു കുന്തമെങ്കിലുമാകട്ടെ, ഞാന്‍ പറക്കും ലണ്ടനിലേക്ക്‌. വീണ്ടുമൊരു ഐ.ടി വസന്തം വരുമ്പോള്‍ ഒരു മാനേജ്‌മെന്റ്‌ ബിരുദത്തിന്റെ ഭാരവുമായി തിരിച്ചു വരാന്‍".

ലംഗു നിര്‍വികാരത പ്രകടിപ്പിച്ചു.

"ജോലി നഷ്‌ടപ്പെട്ടവരൊക്കെ അത്ര നിഷ്കളങ്കന്മാരൊന്നുമല്ല. വര്‍ഷങ്ങളായി ഒരു പ്രോജക്റ്റ്‌ പോലും ചെയ്യാതെ പതിനായിരങ്ങള്‍ എണ്ണി വാങ്ങി, പെണ്ണുങ്ങളുമായി സല്ലപിച്ച്‌ സമയം പാഴാക്കിയപ്പോള്‍ ഇവനൊക്കെ ആലോചിക്കണമായിരുന്നു തിരിച്ചടികള്‍ ഉണ്ടാകുമെന്ന്‌".

പി.എസ്സിന്റെ ഉപരിപ്ലവമായ നിരീക്ഷണങ്ങളോട്‌ പുച്ഛം തോന്നി. നിനക്കറിയില്ല, ആര്‍ക്കുമറിയില്ല, ഞാന്‍ പത്രങ്ങളില്‍ വരുന്ന പിരിച്ചു വിടല്‍ വാര്‍ത്തകളിലെ ഒരക്കം മാത്രമായി ചുരുങ്ങിയ നിമിഷങ്ങളെക്കുറിച്ച്‌. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒന്നുമല്ല എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച്‌. കറുത്തു തടിച്ചു പൊക്കം കുറഞ്ഞ എന്റെ പ്രോജക്ട്‌ മാനേജരുടെ അഹങ്കാരം വകവച്ചു കൊടുക്കാത്തതിനു

സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ കിട്ടിയ ശിക്ഷ. ടെര്‍മിനേഷന്‍ ലെറ്റര്‍ വാങ്ങി ഏസി റൂമിലൂടെ വിയര്‍ത്തൊലിച്ചു ഞാന്‍ പടിയിറങ്ങിയപ്പോള്‍, ആ മനുഷ്യന്റെ മുഖത്തു ഒരു വൃത്തികെട്ട ഒരു ചിരിയുണ്ടായിരുന്നു. " പി.എസ്സ്‌, നീ ഇപ്പോഴും ഗാലറിയിലിരുന്നു കളി കാണുന്ന, കടത്തിണ്ണയിലിരുന്നു സര്‍വവും പുച്ഛിക്കുന്ന ശരാശരി മലയാളിയാണ്‌ ". പറയണമെന്നു തോന്നിയെങ്കിലും പറഞ്ഞില്ല.

ആക്കുളത്തെ പായല്‍ പിടിച്ച തടാകത്തിനരികെ കാര്‍ പാര്‍ക്ക്‌ ചെയ്ത്‌ എല്ലാവരും ഇറങ്ങി നടന്നു. ചുറ്റും ആണും പെണ്ണും ഉള്‍പ്പെട്ട ചെറിയ കൂട്ടങ്ങള്‍ കാമുകി കാമുകന്മാരെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന സുഹൃത്തുക്കള്‍, സുഹൃത്തുക്കളെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന കാമുകി കാമുകന്മാര്‍, പല കോണുകളിലായിരുന്ന്‌ അടക്കം പറയുന്നു. ഞാന്‍ ഓര്‍ത്തു പോയി, ഞങ്ങളിലാര്‍ക്കും ഒരു പ്രണയിനിയില്ല. ഒരു പക്ഷേ, അതു കൊണ്ടാവണം ഇടയ്ക്കിടയ്ക്കു ഞങ്ങള്‍ ഒത്തു ചേരുനത്‌. പ്രേമസായൂജ്യങ്ങളില്‍ നഷ്ടപ്പെടുന്നതു നല്ല സുഹൃത്തുക്കളാണെന്നു ആരോ പറഞ്ഞിട്ടില്ലേ?

"ഇവിടം നമുക്കു പറ്റിയതല്ല, മ്യൂസിയത്തു പോകാം". ആരും ഒന്നും മിണ്ടാതെ കാറില്‍ കയറിയിരുന്നു, പിന്നെയും മുന്നോട്ട്‌.

എന്റെ മനസില്‍ സോപ്പുകുമിളകള്‍ പാറി നടക്കുകയായിരുന്നു. ലക്ഷങ്ങള്‍ ലോണെടുത്ത്‌ എന്റെ വീട്‌ കെട്ടിയുയര്‍ത്തിയതു സോപ്പുകുമിളകള്‍ക്കു മുകളിലായിരുന്നോ ? പെങ്ങള്‍ക്കു സ്വര്‍ണം വാങ്ങാന്‍ കരുതിയിരുന്ന അച്ഛന്റെ പെന്‍ഷന്‍ തുക കൊണ്ടു പുതിയ കാര്‍ വാങ്ങണമെന്നു വാശി പിടിച്ചതും, അവളുടെ കാര്യം നോക്കാന്‍ ഞാനുണ്ടല്ലോ എന്നു പറഞ്ഞ്‌ നെഞ്ചു വിരിച്ചതും, സോപ്പുകുമിളകളുടെ ദൗര്‍ബല്യമറിയാതെയായിരുന്നോ ?

മ്യൂസിയത്തും രക്ഷയില്ല. വടക്കെങ്ങോ നിന്നും സ്കൂള്‍ ബസ്സിലെത്തിയ കുട്ടികളുടെ കലപിലക്കൂട്ടം.

"ഛെ ! തിരുവനന്തപുരത്ത്‌ നമ്മള്‍ ബുദ്ധിജീവികള്‍ക്കിരിക്കാന്‍ പറ്റിയ ഒരു സ്ഥലമില്ല " .

അവസാനം അവിടെത്തന്നെ എത്തി. അരണ്ട വെളിച്ചം. സ്വര്‍ണ നിറത്തില്‍ വെട്ടിത്തിളങ്ങുന്ന ബിയര്‍ ഗ്ലാസ്സുകള്‍. വലിയ എല്‍.സി.ഡി സ്ക്രീനില്‍ ട്വന്റി ട്വന്റി ക്രിക്കറ്റ്‌. ചര്‍ച്ച ചൂടുപിടിച്ചു വരുന്നതേയുള്ളൂ. കൊച്ചുണ്ണി വിഷയം രാഷ്ര്ടീയത്തിലേക്കു തിരിച്ചു വിടാന്‍ ശ്രമിച്ചു. "ബിയര്‍ ഗ്ലാസ്സില്‍ തിരയുണ്ടാകുമോ ? ".

പി.എസ്സിനു രാഷ്ടീയം അലര്‍ജിയാണ്‌. " ഡേയ്‌ , നമ്മള്‍ വിചാരിച്ചാലൊന്നും ഈ സമൂഹവും നാടും നന്നാവില്ല. അതിനുള്ള കഴിവ്‌ നമുക്കില്ല എന്നു പറയുന്നതാവും ശരി. അതുകൊണ്ട്‌ നമുക്കു സിനിമയെക്കുറിച്ചു സംസാരിക്കാം. മുഹമ്മദ്‌ റാഫിയുടെ പാട്ടിനെക്കുറിച്ചൊ, ഒ.വി വിജയന്റെ എഴുത്തിന്റെ സൗന്ദര്യത്തേക്കുറിച്ചൊ സംസാരിക്കാം. അല്ലെങ്കില്‍ സുന്ദരികളായ സ്ര്തീകളുടെ അംഗലാവണ്യത്തെക്കുറിച്ചാകാം ".

" നിനക്കെന്താ ഒരു മൂഡില്ലാത്തത്‌ ? ".

ഈ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ജോലി നഷ്‌ടപ്പെട്ടവനാണ്‌, ഉത്സാഹവും ശൗര്യവും അല്‍പം കുറയും. മനസ്സില്‍ പറഞ്ഞു.

" കാലം കുറെ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍, ഒഴിഞ്ഞ മദ്യക്കുപ്പികളും, എരിഞ്ഞു തീര്‍ന്ന സിഗററ്റു കുറ്റികളും, ചവച്ചു തുപ്പിയ കോഴിക്കാലുകളും..... പിന്നെ മാറ്റൊലി കേള്‍പ്പിക്കാന്‍ പോലും ശക്തിയില്ലാത്ത അട്ടഹാസങ്ങളും ഗീര്‍വാണങ്ങളും...നമ്മുടെ ജീവിതത്തില്‍ ഇതൊക്കെ മാത്രമേ ശേഷിക്കുകയുള്ളൂ.

ചരിത്രത്തില്‍ പ്രസക്തിയില്ലാത്ത ജീവിതങ്ങള്‍ ". ലംഗുവിന്റെ നിലപാടുകള്‍, പഴയ നോവലുകളിലെ സ്വത്വ ദുഖം പേറുന്ന നായകന്മാരെ ഓര്‍മിപ്പിക്കുന്നു.

അറിയാതെ ഞാനും ചര്‍ച്ചകളില്‍ സജീവമായി. അവസാനം വായിച്ച വൈറ്റ്‌ ടൈഗറിലെ ആക്ഷേപഹാസ്യം...കാലം തെറ്റി ജനിച്ച ഗുരുദത്തിന്റെ സര്‍ഗപ്രതിഭ....സ്റ്റേറ്റ്‌ അവാര്‍ഡ്‌ നിര്‍ണ്ണയിച്ചപ്പോള്‍ പ്രിയാമണി തഴയപ്പെട്ടത്‌.....അങ്ങനെ പോയി സംവാദം. കാലിയായ ബിയര്‍ ഗ്ലാസ്സുകള്‍ പിന്നെയും നിറഞ്ഞു പതഞ്ഞു.

ബാറിലെ അവ്യക്തമായ ശബ്‌ദകോലാഹലങ്ങള്‍ക്കിടയില്‍ എന്റെ റിംഗ്‌ടോണ്‍ വേര്‍തിരിച്ചറിയാന്‍ വല്ലാതെ ബുദ്ധിമുട്ടി. അമ്മയായിരുന്നു.

" എടാ മോനേ, നിന്റെ അച്ഛന്‍ പുതിയ കാറില്‍ ഡ്രൈവിംഗ്‌ പഠിച്ചു അപ്പുറത്തെ വീടിന്റെ മതിലിടിച്ചു തകര്‍ത്തു ". കൂടുതലൊന്നും ശ്രദ്ധിച്ചില്ല. ഉടനെ വീട്ടില്‍ പോകണം.

"ഓകെ ഡാ, നീ വിട്ടോ, നാളെ കാണാം" . അല്‍പം നിരാശയോടെ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

അവര്‍ക്കെന്തിനാണു നിരാശ? എന്റെ കാര്‍ അപ്പുറത്തെ മതിലിടിച്ചതിനോ ? അതോ സംഭാഷണത്തിന്റെ രസച്ചരടു പൊട്ടിയതിനോ ?

വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സില്‍, ഇനിയെന്ത്‌ എന്ന ചോദ്യവും, സോപ്പുകുമിളകള്‍ പൊട്ടിയതിന്റെ ഈര്‍പ്പവുമായിരുന്നു.

Subscribe Tharjani |
Submitted by K.A. MANI (not verified) on Thu, 2009-09-03 13:54.

anna..kollam.. touching story .. :P.. also.. edekulla thamashayum ishtapettu... :) wil b good enough to publish in company newsletter.. :P

Submitted by Jose Aarukaatty (not verified) on Sun, 2009-09-20 11:54.

നഷ്ടപ്പെടുന്നവന്‍റെ വേദന അവനു മാത്രമേ തിരിച്ചറിയാനാവൂ.

എട്ട് മാസങ്ങള്‍‍ക്ക് മുന്‍‍പ് ഇതു പോലൊരു ടെര്‍‍മിനേഷന്‍ ലെറ്റര്‍‍ കൈയില്‍ പിടിച്ച് വലിയൊരു കടബാധ്യതയും അദ്ധ്യയനം വര്‍‍ഷം തീരാത്ത കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആകുലതയും സ്കൂള്‍ അടയ്ക്കുന്നത് വരെ എങ്ങനെ ജീവിക്കും എന്ന ചിന്തകളുമായി ദുബായിയിലെ ഉഷ്ണക്കാറ്റില്‍ തെരുവീലിറങ്ങി നടന്നവനാണ്ഞാന്‍..

നന്നായി സുഹൃത്തേ, കൂടെയുള്ളവന്‍റെ മനസ്സിന്‍റെ വേവലാതികള്‍ മനസ്സിന്‍റെ വേവുകള്‍ തിരിച്ചറിയാനാവാത്ത ചങ്ങാതികളുടെ ചിത്രം കൂടിയാണ് താങ്കള്‍ വരച്ചു കാട്ടിയത്. ആരെയും കുറ്റപ്പെടുത്താനാവില്ല, ഞാനും താങ്കളുമൊന്നും വ്യത്യസ്ഥരല്ല തന്നെ..