തര്‍ജ്ജനി

ചക്കരക്കുടവും എന്റെ വിരലും

വിഷന്‍ 2010-ന്റെ പ്രഖ്യാപന ദിവസം ഡിസംബര്‍ 1 ആണ്‌. ജൂലായ്‌ 28 -ന്‌ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം കേരളനിയമസഭയില്‍ ചെയ്ത പ്രസംഗത്തില്‍ കേരളത്തിന്റെ വികസനത്തെ ആസ്പദമാക്കി മുന്നോട്ടു വച്ച പത്തിന പരിപാടി, വിഷന്‍ പ്രഖ്യാപനത്തിന്റെ ഗതിവേഗത്തെ ചെറുതല്ലാത്തരീതിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. വികസനത്തിനുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു വേഗത്തില്‍ നടപ്പിലാക്കാനുള്ള സന്നദ്ധത അഭിനന്ദനീയമാണ്‌. അതേ സമയം പരിസ്ഥിതിയുടെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തിക കാര്യങ്ങളുടെയും പരിപ്രേക്ഷ്യത്തില്‍ വികസനസങ്കല്‍പ്പങ്ങള്‍ അഴിച്ചുനോക്കാതെ സ്വീകരിക്കുന്നത്‌ ഒരര്‍ത്ഥത്തില്‍ ആത്മഹത്യാപരവുമാണ്‌.

കഴിഞ്ഞ അന്‍പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ രാഷ്ട്രീയത്തിനു സംഭവിച്ച അപചയങ്ങളിലൊന്ന് കക്ഷികളുടെ ലാക്കുകള്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപിതമാവുന്നു എന്നുള്ളതാണ്‌. അധികാരം നിലനിര്‍ത്താനും അതില്‍ എത്തിപ്പിടിക്കാനും ഉള്ള തന്ത്രങ്ങള്‍ക്കു വേണ്ടി ആള്‍ബലവും മസ്തിഷ്കവും വിനിയോഗം ചെയ്യപ്പെടുമ്പോള്‍ നിരാലംബമാവുന്നത്‌, ദേശത്തിന്റെ താത്‌പര്യങ്ങളാണ്‌. ഭരണകക്ഷിയുടെയോ അനുബന്ധ സംഘങ്ങളുടെയോ ഏതു സങ്കല്‍പ്പത്തെയും എതിര്‍ത്തുകൊണ്ടാണ്‌ പ്രതിപക്ഷങ്ങള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ ചുവടുറപ്പിക്കുന്നത്‌. പ്രതിപക്ഷത്തിരുന്ന് തങ്ങള്‍ എതിര്‍ത്ത വസ്തുതകളെ തന്നെ ഭരണത്തില്‍ വന്നപ്പോള്‍ നടപ്പിലാക്കി കൊണ്ട്‌ പരസ്പരം മാതൃക കാട്ടിയിട്ടുള്ള ഒരു സംസ്ഥാനമാണ്‌ കേരളം. നിഷ്ക്രിയമായ പ്രതിപക്ഷം ഒരു ചീത്തവാക്കാണ്‌ ഭാഷയില്‍ എന്നുള്ളതുകൊണ്ടാണ്‌ അങ്ങനെ. അങ്ങനെ എതിര്‍പ്പ്‌ ഒരു മുഖ്യ അജണ്ടയായി നിലനില്‍ക്കുന്ന ഭൂശാസ്ത്ര മേഖലയില്‍ കൊണ്ടുപിടിച്ച വികസനം വെള്ളിടി പോലെ താഴേയ്ക്കിറങ്ങി വരുമ്പോള്‍ സംശയാലുക്കളാവാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നു ചുരുക്കം.

സംസ്ഥാനത്ത്‌ സ്ഥാപിക്കാനുദ്ദേശിക്കുന്ന 1000 ഏക്കര്‍ വീതമുള്ള മൂന്നു വിജ്ഞാന പട്ടണങ്ങളെ കേന്ദ്രീകരിച്ച്‌ സോഫ്റ്റ്‌ വെയര്‍ വികസനം, ഐ ടി - ബി ടി ഉത്പാദനം എന്നിവയ്ക്ക്‌ വിഷന്‍ 2010 ഊന്നല്‍ നല്‍കുന്നു. ഇന്ത്യന്‍ ഐ ടി കയറ്റുമതിയില്‍ കേരളത്തിന്റെ പങ്ക്‌ ചെറുതാണെന്നും (വെറും 0.4ശതമാനമാണ്‌ നമ്മുടെ പങ്ക്‌ ഇക്കാര്യത്തില്‍) 2008 ആകുമ്പോഴേയ്ക്കും 9000 കോടി രൂപയുടെ വരുമാനം വിദേശജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതു വഴി ഉണ്ടാക്കുക എന്നതാണ്‌ ലക്ഷ്യം എന്നും രാഷ്ട്രപതി പറയുന്നു. സൌജന്യനിരക്കില്‍ ഏക്കറുകണക്കിനു ഭൂമി ഐ ടി ഭീമന്മാര്‍ക്കു നല്‍കുന്ന സര്‍ക്കാര്‍ പരിപാടികള്‍ ഇപ്പോള്‍ തന്നെ കാര്യമായ പ്രതിഷേധം വിളിച്ചു വരുത്തിയിട്ടുണ്ട്‌. കേരളത്തില്‍ മാത്രമല്ല, ആന്ധ്രാ, കര്‍ണ്ണാടക, പഞ്ചാബ്‌ തുടങ്ങിയ പ്രദേശങ്ങളിലും. ഐ ടി മേഖലയുടെ കൈകാര്യ കര്‍ത്താവ്‌ അമേരിക്കയാണെന്ന തോന്നലും സാധാരണ ജനങ്ങള്‍ക്ക്‌ പ്രയോജനമെന്തെന്ന ആശങ്കയുമാണ്‌ ഈ മേഖലയ്ക്കെതിരെ തിരിയാന്‍ കുറേ രാഷ്ട്രീയക്കാരെയെങ്കിലും സജ്ജരാക്കുന്ന വിഭവങ്ങള്‍. രാജ്യത്തെ ഭൂരിപക്ഷത്തിനു പ്രയോജനമില്ലാത്ത ഒരു കാര്യത്തിനായി സര്‍ക്കാരുകള്‍ സൌജന്യങ്ങള്‍ അനുവദിക്കുന്നതും മറ്റുള്ള ബിസ്സിനസ്സുകളുടെ വിഭാഗത്തില്‍ വരാത്തതിനാല്‍ ഈ തൊഴില്‍ മേഖല സര്‍ക്കാരിലേയ്ക്കു നല്‍കുന്ന നികുതി കുറവാണെന്നതും എതിര്‍പ്പിന്‌ ആയം കൂട്ടുന്നു. ഒപ്പം പ്രത്യേക സാമ്പത്തിക മേഖലകള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ പാലിക്കാന്‍ സംരംഭകര്‍ നിര്‍ബന്ധിതരല്ലാതെ വരും. തൊഴിലില്ലാപ്പടയുടെ എണ്ണം പ്രതിവര്‍ഷം ഭീതിദമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ തൊഴില്‍പരമായ അസ്ഥിരത ഉണ്ടാക്കാന്‍ പോകുന്ന അസ്വസ്ഥത ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറത്തായിരിക്കും.

ഈ പറഞ്ഞ കാര്യങ്ങളെ പശ്ചാത്തലമായി നിര്‍ത്തിക്കൊണ്ടു വേണം ഐ ടി മേഖലയില്‍ യൂണിയനുകള്‍ ആരംഭിക്കാനുള്ള നീക്കത്തെ നോക്കിക്കാണാന്‍. ഇപ്പോള്‍ തന്നെ ഈ മേഖലയിലെ അടിമജോലി, വേതനക്കുറവ്‌, മുന്നറിയിപ്പു കൂടാതെയുള്ള പിരിച്ചുവിടല്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കല്‍, ജോലി സമ്മര്‍ദ്ദം, കാള്‍ സെന്ററുകള്‍ പോലുള്ള ഇടങ്ങളിലെ പീഢനം എന്നിവ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. പക്ഷേ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹൃതമാവുമോ തൊഴിലാളി യൂണിയനുകള്‍ ഈ മേഖലയില്‍ വരുന്നതോടു കൂടി അതോ കാര്യങ്ങള്‍ നിലവിലുള്ളതിനേക്കാള്‍ സങ്കീര്‍ണ്ണമാവുമോ എന്നാണ്‌ ആലോചിക്കാനുള്ളത്‌.

1) തൊഴിലുമായി യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ യൂണിയന്റെ തലപ്പത്ത്‌ വരികയും കാര്യങ്ങള്‍ രാഷ്ട്രീയ കക്ഷിയുടെ താത്‌പ്പര്യങ്ങള്‍ക്കനുസരിച്ച്‌ അയാള്‍ തീരുമാനിക്കുകയും ചെയ്യും എന്നാതാണ്‌, നമ്മുടെ തൊഴിലാളി യൂണിയനുകളുടെ പതിവു നയം. പല യൂണിയനുകളെയും സമരസംഘങ്ങള്‍ മാത്രമാക്കി കേരളത്തില്‍ മാറ്റിയത്‌ രാഷ്ട്രീയ കക്ഷികളുടെ ഈ നിലപാടാണ്‌. സ്വാഭാവികമായും മുതല്‍മുടക്കിനായി വരുന്ന സംരംഭകരെ അകറ്റിനിര്‍ത്താന്‍ മാത്രമായിരിക്കും ഇത്തരം സമീപനങ്ങള്‍ സഹായിക്കുക.

2) സര്‍ക്കാര്‍ സൌജന്യങ്ങളോടെ സ്ഥാപിക്കപ്പെടുന്ന കമ്പനികളോട്‌ വിലപേശാന്‍ തങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നു കൂടി രാഷ്ട്രീയക്കാര്‍ക്കു തോന്നി തുടങ്ങിയാല്‍ കാര്യങ്ങള്‍ ഏറെ വഷളാവും. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയ്ക്കെതിരെ ദേവഗൌഡ മുന്നിട്ടിറങ്ങിയത്‌ സമീപകാല ഉദാഹരണം.

3) ഐ ടി ഒരു പ്രത്യേക തൊഴില്‍ മേഖലയാണ്‌. ഏതാനും ചില വമ്പന്മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി കമ്പനികളൊക്കെ വിദേശത്തു നിന്നുള്ള പ്രോജക്ടുകളെ ആശ്രയിച്ചു നിലനില്‍ക്കുന്നവരാണ്‌. നിസ്സാരമായ തൊഴില്‍ തര്‍ക്കങ്ങളും തൊഴില്‍പരമായ ഉദാസീനതയും ഏറ്റെടുത്ത പ്രോജെക്റ്റുകളെയും അതുവഴി കമ്പനിയുടെ നിലനില്‍പ്പിനെ തന്നെയും ബാധിച്ചേക്കും.

4) അനുസ്യൂതം വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയായതു കൊണ്ട്‌ കാലോചിതമായ അറിവ്‌ ഇവിടെ പ്രവൃത്തിയെടുക്കുന്നവര്‍ക്ക്‌ പ്രത്യേകം വേണ്ടതാണ്‌. കാലഹരണപ്പെട്ട അറിവുമായി, പുതിയ ജ്ഞാനമണ്ഡലത്തോടുള്ള ഉദാസീനതയുമായി പുലരുന്ന ഒരു വിഭാഗം ഏതു തൊഴില്‍ മേഖലയ്ക്കും ബാധ്യതയാണ്‌. ഐ ടി മേഖലയില്‍ പ്രത്യേകിച്ചും.

5) പ്രത്യേക സാമ്പത്തിക മേഖലകള്‍ പൊതുസമൂഹത്തിനുമേല്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദമാണ്‌ മറ്റൊന്ന്. ഐ ടി മേഖലയിലെ തൊഴിലാളികള്‍ വര്‍ദ്ധിച്ച ശമ്പളം വാങ്ങുന്നവരാണെന്ന ധാരണയില്‍ ചുറ്റുപാടും ഉണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവും വീട്ടുവാടക വര്‍ദ്ധനയും അതേ മേഖലയില്‍ താമസമാക്കേണ്ടിവരുന്ന മറ്റു ജനങ്ങളുടെ കൂടി ജീവിതം ദുസ്സഹമാക്കും. വീട്ടുവാടക ചൂഷണം പോലുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ യൂണിയനുകള്‍ക്ക്‌ കഴിവുണ്ടാകുമോ?

6) തൊഴിലാളിയുടെ നിലവിലുള്ള നിര്‍വചനം ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ബാധകമാകുമോ എന്നതാണ്‌ മറ്റൊരു സംശയം. എട്ടുമണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയും നിശ്ചിതമായ ശമ്പള സ്കെയിലുകളും പല കാരണങ്ങളാല്‍ അസാദ്ധ്യമാണെന്നു വരും. തൊഴിലിലെ കാര്യക്ഷമതയും സാമര്‍ത്ഥ്യവും അറിവും മാനദണ്ഡമായതിനാല്‍ തൊഴിലാളിയ്ക്ക് സ്വന്തം വേതനത്തിനായി വ്യവസായസംരംഭകനോട് വിലപേശാനുള്ള അവസരങ്ങളും അനവധിയാണ്. അതുകൊണ്ട്‌ തൊഴിലാളി സങ്കല്‍പ്പം തന്നെ ഈ മേഖലയ്ക്കു മാത്രമായി യൂണിയനുകള്‍ പുതുക്കി എഴുതേണ്ടിവരും.

7) ആത്യന്തികമായി നിക്ഷേപരുടെ ആശങ്കകള്‍ നമുക്കുള്ള തൊഴില്‍ സാദ്ധ്യതകളെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയുന്നുണ്ട്, എന്നാല്‍ നിക്ഷേപകര്‍ക്കുണ്ടാകാവുന്ന ആശങ്കകള്‍ക്ക് നേരെ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാന്‍ നമ്മുടെ യൂണിയനുകള്‍ക്ക് എത്രമാത്രം കഴിയും?

8) വ്യത്യസ്തമായ ഒരു തൊഴില്‍ സംസ്കാരമാണ്‌ മലയാളിയുടേത്‌. വിദേശ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ അവന്‍/അവള്‍ ഏതു തൊഴില്‍ രീതിയാണ്‌ പിന്തുടരേണ്ടത്‌ എന്നൊരു പ്രശ്നം ഉദിക്കുന്നുണ്ട്‌. യൂണിയനുകള്‍ ഏതു വഴി പിന്തുടരാനായിരിക്കും പ്രേരിപ്പിക്കുക?

9) അസ്ഥിര തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിശീലന പദ്ധതികള്‍ നടപ്പാക്കുക, തൊഴിലിനോട് അനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കൌണ്‍സിലിംഗും ഗൈഡന്‍സും നടപ്പാക്കുക, സാധനങ്ങള്‍ വിലക്കുറച്ച് ലഭ്യമാകുന്ന രീതിയില്‍ സഹകരണാടിസ്ഥാനത്തില്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുക, ലഭ്യമായ സാദ്ധ്യതകള്‍ മുന്‍‌നിര്‍ത്തി പകരം ജോലി കണ്ടെത്താന്‍ തൊഴിലാളികളെ സഹായിക്കുക, തുടങ്ങിയ രീതികളിലൂടെ പല വിദേശ തൊഴിലാളിയൂണിയനുകളും കാട്ടിയിട്ടുള്ള മാതൃക നമുക്ക് സ്വീകാര്യമാകാന്‍ നിലവിലുള്ള സമ്പ്രദായം വച്ച് അളന്നാല്‍, എത്രകാലം കഴിഞ്ഞാലാണ് നമുക്ക് അവ ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുക?

10) ഐ ടി മേഖലയില്‍ സമരങ്ങള്‍ അനുവദിക്കില്ല എന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഹീറോഹോണ്ടാ കമ്പനിയില്‍ സമീപകാലത്തു നടന്ന ലോക്കൌട്ടും സമരവും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയും നമ്മുടെ മാറിവരുന്ന നിലപാടുകളെ കുറച്ചൊക്കെ പുറത്തിടുന്നുണ്ട്. രാജ്യങ്ങളേക്കാള്‍ വലുതായ ആസ്തികളുള്ള മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് കുടപിടിക്കാന്‍ സ്വാഭാവികമായും ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവും ആഗോളീകരണത്തിന്റെ വരും കാലങ്ങളില്‍. പ്രതിപക്ഷ യൂണിയനുകള്‍ പ്രത്യക്ഷശത്രുവായ ഭരണകൂടത്തെ അനുസരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ഏറ്റുവാങ്ങേണ്ടി വരുന്നത് തൊഴിലാളികള്‍ തന്നെയാവും. സംശയമില്ല.

11) ഐ ടി മേഖലയിലെ ജോലി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാവാന്‍ വഴിയില്ല എന്നതാണ് പരമപ്രധാനമായ സംഗതി. പ്രത്യേക സാമൂഹിക സാമ്പത്തിക പരിതഃസ്ഥിതികള്‍ കൊണ്ട് കുറഞ്ഞ വേതനത്തിന് തയ്യാറായി മുന്നോട്ട് വന്നിട്ടുള്ള ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്‌ലാന്റ് മുതലായ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ഭീഷണിയായിട്ടുണ്ട്. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയെക്കുറിച്ചു മാത്രം പിറുപിറുത്തുകൊണ്ടിരിക്കുന്ന സംഘടനകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിയില്ല എന്നു വ്യക്തമല്ലേ?

ഒരു കൊടി ഫാക്ടറി നടയില്‍ സ്ഥാപിക്കുന്നതോടു കൂടി തൊഴിലാളി അവകാശങ്ങള്‍ നേടിയെടുത്തു കഴിയുന്നത്ര ലളിതമല്ല കാര്യങ്ങള്‍ ഈ പ്രത്യേക മേഖലയില്‍ എന്നാണു നാം മനസ്സിലാക്കേണ്ടത്‌. കാരണങ്ങള്‍ എന്തായാലും ചൂഷണം അനുഭവിക്കുന്ന ഒട്ടേറെ തൊഴിലാളി-കര്‍ഷക മേഖലകള്‍ ഇന്ത്യയില്‍ ഇന്നും കണ്ണീരും പരിവട്ടവുമായി കഴിയുന്നുണ്ട്‌. 60% വരുന്ന ഭക്ഷ്യവിള കര്‍ഷകരുടെയോ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെയോ അണ്‍എയിഡഡ്‌ സ്കൂളുകളിലെ അദ്ധ്യാപകരുടേയോ പരമ്പരാഗത തൊഴിലാളികളുടെയോ അവസ്ഥ തീരെ മെച്ചമല്ല ഇന്ത്യയില്‍. അവരുടെ ഇടയില്‍ യൂണിയനുകള്‍ക്ക്‌ ഒന്നും നേടാന്‍ ആയിട്ടുമില്ല. അതേ സമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ യൂണിയനുകളുടെ സഹായത്തോടെ അണ-പൈസ പറഞ്ഞു അവകാശങ്ങള്‍ നേടിയെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. വമ്പിച്ച മുതല്‍മുടക്കുള്ള മേഖലയായതു കൊണ്ട്‌ ഐ ടി പ്രദേശങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക്‌ താത്‌പ്പര്യം ഉണ്ടാകുക സ്വാഭാവികം. എവിടെ തൊട്ടാലും വിരല്‍ നക്കാന്‍ പറ്റുന്ന ചക്കരക്കുടങ്ങളാണവ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് മുന്നോട്ട്‌ പോകാന്‍, പക്ഷേ നമ്മുടെ സംഘടനകള്‍ക്കാവശ്യം വിവേകമാണ്‌. കാലത്തിനപ്പുറം കടന്നു കാണാനുള്ള കഴിവും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ മാറിയതിനുശേഷം നമുക്കു നാളിതുവരെ ഉണ്ടായതാകട്ടെ നേരെ തിരിച്ചുള്ള അനുഭങ്ങളും.

തര്‍ജ്ജനി പ്രവര്‍ത്തകര്‍