തര്‍ജ്ജനി

ജീവിതം:യാത്ര

"ജീവിതം ഒരു യാത്രയാണെന്ന്‌ ആരായിരിക്കാം ആദ്യം പറഞ്ഞത്‌?" യാത്രയുടെ വിരസത അകറ്റാനെന്നോണം അയാള്‍ ചോദിച്ചു തുടങ്ങി.
"അറിയില്ലല്ലോ?"
"പക്ഷേ ജീവിതം വളരെ നീണ്ടതും വിരസമായതും ദുരിതങ്ങള്‍ക്കിടയിലൂടെയുള്ളതും..."
"മതി, മതി..."
"അല്ല, വഴികളില്ലാത്ത യാത്രയല്ലേ ജീവിതം?"
"വഴികളില്ലാതെ എന്ത്‌ യാത്ര?"
"യാത്രകള്‍ പുതിയതും പഴയതുമായ വഴികളെ കണ്ടെത്തുകയല്ലേ യഥാര്‍ത്ഥത്തില്‍"
"ആയിരിക്കാം"
"വഴികള്‍ പിന്തുടരുന്നവര്‍ക്ക്‌ അതു മനസ്സിലാകില്ല, വഴി മുട്ടും വരെ"

എവിടേയ്ക്കെന്നില്ലാതെ നീളുന്ന വര്‍ത്തമാനത്തില്‍ നിന്ന്‌ അവള്‍ പിന്‍വാങ്ങിയെന്നയാള്‍ക്ക്‌ തോന്നി. കണ്ണുകള്‍ മുറുകെ അടച്ച്‌, ഒരു കാടിനുള്ളിലേയ്ക്ക്‌ നടക്കുന്നതായി സ്ങ്കല്‍പിച്ച്‌, അയാള്‍ സീറ്റിലേയ്ക്ക്‌ ചാരിക്കിടന്നു.