തര്‍ജ്ജനി

ഡോ.ബാലചന്ദ്രന്‍ കീഴോത്ത്

വകുപ്പു മേധാവി,
മലയാളവിഭാഗം,
കോപറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്,
മാടായി, പയങ്ങാടി പി.ഒ

Visit Home Page ...

ലേഖനം

ഫോക്‍ലോറിന്റെ ഉത്തരാധുനിക പരിപ്രേക്ഷ്യം

സാമൂഹികജീവിതത്തിന്റെ മിടിപ്പുകള്‍ നിറഞ്ഞു നില്ക്കുന്ന നാടന്‍കലാരൂപങ്ങളെക്കൊണ്ട് സമ്പന്നമാണ് നമ്മുടെ നാടു്. ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ നിധിപോലെ കാത്തു് സൂക്ഷിച്ചുകൊണ്ടു് വര്‍ത്തമാനജീവിതത്തിന്റെ പരിഛേദമാകാന്‍ അതിനു് കഴിയുന്നുണ്ടു് എന്നതാണ് ഫോക്‍ലോറിന്റെ ജനപ്രിയത. ഒരു ജ്ഞാനസിദ്ധാന്തമായി പരിഗണിച്ചുകൊണ്ടു് സമൂഹത്തിന്റെ സംസ്കാരപഠനത്തിനു് ഉപകരണമെന്ന നിലയില്‍ എങ്ങനെ ഫോക്‍ലോര്‍ പ്രയോജനപ്പെടുത്താമെന്നതാണു് ഇവിടത്തെ അന്വേഷണം.

പാരമ്പര്യാധിഷ്ഠിതമായ അറിവുകളാണു് ഫോക്‍ലോര്‍. ഓരോ ജനതയുടേയും പൂര്‍വ്വാര്‍ജ്ജിതങ്ങളായ അറിവിന്റേയും സംസ്കാരത്തിന്റേയും സാമൂഹികസ്ഥിതിവിശേഷങ്ങളുടേയും ആകെത്തുകയാണു് അവരുടെ പാരമ്പര്യം. ഒരു സമൂഹത്തിന്റെ സ്വത്വം നിര്‍ണ്ണയിക്കുന്നതില്‍ പാരമ്പര്യത്തിനു് പരമപ്രധാനമായ സ്ഥാനമുണ്ടു്. ജീവിതത്തിന്റെ അറിവുകള്‍ തലമുറകളിലൂടെ കൈമാറുന്നതിലെ പ്രധാകണ്ണി ഫോക്‍ലോര്‍ തന്നെയാണു്. തലമുറകളിലൂടെയുള്ള ഈ കൈമാറ്റത്തിനിടയില്‍ കയ്യാളുന്ന സമൂഹങ്ങളുടെ ചില മുദ്രകള്‍ അതില്‍ പതിയുകയും ചെയ്യും. പ്രാദേശികസമൂഹങ്ങളുടെ അഭിരുചികളും ശീലങ്ങളും ഇഴചേരുമ്പോള്‍ ഫോക്‍ലോര്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും. പ്രാദേശികസമൂഹങ്ങളുമായി ബന്ധപ്പെട്ട പ്രാന്തീയ- രാഷ്ട്രീയാധികാരശക്തികളും അധിനിവേശങ്ങളും ചേര്‍ന്നു് ഇതില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുമ്പോള്‍ ഗവേഷകര്‍ക്കു് ലഭ്യമാകുന്നതു് പുതിയ തെളിവുകളാണു്. മാനവസംസ്കൃതിയെക്കുറിച്ചുള്ള പഠനങ്ങള്‍ എക്കാലവും അധിനിവേശ / തിരസ്കരണങ്ങളുടെ അടിയൊഴുക്കുകളും എതിരൊഴുക്കുകളും കൊണ്ടു് സങ്കീര്‍ണ്ണങ്ങളുമാണു്.

ഒരു രാജ്യത്തിന്റെ ദേശീയവും സാംസ്കാരികവുമായ ചരിത്രപശ്ചാത്തലം മനസ്സിലാക്കാനായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫോക്‍ലോര്‍ പഠനങ്ങള്‍ക്കു് തുടക്കം കുറിച്ചതു്. സാമൂഹ്യവിശകലനവിഷയങ്ങളായി ദേശവും ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതു് ഏതാണ്ടു് ഇക്കാലത്തു തന്നെയാണു്. ഒരു ദേശത്തിന്റെ സംസ്കാരം രേഖപ്പെടുത്തുമ്പോള്‍ പ്രസ്തുതസംസ്കാരം ഇതരദേശങ്ങളിലേതില്‍ നിന്നും വ്യതിരിക്തമാണെന്നു് സൂചിപ്പിക്കാനുതകുന്ന ചിഹ്നവ്യവസ്ഥ നിര്‍മ്മിക്കപ്പെടാറുണ്ടു്. പക്ഷെ, ഭൂതകാലത്തിന്റെ പ്രാമാണികചിഹ്നങ്ങള്‍ വര്‍ത്തമാനകാലഘട്ടത്തിന്റെ സാംസ്കാരികമുദ്രകള്‍ എന്ന തലത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതിനെ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ചോദ്യം ചെയ്യുന്നുണ്ടു്.

സാംസ്കാരികചിഹ്നങ്ങള്‍ ഏതു് സമൂഹികവിഭാഗവുമായാണോ ബന്ധപ്പെട്ടിരിക്കുന്നതു്, പ്രസ്തുതസമൂഹം സംസ്കാരത്തിന്റെ കാര്യത്തില്‍ മാനകമാകുന്നു എന്നാണു് സൂചിപ്പിക്കാനുദ്ദേശിക്കുന്നതു്. മാനകസമൂഹവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സാംസ്കാരികമായുള്ള ശ്രേണീകരണം ഇതിന്റെ ഭാഗമായി രൂപപ്പെടുകയും ചെയ്യും. അധിനിവേശങ്ങളുടെ രാഷ്ട്രീയതലമാണിതു്.


ഴാക്‍ ദെറീദ

സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളാല്‍ ചില കൂട്ടങ്ങള്‍ സമൂഹത്തില്‍ മേല്ക്കോയ്മ നേടുകയും അധികാരം നിലനിര്‍ത്തിക്കൊണ്ടുപോകാനായി, പ്രാന്തവത്കരിക്കപ്പെട്ട കൂട്ടങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ മത്സരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. മുഖ്യധാരാസമൂഹത്തിന്റെ അഭിരുചികളുമായി സമരസപ്പെടാത്ത കൂട്ടങ്ങളേയും അവരുടെ അറിവുകളേയും (വ്യവഹാരങ്ങള്‍ - discourse) തമസ്കരിക്കുവാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ ഈ മത്സരങ്ങളുടെ ഭാഗമായി വേണം കാണാന്‍. സൈദ്ധാന്തികചിന്തകളുടെ ചരിത്രം, പാര്‍ശ്വവത്കരണങ്ങളുടെ ചരിത്രം കൂടിയാണെന്നു് ഴാക്ക് ദെറീദയെപ്പോലുള്ള ഘടനാവാദാനന്തരചിന്തകര്‍ സമര്‍ത്ഥിച്ചു. തത്വശാസ്ത്രചരിത്രങ്ങളുടെ മൂര്‍ത്തതകളെ അപനിര്‍മ്മാണം (deconstruction) പോലുള്ള പാരായണരീതികളിലൂടെ ദെറീദ നിഷ്പ്രഭമാക്കി. സംസ്കാരത്തിന്റെ വളര്‍ച്ച പുറമ്പോക്കുകളുടെ കൂട്ടങ്ങള്‍ തന്നെ സൃഷ്ടിച്ചുകൊണ്ടായിരുന്നുവെന്ന ദെറീദയുടെ വാദം ആര്‍ക്കും നിഷേധിക്കാനും കഴിഞ്ഞില്ല.

ഉത്തരാധുനികതയുടെ വരവോടെ ദേശം-ചരിത്രം-സംസ്കാരം എന്നീ സങ്കല്പങ്ങളിലെല്ലാം പൊളിച്ചെഴുത്തു് സാദ്ധ്യമായി. സ്ഥലകാലങ്ങള്‍ക്കെല്ലാം ഉപരിയായി നിലകൊള്ളുന്ന ഒരു സാംസ്കാരികഭൂമികയ്ക്കു് വേണ്ടി ഗൃഹാതുരാതയോടെ നാം തെരയേണ്ടതുണ്ടോ? അങ്ങനെയൊരു തലം തന്നെയുണ്ടോ നമ്മുടെ ഭൂതകാലത്തിനു്? അഥവാ ഉണ്ടായിരുന്നെങ്കില്‍ത്തന്നെ ഇക്കാലത്തുപോലും പുനരാവിഷ്കരിക്കത്തക്കവണ്ണം മഹത്തരമായിരുന്നോ, അതു്? വിവിധ സാംസ്കാരികാധിവേശങ്ങളുടെ ചിഹ്നങ്ങള്‍ പേറുന്ന പ്രസ്തുത ഫോക്‍ലോറിനെ ഏതു് സുവര്‍ണ്ണകാല/ചൂഷണകാലത്തിന്റെ പ്രതീകമായാണു് പുനരാവിഷ്കരിക്കാന്‍ തയ്യാറെടുക്കുന്നതു്? കേരളത്തനിമയെന്ന പേരില്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന സൂചകങ്ങള്‍ക്കു് രണ്ടോ മൂന്നോ നൂറ്റാണ്ടിനപ്പുറം പഴക്കം കല്പിക്കാനാവില്ല.

ആധുനികതയുടെ സിദ്ധാന്തങ്ങള്‍ പ്രമാണമാക്കി (ദിശാബോധം നഷ്ടപ്പെട്ടു്) മുമ്പോട്ടുപോയ ഫോക്‍ലോര്‍ പഠനം ഭൂതകാലശേഷിപ്പുകളെ ഗൃഹാതുരത്വത്തോടെ (നഷ്ടബോധത്തോടെ) അന്വേഷിക്കുന്ന തരത്തില്‍ സാമന്യവത്കരിക്കപ്പെട്ടുപോയി. ഫോക്‍ലോറിനെ ഫോസ്സിലുകളെപ്പോലെ ചിത്രീകരിച്ചു് പ്രദര്‍ശിപ്പിച്ചു് മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്ന പ്രവണത വരെ ദൃശ്യമായി. ഫോക്‍ചിഹ്നങ്ങളെ കമ്പോളവത്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ നഷ്ടസ്മൃതികളുടെ ഭൂതകാലമെന്ന നിലയ്ക്കു് ഫോക്‍ലോര്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു.

കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ലളിതമായ ആവാസവ്യവസ്ഥയില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും നഗരവത്കരണത്തിലേക്കും കമ്പ്യൂട്ടര്‍വത്കരണത്തിലേക്കും സമൂഹം ചുവടുവെച്ചതോടെ തദനുസൃതമായ മാറ്റങ്ങള്‍ ഫോക്‍ലോറിലും പ്രകടമായി. ഫോക്കിനെക്കുറിച്ചുള്ള പരികല്പനകള്‍ മാറിമറിഞ്ഞു. ഏതൊരു കാലഘട്ടത്തിലും നിലനിന്ന ``മനുഷ്യന്‍'' എന്ന സങ്കല്പവും അതാതു കാലഘട്ടങ്ങളിലെ അധികാരകേന്ദ്രങ്ങളുടെ സൃഷ്ടിയായ അറിവുകള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള യാതൊരു വിധത്തിലുള്ള അടിസ്ഥാനവും ഈ സങ്കല്പങ്ങള്‍ക്കു് ഒരു കാലവും കൊടുക്കേണ്ടതില്ലെന്നും മിഷേല്‍ ഫൂക്കോ വാദിച്ചു. ഗ്രാമീണഫോക്‍ പോലെ നഗരഫോക്കും വെബ്ബ്‌ഫോക്കും ഈ രീതിശാസ്ത്രമനുസരിച്ചു് അപഗ്രഥിക്കപ്പെടേണ്ടതാണു്. കുട്ടിയും കോലും തലപ്പന്തുളിയും ഫോക്‍ലോറിന്റെ പരിധിയില്‍ വരുമെങ്കില്‍ സൈദ്ധാന്തികമായി ക്രിക്കറ്റും ടെന്നീസും കമ്പ്യൂട്ടര്‍ഗെയിമുകളും ഫോക്‍ലോറിന്റെ വിഷയപരിധിയില്‍ വരുന്നതാണു്. ഫോക്‍-ന്റെ അര്‍ത്ഥസങ്കല്പങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടാല്‍ ലോര്‍ അവരുടെ വ്യവഹാരങ്ങള്‍ തന്നെയാണു്.

ഉത്തരാധുനികതയുടെ പരികല്പനകള്‍ ഫോക്‍ലോര്‍ പഠനങ്ങള്‍ക്കു് വ്യക്തമായ ദിശാബോധം നല്കി. സാംസ്കാരികമൂലധനം (cultural capital) എന്ന തലത്തില്‍ ഫോക്‍ലോര്‍ ചര്‍ച്ചചെയ്യപ്പെട്ടുതുടങ്ങി. ചരിത്രപഠനം സംസ്കാരപഠനമായി പരിണമിക്കുമ്പോള്‍ സമൂഹങ്ങളെ വിശദകരിക്കുവാനുള്ള ഉപാധി എന്ന നിലയ്ക്കു് ഫോക്‍ലോറിനെ പ്രയോജനപ്പെടുത്തേണ്ടതുണ്ടു്. ഭൗതിക ഉപാധാനങ്ങളെപ്പോലെ പരിഗണിക്കപ്പെടേണ്ട ഒന്നാണു് സാമൂഹികസ്വത്വവും അയുക്തികതയുടേയും കാല്പനികതയുടേയും സ്വപ്നങ്ങളുടേയും ഭ്രമാത്മകതയുടേയും പാഠങ്ങള്‍ രൂപപ്പെട്ടു നില്ക്കുന്ന ഈ ജ്ഞാനരൂപങ്ങള്‍ സൈദ്ധാന്തികതലത്തില്‍ അപഗ്രഥിക്കപ്പെടുമ്പോള്‍ മാത്രമാണു് സാമൂഹികസ്വത്വം അനാവരണം ചെയ്യപ്പെടുകയുള്ളൂ. മന:ശാസ്ത്രപഠനത്തില്‍ സ്വപ്നങ്ങള്‍ക്കുള്ള പ്രാധാന്യമാണു് സംസ്കാരപഠനത്തില്‍ ഫോക്‍ലോറിനുള്ളതു്.

സമൂഹമനസ്സിന്റെ സ്വപ്നങ്ങളായ ഫോക്‍ലോറും അതിന്റെ അന്തര്‍ധാരയായ പുരാവൃത്തങ്ങളും വിശകലനം ചെയ്താല്‍ സമൂഹമനസ്സു് എപ്രകാരമാണു് കാലാതിവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്നതെന്നു് തിരിച്ചറിയാന്‍ സാധിക്കും. സര്‍ഗ്ഗസാഹിത്യങ്ങളേയും ഫോക്‍ലോറിനേയും ബന്ധിപ്പിച്ചു് വിശ്ലേഷണം നടത്തിക്കൊണ്ടുള്ള ചരിത്രനിര്‍മ്മിതിക്കു് ഡി.ഡി.കോസാംബി ശ്രമിച്ചിട്ടുണ്ടു്. പ്രാദേശികചരിത്രരചനയ്ക്കു് ഫോക്‍ലോറും പുരാവൃത്തങ്ങളും പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ അതു് ജനസമൂഹങ്ങളുടെ സംസ്കാരത്തിലേക്കുള്ള വഴിത്തിരിവു് ആകുകയുള്ളൂ. ഒരു തലമുറ, അടുത്ത തലമുറയിലേക്കു് പകര്‍ന്നു കൊടുക്കണമെന്നു് ആഗ്രഹിക്കുന്ന ദര്‍ശനങ്ങളാണു് പുരാവൃത്തങ്ങളായി മാറുന്നതു്. കാല്പനികതയുടെ ഭാഷയാണിതിനു്. ലെവിസ്ട്രോസ്സിനെപ്പോലുള്ള ഘടനാവാദികള്‍ പുരാവൃത്തങ്ങളെ അപഗ്രഥിച്ചു് സമൂഹമനസ്സിന്റെ ഘടന കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടു്.

പൗരോഹിത്യപ്രത്യയശാസ്ത്രത്തിന്റെ പ്രചാരണവും രാഷ്ട്രീയാധിപത്യമോഹവുമായി കടന്നു വന്ന വൈദികസമൂഹങ്ങള്‍ പ്രാദേശിക ഗോത്രങ്ങളുമായി നടത്തിയ ഏറ്റുമുട്ടലുകളും അധിനിവേശങ്ങളുമാണു് പാന്‍ ഇന്ത്യന്‍ ഫോക്‍ലോറുകളിലെ മുഖ്യപ്രമേയം. ദൈവങ്ങളുടേയും ബ്രാഹ്മണരുടേയും ഗോക്കളുടേയും സൗന്ദര്യശാസ്ത്രവുമായി അധികാരകേന്ദ്രങ്ങളിലെത്തിയവരെ എതിര്‍ത്തവരെല്ലാം രാക്ഷസന്മാരോയോ അസുരന്മാരായോ ദുഷ്ടന്മാരായോ മുദ്രകത്തപ്പെട്ടു. പൗരോഹിത്യവൃത്തി നടത്തിയിരുന്ന സമൂഹങ്ങള്‍ക്കു് അനിഷ്ടകരമായ വസ്തുതകളൊക്കെ ദൈവനിന്ദയായോ അധാര്‍മ്മികതയോയോ വ്യാഖ്യാനിക്കപ്പെട്ടു. അവതാരമാഹാത്മ്യങ്ങളും വിവിധ പുരാണങ്ങളും പ്രചരിപ്പിച്ചുകൊണ്ടു് വൈദികസമൂഹം തങ്ങളുടെ നിലപാടുകളെ സാധൂകരിച്ചു. ആരാധനാകേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളായി പരിണമിപ്പിക്കുകയോ ബ്രാഹ്മണാരാധനാ കേന്ദ്രങ്ങളുടെ വരുതിയിലേക്കു് മാറ്റപ്പെടുകയോ ചെയ്തു. പ്രാദേശികഗോത്രങ്ങളുടെ ആരാധനാമൂര്‍ത്തികളെ തമസ്കരിക്കുകയോ പ്രാന്തവത്കരിക്കുകയോ ചെയ്തു. ഇത്തരം അധിനിവേശങ്ങളുടെ മായാത്ത മുദ്രകള്‍ അനുഷ്ഠാനങ്ങളില്‍ ഇന്നും സജീവമായി നിലനില്ക്കുന്നുണ്ടു്.


ഡി. ഡി. കോസാംബി

ദേവന്മാര്‍ തമ്മിലുള്ള സംഘര്‍ഷം പൊതുവെ, ജനസമൂഹങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെയാണു് പ്രതിഫലിപ്പിക്കുന്നതെന്നു് കൊസാംബി രേഖപ്പെടുത്തുന്നുണ്ടു്. ദേവവിവാഹങ്ങളും പുനരവതാരങ്ങളും കുടുംബത്തെ ഏറ്റെടുക്കുന്നതും മറ്റും സാമൂഹ്യമായ സംയോജനത്തിന്റെ (fusion) ദൈവശാസ്ത്രപരമായ വിശദീകരണങ്ങള്‍ മാത്രമാണു്. നമ്മുടെ പുരാണങ്ങളില്‍ യുക്തിരഹിതമായി അവതരിപ്പിച്ചിട്ടുള്ള പ്രകടമായും അസംബന്ധമായ മിത്തുകളെല്ലാം ഒരു പ്രത്യേകരീതിയില്‍ യാഥാര്‍ത്ഥ്യാധിഷ്ഠിതമാണു് എന്നാണു് ചരിത്രപരമായ വിലയിരുത്തല്‍.

ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ആര്യഭാഷാ സാഹിത്യങ്ങളായ ഇതിഹാസങ്ങളും ദേവീമാഹാത്മ്യവും മാര്‍ക്കണ്ഡേയപുരാണം തുടങ്ങി നിരവധി അവതാരകഥകളിലെല്ലാം വിജയം വരിക്കുന്നതു് അവതാരപുരുഷന്മാരും അസ്വാഭാവികജനനത്തിലൂടെ പ്രത്യക്ഷപ്പെട്ട മൂര്‍ത്തികളുമാണു് എന്നതു് ശ്രദ്ധേയമാണു്. പൗരോഹിത്യത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കാത്ത പ്രാദേശികഗോത്രനായകന്മാരെ മുഴുവന്‍ കൊന്നൊടുക്കുന്ന വിജയഗാഥകളാണു് പ്രസ്തുതകൃതികളെല്ലാം. വൈദികസമൂഹങ്ങളുടെ ഇത്തരം അധിനിവേശങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്ന ഗോത്രനായകരായ വീരന്മാര്‍ ചെയ്ത കുറ്റങ്ങള്‍ ഇപ്രകാരം സംക്ഷേപിക്കാം:

1. ദേവേന്ദ്രനു് അസൂയയൂണ്ടാകുന്ന രീതിയില്‍ രാജ്യം ഭരിക്കുക
2. ദേവലോകം ആക്രമിക്കപ്പെടുമെന്ന ഭീതി ദേവന്മാര്‍ക്കുണ്ടാവുക
3. പൗരോഹിത്യത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു് വിരുദ്ധമായി തപസ്സു് ചെയ്യുക
4. ബ്രാഹ്മണരെ നിന്ദിക്കുക, അവര്‍ക്കു് ദാനം നല്കാതിരിക്കുക
5. ഗോഹത്യ നടത്തുക
6. ബ്രാഹ്മണദൈവങ്ങളെ ആരാധിക്കാതിരിക്കുക
7. പൗരോഹിത്യപ്രമാണങ്ങളുടെ പ്രചാരകനായ നാരദനെ നിന്ദിക്കുക

പൗരോഹിത്യത്തിന്റേയും വൈദികസംസ്കാരത്തിന്റേയും വിശ്വാസപ്രമാണങ്ങളെ അന്ധമായി അംഗീകരിക്കാത്ത അധികാരകേന്ദ്രങ്ങളെ ഇല്ലാതാക്കുന്നതു വഴി ഫലത്തില്‍ ബ്രാഹ്മണാധിപത്യം അടിച്ചേല്പിക്കുക തന്നെയാണു് ചെയ്യുന്നതു്. എന്നാല്‍ പ്രാദേശിക ജനസമൂഹം ഇത്തരം അധിനിവേശങ്ങളെ സ്വീകരിച്ചതെങ്ങനെയെന്നുള്ള അന്വേഷണം കൗതുകകരമാണു്.

കേരളത്തിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട പുരാവൃത്തത്തില്‍ മാനവികമായ സൗശീല്യങ്ങളുടേയും ധാര്‍മ്മികതയുടേയും നൈതികതയുടേയും പ്രതീകമായ മാവേലി പ്രാദേശികജനതയുടെ ആരാദ്ധ്യനായകനാണു്. വിഷ്ണുപുരാണത്തില്‍ പറയുന്ന പ്രകാരത്തിലുള്ള ന്യായങ്ങള്‍ മാവേലിയെ പാതാളത്തിലേക്കു് ചവിട്ടിത്താഴ്ത്താന്‍ പര്യാപ്തമാണെന്നു് കേരളജനത വിശ്വസിക്കുന്നില്ല. മഹാബലിയുടെ ഉയര്‍ച്ചയും പ്രശസ്തിയും പൗരോഹിത്യത്തിന്റെ വിശ്വാസപ്രമാണങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതിനാലാണു് മഹാബലി ശിക്ഷിക്കപ്പെടുന്നതു്. മഹിഷാസുരന്‍, രക്തബീജന്‍, ദാരികന്‍ തുടങ്ങിയ വീരന്മാരുടെ പുരാവൃത്തങ്ങളെല്ലാം ഇതു പോലെ ബ്രാഹ്മണാധിപത്യത്തിന്റെ രേഖാസാക്ഷ്യങ്ങളാണു്. ഫോക്‍ലോറിന്റെ ചിഹ്നവിജ്ഞാനീയാപഗ്രഥനം പലകാലങ്ങളിലായി സമൂഹത്തില്‍ സംഭവിച്ച അധിനിവേശങ്ങളുടെ തെളിവുകള്‍ നല്കുന്നു. ഉല്‍ഖനനത്തിലൂടെ കണ്ടെത്തുന്ന ചരിത്രാവശിഷ്ടത്തെക്കാള്‍ പ്രധാനമാണു് ഇത്തരം സംസ്കാരമുദ്രകള്‍.

Subscribe Tharjani |