തര്‍ജ്ജനി

ഹക്കിം ചോലയില്‍

പി. ബി. നമ്പര്‍: 136873
ജിദ്ദ: 21313
സൗദി അറേബ്യ.

Visit Home Page ...

കഥ

ഡെയിഞ്ചര്‍ സോണ്‍

കരഘോഷങ്ങളുടെ നീണ്ട സമയം അവസാനിച്ചു.

ചുറ്റും ജനം ശ്വാസമടക്കിപ്പിടിച്ച്‌, ഒരു കടലാസ്സിതള്‍ നിലത്തേക്ക്‌ വീഴുന്ന ശബ്ദം പോലും കേള്‍ക്കാന്‍ പാകത്തില്‍ കാതുകള്‍ കൂര്‍പ്പിച്ചങ്ങനെ മരവിച്ചിരിപ്പാണ്. എത്ര കടിച്ചുപിടിച്ചിട്ടും കണ്ണീര്‍ ഉറവപൊട്ടി‍യപോലെ കുടുകുടെ ഒഴുകുകയാണ്‌. സ്റ്റുഡിയോയിലെ ഇരുന്നൂ‍റ്റമ്പത്‌ പ്രേക്ഷകര്‍ക്കുപുറമേ ലോകമലയാളികളുടെ സ്വീകരണമുറിയിലത്രയും തന്റെ ഈ കരയുന്ന മുഖമായിരിക്കും ഇപ്പോഴെന്ന്‌ ഓര്‍ത്തപ്പോള്‍ മനുമോഹന്‍ നിന്നു‍രുകാന്‍ തുടങ്ങി.

കണ്ണീര്‍ സീരിയലുകളിലെ നായകന്മാരെ പോലെ വിധികര്‍ത്താക്കള്‍ രണ്ടുപേരെ ഇപ്പോള്‍ ഗ്ലിസറിനില്ലാതെ കരയിച്ചു വിട്ടതേയുള്ളു.

ഇനി തന്റെ ഊഴമാണ്‌.
മനു ജീവശ്വാസത്തിനു പിടയ്ക്കുന്ന തന്റെ ഹൃദയത്തെ ശമിപ്പിക്കാന്‍ വളരെ പാടുപ്പെട്ടു‍.


ചിത്രീകരണം:ശ്രീകല

'മനുവിന്റെ പാട്ടി‍ല്‍ എല്ലാം വന്നിട്ടു‍ണ്ടായിരുന്നു‍. ഞങ്ങള്‍ വളരെ ആത്മാര്‍ത്ഥമായി തന്നെ‍ മാര്‍ക്ക്സ്‌ ഇട്ടിട്ടു‍ണ്ട്‌. ഇനിയൊക്കെ എസ്‌ എം എസ്‌ അയക്കുവരുടെ കൈകളിലാണ്‌ കേട്ടോ. പ്രേക്ഷകരോട്‌ ഒരു വാക്ക്‌. പറയാനുള്ളത്‌, നിങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക്‌ മാത്രം വോട്ട്‌ ചെയ്യണമെന്നാണ്‌ ...........'

ജഡ്ജസിലെ പ്രധാനി ഇടുങ്ങിയ കണ്ണുകള്‍ പാതി ചിമ്മി കൈമലര്‍ത്തിയപ്പോള്‍ നറുക്ക്‌ ഏതാണ്ട്‌ തന്റെ ശിരസ്സില്‍ കൃത്യമായി വന്നു വീഴുമെന്ന സന്ദേഹം മനുവിനെ ചൂഴ്ന്നു‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ എപ്പോഴും മുഖത്തണിയാറുളള നിസ്സംഗഭാവം ഇത്തവണ മുഖത്തു വരുത്താന്‍ കഠിനയജ്ഞം നടത്തിയിട്ടും സാധിക്കുന്നി‍ല്ല. കഴിഞ്ഞ രാത്രി കണ്ണാടിക്കു മുമ്പിലിരു്‌ ഉറക്കമിളച്ചതിന്റെ ക്ഷീണവും തളര്‍ച്ചയും പെട്ടെന്ന് ഇരുവശത്തുനിന്നും ആക്രമണം തുടങ്ങി.

ചുറ്റും നാലഞ്ചു പാട്ടു‍കാരുണ്ട്‌. ഡെയിഞ്ചര്‍ സോണിലായിരുന്നു‍ അവരെല്ലാവരും. കൃതൃമമായ പുകമറയ്ക്കുള്ളില്‍ അവരുടെ മുഖങ്ങളെല്ലാം അപരിചിതവും പ്രേതബാധയേറ്റപോലെ ഭീതിദവുമായി തോന്നി‍ച്ചു. അന്ത്യവിധി കാത്തിരിക്കുന്ന കുറ്റവാളികളുടെ മുഖഭാവം പോലെ അവരുടെ കാലുകളെയും വിറയല്‍ ബാധിച്ചിരുന്നു‍.

പ്രഖ്യാപനം വന്നപ്പോഴേക്കും മനുവിന്റെ കണ്ണില്‍ ഇരുട്ടു‍ തിങ്ങി നിറഞ്ഞിരുന്നു‍. ഫൈനലിലേക്ക്‌ എളുപ്പത്തില്‍ കടന്നുകയറാമായിരുന്ന അവസാനനിമിഷത്തില്‍, മനസ്സില്‍ സ്വരുക്കൂട്ടിവെച്ചിരുന്ന മന്ത്രങ്ങളെല്ലാം കെട്ടഴിഞ്ഞുപോയി. ജയത്തിന്റെ അവസാനത്തെ പടിയില്‍ നിന്ന് ‌ വാപിളര്‍ന്ന തക്ഷകന്റെ ഉടലിലൂടെ താഴേക്ക്‌ നിപതിച്ചിരിക്കുന്നു‍. സ്വപ്നത്തിന്റെ മധുകോശങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന അനിവാര്യമായ വിധി. ആള്‍ക്കൂട്ടത്തിനിടയില്‍ നില്പുണ്ടായിരുന്ന അച്ഛന്റെ മുഖത്തേക്ക്‌ നോക്കാന്‍ പോലും അവന്‍ ഭയപ്പെട്ടു‍.

'വിടവാങ്ങുന്ന ഈ നിമിഷം പ്രേക്ഷകരോട്‌ മനുവിന്‌ എന്താണ്‌ പറയാനുള്ളത്‌?'
അവതാരകയായ പെണ്‍കുട്ടി‍ കണ്ണില്‍ വിഷാദഭാവം നിറച്ച്‌ മനുവിന്റെ ചുമലില്‍ തട്ടി‍. നിമിഷം പ്രതി മുഖഭാവം മാറ്റാനുള്ള അവളുടെ അപാരമായ കഴിവിനെ ആ നേരവും പ്രശംസിക്കാന്‍ തോന്നി‍ മനുവിന്‌.

'ജീവിതത്തിന്‌ ഒരു ലക്ഷ്യമുണ്ടെന്ന്‌ മനസ്സിലായത്‌ ഈ ഷോയില്‍ വന്നതു മുതലാണ്‌. വലിയ ഭാഗ്യമായി ഞാനിതിനെ കാണുന്നു‍. എന്തിനേയും ധീരമായി നേരിടാനുള്ള കോണ്‍ഫിഡന്‍സ്‌ എനിക്ക്‌ ഇവിടെ നിന്ന് കിട്ടി‍'

അവസാനത്തെ വാക്ക് പൂര്‍ത്തിയാക്കിയപ്പോഴേക്കും കണ്ണുകള്‍ അവന്റെ കരയുന്ന മനസ്സിനെ പ്രേക്ഷകര്‍ക്ക്‌ മുന്നി‍ല്‍ തുറന്ന പുസ്തകത്താളുകള്‍ പോലെ അനാവൃതമാക്കി. ഓരോ റൌണ്ടു പിന്നി‍ടുമ്പോഴും അനേകം കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന നീരജയക്ക്‌ അവസാനനിമിഷത്തില്‍ ഒന്നും കരുതിവെക്കെരുതെന്ന പിടിവാശിയുണ്ടായിരുന്നു‍. പക്ഷേ അവസാനഗാനം പാടിത്തീര്‍ന്നപ്പോ ഴേക്കും മഴ നനയുന്ന സാഗരമായി ഇളകിമറിയാറുള്ള സദസ്സ്‌ മരണത്തിന്റെ കരിമ്പടം പുതപ്പിച്ച പോലെ പെട്ടെന്ന് നിശ്ശബ്ദമായി. പ്രേക്ഷകരുടെ കണ്ണീര്‍ വീണു നനഞ്ഞ വഴിയിലൂടെ മറ്റു രണ്ടുപേര്‍ക്കൊപ്പം മനു പെട്ടെന്ന്‌ പുറത്തേക്കുള്ള വഴി തേടി.
അഞ്ചെട്ടു മാസം ഒരുത്സവം പോലെ ആടിത്തിമിര്‍ത്ത ഹോട്ടല്‍ മുറി വെക്കേറ്റ്‌ ചെയ്തിറങ്ങുമ്പോള്‍ അച്ഛന്റെ മുഖത്തേക്ക്‌ നോക്കിയതേയില്ല. തന്നെ‍പ്പോലെ ഒരു മകനുണ്ടായത്‌ ജീവിതത്തിലെ മഹാഭാഗ്യമായി കണ്ട അച്ഛന്‍. നിഴല്‍ വീണ ആ മുഖത്ത്‌ വേദന എണ്ണപോലെ കിനിയുന്നു‍ണ്ടാവുമെന്ന്‌ അവനറിയാം. നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്ന മൊബെയില്‍ ഫോണിന്റെ പെട്ടെന്നു‍ള്ള മരണശാന്തതയാണ്‌ ഏറ്റവും അരോചകമായി തോന്നി‍യത്‌. കഴിഞ്ഞ എട്ടു‍മാസവും ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്ന് അതിന്റെ ധാരമുറിയാത്ത കിളികൊഞ്ചലായിരുല്ലോ.

റിയാലിറ്റി ഷോയുടെ പുന:സംപ്രേക്ഷണത്തില്‍ തന്റെ പ്രകടനം വളരെ അപക്വവും അതിരു കടന്നതായിപ്പോയെന്നും നീരജ പറയാതെ തന്നെ‍ മനു തിരിച്ചറിഞ്ഞു. സംയമനം പാലിക്കേണ്ടിയിരുന്ന പലയിടത്തും വല്ലാതെ കരഞ്ഞുപോയിട്ടു‍ണ്ട്‌. അപകര്‍ഷത പത്തിവിടര്‍ത്തിയ മനസ്സോടെയാണ്‌ മനു പിന്നീ‍ട്‌ ആളുകളെ അഭിമുഖീകരിക്കാന്‍ തുടങ്ങിയത്‌.

വീടിന്‌ ചിലപ്പോള്‍ പുകയുന്ന ഒരഗ്നി പര്‍വ്വതമാവാന്‍ വേഗത്തില്‍ കഴിയുമെന്ന്‌ മനുവിന്‌ തോന്നി‍. വേദനയുടെ പാടകള്‍ പൊട്ടി‍ച്ചു കളയാനുള്ള മനുവിന്റെ ശ്രമങ്ങള്‍ ഒന്നൊന്നാ‍യി പരാജയപ്പെട്ടു‍. അവന്റെ സാന്നി‍ദ്ധ്യം പോലും ആരും തിരിച്ചറിഞ്ഞില്ല. മിണ്ടാട്ടമില്ലാതെ, കാറ്റിലും കോളിലും പെട്ട കപ്പലിലെ യാത്രക്കാരായി അച്ഛനും അമ്മയും ഏതുനിമിഷവും പരസ്പരം പുറം തിരിഞ്ഞു ചിന്തിച്ചിരിക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു‍. അനിയത്തി വര്‍ഷ മാത്രമാണ്‌ ചിലതെങ്കിലും പറഞ്ഞ്‌ ആശ്വസിപ്പിക്കാന്‍ അരികിലെത്തിയത്‌. പെട്ടെന്ന്‌ ഒരു നാള്‍ താരാധിപത്യം നഷ്ടപ്പെടുന്നതിന്റെ കടും ശൂന്യത പനിക്കുളിരുപോലെ അവനെ പൊതിയാന്‍ തുടങ്ങി.

മാറാലപോലെ തൂങ്ങിക്കിടന്ന ഇരുട്ടി‍ല്‍ നാലഞ്ചു ദിവസം മനു ജാള്യത്തെ ഒളിപ്പിച്ചു. ആറാം ദിവസം വര്‍ഷ വീടു വൃത്തിയാക്കുന്ന കൂട്ടത്തില്‍ മച്ചിലെ ഇരുട്ടും തൂത്തു കളഞ്ഞു. നീരജയാവട്ടെ അവനെ തേടി പിന്നീ‍ട്‌ വന്നതേയില്ല. മുറിയില്‍ ചടഞ്ഞുകൂടിയിരുന്ന് ‌ മടിപിടിച്ച ഒരു ദിവസം വര്‍ഷ അവനെ പുറത്താക്കി വാതിലടച്ചു.

മനു ചെല്ലുമ്പോള്‍ പതിവിനു വിപരീതമായി മുറ്റത്തിട്ട ചാരുകസേരയില്‍ നീരജയുടെ അച്ഛന്‍ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു‍. മനുവിനെ കണ്ട്‌ അയാള്‍ മുഖത്ത്‌ അനായാസത വരുത്താന്‍ ശ്രമിച്ചു. എങ്കിലും തന്നെ‍ സെമി ഫൈനല്‍ റൌണ്ടിലെത്തിക്കാനുള്ള എസ്‌. എം. എസ്‌ വേട്ടയുടെ സാമ്പത്തികനഷ്ടത്തിന്റെ ഇറുമ്മല്‍ വേദനയും പതിവുള്ള ചിരിക്കൊപ്പം ചുണ്ടുകളില്‍ ഊറിക്കൂടിയ പുച്ഛരസവും എക്കിളപോലെ മനുവില്‍ അലോസരം സൃഷ്ടിച്ചു. തുറന്നിട്ട വാതിലിലൂടെ മനു നീരജയുടെ മുറിയിലേക്ക്‌ ഒളിപ്രവേശനം നടത്തി കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു‍. മെത്തയില്‍ കൈകുത്തി നീരജ ടിവിയുടെ മുമ്പിലായിരുന്നു‍, അപ്പോള്‍.

'മന:സ്സാന്നി‍ദ്ധ്യം നഷ്ടപ്പെട്ടതാ അന്ന്‌ പാടിയപ്പോള്‍ മനുവിന്‌ തെറ്റുപറ്റാന്‍ കാരണം. മാഡമത്‌ സൂചിപ്പിച്ചല്ലോ. ഇനിയെങ്ങനെ കൂട്ടു‍കാരികളുടെ മുഖത്ത്‌ നോക്കുമെന്നോര്‍ത്താ എനിക്ക്‌ സങ്കടം'

സ്വീകരണ മുറിയിലെ സോഫകള്‍ക്കിടയില്‍ നിന്ന്‌ റിമോട്ട്‌ കണ്‍ട്രോള്‍ തപ്പിയെടുത്തുകൊണ്ട്‌ നീരജ പറഞ്ഞു. ആര്‍ക്കും ഇപ്പോള്‍ പാട്ടി‍ന്‌ മാര്‍ക്കിടാമെന്നായിട്ടു‍ണ്ട്‌. സംഗീതത്തിന്റെ ഗന്ധമേല്‍ക്കാത്തവര്‍ പോലും രാഗങ്ങളെ അമ്മാനമാടാന്‍ ധൈര്യം കാണിക്കുന്നു‍.
സ്വരസ്ഥാനങ്ങളുടെ ഒളിച്ചുകളിയെക്കുറിച്ച്‌ ഇവര്‍ക്കെന്തറിയാം? മഴയുടെ നൂല്‍കമ്പികളെ പോലെ ഏതു നിമിഷവും മുറിഞ്ഞുപോകാവുന്ന രാഗവിസ്താരങ്ങള്‍ സ്വായത്തമാക്കാനുള്ള പെടാപാട്‌ ഇവര്‍ അനുഭവിച്ചിട്ടു‍ണ്ടോ?

നീരജയുടെ വിരല്‍ത്തുമ്പ്‌ റിമോട്ട്‌ കണ്‍ട്രോളിലൂടെ ദ്രുതഗതിയില്‍ ചലിക്കുന്നത്‌ നോക്കി വെറുതെ ഇരുന്നു‍. അസംഖ്യം പരസ്യങ്ങള്‍ക്കൊടുവില്‍ ടിവിയില്‍ റിയാലിറ്റി ഷോയുടെ ഫൈനല്‍ റൌണ്ടിന്റെ വര്‍ണ പ്രപഞ്ചം തെളിഞ്ഞു. ഇണങ്ങാത്ത പട്ടു‍ചേലക്കുള്ളില്‍ ശരീരസൌന്ദര്യം മുങ്ങിപ്പോയതിന്റെ അസഹ്യത അവതാരകയുടെ മുഖത്തെ ഭാവത്തിലും തുടിച്ചു നില്പുണ്ടായിരുന്നു‍.

'ജിഷ്ണു പാടുന്നത്‌ എത്ര മനോഹരമാണെന്ന്‌ നോക്കു. ക്ലാസിക്കും ഫാസ്റ്റ്‌ നമ്പരും നന്നായി ഇണങ്ങും അവന്‌. ജിഷ്ണുവിന്റെ ശബ്ദം പോലും റൊമാന്റിക്കാണ്‌'.

ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ നീരജ ആരാധനയുടെ വശ്യമായ സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്നു‍. നിരാശയുടെ കുമിളകള്‍ കുരുത്ത്‌, വളര്‍ന്ന്, പിന്നീ‍ട്‌ പൊട്ടി‍യൊഴുകി മനസ്സാകെ അസ്വാസ്ഥ്യപ്പെട്ടപോലെ മനുവിന്‌ മനംപുരട്ടി‍. എഴുന്നേറ്റ്‌ യാത്രപോലും പറയാന്‍ നില്ക്കാതെ, ലോകത്തെ അനേകം കലാകാരന്മാരുടെ അപകര്‍ഷത്താല്‍ കുനിഞ്ഞ ശിരസ്സുമായി അവന്‍ പുറത്തെ ഇരുട്ടി‍ലേക്ക്‌ ഊളിയിട്ടി‍റങ്ങി. മുടങ്ങിപ്പോയ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധവെച്ചും സാധകം ചെയ്തും ഇപ്പോള്‍ നേരിട്ട പരാജയത്തെ അതിജീവിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ്‌ തിരിച്ച്‌ അവന്‍ വീടിന്റെ പടികള്‍ കയറിയത്‌. പുസ്തകങ്ങള്‍ എടുത്തുവെച്ച്‌ നോട്ട്സ് കുറിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ സമീപം വന്നിരുന്നു. അവന്റെ നെറുകയില്‍ തൊട്ടു‍. അമ്മയുടെ കണ്ണുകളില്‍ നനവുപടരുന്നതെന്തിനെന്ന്‌ മാത്രം അവന്‌ മനസ്സിലായില്ല.

'ഇനി മോനെന്തിനാ പഠിക്കുന്നത്‌? ഇന്നാ‍യിരുന്നു‍ ഫീസടക്കേണ്ട അവസാന തിയതി. അച്ഛന്റെ കയ്യില്‍ ഒരു ചില്ലിക്കാശുപോലും ഇനി ബാക്കിയില്ല'

ആ നടുക്കത്തില്‍ നിന്ന് ഉണരുംമുമ്പേ പിറ്റേന്ന് രാവിലെ പോസ്റ്റുമാന്‍ ബാങ്കിന്റെ മഞ്ഞ നിറം പുരണ്ട കത്ത്‌ കൂടി മനുവിന്റെ നേരെ നീട്ടി‍.
താന്‍ വരുത്തിവെച്ചിട്ടു‍ള്ള കടത്തിന്റെ ഭാരം അവന്റെ ശിരസ്സിലന്നേരം കനത്തു. ഓരോ റൌണ്ടും പിന്നി‍ടുമ്പോള്‍ ലക്ഷങ്ങളാണ്‌ അച്ഛന്റെ സമ്പാദ്യത്തെ കരണ്ടു തിന്നി‍രുന്നതെന്ന്‌ ആരും അവനോട്‌ പറഞ്ഞില്ല. ഒന്നാമനായി ജയിച്ചുകയറി മകന്‍ നഗരത്തിന്റെ ഹൃദയകവാടത്തില്‍ പണിത ഏറ്റവും നല്ല ഒരു ഫ്ലാറ്റ് സ്വന്തമാക്കുമെന്ന പ്രതീക്ഷയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ നിറംകെട്ട ജീവിതത്തെ അച്ഛന്‍ പതുക്കെ വിസ്മരിക്കുകയായിരുന്നു‍.

ഓര്‍മ്മകളുടെ തിക്കുമുട്ടലില്‍ ഉറക്കം മുറിഞ്ഞ രാത്രികള്‍ തുരങ്കത്തിനകത്തുപെട്ട തീവണ്ടിയെന്നപ്പോലെ അവനെ ഭ്രമിപ്പിച്ചു. ഇരുണ്ട നീണ്ട രാത്രികള്‍ക്കൊടുവില്‍ ഒരു നാള്‍, മനു ആരും കാണാതെ പുറത്തേക്കിറങ്ങി. നിലാവില്‍ നീണ്ടു നിവര്‍ന്നു‍ കിടക്കുന്ന പാളങ്ങളിലൂടെ അവന്‍ ഒരൂഹം വെച്ച്‌ തെക്കോട്ടു‍ നടന്നു. നഗരകവാടത്തിന്റെ തൊട്ടരികില്‍ ആരോ കൃത്യമായി വരച്ചു ചേര്‍ത്ത, പുതുതായി പണി കഴിപ്പിച്ച കെട്ടി‍ടങ്ങള്‍ക്ക്‌ മുമ്പില്‍ അവന്‍ ചെന്ന് നിന്നു‍. പരസ്യങ്ങളുടെ വര്‍ണപ്രഭ വീണു പരിചിതമായ കൂറ്റന്‍ കെട്ടി‍ടം ഒരു സ്വപ്നക്കാഴ്ചയിലെന്നവണ്ണം നീലവെളിച്ചത്തില്‍ മുങ്ങിക്കിടക്കുന്നത്‌ അവന്‍ കണ്ടു.

ഒന്നൊന്നാ‍യി പടികള്‍ കയറി മനു നാലാം ഫ്ലാറ്റിന്റെ മുന്നി‍ലെത്തി. വാതില്‍ തുറന്നു കിടക്കുകയായിരുന്നു‍. അകത്ത്‌, പുതിയതും തിളങ്ങുന്നതുമായ കാര്‍പ്പെറ്റുകളും ജനല്‍കര്ട്ടനുകളും മാറ്റിയിടുന്നതിന്റെ തിരക്കിലാണ്‌ ജോലിക്കാര്‍.

'ഫൈനല്‍ റൌണ്ട്‌ കഴിയാറായില്ലേ? അജ്മലാണോ ജിഷ്ണുവാണോയെന്നേ‍ ഇനി തീരുമാനിക്കാനുള്ളൂ. സമ്മാനദാനം ഏതായാലും അടുത്തുണ്ടാവും?' മേല്‍നോട്ടം വഹിക്കുന്ന മദ്ധ്യവയസ്കന്‍ മനുവിനെ പരിചയത്തോടെ നോക്കി ചിരിച്ചു: 'അല്ല കുട്ടി‍യെ എവിടെയോ വെച്ച്‌ കണ്ടിട്ടു‍ണ്ടല്ലോ.......'

'ഞാനിവിടെ അടുത്തുള്ളതാ. ഞാനീ ഫ്ലാറ്റൊന്നു‍ കണ്ടോട്ടെ'?'
മനു തെല്ലു മടിയോടെ ചോദിച്ചു.

'അതിനെന്താ. കണ്ടോളൂ. സമ്മാനദാനം കഴിഞ്ഞാല്‍ പിന്നെ‍ കാണാന്‍ പറ്റില്ലല്ലോ. കാണണംന്നുണ്ടെങ്കില്‍ പിന്നെ‍ അജ്മലോ ജിഷ്ണുവോ സമ്മതിക്കേണ്ടി വരും........'

ചുമലിലെ രണ്ടാം മുണ്ട്‌ ചുണ്ടിലമര്‍ത്തി അയാള്‍ അശ്ലീലമായി ചിരിച്ചു.
മദ്ധ്യവയസ്കന്‍ ജോലിക്കാരുടെ അടുത്തേക്ക്‌ നീങ്ങിയപ്പോള്‍ ആര്‍ഭാടം നിറഞ്ഞ ഫ്ലാറ്റിന്റെ മുറികളിലൂടെ മനു കയറിയിറങ്ങാന്‍ തുടങ്ങി. എലിമിനേഷന്‍ റൌണ്ടില്‍ നില്‍ക്കുമ്പോഴെന്നപോലെ അവന്റെ കണ്ണുകള്‍ അപ്പോള്‍ എന്തിനെന്നില്ലാതെ നിറഞ്ഞു തുളുമ്പി.


ചിത്രീകരണം:ശ്രീകല

ജിഷ്ണുവും ഭാര്യയും ഒട്ടൊരു ആഹ്ലാദത്തോടെ ഇരിക്കാന്‍ ഇടയുള്ള കിടപ്പുമുറിയിലേക്ക്‌ മനുവിന്റെ കാലുകള്‍ ദ്രുതഗതിയില്‍ ചലിച്ചു. വൃത്താകൃതിയിലുള്ള കൂറ്റന്‍ സ്റ്റേജിലേക്ക്‌ കോവണിയിറങ്ങുമ്പോഴെന്ന പോലെ അവന്റെ ഹൃദയം ത്രസിക്കാന്‍ തുടങ്ങി. ജഡ്ജസിന്റെ നിരയുടെ അപ്പുറത്ത്‌, തന്നെ‍ സ്നേഹിക്കുവരുടെ അസംഖ്യം കണ്ണുകള്‍ക്ക്‌ മുമ്പിലെന്ന പോലെ അവന്‍ അസ്വസ്ഥനായി.

വാതിലടച്ച്‌, നേരത്തെ കരുതിയിരുന്ന നെയിലോണ്‍ നാട പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് പുറത്തെടുത്ത്‌ മനു ഒരറ്റം ഫാനില്‍ കെട്ടി‍. കയര്‍ ശിരസ്സില്‍ കുടുക്കുമ്പോള്‍ മിന്നുന്ന‍ ലൈറ്റുകളുടേയും ആകാംക്ഷമുറ്റിയ പ്രേക്ഷകരുടേയും നടുവില്‍ നിന്ന് തനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം പാടുമ്പോഴുള്ള ആത്മവിശ്വാസം അവനിലേക്ക്‌ പതുക്കെ തിരിച്ചെത്തിയിരുന്നു‍.
നീലവെളിച്ചത്തിന്റെ ദിവ്യപ്രഭയില്‍ കുളിര്‍ന്ന്‌, ആടിയുലയുന്ന തിരമാലകള്‍ പോലെ ഇളകിമറിയുന്ന ആരാധകരുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി മനുമോഹന്‍ ഒരു നിര്‍വൃതിയിലെ പോലെ അങ്ങനെ പാടുകയാണ്‌. ശക്തമായ കാറ്റിന്റെ ഓളങ്ങള്‍പോലെ ഗ്യാലറിയിലിരുന്നവരുടെ കൈകള്‍ താളത്തോടെ ചലിച്ചുകൊണ്ടിരുന്നു‍. അവര്‍ക്കിടയില്‍, അതെ, മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ ആഹ്ലാദാതിരേകത്തോടെ കൈവീശുന്നത്‌ നീരജ തന്നെ ‍. നീണ്ട കൈയടികള്‍ക്കിടയില്‍ പാട്ടു‍ അവസാനിച്ചതും സ്റ്റേജിലേക്കിരച്ചെത്തിയ ജനക്കൂട്ടം തന്നെ‍ കൈകളില്‍ കോരിയെടുക്കുന്നതും അവര്‍ പതുക്കെ മറ്റൊരു ഗാനത്തിന്റെ ചുവടുകളിലേക്ക്‌ കൂടുമാറ്റുന്നതും അവ്യക്തമായേ മനുവിന്‌ കാണാനായുള്ളൂ. അപ്പോഴേക്കും അവന്റെ സ്വപ്നങ്ങളില്‍ രക്തം പൊടിഞ്ഞ്‌ ഇരുളിമ എങ്ങും വ്യാപിച്ചുകഴിഞ്ഞിരുന്നു‍.

Subscribe Tharjani |