തര്‍ജ്ജനി

ഒ.കെ. സുദേഷ്‌

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

ലേഖനം

തടാകം ഉറയുമ്പോള്‍ വാത്തുകള്‍ എവിടേക്കെന്ന്‌...?

ചില ശബ്ദങ്ങളെ കുറിച്ച്‌ വെറുതെയൊന്ന്‌ ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കൂ. കേള്‍വിയില്‍ ദൂരം പുലര്‍ത്തുന്നവ; പക്ഷെ തൊടാമെന്ന്‌ തോന്നും. അകല്‍ച്ച പാലിച്ചും പറ്റിക്കൂടുന്ന ഹ്രസ്വവേഴ്ചകളുള്ള ചില പാവം ശബ്ദങ്ങള്‍. മറന്ന്‌ കടക്കാന്‍ വയ്യാത്തവ. ദീനരോദനങ്ങളാവും, അവയില്‍, പ്രധാനമായും നമ്മെ പിടിച്ചുകൂട്ടുക --എന്നും തോന്നാം. സന്തോഷശബ്ദങ്ങളെ, കാര്‍ണിവെല്‍ ശബ്ദങ്ങളെ, ആഘോഷാനന്തരം നാം റെയ്സര്‍ മൂര്‍ച്ചയോടെ മുറിച്ചു കടക്കാറുണ്ട്‌. രതിശബ്ദങ്ങള്‍, അപമാനനത്തിന്റെ, കൊലവിളിയുടെ, അരിയുന്നതിന്റെ, കൂറ്റന്‍ ടയറുകള്‍ കയറിയിറങ്ങുന്നതിന്റെ ശബ്ദങ്ങള്‍... അവ, അത്ര എളുപ്പത്തിലൊന്നും, ആ ലളിതസ്തുതിയിലൊന്നും വഴങ്ങി വിട്ടൊഴിയുന്നില്ല എന്നുമറിയാം. എങ്കിലും അവയെ എപ്പോഴും സ്റ്റീരിയോഫോണിക്‌ ആക്കിയെ തിരിച്ചുവരുത്താനാവുകയുള്ളു എന്നുമുണ്ടല്ലോ. ചെറുപ്പത്തില്‍, അയല്‍-കിടക്കയില്‍ നിന്ന്‌, അയല്‍മുറികളില്‍ നിന്ന്‌, ശ്രവിയ്ക്കേണ്ടി വരുന്ന രത്യുത്സുകമായ പ്രക്ഷേപണങ്ങള്‍, വളരെ ചെന്ന്‌, നമ്മുടെ കാമവിന്യാസങ്ങളെ പോലും വ്യാകരണബദ്ധമാക്കിയെന്നു വരും. കൊല നടന്നിരിയ്ക്കുന്നുവെന്ന്‌ അറിവായ ശേഷം അത്‌ ചെന്നുകാണാന്‍ അനിയിന്ത്രിതമാവുന്നവരിലും, അങ്ങിനെയൊരു ജിജ്ഞാസ, ചെവിയുടെ 'ഘ്രാണ'വിധികളെ ഉന്മത്തമാക്കാറുണ്ട്‌.

ചെവി മൂക്കിനെ കീഴ്പ്പെടുത്തുക -യുക്തിയുടെ മേല്‍കൈ ആയതിനെ കാണുക. മണത്ത്‌ തീരുമാനിയ്ക്കുന്നതിനും കേട്ട്‌ തീരുമാനിയ്ക്കുന്നതിനും ഇടയിലെ വ്യത്യസ്തത, ലക്ഷ്യവുമായുള്ള പരപരാഗണത്തിലെ ഏറ്റക്കുറവുകളാവും. ആയത്‌ ജന്തുവര്‍ത്തിതങ്ങളില്‍ നിന്നധികമല്ല എന്നതിനാല്‍, ചെവിയെയായേക്കും സംസ്കൃതിയ്ക്ക്‌, മനുഷ്യനിലേയ്ക്ക്‌, വളരെ ഘൃത-വയവില്‍ പരിണമിപ്പിയ്ക്കേണ്ടി വരിക. കാഴ്ചയുടെ നഗ്നമായ നേരിടലുകളും കൂടി അത്ര മതിയാവുകയില്ല. കാരണം, കാഴ്ചയെ അപഗ്രഥിച്ച മട്ടില്‍ കേള്‍വിയെ അപഗ്രഥിയ്ക്കാന്‍ ഇനിയും നമുക്കായിട്ടില്ല. സംഗീതത്തെ കുറിയ്ക്കുന്നത്‌ എന്തെന്നത്‌ ഇപ്പോഴും വേണ്ടത്ര നേരിടുവാനായിട്ടില്ല. അതിനാല്‍ അതിപ്പോഴും 'ദിവ്യം'. മണത്തെ കുറിയ്ക്കുന്നത്‌ അതിലും ഗാഢമായ കാര്യമായിരുന്നു വാസ്തവത്തില്‍. പക്ഷെ pheromone-നെ പ്രച്ഛന്നമാക്കുവാന്‍ എന്നേ നാം മിടുക്കുനേടിയല്ലോ.

ഇഴുകിയ ശബ്ദത്തില്‍ ഒരു കരച്ചില്‍ കേട്ട്‌, അത്‌ ഏത്‌ തിരക്കിലും പിടിച്ചെടുത്ത്‌, എത്തിനോക്കി, ഓ എന്നു തിരിഞ്ഞുനടക്കുന്ന സന്ദര്‍ഭങ്ങളും നിരവധി. എന്നിട്ടും ചില ശബ്ദങ്ങള്‍ ആയുരന്ത്യത്തോളം നമ്മെ പിന്നാലെ പാഞ്ഞുപിടിച്ച്‌ കൂടെ നടത്തുന്നു. എന്തെങ്കിലും പോംവഴി നിര്‍ദ്ദേശിച്ചാലും ഇല്ലെങ്കിലും, വിട്ടൊഴിയാന്‍ കൂട്ടാക്കാതെ, അവ നമ്മെ കൂടെ നടത്തിയ്ക്കുന്നു. ആദ്യം കൂടെ നടക്കുകയാണെങ്കില്‍ പിന്നെപ്പിന്നെ കൂടെ നടത്തിയ്ക്കുക എന്നതാണതിന്റെ കൌശലധര്‍മ്മം. അവയുടെ ആ തീരുമാനം, നമ്മെ കനത്തുപുണരുന്ന സ്വശബ്ദമാക്കി സ്വയം പരിണമിപ്പിയ്ക്കുന്നു. അതിന്റെ സദാ-വരവുകളെ, കാതോര്‍ത്ത്‌ കൂടെപാര്‍പ്പിയ്ക്കുന്ന ആശങ്കാകുലതകളെ, കടമ്പകള്‍ തീര്‍ക്കാനനുവദിക്കാതെ തുറന്ന്‌ സ്വീകരിപ്പിച്ചും - നാം, അപ്പോഴും അവിടെയും ഉടനടിയും.

ശബ്ദങ്ങളെ നഗ്നമായി ശബ്ദങ്ങളായി നിറുത്തുമ്പോള്‍ ഒരിടവേള വീണുകിട്ടുന്നു. ഒരു ബിഗ്ബാങ്ങാനന്തര ഇടവേള. മാറ്റൊലിയ്ക്ക്‌ ഓര്‍മ്മിച്ചുനില്‍ക്കുന്ന അതേ ഇടവേള. എന്നാല്‍ ആ 'ഇട' സാഹിത്യരൂപമാര്‍ജ്ജിയ്ക്കുമ്പോള്‍ ഭയങ്കരമായി മുറിവ്‌ കൂട്ടിച്ചുതുടങ്ങും. മാറ്റൊലിയെ കാത്തുനില്‍ക്കേണ്ടതില്ലാത്തതിലേയ്ക്ക്‌ പലതിനേയും വിശുദ്ധമാക്കി നടത്തും -ആ ഇടയിലെ വേളയില്ലായ്മ. ശബ്ദം അക്ഷരത്തിലൂടെ അസ്തിത്വം രൂപീകരിയ്ക്കുന്നത്‌, 'കേള്‍ക്കൂ' എന്നതിനപ്പുറം 'കേട്ടുകൊണ്ടേയിരിയ്ക്കൂ' എന്നുപോലും ആക്കിത്തീര്‍ക്കുന്ന കാര്യമായിത്തീരുമപ്പോള്‍. അവ ഭൂബന്ധിതമായിരിയ്ക്കാന്‍ ചേഷ്ട കൊണ്ടവ. വര്‍ത്തമാനകാലത്തില്‍ കതിര്‍സാക്ഷ്യത്തോടെ നില്‍ക്കാന്‍ നിരന്തരം ഉറകള്‍ പൊഴിക്കുന്നവ. ഓര്‍മ്മകളുടെ ഖനന-ജാഡില്യത്തെ, താരതമ്യങ്ങളെ, നിസ്സാരമാക്കി മറികടക്കുന്നവ. ശബ്ദം അനാദിയാവുക അങ്ങിനെ.

അപ്രകാരം രണ്ടു ശബ്ദങ്ങള്‍ അന്യോന്യം കലര്‍ന്ന്‌ എന്നെ ആവേശിച്ചതായി സ്വയമറിഞ്ഞിട്ടുണ്ട്‌. പ്രേതകഥകളെ പോലെയാണ്‌ 'തങ്ങള്‍' എന്നവ വെറുതെ വിഭ്രമിപ്പിച്ചു പോന്നു. അത്തരം കഥകള്‍ നാമെത്രയോ പരിചയപ്പെട്ടിട്ടും, അവയെ എല്ലാം മറികടന്നതായി സ്വയം കാണുന്നതു പോലുമുണ്ട്‌ നാം. ഇതങ്ങിനെയല്ല. ഈ ശബ്ദങ്ങളുടെ 'ഗര്‍വ്‌ വഴിയുന്ന ദൈന്യം', എന്നാല്‍, വായനയിലൂടെ കേള്‍ക്കുന്നവരില്‍ നിന്ന്‌ ഒരു പരിഹാരനിര്‍ദ്ദേശവും ആവശ്യപ്പെട്ടിട്ടില്ല. പകരം, ഇവ, അക്ഷരങ്ങളെ ആഭിചാരം ചെയ്യുക വഴി വായനക്കാരെ തന്നെ ആവേശിച്ചു ജീവോര്‍ജ്ജത്തെ പ്രതിഫലിപ്പിച്ചു. മനുഷ്യത, വായനയിലൂടെ, അക്ഷരസാമീപ്യത്തിന്റെ അത്യാസന്നനിലകളെ പുണര്‍ന്ന്‌ അതിമാനവികതയിലേയ്ക്ക്‌ സംക്രമിക്കുമ്പോഴാവും ഗര്‍വ്വിഷ്ടമായ ചില നിരങ്ങിക്കരയലുകള്‍ ശ്രദ്ധയെ പിടിവിടാതെ കൂടിത്തുടങ്ങുക. അക്ഷരത്തിന്റെ pictogram-മൂല്യത്തിലേയ്ക്കായി മാത്രം കടത്തിവിട്ട എഴുത്തു-ഉടമസ്ഥതകളെ വഴിയിലിറക്കിവിടും വിധം, അവ, വായനയിലൂടെയുള്ള സാംസ്ക്കാരിക രൂപീകരണത്തെ അതി-മാനവികമാക്കുന്നത്‌ വായനാജീവിതത്തിന്റെ സൂക്ഷ്മഗ്രന്ഥികള്‍ തിരിച്ചറിയുകയാവുമോ -അങ്ങിനെ?

അങ്ങിനെയുള്ള രണ്ടെഴുത്തുകളെ, രണ്ട്‌ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള എഴുത്തുകളെ, അയവിറക്കുന്നതില്‍ വലിയ കുഴപ്പമൊന്നും വരികയില്ലെന്ന്‌ തോന്നുന്നു. എന്റെ തിരിഞ്ഞു-നടത്തകളെ നിരന്തരം ശല്യപ്പെടുത്തിയ, എന്റെ മുന്നോക്കഗതികളെ നിരന്തരം ജാഗരൂകമാക്കിയ രണ്ടു ശബ്ദ-വീചീകരണ പ്രാപ്തികളെ, അതിന്റെ എഴുത്താവിഷ്ക്കാരങ്ങളെ, അക്ഷരപ്രത്യക്ഷങ്ങളില്‍ നിന്നു തിരിയെ നടത്തിയ്ക്കുന്ന അതിന്റെ വായനാ'കേള്‍വി'യെ, അതിലൂടെ എന്താവിഷ്ക്കരിക്കാനാഗ്രഹിച്ചുവോ അതത്രയും അവ നേടിയെന്ന്‌ കണിശമായി വായനക്കാര്‍ കരുതുന്ന രണ്ട്‌ ശബ്ദാക്രമണങ്ങളെ, ഒന്ന്‌ ഓര്‍ത്തുറപ്പിയ്ക്കട്ടേ....

ആദ്യത്തേത്‌, ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്‌ എന്നു പേരുള്ള ഒരു കുമാരന്റെ ശബ്ദമാണ്‌. അതാണെന്നെ ഏറ്റവും മുറുകെ പിടികൂടിയത്‌. 1951-ല്‍ അങ്ങിനെയൊരു ശബ്ദത്തെ വിന്യസിപ്പിയ്ക്കുവാന്‍ ഒരുങ്ങുക ജെ.ഡി. സാലിഞ്ചര്‍ എന്നൊരു അമേരിക്കന്‍ എഴുത്തുകാരനായിരുന്നു --'The Catcher in the Rye'-ലൂടെ. രണ്ടാമത്തേത്‌, പേരയ്ക്കാപ്പള്ളി കുഞ്ഞന്‍. ശബ്ദം കൊടുത്തത്‌ എം.പി. നാരായണപിള്ള --'ജോര്‍ജ്‌ ആറാമന്റെ കോടതി'-യിലൂടെ. അതെന്നെ സംശയാലുവാക്കിയിട്ടുണ്ട്‌; അതുതന്നെയായേക്കും ഇവിടെ പ്രശ്നവല്‍ക്കരിയ്ക്കുകയും. ആദ്യത്തെ ശബ്ദം ഒരു ചെറുനോവലിലൂടെയും രണ്ടാമത്തേത്‌ ഒരു ചെറുകഥയിലൂടെയും അടക്കം പാര്‍ത്താണ്‌ വായനയുടെ ശ്രോത്രപുടത്തിലേയ്ക്ക്‌ ജീവന്‍ പാളിയ്ക്കുക, എന്നത്‌ ഓര്‍മ്മിയ്ക്കുകയുമാവാം.

പേരയ്ക്കാപ്പള്ളി കുഞ്ഞനെ അറിയാത്ത മലയാളികളായ കഥാവായനക്കാര്‍ വിരളമായിരിയ്ക്കും; ആയിരിക്കേണ്ടതുണ്ട്‌. എന്നാല്‍, ഹോള്‍ഡന്‍ കോള്‍ഫീല്‍ഡും അങ്ങിനെയാവണമെന്ന്‌ നിര്‍ബന്ധിയ്ക്കുവാന്‍ വയ്യ. ഇംഗ്ലീഷില്‍ എഴുതിയ കഥകള്‍ വായിക്കുന്നവരില്‍ കോള്‍ഫീല്‍ഡിന്‌, കുഞ്ഞനെക്കാളേറെ, ശബ്ദ-സൌഹൃദങ്ങള്‍ വായനയിലൂടെ തരമായിട്ടുണ്ട്‌. വിശേഷിച്ച്‌, പാര്‍ശ്വജീവിതങ്ങളിലേയ്ക്ക്‌ തള്ളപ്പെട്ടു പോകുന്നവര്‍ക്കിടയില്‍. നമുക്കിടയില്‍, എം.ടി. വാസുദേവന്‍ നായരില്‍ നിന്നു മാത്രമെ കോള്‍ഫീല്‍ഡിനെ കുറിച്ച്‌ മുഴുകിപ്പറയുവാന്‍ സമയം കണ്ട ഒരാളെ, പ്രസംഗപീഠത്തില്‍, ഈ ലേഖകന്‍ പരിചയപ്പെട്ടിട്ടുള്ളു. (യാദൃച്ഛികം ; കാരണം പ്രാസംഗികരെ രസിയ്ക്കുവാന്‍ ഇന്നേവരെ ഈ ലേഖകനു സാധിച്ചിട്ടില്ല.) അങ്ങിനെ പറയുന്ന, പറഞ്ഞിരുന്ന, കൂടുതല്‍ പേരെ അറിയാന്‍ ഇടവരാത്തതു കൊണ്ടാവാം. പക്ഷെ, എം.ടി. പറഞ്ഞപ്പോള്‍, ഹോള്‍ഡന്‍ കോള്‍ഫീല്‍ഡിനെക്കാള്‍ കൂടുതല്‍ ജെ.ഡി. സാലിഞ്ചര്‍ മുന്നോക്കം വന്നത്‌, ഒരു പക്ഷെ, സ്വകാര്യതയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരും നിലനിറുത്തിയ ചില കണിശമായ attitude-കള്‍ കാരണത്താലായിരുന്നിരിയ്ക്കാം. എം.ടി. ഇയ്യിടെയായി കണ്ടമാനം അയഞ്ഞു തുടങ്ങിയെങ്കിലും ജെ.ഡി. സാലിഞ്ചറെ കുറിച്ച്‌ ഇപ്പോഴും ആര്‍ക്കുമൊന്നുമറിയുകയില്ല. അങ്ങിനെ അറിയിക്കായ്കയാല്‍, കോള്‍ഫീല്‍ഡിനെ തോന്നിയപാട്‌ വിധേയനാക്കാന്‍ -- അതായത്‌, ആ ജനപ്രിയ 'ഫില്‍-അപ്‌-ദ-ബ്ലാങ്ക്സ്‌' കാര്യപരിപാടി -- നിരൂപകര്‍ക്ക്‌ അത്രയ്ക്കൊന്നും കഴിഞ്ഞിട്ടുമില്ല. കോള്‍ഫീല്‍ഡിന്റെ പാത്രശുദ്ധി ഇപ്പോഴും കോപ്പിറൈറ്റഡ്‌ ആണ്‌. അതിന്റെ വ്യാജരൂപങ്ങള്‍ പുറപ്പെടാതിരിയ്ക്കാന്‍ രചയിതാവിന്റെ മൌനം കുറച്ചൊന്നുമല്ല സഹായിച്ചുമിരിയ്ക്കുക.

ജെ.ഡി. സാലിഞ്ചറുടെ നോവലും എം.പി. നാരായണപിള്ളയുടെ ചെറുകഥയും ഉത്തമപുരുഷാഖ്യാനത്തിലൂടെ നമ്മെ തേടിവരുന്നു. ആത്മകഥകളും അങ്ങിനെത്തന്നെ. ആതമ്‌'കഥ'കളും കഥകള്‍ മാത്രമല്ലേ? സ്വയം-പുകഴ്ത്തലോ സ്വയം-അവമതിയ്ക്കലോ അല്ലെങ്കില്‍ ഈ ധ്രുവങ്ങള്‍ക്കിടയിലെ ഏതിലെങ്കിലും പക്ഷം ചേര്‍ന്നുള്ള ചരിത്രപ്പെടുത്തലോ അല്ലേ അതിന്റെ രീതികള്‍? 'നടന്നു' എന്നു പറയുന്നവയത്രയും നടന്നു എന്ന്‌ പുനരാഖ്യാനപ്പെടുന്നവ മാത്രം. ആത്മകഥകള്‍ അന്ന്‌ നടന്നവയല്ല; എഴുതിയ ഇന്നത്തെ 'അന്ന്‌'-ല്‍ നടത്തിപ്പിയ്ക്കുന്നവയാണ്‌. ആത്മകഥാകാരന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്ന്‌ കിഴിയാതെ-കൂടിയും കൂടാതെ-കിഴിഞ്ഞും വിളക്കി വ്യാഖ്യാനിയ്ക്കുന്നതാണ്‌. ആകയാല്‍, അത്‌ കഥയാണ്‌. എന്നതു കൊണ്ട്‌, പ്രാഥമികമായും, നുണയുമാണ്‌. നുണ സര്‍ഗ്ഗാത്മകമായേ കഥയായിത്തീരൂ; അല്ലാത്തവ വ്യക്തിദ്രോഹമുള്ളവ, കുടുംബദ്രോഹമുള്ളവ, സമൂഹദ്രോഹമുള്ളവ. (എങ്കിലും, ഹേ, പ്രപഞ്ചദ്രോഹമുള്ളവ?) ആകയാല്‍, അതിന്‌ ശിക്ഷയുള്ളതായി വന്നുകാണുന്നു; അതു നാം അനുഭവിയ്ക്കുന്നുമുണ്ട്‌. കാരണം റിയിലസ്റ്റിക്കായി കബളിപ്പിയ്ക്കുക എന്നതാണതിലെ കൊടും-കലാത്മകത --എന്നാണ്‌ ഭയാക്രാന്തമായി അതില്‍ വായിക്കാനാവുക. കഥയുടെ നുണാത്മക വ്യവഹാരം, എങ്കില്‍, ശിക്ഷയ്ക്ക്‌ പുറത്താവും. എന്തെന്നാല്‍, അതിനെ ജീവിതസത്യം എന്ന്‌ വിളിയ്ക്കാതെ, 'കഥ' എന്നാണ്‌ പേരിട്ടുപോരുക. വേറൊന്നു കൂടിയുണ്ട്‌. ജീവിതം, ലോകം, തുടങ്ങിയതെല്ലാം നുണകളാല്‍ ഭരിതം; ശിക്ഷാര്‍ഹമായതും സര്‍ഗ്ഗാത്മകമായതും. തിരിച്ചറിയാന്‍ വയ്യാത്ത വിധത്തില്‍ സങ്കീര്‍ണ്ണമായിട്ടുണ്ടത്‌ --ഇപ്പോഴേയ്ക്കും. ആകയാല്‍ അവയെ കുറിയ്ക്കുന്ന ആലേഖ്യങ്ങളത്രയും കൂടുതല്‍ കൂടുതല്‍ നുണകള്‍ തന്നെയായിരുന്നുവ്‌എന്ന്‌ കാണിയ്ക്കും. ആ ഗംഭീരമായ നുണാനുഭവത്തിന്റെ ഇരു ധ്രുവങ്ങള്‍ക്കിടയില്‍ മാനകമാക്കാവുന്ന സത്യങ്ങളെ മാത്രമെ നാം പൊക്കിപ്പിടിച്ചിട്ടുള്ളു. അവയെ വിശ്വസനീയമാക്കുക എന്നത്‌, എത്ര അസ്ഥിരമായ കാലയളവുകളിലേയ്ക്കാണെങ്കില്‍ തന്നെ, സംഹിതകളുടെ 'ചിരസ്ഥായിത്വ' കാമനയില്‍ ഭ്രൂണം തേടും. അതായത്‌, വിശ്വാസസംഹിതകളും -- തിരഞ്ഞെടുത്ത നുണകളുടെ, അതായത്‌ അറ്റങ്ങള്‍ തുറന്നുവിട്ടിട്ടില്ലെന്ന ധാരണയോടെ അടച്ചുവെയ്ക്കാന്‍ കഴിയാതെപ്പോയ നുണകളുടെ -- സത്യസ്ഥാപനമാവും. ദൈവവും ചെകുത്താനും സ്വര്‍ഗ്ഗവും നരകവും സുരനും അസുരനും മതവും തോന്നിയവാസവും എന്തിനധികം പോപ്യൂലര്‍ യുക്തിവാദം പോലും അത്തരത്തില്‍ ചെറുക്കാന്‍ വയ്യാത്ത നുണവ്യവഹാരങ്ങളുടെ മേല്‍കൈ ലീലകളാണ്‌. എന്നാലവയെ അതിജീവിപ്പിയ്ക്കുക, സമാന്തരപഥത്തില്‍, സര്‍ഗ്ഗാത്മകമായി പോഷിതമാക്കുന്ന നുണാന്തരങ്ങളുടെ ഏക്കല്‍ മണ്ണടിയലുകളും. (സംശയമുണ്ടെങ്കില്‍ പൌലോ കൊയ്‌ലോയെ പിന്തുടരുക.)

ദാറ്റ്സ്‌ ഹൌ വി കം എബൌട്ട്‌ ടു ഹാവ്‌ എ ടോക്‌ ഓണ്‍ ദീസ്‌ ടൂ സ്റ്റോറീസ്‌... --ആഫ്റ്റര്‍ ഓള്‍.

***

ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്‌

പതിനാറിലെത്തിയ ഒരു ചെറുക്കന്റെ മൂന്നേമൂന്നു ദിനങ്ങളിലെ 'പിടച്ചി'ലാണ്‌ 'ദ കാച്ചര്‍ ഇന്‍ ദ റൈ'-ല്‍ പ്രതിപാദ്യമാവുക. സ്കോട്ടിഷ്‌ ദേശീയകവിയായ റോബെര്‍ട്ട്‌ ബേണ്‍സിന്റെ 'കമിങ്‌ ത്രൂ ദ റൈ' എന്ന പദ്യത്തെ, മുഖ്യപാത്രം വ്യത്യസ്തമായോ അല്ലെങ്കില്‍ വികലമായോ മനസ്സിലാക്കിയതില്‍ നിന്നത്രെ അങ്ങിനെയൊരു ശീര്‍ഷകം നോവലിന്‌ വന്നുചേരുക. 'റൈ' എന്നാല്‍ കമ്പ്‌ അല്ലെങ്കില്‍ കമ്പം എന്ന്‌ നിഘണ്ടു; തിന പോലൊരു ധാന്യവിള; ചെന്തിന. ഗോതമ്പു കതിരു പോലെ ഉയര്‍ന്നു നില്‍ക്കുമത്‌. താഴ്‌വരയിലെ, അതുപോലൊരു കമ്പുപാടത്തിലൂടെ, ഷെമ്മീസണിഞ്ഞ ജെന്നി വകഞ്ഞുവകഞ്ഞു വരുന്നു; ആകെ നനഞ്ഞിരിയ്ക്കുന്നുവല്ലോ അവള്‍.

കവി, ഈണത്തോടെ സ്നേഹം തൂര്‍ന്നു പാടും:

....
Should a body meet a body
Coming through the rye,
Should a body kiss a body,
Need a body cry?
Should a body meet a body,
Coming through the glen,
Should a body kiss a body,
Need the world know?
Should a body meet a body,
Coming through the grain,
Should a body kiss a body,
The thing is a body's own.

അത്‌ എപ്പോഴോ ഒരിക്കല്‍ പരിചയിച്ച ഹോള്‍ഡന്‍ പിന്നീട്‌ മനോവിഭ്രാന്തിയിലേയ്ക്ക്‌ തെന്നിക്കൊണ്ടിരുന്ന ഒരു ഇടവേളയില്‍ കുഞ്ഞുപെങ്ങളോട്‌ പറയുന്നതാണ്‌ 'ദ കാച്ചര്‍ ഇന്‍ ദ റൈ'- യുടെ സാന്ദ്രവിസ്തൃതി. എന്തായിത്തീരാനാണ്‌, ആരാനാവാനാണ്‌ താന്‍ ഇഷ്ടപ്പെടുന്നത്‌ എന്ന്‌ പെങ്ങളോട്‌ പറയുമ്പോഴാണത്‌. തലയുയര്‍ത്തി നില്‍ക്കുന്ന കമ്പക്കതിരുകള്‍ തിങ്ങിയ പാടത്തില്‍ ഓടിക്കളിയ്ക്കുന്ന കുട്ടികളെ കാണുന്നതായാണ്‌, അവനെ, ആ പദ്യം ഓര്‍മ്മിപ്പിയ്ക്കുക. പാടം അവസാനിയ്ക്കുക ഒരു കൊല്ലിയിലേയ്ക്കും. അവിടെ, കൊല്ലിയിലേയ്ക്ക്‌ വീഴാതെ കുട്ടികളെ തടഞ്ഞുനിറുത്തുന്ന ഡ്യൂട്ടി സ്വയം ഏറ്റെടുത്തവനായി -- അവന്‍ -- ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്‌. അവന്‍ എന്നും ഇഷ്ടപ്പെടുന്ന ഒരു ഉത്തരവാദിത്തമാവുമത്രെ, അത്‌.

കുഞ്ഞുപെങ്ങളോട്‌ മുടിഞ്ഞ വാല്‍സല്യമാണ്‌ ഹോള്‍ഡന്‌. അവളുടെ ഓരോ സംഭാഷണത്തേയും ഓര്‍ക്കുമ്പോള്‍ ഹോള്‍ഡന്‍ പറയുക: 'ഓ! ഇറ്റ്‌ കില്‍ഡ്‌ മി!' എന്നാണ്‌. കാണുന്ന കുട്ടികളോടെല്ലാം അങ്ങിനെയൊരു വായ്പാണ്. പക്ഷെ, അവന്റെ 'കാവലില്ലാത്ത' ഒരു വേളയില്‍ തൊട്ടുതാഴെയുള്ള പ്രിയ സഹോദരന്‍ 'കമ്പപ്പാടത്തു' നിന്ന്‌ 'കൊല്ലി'യിലേയ്ക്ക്‌ വീണ്‌ അപ്രത്യക്ഷനാവുന്നു. ഹോള്‍ഡന്റെ പതിമൂന്നാം വയസ്സില്‍, രക്താര്‍ബുദം ബാധിച്ച്‌ ആല്ലി കോള്‍ഫീല്‍ഡെന്ന ആ കുഞ്ഞു സഹോദരന്‍ മരിയ്ക്കുകയാണ്‌. സാധുപ്രകൃതമായിരുന്നു ആല്ലിയ്ക്ക്‌. ബുദ്ധിമാനും എല്ലാവരോടും അളവില്ലാതെ സ്നേഹം പ്രകടിപ്പിക്കുവാനാവുന്നവനും. ചുവപ്പുമുടിക്കാരന്‍. (ഹോള്‍ഡന്‍ കൂട്ടുകാരുമൊത്ത്‌ ഗോള്‍ഫ്‌ കളിയ്ക്കുന്നതു ട്രൈസൈക്ക്ള്-ല്‍ കണ്ടുനില്‍ക്കുന്ന ഈ കുഞ്ഞനിയന്റെ ഒരു കുട്ടിച്ചിത്രം കണ്ട ഓര്‍മ്മയുണ്ട്‌ --ഈ നോവല്‍ വായിച്ചു വെന്ത ഒരു കൌമാരക്കാരി വരച്ചു നിറംകൊടുത്തത്‌. (1) അമേരിക്കന്‍ കുട്ടികള്‍ ആ പുസ്തകത്തെ കയ്യിലെടുത്ത രീതി കണ്ടു ഞാന്‍ 'ചത്തു'പോയി.) ആല്ലി മരിച്ച രാത്രിയില്‍, ഹോള്‍ഡന്‍, വീട്ടിലെ ഗരാജിന്റെ ജനല്‍ച്ചില്ലുകളത്രയും മുഷ്ടി കൊണ്ട്‌ ഇടിച്ചുതകര്‍ക്കുന്നു. അതവന്റെ മുഷ്ടിയെ ദുര്‍ബലപ്പെടുത്തുന്നു; ചുമ്മായുള്ള സ്ക്കൂള്‍ തല്ലുകളില്‍ പോലും മുഷ്ടി മുറുക്കിപ്പിടിയ്ക്കുവാന്‍ പിന്നീടവന്‌ കഴിയാതെയാക്കുന്നു. സാരമായ ഒരു കേടാണ്‌ അതെന്ന്‌ അവന്‍ ഭാവിയ്ക്കുക പോലുമില്ല. ഇടി എത്രവേണമെങ്കിലും വാങ്ങിച്ചുകൂട്ടും --ആ രാത്രിയുടെ ഓര്‍മ്മയ്ക്ക്‌.

അവന്റെ പക്കല്‍ പ്രിയങ്കരമായ ഒരു വസ്തുവുണ്ട്‌; ആല്ലിയുടെ കുഞ്ഞു ബെയ്സ്ബോള്‍ കയ്യുറ. അതിലത്രയും ആല്ലി കുനുകുനെ കുറിച്ചുവെച്ച പദ്യശകലങ്ങളാണ്‌. ഓ! ഇറ്റ്‌ കില്‍സ്‌ മി... എന്നു ഹോള്‍ഡന്‍. ഒരുപക്ഷെ, അവിടം തൊട്ടാവും ഹോള്‍ഡന്റെ കിറുക്കിലേയ്ക്കുള്ള ഉറവയെടുക്കല്‍ നമ്മില്‍ നീരാവി നിറച്ചു തുടങ്ങുക; കണ്ണുകള്‍ കലക്കിത്തുടങ്ങുക.

മറന്നു! ഡി.ബി. എന്ന ചുരുക്കപ്പേരില്‍ വിളിയ്ക്കുന്ന ഒരു ജ്യേഷ്ഠസഹോദരനും ഹോള്‍ഡനുണ്ട്‌. അയാള്‍ അകലെ ഹോളിവുഡ്‌-ല്‍ പ്രൊഫഷണല്‍ തിരക്കഥാകൃത്താണ്. ഹോള്‍ഡന്‌ അയാള്‍ ഒരു 'ഫോണി'യാണ്‌; വ്യാജന്‍. കാരണം, സര്‍ഗ്ഗശേഷിയെ 'പ്രോസ്റ്റിറ്റ്യൂട്ട്‌' ചെയ്യുന്നവനത്രെ ഡി.ബി.

ചേരുന്ന 'കോളെജ്‌ പ്രിപ്പറേറ്ററി സ്ക്കൂള്‍'-കളിലെല്ലാം ഹോള്‍ഡന്‍ സ്വയം നരകം പണിയുന്നു. അവിടെയെല്ലാം 'ഫോണി'കളത്രേ; അഴുക്കന്മാരും. തോറ്റു തുന്നം പാടിയാണവന്‍ ന്യൂ യോര്‍ക്കിലെ 'പെന്‍സി പ്രെപ്പ്‌'-ല്‍ ചെന്നണയുക. അവിടേയും അവന്‍ തോല്‍ക്കുന്നു. തന്റെ ഹിസ്റ്ററി മാഷെ തൊട്ട്‌ ആരെയും കുറിച്ചവന്‌ നല്ല അഭിപ്രായമില്ല. എല്ലാവരും വ്യാജന്മാര്‍. ഹോസ്റ്റലിലെ അയല്‍ക്കിടക്കയിലെ കരുത്തന്‍ ചെറുക്കന്റെ വൃത്തിഹീനതയെ അവന്‍ വെറുത്തു. മറ്റൊരിക്കല്‍, ഒരിടക്കാലത്ത്‌ അവന്റെയൊപ്പം 'ഡെയ്റ്റിങ്‌'-ന്‌ പോയിരുന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത വേറൊരു സഹമുറിയനുമായി അവന്‍ ശണ്ഠയിട്ടു. അവളെ ഹോള്‍ഡന്‌ സ്നേഹവും ബഹുമാനവുമായിരുന്നു. ആ പെണ്‍കുട്ടിയുമായി ഈ കിഴങ്ങന്‍ 'ബന്ധം' പുലര്‍ത്തിയോ എന്ന ഹോള്‍ഡന്റെ സംശയമായിരുന്നു വഴക്കിനു കാരണമായത്‌. സഹമുറിയന്റെ വിലകെട്ട മറുപടികള്‍ക്കെതിരെ കലശലായ തെറി ഹോള്‍ഡന്റെ വായ പുറപ്പെടുവിക്കും. എന്തുചെയ്യട്ടെ, അവനെ ആ ചെറുക്കന്‍ പൊക്കിയെടുത്തിട്ട്‌ അലക്കി. മറ്റൊരു അദ്ധ്യാപകന്‍ കരുണയോടെ ഹോള്‍ഡനോട്‌ പെരുമാറുന്നു. ഹോള്‍ഡന്‍ വേവലാതി പൂണ്ട്‌ ഉറക്കമൊഴിഞ്ഞ്‌ അലയുന്ന ഒരു വേളയിലാണത്‌. അദ്ധ്യാപകന്റെ ആരായലുകള്‍ക്കിടയില്‍, അപ്പോഴേയ്ക്കും തളര്‍ന്നു ഉറക്കത്തിലേയ്ക്ക്‌ വീണ അവനെ അയാള്‍ സ്വന്തം കിടക്കയില്‍ കിടത്തുന്നു; നെറ്റിയില്‍ തലോടുന്നു. അത്‌ സ്വവര്‍ഗ്ഗരതിയിലേയ്ക്കുള്ള തുടക്കമാണെന്ന്‌ ധരിച്ച്‌ ഹോള്‍ഡന്‍ പിടഞ്ഞെഴുന്നേറ്റ്‌ ഓടുകയും. എല്ലാവരും വ്യാജന്മാരാണ്‌! 'ഫോണി'കള്‍!

അങ്ങിനെ, ആ വര്‍ഷത്തെ ക്രിസ്മസ്സിനു മുമ്പേത്തന്നെ 'പെന്‍സി പ്രെപ്പ്‌'-ല്‍ നിന്ന്‌ ഇറക്കിവിടപ്പെടുന്നു ഹോള്‍ഡന്‍. മാതാപിതാക്കളെ നേരിടാന്‍ വയ്യ. പകരം, കയ്യിലുണ്ടായിരുന്ന കാശുമായി ഹോള്‍ഡന്‍ ന്യൂ യോര്‍ക്ക്‌-ല്‍ തലങ്ങും വിലങ്ങും അഭയാര്‍ത്ഥിയെ പോലെ അലയുന്നു. സെന്‍ട്രല്‍ പാര്‍ക്കിലെ തടാകം തണുത്തുറയുമ്പോള്‍ അതില്‍ നീന്തിനടന്നിരുന്ന വാത്തുകള്‍ എവിടെ പോകുന്നുവെന്ന്‍ ടാക്സി ഡ്രൈവറോട്‌ അവന്‍ ആരായുന്നു. തിരിഞ്ഞൊന്ന്‌ ക്ഷുദ്രമായി നോക്കി ഡ്രൈവര്‍ അവനെ ആമഗ്നം അടക്കുന്നു. മറ്റൊരിക്കല്‍ വേറൊരു കാ‍ബ്ഡ്രൈവറോടും ഹോള്‍ഡന്‍ അതേ ചോദ്യമെറിയുന്നു. പലപ്പോഴും ഒരു മുതിര്‍ന്ന ഡയലോഗിനു നാന്ദിയെന്നോണമാണ്‌ അവനിത്‌ തുടങ്ങുകതന്നെ. കാ‍ബ്‌ ഡ്രൈവര്‍ ആ ചോദ്യത്തിലെ 'ഹതയോഗ'ത്തെപ്രതി ആസന്നനാവുന്നുണ്ട്‌. ഒരു പാതി തെറി എന്നപോലെ, അയാള്‍ തിരിച്ചടിയ്ക്കും: അപ്പോള്‍ ആ തടാകത്തിലെ മല്‍സ്യങ്ങള്‍ക്ക്‌ എന്തുപറ്റും? ഹോള്‍ഡന്റെ വായ അടയുന്നു. ഡ്രൈവര്‍ ഉള്‍ക്ഷോഭത്തോടെ തുടരും, അവറ്റ എവിടെ പോകുമെന്നാണെന്നാ-ണെന്നാ-ണെന്ന്‌? അയാള്‍ തന്നെ ഉത്തരവും നല്‍കും: ഹല്ലാ, അവറ്റ നിന്നിടത്തുനിന്ന്‌ മരവിക്കുമെന്നല്ലാതെ! ശരത്കാലം കഴിയുവോളം അവ സ്വന്തം ശരീരം തിന്നു കഴിയുകയല്ലാതെ വേറെ എന്തോന്നെ-ന്നെ-ന്നെ-ന്ന്‌...! നന്നേ കുട്ടിക്കാലത്തുതന്നെ ഹോള്‍ഡനെ അമ്പരച്ചിരുന്ന ഒരു സംശയമായിരുന്നു അത്‌; പ്രിയപ്പെട്ട ഒരു പ്രശ്നം; എങ്കിലും ഇത്രയും അപ്രതീക്ഷിതമായ ഒരു മറുപടിയുടെ സാദ്ധ്യത അവനെ ഇനിയുമൊരു ചോദ്യകര്‍മ്മത്തില്‍ നിന്നു ക്ലാന്തതയോടെത്തന്നെ പിന്തിരിപ്പിച്ചേയ്ക്കും.

ഒന്നും ചെയ്യാനില്ലാതെ തെണ്ടിത്തിരിഞ്ഞ്‌, അവസാനം സത്രത്തില്‍ കൂടണയുന്ന ഹോള്‍ഡന്‍ ഒരു കൂട്ടിക്കൊടുപ്പുകാരനാല്‍ പിണയപ്പെടുന്നു. അപ്രകാരം, ഒരു വേശ്യ, ആ പതിനാറുകാരന്റെ മുറിയില്‍ കയറിക്കൂടുകയാണ്‌. വിവസ്ത്രയാകുവാന്‍ തുടങ്ങുന്ന അവളോട്‌, തനിയ്ക്ക്‌ നട്ടെല്ലില്‍ ഒരു ശസ്ത്രക്രിയ നടന്നതിനാല്‍ 'പരമമായ' ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നവന്‍ സംഭീതിയോടെ പറയുന്നു --എന്നാലും സര്‍വീസ്‌ കാശ്‌ കൊടുക്കാം --എന്നുമുണ്ട്‌. അതുവാങ്ങി അവള്‍ പോയപാടേ, പിമ്പ്‌ മുറിയില്‍ വരുന്നു; അവനും വേണം കാശ്‌. ചെറുക്കനല്ലേ --വസൂലാക്കാന്‍ തന്നെയാണയാളുടെ തീരുമാനം. ഹോള്‍ഡന്‍ ഞായം വെയ്ക്കുന്നു; തര്‍ക്കിയ്ക്കുന്നു; സ്വയം തുലയ്ക്കുന്നു. പിമ്പ്‌ അവന്റെ മൂക്കിടിച്ചു പരത്തുകയും; വഴിപോലെ കാശും പൊക്കുകയും.

ഹോള്‍ഡന്‍, അതിനിടെ ഒരിക്കല്‍, മഹാതല്ലിപ്പൊളിയായ ഒരു സതീര്‍ത്ഥ്യന്റെ അമ്മയെ കണ്ടുമുട്ടുന്നുണ്ട്‌. ആയമ്മയുടെ ആരായലുകള്‍ക്ക്‌, അവരുടെ മകന്‍ വളരെ നല്ലവനാണെന്നും പഠിയ്ക്കാന്‍ അതിമിടുക്കനാണെന്നും സാക്ഷ്യം ചൊല്ലുന്നുമുണ്ട്‌. 'ഫോണി'! രണ്ടുമൂന്ന്‌ ഗേള്‍ഫ്രണ്‍സിനെ തുടരെത്തുടരെ വിളിയ്ക്കുന്നുണ്ടവന്‍. മിക്കവരും ഒഴിഞ്ഞുമാറുന്നു. ഒരുവളുടെ അമ്മയാണ്‌ ഫോണെടുക്കുക; ഉടനെ അവന്‍ ഫോണ്‍ താഴെ വെയ്ക്കും. വീണ്ടും അവനൊരു 'ഫോണി'-യിലേയ്ക്കു വമിയ്ക്കും! വിളികേട്ടു വന്നുചേരുന്ന ഒരുവളാകട്ടെ, ചുണ്ടില്‍ ചുംബിയ്ക്കുവാന്‍ സമ്മതിയ്ക്കുകയില്ല. പകരം, അവളുടെ മുഖത്തെയാകെ അഭയാര്‍ത്ഥിത്വ ഖേദികത്വങ്ങളുടെ ഉമ്മകളാലവന്‍ നിര്‍ബന്ധമായും മൂടും.

മതിയായി; തിരിയെ വീട്ടിലേയ്ക്ക്‌ എന്നതു മാത്രമെ ഇനിയവന്‌ അവശേഷിയ്ക്കൂ. തടാകം തണുത്തുറയുമ്പോള്‍ അതില്‍ നീന്തിനടന്നിരുന്ന വാത്തുകള്‍ ...? പതിയെ കുഞ്ഞുപെങ്ങളുടെ മുറിയില്‍ ഒളിഞ്ഞു കയറുകയാണ്‌ ഹോള്‍ഡന്‍. അവിടെ വെച്ചാണ്‌ അവന്‍ 'കാച്ചര്‍'-നെ കുറിച്ചു പറയുക. അവള്‍ക്കുമറിയാം റോബെര്‍ട്ട്‌ ബേണ്‍സിന്റെ ആ കവിത. ആ ചിടുങ്ങി അവനെ തിരുത്തുന്നു. അപ്പോഴേയ്ക്കും നമുക്കറിയാം, കവിതയുടെ, അല്ലെങ്കില്‍ സര്‍ഗ്ഗാത്മക വസ്തുവിന്റെ ആന്തരചൈതന്യത്തെ 'തെറ്റായി' ധരിച്ചാലും, അത്‌, അതിലും തീവ്രമായ മറ്റൊന്നായി ഉയിരെടുത്തു പൊന്തുമെന്ന്‌. ഹോള്‍ഡന്‍ അവളുടെ ബുദ്ധിശക്തിയെയും നിഷ്ക്കളങ്കതയേയും എന്നും ശ്ലാഘിച്ചിട്ടുണ്ട്‌. ആ മട്ടിലൊരു സ്വയം-ക്രമീകരണം, മരിച്ചുപോയ ആ ചെറിയോനെ തൊട്ട്‌ അവന്‍, ഓമനത്തത്തോടെ, ആരാധനയോടെ, സൂക്ഷിയ്ക്കുന്ന ഗാഢമായ സഹോദരസ്നേഹത്തിന്റെ അപ്രത്യക്ഷമായ വെമ്പലുകളുമാണ്‌. യാത്ര ചൊല്ലാന്‍ സമയമായിരിയ്ക്കുന്നു. എല്ലാവരേയും വെറുപ്പിച്ചും അവനവനുതന്നെ ആവശ്യമില്ലാതാക്കിയും തീര്‍ത്തിരിയ്ക്കുന്നു സ്വയമവന്‍. വീടു വിടുവാന്‍ തീരുമാനിച്ചതിനെ കുറിച്ച്‌ അവന്‍ കുഞ്ഞുപെങ്ങളോട്‌ പറയുന്നു. രണ്ടു ഡോളര്‍ ചോദിയ്ക്കുമ്പോള്‍ അവള്‍ തന്റെ തുച്ഛം സാമ്പാദ്യം മുഴുവനും കൊടുക്കുന്നു; എട്ടു ഡോളറും എണ്‍പത്തഞ്ചു സെന്റും, സോറി, അറുപത്തഞ്ചു സെന്റും --ഇരുപതു സെന്റ്‌ അവള്‍ ചിലവാക്കിയിട്ടുണ്ട്‌. ക്രിസ്മസ്സ്‌ ചെലവിലേയ്ക്കായി അവള്‍ സ്വരുക്കൂട്ടിവെച്ച സാമ്പാദ്യം. ഹോള്‍ഡന്‌ അത്‌ താങ്ങാനാവുന്നില്ല; അവന്‍ ഏങ്ങിയേങ്ങി കരയുന്നു; ഇറങ്ങി നടക്കുന്നു. അടുത്ത ദിവസം മ്യൂസിയത്തില്‍ വെച്ച്‌ കാണാമെന്നവന്‍ പറയുന്നുണ്ട്‌. അവിടെ വെച്ചവളെ കാണുമ്പോഴോ, ഒരു സ്യൂട്ട്കെയ്സുമായി തയ്യാറായി നില്‍ക്കുകയാണ്‌ അവള്‍. അതു വലിച്ചു നടക്കാന്‍ പോലുമവള്‍ക്കാവുന്നില്ല. എന്താണതില്‍ എന്നവന്‍ ആശ്ഛര്യപ്പെടുന്നു. തന്റെ രണ്ടുകുപ്പായങ്ങളും അടിവസ്ത്രങ്ങളും --എന്നവളും. (ഇറ്റ്‌ കില്‍ഡ്‌ മി!) അവള്‍ അവനോട്‌ കെഞ്ചുന്നു, തന്നേയും കൂടെ കൂട്ടെന്ന്‌. ഹോള്‍ഡന്‍ ചൂടാവുന്നു. അവളെ തിരിയെ അയക്കാനുള്ള അനുനയ പരിപാടിയിലായിരുന്നു, അവന്‍, മൂന്നാം രാത്രി തീരുമ്പോള്‍. അപ്പോഴേയ്ക്കും, ചെക്കന്‍ അനുഭവിയ്ക്കുന്ന അലഞ്ഞ-ക്ഷീണം കണക്ക്‌ നോവല്‍ അണയുകയും.

ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്‌ ഇതത്രയും നമ്മെ എഴുതിയറിയിക്കുക, ഒരു സനറ്റോറിയത്തില്‍ നിന്നോ മനോരോഗ ചികില്‍സാകേന്ദ്രത്തില്‍ നിന്നോ ആയേക്കും. നോവല്‍ അങ്ങിനെയാണ്‌ എഴുതിത്തീരുക.

ലെറ്റ്‌ ഇറ്റ്‌ ബി.

"തെ്‌ക്കമ്പല്‌താകട്ടെ" (2) ...അല്ലേ.

ഹോള്‍ഡന്റെ ഭാഷണം അമ്പതുകളിലെ ന്യൂ യോര്‍ക്ക്‌ തെരുവുകളില്‍ നിന്ന്‌ കണ്ടെടുക്കുന്ന അലമ്പന്‍ മട്ടിലാണ്‌. ഒരു കൌമാരക്കാരന്റെ പരിചയക്കുറവു മാത്രമെ അതിനെ കുറച്ചൊന്ന്‌ മയമുള്ളതാക്കുന്നുള്ളു. തെരുവുഭാഷയ്ക്ക്‌, വിശേഷിച്ച്‌ ജനാധിപത്യങ്ങളിലെ തെരുവുഭാഷയ്ക്ക്‌, പൊതുവെ അരംകൊണ്ടു രാകുന്ന തരത്തിലൊരു ഭാവമുണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും അഭിമുഖീകരണത്തിനു സന്നദ്ധമാവുന്ന ഒരുതരം ചെറഞ്ഞ ശബ്ദവായ്പ്പ്‌. പക്ഷെ, ഒരുവേള കണ്ണടച്ചു നിന്നാല്‍, ചെക്കന്‍ അഴിച്ചുവിടുന്നതു പോലെ ഒരു 'സെന്‍സിബ്‌ള്‍ ടോക്ക്‌' പ്രവാചകന്മാര്‍ക്കുപോലും അപ്രാപ്യം. ഉള്ളിന്റെയുള്ളില്‍ അവന്‍ കാത്തുസൂക്ഷിയ്ക്കുന്ന പരിശുദ്ധി മാത്രമെ അവനെ രക്ഷിയ്ക്കുകയുള്ളു. അകളങ്കമായ സ്നേഹവും കൂറുമാണവന്റെ ആകെത്തുക; പൊരിഞ്ഞ സാഹസികതയും. കൌമാരകാലത്തില്‍ നിന്ന്‌ യൌവനാവസ്ഥയിലേയ്ക്ക്‌ കടക്കുന്ന ആണ്‍കുട്ടികള്‍ അങ്ങിനെയൊരു പോസിഷണിങ്ങ്‌-ലൂടെ സ്വയം അങ്കനം കൊണ്ടുകാണാം. ആരോഗ്യമുള്ളവരുടെ കാര്യമാണ്‌ കേട്ടോ. അതായത്‌ യഥാകാലം കൃത്യമായി ഹോര്‍മോണ്‍ ധാര പ്രവഹിയ്ക്കുന്ന ആണ്‍കുട്ടികളുടെ കാര്യം. ചാടിവീണു അടികൂടുമ്പോഴും തിരിച്ചടികളത്രയും അവനെ പൊതിഞ്ഞില്ലാതാക്കുമ്പോഴും അത്തരം ചെക്കന്മാര്‍ പുലര്‍ത്തുന്ന ഒരു 'ബെയ്സിക്‌' നിലപാടുണ്ട്‌; ഫിലോസഫിയുടെ ബീജധാരണകളെ ഉന്മഷിത്താക്കുന്ന അതിലെ ഒരു 'ആളല്‍', വളരെ കഴിഞ്ഞ്‌, വളരെ കുറച്ചാളുകളിലേ ഫലംകൊണ്ടു കാണുകയുള്ളുവെങ്കിലും. ഇപ്പോഴത്തെ 'സംതൃപ്ത'-ബോയ്സില്‍, അനത്ഭുതകരമായി, അതു കണ്ടുകാണുന്നില്ല. എപ്പോഴത്തെയും നമ്മുടെ 'ഇടതു-സിന്‍ഡ്രോമാറ്റിക്‌' ബോയ്സ്‌-ല്‍ അതൊരു സംഘം ചേരലും ബഹുഃശരീരപ്പെടലുമായി നാം തൊട്ടറിഞ്ഞും കൊണ്ടറിഞ്ഞും കണ്ടിട്ടുണ്ട്‌. ഭീരുത്വത്തിന്റെ ആ കൂട്ടംതേടല്‍ ഒരു ബാഹ്യശത്രുരൂപത്തെ ആവാഹിച്ചു വരുത്തിയാണ്‌ ഉന്ന-പരിശീലനത്തിലേര്‍പ്പെടുക; പറ്റത്തിന്റെ നിര്‍ബുദ്ധമായ ഐഡന്റിറ്റിയെ വരിയ്ക്കുകയും. കുഴപ്പമില്ല; മനുഷ്യതയുടെ വിമര്‍ശനരഹിതമായ mimetic തീമാണത്‌; നടന്നുതീരാന്‍ വഴിയേറെ താണ്ടണമെങ്കിലും. ആ ബൃഹദൈകരൂപം, അതിന്റെ മുഖ്യാര്‍ത്ഥ ഘടകത്തെ മുഖംമൂടിയില്ലാതെ പുറത്തിടുന്നത്‌, 'ഹിന്ദുത്വ'യുടെ മഹാകുരങ്ങുവാഴ്ചയിലും പലയിടങ്ങളിലായി നാം കാണുന്നു; അപ്പോഴൊക്കെ വെറുതെ ഞെട്ടുന്നതായി നടിയ്ക്കുകയും. അതെല്ലാം ഒരുതരം ബോയ്ഹുഡ്‌ ഫാഷിസം; അതിനൊരു തീര്‍ന്നടക്ക്‌ കാലമുണ്ട്‌; വന്നുചേര്‍ന്നില്ലെങ്കില്‍ ചെന്നുവരും. ഇതതല്ല. ബുള്‍ഷിറ്റ്‌-ഈസ്‌-അണ്‍കണ്ടീഷണലി-ബുള്‍ഷിറ്റ്‌ എന്നൊരു പ്രമാണത്തില്‍ തലതെറുപ്പോടെ സ്വയം വിശേഷം കൊള്ളുകയാല്‍ അരികുപാര്‍പ്പിലേയ്ക്ക്‌ തുരത്തപ്പെടുന്ന കൌമാരാന്തകത്വമാണിതില്‍. (ഇറ്റ്‌ കില്‍ഡ്‌ മി, തറലി, യു നോ!)

പലതവണ നിരോധിച്ചിട്ടും ഈ പുസ്തകം അമേരിക്കന്‍ കൌമാരത്തിന്റെ ബൈബ്‌ളായി പുനരുദ്ധരിച്ചുതന്നെ മടങ്ങിവന്നു. അച്ചന്മാരും അച്ഛന്മാരും തെണ്ടിയുഴന്നു. ഇപ്പോഴുമങ്ങിനെ. അതിനോടുള്ള മഹാപ്രതിരോധം കാരണം സാലിഞ്ചര്‍ മൌനത്തിലേയ്ക്ക്‌ മടങ്ങി. 'The Catcher in the Rye' എന്ന തന്റെ നോവലിനെ ചലച്ചിത്രമാക്കാന്‍ അദ്ദേഹം അനുവാദം കൊടുത്തതേയില്ല. അത്രയ്ക്കു കൂടുതലായിരുന്നു, അമേരിക്കന്‍ ക്രൈസ്തവതയുടെ സാംസ്ക്കാരിക മുരടത്തം. ഇപ്പോഴിപ്പോള്‍ തീരെ നാണമില്ലാതേയും അത്‌ രംഗം പിടിച്ചടക്കിത്തുടങ്ങിയിരിയ്ക്കുന്നത്‌ കാണുന്നുണ്ടല്ലോ .(3)

***

പേരയ്ക്കാപ്പള്ളി കുഞ്ഞന്‍

ശ്രദ്ധിയ്ച്ചു വായിച്ചാല്‍, പേരയ്ക്കാപ്പള്ളി കുഞ്ഞന്‍ ഒരു ടോട്ടല്‍ ഷിറ്റ്‌. ഞെട്ടിയ്ച്ച്‌ വായിപ്പിയ്ക്കുന്നത്‌ ഈ ലേഖകനും താല്‍പ്പര്യമുള്ള കാര്യമല്ല. പക്ഷെ, കുഞ്ഞനൊരു കുത്തനെയുള്ള 'ഷിറ്റ്‌' കഥാപാത്രമാണ്‌ എന്നത്‌ വഴിയെ വിശദീകരിയ്ക്കുന്നതിനു മുമ്പെ വ്യവകലനശേഷിയില്‍ അഭിമാനം കൈവിടാത്ത വായനാഭിമുഖ്യമുള്ളവര്‍ക്ക്‌ അത്‌ എന്നേ തെര്യപ്പെട്ടിട്ടുണ്ടാവണം. 'കുത്തനെ' എന്നാല്‍ മണ്ണില്‍ മെനയുന്ന തൃക്കാക്കരയപ്പന്‍ സ്റ്റൈലില്‍ എന്നാണ്‌ സമുചിതമായി രൂപകപ്പെടേണ്ടതും. കുറച്ച്‌ ഭ്രാന്തുണ്ടെങ്കില്‍ പോലും അവന്‍ മുഴുസമയ ഭ്രാന്തനല്ല എന്ന്‌ വൃത്തിയായി സൂചിപ്പിയ്ക്കുന്നത്‌ എം.പി. നാരായണപിള്ളയുടെ സൂപര്‍സോണിക്‌ പാത്രവിന്യാസം മാത്രമാവില്ല; അസാദ്ധ്യമെന്നു പറയേണ്ട 'സൌണ്ട്‌ ബൈറ്റ്‌' ദാനം പോലുമായേക്കില്ല. എങ്കിലോ? എങ്കില്‍ ഇനിയാവേണ്ടേ പുരപ്പുറ-വെടി!

ഭ്രാന്തരെ 'പുന:സ്ഥാപിച്ച' ചരിത്രം ('Madness and Civilization') മീഷേല്‍ ഫൂക്കോ പറഞ്ഞതിനപ്പുറമാവില്ല എന്ന്‌ ധരിയ്ക്കുന്നവര്‍ക്ക്‌ വിളമ്പേണ്ടത്‌ കുടുംബത്തില്‍ തന്നെ ഒരു ഭ്രാന്തനേയാവും; എന്തിന്‌, ഒക്കത്തുതന്നെ കൊടുക്കുക ഒന്നിനെ. (പക്ഷെ 'ലോഹി' ലെവലില്‍ അതിനൊരു concocted വള്ളുവനാടത്തം പരപരാ പരക്കുമല്ല്‌; എങ്കില്‍ വിട്ടളയാം, ല്ലേ!) കാരണം, ഫൂക്കോ പറഞ്ഞതിനപ്പുറം പോകുവാന്‍ അവര്‍ക്കൊക്കെ അസാരം അവസരം നല്‍കേണ്ടതുണ്ട്‌. ഫ്രഞ്ച്‌ കൊടും-തീയറികള്‍ റഷ്യന്‍ വിപ്ലവത്തേയ്ക്കാള്‍ വേഗത്തില്‍ ഔട്ട്ഡെയ്റ്റഡായിപ്പോയി എന്നതൊരു തൊഴിലവസര നഷ്ടം തന്നെ, എന്നിരുന്നാലും.... സൌഹൃദപരിധിയില്‍ മാത്രം ആ സംരഭകശൌര്യത്തിന്‌ ഒരു ഭ്രാന്തനെ കൊടുത്താല്‍ അതൊരു കണ്ഠാഭരണമായേയ്ക്കുമെന്ന ഭയത്താലാണിങ്ങനെ പറയുക. അതുകൊണ്ട്‌ പരുഷമായ ജനിതകത്തില്‍ മാപ്പില്ലാതെത്തന്നെ അനുഗ്രഹിച്ചു കൊടുക്കുക; നോക്കാലോ! നാമൊക്കെ ഓരോ ടൈപ്പ്‌ ഭ്രാന്തരൊക്കെത്തന്നെ --സമ്മതിച്ചു; സമ്മതിയ്ക്കുന്നുണ്ട്‌; സമ്മതിയ്ക്കും; സമ്മതിച്ചേം പറ്റും! പക്ഷെ, നമ്മുടെയൊക്കെ ഈ 'വശം-കെടല്‍-ഭ്രാന്തി'നപ്പുറമാണ്‌, 'ഭ്രാന്തര്‍' എന്ന പേരില്‍ നാം പരിധിയിലൊതുക്കുന്ന ഈ സെമി-കിറുക്കു വിഭാഗം. നാമൊക്കെ രോഗികളായിരിയ്ക്കുമ്പോള്‍ തന്നെ അവര്‍ മിനുസം-കൂടുതല്‍ അതി-രോഗികള്‍, എന്നാണതിലെ, ആകയാലൊരു, ശ്രാദ്ധ-ത്തീരുമാനവും.

ഭ്രാന്തില്‍ ഭീരുത്വമില്ല; പക്ഷെ, ആദിമമായ പേടിയുടെ പ്രതി-ഭാവസാന്നിദ്ധ്യമുണ്ട്‌. പേരയ്ക്കാപ്പള്ളി കുഞ്ഞനില്‍, എന്നാല്‍, നിര്‍ഭ്രാന്തമായ ഒരു വിശേഷത്തില്‍ നിന്നെന്നപോലെ ഭീരുത്വം പകരപ്പെടുന്നു. അത്‌, അനിര്‍വചനീയമായ ആദിമ-പ്പേടിയെ തൊടാതെ തെന്നിനീങ്ങുന്നു. അത്‌, പരിചിതമായ, 'വെല്‍ കണ്ടക്റ്റഡ്‌' ആയ ഒരു ലോകഭാവത്തില്‍ നിന്ന്‌, വചനീയമായിത്തന്നെ പുറപ്പെടുന്ന, കാരണഭൂതമായ ഭീരുത്വത്തിന്റെ മതില്‍ചാടിക്കലായി കഥയില്‍ വിലസുന്നു. പക്ഷെ അതു നമ്മെ വിഭ്രമിപ്പിക്കുക അതിലപ്പുറവും ഇപ്പുറവുമായേക്കും; നാം വാസ്തവനിലങ്ങളില്‍ നടന്നുനീങ്ങുന്നിടത്ത്‌, അസൂയാര്‍ഹമായും, 'കുഞ്ഞനദ്ദ്യേം' ഹാജര്‍ വഴങ്ങാതെ കസേരയിട്ടിരുന്നേയ്ക്കും. അതില്‍, നമ്മുടെ സിനിമാ തിരക്കഥകളുടെ 'തുള്ളിനീലം' വീണു പാടുണ്ടാക്കുന്നത്‌, അങ്ങിനെയാവും നമ്മില്‍ ഓര്‍മ്മ കൊളുത്തുക. ശുക്ലം പടര്‍ന്ന വസ്ത്രങ്ങള്‍, വെളുത്തേടനെ കബളിപ്പിച്ച്‌, തെളിവിലേയ്ക്കായി നിര്‍വിഘ്നം ജാഥയെ ഒരുക്കൂട്ടുവാന്‍ ഒച്ചയെടുക്കുന്നതു പോലെ; നമ്മുടെ സാമുദായിക രാഷ്ട്രീയ കബളിപ്പുകള്‍ എന്നപോലെ. ഒന്നേ, എന്നും, ആ കുയുക്തിയെ മിരട്ടിപ്പോന്നിട്ടുള്ളു. എന്താണെന്നു വെച്ചാല്‍, വെളുത്തേടന്‍ എപ്പോഴും നീലപ്രയോഗത്തില്‍ സദാ ജാഗരൂകനായിരുന്നു എന്ന കുത്സിത വാസ്തവം! കക്ഷി നീലപ്രയോഗം നടത്തുക, ഒഴുകിയതിലെ തന്നെ, കലക്കുവെള്ളത്തില്‍ അലക്കിയതു കൊണ്ടാണ്‌; 'സാംസ്ക്കാരികം' ധ്യാനിച്ചതു പോലെ ആകാശനീലത്തെ അന്യോന്യമിട്ടു ഇടപെടുവിച്ചു പദ്യം ചമച്ചതിനാലല്ല. (ആ രജകാത്മജന്‍, നിര്‍വ്വിശങ്കം, 'വിരുതന്‍ ശങ്കു'വിന്റെ വസ്ത്രകാമനയിലത്രയും 'റോയല്‍ബ്ലു' എന്ന ഇന്‍ഡിഗോ തുള്ളിയിട്ടതിനാലാണ്‌ സംഗതി പിടിക്കപ്പെടുക എന്ന്‌ തുരന്നോര്‍ക്കണം!) നമ്മുടെ നീണ്ടകഥകളുടെ കഥയില്ലായ്മാ-കഥ അതില്‍, ഏതില്‍, കുഞ്ഞന്‍ കഥയില്‍ തന്നെ-ഹേ!, കാരണത്വത്തിന്റെ ഭൂതദയയെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ദയാര്‍ത്ഥനയെ ഉദ്‌ദീപിപ്പിയ്ക്കുന്നു. അതുകൊണ്ടാണ്‌, ചെങ്കലിപ്പില്‍ നനവോടെ മെനഞ്ഞ തൃക്കാക്കരയപ്പനെ എന്നപോലെ, ചോക്ലെയ്റ്റ്‌ ഐസ്ക്രീംകോണിനെ കമഴ്ത്തിനിറുത്തി രസനാളികളെ ആഭിചാരിച്ചാല്‍ എന്നപോലെ, പേരയ്ക്കാപ്പള്ളി കുഞ്ഞന്‍ ആ ഡാഷ്‌-ഡാഷിലേയ്ക്ക്‌ വായനയെ തീണ്ടുക.

ഇറ്റ്സ്‌ എ ബ്യൂട്ടിഫുള്‍ സൈറ്റ്‌, ഇഫ്‌ യു വാണാ എവര്‍ റീകണ്‍സ്ട്രക്റ്റ്‌ ഇറ്റ്‌ ഡെവല്യൂഷണറിലി.

ഇത്രയും ദുര്‍ബലനായ ഒരു കാരക്റ്റര്‍ സൃഷ്ടിയെ ഇത്രയും സുലഭവേഴ്ച്ചയില്‍ എവിടെയും പരിചയപ്പെട്ടിട്ടില്ല (ഞാന്‍). അവന്‌ ആവശ്യമായ ലോകവിവരമെല്ലാമുണ്ട്‌; അനാവശ്യമായതുപോലുമുണ്ട്‌. ജോര്‍ജ്‌ പന്തീരായിരാമന്റെ പോലും കോടതിയില്‍, വേണ്ടിവരുകില്‍, കക്ഷ്യന്‍ ചെന്നണയും. ആവശ്യമാവാതെ വന്നണയുക, 'കഥ'യിലെങ്കിലും, ആ ദീനസ്വരത്തിനനുസൃതമായി, എങ്ങിനെ രൂപമെടുക്കണമെന്നതേ ആവൂ. പെനാങ്കിനെ പറ്റി അറിയാം. ബ്രിട്ടീഷ്‌ രാജിലെ ഗള്‍ഫ്‌ ആയിരുന്നുവല്ലോ അത്‌. കമ്പിത്തപാലിനെ അറിയാം. സകല മാലയാളിക കൂടോത്രവുമറിയാം. കുത്തിനുപൊക്കി മുണ്ടഴിക്കുന്നതു മാത്രമേ അവശമാക്കുകയുള്ളു. ഇന്നും മലയാളി അപ്പടിതാന്‍. കാരണം, ഏറ്റവും മുന്തിയ ഫാഷന്‍ ധാരണകളില്‍ മുണ്ടിനൊരു അഭിനവ സാങ്കേതിക ചൈതന്യം സങ്കല്‍പ്പിക്കുവാന്‍ ഇന്നും അവന്‍ അശക്തനത്രേ. കാരണം വേറൊന്നിലും തിരയേണ്ട. അതഴിയ്ക്കുവാനും അഴിപ്പിയ്ക്കുവാനും ഇടവരുത്തേണ്ടത്‌ കുത്സിതമായ ഒരു രാഷ്ട്രീയ ലാക്കിലേക്ക്‌ പാഞ്ഞുകേറുന്ന കൂറിലേയ്ക്ക്‌ ചെന്ന്‌ ഡിസൈന്‍ പണിയുകയാണ്‌. അയ്യോ എന്റെ മുണ്ടഴിഞ്ഞു, എന്റെ മുണ്ടഴിച്ചു, എന്ന പലകില നിലവിട്ട വിലാപസ്തുതികളില്‍ വിരിയുന്ന ആലാപനാവിഷ്ക്കാരങ്ങള്‍. അതിലൊരു അപാര ക്രെഡിറ്റു നേട്ടം തന്നെ നിക്ഷേപമിടുന്നു; അടിമയുടെ, പിച്ചക്കാരന്റെ, തിടമ്പേറന്‍ തിരിച്ചടി; ചെറഞ്ഞ നോട്ടം; അവകാശസമര പുറമ്പോക്കു റിസോഴ്സ്‌!

വാസ്തവത്തില്‍, കുഞ്ഞനോട്‌ (ആര്‍ത്തുചിരിയോടൊപ്പം) കരുണ തോന്നിപ്പിക്കുന്ന വായനയെ, അത്രയും ഉരുക്കുലോഹത്തൂക്കത്തില്‍ മുനകൂര്‍പ്പിച്ചെടുത്ത ബൂട്ട്സ്‌ കൊണ്ട്‌ വാരിയ്ക്ക്‌ ചവുട്ടിപ്പിക്കേണമെന്നൊരു വായനാക്രമണവാസന പെരുകിനിറയുന്നു. കാരണം, കുഞ്ഞന്റെ ഭാഷണം പുറവെടുപ്പിയ്ക്കുന്ന ശബ്ദത്തിലെ 'ദയാകഞ്ഞിവീഴ്ത്ത്‌' നമ്മുടെ ആസ്വാദനബോധത്തിലെ ദുഷ്ടിനെ വളരെയധികം നനഞ്ഞരീതിയില്‍ ആക്രമണോല്‍സുകമാക്കിയിട്ടുണ്ട്‌. സാഹിത്യാവിഷ്ക്കാരങ്ങളിലായാലും സിനിമയിലായാലും രാഷ്ട്രീയ പ്രകടനപത്രികകളിലായാലും അത്‌ അധരസേവകം മാത്രമായ ഒരു മാനവികതയെ തിടമ്പെടുപ്പിയ്ക്കുവാന്‍ സാഹായ്യ്യമരുളിയിട്ടുണ്ട്‌. മാത്രമോ? ഹ! ആ വ്യയം, ഒരു ദേശവാസികള്‍, ഒരു ഭാഷാപെരുമാറ്റക്കാര്‍, ഒരു സാംസ്ക്കാരികപ്പറ്റം, എന്ന നിലകളില്‍ അതത്രയും ധിഷണാ കൃമിത്വങ്ങളെ, യഥാര്‍ത്ഥമായും ഉണ്ടായിരിക്കേണ്ട അഹങ്കാരത്തിന്റെ ശോഷണങ്ങളെ, പേശിരാഹിത്യത്തെ, യുദ്ധവൈമുഖ്യങ്ങളെ, ലൈംഗികക്ഷീണങ്ങളെ, entrepreneurial അഭാവങ്ങളെ, തുലോംതുലോം അസത്യാചരണങ്ങളെ പ്രോല്‍സാഹിപ്പിച്ചു. അല്ലേ? ഇല്ലേ! ഇവിടങ്ങളിലത്രയും എവിടെ പരതും 'മലയാളിപ്പ്‌' ഉത്തരവാദി-പുരുഷനെ? ഈ വായനക്കാരനോട്‌ വെറുതെയൊന്നും പിണങ്ങരുത്‌. 'ജോര്‍ജ്‌ ആറാമന്റെ കോടതി' ഗംഭീരമായ 'മലയാളി' വായനാനുഭവം മാത്രം. അതിനെ പിന്‍പറ്റുന്ന ഒരു ചീഞ്ഞ രാഷ്ട്രീയ മലയാളി, മലയാളി-മൊത്തത്തെ പ്രാപഞ്ചികമായും ശിഖണ്ഡിയാക്കിയിരിക്കുന്നു. എഴുന്നേറ്റു നിന്ന്‌ ഒന്ന്‌ പൊട്ടിച്ചാല്‍ ഇവന്‍ നേരെയാവുമെങ്കില്‍, പേരയ്ക്കാപ്പള്ളി കുഞ്ഞന്റെ മുഴക്കുന്ന ദുരന്തശബ്ദം നാം എന്നേ മറികടന്നേനേ!

ആരേ പൊട്ടിക്കുമെന്നാണോ?

(റീഡ്‌ മൈ ലിപ്സ്‌ ...!)

അത്‌, അതെന്തു കുന്തമായാല്‍ തന്നെയും, ആ ടൈപ്പിലൊരു 'വിധം-പറ്റ്‌', എഴുത്തുകാരന്റെ വീഴ്ച്ചയില്‍ നിന്ന്‌ എഴുത്തിലേയ്ക്ക്‌ പായിക്കും? പായിക്കേണ്ടേ? സംശയം? പക്ഷെ എഴുതുവാനുള്ള കഴിവിനേയും ഗ്രെയ്റ്റ്നെസ്സിനേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുവതെന്ത്‌? ഗ്രെയ്റ്റ്നെസ്സ്‌ എന്നൊക്കെ പറയുന്നത്‌ ജനിതകീകരണത്തേക്കാള്‍ മിമെറ്റികമായ (meme, mimetic) ഒരു ഉള്ളൊരുക്കമാണ്‌. അതില്ലാത്തതില്‍, 'അത്‌' ഇല്ല. അതല്ല, 'അത്‌' ഉണ്ട്‌ എന്ന്‌ സമര്‍ത്ഥിക്കാമെങ്കില്‍, പേരയ്ക്കാപ്പള്ളി കുഞ്ഞന്‍ ജോര്‍ജ്‌ ആറാമന്റെ കോടതിയില്‍ എങ്ങിനെ വ്യവഹരിയ്ക്കുമെന്നാണ്‌? അയാള്‍ക്കൊരു വിശ്വസനീയമായ വാദമുഖം കൊടുക്കാനാവാത്ത കിറുക്കും, അതേ സമയം, വിശ്വസനീയമായ ഒരു വാദമുഖം കൊടുക്കാനാവുന്ന പീഡനഭയവും, എങ്ങിനെയൊക്കെ വിഭജിതമായി സമ്മേളിപ്പിച്ച്‌, ആ വെള്ള-പ്രഭുതയുടെ, അതിന്റെ കരിങ്കോട്ട്‌-തുടര്‍ച്ചയുടെ നീതിന്യായ വ്യവഹാരത്തെ പ്രലോഭിപ്പിക്കാമെന്നാണ്‌? അതിനൊരു 'നാനാവതി കമ്മീഷന്റെ' സാഷ്ടാംഗ വീഴ്ച്ചയുണ്ടാവാന്‍ സ്വാഭാവികേനെ സാംസ്ക്കാരിക നീള്‍ച്ചയില്ല എന്നൊരു ഉറപ്പിലാണ്‌, ഭ്രാന്താവസ്ഥയുടെ അതിശയോക്തമായ പാത്രമെനവുകളില്‍ പോലും എഴുത്തുകാരന്‍ അനായാസേനെ പുറന്തള്ളപ്പെടുക.

പക്ഷെ, കുഞ്ഞന്റെ 'സൌണ്ട്‌ ബൈറ്റ്‌' ഒന്നു ശ്രദ്ധിയ്ക്കൂ. മലയാളിയെ പെട്ടെന്നു കയറി അപ്പീല്‍ ചെയ്യുന്ന ഒരു മഹാരോദനം -- മനുഷ്യാന്തസ്സ്‌ കെടുത്തുന്ന ഒരു പ്രോലിറ്റേറിയന്‍ രോദനം -- അരികു പറ്റി നില്‍ക്കുന്നതു ഒന്നു കാണുക -അതിനകമേ, പുറമേ!

വെല്‍, ദാറ്റ്സ്‌ ടൂ ഫെമിലിയര്‍ എ പ്ലോയ്‌! അല്ലേ! അതാണെന്നെ കൊല്ലുക! അതു തന്നെയാണെന്നെ കൊന്നുകൊണ്ടേയിരിക്കുന്നതും!

ദീനാനുകമ്പയെ പൊട്ടിത്തരിപ്പിയ്ക്കുന്ന അതിലെ ക്ഷണത്തിനു തക്കതായി ഒരു deployment, എന്നാല്‍, പേരയ്ക്കാപ്പള്ളി കുഞ്ഞന്റെ തള്ളിയഭിനയത്തില്‍ നീതിമത്ക്കരിക്കപ്പെടുന്നില്ല. അയാള്‍ക്ക്‌ ഒരു മാനിയയോ ഫോബിയയോ, ടോട്ടല്‍ കിറുക്കുതന്നെയോ ഉള്ളതായി കൃത്യമായി തീര്‍പ്പാക്കുവാന്‍ കഴിയുന്നില്ല. എങ്കിലും ദീനാനുകമ്പപ്രിയതയെ, by default പ്രലോഭിപ്പിയ്ക്കുന്ന ഒരു ശബ്ദസംസ്ക്കാരം കുഞ്ഞന്റെ വാചാടോപത്തെ കൊഴുപ്പിയ്ക്കുന്നു. അങ്ങിനെയൊന്നിന്‌ നാം, അതായത്‌ നമ്മുടെ കലാസ്വാദനം, എന്നേ അനുവാദം കൊടുത്തതുമല്ലേ? അതായത്‌, ആ ആസ്വാദന മാനദണ്ഡം കഥാപാത്രത്തെ 'അടിപൊളി'യാക്കുന്നു; കഥയെ വിജയിപ്പിയ്ക്കുന്നു; കഥാകാരന്‌, എന്തു ചാര്‍ത്തിക്കൊടുക്കുന്നു? പൂമാലകള്‍ ചാര്‍ത്തിക്കൊടുക്കുന്നു, അല്ലേ, അല്ലെന്നുണ്ടോ?

പക്ഷെ, ആ ശബ്ദത്തിന്‌, ആ നിരപ്പില്‍ ഒരു മാതൃക എവിടെയോ നിഴലിലേയ്ക്ക്‌ മാറിനില്‍ക്കുന്ന ഒരു മുന്‍പരിചയത്തെ സംശയിപ്പിയ്ക്കുന്ന ശബ്ദം കുഞ്ഞന്‍-കഥാപാത്രത്തിലേയ്ക്ക്‌ കവരപ്പെടുന്നത്‌? കുറച്ചധികം നുരപ്പിച്ച്‌ ഉഷ്ണമേഖലയിലേയ്ക്ക്‌ പാകപ്പെടുത്തിയ മട്ടില്‍?

അല്ലെങ്കില്‍, പോകട്ടെ. നാമിവിടെ ഒരു ശബ്ദവിശേഷത്തെപ്രതിയല്ലോ സംസാരിയ്ക്കുക. വാസ്തവത്തില്‍ 'ദ കാച്ചര്‍ ഇന്‍ ദ റൈ'-യേയും 'ജോര്‍ജ്‌ ആറാമന്റെ കോടതി'യേയും വായിക്കാതെ അതിലേയ്ക്ക്‌ ആരേയെങ്കിലും കടത്തിയിരുത്തുക എന്നത്‌ തീര്‍ത്തും അസാദ്ധ്യം. ജെയിലില്‍ ഇരുന്നു വായിക്കേണ്ട കൃതികളാണിവ എന്നൊരു കാഴ്ചയില്‍ അഭിരതനാണ്‌ ഈ വായനക്കാരന്‍; 'കുഞ്ഞന്‍' കഥ ജെയിലിനെ കൊച്ചാക്കുമെങ്കിലും. എന്നിരുന്നാലും, ഇത്രയും എഴുതിയതിലെ ഫലദായികത്വ സൂചനകളെ ചൂണ്ടിയെങ്കിലും, 'കുഞ്ഞന്റെ' അമിതാഭിനയം ഒരു സാഹിതീയപ്രശ്നമായും, മറ്റൊരു താണ ശബ്ദത്തില്‍, വിഢംബനത്തെ പരിരംഭണം ചെയ്യുന്നതായി സൂക്ഷ്മേനെ തോന്നിപ്പിയ്ക്കുകയാല്‍ ഒരു സാംസ്ക്കാരിക പ്രശ്നമായും ഈ ലേഖകന്‍ ഒളികണ്‍ പാര്‍ക്കുകയാണ്‌. നേര്‍ക്കുനേര്‍ തെളിവുകളൊന്നും കാണ്‍മാനില്ല എന്നതിനേക്കാള്‍ ഈയൊരു കാഴ്ച, തെളിവ്‌ തേടുക നമ്മുടെ പോപ്യൂലര്‍ അവശതകളില്‍ നിന്നാവും. നമ്മുടെ സിനിമാ തിരക്കഥകളിലെ നിറംപിടിപ്പുള്ള കഥാപാത്രാഹന്തതകളിലേയ്ക്ക്‌ ചായുന്ന പാരമ്പര്യ 'നെടിയിരുപ്പ്‌' 'കുഞ്ഞന്‍' കഥാപാത്രത്തില്‍ ധവളപത്രസാദ്ധ്യതകളെ ഉന്മാദിപ്പിയ്ക്കുന്നു. അയാളുടെ വശക്കേട്‌, ദീനത, ഒരു 'prole' വിളവെടുപ്പില്‍ നിന്ന്‌ ആദായം സ്വരൂപിക്കുന്നതാണ്‌. അടിസ്ഥാനവര്‍ഗ്ഗീയമായ നാടക- നിലവിളികള്‍ക്കപ്പുറം അതിന്‌ മതിയായ 'ദീന' കാരണമില്ല.

എങ്കിലതിന്‌ -- 'ജോര്‍ജ്‌ ആറാമന്റെ കോടതി'-യ്ക്ക്‌ -- ഇത്രയും ഭംഗിയുള്ള ദീനസ്വരം എങ്ങിനെ കിട്ടി? ഒരു ചോദ്യമാണ്‌ കേട്ടോ! ലേഖകന്റെ ഒരു വശംപിടിപ്പ്‌ ഇതില്‍ വിലയിപ്പിച്ചിട്ടുണ്ട്‌. കാരണം എം.പി. നാരായണപിള്ള ഒരു കാലത്ത്‌ ദില്ലിയിലിരുന്ന്‌ ഒരു മുഖ്യ മലയാള പത്രികയില്‍ തന്റെ ആദ്യകാല കഥകള്‍ വരുത്തിച്ചതിന്‌ ചില 'സമ്പ്രദായങ്ങള്‍' കാരണമായിത്തീര്‍ന്നിട്ടുണ്ട്‌. ആ വിധത്തിലൊക്കെ ആദ്യ-കഥയൊന്നിനെ വരുത്തിപ്പിയ്ക്കുന്നത്‌ ഒരു ഗ്രൌണ്ട്‌-ബ്രേയ്ക്കിങ്‌ തന്ത്രമായി എഴുത്തുകാരനില്‍ ന്യായത്തെ ഉല്‍പ്പാദിപ്പിച്ചേയ്ക്കും. അത്‌ സര്‍ഗ്ഗക്രിയയെ സംബന്ധിക്കുന്നതിനേക്കാളും മാനേജ്മന്റ്‌ മൂഢതകളെ മറികടക്കുവാനുള്ള അതിജീവനതന്ത്രത്തെ കുറിയ്ക്കുന്നതേ ആവൂ. മാതൃകകളുടെ -- template-കളുടെ -- സാദ്ധ്യതാവിനിമയമല്ല സര്‍ഗ്ഗശുഷ്ക്കാന്തിയെ ബോധിപ്പിക്കുന്നത്‌ എന്നര്‍ത്ഥം. അതില്ലായ്മയില്‍, ആ പഴയ മാതൃകകള്‍ തന്നെ കൂടുതല്‍ കബളിപ്പുകളിലൂടെ നമ്മുടെ ക്രിയേറ്റീവ്‌ രചനാപദ്ധതികള്‍ക്ക്‌, പിന്നീട്‌, ഒരു മുന്‍മുറയായി തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. ഇപ്പോഴേയ്ക്കും ആ ശീലം ഒരുപാട്‌ structured-ഉം ആയിത്തീരുന്നു. അതിനധികം ക്ഷീണം തോന്നുവാന്‍ ന്യായവും കാണുന്നില്ല, മുമ്പോട്ടും.

പക്ഷെ, ഡേയ്‌!, എന്നാലും വായനയുടെ ബഹുഃശതം വശക്കേടുകളില്‍ ഇതെങ്ങിനെ സ്വയം ന്യായം തേടും? സ്വയം നീതിമത്‌കൃതമാവും?

(1) http://www.geocities.com/exploring_citr/art/allie_golf.gif

(2) ചാന്തുമുത്തു കുഞ്ഞുനൂറുവിനെ ചൂണ്ടിപ്പറയുന്നത്‌ (ഖസാക്കിന്റെ ഇതിഹാസം: 'തുമ്പികള്‍').

(3) Creationism, Intelligent Design എന്നു തുടങ്ങിയ പരിണാമവാദ-വിരുദ്ധ-കണ്ടെടുപ്പുകള്‍.

Subscribe Tharjani |
Submitted by sunil k cherian (not verified) on Sun, 2009-08-16 20:51.

ഡേയ്, ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ് അമേരിക്കന്‍ സംസ്കാരത്തെ, ഹയ് അങ്ങനെയൊന്നുണ്ടോ?, കൊഞ്ഞനം കുത്തുകയായിരുന്നല്ലോ, ങ്ങനത്തെ ടിപ്പണി പിള്ളേച്ചനും ഒന്നൊപ്പിച്ചു. കോള്‍ഫീള്‍ഡിന്റെ അടിത്തട്ട് തടാകത്തിലെ വെള്ളം പോലെ നമുക്ക് 'കേള്‍ക്കാമായിരുന്നല്ലോ', 'ആറാമനില്‍' ആ ഇമോട്ടീവ് എലമെന്റ് ഉണ്ടായിരുന്നോ എന്നറിഞ്ഞു കൂടാ.