തര്‍ജ്ജനി

മുഖമൊഴി

ആശ്രയം, സ്വാശ്രയം, നിരാശ്രയം

പ്രൊഫഷനല്‍ കോളേജ് പ്രവേശനകാലം കേരളത്തില്‍ സ്വാശ്രയചിന്തയുടെ കാലമാണു്. നമ്മുടെ ചിന്താശീലം കഴിഞ്ഞ കുറേക്കാലമായി ആചരിച്ചു വരുന്ന പതിവു് ഇത്തവണയും തെറ്റിയില്ല. ഓണക്കാലത്തു് മാവേലിയെന്നപോലെ ഇതും ഒഴിവാക്കാനാവാത്ത ആചാരമായിക്കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, പുതിയ കാലത്തിനു് അതിന്റെ ഫോലോര്‍ ഉണ്ടാകും എന്നു ഫോലോറിസ്റ്റുകള്‍ പറയുന്നതു് ഇതൊക്കെ മനസ്സില്‍ കണ്ടിട്ടാകാം. ചില ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതചര്യകള്‍ ഇവയെല്ലാം ചേരുന്ന ഒരു വ്യവസ്ഥയെ സംസ്കാരം എന്നു വിളിക്കുന്നുവെന്നാണെങ്കില്‍ ഇതു് നവകേരളസംസ്കാരത്തിന്റെ മുഖമുദ്രയായ അനുഷ്ഠാനമാണു് എന്നു് പറഞ്ഞാലും തെറ്റില്ല. മാത്രമല്ല, വിദ്യാഭ്യാസമന്ത്രി തന്നെ സാംസ്കാരികവകുപ്പും കൈകാര്യം ചെയ്തു് നവകേരളസംസ്കാരത്തെ ഉത്തരോത്തരം വളര്‍ത്തിയെടുക്കുന്നുവെന്ന വിശേഷവും ഉണ്ടു്. ആനന്ദലബ്ധിക്കിനിയെന്തുവേണം എന്നു പാടാതിരിക്കാന്‍ ആര്‍ക്കു് സാധിക്കും?

അണയാത്ത സമരവീര്യം

എസ്. എസ്. എല്‍. സി പരീക്ഷ പ്രതാപത്തോടെ നടന്ന ഒരു കാലത്ത് ഫലപ്രഖ്യാപനം നടന്നാല്‍ റാങ്ക് ജേതാക്കളോടു് പത്രപ്രവര്‍ത്തകര്‍ ഒരു ചോദ്യം ചോദിക്കുമായിരുന്നു. എന്താകാനാണു് ആഗ്രഹം? കുട്ടികള്‍ക്കെല്ലാം ഡോക്ടറാവണം അപൂര്‍വ്വം ചിലര്‍ക്കു് എഞ്ചിനിയറാകണം. അതല്ലാതെ വേറെ ഒന്നുമാകാന്‍ കുട്ടികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കന്മാര്‍ക്കും താല്പര്യമില്ല. നല്ല മാര്‍ക്കു് വാങ്ങിയ മിടുക്കന്മാരും മിടുക്കികളും ആതുരശുശ്രൂഷാരംഗത്തേക്കു് കടന്നു വരുന്നതു് അവരുടെ സേവനതാല്പര്യം കാരണമാണെന്നു കരുതിയാല്‍ തെറ്റി. വലിയ പുരോഗമനമൊന്നും കടന്നെത്തിയിട്ടില്ലാത്ത അക്കാലത്തെ കേരളത്തില്‍ സമ്പന്നരാകാന്‍ മിടുക്കന്മാരല്ലാത്തവര്‍ തെരഞ്ഞടുത്ത വഴി ഗള്‍ഫിലേക്കു് കുടിയേറുകയായിരുന്നു. നാട്ടില്‍ സുരക്ഷിതമായ വരുമാനവും സാമൂഹികമാന്യതയും പ്രദാനം ചെയ്യുന്ന തൊഴില്‍ എന്ന നിലയിലാണു് അക്കാലത്തു് കുട്ടികള്‍ ആതുരശുശ്രൂഷ തെരഞ്ഞെടുത്തതു്. പിന്നെ കമ്പ്യൂട്ടര്‍ കാലം വന്നപ്പോള്‍ എല്ലാവരും അതിനു പിന്നാലെയായി. നാട്ടില്‍ ആശുപത്രി പണിതു് തൊഴില്‍ സുരക്ഷിതമാക്കാവുന്നതു പോലെ സുരക്ഷിതമായ തൊഴിലവസ്ഥ എഞ്ചിനിയര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്കും ഉണ്ടായിരുന്നില്ല. അവരും മിടുക്കന്മാരല്ലാത്തവരെപ്പോലെ പരദേശമോക്ഷയാത്രയ്ക്കു് വിധിക്കപ്പെട്ടവരായിരുന്നു. കാലക്രമത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ പ്രൊഫനല്‍ കോളേജുകള്‍ സ്വകാര്യമേഖലയില്‍ ധാരാളമായി ആരംഭിച്ചപ്പോള്‍ റാങ്ക് ജേതാവോ അവര്‍ക്കു തുല്യം മിടുക്കുള്ളവരോ ആകണമെന്നില്ല ഡോക്ടറാകാന്‍ എന്ന നില വന്നു. ക്യാപിറ്റേഷന്‍ ഫീ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പണം കെട്ടിവെക്കാനുള്ള ശരാശരി മാര്‍ക്കുകാരനും മെഡിസിനു് പഠിക്കാനും ഡോക്ടര്‍മാരാകാനും സാധിക്കും എന്ന അവസ്ഥ വന്നു. കര്‍ണ്ണാടകത്തിലേയും തമിഴ്‌നാട്ടിലുമുള്ള മെഡിക്കല്‍ കോളേജുകളും എഞ്ചിനിയറിംഗ് കോളേജുകളും കേരളത്തില്‍ നിന്നും ഒഴുകിയെത്തിയ കാശുകൊണ്ടു് തടിച്ചുകൊഴുത്തു.

കേരളത്തില്‍ കോളേജ് തുടങ്ങുന്നതിനു മാത്രമല്ല ബസ്സ്‌റൂട്ട് കിട്ടുന്നതിനും വ്യവസായം തുടങ്ങാനും എല്ലാം വലിയ നിയന്ത്രണമാണു.് അതാണു് കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു് കാരണമെന്നും അതിനാല്‍ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തി അയല്‍സംസ്ഥാനങ്ങളിലേതുപോലെ കോളേജുകള്‍ തുടങ്ങാവുന്ന അവസ്ഥയാണു് കേരളത്തില്‍ ഉണ്ടാവേണ്ടതു് എന്ന ചിന്ത രൂപപ്പെടുത്തുന്നതു് ഈ സാഹചര്യത്തിലാണു്. അങ്ങനെ സര്‍ക്കാര്‍ പണം മുടക്കില്ലാതെ സ്വകാര്യവ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സ്വയം പണംമുടക്കി കോളേജ് തുടങ്ങാവുന്നതാണെന്നും അവിടെ കോളേജ് നടത്തിപ്പിനുള്ള ചെലവു് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാമെന്നുമാണു് വ്യവസ്ഥ പക്ഷെ, കര്‍ക്കശനിയന്ത്രണമുണ്ടായിരുന്ന ഒരു സ്ഥാനത്തു് കോളേജ് നടത്തിപ്പുകാരെ കയറൂരിവാടാനാവില്ലല്ലോ. അതിനാല്‍ ഇത്തരം സ്ഥാപനള്‍ക്കു് അംഗീകാരം നല്കുന്ന സര്‍ക്കാറിനു് മൊത്തം സീറ്റിന്റെ പാതി നല്കണമെന്നും ബാക്കി മാനേജ്‌മെന്റിനു് പ്രവേശനം നടത്താവുന്നതാണെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഈ വ്യവസ്ഥയനുസരിച്ചു് യാതൊരു മുതല്‍ മുടക്കുമില്ലാതെ കേരളത്തിലെ മെഡിക്കല്‍, എഞ്ചിനിയറിംഗ് കോളേജുകളില്‍ കേരളത്തിലെ സര്‍ക്കാരിനു് സ്വന്തമായി ഒന്നോ രണ്ടോ കോളേജ് തുടങ്ങിയാല്‍ കിട്ടാവുന്നതിനേക്കാള്‍ അധികം സീറ്റുകള്‍ ലഭിച്ചു.

ഭരണപക്ഷം ഒരു കാര്യം ചെയ്യുമ്പോള്‍ അതു് ശരിയായാലും തെറ്റായാലും എതിര്‍ക്കുകയാണു് സ്വന്തം ഉത്തരവാദിത്തം എന്നു കരുതുന്ന പ്രതിപക്ഷം, അവരുടെ വിദ്യാര്‍ത്ഥിസംഘടനയെ രംഗത്തിറക്കി കലാപം ആരംഭിച്ചു. നല്ല ഐശ്വര്യമുള്ള തുടക്കമായിരുന്നു, ആ സമരത്തിന്റേതു് ! അതു് ഇപ്പോഴും അവിരാമമായി തുടരുന്നു. വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും മാറിയാലും, എന്തിനു് ബാക്കിയെല്ലാം മാറിയാലും ഈ സമരം തുടരുമെന്നു് ഉറപ്പാണു്. ഈ സമരത്തിന്റെ പുതിയ വിശേഷം, ഭരണപക്ഷവിദ്യാര്‍ത്ഥിസംഘടനകളില്‍ ഏറ്റവും വലിയ സംഘടനയായ എസ്. എഫ്. ഐ വിദ്യാഭ്യാസമന്ത്രിക്കെതിരെയും, അദ്ദേഹം സ്വാശ്രയകോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായി സംസാരിച്ചു് ഉറപ്പിച്ച കരാറിനെതിരെ പരസ്യമായി രംഗത്തു വന്നതാണു്. അതോടെ ഭരണപക്ഷത്തെ സി.പി.ഐ മന്ത്രിമാരും, അവരുടെ വിദ്യാര്‍ത്ഥി-യുവജനസംഘടനകളും പരസ്യമായി കരാറിനെതിരെ രംഗത്തു വന്നു. എന്തിനു്, ലോസഭയില്‍ മത്സരിക്കാന്‍ സീറ്റു തന്നില്ലെങ്കില്‍ മുന്നണിവിടും എന്നു ഭീഷണിപ്പെടുത്തുകയും സീറ്റു കിട്ടാതായപ്പോള്‍ മുന്‍തീരുമാനം വെള്ളം തൊടാതെ വിഴുങ്ങിയ റെവല്യൂഷറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും അവരുടെ കുട്ടികളും പരസ്യമായി കരാറിനെതിരെ രംഗത്തു വന്നു. പ്രതിപക്ഷം കരാറിനെതിരാണു്. ഭരണപക്ഷത്തുള്ളവരും എതിരാണു്. പിന്നെ ആരാണു് ഈ കരാറിനെ അനുകൂലിക്കുന്നതു്? ആര്‍ക്കു വേണ്ടിയാണു് ഈ കരാര്‍? എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു് നടപ്പിലാക്കത്തക്കവണ്ണം എന്താണു് ഈ കരാറിലുള്ളത്?

ഒരു പ്രശ്നത്തിന്റെ പേരില്‍ ഉണ്ടായ പോരാട്ടത്തിന്റെ ഒടുവില്‍ നിരാശ്രയരായിത്തീര്‍ന്ന ജനപക്ഷം നോക്കുകുത്തിയായി നില്ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. നവകേരളസംസ്കാരത്തിന്റെ ഭദ്രമായ അടിത്തറ നിരാശ്രയജനതയുടെ നിസ്സംഗമായ നില്പാണു്. റോമാനഗരം കത്തിയൊടുങ്ങുമ്പോള്‍ വീണ വായിച്ച കലാരസികനായ ചരിത്രപുരുഷനു് സമകാലികമായ ഒരു ജീവിതം കൊണ്ടു് ഉത്തരാധുനികഭാഷ്യം ചമയ്ക്കപ്പെടുകയാണു്.

Subscribe Tharjani |
Submitted by കലേഷ് (not verified) on Tue, 2009-08-04 12:22.

ഇതൊരു കീറാമുട്ടിയാണ്‌..

Submitted by premachandran (not verified) on Thu, 2009-08-13 07:31.

ഈ വിഷയത്തിലുള്ള ഒരു പോസ്റ്റ്‌ ഇവിടെ ( സ്വാശ്രയ പ്രശ്നം എന്ന മുച്ചീര്‍പ്പന്‍ )
http://vidhyabhyasam.blogspot.com/2009/08/blog-post.html