തര്‍ജ്ജനി

തികച്ചും സൌജന്യം

ഒന്ന്

ഗ്ലാസ്‌വക്കില്‍ കാര്‍ബണ്‍ഡൈയോക്സൈഡ്‌ ഒലിച്ചിറങ്ങിയിട്ടും നിരത്തിലെ പതിവുതിരക്കിലേക്ക്‌ അശ്രദ്ധമായി നോക്കി നിന്ന് പകയൊടുങ്ങാത്തവനെപ്പോലെ ഗ്ലാസില്‍ വീണ്ടും വീണ്ടും ശക്തിയായി ഞാന്‍ സ്പൂണ്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‌, മുന്നില്‍ വിരിച്ചിരിക്കുന്ന ആഴ്ചപ്പതിപ്പുകളെ വകഞ്ഞുമാറ്റി ഗോപകുമാര്‍ മൂത്തേടത്ത്‌ കടയിലേക്ക്‌ കയറിവന്നത്‌.

കയ്യില്‍ തടിച്ച ഒരു പോസ്റ്റല്‍ കവര്‍

അവന്‍ വന്നപാടെ കവറെനിക്കുനേരെ നീട്ടി.

" ഒരു മിനിട്ട്‌"

ഞാന്‍ പെട്ടെന്ന് കണ്ണുകളെ നിരത്തിലെ തിരക്കില്‍ നിന്ന് പിന്‍വലിക്കുകയും ഗ്ലാസിലെ സ്പൂണ്‍ചലനം കൂടുതല്‍ ദ്രുതഗതിയിലാക്കുകയും ചെയ്തു.

"ഏതാ പുതിയ സാധനം" ...?
"നീ വായിച്ചുനോക്ക്‌ "

ഞാന്‍ വേഗത്തില്‍ ബാക്കി സോഡയും ഗ്ലാസിലേക്ക്‌ പകര്‍ത്തി, ഗ്ലാസ്സ്‌ ഷര്‍ട്ടിന്റെ മുന്‍ ഭാഗത്തെ ഒന്നു രണ്ടു ബട്ടണുകള്‍ വിടര്‍ത്തി നെഞ്ചിലെ രോമക്കെട്ടുകളില്‍ തൂവാല കൊണ്ട്‌ തുടയ്ക്കുകയും ഇടയ്ക്കിടയ്ക്ക്‌ വീശുകയും ചെയ്തുകൊണ്ടിരുന്ന സഹകരണബാങ്ക്‌ കാഷ്യര്‍ സജീവിനു നേരെ നീട്ടി.

പിന്നെ കൈകള്‍ തുടച്ച്‌ കവര്‍ വാങ്ങി.
ഗോപകുമാര്‍ മൂത്തേടത്തിന്റെ ഏറ്റവും പുതിയ കഥയാണ്‌ കവറില്‍

യഥാര്‍ത്ഥപേര്‌ : ഡി. ഗോപകുമാര്‍ (മൂത്തേടത്ത്‌ പില്‍ക്കാലത്ത്‌ പേരിനൊപ്പം കൂട്ടിച്ചേര്‍ത്തത്‌)
പിതാവ്‌ : ദാമോദരന്‍
മാതാവ്‌ : കല്യാണക്കുട്ടി
ജനനം : 1149 ഇടവം 12

malayalam story illustration

കോളേജില്‍ ഞങ്ങളൊന്നിച്ചായിരുന്നു. പക്ഷേ ഞങ്ങളുടെ സ്നേഹബന്ധം ആരംഭിക്കുന്നതിനും മുന്‍പെ തുടങ്ങിയതാ അവന്റെയീ സാഹിത്യഭ്രാന്ത്‌. അടുപ്പിച്ച്‌ മൂന്നുകൊല്ലം യുവജനോത്സവത്തില്‍ അവനായിരുന്നു കഥയ്ക്കും കവിതയ്ക്കും കോളേജില്‍ ഒന്നാം സമ്മാനം. കോളേജില്‍ വച്ച്‌ ഒരേ സമയം അവന്റെ സൃഷ്ടികളുടെ ആസ്വാദകനും നിരൂപകനുമായിരുന്നു ഞാന്‍. സത്യം പറഞ്ഞാല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഉത്തരവാദിത്വത്തോടെ ചെയ്തിട്ടുള്ള ഒരേ ഒരു പണി അതുമാത്രമായിരുന്നു. പക്ഷേ കോളേജ്‌ കഴിഞ്ഞതോടെ എനിക്കീ പെട്ടിക്കടയില്‍ ഒതുങ്ങേണ്ടിവന്നു. എന്റെ വല്യച്ചനാ ഇത്രയും കാലവും ഇത്‌ കൊണ്ടുനടന്നത്‌. പെട്ടെന്നൊരു ദിവസം ഷുഗര്‍ കൂടി മൂപ്പീന്ന് തളര്‍ന്നപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ ഞാനിറങ്ങി. പക്ഷേ അപ്പോഴും എന്റെ നിയോഗത്തിന്‌ മാറ്റമില്ല. ഞാനിപ്പോഴും ഒരേ സമയം ആസ്വാദകന്റെയും നിരൂപകന്റെയും വേഷം കെട്ടിയാടുന്നു. എന്റെ കടയുടെ തൊട്ടടുത്തുള്ള ആ പഴയകെട്ടിടത്തിലാണ്‌ എല്ലാപത്രമോഫീസുകളും സ്ഥിതിചെയ്യുന്നത്‌. ഗോപന്‌ കാര്യങ്ങളിപ്പോള്‍ വളരെ എളുപ്പമാണ്‌. ഞാന്‍ കഥ വായിച്ചു തിരുത്തിക്കിട്ടിക്കഴിഞ്ഞാല്‍ നേരെ ആ പഴയ കെട്ടിടത്തിലേക്ക്‌ പോകും ഏതെങ്കിലും വാരികയ്ക്ക്‌ സമര്‍പ്പിക്കാന്‍ . ഇത്‌ ഗോപകുമാറിന്റെ ഇരുപത്തിയേഴാമത്തെ കഥയാണ്‌. പക്ഷേ കഴിഞ്ഞ ഇരുപത്തിയാറു കഥകളുടെയും അന്ത്യത്തിന്‌ അച്ചടിമഷികാണാത്ത ഒരു കഥാകൃത്തിന്റെ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.

രണ്ട്‌

എട്ടുപേജോളമുണ്ട്‌ ഗോപകുമാറിന്റെ പുതിയ കഥ. വെളുത്തപേപ്പറില്‍ കറുത്ത അക്ഷരങ്ങള്‍ വടിവൊത്ത്‌ നീണ്ടുകിടന്നു. ഒരു ഫ്‌ളാഷ്ബാക്കിലേക്കാണ്‌ കഥാശകലം വളരുന്നത്‌. ഇതിലെ ആഖ്യാനരീതി ഗോപകുമാറിന്റെ മുന്‍കാലകഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാകുന്നുണ്ട്‌.

ലഞ്ച്‌ ടൈമിനെ കൊമേഴ്‌സിലെ അന്‍സിക്കും കെമസ്ട്രിയിലെ സിന്ധുവിനും ഫിഫ്റ്റി-ഫിഫ്റ്റിയായി വീതിച്ച്‌ നല്‍കിയിരുന്ന സതീശനാണിപ്പോള്‍ പുഴക്കരയിലെ ഇലകള്‍ കൊഴിഞ്ഞ, പച്ചപ്പ്‌ നഷ്ടപ്പെട്ട മരച്ചുവട്ടിലിരുന്ന് പുഴയുടെ ശാന്തതയിലേക്ക്‌ വെറുതെ കല്ലുകളെടുത്തെറിഞ്ഞ്‌ ഒാളങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌. നഷ്ടബോധത്താല്‍ കനം വെച്ച മുഖം. അങ്ങനെയിരിക്കെ തിളക്കം നഷ്ടപ്പെട്ട സതീശന്റെ കണ്ണുകളില്‍ നിന്ന് ഒാര്‍മ്മയുടെ ഒരു നീലനദി ഒഴുകി തലമുറകളായി പ്രണയത്തിന്‌ തണല്‍ വിരിച്ചുനില്‍ക്കുന്ന ക്യാംപസിലെ അക്കേഷ്യാ മരച്ചുവട്ടില്‍ ആരെയോകാത്ത്‌ നില്‍ക്കുന്ന പ്രീഡിഗ്രിക്കാരനില്‍ വന്ന് തട്ടി നിന്നു.

അതേ സമയം,

സഹകരണ ബാങ്ക്‌ കാഷ്യര്‍ സജീവന്‍ ഗ്ലാസ്‌ കാലിയാക്കുകയും മൂക്കിന്റെ അറ്റത്ത്‌ പറ്റിപ്പിടിച്ച പത ആരും കാണും മുമ്പെ തുടച്ചുകളയുകയും പോക്കറ്റില്‍ നിന്നും രണ്ടു രൂപയുടെ രണ്ടു നാണയത്തുട്ടുകള്‍ മിഠായിഭരണിയുടെ മുകളില്‍ വച്ചിട്ട്‌ മഞ്ഞവെയിലിലേക്ക്‌ നടന്നിറങ്ങുകയും ചെയ്തു.

"ഇത്‌ ഒരുതരം പൈങ്കിളിയായി നിനക്ക്‌ തോന്നുന്നുണ്ടോ " ?

ഒരു യുവകഥാകൃത്തീന്റെ ജാഡകളൊന്നുമില്ലാതെ ഗോപകുമാര്‍ വിനയാന്വിതനായി.

ആന്‍സിയുടെ ഓര്‍മ്മകളെ വൈറ്റ്‌ വാഷ്‌ ചെയ്തും ഒപ്പം റെക്കോഡ്‌ ബുക്കുകള്‍ നെഞ്ചോട്‌ അടുക്കിപ്പിടിച്ച്‌ ഷാംപൂ മണക്കുന്ന മുടിപാറിപ്പിച്ച്‌ പ്രത്യക്ഷപ്പെടുന്ന സിന്ധുവിനെയും പ്രതീക്ഷിച്ച്‌ സതീശനൊപ്പം ഞാന്‍ ഗെയിറ്റില്‍ കാത്തുനില്‍ക്കുകയും ചെയ്യുമ്പോഴാണ്‌ അവന്‍ ആസ്വാദനത്തിന്‌ തടസം വരുത്തുന്ന ആ ചോദ്യം എനിക്കു നേരെ എറിഞ്ഞത്‌.

ഇല്ലായെന്ന് ഞാന്‍ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു.....
ആ നശിച്ചപകല്‍ സതീശന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്‌.

ലഞ്ച്‌ ടൈം അഡ്‌ജസ്‌റ്റ്‌ ചെയ്യേണ്ടതു കൊണ്ട്‌ സതീശനന്ന് കൊമേഴ്‌സ്‌ ബ്ലോക്കിന്റെ പടികള്‍ ഓടിക്കയറുകയായിരുന്നു.

പെട്ടെന്ന് ആന്‍സി മുന്നില്‍.....

അവളുടെ മുഖം കോപം കൊണ്ടു ചുവന്നു തുടുത്തിരുന്നു.

ബ്രേക്കിട്ടതുപോലെ അവന്റെ കാലുകളുടെ ചലനം പൊടുന്നനെ നിലച്ചു.

അവളുടെ കണ്‍പോളകളുടെ പ്രതിരോധം തകര്‍ക്കാന്‍ കണ്ണുനീര്‍കാത്തിരുന്നു.

"എന്തിനാ വെറുതെ എന്നെ..." വാക്കുകള്‍ മുഴുമിപ്പിക്കും മുമ്പെ കണ്ണുനീര്‍ തുടുത്ത കവിളിലൂടെ ഒഴുകിയിറങ്ങി.

"പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ മാറിത്തരുമായിരുന്നല്ലോ.."
"ആന്‍സി നീയെന്തോ..."
"മിണ്ടരുത്‌ നീ.. ചതിയനാ... നീ.. ചതിയന്‍.."
അവസാനത്തെ വാക്ക്‌ കരച്ചിലില്‍ മുങ്ങിത്താഴ്‌ന്ന് അവ്യക്തമായിരുന്നു.
മുഖം പൊത്തി കരഞ്ഞുകൊണ്ട്‌ അവള്‍ ക്ലാസ്‌ മുറിയിലേക്കോടി.
പിന്നാലെ പോകാന്‍ സതീശന്‌ തോന്നിയില്ല.
ചതിക്കാനായിരുന്നില്ല. സ്നേഹമായിരുന്നു. ഒരു പാട്‌ ഒരു പാട്‌ .. പക്ഷേ അത്‌ ഒത്തിരിപേരോട്‌ ആയിപ്പോയി എന്നുമാത്രം . തികച്ചും നിഷ്കളങ്കമായ പ്രേമം ഒരു സാര്‍വ്വലൌകിക രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ ... പക്ഷേ ഈ ആദര്‍ശമൊക്കെ ആരോടുപറയാന്‍ . ആര്‍ക്കാണ്‌ ഇതൊക്കെ കേള്‍ക്കാന്‍ താത്‌പര്യം ഈ പെണ്‍കുട്ടികള്‍ അല്ലേലും ഇങ്ങനെയാ... തികച്ചും സ്വാര്‍ത്ഥര്‍.. ഇവരെന്നാണീ എല്ലാവരെയും പ്രേമിക്കാന്‍ പഠിക്കുക. അഥവാ എല്ലാവരെയും പ്രേമിക്കുന്നവരെ അംഗീകരിക്കാന്‍ പഠിക്കുക.
ഒരു പരിധിവരെ ആശ്വാസം കൊള്ളാനായിരുന്നു സതീശനോട്‌ മനസ്സുപറഞ്ഞത്‌. എല്ലാം മറക്കണം. .. ഇനി ഒരിക്കല്‍ക്കൂടി ..വയ്യ. അത്‌ ശരിയാവില്ല. പക്ഷേ മറക്കുവാനും ആശ്വസിക്കുവാനും ശ്രമിക്കുമ്പോഴെല്ലാം ഒാര്‍മ്മയുടെ ഒരു നൂല്‍ ഞരമ്പ്‌ മനസില്‍ വളര്‍ന്നു വലുതാകുന്നതുപോലെ സതീശന്‌ തോന്നി...

ആന്‍സി വരച്ച ചിത്രങ്ങളായിരുന്നു മനസ്സില്‍ ഏറെയും. ക്രിസ്തുമസ്‌ കാര്‍ഡിലെ പരസ്പരം ഉമ്മവയ്ക്കുന്ന മദാമ്മക്കുട്ടികള്‍. പിന്നെ ബര്‍ത്ത്‌ഡേയ്ക്ക്‌ തന്ന തണ്ട്‌ നീട്ടി മുറിച്ച കടും ചോപ്പ്‌ നിറത്തിലുള്ള റോസാപ്പൂവ്‌ (ഇടനാഴിയില്‍ വച്ച്‌ അവളതുനല്‍കുമ്പോള്‍ സ്പോഞ്ചുപോലെയുള്ള, അവളുടെ കൈകളില്‍ തൊടാന്‍ അന്നു സതീശന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു).

എല്ലാം മറക്കാന്‍ നിശ്ചയിച്ചുകൊണ്ടാണ്‌ അന്നു രാത്രി സതീശന്‍ കിടക്കയിലേക്ക്‌ പോയത്‌. പക്ഷേ മറക്കാന്‍ ശ്രമിക്കും മുമ്പെ ഓര്‍മ്മകളുടെ ഒരായിരം തിരകള്‍ മനസ്സിലേക്ക്‌ അലയടിച്ചുയര്‍ന്നു. പിന്നെ കനത്ത ഇരുട്ടില്‍ സ്വപ്നത്തിലെ ചെമ്പിച്ച പ്രകാശത്തില്‍ മദാമ്മക്കുട്ടികള്‍ പരസ്പരം റോസാപ്പൂക്കള്‍ കൈമാറുകയും പിന്നെ തുരുതുരാചുംബിക്കുകയും ചെയ്തു.

ഗേറ്റില്‍ ചുവന്നപട്ടുപാവാടയില്‍ സിന്ധു പ്രത്യക്ഷയായി.

"ഒത്തിരി നേരമായോ കാത്ത്‌ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌. ...?"

"ഇല്ല"

സിന്ധുവിനൊപ്പം പടികയറി ക്ലാസ്സ്‌ മുറിയിലേക്ക്‌ നടക്കുമ്പോള്‍ സതീശന്‍ കൈയിലുള്ള ഒറ്റബുക്ക്‌ പല ആങ്കിളുകളിലായി മാറിമാറി മടക്കിക്കൊണ്ടിരുന്നു.
പിന്നെ ഇടനാഴിയില്‍

പായല്‍ പിടിച്ച ചുവരുകളുള്ള ലൌവേഴ്‌സ്‌ കോര്‍ണറില്‍.
പിന്നൊരിക്കല്‍

ഐസ്‌ക്രീം പാര്‍ലറിലെ തണുപ്പുമരവിച്ചുകിടന്ന മേശയ്ക്കിരുവശമിരുന്ന് കണ്ണുകള്‍ പരസ്പരം കൊരുക്കി അവര്‍ വെള്ളിമേഘങ്ങള്‍ പറന്നിറങ്ങുന്ന കുന്നില്‍ മുകളിലേക്ക്‌ പറന്നുപോയി.

അവസാനം
കാമുകിയുടെ കല്യാണത്തലേന്ന് തീവണ്ടിയുടെ സൈഡ്‌ ബര്‍ത്തില്‍ ഭംഗി നഷ്ടപ്പെട്ട പുറം കാഴ്ചകളിലേക്ക്‌ അശ്രദ്ധയോടെ നോക്കിയിരുന്ന് എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കല്‍ക്കട്ടയുടെ ഉഷ്‌ണഭൂമിയിലേക്ക്‌.

അവിടെ ഒരു കമ്പനിയില്‍ തുച്ഛമായ വരുമാനത്തില്‍ ജോലി.

ആറുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും നാട്ടിലേക്ക്‌.

വെള്ളത്തില്‍ വീണകല്ലുകള്‍ തീറ്റയാണന്നുകരുതി പരല്‍മീനുകള്‍ വാലിളക്കി ജലപ്പരപ്പിലേക്ക്‌ വന്നു. ചുണ്ടുകള്‍ കൊണ്ട്‌ കല്ലുകളില്‍ ഒരു കൊത്ത്‌ പിന്നെ വെട്ടിത്തിരിഞ്ഞ്‌ ആഴങ്ങളിലേക്ക്‌ പോയി. കുറേനേരം തണുത്തകാറ്റ്‌ കരയിലേക്ക്‌ വീശുന്നതുവരെ സതീശന്‍ പുഴവക്കിലിരുന്നു.

പിന്നെ പാറിപ്പറക്കുന്നമുടി കൈകൊണ്ട്‌ ഇടയ്ക്കിടെ ഒതുക്കി വയല്‍വരമ്പിലൂടെ ലഷ്യബോധം നശിച്ചവനെപ്പോലെ അവന്‍ നടന്നു.

"ഒരു കവര്‍ ദിനേശ്‌ ബീഡി" കടയില്‍ വീണ്ടും ആളനക്കം. ബീഡിയുടെ പാക്കറ്റിലേക്ക്‌ എന്റെ കൈകള്‍ യാന്ത്രികമായി നീണ്ടു... അപ്പോഴും സതീശന്‍ തെന്നിക്കിടക്കുന്ന വയല്‍വരമ്പില്‍ കാലുകള്‍ ഉറപ്പിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

ഗോപകുമാര്‍ അയയില്‍ നിന്നും "പൈങ്കിളി ആഴ്ചപ്പതിപ്പ്‌" എടുത്ത്‌ വെറുതെ പേജുകള്‍ മറിച്ചു നോക്കിക്കൊണ്ടിരുന്നു. പൈങ്കിളികളില്‍ ഗൌരവതരമായ ഒരുവായനയില്ലവന്‌. അന്നും..ഇന്നും ഇപ്പോള്‍ വെറുതെ സമയം കൊല്ലാനെടുത്തുവെന്നുമാത്രം ...ആകെ വായിച്ചത്‌ ഡോക്ടറോട്‌ ചോദിക്കാം എന്ന പംക്തിയാ. അത്‌ ഈപ്രായത്തിന്റെയാ...കുറെകഴിയുമ്പോള്‍ അതിനോടുള്ളതാത്‌പര്യവും കുറയും.

മൂന്ന്

മാറാലകള്‍ പറ്റിപ്പിടിച്ചതും തടിയില്‍ നിര്‍മ്മിച്ചതുമായ പഴയമരപ്പടിയായിരുന്നു പത്രമോഫീസുകള്‍ സ്ഥിതിചെയ്യുന്ന ആ പഴയകെട്ടിടത്തിലേക്ക്‌ കയറാനുള്ള വഴി. കഷ്ടിച്ച്‌ ഒരാള്‍ക്ക്‌ നടന്നുകയറാവുന്ന വീതിയേ ഉണ്ടായിരുന്നുള്ളൂ മരപ്പടികള്‍ക്ക്‌.... ആദ്യത്തെ നിലയിലാണ്‌ മാധ്യമത്തിന്റെയും ദീപികയുടെയും ഓഫീസ്‌. രണ്ടാമത്തെ നിലയില്‍ യഥാക്രമം മാതൃഭൂമി, മനോരമ,കേരളകൌമുദി,ദേശാഭിമാനി. മൂന്നാമത്തേതും അവസാനത്തേതുമായ നിലയിലാണ്‌ മംഗളത്തിന്റെ ഓഫീസ്‌...

ചില ഓഫീസ്‌ മുറികളിലെ പൊടിപിടിച്ച ഫാന്‍ കറങ്ങുമ്പോള്‍ ഹെലികോപ്റ്ററിന്റെ ശബ്ദമുണ്ടായിരുന്നു. ഓരോ ഓഫീസിലും ഒന്നോ രണ്ടോ പേര്‍ വീതമേയുള്ളൂ.(മനോരമ ഓഫീസില്‍ അധികമായി നില്‍ക്കുന്ന രണ്ടുപേര്‍ മനോരമയും സാംസങ്ങും ചേര്‍ന്നു നടത്തുന്ന "ഉത്സവ്‌ 2002" എന്ന സമ്മാന പദ്ധതിയുടെ പൂരിപ്പിച്ച കൂപ്പണ്‍ നേരിട്ടെത്തിക്കാനെത്തിയ കോളേജ്‌ വിദ്യാര്‍ത്ഥികളാണ്‌.)

പാതി ഇരുട്ടുനിറഞ്ഞ ഈ മരപ്പടികള്‍ കയറുന്നത്‌ എത്രാമത്തെ തവണയാണെന്ന് ഗോപകുമാര്‍ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷേ ഒരിക്കല്‍ പോലും ക്ഷീണം കാലുകളെ തളര്‍ത്തുന്നില്ല. ഇത്തവണ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കാ... ഇത്‌ ഒന്‍പതാമത്തെ തവണയാണ്‌ മാതൃഭൂമി ഓഫീസിലിരിക്കുന്ന കറുത്ത ഫ്രയിം കണ്ണട ധരിച്ച ആ മദ്ധ്യവയസ്കന്‍ പരിചയഭാവത്തില്‍ വെറ്റിലക്കറ നിറഞ്ഞ അയാളുടെ പല്ല് അവനെ കാണിക്കാന്‍ പോകുന്നത്‌.

വാതില്‍ക്കല്‍ കാല്‍പ്പെരുമാറ്റം മദ്ധ്യവയസ്കന്‍ തലയുയര്‍ത്തി മറിച്ചുനോക്കിയിട്ട്‌ അകത്തേക്ക്‌ കടന്നുചെല്ലാന്‍ അനുമതി നല്‍കി.
"കഥയാണല്ലേ"

"അതെ"
അല്‍പ്പസമയം പേപ്പര്‍ ഓടിച്ചു നോക്കിയ ശേഷം ശരിയെന്നമട്ടില്‍ അയാള്‍ തലകുലുക്കി.
ചടങ്ങ്‌ അവസാനിക്കുന്നു.

തീവ്രമായ സര്‍ഗ്ഗവേദന അനുഭവിച്ച്‌ പെറ്റിട്ട സൃഷ്ടിക്കുമേലെ അച്ചടിമഷിപടരുന്നത്‌ കാത്ത്‌ പത്രാധിപരുടെ കോടതിയില്‍ പേപ്പര്‍വെയിറ്റിന്‌ കീഴെ ഗോപകുമാര്‍ ഞെരിഞ്ഞിരുന്നു. ... പക്ഷേ കറുത്ത കുപ്പായമിട്ട ക്രൂരനായ മുഖ്യന്യായധിപന്‍ വാദം മുഴുവന്‍ കേള്‍ക്കും മുമ്പേ വീണ്ടും വീണ്ടും കൊലക്കയര്‍ വിധിച്ചു. ഓരോ വിധിയും അവന്‌ കൂടുതല്‍ പ്രചോദനമാവുകയായിരുന്നു. പ്രതീക്ഷ കൈവിടാതെ അവന്‍ വീണ്ടും വീണ്ടും ഗര്‍ഭം ധരിക്കുകയും നിശബ്ദത മരവിച്ചുകിടന്ന അര്‍ദ്ധരാത്രിയിലും അലാറം കരഞ്ഞു പിറപ്പിച്ച പ്രഭാതത്തിലുമായി ചാപിള്ളകളെ പെറ്റുകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു.

തിരുത്തലുകള്‍ക്ക്‌ ശേഷം അവയെല്ലാം മരപ്പടികള്‍ കയറി മുകളിലേക്ക്‌ പോവുകയും വ്യത്യസ്ത ടേബിളുകളിലായി സ്ഥാനം പിടിക്കുകയും ക്രൂരരായ ന്യായാധിപന്മാര്‍ അവയില്‍ നിര്‍ദ്ദാക്ഷണ്യം വിധിക്കയര്‍ മുറുക്കി ബോക്സിന്റെ ഇരുണ്ട ആഴങ്ങളിലേക്ക്‌ തള്ളിയിടുകയും ചെയ്തു.

ഒരിക്കല്‍ "വംശനാശം സംഭവിക്കുന്നത്‌ എന്തു കൊണ്ട്‌" എന്ന തലക്കെട്ടിലെ പുതുമയെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കെയാണ്‌ തലക്കെട്ടിനുതാഴെ ആകര്‍ഷകത്വമില്ലാതെ കിടക്കുന്ന കഥാകാരന്റെ പേര്‌ ഞാനവന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.

"ഒരു വാലുണ്ടായിരിക്കുന്നത്‌ നല്ലതാ"..
എന്റെ വാക്കുകള്‍ ഒരു പുഞ്ചിരിയോടെയാണ്‌ അവന്‍ കേട്ടുനിന്നതെങ്കിലും അവനത്‌ ഗൌരവമാക്കിയിരുന്നു.

അന്നു രാത്രി സി.എഫ്‌.എ എല്‍ ലാമ്പിന്റെ വിളറിയ പ്രകാശത്തില്‍ ഏറെ നേെരത്തെ മൌനത്തിനു ശേഷം ഗോപകുമാര്‍ പിതാവ്‌ ഇല്ലിരിക്കല്‍ ദാമോദരനായി ഇരിപ്പിടത്തില്‍ നിന്ന് കേട്ടുകേഴ്വിയുടെ പിന്‍ബലത്തില്‍ തലമുറകളിലേക്ക്‌ ആഴ്‌ന്നിറങ്ങുകയും മൂന്ന് തലമുറകള്‍ കടന്ന് തറവാട്ടുപേരായ മൂത്തേടത്ത്‌ തപ്പിയെടുക്കുകയും ചെയ്തു.

ഏതാണ്ട്‌ ഒരാഴ്‌ചത്തെ ഇടവേളയ്ക്ക്‌ ശേഷമായിരുന്നു അന്ന് പുറത്ത്‌ വെയില്‍ മരവിച്ചുകിടന്ന പാതയില്‍ നിന്ന് ഗോപകുമാര്‍ വീണ്ടും കടയിലേക്ക്‌ വന്നത്‌. കയ്യില്‍ തടിച്ച പോസ്റ്റ്ലല്‍ കവര്‍ .

"ഏതാ പുതിയ സാധനം" ഞാന്‍ പതിവുപോലെ ചോദ്യമാവര്‍ത്തിച്ചു. അവന്‍ ഉത്തരം പറഞ്ഞില്ല. പകരം എന്റെ കണ്ണുകളിലേക്ക്‌ നോക്കിനില്‍ക്കുകമാത്രം ചെയ്തു.

"നീയെന്താ തുറിച്ചുനോക്കുന്നത്‌. ആദ്യമായിട്ട്‌ കാണുന്നതുപോലെ" അതിനും മറുപടിയില്ല ഞാന്‍ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളില്‍ ആരോടൊക്കെയോ ഉള്ള പക തീഗോളങ്ങളായി മാറിയിരുന്നു. മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകിയിരുന്നു.

അവനൊരു സോഡയെടുത്ത്‌ പൊട്ടിച്ച്‌ രണ്ടു കവിള്‍ കുടിച്ചു. ബാക്കിയെടുത്ത്‌ മുഖം കഴുകി.

കുപ്പി യഥാസ്ഥാനത്ത്‌ വച്ചിട്ട്‌ അവന്‍ പോക്കറ്റില്‍ നിന്നും രണ്ടു രൂപയെടുത്ത്‌ എനിക്കു നേരെ നീട്ടി.

"നീയെന്നാ സത്യസന്ധനായത്‌.." അവന്‍ ഒന്നു ചിരിക്കുകയെങ്കിലും ചെയ്യട്ടെയെന്നു കരുതിയാണ്‌ ഞാനങ്ങനെ ചോദിച്ചത്‌.
"എന്താടാ പറ്റിയത്‌ നിനക്ക്‌"

അവന്‍ എന്റെ കൈവെള്ള ശക്തിയായി വലിച്ചടുപ്പിച്ച്‌ രണ്ടു രൂപ അതില്‍ അമര്‍ത്തി വച്ചിട്ട്‌ ഇറങ്ങിപ്പോയി. പത്രമോഫീസിലേക്കാണ്‌ അവന്‍ പോയത്‌.

ഞാന്‍ വായിക്കാതെയും തിരുത്താതെയും ആദ്യമായി ഒരു കഥ പടികയറുന്നു.

അവനെന്തോ പറ്റിയിട്ടുണ്ട്‌... എനിക്കുറപ്പായിരുന്നു.

മരപ്പടികള്‍ കയറുമ്പോള്‍ അവന്റെ മുഖത്ത്‌ എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെയുണ്ടായിരുന്നു. അവന്‍ കാണാതെ ഞാനും അവന്റെ പിന്നാലെ പോയി.

ഏറ്റവും മുകളിലത്തെ നിലയിലേക്കാണ്‌ അവന്‍ കയറിപ്പോകുന്നത്‌.

ദൈവമേ.... മംഗളം ഓഫീസിലിരിക്കുന്നത്‌ ഒരു പാവം ചെറുപ്പക്കാരനാ... രണ്ടാഴ്‌ചയേ ആയൊള്ളൂ ഈ സ്ഥലത്തുവന്നിട്ട്‌.

എന്തെങ്കിലും സംഭവിച്ചാല്‍ അന്വേഷണം തുടങ്ങുന്നത്‌ എന്നില്‍ നിന്നായിരിക്കും അമ്മയേയും പെങ്ങളേയും വല്യച്ചനേയും നോക്കേണ്ടുന്നത്‌ ഈ പെട്ടിക്കടവരുമാനത്തീന്നാ. അതും കൂടിപൂട്ടിയാല്‍ .. ദൈവമേ ഇവന്‌ നേര്‍ബുദ്ധി തോന്നിക്കണേ. ഞാന്‍ കഴുത്തിലിട്ടിരിക്കുന്ന കൊന്തയിലെ കുരിശ്‌ കൈവെള്ളയിലെടുത്ത്‌ മൂന്നു പ്രാവശ്യം മുത്തി. മരപ്പടികളില്‍ അവന്റെ കാല്‍പദം ശക്തിയായി വീഴുന്ന ശബ്ദം കേള്‍ക്കാം. ഉടുപ്പിന്റെ കൈ മസിലോളം തുറുത്തുകയറ്റിയിട്ടുണ്ട്‌. മസിലില്‍ കെട്ടിയിരിക്കുന്ന രക്ഷ പുറത്തുകാണാം

അനുമതി ലഭിക്കാന്‍ കാത്തുനില്‍ക്കാതെ അവന്‍ മുറിക്കകത്തേക്കു കയറിച്ചെന്നു. ഞാന്‍ മാറി കതകിനു മറഞ്ഞുനിന്നു. എന്തും സംഭവിക്കാം ... എന്റെ നെഞ്ച്‌ പിടഞ്ഞും. അല്‍പ്പസമയം ..

ഇല്ല ഒന്നും സംഭവിച്ചില്ല. കവര്‍ കൊടുത്തിട്ട്‌ അവന്‍ പെട്ടെന്ന് മരപ്പടികളിറങ്ങി താഴേക്കുപോയി... ഞാന്‍ താഴേക്കു ചെല്ലുമ്പോഴേക്കും അവന്‍ നിരത്തിലെ തിരക്കില്‍ അലിഞ്ഞില്ലാതായിക്കഴിഞ്ഞിരുന്നു. അല്‍പസമയത്തിനുശേഷം ഓഫീസിലെ ചെറുപ്പക്കാരനും പടികളിറങ്ങി. താഴേക്കുവന്ന് നിരത്തിലെ തിരക്കിലേക്ക്‌ ശ്രദ്ധിച്ച്‌ ആരെയോ നോക്കിനില്‍ക്കുകയും പിന്നെ നിരാശയോടെ മുകളിലേക്ക്‌ കയറിപ്പോകുകയും ചെയ്തു....

പിറ്റേന്ന് എല്ലാ പത്രങ്ങളിലും അസാധാരണമായ ഒരാത്മഹത്യയുടെ വാര്‍ത്തയുണ്ടായിരുന്നു... സ്വന്തം മരണവാര്‍ത്ത പത്ര- ഓഫീസില്‍ അറിയിച്ചിട്ട്‌ ആത്മഹത്യ ചെയ്ത ഒരു യുവാവിനെക്കുറിച്ച്‌(മനോരമയില്‍ "അസാധാരണം ഈ ആത്മഹത്യ" എന്ന അടിക്കുറിപ്പോടെ യുവാവിന്റെ ശരീരം പോസ്‌റ്റുമാര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക്‌ കയറ്റുന്ന ഫോട്ടോയും ഇന്‍സൈറ്റില്‍ പരേതന്റെ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും ഉണ്ട്‌)

മംഗളം ഓഫീസില്‍ മരണവാര്‍ത്തയ്ക്കൊപ്പം നല്‍കിയ പരേതന്റെ കുറിപ്പില്‍ നിന്ന്...

സര്‍, എന്റെ കഥ(ഫോട്ടോയുള്‍പ്പെടെ) ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവരികയെന്നത്‌ എന്റെ സ്വപ്നമായിരുന്നു. അങ്ങനെ എനിക്ക്‌ വലുതല്ലെങ്കിലും ഒരു ചെറിയ കഥാകൃത്താകാമായിരുന്നു സര്‍. പക്ഷേ നിങ്ങള്‍ (എല്ലാ പത്രാധിപന്മാരും) ലോട്ടറിവില്‍പ്പനക്കാരന്റെ അനൌണ്‍സ്‌മന്റ്‌ പോലെ എന്നെ പ്രലോഭിപ്പിക്കുക മാത്രമായിരുന്നല്ലോ സാര്‍ ചെയ്തത്‌.

എങ്കിലും താങ്കളുടെ പത്രത്തോട്‌ എനിക്ക്‌ നന്ദിയുണ്ട്‌ സാര്‍. മരണം സൌജന്യമാക്കിയതിന്‌. .. പട്ടിണികിടക്കുന്നവനും നാലുപേരറികെ മരിക്കാന്‍ അനുവദിച്ചതിന്‌(മംഗളത്തില്‍ ചരമവാര്‍ത്തയും ഫോട്ടോയും സൌജന്യമാക്കുന്നു-വാര്‍ത്ത) നന്ദിയുണ്ട്‌ സാര്‍.. ഒരുപാട്‌...ഒരുപാട്‌... ഇതും എന്റെ സ്വപ്‌നവും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും എന്ന് താങ്കള്‍ക്കിപ്പോള്‍ സംശയം തോന്നിയുണ്ടാവുമല്ലേ സാര്‍... എന്റെ സ്വപ്നം സാക്ഷാത്‌കരിക്കന്‍ ഇനി താങ്കളുടെ പത്രത്തിനേ കഴിയുകയുള്ളൂ. ഗതി കെട്ടാല്‍ പുലിക്ക്‌ എന്തും തിന്നാമല്ലോ സാര്‍. എന്റെ ഫോട്ടോയിലേക്കും അക്ഷരങ്ങളിലേക്കും ഇന്നു രാത്രി അച്ചടിമഷിയുടെ കുളിര്‍മ്മ പടരുമ്പോള്‍ ഞാന്‍ സന്തോഷിക്കട്ടെ സാര്‍. എന്റെ സ്വപ്‌നം ഇങ്ങനെയെങ്കിലും സാക്ഷാത്‌കരിക്കാന്‍ കഴിഞ്ഞതിന്‌.

പ്രിയപ്പെട്ട ഗോപകുമാര്‍,

ദൈവത്തിന്റെ മുന്തിരിത്തോട്ടത്തില്‍ ശാന്തി ദൂതനായി നീ യാത്രയായി.... ഒരിക്കലും മരിക്കാത്ത നിന്റെ ഓര്‍മ്മകളുമായി നിന്റെ ഈ സുഹൃത്ത്‌ ഇന്നും ജീവിക്കുന്നു. ക്ലാസിഫൈഡ്‌ പേജുകൂടി സൌജന്യമാക്കുന്നതും കാത്ത്‌... എന്തിനെന്നാല്‍ നിനക്കൊരു സൌജന്യ സ്മരണാഞ്ജലി അര്‍പ്പിക്കാന്‍....

ബിജി തോമസ്‌