തര്‍ജ്ജനി

രാംദാസ് മേനോന്‍

മെയില്‍: ramdasmenon@yahoo.com
വെബ്ബ് സൈറ്റ്: www.ekaagra.com

Visit Home Page ...

സംഗീതം

ഡി.കെ.പട്ടമ്മാള്‍: സംഗീതത്തില്‍ ഒരു ജീവിതം

ഇക്കഴിഞ്ഞ ആഴ്ചയില്‍ അമരത്വം വരിച്ച ഡി.കെ.പട്ടമ്മാള്‍ കര്‍ണ്ണാടകസംഗീതത്തിലെ സ്ത്രീ-ത്രിമൂര്‍ത്തികളിലെ ജീവിച്ചിരിപ്പുണ്ടായിരുന്ന അവസാനത്തെ അംഗമായിരുന്നു. ത്രിമൂര്‍ത്തികളിലെ മറ്റു് രണ്ടു് പേര്‍ എം.എസ്. സുബ്ബലക്ഷ്മിയും എം.എല്‍.വസന്തകുമാരിയുമായിരുന്നു. ഇക്കഴിഞ്ഞ നാളുകളില്‍ മാദ്ധ്യമങ്ങളില്‍ പട്ടമ്മാള്‍ക്കു് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എന്റെ ഈ കുറിപ്പു് നിരൂപണമോ പഠനമോ അല്ല, മറിച്ചു് വൈയക്തികമായ പ്രതീതികളുടെ വിനീതസമര്‍പ്പണം മാത്രമാണ്.

ഭക്തിഭാവത്തില്‍ ആമഗ്നമായ കൃതികളുടെ ആലാപനത്തിലൂടെയും ഭജനങ്ങളിലൂടെയുമാണു് എം.എസ്.സുബ്ബലക്ഷ്മി ആസ്വാദകഹൃദയം കീഴടക്കിയതെങ്കില്‍ ലളിതസൂക്ഷ്മമായ പല്ലവികളിലൂടെയും സങ്കീര്‍ണ്ണമായ താളത്തിലൂടെയാണു് എം.എല്‍.വസന്തകുമാരി സഹൃദയചിത്തത്തെ വിസ്മയഭരിതരാക്കിയതു്. എം.എസ്സിന്റെ സംഗീതസദ്യയില്‍ തിളക്കമാര്‍ന്ന ഒരു പല്ലവി കേള്‍ക്കാനാവില്ല, പക്ഷെ ആ സംഗീതം നേരിട്ട് ഹൃദയത്തില്‍ പ്രവേശിക്കുന്നു. എന്നുമല്ല, അവരുടെ സ്വരമാധുരി അനന്യലഭ്യമായിരുന്നു, എത്ര പ്രായമായിരുന്നപ്പോഴും. ആലാപനത്തിന്റെ സാങ്കേതികത്തികവുകൊണ്ടു് എം.എല്‍.വസന്തകുമാരി ആസ്വാദകരെ വിസ്മയിപ്പിക്കുകയും വരാനിരിക്കുന്ന ഓരോ നിമിഷത്തിലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നു് അവര്‍ ശ്രോതാക്കളുടെ ഊഹത്തിനു പോലും വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു. കച്ചേരിക്കുള്ള യാത്രയില്‍, കാറില്‍ വെച്ച് പല്ലവികളിലെ മനോധര്‍മ്മം പരിശീലിക്കുന്ന കുസൃതിനിറഞ്ഞ ശീലം അവര്‍ക്കുണ്ടായിരുന്നു. ഇത് അറിയാവുന്ന പക്കമേളക്കാര്‍ പ്രാര്‍ത്ഥനയോടെയാണു് വേദിയില്‍ കയറിയിരുന്നതു്. അത്ഭുതാവഹമായ ശബ്ദമായിരുന്നു അവരുടേത്. താരസ്ഥായി പ യില്‍ പറന്നുയരുകയും അതിദ്രുതമായി താളനടകളിലൂടെ വഴുതിയിറങ്ങുകയും ചെയ്തു് അവര്‍ രസികരെ വിഭ്രമിപ്പിക്കുക തന്നെ ചെയ്തു. അതായിരുന്നു, എം.എല്‍.വി എന്ന എം.എല്‍.വസന്തകുമാരി, പ്രോജ്ജ്വലവും പ്രവചനാതീതവുമായ സാക്ഷാല്‍ പ്രതിഭ.

ഡി.കെ.പട്ടമ്മാള്‍ മേല്പറഞ്ഞ രണ്ടു് പ്രതിഭകളുടേയും സവിശേഷതകളുടെ സമതുലനം പ്രകടമാക്കി. എം.എസ്സിന്റേയോ എം.എല്‍.വിയുടേയോ കച്ചേരിയിലെ മനസ്സാന്നിദ്ധ്യമോ മധുരശബ്ദമോ അവര്‍ക്കുണ്ടായിരുന്നില്ല. എം.എല്‍.വിയുടെ ജാജ്ജ്വല്യമാനമായ വേഗവുമായി കണക്കാക്കിയാല്‍ അവരുടേത് തികച്ചും ഒരു മദ്ധ്യമഗണത്തില്‍ പെട്ടതായിരുന്നു. അവരുടെ ശബ്ദത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെ തോന്നല്‍, അത് ആഴമേറിയതും ലോ പിച്ചിലുള്ളതുമാണു് എന്നതായിരുന്നു. ഉസ്താദ് ആമീര്‍ഖാന്‍, എം.ഡി.രാമനാഥന്‍ എന്നിവരുടേതു പോലെ അവരുടെ ശബ്ദം ഗായകരുടെ പതിവു് ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു.

എങ്കിലും ഒരു ഗായികയെന്ന നിലയില്‍ അവര്‍ സ്വയം സ്ഥാപിച്ചെടുത്തു. കാരണം, അവരുടെ സംഗീതം ഹൃദയാന്തരങ്ങളില്‍ നിന്നും ഉറന്നൊഴുകിയതായിരുന്നു. സംഗീതത്തിന്റെ സോപാനത്തിലെത്തുന്നതിനു മുമ്പ് നിരവധി ക്ലേശകരമായ കടമ്പകള്‍ അവര്‍ക്കു് പിന്നിടേണ്ടി വന്നിരുന്നു. ആ ക്ലേശകരമായ നാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം തന്നെ ധാരാളം എഴുതപ്പെട്ടതാണെന്നതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. സുചിന്തിതവും മനനം ചെയ്തതുമായ പല്ലവികളാണുഅ അവരുടേതു്. അവയെല്ലാം കഠിനാദ്ധ്വാനത്തിന്റേയും സമര്‍പ്പണത്തിന്റേയും മുദ്രകള്‍ വഹിക്കുന്നവയുമാണു്. രാഗം,താനം,പല്ലവിയുടെ വിപല്‍ക്കരമായ പഥത്തില്‍ സഞ്ചരിച്ച ആദ്യഗായികയായിരുന്നു, അവര്‍. ആദരപൂര്‍ണ്ണമായ അംഗീകാരം ആ സഞ്ചാരത്തില്‍ അവര്‍ നേടിയെടുത്തു. അക്കാലത്തെ കേളികേട്ട വയലിന്‍വായനക്കാരോ മൃദംഗവാദകരോ അവര്‍ക്കോ എം.എല്‍.വിക്കു വേണ്ടിയോ പക്കമേളം വായിച്ചിരുന്നില്ല. മികച്ച പ്രതിഫലം കിട്ടുമായിരുന്നില്ല എന്നതിനേക്കാള്‍ സ്വന്തം കളിയില്‍ അവര്‍ പരാജയപ്പെടും എന്നു് കരുതിയിരുന്നതിനാലായിരിക്കാം ഇതെന്നാണു് ഞാന്‍ കരുതുന്നതു്. പല്ലവിയില്‍ പട്ടമ്മാളുടെ സിദ്ധിവിശേഷം അത്രത്തോളം മഹനീയം തന്നെയായിരുന്നു. ദീക്ഷിതര്‍ക്കൃതികളുടെ അവരുടെ വൈദുഷ്യം അപാരമായിരുന്നു. ദീക്ഷിതരുടേതതു് മാത്രമല്ല, മറ്റുള്ളവരുടെ കൃതികളുടേതായാലും അവരുടെ ആലാപനം ശാസ്ത്രീയസംഗീതത്തിന്റെ കൃത്യത പുലര്‍ത്തിയതും അവരുടെ പാട്ടിലൂടെ ആ കൃതി പഠിക്കാന്‍ സഹായിക്കുന്നതുമായിരുന്നു. അത്രമേല്‍ സ്ഫടികശുദ്ധി അവരുടെ ആലാപനത്തിനുണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്തു് ഒരു കാസറ്റില്‍ സന്ദേഹമുയല രാമാ എന്ന കല്യാണിരാഗത്തിലെ കൃതി അവര്‍ പാടിയതു് കേട്ടതായി ഓര്‍ക്കുന്നു. കല്യാണിരാഗത്തിന്റെ സത്ത അവര്‍ അവതരിപ്പിച്ചുകേട്ടതോടെ, സംഗീതത്തില്‍ നിരക്ഷരനായ ഞാന്‍, എവിടെ ആ രാഗം കേട്ടാലും തിരിച്ചറിയാവുന്ന വിധത്തില്‍ എന്നില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. അവരുടെ സംഗീതത്തിന്റെ സവിശേഷകളിലൊന്നു് അതാണു്. പണ്ഡിതസഹൃദയനും സാധാരണക്കാരനും ആസ്വദിക്കാവുന്ന വിധത്തിലുള്ളതായിരുന്നു, അവരുടെ സംഗീതം. ആ സംഗീതസദ്യയില്‍ നിന്നും എല്ലാവക്കും വല്ലതുമൊക്കെ കൈക്കൊള്ളാനുണ്ടാകുമായിരുന്നു.

അവരുടെ കലാജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നു് 1970ല്‍ അവര്‍ക്കു് മദിരാശി മ്യൂസിക്ക് അക്കാദമിയില്‍ നിന്നും ലഭിച്ച സംഗീതകലാനിധി പട്ടമാണു്. കൌതുകകരമായ കാര്യം, പട്ടമ്മാള്‍ പാടി പ്രശസ്തമാക്കുകയും അവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്ത പാപനാശം ശിവന്റെ കൃതികളുടെ കര്‍ത്താവായ വാഗ്ഗേയകാരനു് പ്രസ്തുത പട്ടം ലഭിക്കുന്നതു് തൊട്ടടുത്ത വര്‍ഷമാണു് !

സ്വന്തം സഹോദരനും ശിഷ്യനുമായ ഡി.കെ.ജയരാമന്‍ സ്വയം ഒരു സംഗീതജ്ഞനായി വളരുന്നതും അംഗീകരിക്കപ്പെടുന്നതും കാണാന്‍ അവര്‍ക്കു് ഭാഗ്യമുണ്ടായി. സഹോദരിയുടെ പിന്നണിവായ്പാട്ടുകാരനായി തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട് സംഗീതലോകത്തെ കുലപതിയായി മാറുകയും കര്‍ണ്ണാടകസംഗീതലോകത്തെ പരമോന്നതപദവിയായ സംഗീതകലാനിധി പട്ടം നേടുകയും ചെയ്തു. ഒരു സഹോദരനും സഹോദരിയും ഈ പട്ടം നേടുന്നതു് ആദ്യമായാണു്, ഒരു പക്ഷെ അവസാനമായും! അവരുടെ പേരക്കുഞ്ഞ് നിത്യശ്രീ കര്‍ണ്ണാടകസംഗീതലോകത്തു് പ്രശസ്തിയിലേക്കുയരുന്നതു് കാണാനും അവര്‍ക്ക് ഭാഗ്യമുണ്ടായി.

ഡി.കെ.പട്ടമ്മാളുടേതു് മഹത്തായ വിജയത്തിന്റേയും സമുന്നതമായ നേട്ടത്തിന്റേതുമായ ജീവിതമാണു്. അസംഖ്യം ആരാധകരുടെ മനസ്സില്‍ അവര്‍ എക്കാലവും ജീവിക്കും.

Subscribe Tharjani |
Submitted by വികടശിരോമണി (not verified) on Tue, 2009-08-04 23:09.

ഡി.കെ.യുടെ സംഗീതം കൃത്യമായി ഓര്ത്ത‍ കുറിപ്പിനു നന്ദി.വസന്തകുമാരിയുടേയും സുബ്ബലക്ഷ്മിയുടേയും ഓര്മ്മ‍കളോടു ചേര്ത്തു‍ വായിച്ചതും ഉചിതമായി.അവരെ രണ്ടുപേരെപ്പോലെയും ഒരു ആവേശമായിരുന്നില്ല പട്ടമ്മാള്‍.പക്ഷേ,സമ്പ്രദായഭംഗിയുള്ള ആ സംഗീതത്തിന്,രാഗഭാവത്തിന്റെ മുഴുവന്‍ സത്തയേയും സംവഹിക്കാനുള്ള ഒരു അപൂര്‍വ്വസിദ്ധി ജന്മായത്തമായിരുന്നു എന്നാണെന്റെ തോന്നല്‍. കല്യാണിയും ശങ്കരാഭരണവും തോടിയും ഒക്കെ,പട്ടമ്മാളുടെ കയ്യില്‍ സമഗ്രമായ ഒരു ചിത്രം ആര്ജ്ജി‍ക്കുന്നത് കേട്ട് വിസ്മയിക്കാതെ കടന്നുപോകാനാവില്ലായിരുന്നു.വിവിധ ഗതികളില്‍ വിന്യസിക്കപ്പെടുന്ന താളശില്പങ്ങളില്‍ പട്ടമ്മാള്‍ കൈവരിച്ചിരുന്ന അസമാന്യമായ കയ്യടക്കം ഒരു എം.ഡി.ആറിലോ,ജി.എന്‍.ബിയിലോ അല്ലാതെ ഈ അളവില്‍ കണ്ടിട്ടില്ല.
ആ പാവനസ്മരണക്കു മുന്നില്‍ തലകുനിക്കുന്നു.

Submitted by Venkitesh (not verified) on Tue, 2009-08-11 16:17.

ഡി കെ പട്ടമ്മാളിന്റെ സംഗീതത്തെ അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ വിശകലനം ചെയ്യുന്ന രാമദാസിന്റെ ലേഖനം സാധാരണ മലയാള സംഗീതമെഴുത്തില്‍ കാണാത്ത ഒരു വസ്തുനിഷ്ഠ സമീപനം കൊണ്ടും ശ്രദ്ധേയമാണ്. ഇത് പോലുള്ളചിന്തോദ്ദീപകമായ ലേഖനങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു.