തര്‍ജ്ജനി

ന്യൂ ഇയറിലെ നാലുദിവസങ്ങള്‍

01-01-2003

ഒട്ടേറെ പ്രതീക്ഷകള്‍ നിറച്ചുകോണ്ട്‌ വീണ്ടും ഒരു പുതുവര്‍ഷം കൂടി വന്നെത്തുകയാണ്‌. സംഭവബഹുലമായ ദിനരാത്രങ്ങളിലൂടെ ജീവിതത്തിന്റെ ദശാസന്ധികള്‍ തെന്നി നീങ്ങുകയാണ്‌. സമയത്തിന്റെ നിയതമായ പ്രവാഹം ഈ ലോകത്തോടൊപ്പം എന്നെയും ഒഴുക്കിക്കൊണ്ട്‌ പോകുന്നു. ഒഴുക്കിന്റെ വേഗത കൂടുതലാണന്ന് ഞാനറിയുന്നതിനോടൊപ്പം അതിനെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ നിസ്സഹയതയും ഞാന്‍ അറിയുന്നു. അനന്തമായ സമയത്തെ അതിര്‍ വരമ്പുകള്‍ തീര്‍ത്ത്‌ ഒരു ചാക്രിക പ്രവാഹമായി ഞാനെന്റെ വാച്ചിലും ടൈംപീസിലും തളച്ചിടുന്നുവെങ്കിലും അതിന്റെ അന്തമില്ലായ്മ എന്നെ ഏറെ ഭയപ്പെടുത്തുന്നു. ഞാന്‍ ചിന്തിക്കുകയാണ്‌. എനിക്ക്‌ ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല. എന്റെ സമയം എന്റേതു മാത്രമാണ്‌. നിങ്ങളുടേത്‌ നിങ്ങളുടേതും. എവിടെ നിന്നു തുടങ്ങിയെന്നോ എവിടെ അവസാനിക്കുന്നുവെന്നോ അറിയാതെ സമയം എന്ന പ്രത്രിഭാസം എന്റെ ചിന്തകളെ കീറിമുറിക്കുകയാണ്‌. തലച്ചോറുകളില്‍ മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപോകുന്ന എന്റെ ചിന്തകള്‍ വിസ്മൃതിയിലാഴും മുമ്പ്‌ എനിക്ക്‌ എഴുതിവെക്കാനായെങ്കില്‍....

ഇന്ന് എന്തൊക്കെയാണ്‌ സംഭവിച്ചത്‌. ഉണരുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്ത മറ്റേതൊരു ദിവസത്തെപ്പോലെ ഇന്നും... അല്ല അല്ലേയല്ല. ഇന്ന് ചിന്തകളുടെ വേലിയേറ്റമുണ്ടായിരുന്നു. വേലിയിറക്കവും അവയൊന്നും ഞാനെഴുതിയില്ലല്ലോ.. ഞാനെന്താണിങ്ങനെ...

02-01-2003

മറ്റൊരു പകല്‍ ശരവേഗത്തില്‍ പാഞ്ഞുപോകുന്ന സെക്കന്റുകള്‍, മിനിട്ടുകള്‍, മണിക്കൂറുകള്‍... എന്റെ വയസ്‌ ഒരുദിവസം കൂടി പിന്നിട്ടിരിക്കുകയാണ്‌. ആയുസിന്റെ വൃക്ഷത്തില്‍ നിന്ന് ദിവസത്തിന്റെ ഒരില കൂടി പൊഴിഞ്ഞുവീണിരിക്കണം. ഗ്രേയ്റ്റിന്‍ വാഷ്‌ ചെയ്തു കൊണ്ടുവന്ന ഫോട്ടോസില്‍ രാജയുടെ ഫോട്ടോ കണ്ടപ്പോള്‍ ഉള്ളിലൊരുനൊമ്പരമുണ്ടായി. ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിലുള്ള നൂല്‍പ്പാലത്തില്‍ ഒന്നുമറിയാതെ കോമയില്‍ കിടക്കുന്ന ഞങ്ങളുടെ പ്രിയ സുഹൃത്തിന്‌ നല്‍കാന്‍ പ്രാര്‍ത്ഥനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ മോഹങ്ങളുടെയും പ്രതീക്ഷകളുടെയും മേലെ വഴിതെറ്റിയ ആ മാരുതിക്കര്‍ പാഞ്ഞുകയറുമ്പോള്‍ അവനൊന്നുംകണ്ടിരിക്കില്ല. അവനൊന്ന് ശബ്ദിച്ചുപോലുമില്ലെന്നാണ്‌ അനില്‍ പറഞ്ഞത്‌. നിമിഷങ്ങള്‍ക്കുള്ളില്‍,പെട്ടന്ന് ഞൊടിയിടയില്‍ എന്തൊക്കെയോ പറയാവുന്ന സമയത്തിന്റെ ഏതോ ഫ്രാക്ഷനില്‍ ഇതൊക്കെ സംഭവിച്ചിട്ടുണ്ടാവണം.

മിനുട്ടുകള്‍ കൊണ്ട്‌.... സെക്കന്റുകള്‍ കൊണ്ട്‌ തകിടം മറിയുന്ന ജീവിത പ്രതീക്ഷകള്‍,മോഹങ്ങള്‍,മോഹഭംഗങ്ങള്‍. ജീവിതത്തിന്റെ വ്യര്‍ത്ഥത ഞാന്‍ തിരിച്ചറിയുന്നു. വിധിയെന്ന അര്‍Uപിയുടെ ലീലാവിലാസങ്ങള്‍. വഴിയില്‍ ഒന്നിടറിവീണാല്‍,അലക്ഷ്യമായി നടക്കുമ്പോള്‍ അരികിലുള്ളമതിലിലൊന്ന് തലയിടിച്ചാല്‍ മുറിഞ്ഞുപോയേക്കാവുന്ന തലമുടിയേക്കാള്‍ കനം കുറഞ്ഞ ഒട്ടേറെ നാഡീവ്യൂഹങ്ങളാണ്‌ തലച്ചോര്‍ന്റെ സിരാകേന്ദ്രത്തെയും മറ്റ്‌ ശാര്‍Iരികാവയവങ്ങളെയും ബന്ധിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ്‌ കിംസിലെ ന്യൂറോ സര്‍ജന്‍ പറഞ്ഞത്‌. ഇത്രയും ദുര്‍ബലനായ മനുഷ്യന്‍ അഹന്തയുടെ പെരുംതൂണില്‍ കയറി ധാര്‍ഷ്‌ട്യത്തോടെ ലോകത്തെ വെല്ലുവിളിക്കുമ്പോള്‍ എനിക്ക ആത്മനിന്ദതോന്നുന്നു. അനിവാര്യമായവിധി അശനിപാതംപോലെ സംഭവിക്കുമ്പോള്‍ അശുവായി ചുരുങ്ങി സമയമില്ലാതാകുന്നവന്‍

03-01-2003

ഇന്ന് പത്രോസ്‌ വന്നിരുന്നു. ആല്‍ഫസ്‌ പത്രോസ്‌ എന്ന പത്രോച്ചന്‍ ഒരു തികഞ്ഞ സഞ്ചാരിയായിരുന്നു.

ജീവിതത്തീന്റെ പരസ്യപ്പലകകളില്‍ ഒരു ബിസിനസ്സ്മാന്‍ എന്നു വിശേഷിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍. ഇപ്പോള്‍ സുഗന്ധദ്രവ്യങ്ങള്‍ വാറ്റുന്ന ഒരുവ്യവസായത്തിന്റെയും മണല്‍ ബിസിനസിന്റെയും പങ്ക്‌കാരില്‍ ഒരാളാണത്രെ ഒരോപ്രാവശ്യം പത്രോച്ചന്‌ ഓരോകാര്യങ്ങളാവും പറയാനുണ്ടാവുക. ഇക്കുറി സുഗന്ധദ്രവ്യങ്ങളെക്കുറിച്ചും അതില്‍ നിന്നുണ്ടാക്കുന്ന തൈലത്തെക്കുറിച്ചും വചാലനായി. വഴിതെറ്റിയചര്‍ച്ച സാഹിത്യത്തിലും സിനിമയിലും ദാര്‍ശനികപ്രശ്നങ്ങളിലും ചെന്നടുക്കുക പതിവാണ്‌. പത്രോച്ചന്‌ വഴങ്ങാത്തവിഷയങ്ങളില്ല. അസാധാരണമായ മെമ്മറിയുള്ള ഒരു ക്വിസ്‌ മാസ്റ്റര്‍. ബിബിസി മാസ്‌റ്റര്‍ മൈന്‍ഡില്‍ പങ്കെടുത്തതിന്റെ ദൃക്സാക്ഷി വിവരണം കേട്ടു.

പിന്നെ നരൂദയെയും കാഫ്കയെയും കുറിച്ച്‌ സംസാരിക്കുന്ന പത്രോച്ചന്റെ കൂട്ടുകാരിയെക്കുരിച്ചും കൌതുകത്തോടെ കേട്ടു. ഒരു ബുദ്ധിജീവി സൌഹൃദത്തെക്കാള്‍ അത്‌ വളര്‍ന്നിരിക്കുന്നുവോ എന്നെനിക്ക്‌ സംശയം തോന്നിയെങ്കിലും പത്രോച്ചനോടത്‌ പറഞ്ഞില്ല.

04-01-2003

അജയനെ കാത്തിരിക്കുമ്പോള്‍ പത്രൊച്ചനുമായി വെറുതെ സംസാരിച്ചുകൊണ്ടിരുന്നു. പ്രവാചകകാലഘട്ടത്തിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്‌ ഇന്നത്തെ സാമ്പത്തിക ശാസ്ത്രമെന്നും അത്‌ കൊണ്ട്‌ 'പലിശ' അത്ര വലിയതെറ്റ്‌ അല്ലന്നും ഒരു ബിസിനസ്സ്മാന്റെ മെയ്വഴക്കത്തോടെ സമര്‍ത്ഥിക്കാന്‍ പ്രത്രോച്ചന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പലിശനഷ്ടപ്പെടുത്തുന്ന മനുഷ്യത്വത്തെക്കുറിച്ചും മനുഷ്യനെ കേവലം ബിസിനസ്സ്മൈന്‍ഡ്‌ ക്രിയേച്ചര്‍ ആക്കുന്നപലിശയുടെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച്‌ സംസാരിച്ച്‌ ഞങ്ങളിടഞ്ഞു. ഒടുവില്‍ നീ നിന്റെ വൃത്തത്തില്‍ക്കൂടി മാത്രമാണ്‌ ചിന്തിക്കുന്നത്‌ എന്നുപറഞ്ഞ്‌ പത്രോച്ചന്‍ തലയൂരി.

ഉച്ചയ്ക്ക്‌ അജയനെത്തി ഐ എ എസ്‌ എന്ന മൂന്നക്ഷരം സ്വ്പ്നം കണ്ട്‌ നടക്കുന്ന ബ്യൂറോക്രാറ്റുകളുടെ അധികാരക്കസേരയിലിരുന്ന് ലോകം മാറ്റിമറിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ധിഷണാശാലി. പക്ഷേ ഞങ്ങളുടെ കണ്ണില്‍ അജയന്‍ സെമിക്രാക്കാണ്‌. അസാധാരണമായ കാര്യങ്ങളില്‍ കൌതുകം കണ്ടെത്തുകയും വൈചിത്ര്യത്തോടെ പെരുമാറുകയും ചെയ്യുന്ന അജയന്‍ എന്നും വ്യത്യസ്ത്നായിരുന്നു. ഫിംഗര്‍പ്രിന്റ്‌ നോക്കി ഭാവിപ്രവചിക്കുന്ന സ്വാമിജിയുടെ സത്യം പര്‍Iക്ഷിക്കലായിരുന്നു അജയന്റെ ഇത്തവണത്തെ അവതോരോദ്ദേശം

ഉച്ചയ്‌ക്ക്‌ 'അല്‍ സാജി'ല്‍ നിന്ന് ഒരുമിച്ച്‌ ഊണുകഴിച്ച്‌ അജയനെ യാത്രയാക്കി . ഗ്രേറ്റിനും ബിജേഷും പത്രോസുമൊന്നിച്ച്‌ ശംഖുമുഖത്തേക്ക്‌ തിരിക്കുമ്പോള്‍ മണി നാലര കഴിഞ്ഞിരുന്നു. അസ്തമയത്തിന്റെ നിറഭേദങ്ങളില്‍ കാര്‍മേഘപാളികള്‍ക്കിടയില്‍ നിന്ന് പൊടുന്നനെ ചാടിവീണ സൂര്യന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കുറെ നിഴല്‍ ചിത്രങ്ങള്‍ ക്യാമറയിലാക്കി.

അത്താഴം സ്വിസ്‌ കഫേയില്‍ നിന്നായിരുന്നു. കടല്‍ക്കാറ്റേറ്റത്‌ കൊണ്ടാണോ എന്നറിയില്ല എനിക്ക്‌ ശര്‍ദിയും കലശലായ വയറ്റുവേദനയുമുണ്ടായി. വേദനകൂടി ഞാന്‍ മരിക്കുമെന്നു തോന്നി. പുതുവര്‍ഷത്തില്‍ തന്നെയാവും അന്ത്യമെന്ന് ഞാന്‍ കരുതി. പക്ഷേ ഞാന്‍ മരിച്ചില്ല ഇപ്പോഴും ജീവിച്ചിരിക്കുന്നു.

അനസ്