തര്‍ജ്ജനി

മോഡല്‍

ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള അടങ്ങാത്ത വെമ്പലോടെ അയാള്‍ പുതുപുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. മുത്തു പറ്റിപിടിച്ചിരുന്ന വിയര്‍പ്പിന്റെയും മേക്കപ്പ്‌ പൌഡറിന്റെയും സമ്മിശ്രിതത്തിന്റെ പാളി അടര്‍ത്തി മാറ്റുന്നതിനിടയിലാണ്‌ മാനേജര്‍ വിളിക്കുന്നുവെന്ന അറിയിപ്പു ലഭിച്ചത്‌. അത്തരമൊരു വിളി പലപ്പോഴും അപരിചിതമായൊരു തുറസ്സിലേക്കുള്ള വഴിത്തിരിവാകുന്നുവല്ലോയെന്നൊര്‍ത്തപ്പോള്‍ അയാളുടെ മനസ്സൊന്നു ചിണൂങ്ങി.

രാവിലെ മുതലുള്ള നില്‍പ്പു കാരണം പെരുത്തു പോയ കാലടികള്‍ പെറുക്കി വെച്ച്‌ മുന്നാം നിലയിലുള്ള മാനേജരുടെ മുറിയിലേക്ക്‌ അയാള്‍ നടന്നു. അനൂപ്‌ മോനെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍ നീക്കി വച്ച സമയമിങ്ങനെ ചോര്‍ന്നു പോകുന്നുവെല്ലൊയെന്നൊര്‍ത്തപ്പോള്‍ മനസ്സിന്റെ സമതലങ്ങളില്‍ ഒരു സങ്കട മഴ ചാറാന്‍ തുടങ്ങി.

പുറത്തപ്പോഴും മഴയുണ്ടായിരുന്നു.

കണ്ണാടി കൂടിലെ ചലന്മറ്റ നില്‍പ്പിനിടയില്‍ മഴ പല രൂപത്തിലും ഭാവത്തിലും അയാളുടെ മുന്നില്‍ വരാറുണ്ട്‌. ചിലപ്പോള്‍ മുടിയഴിച്ചാടുന്ന പെണ്ണാളായി, കോപത്തിന്റെ കനല്‍ കണ്ണില്‍ ഒളിപ്പിച്ച പര ദേവതയായി, കൊമ്പുകുലുക്കിയെത്തുന്ന കരിവീരനായി....

മഴയിലുടെ പിതൃക്കള്‍ അയാളെ തേടി എത്തി തുടങ്ങിയത്‌ ഇന്നു ഉച്ചക്ക്‌ മുതല്‍ക്കാണ്‌. ഒരു മഹാ വൃക്ഷം പോലെ നിന്ന ഇന്നത്തെ മഴയുടെ കറൂത്തിരുണ്ട ചില്ലകളിലൊന്നില്‍ അകാലത്തില്‍ യാത്രമൊഴി ചൊല്ലിയ അഛന്റെ കാലുകളാണ്‌ ആദ്യം കണ്ടത്‌. കുടിപള്ളിക്കൂടത്തില്‍ പഠിച്ചു കൊണ്ടിരുന്ന നാളിലെ മഞ്ഞു പ്രഭാതത്തില്‍ ചായ്പ്പില്‍ കണ്ട അതേ ഭീകരതയോടും തെളിമയോടും. വെള്ളയില്‍ നീല വരകളുള്ള കൈലിക്കടിയില്‍ തൂങ്ങിയാടുന്ന നീളന്‍ ചെങ്കല്‍ കല്ലുകള്‍ പോലെയുള്ള പാദങ്ങളിലേക്ക്‌ ഒന്നേ നോക്കിയുള്ളു അന്നും ഇന്നും. തലചുറ്റല്‍ നിയന്ത്രിച്ചു നിര്‍ത്താനായി, പക്ഷേ വികൃതമായൊരു ശബ്ദം കണ്ണാടി കൂടില്‍ നിന്ന്‌ ഭാഗികമായി ബഹിര്‍ഗമിച്ചു.

എന്താ എന്തു പറ്റിയെന്ന അന്വേഷണവുമായി കാവല്‍ക്കാരനെത്തുമ്പോള്‍ മുന്നില്‍ അഛനുണ്ടായിരുന്നില്ല. മരവും. കണ്ണെത്തും ദൂരത്തെങ്ങും നരച്ച മഴ. മഴ മാത്രം. കാവല്‍ക്കാരന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മഴയില്‍ കുതിരാത്ത കണ്ണുകളൂമായി വിദൂരതയിലേക്ക്‌ അലിവില്ലാതെ നിശബ്ദം നോക്കി നിന്ന്‌ അയാള്‍ മറുപിടി പറഞ്ഞു. എവിടെ നിന്നാണ്‌ ആ ശബ്ദം കേട്ടതെന്നു തിരിച്ചറിയാന്‍ കഴിയാത്തതിലുള്ള അരിശവുമായി കാവല്‍ക്കാരന്‍ അമര്‍ത്തി ചവിട്ടി തിരിച്ചു നടക്കുമ്പോള്‍ മേലാവില്‍ നിന്നൊരു വിളി പ്രതീക്ഷിച്ചതായിരുന്നു അയാള്‍.

കണ്ണാടി കൂടിലെ ജീവിയുടെ മേല്‍ ഒരു കണ്ണു വേണമെന്ന മാനേജരുടെ നിര്‍ദ്ദേശം അതിരു കവിഞ്ഞ സന്തോഷത്തോടെ എന്നും നിറവേറ്റി പോന്നിരുന്നു മധ്യവയസ്സ്ക്കനായ കാവല്‍ക്കാരന്‍. എതൊരു ചെറിയ പിഴവും കൊടുമുടിയാക്കി മാനേജരുടെ കാതിലെത്തിക്കുന്നതില്‍ കാവല്‍ക്കാരനൊരു പ്രത്യേക ആനന്ദം അനുഭവിക്കുന്നതായി അയാള്‍ക്ക്‌ തോന്നാറുണ്ട്‌

വാക്കുകളും വികാരങ്ങളും വിഴുങ്ങാനും ജീവന്റെ അടിസ്ഥാന പ്രമാണമായ ചലനത്തെ ചങ്ങലക്കിടാനുമുള്ള കഴിവാണ്‌ ഈ ജോലിയക്ക്‌ ഒഴിച്ചു കൂടാന്‍ പാടില്ലാത്തതെന്ന്‌ കമ്പനി അധികൃതര്‍ 'മോഡലിനെ ആവശ്യമുണ്ടെന്ന്‌'കാണിച്ച്‌ നല്‍കിയ പരസ്യത്തില്‍ തന്നെ വ്യ്കതമാക്കിയിരുന്നു. ജീവിതവുമായുള്ള യാതൊരു കെട്ടുപാടൂകളും ജോലി സമയത്ത്‌ അനുവദനീയമല്ലെന്നും അത്തരത്തിലുള്ള ഏതു ശ്രമത്തിനും കനത്ത പിഴ ചുമത്തുമെന്നും അവര്‍ വളച്ചു കെട്ടില്ലാതെ സൂചിപ്പിച്ചിരുന്നു.

ജീവനുള്ള പ്രതിമയാണ്‌ ഗായത്രി ടെക്സ്റ്റയിത്സിനു വേണമെന്നു അറിഞ്ഞു കൊണ്ടു തന്നെയാണ്‌ രണ്ടു മാസം മുന്‍പു അയാള്‍ ജോലിയില്‍ പ്രവേശിച്ചത്‌. നിബന്ധനകളെല്ലാം അണുവിട തെറ്റാതെ പാലിച്ച്‌ പോന്ന അയാളെ അധികൃതര്‍ക്ക്‌ താല്‍പര്യവുമായിരുന്നു. അയാളെ ചിരിപ്പിക്കാനും സംസാരിപ്പിക്കാനും ടി.വിക്കാരും പത്രക്കാരും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത്‌ വാര്‍ത്താ പ്രാധാന്യം നേടിയതു മൂലം തങ്ങളുടെ വസ്ത്രവ്യാപാര ശാലയുടെ പേരും എങ്ങും പരക്കുന്നത്‌ അവര്‍ക്ക്‌ ഹരം പകര്‍ന്നിരുന്നു.

ദേഹമനങ്ങാതെയുള്ള ജോലിയല്ലിയോ തന്റേതെന്ന ദുസൂചനയുമായാണ്‌ കാവല്‍ക്കാരന്‍ എന്നും അയാളെ നേരിട്ടത്‌. പുതുപുത്തന്‍ പ്രദര്‍ശന വസ്ത്രങ്ങളുടെ മോഡലായി നില്‍ക്കാനൂള്ള മോഹം പരുക്കന്‍ മുഭാവവും, പ്രായക്കുടുതല്‍ മൂലവും കൈയെത്താത്ത അകലത്തിലായ്തിലുള്ള സങ്കടം കാവല്‍ക്കരന്റെ വാക്കിലും, പെരുമാറ്റത്തിലും അയാളെന്നും അനുഭവിച്ചിരുന്നു.

മൂന്നാം നിലയിലായിരുന്നു മാനേജരുടെ ഓഫീസ്‌. ഗ്രൌണ്ട്‌ ഫ്ലോറും ഒന്നാം നിലയും പുരുഷന്മാരുടെയും, രണ്ടാം നില സ്ത്രീകളുടെയും കുട്ടികളുടെയും തുണിത്തരങ്ങളുടെ വിശാലമായ ഷോറൂമുകളായിരുന്നു.. ഇരുട്ട്‌ പരന്നു തുടങ്ങിയെങ്കിലും ഷോറൂമുകളില്‍ നല്ല തിരക്ക്‌.

കസറ്റ്മേഴ്സിനൊടൊപ്പമുണ്ടായിരുന്ന കുട്ടികളില്‍ ചിലര്‍ അയാളെ തിരിച്ചറിഞ്ഞ സംതൃപ്തിയില്‍ ആഹ്ലാദം പ്രകടിപ്പിക്കാനും അടുത്തേക്ക്‌ വരാനും തുടങ്ങി. അവരില്‍ നിന്ന്‌ രക്ഷപെടാന്‍ വേണ്ടി അയാള്‍ ധൃതിയില്‍ മുകളിലേക്കുള്ള കാര്‍പ്പറ്റ്‌ വിരിച്ച പടികള്‍ കയറി.

അന്തിവാനത്തിന്റെ നിറത്തില്‍ മാനേജര്‍ എന്നെഴുതിയ ബോര്‍ഡ്‌ തുങ്ങൂന്ന ഓഫീസിലേക്ക്‌ ഇത്‌ രണ്ടാം തവണയാണ്‌ അയാള്‍ പ്രവേശിക്കുന്നത്‌. ആദ്യമായി വന്നത്‌ ഇന്റര്‍വ്യുവിനായിരുന്നു. എറെ ഭയപ്പാടോടെയായിരുന്നു അത്‌. കാവല്‍ക്കാരന്റെ ഏഷണി മൂലം ജോലി ലഭിക്കുമൊയെന്ന ഭയമാണിപ്പോഴുള്ളത്‌. ഭയം സന്തത സഹചാരിയായി മാറിയിരിക്കുന്നു.

വാതിലില്‍പാളിയില്‍ ചെറുതായി മുട്ടികൊണ്ട്‌ ഓഫീസിലേക്ക്‌ പ്രവേശിക്കുമ്പോള്‍, മാനേജര്‍ ലേഡി സെക്രട്ടറിയോട്‌ എന്തോ മന്ത്രിക്കുകയായിരുന്നു. വെളുത്ത്‌ മെലിഞ്ഞ അവള്‍ കണ്‍പോളകളില്‍ ചായം തേച്ചിരുന്നു. മറുപിടിയായി, അവിശ്വസനീയതയോടെ നെറ്റി ചുളിച്ച്‌, വശ്യമായി മന്ദഹസിച്ചും ഒരു നിമിഷം നിന്ന അവള്‍ അകത്തേക്കു പോയപ്പോള്‍ മുന്നിലെ കസേര ചൂണ്ടി അയാളോട്‌ ഇരിക്കാന്‍ മാനേജര്‍ ആംഗ്യം കാട്ടി.

മുഖം പ്രതിഫലിക്കുന്ന മേശയിലെ മെയില്‍ ഫോല്‍ഡറിലൊന്നില്‍ എന്തോ കുറിക്കുന്നതിനിടയില്‍, മുഖമുയര്‍ത്തി മാനേജര്‍ പറഞ്ഞു.

നിങ്ങളുടെ കാര്യത്തില്‍ മാനേജ്മെന്റ്‌ ചിലത്‌ തീരുമാനിച്ചിട്ടുണ്ട്‌.

ഭീതി ജനകമായതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്നൊരു സൂചന മാനേജരുടെ വാക്കുകളിലുണ്ടായിരുന്നു. കാവല്‍ക്കരന്റെ ഏഷണി പ്രവര്‍ത്തിച്ചു തുടങ്ങൂകയാണെന്നു അയാള്‍ ഭയപ്പെട്ടു.

ജോലി സമയത്ത്‌ എന്തിനു ഒച്ച വെച്ചുവെന്ന്‌ മാനേജര്‍ ചോദിച്ചാല്‍ ഉചിതമായി എന്തു മറുപിടി പറയേണ്ടുവെന്നറിയാതെ അയാള്‍ വിഷണ്ണനായി.

പുറത്തൂ മഴയുണ്ടായിരുന്നെങ്കിലും റൂമിലെ ചുട്‌ വര്‍ദ്ധിക്കുകയായിരുന്നു. കടൂത്ത പനിയില്‍ മകനെയും ഇതു പോലെ പൊള്ളുന്നുണ്ടാവുമോയെന്ന ആശങ്ക അയാളില്‍ അപ്പോള്‍ ശക്തമാകാന്‍ തുടങ്ങി.

അയാളുടെ ഭാവ മാറ്റം കണക്കിലെടൂത്ത്‌ മാനേജര്‍ വിശദീകരിക്കാന്‍ തുടങ്ങി.

പുരുഷന്മാരുടെ വസ്ത്രങ്ങളുടെ പ്രദര്‍ശനത്തിനുള്ള മോഡല്‍ മാത്രമാണല്ലൊ ഇപ്പോഴുള്ളത്‌. ഈ സ്ഥാപനത്തില്‍ ഏറ്റവും കുടുതല്‍ വിറ്റഴിയുന്ന്തതൂ സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളാണെന്നത്‌ കണക്കിലെടുക്കൂമ്പോള്‍, സ്ത്രീകളുടെ ഫാഷന്‍ വസ്ത്രങ്ങളൂടെ പ്രദര്‍ശനത്തിനും ഒരാളുണ്ടാവേണ്ടിയിരിക്കുന്നു. ജോലി താങ്കളുടേതിനു സമാനം തന്നെ. ഷോറും നല്‍കുന്ന വസ്ത്രങ്ങള്‍ ധരിച്ച്‌, പ്രത്യേകമായൊരാങ്കളില്‍ നില്‍ക്കുക. ഇതിനു വേണ്ടി ഷോറുമിന്റെ വാതിലിനു വലതു വശത്തായി പ്രത്യേകമായൊരു കണ്ണാടി കൂട്‌ ഉടന്‍ സജ്ജീകരിക്കും. താങ്കള്‍ ഇടതു വശവും, അവള്‍ വലതുവശവും.

താന്‍ കാണാന്‍ പോകുന്നതിലേറ്റവും സുന്ദരമായൊരു ദൃശ്യമെന്നവണ്ണം മാനേജര്‍ പുഞ്ചിരിച്ചു. പിന്നെ എന്തിനെക്കുറിച്ച്‌ ഓര്‍ത്ത്‌ പെട്ടന്നു ബോധ്യം വന്നവനായി, ശബ്ദത്തിന്‌ കൃതിമമായൊരു ശോകഭാവം കലര്‍ത്തി പറഞ്ഞൂ.

അതെ. അങ്ങനെയാണ്‌ ഞാന്‍ പദ്ധതിയിട്ടിരുന്നത്‌. പക്ഷേ ഡയറക്ടര്‍ ബോര്‍ഡിന്റെ പുതിയ തീരുമാന പ്രകാരം കപ്പിള്‍സിനെയാണ്‌ ഈ ജോലിയ്ക്ക്‌ പ്രിഫര്‍ ചെയ്യുന്നത്‌.

തടിച്ച വയറുള്ള മെയില്‍ ഫോല്‍ഡറില്‍ പേന കൊണ്ടു മൃദുവായി തട്ടി മാനേജര്‍ തുടര്‍ന്നു.

ഈ ജോലിയക്ക്‌ കപ്പിള്‍സിനെ കഷ്ണിച്ചു കൊണ്ടു നല്‍കിയ പരസ്യത്തിന്‌ ലഭിച്ച്‌ അപേക്ഷകളില്‍ നിന്നു രണ്ടാം വട്ട പരിശോധനയില്‍ സെലെകട്‌ ചെയ്തവരുടെ സി.വി യാണിത്‌. അപ്പോള്‍ റെസ്പൊണ്‍സ്‌ എന്തായിരുന്നുവെന്നു നിങ്ങള്‍ക്കു ഊഹിക്കാമല്ലോ. ഈ സി.വി കളില്‍ നിന്ന്‌ അനുയോജ്യമായതൊന്നു തിരെഞ്ഞെടുക്കാനാണ്‌ ബോര്‍ഡിന്റെ തീരുമാനം. തീര്‍ച്ചയായും അതൊരു പ്രയാസമുള്ള കാര്യമല്ല.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം മാനേജര്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

ഈ സാഹചര്യത്തില്‍, നിങ്ങളുടെ സര്‍വ്വീസ്‌ ഈ സ്ഥാപനത്തിന്‌ ആവശ്യമില്ല.

എത്രയോ പേടി സ്വപ്നങ്ങളില്‍ ഈ വാക്യം ആരുടെയൊക്കെയോ സ്വരങ്ങളില്‍ കേട്ടതിനാലാകണം അയാളില്‍ പ്രകടമായ ഭാവഭേദമൊന്നുമുണ്ടായില്ല. എത്രയോ പ്രഭാതങ്ങളില്‍ അവസാനവെളിച്ചവും അണഞ്ഞ അറ്റം കാണാത്ത ഒരു തുരങ്കത്തിലൂടെ ഭാര്യയുടെയും കുഞ്ഞിന്റെയും കൈപിടിച്ച്‌ പോകുന്നതിനിടയിലാണ്‌ അയാള്‍ കണ്ണു തുറക്കാറുള്ളത്‌.

അശുഭകരമായതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന്‌ മനസ്സ്‌ പിറുപിറുത്തത്‌ അറം പറ്റിയതിലുള്ള അമ്പരപ്പും, കാവല്‍ക്കാരനെ തെളിവില്ലാതെ സംശയിച്ചതിലുള്ള കുറ്റബോധവും അയാളുടെ മനസ്സില്‍ കുമിഞ്ഞു.

മാനേജരുടെ മുത്ത്‌ അത്ഭുതത്തിന്റെ തിരയിളക്കം. അയാള്‍ കരയുമെന്നും കണ്ണീരിനാല്‍ കാലു കഴുകുമെന്നും മാനേജര്‍ കരുതിയിരുന്നു. അയാളുടെ കഷ്ടപ്പാടിന്റെ ഹൃദയമുരുക്കുന്ന എത്രയോ കഥകള്‍ മാനേജര്‍ക്കറിയാമായിരുന്നു. അന്യമതക്കാരിയായ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക്‌ സ്വീകരിച്ചതുമൂലം നേരിടേണ്ടിവന്ന സംഘര്‍ഷങ്ങളും, കുടിവെള്ളക്ഷാമം മൂലം ഗ്രാമം വിട്ടോടേണ്ടി വന്നതും, നഗരത്തില്‍ ഒരു ജോലിയക്കുവേണ്ടി കുഴല്‍ വെള്ളം കുടിച്ചു ദിനരാത്രങ്ങള്‍ തള്ളി നീക്കിയതുമൊക്കെ. അതെല്ലം ഓര്‍ത്തു കൊണ്ട്‌ അദ്ദേഹം ചോദിച്ചു.

നിങ്ങളൊന്നും പറഞ്ഞില്ല. അഥവാ നിങ്ങള്‍ക്കൊന്നും പറയാനില്ലെന്നുണ്ടൊ ?

ഇല്ല സാര്‍, എനിക്കൊന്നും പറയാനില്ല.

അയാള്‍ ഇരിപ്പിടത്തില്‍ നിന്നും നിശബ്ദമായി എഴുന്നേറ്റു.

മാനേജര്‍ മനുഷ്യ സ്നേഹിയാണെന്നതില്‍ അയാള്‍ക്ക്‌ സംശയമൊന്നുമുണ്ടായിരുന്നില്ല. രണ്ടുമാസമായിട്ടാണെങ്കിലും ഈ ജോലി അദ്ദേഹം അനുവദിച്ചല്ലോ. ആയിരങ്ങളില്‍ നിന്ന്‌ ഒരുവനായി തന്നെ തിരഞ്ഞെടുത്തല്ലോ.

ഒരു താവളവും അന്തിമമല്ലെന്ന്‌ മുന്‍പേ അറിയാത്തതാണ്‌ തന്റെ കുറ്റമെന്ന്‌ ഓര്‍ത്ത്‌ പുറത്തേക്കിറങ്ങാന്‍ തുടങ്ങവേ, മാനേജര്‍ പ്രത്യേകമായൊരു താല്‍പര്യത്തോടെ കസേരയില്‍ ഒന്നിളകിയിരുന്ന്‌ ചോദിച്ചു.

അല്ല എന്തുകൊണ്ടു നിങ്ങളുടെ ഭാര്യക്ക്‌ ഈ ജോലി ചെയ്തു കൂടാ. നിങ്ങളിരുവരും ഈ ജോലിക്ക്‌ തയ്യാറായില്ലെങ്കില്‍ മാത്രമെ പുറത്തു നിന്നുള്ളവരെ ഈ ജോലിയ്ക്ക്‌ ഞാന്‍ പരിഗണിക്കു. നിങ്ങളുടെ സ്ഥിതികള്‍ അറിയാവുന്ന ഒരാളെന്ന നിലയ്ക്കാണ്‌ ഞാനിത്‌ പറയുന്നത്‌. ഇത്രയെങ്കിലും...

മാനേജര്‍ ഹൃദയ വിശാലതയ്ക്ക്‌ ഉചിതമായ വാക്കുകള്‍ തേടുകയാണ്‌.

തന്റെ പെണ്ണിനെ ഒരു പ്രദര്‍ശനവസ്തുവാക്കുവാന്‍ ആവശ്യപ്പെടുന്ന ഈ മാനേജര്‍ക്കു നേരെ അലറാനും കാര്‍ക്കിച്ചു തുപ്പാനും തനിക്ക്‌ കഴിയാത്തതെന്തു കൊണ്ടെന്ന്‌ അയാള്‍ സങ്കടപ്പെട്ടു. ജോലിയില്‍ നിന്നു പിരിച്ചു വിടപ്പെട്ടിട്ടും വല്ലാത്തൊരു ഭയവും വിധേയത്വവും തൊണ്ടയെ പോലും കീഴടക്കുന്നല്ലോ.

ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേ സ്ഥാപനത്തില്‍ ജോലി. സന്തുഷ്ട കൂടുംബത്തിന്റെ ലക്ഷണമായിരിക്കും അത്‌. തീര്‍ച്ചയായും ഹൃദ്യമയൊരനുഭവം. അല്ലെങ്കില്‍ തന്നെ ഇതൊരു ജോലിയാണോ. എതു ജോലിയും ചില്ലറ അദ്ധ്വാനം ആവശ്യപ്പെടുന്നുണ്ടല്ലോ. യാതൊരധ്വാനവും ആവശ്യമില്ലാത്ത ഏക ജോലി ഇതു മാത്രമല്ലേ. ദിനം പ്രതി പുതുപൂത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച്‌ പ്രത്യ്ക്ഷപ്പെടാന്‍ എതു സ്ത്രീയുടെ ഉള്ളമാണ്‌ കൊതിക്കാത്തത്‌.

മാനേജരുടെ വര്‍ണ്ണന വിഷവായുവായി മുറിയില്‍ നിറഞ്ഞൂ. അത്‌ അയാളെ വല്ലാതെ വീര്‍പ്പു മുട്ടിച്ചു. ജാലകത്തിലുടെ മഴയില്‍ കുതിരുന്ന നഗരത്തിന്റെ പരിശ്ചേദം കാണാമായിരുന്നു.

ഇത്രയേറെ ഗുണങ്ങളുള്ള ഈ ജോലിയ്ക്ക്‌ തന്റെ പെണ്ണിനെയോ, ഉട പിറന്നോളെയോ കൊണ്ടു വന്നൂടെയെന്നൊരു ചോദ്യം തികട്ടി വന്ന അശ്ലീല പദത്തോടൊപ്പം മുറി വിട്ടിറങ്ങുമ്പോള്‍ അയാള്‍ പുറത്തേക്ക്‌ തുപ്പി.

ആഹുവെന്നൊരു രതി ജന്യ ശബ്ദത്തോടെ വിധേയത്വം കൊണ്ടു ബലം കുറഞ്ഞൂ വന്ന അയാളുടെ കഴുത്തില്‍ തൂങ്ങിയാടി കൊണ്ടാണ്‌ ഗായത്രി ടെക്സ്റ്റയിത്സിന്റെ ഓഫറിനെ ഭാര്യ വരവേറ്റത്‌. അയാളതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. കുറഞ്ഞ പക്ഷം തല വെട്ടിച്ചു കൊണ്ടുള്ള ഒരു നടത്തം. എന്റെ പട്ടി പോകുമ്മെന്നൊരു ചീറ്റലും നീരസവും. കരുതിയതൊന്നുമുണ്ടായില്ല.

താന്‍ ആകെയുള്ളതിനെ വല്ലാതെ സുന്ദരമായി പെരുക്കി അവതരിപ്പിച്ചുവോയെന്ന്‌ അയാള്‍ അപ്പോള്‍ ഭയന്നു. മാനേജര്‍ ഉള്ളില്‍ തള്ളിയിട്ട മോഹന സുന്ദര വാക്കുകള്‍ തന്റെ വാക്കുകളെയും അവതരണത്തെയും പതം വരുത്തിയിട്ടുണ്ടാകണം. താന്‍ അനുഭവിക്കുന്ന ജോലി സംബന്ധമായ ക്ലേശങ്ങളെക്കുറിച്ച്‌ ഒരിക്കല്‍ പോലും ഭാര്യയോട്‌ പങ്കു വെക്കാതിരുന്ന്ത്‌ അപരാധമായി അയാള്‍ക്കനുഭവപ്പെട്ടു. ഭര്‍ത്താവ്‌ മോഡലാണെന്നു അവള്‍ അഭിമാനത്തോടെ പറഞ്ഞൂ കേല്‍ക്കുമ്പോള്‍ തിരുത്തേണ്ടതായിരുന്നു. കണ്ണാടി കൂട്ടില്‍ തളം കെട്ടിയ ജീവിതത്തെക്കുറിച്ച്‌ ഒരിക്കലെങ്കിലും സൂചിപ്പിക്കേണ്ടതായിരുന്നു.

താന്‍ ജോലിയില്‍ തുടരുന്നതിനു ഭാര്യയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ജോലി നഷ്ടപ്പെടാനിടയുണ്ടെന്ന്‌ ഫലിതം പറയുകയായിരുന്നുവെന്നുമുള്ള അയാളുടെ ഇടയ്ക്കുള്ള ന്യായം അവള്‍ മു വിലയക്കെടുക്കാതിരിക്കൂകയും, ഒരു ജോലി നല്‍കുന്ന സുരക്ഷിതത്തെക്കുറിച്ച്‌ ആവര്‍ത്തിച്ച്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്തപ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നതായി അയാളുടെ മനസ്സു പ്രവചിച്ചു.

നേര്‍രേഖയില്‍ പണിപ്പെട്ടു കാലുചേര്‍ത്ത്‌ പോകുന്ന ഒരു പവാടക്കാരിയെ അയാള്‍ അര്‍ദ്ധമയക്കത്തില്‍ കണ്ടു. ക്യാമറകള്‍ ചൊരിയുന്ന വെള്ളി വെളിച്ചത്തെയും, ഇരുട്ടില്‍ നിന്നു നീളുന്ന കഴുകന്‍ കണ്ണുകളെയും അഭിമുഖീകരിക്കാനാവാതെ അവള്‍ വേദിവിട്ടിറങ്ങിയോടുന്നു. കരിഞ്ഞു പോയ പാടങ്ങള്‍ക്ക ്‌ നടുവിലൂടെ, വറ്റി വരണ്ട തോടിന്‍ കരയിലൂടെ..

വൈകിട്ട്‌ സ്കൂള്‍ വിട്ടു വരുമ്പോള്‍ അയല്‍വക്കത്തെ വീട്ടിലിരിക്കണമെന്നമെന്നും, അമ്മ ഒരിന്റര്‍വ്യൂവിനു പോകുകയാണെന്നുമുള്ള ഭാര്യയുടെ മകനോടുള്ള വാക്കുകള്‍ കേട്ടാണ്‌ അയാള്‍ രാവിലെ കണ്ണു തുറന്നത്‌. വല്ലാത്തൊരു ഊര്‍ജ്വസ്വലതയോടെ രണ്ടു മുറി വീടിന്റെ പൊതുവായ വരാന്തയിലൂടെ അവള്‍ അക്ഷമയോടെ നടക്കുന്നുത്‌ പാതി ചാരിയ വാതിലിലൂടെ അയാള്‍ കണ്ടു.

രാവിലെ അയാളോടൊപ്പം ഓഫീസിലെത്തപെട്ട ഭാര്യയ്ക്ക്‌ ഏറെ കാത്തിരിക്കാതെ മാനേജരെ കാണാന്‍ അനുമതി ലഭിച്ചത്‌ അയാളെ അത്ഭുതപ്പെടുത്തി. അവളെ അനുഗമിക്കാന്‍ ശ്രമിച്ച അയാളെ മുകളിത്തെ നിലയിലേക്കുള്ള കവാടത്തില്‍ നിന്ന കാവല്‍ക്കാരന്‍ തടയുകയും കാന്‍ഡിഡേറ്റിനു മാത്രമെ അകത്തു പ്രവേശിക്കാനനുമതിയുള്ളെന്നു അറിയിക്കുകയും ചെയ്തു.

ആകാശങ്ങളുടെ ഉയരങ്ങളിലേക്ക്‌ ഗോവേണി കയറി അവള്‍ പോയതായി അയാള്‍ക്കു തോന്നി. അന്തരീക്ഷത്തിലെ ചതിക്കുഴികളില്‍ അവള്‍ പെട്ടു പോയേക്കാമെന്നും, വിവേചന ബുദ്ധി കൂടാതെ ജോലി സംബന്ധിച്ച വ്യവസ്ഥകളില്‍ അവള്‍ ഒപ്പു വെച്ചേക്കാനുമുള്ള സാധ്യത ഏറെയാണെന്ന ഭയം അയാളെ തളര്‍ത്തി.

എന്ത്‌ ചെയ്യണമ്മെന്നറിയാതെ, പുറത്തേക്കിറങ്ങവേ, കാവല്‍ക്കരന്റെ അവജ്ഞ്ഞ്ഞ കലര്‍ന്ന നോട്ടം തന്നിലേക്കു നീളുന്നത്‌ അയാള്‍ അറിഞ്ഞു. അതില്‍ നിന്നു രക്ഷനേടാനായി അയാള്‍ താന്‍ നില്‍ക്കാറുള്ള കണ്ണാടി കൂട്ടിന്റെ മറവില്‍ അഭയം തേടി. ഇന്നലെ വരെ ജോലിചെയ്ത സ്ഥാപനത്തില്‍ താന്‍ അന്യനാകുന്നത്‌ അയാള്‍ അനുഭവിക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം ഭാര്യ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടന്നും, അതു കൊണ്ട്‌ താന്‍ ഉടനെ ജോലിയില്‍പ്രവേശിക്കണമെന്ന അറിയിപ്പു അയാള്‍ക്ക്‌ കിട്ടി. അയാള്‍ മേക്കപ്പ്‌ റുമില്‍ കടന്നു അന്നത്തേക്ക്‌ നിശചയിക്കപ്പെട്ടിരുന്ന വസ്ത്രം അണിഞ്ഞ്‌ കണ്ണാടി കൂടിലേക്ക്‌ പ്രവേശിച്ചു വിദൂരതയിലേക്ക്‌ നോക്കി നില്‍പ്പായി.

വിവാഹ വസ്ത്രമെടുക്കാനെത്തിയ കസ്റ്റമേഴ്സില്‍ ചിലര്‍ ഒരത്ഭുത വസതുവിനെ കാണുതു പോലെ അയാളെ നോക്കി നിന്നു. മുന്‍പ്‌ പലപ്പോഴുമുണ്ടായിട്ടുള്ളതു പോലെ, കണ്ണാടി കൂടിനകത്ത്‌ മനുഷ്യനാണെന്നും അതല്ല മെഴുകു പ്രതിമയാണെന്നുമുള്ള അവരുടെ മങ്ങിയ തര്‍ക്ക ശബ്ദം കണ്ണാടി കൂടിനകത്തു നിന്നു അയാള്‍ കൌതുകത്തോടെ കേട്ടു. ഏതാനും വാര അകലെയുള്ള പൊതു നിരത്തിലുടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ കടന്നു പോയി. വിദൂരമായ ഏതോ ഗ്രാമത്തില്‍ നിന്നെത്തിയ സ്കൂള്‍ കുട്ടികള്‍ വരിവരിയായി അയാളുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍ അയാള്‍ക്കു മകനെക്കുറിച്ചോര്‍മ്മ വന്നു. മകന്റെ സ്കൂളിലെ കുട്ടികളും മെഴുകു മനുഷ്യനെ കാണാന്‍ വരുന്ന ഒരു ദിവസം ഏറെ നാളായി അയാളുടെ സ്വപ്നത്തില്‍ കലമ്പല്‍ കൂട്ടി തുടങ്ങിയിട്ട്‌.

പുറത്തൂ വെയിലിന്റെ ശാന്ത സമുദ്രമായിരുന്നു. നഗരം നപുംസകതയുടെ ആവരണം അണിഞ്ഞു കിടന്നു. പിന്നീടെപ്പൊഴോ വെയില്‍ വറ്റി. ഇരുട്ടൊരു കറുത്ത പുഷ്പം പോലെ ഇതള്‍ വിടര്‍ത്തി.

നഗരം നിയോണ്‍ ബള്‍ബിന്റെ പ്രഭയില്‍ പുതയാന്‍ തുടങ്ങി.. സാധാരണ അന്തി ശബ്ദത്തെ കവിഞ്ഞൊരാരവം അടുത്തു വന്നു.

വസ്ത്രശാലയുടെ മുന്നില്‍ ഉത്സവപറമ്പിലേതു പോലെ തിരക്ക്‌. ചെറുപ്പക്കാരും വൃദ്ധന്മ്മാരും പ്രാകൃതമായൊരഭിനിവേശത്തോടെ എന്തിനോ വേണ്ടി ധൃതി കൂട്ടുന്നത്‌ അയാള്‍ കണ്‍കോണുകള്‍ കൊണ്ട്‌ അളന്നു.

ഏതാനും നിമിഷങ്ങ ള്‍ക്കകം തന്റെ ഡ്യുട്ടി അവസാനിക്കുമെങ്കിലും, വേലികള്‍ കൊണ്ടു ഭേദിക്കാന്‍ കഴിയാത്ത ജിജ്ഞാസയുടെ വേലിയേറ്റത്തില്‍ പ്രവേശന കവാടത്തിന്റെ അങ്ങേ തലയ്ക്കല്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ നിസ്സഹായതയോടെ അയാള്‍ തല ചരിച്ചു നോക്കി.

പ്രവേശന കവാടത്തിന്റെ അങ്ങേ തലക്കല്‍ വര്‍ണ്ണാഭമായി അണിയിച്ചൊരുക്കിയ കണ്ണാടി കൂടില്‍ പുതു പുത്തന്‍ ഫാഷന്‍ അടി വസ്ത്രങ്ങള്‍ മാത്രമണിഞ്ഞ്‌ തിളങ്ങി നില്‍ക്കുന്നത്‌ തന്റെ ഭാര്യയാണെന്ന പൊള്ളിക്കുന്ന കാഴ്ചയില്‍ ക്രമേണ അയാളിലെ സിരാവ്യൂഹങ്ങള്‍ ഒന്നൊന്നായി തണുത്തുറയാന്‍ തുടങ്ങി.

ജോസഫ്‌ അതിരുങ്കല്‍