തര്‍ജ്ജനി

എന്തുകൊണ്ടാണ്‌ നിന്റെ ശബ്ദം കേള്‍ക്കുന്നത്‌

malayalam poem illustration ഞാന്‍ ഇന്നും നിന്റെ ശബ്ദം കേള്‍ക്കുന്നു.
മനസ്സ്‌ അക്കങ്ങളിലും ചിഹ്നങ്ങളിലും തൂങ്ങിയാടുമ്പോള്‍,
നട്ടുച്ചയുടെ അലസതയില്‍ മരങ്ങള്‍ ഉറക്കം തൂങ്ങുന്നതും നോക്കി
ജനാലയ്ക്കരികില്‍ നില്‍ക്കുമ്പോള്‍,
അതുമല്ലെങ്കില്‍ ഭൂ‍പടത്തിന്റെ ഒരപ്രധാനബിന്ദുവില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌
സഞ്ചരിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍
അമര്‍ത്തിയ തേങ്ങലായും,
നിലവിളിയായും,
ചിലപ്പോള്‍ വെറും മുക്കലും മൂളലും മാത്രമായും
നിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു.
തിളയ്ക്കുന്ന പാല്‍പാത്രത്തിന്റെ ചൂളംവിളിയിലും
തീവണ്ടിയുടെ കിതപ്പിലും
മുറിഞ്ഞുപോകാതെ...

ഒരിയ്ക്കല്‍ എനിയ്ക്കു നിന്നെ അറിയാമായിരുന്നു.
നിമിഷങ്ങളുടെ അസഹ്യതയും
ദിവസങ്ങളുടെ നഷ്ടബോധവും
ഒരു നെടുവീര്‍പ്പിലൊതുക്കാമെന്ന്‌ എന്നെ പഠിപ്പിച്ചത്‌
നീയല്ലാതെ മറ്റാരാണ്‌.

ഇന്ന്‌
എന്റെ തിരക്കുകളിലും തിരക്കില്ലായ്മകളിലും,
കൃത്രിമഗൌരവങ്ങളിലും അവയ്ക്കൊടുവില്‍ കിട്ടുന്ന ഏകാന്തതയിലും
എന്നെ പിന്തുടരുന്നത്‌ നിന്റെ ശബ്ദം മാത്രമാണ്‌.

പറയൂ, എന്തുകൊണ്ടാണ്‌ ഞാന്‍ നിന്റെ ശബ്ദം കേള്‍ക്കുന്നത്‌?

ദുര്‍ഗ്ഗ

Submitted by Sunil Krishnan (not verified) on Thu, 2005-11-17 17:09.

സാന്നിദ്ധ്യത്തെക്കാള്‍ അസാന്നിദ്ധ്യം അനുഭവിപ്പിക്കും, പ്രിയപ്പെട്ടതിനെ.