തര്‍ജ്ജനി

രുദിതാനുസാരം

malayalam poem illustration എന്നും ഒന്നിച്ചുണ്ടായിരുന്നത്‌
നമ്മളായിരുന്നു.
അമ്പേറ്റുവീണ പക്ഷി
ഞാനായിരുന്നു.
വിലപിയ്ക്കാനെന്നും നീ
ഒറ്റയ്ക്കായിരുന്നു.
എന്നും അകന്നുപോയത്‌
നമ്മുടെ കണ്ണുകളായിരുന്നു.
ഓര്‍മ്മ കാഴ്ചയായി.
എന്റെ കൈകളിലെ
പിടച്ച ഞരമ്പില്‍
നിന്റെ പേരു തുടിയ്ക്കുന്നുണ്ട്‌.
ഞാനതു പതുക്കെ മുറിച്ചു;
നീയൊഴുകിവരുന്നതു കാണാന്‍.
മുറിവു നീ പനികൊണ്ടു തുന്നി;
ചെവിയില്‍ പറഞ്ഞു;
'കരയുന്നതു നീ
കണ്ണീരു കുടിയ്ക്കുന്നതു ഞാന്‍!'

പ്രീത ശശിധരന്‍
കാര്യവട്ടം
തിരുവനന്തപുരം