തര്‍ജ്ജനി

നീതിയെ കഴുവിലേറ്റുന്ന നീതിപീഠം

അന്യായങ്ങള്‍ക്ക്‌ അവസാന തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍, നിയമ പുസ്തകത്തിലെ ഒരോ അക്ഷരത്തിലും ചവിട്ടി , മുന്നില്‍ നിരന്ന തെളിവുകളില്‍ മാത്രം മുഖമൂന്നി തികച്ചും യാന്ത്രികമായിട്ടല്ല കോടതികള്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുക. അല്ലെങ്കില്‍ പുറപ്പെടുവിക്കേണ്ടത്‌ തെളിവുകള്‍ക്കും, പുസ്തക താളുകള്‍ക്കുമപ്പുറം മറഞ്ഞിരിക്കുന്ന മനുഷ്യ ജീവിതത്തെ കോടതികള്‍ കാണാതെ പോകരുത്‌.

ഇന്ത്യന്‍ ജൂറീസ്‌പ്രുഡന്‍സും ക്രിമിനല്‍ പ്രൊസീജ്യര്‍കോഡും പഠിക്കുവാന്‍ തുനിയുന്ന നിയമ വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്ന പാഠം ആണിത്‌. ആത്യന്തികമായി ഏത്‌ നിയമവും മനുഷ്യനന്മക്കുതകുന്നതായിരിക്കണം. എന്ന ലളിതമായ ഉദ്ദേശ്യമേ ഇതിനു പിന്നിലുള്ളൂ. അതുകൊണ്ടാണ്‌ "നീതി നടപ്പിലാക്കാനുള്ള കാലതാമസം, നീതി നിഷേധിക്കലാണ്‌" എന്നും " ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും" മറ്റും കോടതികളുമായി ബന്ധപ്പെട്ട്‌ നാം നിരന്തരം കേട്ടുപോരുന്നത്‌.

ഓരോ കോടതി വിധിയും , ആദ്യമായും, അവസാനമായും ബാധിക്കുന്നത്‌ മനുഷ്യന്‍ എന്ന ജീവിയെ ആയതുകൊണ്ടാണ്‌, അവയ്ക്ക്‌ മറ്റെന്തിനേക്കാളുമുപരി മാനുഷിക മുഖം വേണമെന്ന് നിയമസംഹിതയുടെ ഉപഞ്ജാതാക്കള്‍ നിയമ പുസ്തകങ്ങളില്‍ എഴുതി ചേര്‍ത്തത്‌.

ഇന്ത്യന്‍ നീതി ന്യായ കോടതികള്‍, ഒരു ഭരണഘടനാ സ്ഥാപനം എന്നതിലേറെ സാധാരണ പൌരന്റെ അവകാശ സംരക്ഷണതിനുള്ള അവസാന അഭയ കേന്ദ്രം കൂടിയാണ്‌.

രാഷ്ട്രീയ നേതൃത്വവും, പോലീസും, ഉദ്യോഗസ്ഥരുമുള്‍പ്പെടെ മറ്റെല്ലാ ഭരണകൂട ഉപാധികളിലും നീതി നിഷേധിക്കപ്പെടുമ്പോള്‍ സാധാരണ പൌരന്മാര്‍ പ്രത്യാശയോടെ ഉറ്റുനോക്കുന്നത്‌ നീതി ന്യായ കോടതികളെയാണ്‌.

ഭാരതപൌരന്റെ ദൈനം ദിന ജീവിതത്തില്‍ കോടതികള്‍ക്ക്‌ സാധാരണയില്‍ കവിഞ്ഞ പ്രാധാന്യം ഉണ്ടെന്നുള്ളത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ഇന്ത്യയില്‍ അടിയന്തിരാവസ്ഥയ്ക്ക്‌ വഴി വെച്ചത്‌ ഒരു കോടതി വിധിയായിരുന്നു. ആ അടിയന്തിരാവസ്ഥയുടെ പീഡനങ്ങളേറ്റു വാങ്ങി ഈ ലോകത്തു നിന്നും വിടപറഞ്ഞ രാജനെന്ന മകന്റെ അച്ഛന്‍ ഈച്ചര വാരിയര്‍ക്ക്‌ അവസാന അഭയവും, ആശ്വാസവും നല്‍കിയത്‌ മറ്റൊരു കോടതി വിധിയായിരുന്നു.
ഇങ്ങനെ സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യന്‍ കോടതികള്‍ നടത്തിയ ചരിത്ര പ്രാധാന്യമുള്ള വിധി ന്യായങ്ങള്‍ എല്ലാം തന്നെ സാധാരണ പൌരന്റെ അവകാശ സംരക്ഷണത്തിനുതകുന്നതു തന്നെയായിരുന്നു.

എന്നാല്‍ അടുത്ത കാലത്തുണ്ടായ ചില വിധി പ്രസ്താവങ്ങള്‍ കോടതിയെ സംബന്ധിച്ചുള്ള ജനങ്ങളുടെ ഈ പൊതു ധാരണക്ക്‌ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്‌. സ്വാശ്രയ കോളേജ്‌ പ്രശ്നത്തിന്മേലുള്ള സുപ്രീം കോടതി വിധിയും, അതിനെ തുടര്‍ന്നുള്ള വാദ കോലാഹലങ്ങളും, ഇതില്‍ അവസാനത്തേതാണ്‌.

പരമോന്നത നീതി പീഠമായ സുപ്രീം കോടതി നിലവില്‍ വന്നിട്ട്‌ 55 വര്‍ഷങ്ങളേ ആയിട്ടുള്ളൂ എങ്കിലും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥക്ക്‌ അതിനേക്കാളേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നിയമ നിര്‍മ്മാണ സഭയും നീതി ന്യായ കോടതികളും പരസ്പര പൂരകമായിട്ടാണ്‌ സമാന്യേന പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്‌. പൊതു ജനാഭിപ്രായങ്ങളും, വികാരങ്ങളും, പ്രതിഫലിപ്പിക്കുന്ന നിയമ നിര്‍മ്മാണ സഭയും നിയമങ്ങള്‍ പൊതുജനോപകാരപ്രദമായി വ്യാഖ്യാനിച്ചത്‌ വിധി പ്രസ്താവങ്ങള്‍ നടത്തുന്ന നീതി ന്യായ കോടതിയും പരസ്പര ധാരണയോടും ബഹുമാനത്തോടേയും, പ്രവര്‍ത്തിക്കുന്നത്‌ ജനാധിപത്യ സംവിധാനത്തിന്റെ ക്രമമായ വളര്‍ച്ചക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്‌.

എന്നാല്‍ ഈ രണ്ടു ഭരണഘടനാ സ്ഥാപനങ്ങളുടെ പരസ്പര ബന്ധവും ധാരണയും ഉലയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ ഇവയില്‍ ഏതിനാണ്‌ ഭരണഘടനാപരമായി മേല്‍ക്കോയ്മ നല്‍കേണ്ടത്‌ എന്ന ചോദ്യം ഉയര്‍ന്നു വരുന്നു. സ്വാശ്രയ കോളേജ്‌ വിധിയുമായി ബന്ധപ്പെട്ട്‌ ഇനി എന്തു ചെയ്യണം എന്ന ചര്‍ച്ചക്കായി നിയമ നിര്‍മ്മാണ സാമാജികള്‍ ഒത്തു ചേരുന്നതിനു മുമ്പായി "കോടതികള്‍ അടച്ചിട്ട്‌ സര്‍ക്കാരിന്‌ ഇഷ്ടമുള്ളതു ചെയ്യാം" എന്ന് സുപ്രീം കോടതി ജഡ്ജി കോപാകുലനായി പൊട്ടിത്തെറിച്ച സന്ദര്‍ഭത്തില്‍ വിശേഷിച്ചും ഈ ചോദ്യത്തിന്നു പ്രസക്തിയേറുന്നു.

യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ ഈ പൊട്ടിത്തെറിക്ക്‌ ഏതെങ്കിലും തരത്തില്‍ ഭരണഘടനാപരമായ അടിസ്ഥാനമുണ്ടോ?'ഇല്ല' എന്നാണതിനുത്തരം.ജനാധിപത്യ സമ്പ്രദായത്തില്‍ ഏറ്റവും ഉയര്‍ന്ന പദവി നിയമ നിര്‍മ്മാണ സഭക്കു തന്നെയാണ്‌.കോടതികള്‍ അടക്കാതെ തുറന്നിട്ടു കൊണ്ടുതന്നെ അവയെ നേര്‍വഴിക്കാക്കുവാന്‍ നിയമ നിര്‍മ്മാണ സഭക്ക്‌ കഴിയും. ഭരണ ഘടന അതിനായി സഭക്ക്‌ വേണ്ടുവോളം അധികാരം നല്‍കിയിട്ടുണ്ട്‌. കോടതി വിധിയും,കോടതികളുടെ പ്രവര്‍ത്തനങ്ങളും വിമര്‍ശന ബുദ്ധ്യാ പരിശോധിക്കേണ്ടത്‌ കാലാ കാലങ്ങളില്‍ നിയമ നിര്‍മ്മാണ സഭ നടത്തേണ്ടുന്ന ഒരു സ്വാഭാവിക പ്രവര്‍ത്തനം മാത്രമാണ്‌.

കോടതികള്‍,ഭരണഘടന വിഭാവനം ചെയ്യുന്ന സര്‍വ്വര്‍ക്കും തുല്യ നീതി എന്ന അടിസ്ഥാന ലക്ഷ്യത്തിന്‌ വിഘാതമായി ഏതെങ്കിലും തരത്തിലുള്ള വിധി പ്രസ്താവന നടത്തുകയും,അത്‌ ജനാധിപത്യ ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കപ്പെടുകയും ചെയ്യും എങ്കില്‍ തീര്‍ച്ചയായും നിയമ നിര്‍മ്മാണ സഭക്ക്‌ പുതിയ നിയമ നിര്‍മ്മാണത്തിലൂടെ കോടതിയുടെ ഈ പിഴവ്‌ തീര്‍ക്കാവുന്നതാണ്‌. അവിടെ സുപ്രീം കോടതി ജഡ്ജിയുടെ കോപത്തിനും പൊട്ടിത്തെറിക്കലിനും ഒരു സ്ഥാനവുമില്ല.

ലോകത്തെ ഒരു കോടതിയും അപ്രമാദിത്വസ്വഭാവത്തോടെ ഉള്ള സ്ഥാപനമല്ല. അവക്കും തെറ്റുപറ്റാം. നിയമം വ്യാഖ്യാനിക്കുന്നതിലും സാമൂഹിക പ്രശ്നങ്ങളുടെ മാനുഷിക മുഖം മനസ്സിലാക്കുന്നതിലും പിഴവ്‌ സംഭവിക്കാം. അപ്പോള്‍ തക്ക സമയത്ത്‌ ഇടപെടുകയും രാജ്യത്തെ കോടിക്കണക്കായ "ദരിദ്ര നാരായണന്‍" മാരുടെ താല്‍പര്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കേണ്ടതും നിയമ നിര്‍മ്മാണ സഭയുടേയും ജന പ്രതിനിധികളുടേയും ധാര്‍മ്മിക ഉത്തരവാദിത്വം മാത്രമാണ്‌.

കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ സ്വകാര്യ മേഖലക്ക്‌ വ്യാപകമായ അനുമതി നല്‍കിയ അവസരത്തില്‍ (2002-ല്‍) വിഷയത്തിന്റെ സാമൂഹ്യ പ്രാധാന്യം മനസ്സിലാക്കി സമഗ്രമായ നിര്‍മ്മാണം നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നെങ്കിലും ഗവണ്‍മന്റ്‌ അതിനു തുനിഞ്ഞില്ല. സ്വാശ്രയ കോളേജുകളെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്ത മുഖ്യമന്ത്രി നിയമ നിര്‍മ്മാണത്തിന്നെതിരായിരുന്നു. നിയമത്തിന്റെ അഭാവത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള ഫീസ്‌ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാന്‍ സ്വാശ്രയ കോളേജുകള്‍ തീരുമാനിക്കയായിരുന്നു.

പല ഘട്ടങ്ങളില്‍ ഈ പ്രശ്നം ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും പരിഗണനക്കെത്തിയിരുന്നു. അപ്പോഴൊക്കെ സമഗ്രമായ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത കോടതികള്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ ബോദ്ധ്യപ്പെടുത്തിയെങ്കിലും നാളിതു വരെ അതിന്‌ തുനിയാതിരുന്നത്‌ സ്വാശ്രയ കോളേജ്‌ മാനേജുമെന്റുകളെ സഹായിക്കാനായിരുന്നു എന്ന് ആരെങ്കിലും ആക്ഷേപമുന്നയിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയാനാകും?

ഒരു പ്രത്യേക വിഷയത്തിന്മേല്‍ നിബന്ധനകളോ, ചട്ടങ്ങളോ, നിയമമോ ഇല്ലെങ്കില്‍ ആ വിഷയത്തിന്മേലുള്ള തര്‍ക്കം കോടതികളുടെ പരിഗണനക്കെത്തിയാല്‍ യുക്തിപൂര്‍വ്വം തങ്ങളുടെ അറിവും, സാമൂഹ്യ ബോധവും വിവേചനാധികാരവുമുപയോഗിച്ച്‌ തീര്‍പ്പു കല്‍പ്പിക്കുകയാണ്‌ കോടതികള്‍ ചെയ്യാറുള്ളത്‌. സ്വാശ്രയ കോളേജ്‌ വിഷയത്തില്‍ വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ജഡ്ജിയുടെ രോഷപ്രകടനം സമുുഹത്തിലെ ഉന്നതരും സമ്പന്നരുമായ വരേണ്യ വര്‍ഗ്ഗത്തിന്റേതുമാത്രമായ സാമൂഹ്യ ബോധമാണ്‌. ഇവിടെ പ്രതിക്കൂട്ടിലായിട്ടുള്ളത്‌ കോടതികളല്ല, മറിച്ച്‌ ഉത്തര വാദിത്വത്തില്‍ നിന്ന് ബോധപൂര്‍വ്വം മാറിനിന്ന കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളാണ്‌.

സ്വാശ്രയ കോളേജു വിധി 101%വും ജനതാല്‍പര്യത്തിന്ന് വിരുദ്ധമായതാണ്‌. അതുകൊണ്ടാണ്‌ രാഷ്ട്രീയ ഭേദമെന്യേ ഇതിന്നെതിരായ ഒരു പൊതു വികാരമുയര്‍ന്നു വന്നത്‌. എന്താണ്‌ ഈ വിധി ഉളവാക്കാന്‍ പോകുന്ന ഏറ്റവും കുറഞ്ഞ പ്രത്യാഘാതങ്ങള്‍ സ്ഥല പരിമിതി മൂലം അവയെ താഴെ ചുരുക്കി വിവരിക്കാം.

(1)സ്വാശ്രയ മാനേജുമെന്റുകള്‍ക്ക്‌ പ്രവേശനത്തിന്‌ 100% അധികാരം നല്‍കുക വഴി വിദ്യാഭ്യാസ കച്ചവടത്തെ ക്ഷണിച്ചു വരുത്തും.

(2)ഉന്നത വിദ്യാഭ്യാസം സമ്പത്തുള്ളവര്‍ക്കു മാത്രമായി ചുരുക്കുവാന്‍ കഴിയും.

(3) എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലേക്ക്‌ ഈ വിധി ഒന്നും തന്നെ സംഭാവന ചെയ്യുന്നില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുതല്‍ മുടക്കുവാന്‍ സര്‍ക്കാര്‍ മടിക്കുന്ന ഇക്കാലത്ത്‌, സ്വകാര്യ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്‌ തന്നെയാണ്‌.പക്ഷേ, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കുള്ള പ്രവേശനം മാനേജുമെന്റുകള്‍ക്ക്‌ തോന്നിയതുപോലെ ചെയ്യാമെന്ന കോടതി വിധി ഏത്‌ അളവുകോലു വച്ച്‌ നോക്കിയാലും ജനഹിതത്തിനെതിരുതന്നെ.

മാത്രവുമല്ല പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളായ ഐ.ഐ.ടികളോടും ഐ.ഐ.എമ്മുകളോടും കിടപിടിക്കുവാനോ ഗുണനിലവാരത്തില്‍ ഇവയെ കവച്ചുവെക്കുവാനോ രാജ്യത്തെ ഒരൊറ്റസ്വകാര്യ സ്ഥപനങ്ങളും വളര്‍ന്നിട്ടില്ല എന്ന കാര്യം കൂടി കോടതി പരിശോധിക്കേണ്ടതല്ലേ? അപ്പോള്‍ സ്വകാര്യമാനേജുമെന്റുകള്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശമോ അല്ലെങ്കില്‍ ആ നിലക്കുള്ള ഒരു പരിശോധനയോ നടത്തുവാന്‍ കോടതി മുതിര്‍ന്നിട്ടില്ലാ എന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്‌.

കോടതികള്‍ക്ക്‌ ഇത്തരത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുവാന്‍ പഴുതില്ലാത്ത വിധം നിയമ നിര്‍മ്മാണം കൊണ്ടുവരേണ്ടത്‌ ജനഹിതം മാനിക്കുവാനും ജനക്ഷേമം ഉറപ്പുവരുത്തുവാനും ഭരണഘടനാപരമായി ഏറ്റവും ബാധ്യതയുള്ള ഒരു സംവിധാനം എന്ന നിലക്ക്‌ ഇന്ത്യന്‍ നിയമ നിര്‍മ്മാണസഭയുടെ ഉത്തരവാദിത്വവും ബാദ്ധ്യതയുമാണ്‌.

ഈ ഉത്തരവാദിത്വവും ബാദ്ധ്യതയും ഒരു സുപ്രീം കോടതി ജഡ്‌ജിയുടെ കോപാഗ്നിയില്‍ വെന്ത്‌ വെണ്ണീറാകാന്‍ പാടില്ല. ജവഹര്‍ലാല്‍ നെഹ്‌റു സ്വപ്നം കണ്ട "ക്ഷേമരാഷ്ട്രം" നിലവില്‍ വരണമെങ്കില്‍ സാമാന്യ നീതിയെ കഴുവിലേറ്റാന്‍ ഒരു നീതിപീഠത്തേയും അനുവദിച്ചുകൂടാ.

സുരേഷ്‌ നായര്‍ മുണ്ടിയാത്ത്‌

Submitted by dileep (not verified) on Mon, 2005-11-07 04:07.

It is highlated that IIT's and IIM's are supream institutes in india being under the goverment rule. But such an institute is not possible in kerala due to the excess influence of politics.But there are private institutes which can tie up with IIT's; for example Birla Institute of Technology and Science (BITS). It still has its supream status since it is not in Kerala and so there is no political influence. But noone can 'buy' an admission in BITS.
dileep