തര്‍ജ്ജനി

അശ്വതിതിരുനാള്‍ രാമ വര്‍മ്മ

Visit Home Page ...

സംഗീതം

ഡി.കെ.പട്ടമ്മാള്‍


ഫോട്ടോ: കെ.ആര്‍. വിനയന്‍

മൃദംഗചക്രവര്‍ത്തി പാലക്കാട് ശ്രീ. രഘുവിന്റെ നിര്യാണത്തിനു് തൊട്ടു പിന്നാലെ സംഭവിച്ച , സമാരാദ്ധ്യയായ വിദുഷി ശ്രീമതി.ഡി.കെ പട്ടമ്മാളുടെ വേര്‍പാട് സംഗീതലോകത്തിന് വലിയ ഒരു ആഘാതമാണ്. സംഗീതലോകത്തെ പൊതുനിയമങ്ങള്‍ പലതിനും അപവാദമായ അപൂര്‍വ്വവും അസാധാരണവുമായ മാതൃകയായിരുന്നു പട്ടമ്മാള്‍ മാമി. കൃതികളും പല്ലവികളും പാടുന്നതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്ന നിരവധി ഗായകരുണ്ടു്. പട്ടമ്മാള്‍ മാമി ഇവ രണ്ടിലും ഒരു പോലെ പ്രാഗത്ഭ്യം പ്രകടിപ്പിച്ച ഗായികയായിരുന്നു. മഹാചാര്യരായ ത്യാഗരാജസ്വാമികളുടേയോ ദീക്ഷിതരുടേയോ കൃതികള്‍ പാടുന്നതില്‍ ശ്രദ്ധേയരായ ഗായകരുണ്ട്. വേറെ ചിലരാവട്ടെ ഭാരതിയാരുടേയും അതു പോലെയുള്ള ലളിതകൃതികള്‍ പാടുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നു. പട്ടമ്മാളാകട്ടെ ഈ സംഗീതലോകങ്ങളിലൂടെയെല്ലാം അനായാസം സഞ്ചരിച്ചു. സഹോദരനും സഹോദരിയും ഉള്‍ക്കൊള്ളുന്ന ഗായകദ്വന്ദത്തിലെ ചാരുതയാര്‍ന്ന പെണ്‍സ്വരമായി ആരംഭിച്ച കാലം മുതല്‍, സംഗീതജ്ഞരില്‍ അത്യപൂര്‍വ്വമായ വിധത്തില്‍, പട്ടമ്മാളുടെ ആലാപനം അവസാനം വരെ ശ്രുതിശുദ്ധമായി തുടര്‍ന്നു. അവരുടെ സ്വരം പോലെ ചേലും ചാരുതയും അവസാനം വരെ ആകര്‍ഷകമായിത്തന്നെ തുടര്‍ന്നു. സംഗീതനിപുണര്‍ മുതല്‍ സാധാരണക്കാര്‍ വരെ അവരുടെ സംഗീതം നെഞ്ചേറ്റി ആസ്വദിച്ചു. പട്ടമ്മാള്‍ മാമി നമ്മെ വിട്ടു പിരിഞ്ഞാലും ഒരു ജീവിതകാലം മുഴുവനുമായുള്ള സംഗീതാരാധനയിലൂടെ അവര്‍ നേടിയതും അവശേഷിപ്പിച്ചതുമായ അപൂര്‍വ്വമായ പാരമ്പര്യം അഭംഗുരമായി തുടരും. സംഗീതത്തില്‍ വരാനിരിക്കുന്ന തലമുറകള്‍ അത് ആരാധനാപൂര്‍വ്വം കയ്യേല്ക്കും. വരുംകാലസംഗീതജ്ഞര്‍ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളും.

ആ മഹാത്മാവിന് നിത്യശാന്തി നേരുന്നു.

Subscribe Tharjani |