തര്‍ജ്ജനി

ജോസഫ് തെരുവന്‍

കടമാക്കുഴി പി.ഒ.
കട്ടപ്പന, ഇടുക്കി.

ഫോണ്‍: 0486-8250169, +966-502903651

ഇ-മെയില്‍: joseph_theruvan@yahoo.com

Visit Home Page ...

കഥ

ഗുരുത്വം

ശ്രീധരന്‍ മാഷിന്റെ വീട്ടില്‍‌ കഴിഞ്ഞ രാത്രി മോഷണം‌ നടന്നു! മോഷണം പുത്തരിയായിരുന്നില്ലെങ്കിലും ശ്രീധരന്‍‌ മാഷിന്റെ വീട്ടില്‍‌ കള്ളന്‍‌ കയറിയത്‌ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.

ഗ്രാമത്തിലെ യു.പി സ്കൂളിലെ ഹെഡ്‌മാസ്റ്ററായിരുന്ന്‌ പെന്‍‌ഷന്‍‌ പറ്റിയ ആളാണ്‌ ശ്രീധരന്‍‌ മാഷ്‌. ശ്രീധരന്‍‌ മാഷ്‌ പഠിപ്പിച്ച കുട്ടികള്‍‌ മിക്കവാറും നല്ല നിലയില്‍‌ എത്തിയിട്ടുണ്ട്‌. എന്നാല്‍‌ സ്വന്തം മക്കളെ‌ മാത്രം വിചാരിച്ചത്ര മെച്ചമാ‍യ നിലയിലെത്തിക്കാന്‍‌ മാഷിനു കഴിഞ്ഞില്ല. രണ്ടു് ആണ്‍‌മക്കളില്‍‌ മൂത്തയാള്‍‌ പട്ടണത്തില്‍‌ ക്ലാര്‍‌ക്കായി ജോലിചെയ്യുന്നു. ഇളയവന്‍‌ പഠിത്തത്തിലെല്ലാം മോശമായിരുന്നു. കുറേനാള്‍‌ നാട്ടില്‍‌ രാഷ്ടീയവും‌ അല്ലറ ചില്ലറ അടിപിടികളുമായി നടന്നതിനുശേഷം നാലഞ്ചുവര്‍‌ഷങ്ങള്‍‌ക്കുമുമ്പ്‌ എങ്ങോ നാടുവിട്ടുപോയി. പെന്‍‌ഷന്‍‌ കൊണ്ടും പട്ടണത്തില്‍‌ ജോലിയുള്ള മകന്റെ സഹായംകൊണ്ടുമാണ് മാഷ് ഇപ്പോള്‍‌ കഴിയുന്നത്‌. നാട്ടിലെല്ലവരും ബഹുമാനിക്കുന്ന ആള്‍‌ എന്ന്‌ ശ്രീധരന്‍‌ മാഷിനെക്കുറിച്ചുപറയാം. ആര്‍ക്കും ഉപകാരിയായ പരമസാത്വികന്‍‌‌‌.

ആ ശ്രീധരന്‍ മാഷിന്റെ വീട്ടിലാണ് കള്ളന്‍‌കയറിയത്.

ഓടുപൊളിച്ച് അകത്തുകയറിയ കള്ളന്‍‌, ഉറങ്ങിക്കിടന്ന സാറിന്റെ ഭാര്യ ലക്ഷ്മിയുടെ കഴുത്തില്‍‌ നിന്നും ഒന്നര പവനോളം വരുന്ന മാലപൊട്ടിച്ചപ്പോഴേക്കും അവര്‍‌ ഉണര്‍‌ന്ന്‌ ബഹളം കൂട്ടിയതിനാല്‍ കള്ളന്‍‌ മറ്റൊന്നും എടുക്കാന്‍‌ നില്ക്കാതെ കടന്നുകളയുകയാണ് ചെയ്തത്‌.‌

വിവരമറിഞ്ഞ് ഏറെ‌പ്പേര്‍‌ മാഷിനെ ആശ്വസിപ്പിക്കാനെത്തി. മിക്കവരും കള്ളന്‍‌ കയറിയവഴിയും പോയവഴിയും രീതിയുമൊക്കെ സങ്കല്പത്തില്‍‌നിന്നും ഇപ്പഴേ ചേര്‍ത്തെടുക്കാന്‍‌ ശ്രമിക്കുകയും അഭിപ്രായങ്ങള്‍‌ അവതരിപ്പിക്കുകയും ചെയ്തു. പിന്നെ ഗ്രാമത്തില്‍‌ വര്‍‌ദ്ധിച്ചുവരുന്ന മോഷണത്തില്‍‌ പ്രതിഷേധിച്ച് ഓരോരുത്തരായി പിരിഞ്ഞുപോയി. എല്ലാവരും ഒരു കാര്യം പ്രത്യേകമായി ഓര്‍മ്മിപ്പിച്ചിരുന്നു. മാഷിത്‌ പോലീസിനെ അറിയിക്കണം.എങ്കിലേ ഇനിയെങ്കിലും ഇതാവര്‍ത്തിക്കാതിരിക്കൂ.

മാഷും അങ്ങനെ തന്നെ തീരുമാനിച്ചു. പോലീസിലറിയിക്കണം. ലക്ഷ്മിയുടെ കഴുത്തില്‍‌ ആകേയുള്ള പൊന്നാണ്‌, എങ്ങനെയെങ്കിലും അത്‌‌ പോലീസിനെ കൊണ്ട്‌ തപ്പിയെടുപ്പിക്കണം
ശ്രീധരന്‍ മാഷ്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോകനിറങ്ങിയപ്പോഴാണ്‌. ഒരു ചെറുപ്പക്കാരന്‍ മുറ്റത്തേക്ക്‌ കയറിവന്നത്‌.

മുണ്ടും ഷര്‍ട്ടും വേഷം. കുറ്റിത്താടി കിളിര്‍ത്ത മുഖം, സാറിന്‌ ആളിനെ ആളിനെ മനസ്സിലായില്ല.
ചെറുപ്പക്കാരന്‍ മുണ്ടിന്റെ മടിക്കുത്തഴിച്ചുകൊണ്ട്‌ തിണ്ണയിലേക്ക്‌ കയറി.

"സാറ്‌ രാവിലെ പോലീസ് സ്റ്റേഷനിലേക്കാണോ?"
വെളുത്ത ഷര്‍ട്ടും തോളില്‍വേഷ്ടിയുമായി നില്ക്കുന്ന മാഷിനെ ബഹുമാനപൂര്‍വ്വം നോക്കികൊണ്ട്‌ യുവാവ്‌ ചോദിച്ചു.
"അതെ"
മാഷ്‌ യുവാവിനെ അപരിചിതഭാവത്തില്‍ നോക്കി.
"സാറിനെന്നെ മനസ്സിലായില്ലയിരിക്കും.. എന്നെ പഠിപ്പിച്ചിട്ടുള്ളതാ. അഞ്ചിലും ആറിലും. അതുകഴിഞ്ഞ്‌ ഞങ്ങളിവിടുന്ന്‌ സ്ഥലംവിറ്റുപോയി. പേര്‌ സുരേന്ദ്രന്‍".

താന്‍ പഠിപ്പിച്ചുവിട്ട ആയിരക്കണക്കിനു് പീക്കിരിപിള്ളേര്‍ക്കിടയില്‍നിന്നും സുരേന്ദ്രനെ തിരിച്ചറിയാന്‍ മാഷിനു കഴിഞ്ഞില്ലങ്കിലും, പരിചിത ഭാവത്തില്‍ ചിരിച്ചു. സുരേന്ദ്രന്റെ പെരുമാറ്റത്തിനു് ആകെയൊരു ആകര്‍ഷണീയതയുണ്ടായിരുന്നു.

"സാറിനു തിരക്കില്ലങ്കില്‍ എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു." മാഷ്‌ ആഗമനോദ്ദേശം തിരക്കുന്നതിനു മുമ്പ്‌ സുരേന്ദ്രന്‍ പറഞ്ഞു.
"ഏയ്‌ തിരക്കൊന്നുമില്ല... നീയിങ്ങോട്ടിരിക്ക്‌" എന്നു പറഞ്ഞ്‌ മാഷ്‌ ഒരു കസേരയിലിരുന്നു.
"വേണ്ട സാര്‍... ഞാന്‍ നിന്നോളാം." സുരേന്ദ്രന്‍ അരമതിലില്‍ ചാരിനിന്നതേയുള്ളൂ. മാഷിന്‌ ശിഷ്യനെക്കുറിച്ച്‌ മതിപ്പുതോന്നി.
"എന്താ സുരേന്ദ്രനു് പറയാനുള്ളതെന്നുവെച്ചാല്‍ പറഞ്ഞോളൂ." എന്നു പറഞ്ഞതിനുശേഷം, അകത്തേക്ക്‌ വിളിച്ച്‌ ചായയ്ക്കു പറഞ്ഞു.

"മാഷിപ്പോള്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോകണ്ട." സുരേന്ദ്രന്‍ പതിഞ്ഞശബ്ദത്തില്‍ പറഞ്ഞു.
ചോദ്യഭാവത്തില്‍ മാഷ്‌ സുരേന്ദ്രനെ നോക്കി.
"പോയാല്‍ മാഷിന്‌ ദോഷമേ വരൂ.. എന്ന്‌ എനിക്ക്‌ വ്യക്തമായി അറിയാവുന്നതുകൊണ്ട്‌ പറയുന്നതാ."
ഇതിനെക്കാളിപ്പോള്‍ എന്തു ദോഷമാടോ പോലീസ്‌ സ്റ്റേഷനില്‍ പോയതുകൊണ്ട്‌ വരാനുള്ളത്‌. അവര്‍ ആളെപിടിച്ചാല്‍ സാധനം കിട്ടുകയും ചെയ്യും." മാഷ്‌ അയാളുടെ സംസാരം കേട്ട്‌ ചിരിയോടെ പറഞ്ഞു.
"അതല്ല മാഷേ .. മാഷിനറിയാത്തതുകൊണ്ടാ..പോലീസ്‌ സ്റ്റേഷനില്‍ ചെന്നെന്നിരിക്കട്ടെ. അവര്‍ ഇതൊന്നന്വേഷിച്ചു തുടങ്ങണമെങ്കില്‍ അഞ്ഞൂറു രൂപയെങ്കിലും കൊടുക്കേണ്ടിവരും. അല്ലെങ്കില്‍ അവര്‍ കേസെടുക്കത്തില്ല. എസ്‌.ഐ ക്ക്‌ ഇരുനൂറ്റി അമ്പത്‌. പോലീസുകാര്‍ക്ക്‌ എല്ലാവര്‍ക്കും കൂടി ഇരുനൂറ്റിയമ്പത്‌. ഇതാണ്‌ ചെറിയ മോഷണക്കേസുകള്‍ക്ക്‌ സ്റ്റേഷനിലെ ഇപ്പോഴത്തെ നിരക്ക്‌. എന്താ ഒരു വിലക്കയറ്റം. ഇനി ആദ്യം അഞ്ഞൂറു കൊടുത്താലും അന്വേഷണം ചൂടു പിടിക്കണമെങ്കില്‍ പുറകെ ഒരു ഇരുനൂറു കൂടിയെങ്കിലും വേണ്ടി വരും. സാധനം കണ്ടുപിടിച്ച്‌ തരാം എന്നു പറഞ്ഞ്‌ കാശു ചോദിച്ചാല്‍ സാറ്‌ കൊടുക്കത്തില്ലേ?"
കൊടുക്കും. ചോദ്യത്തിന്‌ സുരേന്ദ്രന്‍ തന്നെ ഉത്തരവും പറഞ്ഞു.

"എടോ.. ഈ കൈക്കൂലിയൊക്കെ ഇക്കാലത്ത്‌ അത്ര അത്ഭുതമോ മറ്റോ ആണോ?.. പത്തോ അഞ്ഞൂറോ കൊടുത്താലും നഷ്ടപ്പെട്ടത് കിട്ടേണ്ടേ? പത്തു നാലായിരം രൂപയുടെ സാധനമാ."
മാഷ്‌ പറഞ്ഞതു കേട്ട്‌ സുരേന്ദ്രന്‍ മെല്ലെയൊന്നു ചിരിച്ചു. കൈക്കൂലി സമൂഹികവിപത്താണെന്നു് മാഷ് പണ്ട്‌ ക്ലാസ്സില്‍ പറഞ്ഞത് അവന് ഓര്‍മ്മ വന്നു.
"അതാണ്‌ ഞാന്‍ പറഞ്ഞത്‌, ഇതിന്റെ കളികള്‌ മാഷിനറിയില്ലെന്ന്‌. അഞ്ഞൂറ് കൊടുത്താലും അന്വേഷണമങ്ങ്‌ നീണ്ട്‌ പോകും. കുറേനാള്‍ കഴിഞ്ഞ്‌ ചിലപ്പോള്‍ പ്രതിയെ പിടിക്കും. പക്ഷെ തൊണ്ടി കിട്ടത്തില്ല. സധനം പോലീസുകാരും കള്ളനും കൂടി വീതിച്ചെടുക്കും. മാഷിനു് മാലപോയതു പോരാഞ്ഞ് കാശും പോകും. അതാ ഞാന്‍ പറഞ്ഞത്‌ പോലീസ്‌ സ്റ്റേഷനില്‍ പോകാതിരിക്കുന്നതാണ്‌ നല്ലതെന്നു്."

സുരേന്ദ്രന്‍ നിര്‍ത്തിയിട്ട്‌ സാമൂഹ്യപാഠക്ലാസ്സിലെ അദ്ധ്യാപകന്‍ മുന്‍ബഞ്ചിലിരിക്കുന്ന കുട്ടിയെ നോക്കുന്നതുപോലെ മാഷിനെ നോക്കി.
മാഷ്‌ അമ്പരപ്പോടെ ഇരിക്കുകയാണ്‌.

"ഇങ്ങനെയൊക്കെയാണെങ്കിലും, മോഷണം നടന്നാല്‍ പിന്നെ പോലീസിലറിയിക്കുകയല്ലതെ വേറെന്താ മാര്‍ഗ്ഗം" മാഷ്‌ ചോദിച്ചു.
സുരേന്ദ്രന്‍ മുമ്പോട്ടൊന്നാഞ്ഞു.
"വഴിയുണ്ട്‌ മാഷേ..."

ലക്ഷ്മിയമ്മ ചായയുമായി വന്നു.അവരുടെ കഴുത്തില്‍ തിണര്‍ത്തു കിടക്കുന്ന വലിയൊരു പാട്. കള്ളന്‍ മാലയില്‍ ബലം പിടിച്ചതാണ്‌.

"ഇതെന്റെ പഴയൊരു സ്റ്റുഡന്റാണ്‌ സുരേന്ദ്രന്‍." മാഷ്‌ സുരേന്ദ്രനെ ഭാര്യയ്ക്കു പരിചയപ്പെടുത്തി. സുരേന്ദ്രന്‍ കൈകൂപ്പി. കുശലം ചോദിച്ചതിനു ശേഷം ലക്ഷ്മിയമ്മ അകത്തേക്ക്‌ തന്നെ മടങ്ങി.

"എന്താ വഴിയുണ്ടെന്നു പറഞ്ഞത്‌." മാഷ്‌ തിരക്കി.
"സാറിനു സമ്മതമാണങ്കില്‍ ഒരു കോമ്പ്രമൈസ്‌ ആകാം."
"കോമ്പ്രമൈസോ? ആരുമായി?" മാഷിന്റെ നെറ്റിചുളിഞ്ഞു.
"കള്ളനുമായി തന്നെ."
"അതിനു കള്ളന്‍ ആരാണാന്നറിഞ്ഞിട്ടല്ലേ." മാഷു് അല്പം ഈഷ്യത്തോടെ പറഞ്ഞു.

സുരേന്ദ്രന്‍ വിളറിയ ഒരു ചിരി ചിരിച്ചു.
"മാഷ്‌` ക്ഷമിക്കണം.. ഞാന്‍ തന്നെയാണു് കള്ളന്‍. സാറിന്റെ വീടാണെന്നറിയില്ലായിരുന്നു. ഏറെ നാളു കൂടിയാ ഞാന്‍ ഈ ഭാഗത്ത്‌. അല്പം മുമ്പാ അറിഞ്ഞത്‌, മാഷിന്റെ വീട്ടിലാണ്‌ മോഷണം നടന്ന്ത്‌ എന്നു്. എനിക്കു വലിയ വിഷമമായിപ്പോയി. പണ്ട്‌, എത്ര ദിവസം മാഷെനിക്ക്‌ ഉച്ചക്ക്‌ ചോറു വാങ്ങി തന്നിട്ടുള്ളതാ... അതാ ഞാന്‍ നേരേ ഇങ്ങ്‌ പോന്നത്‌."

സുരേന്ദ്രന്‍ ഒന്നു നിര്‍ത്തി. "ജീവിക്കാന്‍ വേറേ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌ ഇപ്പോള്‍ സ്ഥിരം പണി മോഷണമാണ്‌. സാധാരണഗതിയില്‍ മോഷണം കഴിഞ്ഞാല്‍ സാധനവുമായി പോലീസ്‌ സ്റ്റേഷനിലേക്കാണ് പോകാറുള്ളതു്. എനിക്കു പകുതി കിട്ടും.പോലീസുകാര്‍ പകുതിയെടുക്കും. അതാണ്‌ കരാര്‍. നഷ്ടമാണെങ്കിലും പോലീസിനെ പേടിക്കാതെ ധൈര്യമായി മോഷണം നടത്താമെന്നൊരു ആശ്വാസമുണ്ട്‌. സ്റ്റേഷനില്‍ ചെന്നാല്‍ എനിക്ക്‌ പകുതി കിട്ടും. സാറ്‌ വെറുതേ ബുദ്ധിമുട്ടുകയും ചെയ്യും .... അതാണ്‌ ഞാന്‍ മാഷ്‌ പോലീസ്‌ സ്റ്റേഷനില്‍ പോകേണ്ട എന്നു പറഞ്ഞത്‌."

സുരേന്ദ്രന്‍ പുതിയൊരു പാഠം പഠിപ്പിച്ചു കൊടുത്ത അദ്ധ്യാപന്റെ സംതൃപ്തിയോടെ മാഷിനെ നോക്കി ഗുരു അന്തംവിട്ടിരിക്കുകയാണ്‌.
സുരേന്ദ്രന്‍ തുടര്‍ന്നു." മാഷ്‌.. പോലീസ് സ്റ്റേഷനില്‍ കൈക്കൂലി കൊടുക്കാന്‍ പോകുന്ന പണം. അഞ്ഞൂറ് രൂപ, അതായത്‌ എനിക്ക്‌ സ്റ്റേഷനില്‍ പോയാല്‍ കിട്ടുന്നതിന്റെ പകുതി എനിക്കു തന്നാല്‍ ഞാന്‍ മാല തിരിച്ചുതരാം.
സാറ്‌ ശരിക്കാലോചിച്ച്‌ തീരുമാനിച്ചാല്‍ മതി, ഏതാണ്‌ ലാഭമെന്ന് ... പിന്നെ നാട്ടുകാരെ അറിയിക്കുമെന്നാണെങ്കില്‍, എനിക്ക്‌ പോലീസ്‌ സംരക്ഷണം കിട്ടും. എന്താ തെളിവുള്ളത്‌.... പിന്നെ മാഷിനോടുള്ള സ്നേഹം കൊണ്ടു മാത്രമാ നഷ്ടം സഹിച്ചാണെങ്കിലും ഞാനിതിനു് തയ്യാറായതു്..."

സുരേന്ദ്രന്‍ സംസാരം നിര്‍ത്തിയിട്ട്‌ പോക്കറ്റില്‍ നിന്നു മാലയെടുത്ത്‌ കൈയ്യില്‍ പിടിച്ചു.
ശ്രീധരന്‍ മാഷ്‌ കസേരയില്‍ തളര്‍ന്നിരുന്നു. നെറ്റി മുഴുവന്‍ വിയര്‍ത്തു. പ്രിയശിഷ്യന്റെ മുഖത്തും... കൈയ്യില്‍ തൂങ്ങിക്കിടന്നാടുന്ന മാലയിലും മാറി നോക്കിയിട്ട്‌, മെല്ലെ ഖദര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയ്യിട്ട്‌ കുറേ നോട്ടുകളെടുത്ത്‌ സുരേന്ദ്രനു നേരെ നോക്കി.

"ഇത്‌ ആറുന്നൂറേയുള്ളൂ... വേറേ കാശിരിപ്പില്ല." ശിഷ്യന്‍ വിലപേശാന്‍ നില്ക്കാതെ കാശുവാങ്ങി എണ്ണിനോക്കി പോക്കറ്റില്‍ വച്ചു.

പിന്നെ മാല സാറിന്റെ കൈയ്യില്‍ വച്ചുകൊടുത്ത്‌ കസേരയില്‍ തളര്‍ന്നിരുന്ന ഗുരുവിന്റെ പാദം തൊട്ട വന്ദിച്ചതിനുശേഷം അകത്തേക്കൊന്നു പാളി നോക്കി, പുറത്തേക്കിറങ്ങി തിരക്കിട്ടു നടന്നുപോയി.

Subscribe Tharjani |
Submitted by Jayesh.S (not verified) on Mon, 2009-08-24 12:12.

good story..