തര്‍ജ്ജനി

സര്‍ഗചേതനയുടെ സ്ത്രൈണഭാവങ്ങള്‍‌

ഈ കാലഘട്ടത്തിലെ ഏറ്റവും സജീവമായ മാധ്യമം കഥ തന്നെയാണ്‌.ഏറെ വൈവിദ്ധ്യങ്ങളും , നിരവധി പ്രത്യേകതകളും, വ്യത്യസ്ത രീതികളും കഥകളില്‍ കണ്ടുവരുന്നു.

ചിലര്‍ വാക്കുകള്‍ കൊണ്ട്‌ വിസ്മയങ്ങള്‍ തീര്‍ക്കുന്ന രീതി അവലംബിക്കുമ്പോള്‍ മറ്റു ചിലര്‍ അത്‌ കൂടുതല്‍ ലളിതവല്‍ക്കരിക്കുന്നു. ഇന്നത്തെ ജീവിതത്തിന്റെ സങ്കീര്‍ണ്ണയാതാര്‍ത്ഥ്യങ്ങള്‍ അതിന്റെ വൈവിധ്യങ്ങളില്‍ എഴുതപ്പെടുന്നുണ്ട്‌. ആധികാരികതയില്ലാതായ ഇന്നത്തെ ജീവിതത്തിനിടയില്‍ ആധികാരികതയില്ലാത്ത കഥകളാവുമല്ലൊ എഴുതപ്പെടുക. ഈ യാഥാര്‍ത്ഥ്യം പുതിയ കഥാകൃത്തുക്കള്‍ തിരിച്ചറിയുന്നുണ്ട്‌. സമകാലിക ആഖ്യാന ശൈലികളെ അതിലംഘിക്കുന്ന അവതരണരീതിയും അവയില്‍ കണ്ടു വരുന്നു. സംവേദനീയതയുടെ പുതിയ ഭാവതാളങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ ഇന്ന്‌ പിറവിയെടുക്കുന്നുണ്ട്‌. വ്യവസ്ഥാപിതമായ കേന്ദ്രീകരണത്തില്‍ മോചിതമാകാത്ത മലയാള കഥസാഹിത്യത്തിന്റെ ദൈന്യതയ്ക്ക്‌ ഒരുതാക്കീതായി മാറുകയാണ്‌ ഇന്നത്തെ കഥകള്‍.

നവ മുതലാളിത്തം സമ്മാനിച്ച യാന്ത്രിക ലോകത്തിലെ ഉപോല്‍പ്പന്നമായ ഉപഭോഗ തൃഷ്ണയില്‍ ആര്‍ത്തി പെരുത്ത ഈ കാലഘട്ടത്തില്‍ ഒരു പ്രതിരോധമെന്നോണം കഥ അതിന്റെ കര്‍ത്തവ്യം കൂടി നിറവേറ്റുന്നുണ്ട്‌. എന്നാലിവിടെ എഴുത്തുകാരന്‍ പ്രവാചകന്റെ റോള്‍ നിര്‍വഹിക്കുന്നുവെന്നര്‍ത്ഥമില്ല. അയാള്‍ നിസ്സംഗനായ ഒരു കാഴ്ച്ചക്കാരന്‍ മാത്രമാണ്‌. വായനക്കാരനും തഥൈവ. അതുകൊണ്ടായിരിക്കാം എഴുത്തുകാരനും വായനക്കാരനും ഒരേ പദവിയിലെത്തി എന്ന് വി.സി.ശ്രീജന്‍ വിശേഷിപ്പിച്ചത്‌.വായനയില്‍ ഇടപെടാന്‍ എഴുത്തുകാരന്‍ കാണിക്കുന്ന ഈ വൈമനസ്യം കഥകളെ തികച്ചും സരളവും ലളിതവുമാക്കി മാറ്റുന്നു. സൂചകങ്ങളും ചിഹ്നങ്ങളും ബിംബങ്ങളും അപ്രത്യക്ഷമാവുന്നു. അനിശ്ചിതത്വത്തെ മറികടന്ന്‌ ഒരു തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ആരും ഒരുമ്പിടുന്നില്ല. സൈദ്ധാന്തിക-താത്വിക-ദാര്‍ശനിക ഭാവങ്ങള്‍ കഥകളില്‍നിന്നു അകന്നേപോയി. ജീവിതദര്‍ശനങ്ങളുടെ പേരില്‍ തന്റെ കഥകള്‍ വായിക്കപ്പെടുന്നതില്‍ തനിക്ക്‌ താല്‍പ്പര്യമില്ലെന്ന്‌ ഒരിക്കല്‍ എന്‍.പ്രഭാകരന്‍ പറഞ്ഞതോര്‍ക്കുക.

തന്നെ സംബന്ധിക്കുന്ന എന്തും കഥയില്‍ വിലയിരുത്താനുള്ള വാഞ്ഛ ആധുനികോത്തര കഥകളില്‍ കാണാം. നിലപാടുകളും വാദങ്ങളുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു.എന്തിന്‌ എഴുത്തുപോലും വിഷയീഭവിക്കുന്നു. സാമാന്യ രൂപത്തില്‍ നിന്നും വ്യതിചലിക്കാതെ വളരെ ലളിതമായാണ്‌ എഴുത്തുകാര്‍ ആ കര്‍മ്മം നിറവേറ്റുന്നത്‌. പലരും രചനാ രീതികളില്‍ പരീക്ഷണോന്മുഖരാണെങ്കിലും.

ഈ പശ്ചാതലത്തില്‍ വേണം കഥാ സാഹിത്യത്തിലെ സ്ത്രീ സാന്നിദ്ധ്യം വിലയിരുത്തപ്പെടേണ്ടത്‌, ഒഴിച്ചു കൂടാനാവാത്ത വിധം തങ്ങളുടെ നില പാടുകള്‍ അവര്‍ കഥാസാഹിത്യത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നിനൊന്നു വ്യ്ത്യസ്തമാണവ.അവയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ദര്‍ശനം ഒറ്റ നോട്ടത്തില്‍ വായിച്ചെടുക്കാനാവുന്നതല്ല. സാറാ ജോസഫില്‍ നിന്നും തുടങ്ങി ഇങ്ങേ തലക്കല്‍ ഇന്ദു മേനോന്‍ വരെയുള്ളവരുടെ കഥകള്‍ അതിന്നടിവരയിടുന്നുണ്ട്‌. സ്ത്രീ ദര്‍ശനം അബോധതലത്തിലാണ്‌ ദൃശ്യമാകുന്നത്‌. അതുകൊണ്ടു തന്നെ ആത്മനിര്‍വചനത്തിനു വേണ്ടിയുള്ള സ്ത്രീയുടെ അന്വേഷണമായി എഴുത്തിനെ കണക്കാക്കാം. ദൈനംദിന ജീവിതവും ഗാര്‍ഹീക പ്രശ്നങ്ങളും സ്വത്വത്തിലെ വിവിധ ഭാവങ്ങളും തമ്മിലേറ്റുമുട്ടുമ്പോഴുണ്ടാകുന്ന സംഘര്‍ഷം എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്‌. ഒരേസമയം കാമുകി ഭാര്യ അമ്മ ഉദ്യോഗസ്ഥ എഴുത്തുകാരി എന്ന നിലകളിലുള്ള വേഷപ്പകര്‍ച്ചകള്‍ ഒരുന്മാദിനിയുടെ തലത്തിലേയ്ക്ക്‌ സ്ത്രീയെ കൊണ്ടെത്തിക്കുന്നതില്‍ അത്ഭുതമില്ല. അങ്ങനെ സ്വത്വത്തെ സംബന്ധിച്ച ആശയവുമായി സ്ത്രീകളനുഭവിക്കുന്ന വിഷമതകള്‍ സ്ത്രീ രചനയില്‍ പ്രതിഫലിക്കുന്നതായി കാണാം. ഭാവാപരമായ നൈരന്തര്യം സ്ത്രീ രചനകളില്‍ പ്രകടമായി കാണുന്നതതുകൊണ്ടാണ്‌.

ഒരു സ്ത്രീക്ക്‌ എഴുത്തുകാരി എന്ന ഐഡന്റിറ്റിയും മാതൃത്വഭാവവും തമ്മില്‍ ഒരുപാട്‌ സമാനതകളുണ്ട്‌. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ച്‌ പ്രസവിക്കുന്നതുവരേയുള്ള സംഘര്‍ഷം സാഹിത്യപ്രക്രിയയിലും അവര്‍ മാനസികമായി അനുഭവിച്ചറിയുന്നത്‌. ഇങ്ങനെ സാഹിത്യ ജൈവ സൃഷ്ടികര്‍മ്മങ്ങള്‍ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നു. രണ്ടിലും സര്‍ഗാത്മകമായ ഒരന്തരീക്ഷം ഉണ്ട്‌, അസ്വസ്ഥതയുണ്ട്‌, ഉത്കണ്ഠയുണ്ട്‌. ഒരെഴുത്തുകാരിയുടെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സ്ത്രൈണഘടകങ്ങള്‍ എഴുത്തിലും സ്വാധീനം ചെലുത്തുന്നതതുകൊണ്ടാണ്‌. രചനയില്‍ കഥപാത്രവുമായി താദാത്മ്യം പ്രാപിക്കുകയും ആത്മകഥാസദൃശമായ ഒരനുഭവം വായനക്കാര്‍ക്ക്‌ പകര്‍ന്ന്‌ തരാനും അതുവഴി കഴിയുന്നു. ഇവിടെ നിഗൂഢവത്കരിക്കപ്പെടേണ്ട ഒന്നും തന്നെയില്ല.

സ്ത്രീ നേരിടുന്ന സ്വതപരമായ പ്രതിസന്ധി ഒരു സാധാരണ സ്ത്രീയെന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും അവരുടെ ജീവിതത്തേയും മാനസികാവസ്ഥയേയും രണ്ടു വ്യത്യസ്ഥ ലോകങ്ങളിലകപ്പെടുത്തുന്നു. താന്‍ കാണുന്നതും അനുഭവിക്കുന്നതുമായ എന്തും സ്വാംശീകരിക്കാനുപയുക്തമായ ഭാവുകത്വം അവര്‍ കൈവരിക്കുന്നത്‌ അതുകൊണ്ടാണ്‌. എന്നാല്‍ ആ മാനസികവിസ്ഫോടനങ്ങള്‍ സര്‍ഗ്ഗരചനയില്‍ ആവിഷ്കരിക്കപ്പെടുമ്പോല്‍ ഒറ്റപ്പെടുമെന്നും വിമര്‍ശനവിധേയമാകുമെന്നുമുള്ള ഭയത്താല്‍ പലതും ഒളിച്ചുവയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്‌. ഇതൊരു തരം മാനസിക ശിഥിലീകരണത്തിലേക്കും ഉന്മാദത്തിലേക്കും അവരെ കൊണ്ടെത്തിക്കുന്നു. പിന്നീട്‌ ആത്മഹത്യയിലേക്കും. മുകളില്‍ വിശേഷിപ്പിച്ച സ്വത്വവിഭജനത്തിന്റെ പരിണിത ഫലം തന്നെയാണിത്‌. ഇവിടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടി ഉദിക്കുന്നുണ്ട്‌. കഥാപാത്രങ്ങള്‍ക്ക്‌ ഒരു ദ്വന്ദ്വഭാവവും അല്ലെങ്കില്‍ ഒരു അപരഭാവവും നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നതതുകൊണ്ടാണ്‌. "ഞാന്‍" എന്നു പറഞ്ഞ്‌ കഥ തുടങ്ങുന്നതില്‍ നിന്നും അവരെ വിമുഖരാക്കുന്നതും "അവള്‍" എന്നു പറഞ്ഞ്‌ ആഖ്യാനത്തെ മറ്റൊരു രീതിയിലേക്ക്‌ തിരിച്ചുവിട്ട്‌ ശ്രദ്ധ മാറ്റുന്നതും അതുകൊണ്ടായിരിക്കാം. പൊതുവേ സ്ത്രീ രചനകളില്‍ കാണുന്ന ഒരു ന്യൂനതയാണത്‌.

ഇവിടെയാണ്‌ ഗീതാ ഹിരണ്യന്റെ കഥകളുടെ പ്രത്യേകത നാം തിരിച്ചറിയേണ്ടത്‌. സങ്കീര്‍ണ്ണമായ വര്‍ത്തമാന കാലത്തില്‍ തന്റെ സ്വത്വം തന്നെ ഒരുബാദ്ധ്യതയായി തോന്നുന്ന കഥാപാത്രങ്ങളാണ്‌ ഗീതയുടേത്‌. സ്വത്വത്തിലെ ശൂന്യതയെ ഘോഷിക്കുകയും ആഘോഷിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു ശൈലി ആ കഥകളില്‍ കാണാം. തികച്ചും സ്വകീയമായ കാര്യങ്ങളാണ്‌ കഥകളിലെല്ലാം തന്നെ. എന്നാല്‍ അതിലും ഒരു രാഷ്ട്രീയമുണ്ട്‌. അത്‌ ജീവിതദര്‍ശനത്തിണ്ടേതകാം, പ്രത്യയശാസ്ത്രങ്ങളുടേതാകാം. എന്നലത്‌ മനഃപ്പൂര്‍വ്വം അടിച്ചേല്‍പ്പിക്കതെ സാധാരണയില്‍ സാധരണയായി താനഭിമുഖീകരിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒരു മനോഗതമെന്നോണം സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നതായി കാണാം. എഴുത്തുകാരിയുടെ തന്നെ ആത്മസംഘര്‍ഷത്തിന്റെ ബാഹ്യവല്‍ക്കരണമാണിത്‌. കഥാപാത്രത്തിന്റെ മാനസികശിഥിലീകരണം താന്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗതിന്റേതു കൂടിയായി കാണേണ്ടതുണ്ടെന്ന്‌ എഴുത്തുകാരി ശഠിക്കുന്നുണ്ട്‌. കഥാ നിര്‍മ്മിതി ആഖ്യാന രീതി പാത്ര സൃഷ്ടി എന്നിവയിലെ സ്ത്രീ സ്പര്‍ശം അതാണ്‌ വിളിച്ചോതുന്നത്‌.

സ്ത്രീയുടെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണുന്നവയാണ്‌ ഗീതയുടെ കഥകളോക്കെത്തന്നേയും. ഈ എഴുത്തുകാരിയുടെ സൂക്ഷ്മ ദൃഷ്ടി ചെന്നെത്തിപ്പെടാത്ത മൂലകളില്ല. ആത്മാര്‍ത്ഥത കുറുക്കിയെടുത്ത ഭാഷയും, സഹജമായ ഫലിത ബോധവും, നര്‍മ്മോക്തി കലര്‍ന്ന പദ പ്രയോഗങ്ങളും പലപ്പോഴും മൂര്‍ച്ചയാല്‍ തിളങ്ങുന്നതായി കാണാം.ജീവിതാസക്തി എല്ലാ കഥാപാത്രങ്ങള്‍ക്കും ഏറെയാണ്‌. ജീവിച്ചു തീരാത്ത കൊതി, അത്‌ ആത്മനിഷ്ഠമാവാം. ഈ കഥകളുടെ മറ്റൊരു പ്രത്യേകത അവയിലെല്ലാം ഒരു നിര്‍മ്മല ഹൃദയത്തിന്റെ മിടിപ്പുണ്ടെന്നുള്ളതാണ്‌.അത്‌ അനുവാചകന്റേതു കൂടിയായി മാറുന്നു. കഥകളൊന്നും തന്നെ ആവിഷ്ക്കരണത്തില്‍ ക്രമീകൃതമല്ല. ആ സ്വത്വ ശൂന്യത, ഏകാകിത ആത്മഗതങ്ങളിലൂടെ (അതാകട്ടെ ചിതറിയ ചിന്തകളിലാണ്‌) അവതരിപ്പിക്കുമ്പോള്‍ അതിനൊരു പുതുമയുണ്ട്‌.ഇരട്ട യാഥാര്‍ത്ഥ്യങ്ങളുടെ സന്ദിഗ്ദ്ധത ആ കഥകളില്‍ വായിച്ചെടുക്കം. എഴുത്തുകാരികളായ കഥാപാത്രങ്ങള്‍ അവരുടെ ഭാവനക്കനുസരിച്ച്‌ സ്വന്തമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും, അതില്‍ അഭിരമിക്കുകയും അതേ സമയം നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി ഏറ്റുമുട്ടുന്നതായി കാണാം. ഇവിടെ സ്വതന്ത്ര സ്വത്വത്തിന്റെ ആവിഷ്ക്കാരത്തിന്നു തടസ്സമായി നില്‍ക്കുന്ന സാമൂഹ്യഘടനയിലെ പ്രശ്നങ്ങളെ ഗീത തിരിച്ചറിയുന്നുണ്ട്‌. അവയോട്‌ നര്‍മ്മഭാഷേണ കലഹിക്കുന്നുമുണ്ട്‌. കുടുംബമെന്ന രാഷ്ട്രീയ സ്ഥാപനത്തിന്നുള്ളില്‍ നിന്നു കൊണ്ടു തന്നെ സാമൂഹ്യഘടനയിലെ ഈ പാളിച്ചകളെ പരിഹസിക്കുമ്പോള്‍ അത്‌ കഥകള്‍ക്ക്‌ പുതിയൊരു മാനം നല്‍കുന്നു.

തന്റെതായ ഒരു ഭാഷ സൃഷ്ടിക്കുകയെന്നത്‌ ഏതൊരു എഴുത്തുകാരിയുടേയും സ്വത്വാന്വേഷണവുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്‌. സ്ത്രൈണാനുഭവങ്ങളേയും, സ്ത്രീ സഹജതയേയും തികച്ചും മൌലികമായി അവതരിപ്പിക്കാനുള്ള വാഞ്ച സ്വാഭാവികമാണ്‌. അവരുടേതായ ശൈലികള്‍ രൂപപ്പെടുത്തുകയും പ്രതീകങ്ങളിലും ബിംബങ്ങളിലും രൂപകങ്ങളിലും വ്യത്യസ്തത കണ്ടെത്തുകയും പൊതുവെ സ്ത്രീ എഴുത്തുകാരികളില്‍ കാണുന്ന സമാനതയില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും മോചനം നേടുകയെന്നതും ഒരു വെല്ലു വിളിയായി ഇവര്‍ ഏറ്റെടുക്കുന്നു.

ഗീതയുടെ കഥകളില്‍ കഥാപാത്രങ്ങള്‍ തന്റെ സാന്നിദ്ധ്യം സാക്ഷ്യപ്പെടുത്തുന്നത്‌ വായ്താരിയിലൂടേയാണ്‌. താന്‍ ജീവിക്കുന്ന യഥാര്‍ത്ഥ ലോകത്തിന്ന് സമാന്തരമായി മറ്റൊരു മാനസിക ലോകം അവര്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നതായി കാണാം. അത്‌ സാങ്കല്‍പ്പികമല്ല. യഥാര്‍ത്ഥ ലോകത്തോട്‌ ഏറ്റുമുട്ടുന്ന, ഇടപെടുന്ന മാനസിക ലോകത്തിന്റെ ബഹിര്‍സ്ഫുരണം മനോഗതമായി കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ അത്മഗതങ്ങളില്‍ത്തന്നെ ആത്മരോദനവും,ആത്മ നിന്ദയും നിറഞ്ഞു നില്‍ക്കുന്നു. ഈ ദ്വന്ദ്വാത്മകത്വം ഗീതയൊഴിച്ചാല്‍ പിന്നെ പ്രകടമായി കാണുന്നത്‌ പ്രിയ എ.എസ്സിന്റെ കഥകളിലാണ്‌. സാഹിത്യാധിഷ്ഠിത ഭാഷാ ശൈലിക്ക്‌ മേല്‍ വായ്മൊഴി വായ്ത്താരി ആധിപത്യം സ്ഥാപിക്കുന്നതാണ്‌ ഗീതയുടെ കഥകള്‍. അത്‌ പലവിധത്തിലും പ്രത്യക്ഷപ്പെടുന്നു. -മനോഗതമായും സ്വകാര്യ സംഭാഷണമായും കഥാഭാഷ്യത്തെക്കുറിച്ചുള്ള പതിവു ധാരണകളെ മാറ്റി മറിക്കുന്ന ഒന്ന്.

ഉദാഹരണമായി - ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല. 'ഒരു ജന്മ സത്യം' എന്ന കഥ വീട്ടുടമസ്ഥരുടെ ശാസനകള്‍ അലട്ടുന്ന ഒരു വേലക്കാരിയുടെ ആത്മഗതമാണെങ്കില്‍, 'അകത്തും പുറത്തും' എന്ന കഥയില്‍ മൃഗശാല കാണാന്‍ പോകുന്ന കോണ്‍വെന്റ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്ന ഡില്‍വിയ എന്ന ആയയുടെ ആത്മഗതമാണ്‌. 'ഹൃദയ പരമാര്‍ത്ഥിയില്‍ ' ഒരു നവ വധുവിന്റേയും, 'വാനപ്രസ്ഥ'ത്തില്‍ ഏകാന്ത വാസത്തിന്നു വിധിക്കപ്പെട്ട ഒരു വല്യമ്മയുടേയും, "വിഴുപ്പില്‍" ഒരു സാധാരണ സ്ത്രീയുടേയും പരിദേവനങ്ങളാണ്‌ വിഷയം. "സമുദ്രം മുഴങ്ങാത്ത വാക്ക്‌" എന്ന കഥയിലാകട്ടെ സദസ്സിനെ ഭയക്കുന്ന ഒരു പ്രാസംഗികയുടെ മനോവ്യാപരങ്ങളും സ്റ്റേജില്‍ അവളുടെ സഭാകമ്പത്തിന്റെ വിറയല്‍ കലര്‍ന്ന ചേഷ്ടകളും വരച്ചുകാണിക്കുമ്പോല്‍, "കഥയും ജീവിതവും ഒരു ഉപന്ന്യാസ വിഷയത്തിനപ്പുറം" എന്ന കഥ ഒരു കവിയുടെ മനോരോഗിണിയായി ചാര്‍ത്തപ്പെട്ട ഭാര്യയുടെ വിചാരധാരകളാണ്‌. ചിലരചനാ തന്ത്രങ്ങള്‍ (ശില്‍പശാലകളില്‍ കിട്ടാത്തവ) എന്ന കഥയില്‍ വിമര്‍ശകരെപ്പേടിക്കുന്ന കഥയെഴുത്തിലെ ഒരു തുടക്കക്കാരിയുടെ മനോഗതങ്ങള്‍ വിവരിക്കുമ്പോള്‍, "ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസം" എന്ന കഥയെഴുത്തുകാരിയായ ഒരു വീട്ടമ്മയുടേയും മകന്റേയും ഒരു ദിവസത്തിന്റെ വിവരണങ്ങളാണ്‌. "ഘരേ ബായിരേ" എന്ന കഥയില്‍ സത്യജിത്‌ റായിയുടെ അതേ നാമത്തിലുള്ള സിനിമ കാണുന്ന ഒരു കുടുംബപശ്ചാത്തലത്തില്‍, ജാരബന്ധത്തിലേര്‍പ്പെട്ട ഒരു വീട്ടമ്മയുടെ മനോവിഭ്രമങ്ങള്‍ വരച്ചു കാണിക്കുന്നു. എന്നാല്‍ ഇരുട്ടിന്റെ ചിറകൊച്ചകള്‍ എന്ന കഥയിലാകട്ടെ മരണത്തെ മുന്നില്‍ കണ്ടു ജീവിക്കുന്ന ഒരു രോഗിണിയുടെ മനോവിഭ്രാന്തികളും ആത്മരോഗങ്ങളുമാണെങ്കില്‍ "ശ്രീ ഭഗവതി" എന്ന കഥയില്‍ തുരുത്തില്‍പെട്ട പട്ടിയേപ്പോലെ വീടുപണി ചെയ്യുന്ന ഭാര്യയും രാഷ്ട്രീയക്കാരനായ ഭര്‍ത്താവും അടങ്ങിയ ഒരു കുടുംബത്തിലെ അസ്വാരസ്യങ്ങളാണ്‌. "അസംഘടിത"യില്‍ സ്മിത എന്ന പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥ വരച്ചു കാണിക്കുമ്പോള്‍, "വൈറ്റ്‌ ഹൌസിന്റെ കഥ" കുറച്ചു കൂടി വ്യത്യസ്തമാണ്‌. തന്റെ കാര്യം സാദ്ധിക്കാതെ വന്നപ്പോള്‍ മേലധികാരിക്കെതിരേ സ്ത്രീ പീഢനത്തിന്‌ കേസുകൊടുക്കുന്ന നിര്‍മലമാരുള്ള നമ്മുടെ നാട്ടിലെ ഗവണ്‍മന്റ്‌ ഓഫീസുകളെ മറ്റൊരാളുടെ കണ്ണിലൂടെ അവതരിപ്പിക്കുന്നു. ഈ കഥകളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌ "ഇതാലോ കാല്‍വിനോ ത്ര്ശ്ശൂര്‍ എക്സ്പ്രെസ്സ്‌"ഇല്‍. ഇതലോ കാല്‍വിനോയുടെ Adventures of a soldier എന്ന പ്രസിദ്ധമായ കഥയെ മറ്റൊരര്‍ത്ഥത്തില്‍ കേരളാന്തരീക്ഷത്തില്‍ അനുഭവ വേദ്യമാക്കുകയാണ്‌ ഈ കഥയില്‍. അന്ന്‌ കേരളത്തില്‍ വളരെ വിവാദമായി തീര്‍ന്ന സംഭവങ്ങളെ സ്ത്രീ പീഢനകഥകളെ ഈ കഥകളുമായി ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌. കാഴ്ച്ചപ്പാടുകള്‍ രണ്ടിലും വ്യത്യസ്തമാണുതാനും. വര്‍ത്തമാന കാലത്തെ ചില ലൈംഗീകാപവാദകഥകളെ വളരെ ഫലപ്രദമായി കേരളീയ പരിസരത്തില്‍ ഉപയോഗപ്പെടുത്തുന്നതാണ്‌ "വൈറ്റ്‌ ഹൌസ്‌"ഉം "ഇതാലോ കാല്‍വിനോ"യും". വൈറ്റ്‌ ഹൌസിലൂടെ സ്ത്രീയുടെയും, ഇതാലോ കാല്‍വിനോയിലൂടേയും പുരുഷന്റേയും അധികമാരും പറാഞ്ഞിട്ടില്ലാത മാനസീകാവസ്ഥകളെ അനാവരണം ചെയ്യുന്നു. അതും ക്രമരഹിതമായ വായടിത്തത്തിലൂടെ. വീട്ടുഭാഷയും നാട്ടുഭാഷയും അതില്‍ ഇടകലരുന്നു.

എല്ലാവരും ജീവിച്ചു തീര്‍ക്കുന്ന ജീവിതം തന്നെയാണ്‌ ഗീതയുടെ കഥകളിലും കാണുന്നത്‌. കഥപറയുന്ന രീതിയിലുള്ള വ്യത്യസ്തതയാണ്‌ അവയെ വേറിട്ടു നിര്‍ത്തുന്നത്‌. കഥകളെല്ലാം തന്നെ ആത്മതലസ്പര്‍ശിയാണ്‌. (ഞാനെഴുതുന്നതൊക്കേയും എന്റെ കഥകളാണ്‌. ആത്മകഥകള്‍ എന്നെ സ്വയം വായിക്കുന്ന പ്രക്രിയയാണ്‌ എനിക്കെഴുത്ത്‌. അറിയുന്ന എന്നെയല്ല അറിയാത്ത എന്നെയാണ്‌ ഞാനെഴുതുവാന്‍ മോഹിക്കുന്നത്‌ -ഗീത പറയുന്നു) ദൈനം ദിന ജീവിതത്തിലെ കൊച്ചുകാര്യങ്ങള്‍ പോലും കഥയില്‍ വലിയ ഇടപെടലുകളായി മാറുന്നതായി കാണാം.

ദുശ്ശാഠ്യങ്ങളുടേയും സ്നേഹദുരിതങ്ങളുടെയും ഒരാസാധാരണ ചേരുവയാണ്‌ മിക്ക കഥാപാത്രങ്ങളും. സ്നേഹം ഒരു പ്രത്യേക തരം രോഗം പോലെ അവരെ അലട്ടുന്നു.
(1) സ്നേഹം എങ്ങനെയാണത്‌ എന്ന്‌ എനിക്കിനിയും രൂപപ്പെട്ടുകിട്ടിയിട്ടില്ല. നിന്റെ സ്നേഹം അതൊരു കരടിയുടെ കെട്ടിപ്പിടുത്തം പോലെ. ഹൊറിബിള്‍.
(2)എന്റെ സ്നേഹം സ്വാഭാവിക വളര്‍ച്ച മുരടിച്ച ഒരു കുള്ളന്‍ അരയാല്‍ പോലെ
(3) സ്നേഹം .. സ്നേഹം .. സ്നേഹം..വകതിരിവില്ലാത്ത വക. എന്താണ്‌ ഇത്രമേല്‍ പ്രശംസിക്കപ്പെടുന്ന ഈ സ്നേഹമെന്നത്‌?
(4) ഈ പെണ്ണുങ്ങളിങ്ങനേയാണ്‌. എവിടേയും അവര്‍ സ്നേഹത്തെ കൊണ്ടുവന്ന്‌ പ്രതിഷ്ഠിച്ചു കളയും.
(5) ഒരോ നീ വിളികളും സ്നേഹത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉള്ള ഒറ്റക്ഷരപ്പാലങ്ങളാണ്‌.
(6) "സി.. നേ... ഹം" വളരെ കൊനഷ്ഠായിട്ടാണ്‌ സ്മിത അതുച്ചരിച്ചത്‌. കൊണ്ട്‌ ചുട്‌! സര്‍വതിനും അയാള്‍ക്കൊരു ദുഷ്ടലാക്കാണ്‌.

(സൌഹൃദ വന്മരം ഇലകൊഴിക്കുമ്പോള്‍ എന്ന ആത്മകഥാക്കുരിപ്പില്‍ ഗീത പറയുന്നുണ്ട്‌. സ്നേഹത്തിന്റെ ഈ തേനറകള്‍ എനിക്ക്‌ ആശുപത്രി സമ്മാനിച്ചതാണ്‌. അങ്ങനെ സ്നേഹബന്ധത്തിന്റെ കനമോര്‍ത്ത്‌ അഹങ്കരിക്കാന്‍ വരട്ടെ. എന്നോടാരോ പറയുന്നു.)

പങ്കുവെക്കപ്പെടുന്ന സ്നേഹം ഇവര്‍ക്കൊക്കെ അരോചകമായി തോന്നുന്നതായി കാണാം. സ്നേഹത്തെ കുറിച്ച്‌ ആര്‍ക്കും വലിയ സ്വപ്നങ്ങളുമില്ല. കരടിയുടെ കെട്ടിപ്പിടുത്താം കുള്ളനരയാല്‍ എന്നീ ബിംബങ്ങളുണര്‍ത്തുന്ന പ്രതീതി മികവുറ്റതാണ്‌. ഇലകളും കൊമ്പുകളുമുണ്ടെങ്കിലും കാറ്റോ തണലോ തരാന്‍ കഴിയാത്ത കുള്ളന്‍ അരയാല്‍ച്ചെടി. സ്നേഹത്തിന്റെ കയ്പ്പും മധുരവും പുളിയും എരിവും എല്ലാം തന്നെ ചര്‍ച്ചചെയ്യപ്പെടുകയാണിവിടെ. സ്ത്രീയെ സ്നേഹത്തിന്റെ പേരില്‍ തളച്ചിടുന്ന ഒരവസ്ഥയെ ചോദ്യം ചെയ്യുക കൂടിയാണത്‌.

സ്ത്രൈണചോദനയുടെ സത്യബോധമുള്ള വെളിപ്പെടുത്തലുകള്‍ ഈ വിലയിരുത്തലുകളില്‍ കാണാം. സഹജമായ സങ്കോചങ്ങളും സംഭ്രമങ്ങളും തന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ എഴുത്തുകാരി തുറന്നു കാട്ടുന്നു. സ്ത്രീ മനസ്സിന്റെ അസന്തുലിതവും അതേ സമയം സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ട ചില തലങ്ങള്‍ ഗീത അനാവരണം ചെയ്യാന്‍ ശ്രമിച്ചതായി കാണാം. സ്വന്തം വ്യക്തിത്വത്തെപ്പറ്റി ആത്മബോധമുള്ളവരാണവര്‍. അവരുടെ ചിന്ത, ബുദ്ധി, കഴിവുകള്‍ സ്വാതന്ത്ര്യം എല്ലാം തന്നെ നിയന്ത്രണവിധേയമാണെന്ന സത്യം അംഗീകരിച്ചു കൊണ്ടു തന്നെ ഒരു കുതറിമാറലിന്‌ അവര്‍ മനസാ തയ്യാറെടുക്കുന്നതായി കാണാം.

ഇവിടെ ഒരേകഥാപാത്രം തന്നെ രണ്ടുതരത്തില്‍ അവതരിക്കുന്നു. കഥാപാത്രത്തിന്റെ ഭൌതിക സാന്നിധ്യം കഥയിലുടനീളം നിറഞ്ഞു നില്‍ക്കുമ്പോല്‍ തന്നെ അദൃശ്യമായ മനസ്സിന്റെ വേവലാതികള്‍ വായ്ത്താരിയായി കഥയില്‍ അധീശത്വം നേടുന്നു. ഇങ്ങനെ മനസ്സും ശരീരവും തമ്മിലുള്ള ഒരു സംഘട്ടനം മിക്ക കഥകളിലും കാണാം. അതായത്‌ ഭൌതികലോകവും ആത്മാവും തമ്മിലുള്ള സംഘട്ടനം. ലോകം വ്യക്തിയെ തിരസ്കരിക്കുകയാണെന്ന തോന്നല്‍. ഭാവപരമായ ഒരു സാന്ദ്രത ഇതിലൂടെ കഥകള്‍ക്ക്‌ കൈവരുന്നു. താന്‍ ജീവിക്കുന്ന ലോകത്ത്‌ നിന്നുകൊണ്ടുതന്നെ ആത്മവിചാരണക്ക്‌ മുതിരുന്നവരാണ്‌ ഈ കഥപാത്രങ്ങള്‍. ലോകം തന്നിലെ വ്യക്തിയെ തിരസ്കരിക്കുകയാണെന്ന തോന്നലില്‍ നിന്നാണ്‌ ഈ ആത്മവിചാരണ ആരംഭിക്കുന്നത്‌. അതുകൊണ്ടാകാം അവര്‍ കഥയേയും കവിതയേയും ഇത്രമേല്‍ ഇഷ്ടപ്പെടുന്നത്‌. ഭ്രാന്തമായ ഒരു സര്‍ഗ്ഗാത്മകതലം എല്ലാവരലിമുണ്ട്‌. എഴുത്തുകാരിയാവുക എന്നത്‌ അംഗീകാരത്തിന്റെ ഭാഗം കൂടിയാണല്ലൊ. എഴുത്തിലാണവര്‍ പൂര്‍ണ്ണമായും സ്വതന്ത്രയാകുന്നത്‌.

(1) ലോകത്ത്‌ ഇഷ്ടം കിട്ടാനുള്ള ചെലവുകുറഞ്ഞ പണിയെഴുത്താണല്ലൊ.
(2) പക്ഷെ എന്തില്‍ ചാലിച്ചാലാണ്‌ വളരെ കയ്യടികള്‍ കിട്ടുന്ന ദ്വിമാന ത്രിമാന വളര്‍ച്ചകളുള്ള ഒരു കഥ തയ്യാറാവുക
(3) കേള്‍ക്കൂ ഇപ്പോളെന്റെ സ്വനഗ്രാഹിയാകെ കവിതയാണ്‌. കവിതയുടെ അന്തമില്ലാത്ത ശബ്ദ ലേഖനങ്ങള്‍
(4) ഹും.. അതേ എനിക്ക്‌ പീരിയഡ്സ്‌ പോലേയാണ്‌ കവിതയെഴുത്ത്‌. കൃത്യം മാസത്തിലൊന്ന്‌.
(5) കവിതയെ അലകടലായി ഉള്ളില്‍ ചുമക്കുന്നവള്‍
(6) എഴുത്തുകാരനാവാന്‍ ഇത്ര പൂതിയുള്ള മറ്റൊരാളേയും അവള്‍ കണ്ടിട്ടില്ല.
(7) എടൊ കഥ പറയാനോക്കെ മേത്തരം ഭാഷ വേണ്ടേ? നമുക്കുണ്ടോ ഭാഷ?
എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളിലൂടെ കഥാപാത്രങ്ങളുടെ മനസ്സുകള്‍ വായിച്ചെടുക്കാം.

മാതൃത്വത്തെ ഒരു വലിയ ബാധ്യതയായി കൊണ്ടുനടക്കാതെ അതിന്റെ വ്യവസ്ഥാപിത താല്‍പര്യത്തെ ചെറുക്കാനുള്ള ഒരു ശ്രമം ' ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസം' എന്ന കഥ യില്‍ കാണാം. മാതൃത്വമെന്നത്‌ ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം അഥവാ സ്ത്രീയെ സംബന്ധിച്ചിടത്തോളം തന്റെ അനേകം ജീവിതാവസ്ഥകളില്‍ ഒന്നു മാത്രമാണെന്ന് സ്ഥാപിക്കുകയാണിവിടെ. എന്നാല്‍ അതേസമയം സ്ത്രീയുടെ സര്‍ഗ്ഗാത്മക തലം കുടുംബം, മാതൃത്വം തുടങ്ങിയവയുമായി ഒത്തു തീര്‍പ്പിലെത്തുന്നതായി ചില കഥകളില്‍ കാണാം. അതുപോലെ തന്നെ എഴുത്ത്‌ ഗാര്‍ഹിക ജീവിത വൃത്തികളുമായി രഞ്ജിപ്പിലെത്തുന്നുമുണ്ട്‌. ഇതംഗീകരിക്കാത്ത പുരുഷ കേന്ദ്രിത വ്യവസ്ഥയോടുള്ള പ്രതിഷേധം ചില കഥകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. സ്ത്രീയുടെ സ്വാതന്ത്ര്യബോധത്തിന്റെ ചില പ്രകടമായ ആവിഷകരണോദാഹരണങ്ങള്‍ കൂടി ഈ രചനകളിലുണ്ട്‌. ഗാര്‍ഹിക ജീവിതവും എഴുത്തും തമ്മിലുണ്ടാകുന്ന തീവൃസംഘര്‍ഷങ്ങളില്‍നിന്നും കുതറിമാറുന്ന ഒരു പ്രവണത ചില കഥാപാത്രങ്ങളില്‍ പ്രകടമാണ്‌. കാറനം കഥകള്‍ ഇവള്‍ക്ക്‌ സ്വഭാവേന ഒറ്റതുടര്‍ച്ച സ്വപ്നം പോലെ ഇടക്കു പൊട്ടിയാല്‍ കഴിഞ്ഞു. വറുതി നില്‍ക്കാത്ത വികൃതികള്‍ പോലെയാണ്‌ സ്ത്രീ കള്‍ക്ക്‌ കഥയെഴുത്ത്‌ എന്നര്‍ത്ഥം.

കഥകളില്‍ പലയിടത്തും നിരൂപകര്‍ ഫെമിനിസം പുരുഷ കാഴ്ച്ചപ്പാടുകള്‍ ആധുനികജീവിത ശൈലികള്‍ തുടങ്ങി പലതും വിമര്‍ശന വിധേയമാകുന്നു. കഥയെ തനെ പ്രമേയവും വിഷയുവും ആക്കുന്ന കഥകളുമുണ്ട്‌. തികച്ചും ആത്മതല സ്പര്‍ശിയായ സംഭാഷണങ്ങളിലൂടേയാണ്‌ അത്‌ ഇഴപിരിയുന്നത്‌. തന്നെ വിട്ടുള്ള കളിയില്ല. പുരുഷന്‍മാരെ പരിഹസിക്കുന്നത്‌ നോക്കൂ.
(1) നേരം പോയതറിയുകയില്ല. അതാണ്‌ സേര്‍ സ്ത്രീ സാമീപ്യത്തിന്റെ അത്ഭുതം!.
(2) രാഷ്ട്രീയം പുരുഷന്‍മാരുടെതാണത്രെ. അതിനൊരു ഭാഷയുണ്ട്‌. പുരുഷ ഭാഷ.
(3)ഈ പെണ്ണുങ്ങളുടേയൊരു കത! എന്നു കളിയാക്കിയ ഭര്‍ത്താവിനെ നോക്കി ഈ കുരങ്ങന്‌ കഥയെക്കുറിച്ച്‌ എന്തറിയാം?
(4)ഏയ്‌, ലമ്പട, ഇഷ്ടം പോലെ സ്ത്രീകളെ പ്രാപിച്ചുകൊള്ളൂ. അങ്ങേക്ക്‌ ചാരിത്ര ഭംഗം വരികയില്ല. അനുഗ്രഹിച്ചിരിക്കുന്നു.
വിഷയം നര്‍മ്മത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ പുതുമയുള്ള വാക്കുകളും വിശേഷങ്ങളും കടന്നുവരുന്നതായി കാണാം. കഥാവ്യസനി, അഴകമ്മ, ഡോഗി, ഭ്രാന്തന്‍ സമുദ്രം, ചങ്ങമ്പുഴപ്പാലങ്ങള്‍, പെന്‍ഗ്വിന്‍ കവയത്രികള്‍, തപാല്‍ ദാമ്പത്യം, ചന്തി തൌഴുകന്‍. ടി.വി.ജീവികള്‍ ഒറ്റക്ഷരപ്പാലങ്ങള്‍,വയനാ ദിനോസര്‍, ഏകാന്ത വ്യസനിതര്‍, തഞ്ച നിദ്ര, കാശുതീനി പിശാച്‌, ചെടിമാഷ്‌, കോമാളിനി, പിന്നെയുമെത്രെ!

അടുക്കള‍ ജോലിയെ ഹാര്‍മ്മോണിയം വായനയോടുപമിക്കുന്നു. സ്തീയുടെ ആകാരവടിവുകളെ നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്നുണ്ട്‌ ചില കഥകളില്‍. (മുലകള്‍-അയച്ചുകെട്ടിയ രണ്ടുതവിടു കിഴികള്‍ പോലെ)സംഘടിത എന്ന സമാഹരത്തില്‍ അനുബന്ധമായിച്ചേര്‍ത്ത എഴുത്തുകാരി അകത്തും പുറത്തും എന്ന കുറിപ്പിലും ഈ നര്‍മ്മ ഭാവന്‍ തെളിഞ്ഞു കാണാം.(അടുക്കളയെ ബ്രസീല്‍ എന്നു വിളിക്കാം, കാപ്പിക്കയറ്റുമതികളുടെ നാട്‌, ഞാന്‍ കഥയോടൊപ്പം ഒളിച്ചോടി, വാക്കാണെന്റെ ഒരേയൊരു സ്വത്ത്‌, സ്ത്രീ ഭാഷ...)
ഈ കഥകള്‍ തികച്ചും സ്വകാര്യമാണ്‌. അവതരുന്ന അനുഭൂതിയും സ്വകാര്യം തന്നെ. നാം അതീവ സാധാരണമെന്ന്‌ കല്‍പ്പിച്ച്‌ തള്ളിക്കളയുന്ന മനോവ്യാപരങ്ങളില്‍ നിന്നാണ്‌. ഈ കഥകള്‍ ഉണ്ടായത്‌. അതുകൊണ്ടുതന്നെ അതിന്റെ ഭാവത്മകത നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു പ്രത്യേക സൌന്ദര്യ ശാസ്ത്രം അതു പ്രദാനം ചെയ്യുന്നു.

ഈ കഥകള്‍ വായിച്ചു മനസ്സിലാക്കാന്‍ ഒരു പ്രത്യയശാസ്ത്രത്തിന്റേയും സഹായം ആവശ്യമില്ല. അവ അവതരിപ്പിക്കുന്നത്‌ ഒറ്റനോട്ടത്തില്‍ സുതാര്യവും ലളിതവുമായ സ്ത്രീലോകമാണ്‌. സ്ത്രീ ചിത്തമാണ്‌. മറ്റു പെണ്ണെഴുത്തുകാര്‍ കൈകാര്യം ചെയ്യാറുള്ള കുടുംബങ്ങള്‍ക്കുള്ളിലെ ശിഥിലതയും പ്രണയനൊമ്പരങ്ങളുമല്ല ഗീത വിഷയമാക്കുന്നത്‌. അവയ്ക്കുമപ്പുറം മറ്റാരും കൈകാര്യം ചെയ്യാത്ത സ്ത്രീ മനസ്സിന്റെ മറ്റുദൌര്‍ബല്യങ്ങള്‍ക്കൂടി ഹാസ്യഭാവനയോടെ നോക്കിക്കാണുകയാണ്‌. അതുകൊണ്ടുതന്നെ ഈ കഥകള്‍ പ്രതിന്ധാനം ചെയ്യുന്നത്‌ സ്ത്രീ സഹജമായ ദൌര്‍ബല്യങ്ങളുടെ നര്‍മാവിഷ്കരണം ആയിട്ടാണ്‌.

ഒരു കൃതിയുടെ തനിമയെന്നാല്‍ അതിന്റെ രചനയില്‍ എഴുത്തുകാരന്‍/എഴുത്തുകാരി പ്രദര്‍ശിപ്പിക്കുന്ന മൌലികതയാണ്‌ ഭാഷാപ്രയോഗത്തില്‍ അവതരണത്തിലും പുലര്‍ത്തുന്ന പക്വതയാണ്‌. ഇത്ര വലിയ കാലയളവില്‍ ഇത്രയും കുറഞ്ഞ കഥകളെഴുതിയ ഗീതാ ഹിരണ്യന്‌ ആ സിദ്ധിയാവോളം കൈവശമായിരുന്നു എന്നാണ്‌ ഈ കഥകള്‍ തെളിയിക്കുന്നത്‌.

ഡോക്ടര്‍: ടി.പി. നാസര്‍