തര്‍ജ്ജനി

രാജീവ് ചേലനാട്ട്

Dubai, UAE

ഇമെയില്‍: rajeeveche@yahoo.com
ബ്ലോഗ്: രാജീവ് ചേലനാട്ട്

Visit Home Page ...

ലേഖനം

കേന്ദ്രബഡ്‌ജറ്റിന്റെ അ(ന)ര്ത്ഥശാസ്ത്രം

ഉറുദു കവിതാശകലങ്ങളുടെ അകമ്പടിയില്ല. ടാഗോറിനെയും ഇഖ്ബാലിനെയും കബീറിനെയും ഉദ്ധരിച്ചിട്ടില്ല. വര്‍ഷാവര്‍ഷം തോറുമുള്ള കഷായചികിത്സക്കിടയില്‍ ഇത്തരം കാല്പനിക പഞ്ചസാരപ്രയോഗങ്ങള്ക്ക്‌ യാതൊരര്‍ത്ഥവുമില്ലെന്ന്‌ പ്രണബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ ബോദ്ധ്യമുണ്ടായിരിക്കണം. എങ്കിലും രണ്ടു വിശിഷ്ട വ്യക്തികള്‍, ബഡ്ജറ്റില്‍ ഉടനീളം നിറഞ്ഞുനിന്നിരുന്നു. ഒരാള്‍ പ്രത്യക്ഷമായും, മറ്റൊരാള്‍ പരോക്ഷമായും. ഒരാള്‍ രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറത്തുനിന്ന്‌, ഒരാള്ക്ക്‌ ഒരു നൂറ്റാണ്ടിന്റെ പഴക്കം മാത്രവും. കൌടില്യനും കെയിന്‍സും.

ഗ്രാമീണമേഖലയ്ക്ക്‌ ഊന്നല്‍ കൊടുക്കുന്ന ബഡ്ജറ്റ്‌ എന്ന വിശേഷണം, മദ്ധ്യ-ഉപരിവര്‍ഗ്ഗങ്ങളുടെ കണ്ണിലെ കരടാകുമോ എന്ന ഭയം മൂലം, ഒരു മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ വേണ്ടിയാണ്‌, കൌടില്യനെ രംഗത്തിറക്കുന്നത്‌. "പഴുക്കാറായ പഴങ്ങളെ തൊടിയില്‍നിന്ന്‌ പറിച്ചെടുക്കുന്നതുപോലെ, മൂപ്പെത്തിയ റെവന്യു രാജാവ്‌ ശേഖരിക്കണം. പാകമെത്താത്ത പഴങ്ങള്‍ പറിച്ചെടുക്കാറില്ലാത്തതുപോലെ, പാകമെത്താത്ത റവന്യൂവും പിരിച്ചെടുക്കാന്‍ പാടുള്ളതല്ല. അത്‌ ജനങ്ങളെ ശത്രുക്കളാക്കാനും, റവന്യൂവിന്റെ സ്രോതസ്സിനെ ഇല്ലാതാക്കാനും മാത്രമേ സഹായിക്കൂ". പൂവിനെ വേദനിപ്പിക്കാതെ തേന്‍ ശേഖരിക്കുന്ന തേനീച്ചകളോടാണ്‌ നികുതിപിരിവുദ്യോഗസ്ഥരെ മുഖര്‍ജി ഉപമിച്ചത്‌.

വികസനത്തിന്റെയും വിഭവവിതരണത്തിന്റെയും കാര്യത്തില്‍, ഇന്ത്യയിലെ മദ്ധ്യ-ഉപരിവര്‍ഗ്ഗങ്ങളെ പ്രീണിപ്പിക്കുന്ന നയങ്ങള്‍ നയചാതുരിയോടെ അവതരിപ്പിച്ച 2009-2010-ലെ ബഡ്ജറ്റ്‌, 'സാധാരണക്കാരന്റെ ബഡ്ജറ്റ്‌'ആയി വിശേഷിപ്പിക്കാന്‍ ഇടവന്നത്‌, സുന്ദരമോഹനവാഗ്ദാനങ്ങളുടെ അമ്രമഴ ഒന്നുകൊണ്ടു മാത്രമായിരുന്നു. മൂര്‍ത്തമായ ഒരു നയപ്രഖ്യാപനത്തിന്റെയും ബലത്തിലായിരുന്നില്ല എന്നു ചുരുക്കം. എടുത്തുപറയത്തക്ക നയപ്രഖ്യാപനങ്ങളോ, മാര്‍ഗ്ഗരേഖകളോ പുരോഗമനപരമായ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്ന അജണ്ടകളോ ഒന്നുമില്ലാത്ത ഒരു ബഡ്ജറ്റ്‌. പക്ഷേ, അതിനെ ഒരു വിജയമാക്കി ആഘോഷിക്കാനും സാധാരണക്കാരന്റേതെന്ന തോന്നല്‍ ഉളവാക്കാനും സര്‍ക്കാരിനും സര്‍ക്കാര്‍ വക്താക്കള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും സാധിച്ചു.

ഇടതുകക്ഷികളുടെ സമ്മര്‍ദ്ദഫലമായി കൊണ്ടുവന്ന ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ ചുവടുപിടിച്ചാണ്‌ ബഡ്ജറ്റവതരണത്തിന്റെ കടമ്പയും യു.പി.എ.സര്‍ക്കാര്‍ സമര്‍ത്ഥമായി തരണം ചെയ്തത്‌. പ്രധാന ഊന്നല്‍ അതിലായിരുന്നു. {ണ്റേഫ്}യുടെ മാജിക്ക്‌. അതിന്റെ ബലത്തില്‍ കൊണ്ടുവന്ന, ഗ്രാമീണമേഖലയ്ക്ക്‌ ഊന്നല്‍ നല്കുന്നു എന്ന പേരിലുള്ള, എന്നാല്‍ എങ്ങും തൊടാതെയുള്ള വാഗ്ദാനങ്ങള്‍. അപ്പോഴും അബദ്ധം പിണഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ ബഡ്ജറ്റുപ്രസംഗത്തിനിടയില്‍ സൂചിപ്പിക്കാന്‍ വിട്ടുപോയി. സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തിയതിനുശേഷമാണ്‌ അതു വീണ്ടും വായിച്ചത്‌. മനുഷ്യസഹജമായ ഒരു തെറ്റായി അതിനെ കണക്കാക്കാമായിരുന്നു. പക്ഷേ, അതിനപ്പുറം ബഡ്ജറ്റിന്റെ ഉടലില്‍ മുഴുവന്‍ ദീര്‍ഘവീക്ഷണത്തിന്റെ ഇത്തരം അഭാവം പലയിടത്തായി ചിതറികിടക്കുന്നതു കാണുമ്പോള്‍ കൂടുതല്‍ ഗുരുതരമായ അശ്രദ്ധയും അലംഭാവവുമാണ്‌ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്‌ എന്നു ബോദ്ധ്യം വരും.

ഉദാഹരണത്തിന്‌, കോണ്‍ഗ്രസ്സിന്റെ (യു.പി.എ യുടെ) തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ ഏറ്റവും ജനപ്രിയ ഇനമായിരുന്നു, 3 രൂപ നിരക്കില്‍ മാസാമാസം 25 കിലോ അരി അഥവാ ഗോതമ്പ്‌ ദാരിദ്ര്യരേഖയ്ക്കു തഴെയുള്ളവര്ക്ക്‌ ലഭ്യമാക്കുമെന്നത്‌. എന്നാല്‍ 10,20,835 കോടി രൂപ ചിലവുവരുന്ന ബഡ്ജറ്റില്‍ ഒരിടത്തും അതിനുവേണ്ടിയുള്ള നീക്കിയിരുപ്പ്‌ നമുക്ക്‌ കാണാനാവില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കുവേണ്ടി അനുവദിച്ചിട്ടുള്ള 350 കോടി രൂപയുടെ ഒരു കണക്ക്‌ കാണാനുണ്ട്‌. ആ 350 കോടികൊണ്ട് ഇന്ത്യയിലെ ബി.പി.എല്ലുകാര്ക്ക്‌ മാസാമാസം 25 കിലോ അരി/ഗോതമ്പ്‌ 3 രൂപ നിരക്കില്‍ കൊടുക്കാനാവില്ലെന്നത്‌ മൂന്നരത്തരം. അപ്പോള്‍ ഏതുതരത്തിലുള്ള സാമൂഹികവികസന ബഡ്ജറ്റാണിത്‌? മാത്രമല്ല, ഈ ജനപ്രിയനയം നടപ്പായാല്‍ ഇപ്പോള്‍ കണക്കാക്കിവെച്ചിരിക്കുന്ന 10,20,835 കോടി രൂപ എന്ന സംഖ്യ ഇനിയും വര്‍ദ്ധിക്കും. ഇപ്പോഴത്തെ 6.8% കമ്മിതന്നെ ഒരു സര്‍വ്വകാല റിക്കാര്‍ഡാണ്‌.

10,20,835 കോടി ചിലവും 6.8% എന്ന കമ്മിയും എന്തുകൊണ്ടാണ്‌ ഭീഷണമായിരിക്കുന്നത്‌? എല്ലാ ബഡ്ജറ്റ്‌ അവലോകനക്കാരും സര്‍ക്കാരിന്റെ ഭാഗത്തുള്ളവരും മറുപക്ഷത്തുള്ളവരും ഒരുപോലെ ഈ ഭീമമായ സഖ്യകളെ ഭയപ്പാടോടെ കാണുന്നത്‌ എന്തുകൊണ്ടാണ്‌? എന്തിനാണ്‌ ഈയൊരു ചിലവും കമ്മിയും വരുത്തിയത്‌?

കെയ്‌ന്‍സ് എന്ന കഥാപുരുഷനും അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രവും ബഡ്ജറ്റില്‍ അദൃശ്യമായി കടന്നുവരുന്നത്‌ ഇവിടെയാണ്‌. ലളിതമായ ഒരു സൂത്രവാക്യം ഉപയോഗിക്കുകയാണ്‌ സര്‍ക്കാര്‍ ഇവിടെ, ആ കഥാപുരുഷന്റെ യുക്തിയുടെ അടിസ്ഥാനത്തില്‍. കയ്യിലില്ലാത്ത പണത്തിനുപകരം കടം വാങ്ങി, ഭാവിയില്‍ പണം കൊയ്യാന്‍ സാദ്ധ്യതയുള്ള പദ്ധതികളിലേര്‍പ്പെടുക. അടിസ്ഥാനസൌകര്യവികസനത്തിന്റെയും മറ്റും പേരില്‍. ഇത്‌ ഡിമാന്റ്‌ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുകയും ഉത്പാദനത്തെ വികസ്വരമാക്കുകയും ചെയ്യും. പണമെറിഞ്ഞ്‌ പണം കൊയ്യുക എന്ന, അവിവേകം നിറഞ്ഞ ബുദ്ധി. കെയ്‌നീഷ്യന്‍ തത്ത്വശാസ്ത്രത്തിന്റെ ആണിക്കല്ല്‌. പക്ഷേ, ഇവിടെ എറിയുന്ന പണം കയ്യിലുള്ള പണമല്ല, കടമെടുത്ത പണമാണ്‌.


ജോണ്‍ മെയ്‌നാര്‍ഡ് കെയ്‌ന്‍സ്

6.8 ശതമാനമാണ്‌ ഇത്തവണത്തെ കമ്മി. 6.8% എന്നതിനെ രൂപ, അണ, പൈയിലേക്ക്‌ പരാവര്‍ത്തനം ചെയ്യുമ്പോള്‍ കിട്ടുന്ന തുക 40000 കോടിയോളം വരും. ആ പൈസയാണ്‌ അത്യാവശ്യകാര്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തേണ്ടത്‌. എന്തിനാണ്‌ ഈ അധികചുമതല ഏറ്റെടുക്കുന്നത്‌, ഉള്ളതുകൊണ്ട്‌ കഴിയുക, വരവിനൊത്ത്‌ ചിലവ്‌ നിയന്ത്രിക്കുക, മുണ്ടുമുറുക്കിയുടുത്ത്‌ ജീവിക്കുക-വ്യക്തിഗതജീവിതത്തില്‍ ഇത്തരം ധാരാളമായ പ്രാചീന നാട്ടറിവുകളുണ്ട്‌. മനുഷ്യന്മാരുടെ കാര്യത്തില്‍ അതൊക്കെയാകാം. രാജ്യം, അതിന്റെ ഭരണം, അതൊക്കെ സ്ഥാപനങ്ങളാണ്‌. അതിന്റെ വഴക്കങ്ങളും ശീലങ്ങളും ബലതന്ത്രവും അതിജീവനവും മറ്റൊരു തരത്തിലാണ്‌ എന്ന്‌ ന്യായം പറയാം. ചിലപ്പോഴൊക്കെ അത്‌ ശരിയാണുതാനും. ഇത്തരം വലിയ കമ്മികള്‍ ഏറ്റെടുക്കുന്നത്‌ ഒരു സാധാരണ കീഴ്‌വഴക്കവുമാണ്‌. സാധാരണയായി വികസിതരാജ്യങ്ങളാണ്‌ ഇത്തരം കൈവിട്ട അഭ്യാസങ്ങളില്‍ ഏര്‍പ്പെടാറുള്ളത്‌. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ ഇത്തരം കമ്മി ബഡ്ജറ്റുകള്‍ പതിവുള്ളതുമാണ്‌. ഇവിടെ, നമ്മുടെ ധനമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ നമ്മള്‍ ചോദ്യം ചെയ്യുന്നുമില്ല. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോഗം വളര്‍ത്തുക വഴി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗാര്‍ഹികമായ അതിലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയുമാണ്‌ ഇത്തരം ഒരു വലിയ ഭാരം റിസ്ക്‌, അദ്ദേഹം ഏറ്റെടുക്കുന്നത്‌. അത്രയും നല്ലത്‌. പക്ഷേ, പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ അപകടം ഇരട്ടിയാണ്‌. വളരെ വലിയ കടബാദ്ധ്യതയിലേക്കായിരിക്കും അത്‌ നയിക്കുക. കഴിഞ്ഞകാല ബഡ്ജറ്റുകളുടെ നിരവധി ഉദാഹരണങ്ങളും നമൂടെ മുന്‍പിലുണ്ട്‌. 2007-2008-ല്‍ ധനകമ്മിയുടെ 41% ആയിരുന്ന റവന്യൂ കമ്മിയാണ്‌ 2009-2010 ആയപ്പോഴേക്കും ധനകമ്മിയുടെ 70 ശതമാനമായി വര്‍ദ്ധിച്ചത്‌.

ഇനി, ഈ കമ്മി നേരിടാന്‍ പ്രണബ്‌ കുമാര്‍ മുഖര്‍ജി കണ്ടുവെച്ചിട്ടുള്ള പരിഹാരങ്ങളില്‍ പ്രധാനമായത്‌, പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കല്‍ അഥവാ, ഡിസ്‌ഇന്‍വെസ്റ്റ്മെന്റാണ്‌. ബഡ്ജറ്റില്‍ 1100 കോടിയാണ്‌ ഇതുവഴി കിട്ടുമെന്ന്‌ അവകാശപ്പെടുന്നതെങ്കിലും അതിനുമുമ്പു നടന്ന സാമ്പത്തികസര്‍വ്വെയില്‍ ഇതില്‍നിന്നു കിട്ടാവുന്ന കൊള്ളലാഭം 25000 കോടിയാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. രാജ്യത്തെ പൊതുമേഖലയെ പൂര്‍ണ്ണമായും നാമാവശേഷമാക്കിക്കൊണ്ടാണ്‌ കമ്മിനികത്താന്‍ ഉദ്ദേശിക്കുന്നതെന്ന്‌ അര്‍ത്ഥം. വിത്തെടുത്ത്‌ തിന്നുന്ന പണി. ലാഭമുണ്ടാക്കുന്ന പൊതുമേഖലകളുടെ സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ താഴെയാകാന്‍ അനുവദിക്കില്ലെന്നും അവയുടെ സ്വകാര്യവത്ക്കരണം ഉദ്ദേശിക്കുന്നില്ലെന്നുമൊക്കെ മുഖര്‍ജി ഉറപ്പു പറയുന്നുണ്ടെങ്കിലും അവയൊന്നും മുഖവിലക്കെടുക്കാന്‍ യു.പി.എ.യുടെ അജണ്ടയും പില്‍ക്കാല സ്വഭാവവും നമ്മെ അനുവദിക്കുന്നില്ല. ധനകമ്മി വര്‍ദ്ധിപ്പിക്കുമെങ്കിലും ഈ ആഗോളമാന്ദ്യത്തിന്റെ കാലത്ത്‌ ഡിമാന്റ്‌ വര്‍ദ്ധിപ്പിക്കുകവഴി, സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്താന്‍ കയ്‌നീഷ്യന്‍ സാമ്പത്തിക മാതൃകയല്ലാതെ മറ്റൊരു വഴിയില്ലെന്ന്‌ പറയാതെ പറയുകയാണ്‌ മുഖര്‍ജിയും യു.പി.എ.യും.

സാമൂഹികവികസനത്തിനും ഗ്രാമീണമേഖലക്കും ഊന്നല്‍ നല്‍കുന്ന 'ആം ആദ്മി' ബഡ്ജറ്റ്‌ എന്ന ചെല്ലപ്പേരാണ്‌ 2009-2010-ലെ ബഡ്ജറ്റിനു നല്കിയിരിക്കുന്നത്‌. കോണ്‍ഗ്രസിന്റെയും ഇതുവരെ വന്ന ഇതര കേന്ദ്രസര്‍ക്കാരുകളുടെയും ബഡ്ജറ്റുകളോ, സാമ്പത്തികനയങ്ങളോ ഒന്നും താഴേത്തട്ടിലേക്കിറങ്ങിവന്ന അനുഭവങ്ങള്‍ നമ്മുടെ മുന്നിലില്ല. അതുകൊണ്ടുതന്നെ, സാമൂഹിക വികസനം എന്ന അജണ്ടയെ സംശയദൃഷ്ടിയോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. ദേശീയ തൊഴിലുറപ്പുപദ്ധതി, അതുമായി ബന്ധപ്പെട്ട നിരവധി ഗ്രാമീണപദ്ധതികള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ചേരിവിമുക്തമാക്കല്‍, കര്‍ഷകരെ നേരിട്ട്‌ ഗുണഭോക്താക്കളാക്കിക്കൊണ്ട്‌ കാര്‍ഷികവളത്തിനുള്ള സബ്സിഡികള്‍, 2010-മുതല്‍ ഉല്പന്ന-സേവന നികുതികള്‍, ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍, ഒന്നേകാല്‍ കോടിയോളം പുതിയ തൊഴിലവസരങ്ങള്‍, എന്നിങ്ങനെ പോകുന്നു ആ നിര്‍ദ്ദിഷ്ട സാമൂഹികവികസനം. തമാശ അതൊന്നുമല്ല. സാമൂഹിക (ഗ്രാമീണ) വികസനം എന്ന വലിയ അജണ്ടയെ കെട്ടിയെഴുന്നള്ളിക്കുമ്പോഴും, മൊത്തം ചിലവിന്റെ മൂന്നു ശതമാനം മാത്രമാണ്‌ കാര്‍ഷികമേഖലയിലേക്കുള്ള നീക്കിയിരുപ്പ്‌ (ആഭ്യന്തരത്തിനു ഇത്തവണ കിട്ടിയത്‌, 33,809.60 കോടിയാണ്‌ എന്നുകൂടി ഓര്‍ക്കുക. കഴിഞ്ഞതവണത്തേക്കാളും 33 ശതമാനം അധികമാണിത്‌. അതെ, ദേശീയസുരക്ഷയും തീവ്രവാദവുമൊക്കെ ആര്‍ക്കും വിഴുങ്ങാവുന്ന, എന്തിനെയും വിഴുങ്ങുന്ന വലിയ അജണ്ടകളായി മാറിക്കൊണ്ടിരിക്കുകതന്നെയാണ്‌). കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാര്‍ഷികമേഖലയെ അവഗണിക്കുകവഴി, ആളോഹരി ഭക്ഷ്യോല്പാദനം കുറഞ്ഞുകുറഞ്ഞു വരികയും ഭക്ഷ്യഎണ്ണയും ധാന്യങ്ങളും ഇറക്കുമതി ചെയ്യേണ്ടിവരികയുമാണ്‌. അപ്പോഴാണ്‌, 10,20,835 കോടിയിലെ ഈ തുച്ഛമായ മൂന്നു ശതമാനം നീക്കിയിരുപ്പ്‌. അതേ സമയം മറ്റൊരു കണക്കും നമ്മുടെ മുന്നിലുണ്ട്‌. അതും ഇതിന്റെ കൂടെ ചേര്‍ത്തുവായിച്ചാലേ ചിത്രം പൂര്‍ത്തിയാകൂ. ഇതേ സര്‍ക്കാരിന്റെ കഴിഞ്ഞ കൊല്ലത്തെ ബഡ്ജറ്റില്‍ ധനികവിഭാഗങ്ങള്‍ക്കു നല്കിയ സൌജന്യങ്ങളുടെയും ഇളവുകളുടെയും ഫലമായി രാജ്യത്തിനു നഷ്ടമായത്‌ 27,900 കോടി രൂപയാണ്‌. ആ സൌജന്യങ്ങളും ഇളവുകളും നല്കിയില്ലായിരുന്നുവെങ്കില്‍ പദ്ധതി നീക്കിയിരിപ്പ്‌ 70 ശതമാനം വര്‍ദ്ധിക്കുമായിരുന്നു. വാര്‍ഷിക കടം 80 ശതമാനം കുറക്കുകയും ചെയ്യാമായിരുന്നു. ഒട്ടുമിക്ക വികസിത-വികസ്വര രാജ്യങ്ങളും സമ്പന്നവര്‍ഗ്ഗത്തിനുമേല്‍ ചുമത്തുന്ന നികുതിഭാരത്തിന്റെ ശരാശരി തോത്‌ 40 ശതമാനമാണ്‌. ഇന്ത്യയിലാകട്ടെ ഇത്‌ 30 ശതമാനവും. മുന്നേ സൂചിപ്പിച്ച ഇളവുകളും സൌജന്യങ്ങളും കൂടി കണക്കിലെടുത്താല്‍ ഉപരിവര്‍ഗ്ഗത്തിന്‌ അനുഭവപ്പെടുന്ന നികുതിഭാരം 20 ശതമാനമായി ഇനിയും താഴുന്നു എന്നും കാണാം. നഷ്ടപ്പെട്ട ആ 27,900 കോടിയുടെ കണക്ക്‌ ഇടക്കാല ബഡ്ജറ്റില്‍നിന്നും മറച്ചുവെക്കാനും നമ്മുടെ അഭിനവകൌടില്യന്മാര്‍ ശ്രദ്ധിച്ചിരുന്നു എന്ന്‌ അറിയുക. ഓരോ വര്‍ഷവും ഇന്ത്യയില്‍ കണക്കില്‍ പെടാതെ 22 മുതല്‍ 27 ബില്ല്യണ്‍ ഡോളര്‍ വരെ മാറ്റിവെക്കപ്പെടുന്നുണ്ടെന്നും ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ ഇന്റഗ്രേറ്റ് റിപ്പോര്‍ട്ട് കണക്കാക്കിയിട്ടുണ്ട്‌. ഇത്തവണത്തെ ബഡ്ജറ്റിലും ഇക്കൂട്ടര്ക്ക്‌ ഒരു രജതരേഖ കാണാന്‍ കഴിയുന്നുണ്ട്‌. പ്രത്യക്ഷമായിട്ടുതന്നെ. വ്യക്തിഗതമായ ആദായ നികുതിയില്‍ നിലനിന്നിരുന്ന 10 ശതമാനം സര്‍ചാര്ജ്ജ്‌ എടുത്തുകളഞ്ഞിരിക്കുന്നു. മൂപ്പെത്തിയ പഴങ്ങളൊക്കെ ഏതു ശേഖരത്തിലേക്കാണ്‌ പോകുന്നതെന്ന്‌ വ്യക്തമാണല്ലോ.

കമ്മി നികത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു മാര്‍ഗ്ഗവും സര്‍ക്കാരിന്റെ മുന്നിലില്ല. "ധനകമ്മി ആശങ്കയുളവാക്കുന്ന കാര്യമാണ്‌. സര്‍ക്കാര്‍ ഇതിനെ ഗൌരവമായി നേരിടും" എന്ന അഴകൊഴമ്പന്‍ പ്രഖ്യാപനത്തിലാണ്‌ തത്സംബന്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചിരിക്കുന്നത്‌. "നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഏതെങ്കിലുമൊരു ബഡ്ജറ്റുപ്രസംഗത്തിനു കഴിയുമെന്നോ, കേന്ദ്രബഡ്ജറ്റ്‌ അതിനുള്ള ഉപകരണമാണെന്നോ, ബഹുമാനപ്പെട്ട പാര്‍ലമന്റ്‌ അംഗങ്ങള്‍ കരുതുകയില്ലെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു" എന്ന സൌകര്യപ്രദമായ മുന്‍കൂര്‍ ജാമ്യവും ശ്രീ പ്രണബ്‌ കുമാര്‍ മുഖര്‍ജി (യു.പി.എ) എടുത്തിട്ടുണ്ട്‌.

അത്തരത്തിലുള്ള ഒരു വ്യാമോഹവും ഒരു കാലത്തും ഇന്ത്യന്‍ ജനതയ്ക്കും ഉണ്ടായിരുന്നിട്ടില്ല. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ പദ്ധതികള്‍ നടപ്പാക്കാത്ത, അഥവാ, നടപ്പാക്കുന്നതില്‍ ഗുരുതരവും ആസൂത്രിതവുമായ വീഴ്ചകള്‍ വരുത്തുന്ന സര്‍ക്കാരുകള്‍ക്കും അവയുടെ പ്രതിപുരുഷന്മാര്‍ക്കുമെതിരെ സിവില്‍-ക്രിമിനല്‍ നടപടികള്ക്ക്‌ ഒരു പഴുതുമില്ലെന്ന്‌ നന്നായി അറിയുന്നവരാണ്‌ ലോകത്തിലെ ഒട്ടുമിക്ക ജനതയും.

മാത്രവുമല്ല, യു.പി.എ. ഇന്ന്‌ അധികാരത്തില്‍ വരാനിടയായത്‌ സവിശേഷമായ ചില സാഹചര്യങ്ങള്‍ മൂലമായിരുന്നു. ഓര്‍ക്കാപ്പുറത്ത്‌ വീണുകിട്ടിയ മുംബൈ തീവ്രവാദി ആക്രമണം, ആഭ്യന്തരരംഗത്ത്‌ ശക്തമായ ഒരു ബദലിന്റെ അസാന്നിദ്ധ്യം, നവലിബറലിസത്തിന്റെ പ്രചണ്ഡമായ പ്രചരണവൈഭവങ്ങള്‍, അങ്ങിനെ നിരവധി സാഹചര്യങ്ങളുടെ സഹായത്താലാണ്‌ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തില്‍ വരാന്‍ യു.പി.എ.ക്ക്‌ ഇടവന്നത്‌. ജനസമ്മിതിയുടെ പ്രതിഫലനമല്ല അത്‌. മറ്റൊരു ഓപ്ഷന്റെ അഭാവം. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത്‌ ഏതെങ്കിലും തരത്തിലുള്ള ഒരു ഭരണതുടര്‍ച്ച അഭികാമ്യമായിരിക്കുമെന്ന സാധാരണക്കാരന്റെ പ്രതീക്ഷയും അധികാരത്തിലെത്താന്‍ യു.പി.എ.യെ നന്നായി സഹായിച്ചിട്ടുണ്ട്‌. പക്ഷേ, അതിനേക്കാളൊക്കെ ഏറെയായി, കോണ്‍ഗ്രസ്സിനെ ഇത്രനാളും അധികാരത്തിലെത്താന്‍ സഹായിച്ച കോര്‍പ്പറേറ്റു ശക്തികള്‍തന്നെയായിരിക്കും ഇനിയുള്ള കാലവും കോണ്‍ഗ്രസ്സിന്റെയും സമാന-ഇതര കക്ഷികളുടെയും ഭരണത്തെ നിലനിര്‍ത്താന്‍ ഇന്ത്യയില്‍ പ്രധാന പങ്കു വഹിക്കുക. എല്ലാ ബഡ്ജറ്റുകളുടെയും നയരൂപീകരണങ്ങളുടെയും പിന്നിലെ ശക്തമായ ദൃശ്യവും അദൃശ്യവുമായ സാന്നിദ്ധ്യം അവരുടേതായിരിക്കും. കൌടില്യന്മാരുടെയും കെയ്‍നീഷ്യന്മാരുടെയും അപൂര്‍വ്വ സങ്കരമായിരിക്കുമത്‌.

Subscribe Tharjani |