തര്‍ജ്ജനി

ദാരിദ്ര്യത്തെക്കുറിച്ച്‌ ഒരു ഉപന്യാസം

യാത്രകളേക്കാള്‍ നല്ല സാമൂഹിക പാഠപുസ്തകങ്ങളുണ്ടോ? അറിയില്ല.അലസമായി ഉദാസീനമായി നടത്തുന്ന യാത്രകള്‍ പോലും വലിയൊരു അനുഭവ സഞ്ചയമായി ഓര്‍മ്മയില്‍ ശേഷിക്കും എന്നാണ്‌ എന്റെ അനുഭവം. പിന്നീട്‌ ജീവിതത്തില്‍ സമചിത്തതയോടെയുള്ള വിലയിരുത്തലുകള്‍ക്കായി. മറ്റു പല അനുഭവങ്ങളുടെയും അളവുകോലുകളായി.. അങ്ങനെ...

ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളിലേയ്ക്ക്‌ എപ്പോഴെങ്കിലും പോകേണ്ടി വരും എന്ന് ചെറുപ്പത്തില്‍ പഠിക്കുന്ന കാലത്തോ അതിനു ശേഷമോ ആലോചിച്ചിരുന്നോ എന്നു സംശയമാണ്‌. എങ്കിലും അതു സംഭവിച്ചു. വേനല്‍ക്കാലങ്ങളില്‍ രാത്രി മൂന്നു മണിയോടെ സൂര്യന്‍ ഉറക്കമെഴുന്നേറ്റു വരുന്ന, ഇന്ത്യയിലെ ഉദയസൂര്യന്റെ നാട്ടിലേയ്ക്ക്‌, അരുണാചല്‍ പ്രദേശിലേയ്ക്ക്‌,ജോലിയുടെ ഭാഗമായി പോകേണ്ടി വന്നു. ആ യാത്രകളും അവിടെ കഴിഞ്ഞു കൂടിയ ഏഴര വര്‍ഷവും ഒരു പുസ്തകത്തിലുമില്ലാത്ത അനുഭവപാഠങ്ങളാണ്‌ നല്‍കിയത്‌. ഭാരതം എന്ന സത്യത്തെ നേരില്‍ അഭിമുഖീകരിച്ച നാളുകള്‍.

കേരളത്തില്‍ നിന്ന് നേരിട്ട്‌ അരുണാചലിലേയ്ക്ക്‌ തീവണ്ടിയില്ല. തിരുവനന്തപുരത്തു നിന്നോ കൊചിയില്‍ നിന്നോ ആസ്സാമിലേയ്ക്ക്‌ ട്രെയിനുകളുണ്ട്‌. അവയില്‍ കയറിയാല്‍ ഗോഹട്ടിയിലിറങ്ങാം. അഞ്ചു ദിവസത്തെ യാത്രയാണ്‌ ട്രെയിനില്‍. കണ്ണു തുറന്നു വച്ചയാള്‍ക്ക്‌ ഈ യാത്ര രസകരമായിരിക്കും, ഭാരതീയ റയില്‍വേയുടെ പരിമിതികള്‍ മറക്കാമെങ്കില്‍. കാരണം സമതലം, കുന്നുകള്‍, മരുഭൂമി, തരിശുനിലങ്ങള്‍, ചതുപ്പ്‌, വനപ്രദേശം തുടങ്ങിയുള്ള എല്ലാ ഭൂമിശാസ്ത്രമേഖലയിലൂടെയുമാണ്‌ യാത്ര. പിന്നെ ജനങ്ങള്‍. നൂറു കോടിയുടെ പരിച്ഛേദം!

ആസ്സാമിലേയ്ക്കുള്ള ട്രെയിനില്‍ കേരളത്തില്‍ നിന്നു കയറുക കൂടുതലും അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകുന്ന പട്ടാളക്കാരാണ്‌. വടക്കന്‍ മേഖലയില്‍ ജോലിചെയ്യുന്ന നേഴ്സുമാര്‍, മറ്റു പണിക്കാര്‍, അധ്യാപകര്‍ ഇങ്ങനെ കുറെ ആള്‍ക്കാരുണ്ടാവും. അപൂര്‍വമായി മാത്രം ബന്ധു ജനങ്ങളെ കാണാനായി പോകുന്നവര്‍. പോകുന്നതു തികച്ചും വ്യത്യസ്തമായ ഭൂമിയിലേക്കായതിനാലും സ്വന്തക്കാരെ പിരിയേണ്ടതിനാലും ആദ്യ ദിവസം തീവണ്ടി മുറിയില്‍ വിഷാദം ഘനീഭവിച്ചു നില്‍ക്കും. അധികനേരം അതു നീണ്ടു നില്‍ക്കുകയില്ല. കുടുംബ കാര്യങ്ങള്‍ പറഞ്ഞ്‌, ആഹാരസാധനങ്ങള്‍ പങ്കുവച്ച്‌, അടുത്ത അവധിയെക്കുറിച്ച്‌ സംസാരിച്ച്‌ എല്ലാവരും പെട്ടെന്ന് അടുക്കും. അഞ്ചാം ദിവസം ഗോഹട്ടിയിലിറങ്ങുമ്പോഴേക്ക്‌ പലപ്പോഴും ഹൃദയ ബന്ധങ്ങള്‍ തന്നെ സ്ഥാപിച്ചു കഴിഞ്ഞേക്കും. വല്ലപ്പോഴുമൊരിക്കല്‍ വേറെ ഏതെങ്കിലും സ്ഥലത്തു വച്ച്‌ തീവണ്ടി സൌഹൃദങ്ങളെ ആകസ്മികമായി കണ്ടു മുട്ടിയേക്കാം. അപ്പോള്‍ പല വര്‍ഷങ്ങളായി പരിചയമുള്ളവരെ കാണുന്നതു പോലെയാണു തോന്നുക.

ഒന്ന്
ഇതു പോലെയൊരു യാത്രക്കിടയിലാണ്‌, പത്തു പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയെ ഞാന്‍ കാണുന്നത്‌. അവന്‍ വാതിലിനടുത്തിരിക്കുകയായിരുന്നു. ഒറ്റയ്ക്ക്‌. എവിടെ വച്ചാണ്‌ കയറിയത്‌ എന്നറിയില്ല. ടോയ്ലറ്റില്‍ പോകുന്ന വഴിയിരിക്കുന്നതു കൊണ്ട്‌ ശ്രദ്ധിച്ചു. രാത്രി നോക്കുമ്പോള്‍ അവന്‍ അതേ സ്ഥലത്ത്‌ അതേ ഇരിപ്പാണ്‌.ചോദിക്കുമ്പോള്‍ അവന്‌ എനിക്കറിയാവുന്ന, ഒരു ഭാഷയും അറിയില്ല. കയ്യില്‍ ഭാണ്ഡമോ, സഞ്ചിയോ ഒന്നുമില്ല. പാകമാകാത്ത മുഷിഞ്ഞ ഉടുപ്പ്‌. കീറി തുന്നിയ പഴഞ്ചന്‍ നിക്കറ്‌. ഇതാണ്‌ വേഷം. ഒറ്റയിരുപ്പാണ്‌ അതും പുറത്തേയ്ക്കു നോക്കി. ആഹാരം കഴിച്ചിട്ടില്ല എന്നു തോന്നിയതുകൊണ്ട്‌, കഴിക്കാന്‍ വേണ്ടി തുറന്നു വച്ചതില്‍ കുറച്ചു അവനു നേരെ വച്ചു നീട്ടി. ആദ്യം അറച്ചെങ്കിലും പിന്നീട്‌ അതു വാങ്ങിക്കഴിച്ചു. പേര്‌, ഇറങ്ങേണ്ട സ്ഥലം ഇതൊന്നും ചോദിച്ചിട്ട്‌ ഒരു ഉത്തരവുമില്ല. മുഖത്തു സൌഹൃദ ലക്ഷണം തീരെയില്ല. പിന്നെ സംസാരിക്കാന്‍ ശ്രമിച്ചില്ല. വരണ്ട മുഖത്തുള്ള വികാരം ഭയത്തിന്റെയാണോ, കാര്‍ക്കശ്യത്തിന്റെയാണോ എന്നു കണ്ടു പിടിക്കാന്‍ പ്രയാസം. ഭാഷയറിയാത്തതിന്റെ പ്രശ്നം വേറെയും! പക്ഷേ ചായയോ മറ്റോ കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമൊക്കെ അവനും കൊടുക്കാന്‍ ശ്രദ്ധിച്ചു. പ്രത്യേക ഭാവവ്യത്യാസമൊന്നുമില്ലാതെ തന്നെ അവനതൊക്കെ സ്വീകരിക്കുകയും ചെയ്തു.

പിറ്റേന്ന് ഉച്ചയോടെ ഒരു നാലോ അഞ്ചോ കുട്ടികള്‍ ഇരച്ചു കയറിവന്നു. എല്ലാവരും ഭിക്ഷയെടൂത്തു ജീവിക്കുന്നവരാണ്‌. കുട്ടികള്‍ക്കു മാത്രം കഴിയുന്ന വഴക്കത്തോടെ അവര്‍ കമ്പാര്‍ട്ട്‌മന്റ്‌ കയ്യടക്കി. ചിലര്‍ പാട്ടു പാടി. തറ തുടച്ചു.കിട്ടിയ ആഹാരസാധനങ്ങളും നാണയത്തുട്ടുകളും പങ്കിടാന്‍ വാതിലിനടുത്തു പിള്ളേര്‍ ഒന്നിച്ചിരുന്നപ്പോഴായിരിക്കണം അവനെ അവര്‍ ശ്രദ്ധിച്ചത്‌. അതുവരെ പുറത്തേയ്ക്കു നോക്കിയിരുന്ന അവന്‍ അവര്‍ കയറിയതോടെ അവരെ തന്നെ ഉറ്റുനോക്കിയിരിക്കുകയായിരുന്നു. പിന്നെകാണുന്നത്‌ വളരെ ബഹളമയമായ അന്തരീക്ഷത്തില്‍ പിള്ളാരെല്ലാം കിട്ടിയ ആഹാരസാധനങ്ങള്‍ തിന്നുന്നതാണ്‌. അവനും അവരോടൊപ്പമുണ്ട്‌ (അവര്‍ക്ക്‌ അവന്റെ ഭാഷ അറിയാമോ എന്തോ? പിള്ളാര്‍ക്കാവുമ്പോള്‍ ചോദ്യോത്തരങ്ങളില്ലല്ലോ. എന്തൊക്കെയോ പറയുന്നു. അത്രതന്നെ!). മുഖത്ത്‌ അപരിചിതഭാവം മാറി. സ്വന്തം കൂട്ടത്തിലെത്തിയ ഒരു ആശ്വാസം കാണാനുണ്ട്‌.

കഴിച്ചു തീര്‍ന്നതിനു ശേഷം മിച്ചം വന്നതെല്ലാം, കൂട്ടത്തില്‍ നേതാവെന്നു തോന്നിക്കുന്ന മുടന്തനായ ഒരു കുട്ടി ബ്രെഡിന്റെ പ്ലാസ്റ്റിക്‌ കവറില്‍ കുത്തി നിറച്ചു വച്ചു കെട്ടി. എന്നിട്ട്‌ വെളിയിലേയ്ക്കു നോക്കി നില്‍ക്കാന്‍ തുടങ്ങി. ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ അവന്‍ ആ പൊതി സര്‍വശക്തിയുമെടുത്ത്‌ പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. ഞാന്‍ പുറത്തേയ്ക്കു നോക്കുമ്പോള്‍ രണ്ടോ മൂന്നോ മെലിഞ്ഞ കുട്ടികള്‍ -പെണ്‍കുട്ടികളാണെന്നു തോന്നുന്നു- ഓടി വരികയാണ്‌ ആ പൊതിയെടുക്കാന്‍. ഒരു പക്ഷേ ഇത്‌ നേരത്തെ അവര്‍ പറഞ്ഞു വച്ചിട്ടുള്ളതാവണം.

തൊട്ടടുത്ത സ്റ്റേഷനില്‍ കുട്ടികള്‍ ഇറങ്ങി പോയി. അവന്‍ വീണ്ടും തനിച്ചായി. വണ്ടി പുറപ്പെടാന്‍ തുടങ്ങിയ ഉടനെ വല്ലാത്തൊരു ഊര്‍ജ്ജസ്വലതയോടെ അവന്‍ എഴുന്നേല്‍ക്കുന്നതു കണ്ടു. ആരോടെന്നില്ലാതെ അവന്‍ എന്തോ പറഞ്ഞു. അവന്റെ ഭാഷ ആര്‍ക്കു മനസ്സിലാവാനാണ്‌?

രണ്ടോ മൂന്നോ മണിക്കൂറുകള്‍ ശേഷമാണ്‌ അവനെ പിന്നെയും കാണുന്നത്‌. അപ്പോള്‍ അവന്റെ കയ്യില്‍ ബ്രെഡിന്റെ രണ്ടു പ്ലാസ്റ്റിക്‌ കവറു നിറയെ പൊടിഞ്ഞ റൊട്ടി, പഴം, ബിസ്കറ്റ്‌ തുടങ്ങിയ ആഹാര സാധനങ്ങളാണ്‌. മറ്റു കമ്പാര്‍ട്ടുമെന്റുകളില്‍ പോയി ഭിക്ഷയാചിച്ചുണ്ടാക്കിയതാണെന്നു വ്യക്തം. അല്ലെങ്കില്‍ തറ തുടയ്ക്കുകയോ മറ്റോ ചെയ്ത്‌ 'അദ്ധ്വാനിച്ച്‌' നേടിയത്‌. അവന്‍ വന്നത്‌ നേരെ എന്റടുത്താണ്‌. വന്നപാടെ അവന്റെ പ്ലാസ്റ്റിക്‌ കവറില്‍ നിന്ന് ഒരു പിടി നിറയെ പൊടിഞ്ഞ ബിസ്കറ്റു കഷ്ണങ്ങളെടുത്ത്‌ എനിക്കു നീട്ടി. അപ്പോഴും അവന്റെ മുഖത്തു ചിരിയില്ല, എങ്കിലും ഞാന്‍ ആഹാരം വച്ചു നീട്ടുമ്പോഴുണ്ടായിരുന്ന അപരിചിതത്വം ഇല്ല.കുട്ടികളുടെ ഭാവങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. പ്രത്യേകിച്ച്‌ കഠിനമായ ജീവിതാനുഭവങ്ങള്‍ പീഢിപ്പിച്ച മുഖത്തുണ്ടാവുന്നവ. ഒരു സന്തോഷമോ സംതൃപ്തിയോ അങ്ങനെയെന്തോ അവന്റെ മുഖത്തുണ്ടായിരുന്നെന്നു ഇന്ന് ആലോചിക്കുമ്പോള്‍ തോന്നുന്നു. പക്ഷേ എനിക്കവന്റെ ബിസ്കറ്റു കഷ്ണങ്ങള്‍ വാങ്ങുവാനാകുമായിരുന്നില്ല. പ്രത്യേകിച്ചും അവ എച്ചില്‍ തുണ്ടുകള്‍ എന്നറിഞ്ഞുകൊണ്ട്‌. പ്രത്യേക ശബ്ദത്തോടെ അവന്‍ ബിസ്കറ്റു കൈ എനിക്കു മുന്നില്‍ ഒന്നുകൂടി നീട്ടി. പിന്നെ ഞാന്‍ അവ വാങ്ങുകയില്ലെന്നറിഞ്ഞ്‌, മെല്ലെ പോയി അവന്റെ പഴയ സ്ഥലത്ത്‌ തറയിലിരുന്നു. പഴയതു പോലെ പുറത്തേയ്ക്ക്‌ നോക്കികൊണ്ട്‌.

രണ്ട്‌
നവോദയ സ്കൂള്‍ ആദ്യം സ്ഥിതിചെയ്തിരുന്നത്‌ ഡപാജെറിംഗ്‌ എന്ന സ്ഥലത്താണ്‌. ചില കുഴപ്പങ്ങളെ തുടര്‍ന്നാണ്‌ അത്‌ ഡാപോര്‍ജോയിലേയ്ക്ക്‌ മാറ്റിയത്‌. ഗോഹട്ടിയില്‍ നിന്ന് മൂന്നു ദിവസത്തെ ബസ്സു യാത്ര ഉണ്ടായിരുന്നു, അരുണാചലിലെ ഡപാജെറിംഗ്‌ പ്രദേശത്തെത്താന്‍. തുടര്‍ച്ചയായ ബസ്സു യാത്ര - അതും ദിവസങ്ങള്‍ നീളുന്നത്‌ - എത്രമാത്രം വിരസവും ക്ഷീണിപ്പിക്കുന്നതും ആയിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാടും ആള്‍പ്പാര്‍പ്പില്ലാത്തതുമായ പ്രദേശങ്ങളാണ്‌. വഴി നിരപ്പില്ലാത്തതും. തീവ്രവാദങ്ങള്‍ക്കും ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വളക്കൂറു തികഞ്ഞ മണ്ണ്‍. കിലോമീറ്ററുകള്‍ കഴിയണം ഒരു കടയോ മറ്റോ കാണാന്‍.

ഡെപാജെറിംഗ്‌ യാത്രയ്ക്കിടയിലുള്ള ഒരു താവളമാണ്‌ മെംഗാമന്ദിര്‍. ആഹാരം കഴിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി ബസ്സ്‌ ഇവിടെ കുറച്ചു നേരം നിറുത്തിയിടുന്ന പതിവുണ്ട്‌. ഇവിടത്തെ ശിവക്ഷേത്രം പ്രസിദ്ധമാണ്‌. ഏതാഗ്രഹവും നിവൃത്തിച്ചു തരുന്ന മൂര്‍ത്തിയാണത്രേ ഇവിടത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിനടുത്ത ഒരു ചെറിയ ചായക്കടയില്‍ ഒരിക്കല്‍, കൌമാരം തീരെ വിട്ടുപോയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ കണ്ടു. നല്ല ഓമനത്തമുള്ള സുന്ദരിയായ ഒരു കുട്ടി. ചായക്കടയിലെ പണിക്കാരിയോ മറ്റോ ആണ്‌. പക്ഷേ സ്ഥായിയായ ഒരു വിഷാദഭാവമാണ്‌ മുഖത്ത്‌. എന്തോ ആലോചിച്ച്‌ ചുറ്റുപാടും ഒന്നു ശ്രദ്ധിക്കാതെ, അവളുടെ പ്രായക്കാര്‍ക്കിടയില്‍ കാണുന്ന കളിചിരിയോ ഉത്സാഹമോ ഒന്നുമില്ലാതിരിക്കുന്ന അവളെ ആരും ശ്രദ്ധിച്ചു പോകും. മെംഗാമന്ദിര്‍ വഴിയുള്ള യാത്രകളിലെല്ലാം അവളെ കണ്ടിരുന്നു.. ഒരു തവണ നോക്കുമ്പോള്‍ അവളുടെ ഇടത്തെ കണങ്കാലിലായി പൊള്ളി പഴുത്തപോലെ ഒരു വലിയ മുറിവ്‌. മരുന്നൊന്നും ചെയ്തിട്ടില്ല. പാവം തോന്നി.

പിന്നെ അവളെ ഗര്‍ഭിണിയായി, അതും കഴിഞ്ഞ്‌, ഒരു കുഞ്ഞിനെ മുതുകേറ്റി നടക്കുന്നവളായി(അവിടങ്ങളില്‍ കൈക്കുഞ്ഞുങ്ങളെ സ്ത്രീകള്‍ പിന്നില്‍ തുണികൊണ്ടുള്ള ഭാണ്ഡത്തിലാണ്‌ കൊണ്ടു നടക്കുക) രണ്ടോ മൂന്നോ പ്രാവശ്യം കൂടി കണ്ടതോര്‍ക്കുന്നു.

മനസ്സാക്ഷിക്കുത്തില്ലാതെ മനസ്സു മായ്ച്ചുകളഞ്ഞ പല ഓര്‍മ്മകളിലൊന്നായി അവയും ഒടുങ്ങിപ്പോയേനെ, ഒരിക്കല്‍ തികച്ചും ആകസ്മികമായി തദ്ദേശവാസികളാരോ അവളെപ്പറ്റി പരാമര്‍ശിക്കുന്നത്‌ കേള്‍ക്കാന്‍ ഇടവരാതിരുന്നുവെങ്കില്‍! അവള്‍ ആസാമി പെണ്‍കുട്ടിയായിരുന്നത്രേ. അവളുടെ അച്ഛന്‍ യാത്രയ്ക്കിടയില്‍ 500 രൂപയ്ക്ക്‌ പണയം വച്ചതായിരുന്നു അവളെ ആ ചായക്കടയില്‍. അയാള്‍ ആ ദാരിദ്ര്യത്തിന്റെ പണയ വസ്തുവിനെ തിരിച്ചെടുക്കാന്‍ പിന്നെ ഒരിക്കലും മടങ്ങി വന്നില്ല. അവളുടെ പ്രായത്തിലുള്ള, സുന്ദരിയും അരക്ഷിതയുമായ ഏതു പെണ്‍കുട്ടിയ്ക്കും ഉണ്ടായേക്കാവുന്ന ദുരിതം അവളെയും പിടി കൂടി. പ്രദേശത്തെ പ്രധാന ദിവ്യന്മാര്‍ അടുത്തുകൂടി. വഴങ്ങാതെ വന്നപ്പോള്‍ ഉപദ്രവിച്ചു. അങ്ങനെയൊരുത്തന്‍ പൊള്ളിച്ച പാടാണ്‌ അവളുടെ കണങ്കാലില്‍ കണ്ടത്‌. നാഥനില്ലാത്ത പെണ്‍കുട്ടി എത്രനാള്‍ പിടിച്ചു നില്‍ക്കാനാണ്‌. ഗര്‍ഭിണിയായി. കുഞ്ഞിനെ പ്രസവിച്ചു. അങ്ങനെ ഒരു അനാഥ മറ്റൊരനാഥയ്ക്കു കൂടി കനിഞ്ഞ്‌ ജന്മം നല്‍കി.

പിന്നെ അവളെ കണ്ടിട്ടില്ല. ആരോടും ചോദിക്കാന്‍ ധൈര്യം തോന്നിയതുമില്ല. നാടും വീടും പിരിഞ്ഞ്‌ സ്വന്തം അച്ഛന്റെ തന്നെ പണയ വസ്തുവായി മറ്റൊരിടത്ത്‌ അടിമവേലയ്ക്ക്‌ നിയോഗിക്കപ്പെട്ട ഒരു കൌമാരപ്രായക്കാരി. അവളുടെ സ്വപ്നങ്ങളും പ്രത്യാശകളുമൊക്കെ എന്തു ക്രൂരമായ രിെതിയിലായിരിക്കും അരഞ്ഞു പോയിട്ടുണ്ടാവുക! എന്തൊരു അരക്ഷിതാവസ്ഥയായിരുന്നിരിക്കണം അവള്‍ അനുഭവിച്ചിട്ടുണ്ടായിരിക്കുക! അതും ആഗ്രഹസാദ്ധ്യത്തിനു പേരുകേട്ട മെംഗാമന്ദിര്‍ ദേവന്റെ തിരുനടയില്‍!

ആദ്യം അവളെ കണ്ടപ്പോള്‍ ശ്രദ്ധിച്ച സദാ വ്യസനിതമായ മുഖം ഇപ്പോഴും ഓര്‍മ്മയില്‍ എഴുന്നേറ്റു വന്ന് കലങ്ങാറുണ്ട്‌. പ്രത്യേകിച്ചും യാത്രകളില്‍ ഒറ്റയ്ക്ക്‌ കരയും പോലെ നില്‍ക്കുന്ന എന്തെങ്കിലും കാണുമ്പോള്‍. ഒരു വഴി വിളക്ക്‌. അല്ലെങ്കില്‍ ആളൊഴിഞ്ഞ ഒരു റയില്‍വേ സ്റ്റേഷന്‍.

ഗണേഷ്‌കുമാര്‍ ടി വി
ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഭൂമിശാസ്ത്ര അദ്ധ്യാപകനാണ്‌.