തര്‍ജ്ജനി

അനുഭൂതിയുടെ ഊര്‍ജ്ജം

അപ്രതിരോധ്യമായ ഒരു ഊര്‍ജ്ജം നമ്മലിളൂടെ കടന്നുപോയ അനുഭവമാണ്‌ രണ്‍ജിപണിക്കരുടെ കവിത. ശബ്ദത്തിന്റെ താളമായി, ബിംബാവലിയുടെ ക്രമമായി, വികാരത്തിന്റെ ആരോഹണാവരോഹണങ്ങളായി, ദൃശ്യപരമ്പരയായി, നദിക്കുമുകളിലെ പാലത്തിലൂടെ തീവണ്ടി കടന്നുപോകും പോലെ നമ്മെ കിടിലം കൊള്ളിച്ചുകൊണ്ടു കടന്നുപോകുന്നു. പ്രവാഹസ്വഭാവിയായ ഈ വാങ്മയം.

Ranji Panicker

സമകാലിക കവിതയുടെ വരണ്ടുണങ്ങിയ ഗദ്യശൈലിയല്ല, ഇടവപ്പാതിയുടെയും തുലാവര്‍ഷത്തിന്റെയും വൃശ്ചികക്കുളിരിനെയും മീനച്ചൂടിനെയും ഉള്‍ക്കൊണ്ട മലയാള കാവ്യശൈലിയാണ്‌ രണ്‍ജിയുടെ കവിതകളുടെ അടിസ്ഥാനം. അതിനാല്‍ ഈ കവിതകള്‍ നമ്മുടെ ബുദ്ധിയെമാത്രമല്ല അബോധമനസിനെയും സ്പര്‍ശിക്കുന്നു. രക്തത്തില്‍ ലീനമായ താളബോധത്തെ ഉണര്‍ത്തുന്നു. ചിലപ്പോള്‍ ബാഹ്യലോകത്തിന്റെ കോലാഹലം നിറഞ്ഞ ചലന ചിത്രാവലി. ചിലപ്പോള്‍ അന്തര്‍ലോകത്തിന്റെ സൂക്ഷമസംഘര്‍ഷങ്ങള്‍. ചിലപ്പോള്‍ ജീവിതത്തിന്റെ ശബ്‌ദവും വെളിച്ചവും. ചിലപ്പോള്‍ മരണത്തിന്റെ ഇരുട്ടും തണുപ്പും. ഇങ്ങനെ അനുഭവത്തിന്റെ വിഭിന്ന വിതാനങ്ങളിലൂടെ ഈതാളവേഗം നമ്മെ വഹിച്ചുകൊണ്ടു പായുന്നു.

നരകവര്‍ണ്ണനപോലെ ബീഭത്സവും ജുഗുപ്സാവഹവും ക്രൂരവും ഹിംസാത്മകവുമാണ്‌ ശ്ര്I പത്മനാഭനഗരത്തിന്റെ വര്‍ണ്ണന. ചരിത്രവും സംസ്കാരവും ചീഞ്ഞഴുകുന്ന യഥാതഥദൃശ്യങ്ങളിലൂടെ നാം നഗരപ്രദക്ഷിണം നടത്തുന്നു. ജീവിതജീര്‍ണ്ണതയുടെ തമോമയലോകം നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. ഇടയ്‌ക്ക്‌ മിന്നല്‍ വെളിച്ചം പോലെ മനുഷ്യത്വത്തിന്റെ ക്ഷണികദീപ്തികളും അവിടെ തെളിഞ്ഞു മറയുന്നുണ്ട്‌. വ്യര്‍ത്ഥമായിപ്പോകുന്ന മഹാകവിയുടെ ധര്‍മ്മരോഷവും,പ്രാണനാഥന്‍ പാടി ഉലാത്തുന്ന മഹാരാജാവിന്റെ കലാസ്മരണയും തന്തയില്ലാത്ത കുഞ്ഞിനെ ചുംബിക്കുന്ന മാതൃഭാവവും എല്ലാം ആകസ്മികങ്ങളായി ആവിര്‍ഭവിക്കുന്ന പ്രകാശബിന്ദുക്കളായി മിന്നിമായുന്നു. പൂര്‍വികമായ മൂല്യബോധങ്ങളുടെ മൂകമൂര്‍ത്തിയായി, സകലസാക്ഷിയായി നഗരദേവതയായി ഈ കവിതയില്‍ ശ്ര്I പദ്മനാഭനെ പ്രതിഷ്ഠിച്ചിരിക്കുന്നു. എഴുത്തച്ഛന്റെ മുഴക്കത്തെയും,കുഞ്ചന്‍ നമ്പ്യാരുടെ അനര്‍ഗ്ഗളതയെയും ഹാസ്യരൂക്ഷതയെയും ചങ്ങമ്പുഴയുടെ ദുരന്തബോധത്തെയും അനുസ്മരിപ്പിക്കുന്ന ഈ കവിത രണ്‍ജിപണിക്കരുടെ കാവ്യസംസ്കാരത്തിന്റെ ബലിഷ്ഠമായ അടിത്തറകൂടി വ്യക്തമാക്കുന്നു.

സൃഷ്ടിയുടെ ആദിമസ്പന്ദം ഉണര്‍ന്ന സമുദ്രത്തിന്‍ നിന്നാരഭിച്ച്‌ മരണത്തിന്റെ ഇരുമ്പുപാളയത്തില്‍ അവസാനിക്കുന്നു,ഒരു കവിതയില്‍, പ്രണയത്തെ നിര്‍വചിക്കാനുള്ളശ്രമം . പ്രകൃതിയുടെയും മനുഷ്യന്റെയും വിവിധവും വിരുദ്ധവുമായ ഭാവങ്ങളിലൂടെ അഭിവ്യക്തമാവുന്ന പ്രണയം എന്നിട്ടും അനിര്‍വചനീയമായിത്തന്നെ അവശേഷിക്കുന്നു, പ്രണയത്തിന്റെ മറ്റൊരുപാഖ്യാനത്തില്‍ രതിലീലയുടെ ഉല്‍ക്കടമൂര്‍ച്ചയില്‍ മരണത്തിന്റെ ഗൂഢസാന്നിദ്ധ്യം കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌, മറ്റൊരുകവിത (മതിവരാതെ) ജന്മവാസനയുടെ വിസ്ഫോടനനിമിഷം സൃഷ്ടിക്കുന്നു.

കാമുകിയും മൃത്യുവും തമ്മില്‍ അഭേദകല്‌പനചെയ്യുന്ന 'യാത' എന്ന കവിത പ്രശാന്തവും ധ്യാനാത്മകവുമാണ്‌. പ്രണയത്തിന്റെ ആര്‍ദ്രവും തരളവുമായ ഭാവങ്ങളെ സൂക്ഷമമായ നാദസ്പര്‍ശരസഗന്ധദൃശ്യബിംബങ്ങളാല്‍ സംഗീതസാന്ദ്രമായി ആവാഹിച്ചുകൊണ്ടാണ്‌ ഈ കവിത മരണത്തിന്റെ മോഹിപ്പിക്കുന്ന പ്രശാന്ത സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നത്‌. ഹിപ്നോട്ടിക്‌ എന്നോ ആഭിചാരാത്മകം എന്നോവിശേഷിപ്പിക്കവുന്ന ഒരു കാന്തവലയം ഈ കവിതയ്ക്കു ചുറ്റുമുണ്ട്‌.

കൃഷ്ണപുരാവൃത്തം പരാമര്‍ശിച്ച്‌ ആദിരൂപാത്മകമായ ഒരബോധപശ്ചാത്തലം സൃഷ്‌ടിച്ച്‌ ആധുനികജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും ദുരന്തങ്ങളും ആവിഷ്കരിക്കുന്നു, 'കൃഷ്ണ നീ ബേഗനെ' എന്നകവിതയില്‍. കൃഷ്ണകഥ അലിഞ്ഞ ഒരു ചിത്തസംസ്കാരത്തിലേക്ക്‌ ആധുനിക ജീവിതം സന്നിവേശിക്കുമ്പോള്‍ സംഭവിക്കുന്ന അപഭ്രംശങ്ങളെ ഈ കവിത അപഗ്രഥിക്കുന്നു. ജീര്‍ണ്ണതയുടെ ചിതല്‍ തിന്ന സമൂഹചിത്രത്തില്‍ ക്ഷയിച്ച സംസ്കാരത്തിന്റെ അംശങ്ങള്‍ മാത്രം അങ്ങിങ്ങ്‌ അവശേഷിച്ചുകാണുന്നു.

പ്രകൃതിയുടെ രണ്ട്‌ ആര്‍ദ്രഭാവങ്ങളാണ്‌ അമ്മയും മഴയും. സൃഷ്‌ടിയുടെയും സ്ഥിതിയുടെയും തുടര്‍ച്ചയുടെയും ഈ കാരണഭൂതങ്ങളെ 'അമ്മ' എന്ന കവിത സമന്വയിപ്പിക്കുന്നു. ഭാവം കൊണ്ടും അഭാവം കൊണ്ടും ജീവിതത്തെ ചലനാത്മകമാക്കുന്ന ജീവനധാരകളാണ്‌ രണ്ടും. അമ്മയുടെയും മഴയുടെയും സാമ്യങ്ങളെ നിര്‍Iക്ഷിച്ചും ധര്‍മ്മങ്ങളെ സമന്വയിച്ചും ഈ കവിത പ്രകൃതിയുടെ പരിപാലന പ്രക്രിയയില്‍ അന്തര്‍ലീനമായിരിക്കുന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ആഴങ്ങള്‍ അനുഭവിപ്പിക്കുന്നു.

ഈ സമാഹാരത്തിലെ ഓരോകവിതയ്ക്കുമുണ്ട്‌ ഇങ്ങനെ വേര്‍തിരിച്ചു നിരീക്ഷിക്കവുന്ന സവിശേഷതകള്‍. സാമാന്യമായി നോക്കുമ്പോള്‍ ഈ കവിതകള്‍ കാല്‌പനികവും അകാല്‌പനികവും യഥാതഥവും ഭ്രമാത്മകവുമായ ലോകങ്ങളെ കൂട്ടിക്കലര്‍ത്തുന്നു. സമൂഹത്തിന്റെയും വ്യക്തിയുടെയും, ശരീരത്തിന്റെയും ആത്മാവിന്റെയും, പ്രകൃതിയുടെയും ജന്മവാസനകളുടെയും രഹസ്യാനുഭൂതികളെ വാക്കിന്റെ സംഗീതത്തിലേക്കും താളത്തിലേക്കും ആവാഹിക്കുന്നു. ഇരുളും വെളിച്ചവും ഇണചേരുന്ന ഈ വാ ങ്‌മയം ഭാഷയെ ഊര്‍ജ്ജപ്രവാഹമാക്കുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌


Ranji Panicker

Submitted by sibi (not verified) on Tue, 2005-11-08 14:19.

Psudo Poetry of a so called film writer is not a bombastic explotion or a neglomatic muglomania.