തര്‍ജ്ജനി

യമുനോത്രി - രണ്ട്‌

അഞ്ചര കഴിഞ്ഞാണ്‌ ഞങ്ങള്‍ ഉണര്‍ന്നതു്‌. ഒന്നിച്ചു പോകാമെന്നു പറഞ്ഞിരുന്നവര്‍ സ്ഥലം വിട്ടിരിക്കുന്നു. മഴ പെയ്യുന്നുണ്ട്‌. മഴയുടെ സ്ഥിതിയൊന്നും പറയാനാവില്ലെന്നും ചിലപ്പോള്‍ ഇടയ്ക്കു വെച്ച്‌ തിരിച്ചു വരേണ്ടി വരുമെന്നും ഹോട്ടലുടമ പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ മഴക്കോട്ടും കുത്തി നടക്കാനുള്ള വടിയും വാങ്ങിച്ച്‌ ഹോട്ടലുടമ ചൂണ്ടിക്കാണിച്ചുതന്ന വഴിയിലൂടെ ഞങ്ങള്‍ നടന്നു. ചളി നിറഞ്ഞ വഴിയിലൂടെ മെല്ലെയെ നടക്കാനാവൂ. അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ മാത്രം തോള്‍സഞ്ചിയിലെടുത്തു. ബാക്കിയെല്ലാം ലോഡ്ജില്‍ തന്നെ വെച്ചു.

നല്ല തണുപ്പുണ്ട്‌. കാറ്റു വന്നു മുഖത്തടിക്കുന്നതിനാല്‍ വല്ലാത്ത അസ്വസ്ഥതയും. എന്നാലും ഉള്ളിലെവിടെയോ ഒരു സുഖമുണ്ട്‌. മുന്‍പേ പോയവരുടെ അടുത്തെത്താനായി കഴിയുന്നത്ര വേഗതയിലാണ്‌ ഞങ്ങളുടെ നടത്തം. ഒരു കിലോമീറ്റര്‍ നടന്നു കഴിഞ്ഞപ്പോള്‍ മുന്‍പേ പോയവരെല്ലാം ഒരിടത്തു കൂട്ടം കൂടി നില്‍ക്കുന്നതു കണ്ടു. ദൈവമേ, മലയിടിഞ്ഞ്‌ വഴി മുടങ്ങിയിരിക്കുമോ?

ഞങ്ങള്‍ ധൃതിയില്‍ നടന്ന് അവരുടെ അടുത്തെത്തി. 10 മീറ്ററിലധികം നീളത്തില്‍ വഴി കുത്തിയൊലിച്ചു്‌ കൊക്കയില്‍ പതിച്ചിരിക്കുന്നു. മുകളില്‍ നിന്നും വെള്ളം പാഞ്ഞൊഴുകി വരികയാണ്‌. വെള്ളത്തോടൊപ്പം ചെറിയ പാറക്കഷ്ണങ്ങളും ഒഴുകിവന്നു താഴേക്കു പതിക്കുന്നുണ്ട്‌. എന്ത്‌ ചെയ്യും? കൂടെയുണ്ടായിരുന്ന പരിചയസമ്പന്നരായ ചിലര്‍ പറഞ്ഞു, ഒറ്റയ്ക്കൊരിക്കലും ഇതു മുറിച്ചു കടക്കാനാവില്ല. ഒരു പണി ചെയ്യാം. ആണുങ്ങളെല്ലാം കൈകള്‍ കോര്‍ത്ത്‌ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നില്‍ക്കുക. സ്ത്രീകളെ ഓരോരുത്തരെ പിടിച്ച്‌ മറുകര എത്തിക്കുക. അതു നല്ലൊരു ആശയമായി എല്ലാര്‍ക്കും തോന്നി.

കല്ലുകള്‍ക്കിടയില്‍ കാലുറപ്പിച്ച്‌ കുതിച്ചു പാഞ്ഞുവരുന്ന പ്രവാഹത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ ശ്രമപ്പെട്ട്‌ ഞങ്ങള്‍ ആണുങ്ങളെല്ലാം കൈകോര്‍ത്തു നിന്നു. ഒരു വലിയ കല്ല് മുകളില്‍നിന്ന് ജലത്തോടൊപ്പം ഒഴുകിവന്ന് ഒരുവന്റെ മേല്‍ പതിച്ചാല്‍ മതി. എല്ലാം തീെര്‍ന്നു. എല്ലാവരും നിയന്ത്രണം വിട്ട്‌ അഗാധതയില്‍ പതിച്ചതു തന്നെ.

സ്ത്രീകളെ ഓരോരുത്തരെയായി അക്കരെ കയറ്റി. എല്ലാവരും ഭയത്തോടും ഭക്തിയോടും കൂടി യമുനയ്ക്ക്‌ ജയ്‌ വിളിക്കുന്നുണ്ട്‌. സ്ത്രീകളെയും കുട്ടികളെയും അക്കരെ എത്തിച്ചതോടെ കൈകോര്‍ത്തു നിന്നിരുന്ന ഞങ്ങള്‍ ഇങ്ങേയറ്റത്തുനിന്ന് ഓരോരുത്തരായി വെള്ളം മുറിച്ചു കടന്നു. യാതൊരു അപകടവും കൂടാതെ എല്ലാവരും അക്കരെയെത്തിയതും... ബാക്കി ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്‌ ഊഹിക്കാമല്ലോ!

അതോടെ വിവിധ ദേശത്തില്‍നിന്നു വന്ന എല്ലാവരും ഒരൊറ്റ ആത്മാവുള്ളവരായി. അപകടത്തിനു മുമ്പില്‍ മനുഷ്യര്‍ എത്ര പെട്ടെന്നാണ്‌ സഹോദരന്മാരായിത്തീരുന്നത്‌. ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും എല്ലാ അതിര്‍വരമ്പുകളും സ്നേഹത്തിനു മുമ്പില്‍ അറ്റുവീഴുന്നത്‌ കാണാന്‍ കഴിഞ്ഞു. ഒരു വീട്ടിലെ അംഗങ്ങള്‍ യാത്ര ചെയ്യുന്നതു പോലെയാണ്‌ ഞങ്ങള്‍ പുറപ്പെട്ടത്‌. പരസ്പരം വെള്ളവും ഭക്ഷണവും കൈമാറിയും ക്ഷീണിതരെ കൈപിടിച്ചു കയറ്റിയും ഒക്കെയുള്ള ആ യാത്ര ഇന്നും കണ്ണിനു മുമ്പില്‍ മായാതെ നില്‍ക്കുന്നു. സഹകരണവും സ്നേഹവും സാഹോദര്യവുമെല്ലാം എല്ലാ മനുഷ്യന്റെയും ഹൃദയത്തില്‍ ലീനമായിക്കിടപ്പുണ്ടെന്നും അത്‌ ഉണര്‍ന്നു വരാനുള്ള സാഹചര്യങ്ങള്‍ സംഭവിക്കുകയേ വേണ്ടൂ എന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക്‌ ബോദ്ധ്യമാകുന്നു.

പോണിയുടെ ചാണകവും ചളിയും കല്ലും എല്ലാം കൂടിക്കുഴഞ്ഞ വഴിയിലൂടെ ഞങ്ങള്‍ നടന്നു. പോണിയെക്കുറിച്ച്‌ പറയാന്‍ വിട്ടു പോയി. ഹിമാലയത്തിന്റെ കുത്തനെയുള്ള കയറ്റം നടന്നു കയറാന്‍ പ്രയാസമുള്ളവര്‍ക്ക്‌ സഹായകമായി പല വഴികളുമുണ്ട്‌. അതിലൊന്നാണ്‌ പോണിയുടെ മുതുകിലിരുന്നുള്ള യാത്ര. പോണി കുതിരയുമല്ല, കഴുതയുമല്ല. ഇതിന്റെ രണ്ടിന്റെയും ഇടയില്‍ വരുന്ന ഒരു വകുപ്പാണെന്ന് പറയാം. കോവര്‍ക്കഴുതയെന്ന് ചിലര്‍ പറയുന്നു. മറ്റു മാര്‍ഗ്ഗങ്ങള്‍, ഡാണ്ഡിയിലും കാണ്ഡിയിലുമുള്ള യാത്രയാണ്‌. ഡാണ്ഡി എന്നാല്‍ ഒരു ചാരു കസേരയില്‍ രണ്ട്‌ വടിവെച്ചു കെട്ടി നാലാളുകള്‍ തോളില്‍ വെച്ച്‌ പല്ലക്കു പോലെ എടുത്തു കൊണ്ട്‌ പോകുന്ന വാഹനം. കാണ്ഡി, ചൂരല്‍ കൊണ്ടോ മുള കൊണ്ടോ ഉണ്ടാക്കിയ ഒരു കൊട്ട. അതു പുറത്തു വെച്ചു കെട്ടി ആളുകളെ അതിലിരുത്തി ചുമന്നുകൊണ്ട്‌ പോകും.

പോണിയുടെ ചാണകത്തിന്റെ സുഗന്ധമാണ്‌ യാത്രയില്‍ സഹിക്കാനാവാത്തതു്‌. ചളിയും കല്ലുമൊക്കെ ഒപ്പിക്കാം. വീതികുറഞ്ഞ നടപ്പാതകളാണ്‌ യമുനോത്രി യാത്രയില്‍ നമുക്കു ഭീതിയോടെ നേരിടേണ്ടി വരുന്ന അപകടകാരികള്‍. മഴയുള്ളതിനാല്‍ അപകട സാദ്ധ്യത ഇത്തിരി കൂടിയിരിക്കും. മഴയേറ്റ്‌ ചളിയായി കൊക്കയിലേക്ക്‌ ഒലിച്ചിറങ്ങുന്ന മൂന്നരയടിയും നാലടിയും മാത്രം വീതിയുള്ള വഴിയിലൂടെ നടക്കുമ്പോള്‍ മരണത്തിന്റെ വായിലൂടെ സഞ്ചരിക്കുന്നതുപോലെയാണ്‌ തോന്നുക. ചിലയിടങ്ങളില്‍ പാതയത്രയും മലയില്‍ നിന്നും ചെറുതായടര്‍ന്നു നില്‍ക്കുന്നുണ്ടാകും. അതിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടാകും. ചെറിയൊരു സമ്മര്‍ദ്ദം മതി വഴി അങ്ങനെതന്നെ ഇടിഞ്ഞ്‌ കൊക്കയില്‍ പതിക്കാന്‍. അതുകൊണ്ടൊക്കെയാണ്‌ മഴ സമയത്ത്‌ യമുനോത്രിയിലേക്ക്‌ യാത്ര ചെയ്യരുത്‌ എന്നു പറയുന്നത്‌. എന്നിരുന്നാലും അനേകമാളുകള്‍ പ്രായഭേദമന്യേ ഈ മഴക്കാലത്തും വരുന്നത്‌ ഭക്ത്യാധിക്യം കൊണ്ട്‌ തന്നെ. പ്രകൃതിസൌന്ദര്യത്തിന്റെ മാസ്മരികതയില്‍ സ്വയം ഇല്ലാതാകാന്‍ വരുന്നവരും കുറവല്ല. വിശ്വാസികളായാലും അവിശ്വാസികളായാലും ഏവരെയും ആനന്ദിപ്പിക്കാനുള്ള കോപ്പുകള്‍ ഇവിടെ പ്രകൃതി ഒരുക്കി വെച്ചിട്ടുണ്ട്‌. ഒഴിഞ്ഞ പാത്രവുമായി നാം ഇങ്ങോട്ടു വന്നാല്‍ മതി. നിറഞ്ഞു തുളുമ്പുന്ന പാത്രവുമായി തിരിച്ചിറങ്ങാം.

മുകളിലോട്ടു കയറും തോറും കയറ്റം കുത്തനെയായിത്തീരുന്നു. അതറിയാവുന്ന പോണിക്കാര്‍ വഴിയരികില്‍ പോണിയും മറ്റുമായി നില്‍പുണ്ടാകും. പിന്നീട്‌ അധികം പേരും അതിന്റെ മുകളില്‍ കയറിയാവും യാത്ര. മല കയറാന്‍ തുടങ്ങുമ്പോള്‍ പോണി വേണോ എന്നു ചോദിച്ചു വന്നവരോട്‌ "എന്തു്‌? പോണിയോ? ഞങ്ങള്‍ക്കെന്താ നടക്കാന്‍ കാലില്ലേ?" എന്നൊക്കെ വാചകമടിച്ചിരുന്നവര്‍ പോണിയില്‍ ചാടിക്കയറി ഇരുന്ന് കിതയ്ക്കുന്നുണ്ട്‌. ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു. ഗായത്രിക്ക്‌ കുത്തനെ കയറാന്‍ കഴിയുമോ എന്നു ഞാന്‍ സംശയിച്ചെങ്കിലും പോണിയില്‍ യാത്ര ചെയ്യുന്ന പ്രശ്നമില്ലെന്ന് ഗായത്രി തീത്തു പറഞ്ഞു.

പതിമൂന്നു കിലോമീറ്ററോളം ദൂരമുണ്ട്‌ ഹനുമാന്‍ഛട്ടിയില്‍ നിന്നും യമുനോത്രിയിലേക്കു്‌. അതിനിടയില്‍ ഫൂല്‍ഛട്ടി, ജാനകീഭായ്‌ഛട്ടി എന്നീ രണ്ടു ഗ്രാമങ്ങള്‍ നാം കടന്നു പോകണം. യാത്രയില്‍ ഭക്ഷണം ലഭിക്കുന്ന ഇടങ്ങള്‍ ധാരാളമായുണ്ട്‌. വെള്ളം കിട്ടിയില്ലെങ്കിലും കൊളയും ജ്യൂസും ഹിമാലയത്തില്‍ എവിടെ ചെന്നാലും സുലഭമായി ലഭിക്കും.

യാത്രയില്‍ നമ്മോടൊപ്പം ചിലപ്പോള്‍ ഗ്രാമങ്ങളില്‍ കഴിയുന്ന ഹിമാലയന്‍ പട്ടിയും കൂടും. ഹിമാലയം പോലെ തന്നെ ശാന്തനായ നായ. നിറയെ രോമങ്ങളുള്ള സുന്ദരനായ വലിയ നായ. നമ്മുടെ നാട്ടിലെ നായയെക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ട്‌. കുരക്കുകയേയില്ല. ഇന്നു വരെ ആരും അവനെ ഉപദ്രവിച്ചിട്ടുണ്ടാവില്ല. നമുക്കു വഴി കാണിച്ചു തന്നുകൊണ്ട്‌ അവന്‍ മുമ്പേ നടക്കും. കുറച്ചു ദൂരം നറന്നു പിന്നെ തിരിച്ചു വന്നു നമ്മുടെ കാലിലൊന്ന് ഉരസും. കാര്യമായ അടുപ്പമൊന്നും കാണിക്കില്ല. നിസ്സംഗപരമഹംസന്‍ തന്നെ. അഞ്ചു കിലോമീറ്ററോളം ഒരുത്തന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഗായത്രിയെയാണ്‌ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്‌. അത്‌ സാധാരണ നായയല്ലെന്നും ഋഷിമാര്‍ നായയുടെ രൂപത്തില്‍ വന്നിരിക്കയാണെന്നും ഒരാള്‍ പറഞ്ഞപ്പോള്‍ സത്യമെന്ന് വിശ്വസിക്കാന്‍ തന്നെയാണ്‌ തോന്നിയത്‌. ആ വിശ്വാസത്തിനു ഒരു സുഖമുണ്ട്‌. വെറുതെ ഒരു സുഖം. ആര്‍ക്കും ചേതമില്ലാത്ത ഒരു സുഖം.

ഹനുമാന്‍ഛട്ടിയില്‍ നിന്ന്‌ യമുനോത്രിയിലേക്ക്‌ രണ്ട്‌ വഴികളുണ്ട്‌. രണ്ടും വിഷമം പിടിച്ചവ. കുത്തനെയുള്ള കയറ്റം. യമുനയുടെ അക്കരെ വലത്തെ കരയിലൂടെ പോകുന്ന വഴി മാര്‍ക്കണ്ഡേയ തീര്‍ത്ഥത്തിനരികിലൂടെയാണ്‌ പോകുന്നത്‌. ഈ യാത്രയിലെ ആദ്യത്തെ ചൂടുറവ ഇവിടെയാണ്‌. മാര്‍ക്കണ്ഡേയ ഋഷി തപസ്സു ചെയ്തതും മാര്‍ക്കണ്ഡേയപുരാണം എഴുതിയതും ഇവിടെ വച്ചാണത്രെ.

യമുനയുടെ ഇടത്തേക്കരയിലൂടെയാണ്‌ പോകുന്നതെങ്കില്‍ ഖര്‍സാലിയിലൂടെ വേണം പോകാന്‍. ഇവിടെയാണ്‌ ശനിപ്രയാഗ്‌. യമുനയുടെയും നീല്‍ഗംഗയുടെയും സംഗമസ്ഥാനം. ശനിദേവന്റെ ക്ഷേത്രം സംഗമത്തിനടുത്തു കാണാം. യമുനയുടെ സഹോദരനാണ്‌ ശനി.

മാര്‍ക്കണ്ഡേയതീര്‍ത്ഥത്തില്‍ നിന്നും ഖര്‍സാലിയില്‍ നിന്നും തുല്യദൂരത്തിലാണ്‌ യമുനോത്രി. അവിടെ കയറിയെത്താന്‍ അഞ്ചാറു മണിക്കൂര്‍ വേണം. അതിരാവിലെ യാത്ര തുടങ്ങിയാല്‍ ഉച്ച ഭക്ഷണത്തിനു്‌ യമുനോത്രിയിലെത്താം.

പ്രകൃതി അതിന്റെ ഏറ്റവും മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്ക്കുന്ന കാഴ്ചയാണ്‌ യമുനോത്രിയിലേക്കുള്ള വഴിയില്‍ നാം ദര്‍ശിക്കുക. കുത്തനെയുള്ള കയറ്റങ്ങളാലും ചെളിയും കല്ലും ചാണകവും നിറഞ്ഞ ഇടുങ്ങിയ വഴികളാലും ശാരീരികമായി ഒത്തിരി പ്രയാസപ്പെടേണ്ടി വരുന്നെങ്കിലും മുകളിലേക്ക്‌ കയറും തോറും ക്ഷീണത്തെക്കാള്‍ വലിയൊരു ഉണര്‍വ്വാണ്‌ അനുഭവിക്കുക. ജാനകീഭായ്ഛട്ടിയില്‍ എത്തിയതോടെ ഗായത്രി അല്‍പം അവശയായതു പോലെ തോന്നി. കുത്തനെയുള്ള ചില കയറ്റങ്ങള്‍ കയറാനാവാതെ ഇടയ്ക്കിടെ നില്‍ക്കേണ്ടി വന്നു.. തിരക്കു കൂട്ടാതെ താഴ്വരയുടെ മനോഹാര്യത ആസ്വദിച്ച്‌ മെല്ലെമെല്ലെ പോയാല്‍ മതിയെങ്കിലും മഴ കനത്തു വരുന്നതിനാല്‍ എത്രയും പെട്ടെന്ന് മുകളിലെത്തുകയെന്നത്‌ അത്യാവശ്യമായി വന്നു.

ജാനകിഭായ്ഛട്ടിയില്‍ നിന്നും ആറു കിലോമീറ്റര്‍ കൂടി പോയാലേ യമുനോത്രിയിലെത്തൂ. അത്രയും ദൂരം കയറ്റം ഇത്തിരി കടുപ്പമാണ്‌. യമുനോത്രിയിലെ പൂജാരിമാരായ പാണ്ടകള്‍ സകുടുംബം ജാനകീഭായ്ഛട്ടിയിലാണ്‌ താമസിക്കുന്നത്‌. ഞങ്ങള്‍ ഏന്തിവലിഞ്ഞ്‌ മല കയറിക്കൊണ്ടിരിക്കേ ധൃതിയില്‍ മുകളിലോട്ടു കയറിപ്പോകുന്ന ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ ഞങ്ങളുടെ അടുത്തെത്തി ഗായത്രിയുടെ കൈയ്യും പിടിച്ച്‌ മുകളിലേക്ക്‌ കയറാന്‍ തുടങ്ങി. അതു വലിയ സഹായമായി, എങ്കിലും ഏതോ ഒരുത്തന്‍ തന്റെ കൈ പിടിച്ചു വലിച്ചു കയറ്റുന്നതു്‌ ഗായത്രിക്കു അത്ര രുചിച്ചില്ല. അതു മനസ്സിലായപ്പോള്‍ രാംലാല്‍ പറഞ്ഞു: "പേടിക്കേണ്ട. ഞാന്‍ മന്ദിറിലെ പൂജാരിയാണ്‌. വന്നോളൂ"

മൂന്നു കിലോമീറ്ററിലധികം അയാളുടെ സഹായത്താല്‍ ഗായത്രിക്ക്‌ സുഗമമായി മല കയറാന്‍ കഴിഞ്ഞു. പൂജയ്ക്കുള്ള സമയമായതിനാല്‍ അദ്ദേഹത്തിനു പെട്ടെന്നു മുകളിലെത്തണമായിരുന്നു. കുറെയങ്ങെത്തിയപ്പോള്‍ "ഇനി ഞാന്‍ പൊക്കോട്ടെ. മുകളിലെത്തിയാല്‍ നേരെ മന്ദിറില്‍ വരണം. താമസിക്കാനുള്ള സൌകര്യമൊക്കെ ശരിയാക്കിത്തരാം." എന്നു പറഞ്ഞ്‌ അയാള്‍ മുകളിലേക്ക്‌ ഓടിപ്പോയി. എത്ര അനായാസമായാണ്‌ അയാള്‍ മല കയറിപോകുന്നത്‌. അദ്ദേഹം മല കയറി മറയുന്നതു നോക്കി ഞങ്ങള്‍ കുറെനേരെം അവിടെ നിന്നു.

ഷൌക്കത്ത്‌, ശ്രീനാരായണ ഗുരുകുലം, ഊട്ടി.

Submitted by Sunil (not verified) on Sun, 2005-11-06 12:22.

Shaukath,
This is really worth reading. Now I also wants to visit these places. "aTuttha lakkatthinaayi akshamayOTe kaatthirikkunnu".