തര്‍ജ്ജനി

മഹത്വവല്‍ക്കരിക്കപ്പെടുന്ന ലൈംഗികവ്യാപാരം

(നളിനി ജമീലയുടെ "ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ" എന്ന പുസ്തകത്തിനെ ആസ്പദമാക്കി ചില ചിന്തകള്‍)

ഒരു സമൂഹത്തിന്റെ മൂല്യങ്ങള്‍ നിശ്ചയിക്കുന്നത്‌ അതിനെ നിയന്ത്രിക്കുന്ന വ്യവസ്ഥിതിയുടെയും അധികാരഘടനയുടേയും സ്വഭാവമനുസരിച്ചായിരിക്കും. സോവിയറ്റ്‌ യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട സോഷ്യലിസ്റ്റ്‌ ബ്ലോക്ക്‌ ഉയര്‍ത്തിപ്പിടിച്ചിരുന്നത്‌ സമത്വത്തിലധിഷ്ഠിതമായ മൂല്യ വ്യവസ്ഥിതിയായിരുന്നു. ആ മൂല്യങ്ങള്‍ വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കുമേല്‍ സമൂഹത്തിന്റെ താല്‍പ്പര്യത്തിന്‌ പ്രാമുഖ്യം കല്‍പ്പിക്കുന്നതായിരുന്നു. ഇതില്‍ നിന്ന്‌ വ്യത്യസ്തമായി അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും സമൂഹത്തെക്കാള്‍ വ്യക്തികള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന ഭരണ വ്യവസ്ഥയുടെ വക്താക്കളാണ്‌. വ്യക്തിയുടെ സ്വാതന്ത്ര്യം സ്വകാര്യത, സ്വകാര്യസ്വത്ത്‌ എന്നിവ എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നാണ്‌ ഇതിന്റെ അന്തസത്ത. സോവിയറ്റ്‌ യൂണിയന്റേയും സോഷ്യലിസ്റ്റ്‌ ബ്ലോക്കിന്റേയും തകര്‍ച്ചയോടെ സ്ഥിതി സമത്വം മുന്നോട്ട്‌ വയ്ക്കുന്ന മാനവികതയിലധിഷ്ഠിതമായ മൂല്യവവസ്ഥിതിക്ക്‌ താല്‍ക്കാലികമായെങ്കിലും പരാജയം നേരിട്ടിരിക്കുകയാണ്‌. മാത്രമല്ല പുതിയൊരു ലോകക്രമം തന്നെ അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്തെമ്പാടും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌.

Nalini Jameela

തന്റെ സ്വകാര്യതയിലേക്കൊതുങ്ങിക്കൂടുന്ന ഒറ്റപ്പെട്ട മനുഷ്യന്റെ കേവലവിനോദത്തിന്‌ പ്രാധാന്യം നല്‍കുന്നതാണ്‌ പുതിയ ലോകക്രമം. പുരുഷമേധാവിത്വപരമാണിത്‌. കേവലമൊരു വിനോദോപാധിയെന്നതിലപ്പുറം സ്ത്രീകള്‍ക്ക്‌ സ്വന്തമായൊരസ്തിത്വംപോലും അത്‌ നിരാകരിക്കുന്നു. മനുഷ്യപരിണാമത്തിന്റേയും പുരോഗതിയുടേയും നിദര്‍ശനങ്ങളായ കുടുംബത്തിന്റേയുംസമൂഹത്തിന്റേയും അസ്തിത്വങ്ങളെ അത്‌ പ്രകൃതിവിരുദ്ധമായി ചിത്രീകരിക്കുന്നു.

ഈ പാശ്ചാത്തലത്തില്‍ വേണം നളിനി ജമീലയുടെ "ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ" വിലയിരുത്തേണ്ടത്‌. നാല്‌ എഡിഷന്‍ പ്രസിദ്ധീകരിക്കുകയും പതിനാലോളം ഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്യാന്‍ ധാരണയാവുകയും ചെയ്ത ഈ പുസ്തകം മലയാള പുസ്തകപ്രസാധനരംഗത്ത്‌ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌. പുസ്തകം പ്രസിദ്ധീകരിച്ച ഡി.സി.ബുക്സിനും തയ്യാറാക്കിയ ഐ.ഗോപിനാഥിനും നളിനി ജമീലയ്ക്കും വന്‍സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതിനു പുറമേ ഏറ്റവും ആകര്‍ഷവും അനന്തമായ സാദ്ധ്യതകളുള്ളതുമായ ഒരു തൊഴിലിന്റെ സാമൂഹികാംഗീകാരം നേടിയെടുക്കുന്നതിനുമുള്ള ആദ്യചുവടുവെപ്പുകള്‍ നടത്താനും ഈ പുസ്തകത്തിന്‌ കഴിഞ്ഞിരിക്കുന്നു.

ഭൂമുഖത്തെ ഏറ്റവും പൌരാണികവും പവിത്രവുമായ തൊഴിലാണ്‌ വ്യഭിചാരം അഥവാ ലൈംഗികത്തൊഴിലെന്നും അതിന്‌ നാളിതുവരെ സമൂഹത്തിന്റെ അംഗീകാരം ലഭിക്കാത്തത്‌ അനീതിയാണെന്നും പുസ്തകത്തിന്റെ അവതാരികകാരനും പ്രശസ്ത സാഹിത്യകാരനുമായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിലാപത്തിന്‌ പുതിയ ഭാഷ്യം നല്‍കേണ്ടതുണ്ട്‌. "ഏറ്റവും പുരാതനമായ തൊഴില്‍" എന്നതിനേക്കാള്‍ നല്ലത്‌, ദരിദ്രനും സമ്പന്നനും തമ്മിലുള്ള വൈരുദ്ധ്യം നിലവില്‍ വന്ന കാലത്തോളം അതിന്‌ പഴക്കമുണ്ടെന്ന്‌ പറയുന്നതാവും ശരി. പുരുഷമേധാവിത്വപരമായ ഒരു വ്യവസ്ഥയില്‍ സമ്പന്നനായ പുരുഷന്‌ സ്വന്തം കുടുംബത്തിലെ ഭാര്യയില്‍നിന്ന്‌ കിട്ടാത്ത സുഖവും സാന്ത്വനവും ഭാര്യമാരുടെ ഒരു സമൂഹം ഉണ്ടാക്കുന്നതിലൂടെ കിട്ടുമെന്ന ചിന്താഗതിയായിരിക്കും വ്യഭിചാരത്തിന്‌ തുടക്കം കുറിച്ചത്‌. സ്വാഭാവികമായും "സമൂഹഭാര്യമാര്‍" കുടുംബബന്ധങ്ങളുണ്ടാക്കാന്‍ കഴിയാത്ത പാവങ്ങളും അവരുടെ ഭര്‍ത്താക്കന്മാര്‍ സമ്പന്നന്‍മാരുമായിരിക്കണം. സമൂഹത്തിലെ പാവപ്പെട്ട പുരുഷന്‍മാര്‍ക്ക്‌ സമൂഹഭാര്യമാരുടെ സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. പുരാതന കാലത്ത്‌ അവര്‍ യാചകര്‍ക്കും മോഷ്ടാക്കള്‍ക്കുംമദ്ധ്യേ ആയിരുന്നെങ്കില്‍ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അവര്‍ക്ക്‌ സാമ്പത്തിക സുസ്ഥിരതയും മാന്യതയും ഉണ്ടായിരുന്നു. അവര്‍ക്ക്‌ കലകളും സാഹിത്യവും വശമായിരുന്നു. അവര്‍ക്ക്‌ ഗൃഹസ്ഥകളായ ഭാര്യമാരെക്കാള്‍ സമൂഹത്തില്‍ സ്വാധീനവും അംഗീകാരവുമുണ്ടായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടുകളിലെ വ്യാവസായിക വളര്‍ച്ച വ്യഭിചാരത്തിന്റെ സ്വഭാവം മാറ്റിമറിച്ചു. അഭിസാരികള്‍ക്ക്‌ പ്രത്യേക വിഭാഗമെന്ന പദവി നഷ്ടപ്പെട്ടു. അവര്‍ കലകളും സാഹിത്യവും വശമുണ്ടായിരുന്ന നിപുണകളായിരുന്നില്ല. കുടുംബം പോറ്റുന്നതിനു വേണ്ടി ബാദ്ധ്യതകള്‍ നിറവേറ്റുന്നതിന്‌ വേണ്ടി നല്ല ഭക്ഷണത്തിനുവേണ്ടി നല്ല വസ്ത്രങ്ങള്‍ക്കു വേണ്ടി ശരീരം വില്‍ക്കേണ്ടിവരുന്ന സാധാരണ സ്ത്രീകളായി സമൂഹത്തിന്റെ ഭാര്യമാര്‍ മാറി. ഇവിടെ ശാരീരികാകര്‍ഷണമില്ല, മാനസികവും വൈകാരികവുമായ അടുപ്പമില്ല, വാങ്ങലും വില്‍ക്കലും മാത്രം.

മനുഷ്യനും സമൂഹവും പുരോഗമിക്കുന്നത്‌ കാടത്തത്തില്‍നിന്ന്‌ നാഗരികതയിലേക്ക്‌ ആണ്‌. തിരിച്ചല്ല. ഒറ്റപ്പെട്ടവനും ഏകാകിയുമായ മനുഷ്യന്‍ കുടുംബത്തിന്റേയും സമൂഹത്തിന്റെയും ചങ്ങലകളാല്‍ ബന്ധിതനായത്‌ പുരോഗതിയുടെ പ്രയാണത്തിലെ നാഴികക്കല്ലുകളാണ്‌. സ്വന്തം കുടുംബത്തില്‍ ഭാര്യയില്‍ നിന്ന്‌ കിട്ടാത്ത സുഖത്തിനും സാന്ത്വനത്തിനും വേണ്ടി സമൂഹഭാര്യമാരെ നിലനിര്‍ത്തുന്നത്‌ മനുഷ്യപുരോഗതിയെയും വികസനത്തേയും പുറകോട്ട്‌ വലിക്കുന്നതിനു തുല്യമാണ്‌. സ്ത്രീയും പുരുഷനുമടങ്ങുന്ന കുടുംബത്തില്‍ക്കൂടിമാത്രമേ ശ്രേഷ്ഠമായ പ്രണയം പൂവിരിയുകയുള്ളൂ. കേവല ലൈംഗികതക്കുവേണ്ടി മാത്രമുള്ള ഭാര്യമാരുടെ സമൂഹം ജീര്‍ണ്ണിക്കുന്നു അല്ലെങ്കില്‍ ജീര്‍ണ്ണിക്കേണ്ടുന്ന ഒരു സാമൂഹ്യവ്യവസ്ഥയുടെ ഉല്‍പ്പന്നമാണ്‌.

ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവചരിത്രം
മൂന്നാം ക്ലാസ്സ്‌ മാത്രം വിദ്യാഭ്യാസമുള്ള നളിനി ജമീല സാധാരണ കൂലിത്തൊഴിലാളിയായാണ്‌ ജീവിതമാരംഭിച്ചത്‌. കര്‍ക്കശ സ്വഭാവക്കാരനായ സ്വന്തം പിതാവിന്റെ പീഢനം സഹിക്കാതെയാണ്‌ പതിനേഴാം വയസ്സില്‍ സുബ്രഹ്മണ്യന്‍ എന്ന ചാരായ വാറ്റുകാരനോടൊപ്പം ഇറങ്ങിത്തിരിച്ചത്‌. പില്‍ക്കാലത്ത്‌ തന്നെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന സുബ്രഹ്മണ്യനുമൊത്തുള്ള മൂന്നു വര്‍ഷക്കാലത്തെ ജീവിതത്തിന്റെ ബാക്കിപത്രം രണ്ടുകുട്ടികളും കടുത്ത മദ്യപാന ശീലവുമായിരുന്നു. കരളില്‍ കാന്‍സര്‍ ബാധിച്ച സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തതോടെ കുടുംബം പോറ്റാന്‍ വകയില്ലാതെ ലൈംഗികത്തൊഴിലിലേക്കിറങ്ങി. മംഗലാപുരത്ത്‌ വച്ച്‌ പരിചയപ്പെട്ട കോയക്കയെ വിവാഹം ചെയ്തു. അതില്‍ ഒരു കുഞ്ഞുണ്ടായി. അയാളെ ഉപേക്ഷിച്ച്‌ വീണ്ടും ലൈംഗികത്തൊഴിലിലിറങ്ങി. പിന്നീട്‌ നാഗര്‍കോവില്‍ക്കാരനായ ഷാഹുല്‍ ഹമീദുമൊത്തുള്ള മൂന്നാം വൈവാഹിക ജീവിതം ആരംഭിച്ചു. ഇത്‌ പന്ത്രണ്ട്‌ വര്‍ഷം നീണ്ടുന്നിന്നു. ഇടക്ക്‌ മാറാരോഗത്തിനടിപ്പെട്ട അവര്‍ ഷാഹുല്‍ ഹമീദിന്‌ തന്നോടുള്ള വെറുപ്പ്‌ മനസ്സിലാക്കി അയാളെ വിട്ട്‌ വീണ്ടും തെരുവിലേക്കിറങ്ങി. രോഗിണിയും ദരിദ്രയുമായ അവര്‍ ഭിക്ഷാടനം ചെയ്ത്‌ ജീവന്‍ നിലനിര്‍ത്തി.

ആരോഗ്യം വീണ്ടെടുത്ത്‌ ലൈംഗികത്തൊഴിലാളികളുടെ സംഘടനായ ജ്വാലാമുഖിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചു. ലൈംഗികത്തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ വിദേശപര്യടനം നടത്തി. അവിടുന്ന്‌ കിട്ടിയ ക്യാമറ ഉപയോഗിച്ച്‌ ഛായാഗ്രഹണം പഠിച്ചു. ലൈംഗികത്തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി "ജ്വാലാമുഖികള്‍" എന്ന ലഘുചിത്രം നിര്‍മ്മിച്ചു. ഇതിനിടക്ക്‌ രണ്ട്‌ പെണ്‍കുട്ടികളും വിവാഹിതരായി. ഒരു മകന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട്ടെ ബംഗ്ലാദേശ്‌ കോളനിയില്‍ ഒരു മകളോടൊപ്പം താമസം. ഇപ്പോള്‍ അന്‍പത്തിമൂന്നുവയസ്സായി. ശരീരത്തിന്‌ സുഖമുള്ളിടത്തോളം ലൈംഗികത്തൊഴില്‍ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ഇപ്പോഴും കാശിന്‌ ബുദ്ധിമുട്ടിള്ളപ്പോള്‍ തൊഴിലിനിറങ്ങുന്നു.

നളിനി ജമീലയെന്ന ഉപകരണം

ഗുരുതരമായ കുറ്റം തെളിയിക്കുന്നതിനുവേണ്ടി ആ കുറ്റത്തിന്‌ കൂട്ടുനിന്ന വ്യക്തിയെത്തന്നെ മാപ്പുസാക്ഷിയാക്കുന്ന ഒരു രീതി നീതിന്യായ വ്യവസ്ഥയിലുണ്ട്‌. ലൈംഗികത്തൊഴിലിന്റെ സാമൂഹികാഗീകാരം നേടിയേടുക്കുന്നതിനുവേണ്ടി അതിന്റെ ഇരയെക്കൊണ്ട്‌ തന്നെ സാക്ഷ്യം പറയിപ്പിക്കുകയാണ്‌ ഇവിടെ. തലകൊണ്ടും കൈകൊണ്ടും കാലുകൊണ്ടും ജോലിചെയ്യുന്ന ലാഘവത്തോടെ ശരീരത്തിന്റെ ഒരവയവം കൊണ്ടുചെയ്യുന്ന ജോലിയാണ്‌ ലൈംഗികത്തൊഴിലും എന്ന നളിനി ജമീലയുടെ പ്രസ്താവത്തിന്‌ സാധാരണ വീക്ഷണത്തില്‍ നിന്ന്‌ വ്യത്യസ്തമായ സമൂഹ്യമാനങ്ങളുണ്ട്‌. ആഗോളതലത്തില്‍ തന്നെ ലൈംഗികവ്യാപാരം വന്‍ ബിസിനസ്സാണ്‌. പ്രതിവര്‍ഷം പന്ത്രണ്ടു ലക്ഷം മനുഷ്യര്‍ (കുട്ടികളും മുതിര്‍ന്നവരും) ആഗോളതലത്തില്‍ ലൈംഗികവ്യാപരത്തിനായി കടത്തുന്നതായാണ്‌ ഐക്യരാഷ്ട്രസഭയുടെ 2003-ലെ ഒരു കണക്ക്‌ കാണിക്കുന്നത്‌. ഇതു കൂടുതലും ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിനിന്നും വികസിത രാജ്യങ്ങളിലേക്കാണ്‌. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിന്നും മാത്രമായി പന്ത്രണ്ടിനും പതിനാറിനും മദ്ധ്യേ പ്രായമുള്ള ആറായിരം കുട്ടികളെയാണ്‌ പ്രതിവര്‍ഷം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിനോദ ഗേഹങ്ങളിലേക്ക്‌ കടത്തുന്നത്‌. ലൈംഗികവ്യാപരത്തിന്‌ വേണ്ടിമാത്രമാണിവരെ കടത്തുന്നത്‌. ആ രാജ്യങ്ങളിലെ കൊടിയ ദാരിദ്ര്യം തന്നെയാണ്‌ ഇവിടെ വില്ലന്‍. ബന്ധുക്കളുടെ അറിവോടെയും വഞ്ചനയില്‍ക്കൂടിയും ഈ കടത്ത്‌. നിര്‍ബാധം തുടരുന്നു. അല്‍ബേനിയക്കാരനായ ഒരു പത്തുവയസ്സുകാരനെ അവന്റെ പിതാവ്‌ കേവലമൊരു കളര്‍ ടെലിവിഷന്‌ പകരമായാണ്‌ വിറ്റത്‌. ഇവര്‍ ലൈംഗിക അടിമകളെന്നാണ്‌ അറിയപ്പെടുന്നത്‌. വിനോദഗേഹങ്ങളിലെ മാര്‍ക്കറ്റ്‌ ഇടിയുമ്പോള്‍ ഈ അടിമകളെ കുറ്റകൃത്യങ്ങളിലേക്കും അവയവ വ്യാപരത്തിലേക്കും അവരുടെ ഏജന്റ്‌ മാറ്റുന്നു. ബ്രിട്ടനിലെ ചാനല്‍ നാലില്‍ അടുത്തിടെ കാണിച്ച "കട്ടിംഗ്‌ ഏഡ്ജ്‌; ദ ചൈല്‍ഡ്‌ സെക്സ്‌ ട്രേഡ്‌" എന്ന ലഘു ചിത്രം ഈ മേഖലയിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുകൊണ്ടുവരുന്നത്‌.

ഇന്ത്യയിലെ വേശ്യാലയങ്ങളിലെ സ്ഥിതിയും സമാനമാണ്‌. കുട്ടികള്‍ക്കാണ്‌ അവിടേയും കൂടുതല്‍ ഡിമാണ്ട്‌. ഒരു ദിവസം അന്‍പതുമുതല്‍ എഴുപത്തഞ്ചു രൂപവരെയാണ്‌ ഒരു സ്ത്രീയുടെ വരുമാനം. മുംബായിലെ കാമാട്ടിപ്പുരത്തെ പകുതിയില്‍ കൂടുതല്‍ ലൈംഗികത്തൊഴിലാളികളും എഛ്‌.ഐ.വി പോസിറ്റീവാണ്‌. വേശ്യാലയങ്ങളില്‍ സ്ത്രീകളുടെ ഡിമാണ്ട്‌ അവസാനിക്കുമ്പോള്‍ വഴിയോര വില്‍പ്പനക്കും കുറ്റകൃത്യങ്ങളിലേക്കും ഭിക്ഷാടനത്തിലേക്കും അവര്‍ എത്തിപ്പെടുന്നു. അവസാനം ആരാരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയോരങ്ങളില്‍ നരകിച്ച്‌ മരിക്കാനാണ്‌ ബഹുഭൂരിപക്ഷം ലൈംഗികത്തൊഴിലാളികളുടേയും വിധി. മുംബായെ അപേക്ഷിച്ച്‌ കൊല്‍ക്കത്തയിലെ വേശ്യാലയങ്ങളിലെ സ്ഥിതി മെച്ചമാണെന്ന്‌ ഇന്ത്യയിലെ വേശ്യാലയങ്ങളെക്കുറിച്ച്‌ പഠിച്ച ഫ്രണ്ട്‌ലൈന്‍-വേള്‍ഡിനെ ലേഖിക റാണെ ആരംസണ്‍ അഭിപ്രായപ്പെടുന്നു.
ലൈംഗികവ്യാപാരമേഖലയിലെ പ്രവര്‍ത്തനങ്ങളും ലൈംഗികത്തൊഴിലാളികളുടെ അവസ്ഥകളുമാണ്‌ മേലുദ്ധരിച്ചത്‌. തലകൊണ്ട്‌ ജോലിചെയ്യുന്ന ശാസ്ത്രജ്ഞന്റേയോ കൈകൊണ്ടു ജോലിചെയ്യുന്ന ശാസ്ത്രജ്ഞന്റെയോ കൈകൊണ്ടും കാലുകൊണ്ടും ജോലിചെയ്യുന്ന സാധാരണത്തൊഴിലാളിയുടെയോ വായകൊണ്ട്‌ ജോലിചെയ്യുന്ന ഒരദ്ധ്യാപകന്റേയോ അവസ്ഥയല്ല പാവപ്പെട്ട ലൈംഗികത്തൊഴിലാളിയുടേത്‌.

വിദേശ ഫണ്ടിങ്ങും ലൈംഗികത്തൊഴിലാളികളും
രണ്ടായിരത്തിനാലിലെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന അന്താരാഷ്ട്രചലച്ചിത്രോത്സവ വേദികളിലൊന്നായ കേരളസര്‍ക്കാരുടമസ്ഥതയിലുള്ള കൈരളി-ശ്രീ തീയേറ്ററുകളുടെ ഗോവണിപ്പടികള്‍ മുഴുവനും ദേശീയ ലൈംഗികത്തൊഴിലാളി ശൃംഖല NNSWവിന്റെ ബഹുവര്‍ണ്ണപോസ്റ്ററുകള്‍ കൊണ്ടലംകൃതമായിരുന്നു. പ്രകോപനപരമായിരുന്നു അതിലെ സൂക്തങ്ങള്‍ ഏതാനും ഉദാഹരണങ്ങളിതാ
"വ്യക്തികള്‍ സ്വാതന്ത്ര്യത്തോടെ ഒത്തുചേരുമ്പോള്‍ പ്രണയം പ്രകടിപ്പിക്കുന്നു... ഞങ്ങളുടെ ശ്രമം അത്തരമൊരു ലോകം സൃഷ്ടിക്കാന്‍"
"ലൈംഗിക ജീവികളെന്ന നിലയില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?... ലൈംഗികത പതിനാറാം വയസ്സില്‍ പൊട്ടിമുളക്കുന്നതല്ല... "അവരുടെ ലൈംഗികത അടിച്ചമര്‍ത്താന്‍ ആരാണ്‌ നമുക്ക്‌ അധികാരം നല്‍കിയത്‌?"
"രതി പാപമല്ല. പാപം സുരക്ഷിതമല്ലാത്ത രതിയാണ്‌"
"പുരുഷ സുഹൃത്തുക്കളോട്‌ ഇത്രമാത്രം.. ഞങ്ങള്‍ക്കും നിങ്ങളുടെ ഭാര്യമാര്‍ക്കും ഏയ്‌ഡ്സ്‌ വരതിരിക്കാന്‍ ഉറ ഉപയോഗിക്കുക"
"രതിയില്‍ നല്ലതും ചീത്തയുമില്ല.. പ്രകൃതി വിരുദ്ധവും അസാധാരണവുമൊന്നുമില്ല.. രതിയില്‍ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്തതും അല്ലാത്തതും വൈവിധ്യവും വ്യത്യാസവുമായ പ്രവര്‍ത്തികള്‍ മാത്രം"
"പ്രായമായവരുടെയും അംഗവൈകല്യം ബാധിച്ചവരുടെയും അസുഖം ബാധിച്ചവരുടെയും വിരൂപന്മാരുടെയും ബഹിഷ്കൃതരായവരുടെയും ഷണ്ഡന്മാരുടെയും ഭീരുക്കളുടെയും ലൈംഗികാവശ്യങ്ങളേക്കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?.. ഞങ്ങള്‍, ലൈംഗികത്തൊഴിലാളികള്‍ ചിന്തിക്കുകയും നിറവേറ്റിക്കൊടുക്കയും ചെയ്യൂന്നു."

ഇനിയും പലതുമുണ്ട്‌ സ്ഥലപരിമിതി മൂലം ചുരുക്കുകയാണ്‌. ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥപനത്തിന്റുള്ളില്‍ കടന്ന്‌ സമൂഹികംഗീകാരമില്ലാത്തതും പ്രകോപനപരവുമായ തങ്ങളുടെ സൂക്തങ്ങള്‍ അടങ്ങിയ ബഹുവര്‍ണ്ണപ്പോസ്റ്ററുകള്‍കൊണ്ട്‌ പൊതിയാന്‍ തക്കവണ്ണം ഇത്ര സ്വാധീനശക്തിയുള്ളവരും സമ്പന്നരുമാണോ ഇന്നലെ വരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരും പാവപ്പെട്ടവരുമായ ലൈംഗികത്തൊഴിലാളികള്‍?

നളിനി ജമീലയുടെ ആത്മകഥ വായിച്ചപ്പോള്‍ ഇതിന്റെ ഉത്തരം കിട്ടി. "ഞങ്ങള്‍ (ലൈംഗികത്തൊഴിലാളികള്‍) സര്‍വരാജ്യത്തൊഴിലാളികളാണ്‌. വൈദേശികം, ദേശീയം, എന്ന തരംതിരിവില്ലാതെ ആരുടെ സഹായവും ഞങ്ങള്‍ സ്വീകരിക്കും.. നിബന്ധനകളൊന്നുമില്ലാതെയാണ്‌ ഞങ്ങള്‍ വിദേശപ്പണം കിട്ടുന്നത്‌. മറ്റ്‌ രാജ്യങ്ങളിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക്‌ സഹായം നല്‍കുന്നു. അതിനെ അവിടുത്തെ സര്‍ക്കാറിന്റെ സഹായമായി വ്യാഖ്യാനിക്കുന്നത്‌ തെറ്റാണ്‌."

വാസ്തവത്തിലിവിടെ ലൈംഗികത്തൊഴിലാളികളുടെ സംഘടനാബലമോ ധനശക്തിയോ അല്ല പ്രവര്‍ത്തിക്കുന്നത്‌. ഇതിന്റെ പിന്നില്‍ സമ്പന്ന മുതലാളിത്ത താല്‍പ്പര്യങ്ങള്‍ വളരെ വിദഗ്‌ദ്ധമായി പ്രവര്‍ത്തിക്കുന്നതായി സൂക്ഷ്മപരിശോധനയില്‍ നിന്നും മനസ്സിലാക്കാം. സാംസ്കാരിക രംഗത്തെ സ്ഥാപിത താല്‍പ്പര്യക്കാരെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ വിദേശപ്പണം കളിക്കുയാണിവിടെ. സമൂഹം വെറുക്കുകയും അംഗീകരിക്കാത്തതുമായ ഒരു പ്രവര്‍ത്തിക്ക്‌ സംസ്കാരികപ്രവര്‍ത്തകരുടെ അംഗീകാരം ആദ്യം നേടിയെടുത്താല്‍ പകുതി വിജയിച്ചെന്ന്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. ഇതൊരു ആധുനിക കച്ചവട തന്ത്രം തന്നെയാണ്‌. ജനങ്ങള്‍ കൂടുതലായി ഒത്തുചേരുന്ന സ്ഥലത്ത്‌ തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഏതൊരു കച്ചവടക്കാരനും ചെയ്യുന്ന അതേ തന്ത്രം തന്നെയാണിത്‌. കൂടൂതല്‍ ധനവും അധികാരവുമുള്ളവന്‌ കൂടുതല്‍ എളുപ്പത്തില്‍ വിനോദം ലോകത്തിലെവിടേയും ലഭ്യമാക്കുകയെന്നത്‌ ആധുനിക മുതലാളിത്തത്തിന്റെ ആവശ്യമാണ്‌. ലൈംഗികവ്യാപാരമെന്ന വന്‍വ്യവസായത്തിന്റെ സാദ്ധ്യതകള്‍ മറ്റാരേക്കളും കൂടുതല്‍ അറിയാവുന്നതും അവര്‍ക്കാണ്‌. അതിനു വേണ്ടി മാനുഷികമൂല്യങ്ങള്‍ ചോര്‍ന്നുപോയിട്ടില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ മനോഭാവം മാറ്റേണ്ടതും ആവശ്യമാണ്‌. മറ്റേതൊരു തൊഴിലും പോലെയാണ്‌ ലൈംഗികത്തൊഴിലെന്നും ഇതിന്റെ ഗുണഗണങ്ങളും ഈ തൊഴില്‍ ചെയ്യുന്നവരുടെ കഷ്ടപ്പാടും ദുരിതവും ചൂണ്ടിക്കാട്ടി, അതിന്റെ ഉത്തരവാദിത്വം സമൂഹത്തിന്റേയും നിയമവ്യവസ്ഥയുടേയും മേല്‍ക്കെട്ടിവെയ്ക്കുകയും അവ മാറ്റാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുകയും അവര്‍ ചെയ്യുന്നു. ഈ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക്‌ മതിയായ സുരക്ഷിതത്വവും സംരക്ഷണവും ഏര്‍പ്പെടുത്തെണ്ടത്‌ സമൂഹവും നീതിന്യായ വ്യവസ്ഥയുമാണെന്നും അവര്‍ ഉദ്ബോധിപ്പിക്കുന്നു. ഈ അജണ്ട നടപ്പാക്കുന്നതിനുവേണ്ടി, ഇവരുടെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അതിവിപ്ലവകാരികളേയും അരാഷ്ട്രീയക്കാരുടേയും പിന്തുണ ഉറപ്പാക്കുകയാണ്‌ ആദ്യത്തെപ്പടി. യുവജനോത്സവങ്ങളും ചലച്ചിത്രോത്സവങ്ങളും ചര്‍ച്ചസമ്മേളങ്ങളും എല്ലാം ആശയപ്രചാരണത്തിനുള്ള വേദിയാക്കുകയാണ്‌ സന്നദ്ധസംഘടനകള്‍ വഴി ചെയ്യുന്നത്‌. നളിനി ജമീലയെപ്പോലുള്ള ലൈംഗികത്തൊഴിലാളി സംഘടനാപ്രവര്‍ത്തകരേയും കെ.വേണു, സിവിക്ക്‌ ചന്ദ്രന്‍ തുടങ്ങി മുന്‍കാല നക്സല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരേയും പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പോലുള്ള എഴുത്തുകാരെയും മൈത്രേയന്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയ മനുഷ്യാവകാശപ്രവര്‍ത്തകരെയും പത്രമാധ്യമരംഗത്തെ പ്രമുഖരേയും തങ്ങളുടെ ആശയപ്രചാരക്കാരാക്കാന്‍ കഴിഞ്ഞത്‌ അന്താരാഷ്ട്ര മനുഷ്യക്കടത്ത്‌ മാഫിയയുടെ വിജയമാണ്‌. ലൈംഗികത്തൊഴിലിന്‌ ലൈസന്‍സ്‌ കൊടുക്കുക, വേശ്യാലയങ്ങള്‍ക്ക്‌ അംഗീകാരം നല്‍കുക, പോലീസ്‌ പീഡനം അവസാനിപ്പിക്കുക, പ്രകൃതിവിരുദ്ധ ലൈംഗികബന്ധങ്ങള്‍ക്ക്‌ ശിക്ഷ നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ആര്‍ട്ടിക്കിള്‍ 377 റദ്ദ്‌ ചെയ്യുക തുടങ്ങി യഥേഷ്ടം, ലൈംഗികവ്യാപാരത്തിന്‌ തടസ്സം നില്‍ക്കുന്ന നിബന്ധനകളൊക്കെ മാറ്റേണ്ടതാണെന്ന കപടബോധം ചുരുക്കം ചില സാംസ്കാരികപ്രവര്‍ത്തകരിലെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞത്‌ നളിനി ജമീല മുന്നോട്ട്‌ വെയ്ക്കുന്ന ആശയങ്ങളുടെ വന്‍ വിജയം തന്നെയാണ്‌.

ശരീരസുഖമുള്ളിടത്തോളം കാലം ലൈംഗികത്തൊഴില്‍ ചെയ്യുമെന്ന്‌ പ്രഖ്യാപിക്കുകയും തനിക്കിഷ്ടപ്പെട്ട പുഷന്മാരോടൊത്ത്‌ ഇപ്പോഴും മദ്യപിക്കുകയും രമിക്കുകയും ചെയ്യുന്ന നളിനി ജമീല ആരുടെ പ്രതിനിധിയാണ്‌? തിക്തമായ ജീവിതാനുഭവങ്ങളും സാഹച്യങ്ങളും അഭിസാരികയാക്കിയ ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ്‌ താനീത്തൊഴില്‍ ചെയ്യുന്നതെന്നും തന്റെ ബഹുഭൂരിപക്ഷം സഹപ്രവര്‍ത്തകരും തന്നെപ്പോലെയാണെന്നും പറയുമ്പോള്‍ അത്‌ വിരോധാഭാസമായി തോന്നാം. എന്നാല്‍ വസ്തുതകള്‍ നളിനി ജമീലയക്കെതിരാണ്‌. സ്ഥിതിവിവരക്കണക്കുകളും സമൂഹ്യപ്രവര്‍ത്തകരുടെ അനുഭവങ്ങളും അവരുടെ പ്രസ്താവങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌. സാമ്പത്തിക നേട്ടമുണ്ടാക്കിയവരും സ്വന്തം ഇഷ്ടപ്രകാരം ഈരംഗത്ത്‌ തുടരുന്നവരും കുറവാണ്‌. വിവരണാതീതമായ ചൂഷണങ്ങളടക്കും മനുഷ്യാവകാശ ലംഘനങ്ങളടക്കും ഈ പുസ്തകത്തില്‍ തന്നെ വിവരിച്ചിട്ടുള്ള നളിനിയുടെയുംസുഹൃത്തുക്കളുടെയും അനുഭവങ്ങള്‍ തന്നെയാണ്‌ സാക്ഷി.
ലൈംഗികത്തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്ന പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ള അജിത, സുഗതകുമാരി, സാറ ജോസഫ്‌ തുടങ്ങിയവുരുടെ പ്രവര്‍ത്തനങ്ങള്‍ നളിനി ജമീല പല അവസരങ്ങളിലും വിമര്‍ശിക്കുന്നുണ്ട്‌. അവരുടെ പ്രവര്‍ത്തനങ്ങള്‍ പലതും തങ്ങള്‍ക്ക്‌ ദോഷകരമായി ഭവിച്ചിട്ടുണ്ടെന്ന്‌ പറയുന്നു.

നാളിതുവരെ അഭിസാരികകളെന്നും വേശ്യകളെന്നും ശരീരവില്‍പ്പനക്കാരെന്നും വിളിച്ചധിക്ഷേപിച്ച ഒരു വിഭാഗത്തിനെ ലൈംഗികത്തൊഴിലാളികള്‍ എന്ന പ്രൊലിറ്റേറിയന്‍ ചുവയുള്ള പേരുകൊണ്ട്‌ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ്‌ പുസ്തകത്തിലുടനീളം നളിനി ജമീല നടത്തിയിട്ടുള്ളത്‌. മനോഹരമായ പേരുസ്വീകരിച്ചതൂകൊണ്ട്‌ അവരുടെ മേല്‍ പതിച്ച കറുത്ത പാടുകള്‍ ഇല്ലാതാകുമെങ്കില്‍ കേവലമായ പേരുമാറ്റം വഴി ഈ ഭൂഗോളത്തിലെ അസമത്വങ്ങളും ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാമായിരുന്നില്ലേ?

രോഗാതുരമായ ഒരു സമൂഹത്തിനെ സൃഷ്ടിയാണ്‌ ലൈംഗികത്തൊഴിലാളികളെന്ന്‌ നളിനി ജമീല പറയുന്നു. അത്തരമൊരു സാമൂഹ്യവ്യവസ്ഥ നിലനില്‍ക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി നിര്‍മ്മാര്‍ജനം ചെയ്യുകയും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന്‌ ബഹിഷ്കൃതമായവരെ മടക്കിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോടൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയുമാണ്‌ നളിനി ജമീലയും സഹപ്രവര്‍ത്തകരും ചെയ്യേണ്ടത്‌.

ആര്‍.മുരളീധരന്‍

Submitted by mathew (not verified) on Mon, 2005-11-07 13:39.

Dear editor
i read the article written by Mr.R. muralidharan.i think he misunderstood the word morale.it is the morale of a sexworker is dicussed in Nalini Jameela book, not the the morality of sex/sexworking
thankfully
mathew