തര്‍ജ്ജനി

അനൂപ് ചന്ദ്രന്‍

ഇമെയില്‍ : anuchandrasree@gmail.com
ബ്ലോഗ് : twentytwo-and-half@blogspot.com

Visit Home Page ...

കവിത

ഹോട്ട് ഡോഗ്’

1

നാട്ടില്‍ നിന്നാദ്യമായി
എന്റെ ജീവിതം കാണാനെത്തിയതായിരുന്നു
പ്രിയ കൂട്ടുകാരന്‍.

ഹെനിക്കന്‍, ഫോസ്റ്റര്‍, ബഡ് വൈസര്‍,
നെപ്പോളിയന്‍, ബ്ലാക്ക് ലേബല്‍, ഷിവാസ് റീഗല്‍,
‍മോന്തി മോന്തി
കസവു വേഷ്ടിയുടുത്ത
വിളമ്പുകാരി പെണ്‍കുട്ടികളെ
നുണഞ്ഞ് നുണഞ്ഞ്
താര, ഗീത, മുംതാസ്, ബിന്ദു, പ്രീത,
ജീ‍വിതത്തില്‍ നിന്നൊഴിഞ്ഞ പെണ്ണുങ്ങളെ
‍ഉള്ളില്‍ നിറച്ചു.

ഓരോ ഷോപ്പിങ് മാളിലേക്കു കയറുമ്പോഴും
താനിതിനു പാകമാകാത്തതെന്നു
ഉള്ളിലേക്കവന്‍ തുറിച്ചു നോക്കി.

ബര്‍ഗര്‍ അടയാണെന്നും
പിസ്സ ഊത്തപ്പമെന്നും
ഗൃഹാതുരനായി;
ചുട്ട കോഴിയെ കടിച്ചു വലിക്കുമ്പോള്‍
ഏറിവരുന്ന ചാത്തസേവകരുടെ എണ്ണമെത്രയെന്നു ഓര്‍മ്മിപ്പിച്ചു.
ജീ‍വിതം ഒരു ഗ്രില്ലിനു
മുകളിലെന്നുനെടുവീര്‍പ്പിട്ടു.

കെ എഫ് സി യിലെ കോഴി
ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെടുന്ന
മാംസവും എല്ലും മാത്രമുള്ള പിണ്ഡമെന്നറിഞ്ഞപ്പോള്‍ ‍ഓക്കാനിച്ചു.
തോടുപൊട്ടിച്ച കരച്ചില്‍
‍കോഴിക്കുഞ്ഞുങ്ങളായി വിരിഞ്ഞിറങ്ങി.

സന്ധ്യയില്‍
‍പിക്ക് അപ്പില്‍ കുത്തി നിറഞ്ഞു പോകുന്ന തൊഴിലാളികള്‍
‍അറവുമൃഗമെന്ന് പതുക്കെ പറഞ്ഞു;
ഒന്നിനു മീതെ ഒന്നായി കട്ടിലുകളിട്ട ശീതികരിച്ച മുറി
മോര്‍ച്ചറിയാണെന്നു വേദനിച്ചു.

2

'ഹോട്ട് ഡോഗ്'
പേരില്‍ വല്ലാത്ത താപം,
മലയാളത്തിലേക്കു വിവര്‍ത്തിച്ചവന്‍ ചിരിച്ചു;
പേപ്പട്ടിയെന്നു ഞാന്‍ തിരുത്തി.

നാലു കാലുകള്‍ ഛേദിച്ച നായപോലെ
അതു മലര്‍ന്നു.
പകുത്ത നീളന്‍ ബ്രെഡിനു നടുവില്‍
‍ചോരയില്‍ കുതിര്‍ന്ന സോസേജ്.

ആണ്മയില്‍പ്പൊതിഞ്ഞ
ഉദ്ധരിക്കുമ്പോഴേ ഛേദിക്കപ്പെട്ട ലിംഗം,
സ്വയം മുറിച്ചിട്ടചൂണ്ടു വിരല്‍.

ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ്,
പാത്രത്തിലൊരു
ശില്പം പോല്‍കിടന്നു.

Subscribe Tharjani |
Submitted by saljo (not verified) on Tue, 2009-08-04 12:10.

excellent one!

one of my friend used to call grilled chicken as chicken of hell (narakathile kozhi)! Nicely written about the changing food culture of typical keralite. The transcript errors as well.

Submitted by nazarkoodali (not verified) on Sun, 2009-08-09 19:29.

nalla kavitha