തര്‍ജ്ജനി

ചരിത്രവും ഒരു മലയാളനോവലും

(സാറാ ജോസഫിന്റെ വയലാര്‍ അവാര്‍ഡ്‌ നേടിയ 'ആലാഹയുടെ പെണ്‍മക്കള്‍' എന്ന നോവലിനെ മുന്‍നിര്‍ത്തി ഒരു ആലോചന.)

എഴുത്തില്‍ എന്നും എവിടെയും തെളിയുന്നത്‌ ചരിത്രത്തിന്റെ അമരരൂപങ്ങളാണ്‌. കാരിരുമ്പിനേക്കാള്‍ കടുപ്പമുള്ള കരിങ്കല്ലായും പൂവിതള്‍പ്പരുവമായ നറുവെണ്ണയായും എഴുത്തിന്റെ സത്തയില്‍ ചരിത്രം സന്നിഹിതമാണ്‌. ചരിത്രത്തെച്ചൊല്ലിയുള്ള അയഥാര്‍ത്ഥ കല്‍പനകളും മിഥ്യാധാരണകളും പേറുന്നവര്‍ക്ക്‌ ഇത്‌ തെളിഞ്ഞുകിട്ടുകയില്ല. പാഠപുസ്തകങ്ങളിലും ആസ്ഥാനവിദ്വാന്മാരുടെ വിശുദ്ധലിഖിതങ്ങളിലും ചരിത്രം മയങ്ങിക്കിടക്കുന്നില്ല. മിക്കപ്പോഴും എഴുതപ്പെടാതെപോകുന്നതിലാണ്‌ ചരിത്രത്തിന്റെ മണ്മയമുള്ള പ്രാണന്‍ തിളങ്ങിക്കാണുന്നത്‌. വിജയികളാണ്‌ എന്നും എവിടെയും എഴുതപ്പെട്ട ചരിത്രത്തിന്റെ അധികാരികള്‍. അതുകൊണ്ടാണ്‌ അധീശവര്‍ഗ്ഗത്തിന്റെ കൊടിക്കൂറയുമായി ആസ്ഥാനചരിത്രകാരന്മാര്‍ വേട്ടയ്ക്കിറങ്ങുന്നതും ഇരകള്‍ ശവക്കണക്കുകളില്‍ മാത്രം ഹാജരാകുന്നതും. വേട്ടക്കാരും വിജിഗീഷുകളും അവരുടെ ദിനസരിക്കുറിപ്പുകളും ആസ്ഥാനചരിത്രങ്ങളില്‍ നിറഞ്ഞുതൂവുമ്പോള്‍ ഇരകളും പരാജിതരും നിഷ്ക്കാഷിതരാകുന്നു.

ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ കാണാമെങ്കിലും സാഹിത്യകലയും ആദ്യകാലങ്ങളില്‍ അധീശവര്‍ഗ്ഗങ്ങളോട്‌ ചേര്‍ന്നാണ്‌ സഞ്ചരിച്ചിരുന്നത്‌. നാടുവാഴിത്തസമൂഹത്തിന്റെ തകര്‍ച്ചയും ജനാധിപത്യത്തിന്റെ കടന്നുവരവുമാണ്‌ ഇതിന്‌ മാറ്റം കുറിച്ചത്‌. അതോടെ പുതുതായി രൂപപ്പെട്ട സാമുഹിക ഇടങ്ങളെയും കൊടുക്കല്‍ വാങ്ങലുകളെയും രേഖപ്പെടുത്താന്‍ സമ്പ്രദായിക സാഹിത്യരൂപങ്ങള്‍ക്ക്‌ കഴിയാതെയായി. ഗദ്യത്തിന്റെ വളര്‍ച്ചയും നോവലിന്റെ ആവിര്‍ഭാവവും ലോകഭാഷകളില്‍ സാദ്ധ്യമായത്‌ അങ്ങിനെയാണ്‌. സാമൂഹികയാഥാര്‍ത്ഥ്യത്തെ അറിയാനും എഴുത്തില്‍ ആവിഷ്കരിക്കാനുമുള്ള പ്രവണതകള്‍ അതോടെ കരുത്ത്‌ നേടി. അതുവരെ ദമിതമാക്കപ്പെട്ടിരുന്ന ഇരയുടെയും പരാജിതരുടെയും സ്വരങ്ങള്‍ എഴുത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. മലയാളനോവലിന്റെ ചരിത്രം ഇതെല്ലാം അടയാളപ്പെടുത്തുന്നുണ്ട്‌. ഒയ്യാരത്ത്‌ ചന്തുമേനോന്റെ 'ഇന്ദുലേ'യില്‍ നിന്നും തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകന്‍' വരെയുള്ള ദൂരം നിര്‍ണ്ണയിക്കുന്നത്‌ അതാണ്‌. ആധുനികത കൊണ്ടുവന്ന അന്തരാളഘട്ടത്തില്‍പ്പോലും ഈ വികാസപരിണാമങ്ങളുടെ നാമ്പുകള്‍ നിരാധാരമായില്ല.

ദമിതസ്വരങ്ങളെ ആധുനികോത്തരത കൂടുതല്‍ തീവ്രതയോടെ തിരിച്ചറിയുകയും അവയ്ക്കിടയില്‍ത്തന്നെയുള്ള ഘര്‍ഷണങ്ങളെയുള്‍പ്പെടെ എഴുത്തിലേക്ക്‌ കൊണ്ടുവരാന്‍ ഉത്സാഹിക്കുകയും ചെയ്തതിന്റെ ഫലമാണ്‌ ബഹുലതയുടെയും ബഹുസ്വരതയുടെയും സാദ്ധ്യതകളെ മലയാളിയുടെ എഴുത്തിലേക്ക്‌ കടത്തിവിട്ടത്‌. ഒന്നിലധികം കര്‍ത്തൃത്ത്വങ്ങള്‍ എഴുത്തില്‍ സാദ്ധ്യമാണെന്ന്‌ വന്നു. കൊച്ചുബാവയുടെ 'പെരുങ്കളിയാട്ടം', ഹരിദാസ്‌ കരിവെള്ളൂരിന്റെ 'പ്രകാശനം' തുടങ്ങിയ രചനകള്‍ ഈ വഴിക്കുള്ള പരിശ്രമങ്ങളാണ്‌. എന്നിട്ടും ചരിത്രാരംഭം മുതല്‍ ദമിതമാക്കപ്പെട്ടിരുന്ന പെണ്മയുടെ പ്രകാശനങ്ങള്‍ താരതമ്യേന വൈകിയാണ്‌ മലയാളത്തില്‍ ഉയര്‍ന്നത്‌. എഴുത്തിന്റെ കര്‍ത്തൃത്ത്വത്തില്‍ പുരുഷനെ മാത്രം കണ്ടുശീലിച്ച മലയാളി പെണ്മയുടെ ആരവങ്ങള്‍ക്കെതിരെ ആക്രാമകനിലപാടുകള്‍ക്കുപോലും മുതിര്‍ന്നത്‌ നമ്മുടെ കപടസദാചാരവും സ്ത്രീവിരുദ്ധതയും പ്രതിബോധങ്ങളോടുള്ള അസഹിഷ്ണുതയും എത്ര രൂഢമാണെന്നത്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവന്നു. പരിഹാസകരമാംവിധം കനം കുറഞ്ഞതും തുറവി ഇല്ലാത്തതും ഇടുങ്ങിയതുമാണ്‌ ശരാശരി കേരളീയപുരുഷന്റെ സ്വത്വബോധവും ആത്മവിശ്വാസവുമെന്നത്‌ ആശ്ചര്യകരമായിരുന്നു. നമ്മുടെ അണുകുടുംബങ്ങളുടെ ഉള്ളുറപ്പ്‌ പുരുഷാശ്രിതമാണെന്ന ധാരണയും തിരുത്തേണ്ടിയിരിക്കുന്നു. മതചിന്തകളെയും പ്രത്യയശാസ്ത്രങ്ങളെയും ആശ്രയിക്കാതെ കേവല മാനവീകതയില്‍ മാത്രം ഊന്നി വികസ്വരമായ ഒരു മൂല്യവ്യവസ്ഥയ്ക്ക്‌ രൂപം കൊടുക്കാനും സമൂഹത്തെ കരുപ്പിടിപ്പിക്കാനും മുന്നോട്ട്‌ നീക്കാനും മലയാളിസമൂഹം ഇനിയും പാകമായിട്ടില്ലെന്നാണ്‌ നിര്‍ഭാഗ്യവശാല്‍ ഈ ദുസ്ഥിതി വെളിപ്പെടുത്തുന്നത്‌. സ്വതന്ത്രനായിരിക്കുക എന്നതില്‍ അടങ്ങിയിരിക്കുന്ന ആഴമുള്ള ഉത്തരവാദത്തെ മലയാളി ഇപ്പോഴും ഭയക്കുന്നു. അതിനാലാണ്‌ മാനസികവും ബുദ്ധിപരവുമായ അടിമത്തം ഉറപ്പ്‌ തരുന്ന സുരക്ഷിതത്വം മലയാളികള്‍ക്ക്‌ ഇന്നും ആകര്‍ഷണീയമായി തുടരുന്നത്‌.

ഈ പശ്ചാത്തലത്തിലാണ്‌ സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവല്‍ ശ്രദ്ധേയമാകുന്നത്‌. പ്രകാശനത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഈ നോവല്‍ മലയാളവായനയുടെ സകല തലങ്ങളെയും ആകര്‍ഷിച്ചടുപ്പിക്കുന്ന ഒരു കേന്ദ്രബിന്ദുവായി. ആക്ഷേപിച്ചും ആസ്വദിച്ചും വന്ന അനേകം വിമര്‍ശനരചനകള്‍ ഇതിന്‌ തെളിവാണ്‌. സാറാജോസഫിലെ എഴുത്തുകാരിയെ ഒരു സ്ത്രീവാദിയായി അടയാളപ്പെടുത്തുന്നത്‌ അധമമായ ഒരു ന്യൂനീകരണമാകും. സ്ത്രീവാദപരമെന്നതിനേക്കാള്‍ സ്ത്രീയുടെ വീക്ഷണത്തിലൂടെ രൂപപ്പെടുന്ന മനുഷ്യാവസ്ഥയുടെ അനന്യതയും ലാവണ്യാത്മകതയുമാണ്‌ 'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവലിനെ മലയാളനോവല്‍ ചരിത്രത്തില്‍ ധനാത്മകമാ യിത്തന്നെ പ്രസക്തമാക്കുന്നത്‌..

കോക്കാഞ്ചിറയെന്ന കീഴാളദേശത്തിന്റെ പശ്ചാത്തലത്തില്‍ സങ്കടങ്ങളുടെ ആഴങ്ങളില്‍ എണ്ണമറ്റ ദുരന്തങ്ങള്‍ പന്തവിളക്കുകള്‍ പോലെ നീറിയെരിയുന്ന ഒരു ജീവിതണ്ഡം ഈ നോവലിലൂടെ സാറാ ജോസഫ്‌ വായനക്കാരുടെ മനസ്സിലേക്ക്‌ നീക്കിവയ്ക്കുന്നു. തേക്കിന്‍കാടെന്ന കൊടുംകാടിന്റെയുള്ളില്‍നിന്നും തൃശൂര്‍ നഗരം പൊന്തിവരുന്ന കാലത്ത്‌ മലം കോരാനെത്തിയ തോട്ടികളാണ്‌ കോക്കാഞ്ചിറയിലെ ആദ്യ താമസക്കാര്‍. അവര്‍ക്കുമുന്‍പ്‌ ആര്‍ക്കും വേണ്ടാത്ത മനുഷ്യരുടെയും മൃഗങ്ങളുടെയും ചീഞ്ഞളിഞ്ഞ ശവങ്ങളും ചപ്പുചവറുകളും കൂട്ടിയിടുന്ന ഇടമായിരുന്നു അത്‌. അതിനുശേഷമാണ്‌ നഗരവാസികളെ തീറ്റാനായി തൃശൂരിലെ ഏറ്റവും വലിയ അറവുശാല കോക്കാഞ്ചിറയില്‍ തുടങ്ങുന്നത്‌. ക്രമേണ നഗരം പുറംതള്ളൂന്ന കള്ളന്മാര്‍, കള്ളവാറ്റുകാര്‍, വേശ്യകള്‍, അവരുടെ ദരിദ്രരായ ദല്ലാളന്മാര്‍, തെണ്ടികള്‍ തുടങ്ങിയവരെല്ലാം കോക്കാഞ്ചിറയിലെത്തി. ഒരു കുടിയിറക്കലിനെത്തുടര്‍ന്നാണ്‌ ആനിയുടെ അമ്മാമ്മയും കുടുംബവും കോക്കഞ്ചിറയിലെത്തുന്നത്‌. ആനി ജനിച്ചത്‌ അതിനുശേഷമായിരുന്നു. അവളുടെ കൌമാരത്തിന്റെ പടിയില്‍ നിന്നുകൊണ്ട്‌ സാറാ ജോസഫ്‌ ആഖ്യാനം നിര്‍വഹിക്കുന്നു. പിശാചുക്കളെ ഉച്ചാടനം ചെയ്യാനും ചാഴികളെ വിലക്കാനും കുഞ്ഞുങ്ങളുടെ നിലവിളി മാറ്റാനും കഴിവുള്ളവളെന്ന്‌ ആനിയും മറ്റ്‌ പെണ്ണുങ്ങളും കരുതുന്ന കോക്കാഞ്ചിറ മറിയം എന്ന ആനിയുടെ അമ്മാമ്മ ഒരു പുരാവൃത്തത്തിലെ മാതൃശക്തി ബിംബം പോലെ നോവലിലാകമാനം നിറഞ്ഞുനില്‍ക്കുന്നു. അമ്മാമ്മയെ ശത്രുവായി കരുതുന്ന ആനിയുടെ അമ്മ കുഞ്ഞ്‌റോത, ചെറുതും വലുതുമായ കുറേ അമ്മായിമാര്‍, ക്ഷയം പിടിച്ച്‌ തീര്‍ത്തും അവശനായ പ്രാഞ്ചി എളേപ്പന്‍, ആനിയുടെ നാടുവിട്ടുപോയ അപ്പന്‍ തുടങ്ങിയവരാണ്‌ ഇതര കഥാപത്രങ്ങള്‍. ദാരിദ്യ്രവും ജീവിതാസക്തിയുമാണ്‌ ഇവരെ പൊതുവായി ഘടിപ്പിക്കുന്നത്‌.

ചുറ്റുമുള്ള സമൂഹവും രാഷ്ട്രീയവും മതവും സാമുഹിക-സാമ്പത്തിക ഘടനകളും തങ്ങളുടെ നിലനില്‍പ്പിനും ജീവിതാശകള്‍ക്കും എതിരായിട്ടും വെറും നിലനില്‍പ്പിനായി പൊരുതുകയും തോല്‍ക്കുകയും ചെയ്യുന്ന ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍ മനുഷ്യസത്തയുടെ ആന്തരികതയെയാണ്‌ വെളിപ്പെടുത്തുന്നത്‌. ഇല്ലായ്മയുടെ ചെങ്കുത്തായ ആഴങ്ങളിലേക്ക്‌ അവര്‍ സങ്കടാരവങ്ങളോടെ ഇറങ്ങിച്ചെല്ലുന്നത്‌ മലയാളത്തില്‍ അനന്യമായൊരു ലാവണ്യക്കൂട്ടില്‍ സാറാ ജോസഫ്‌ ആഖ്യാനം ചെയ്യുന്നു. ദുരന്തങ്ങളെ പാഥേയങ്ങളായി കൊണ്ടുനടക്കുന്ന ഒരു കുടുംബം തീവ്രാനുഭവങ്ങളുടെ തീത്തിളക്കത്തില്‍ ജ്വലിക്കുന്നു. എന്നിട്ടും തീഷ്ണവും വന്യവുമായൊരു പ്രസാദം ആഖ്യാനത്തിലാകെ തളിര്‍നീട്ടി നില്‍ക്കുന്നു. പൊരുതലുകളുടെ ഒടുവില്‍ ഒരു പുണ്യവതിക്കുള്ള അന്തിമവരപ്രസാദം പോലെ ഭ്രാന്ത്‌ അമ്മാമ്മയില്‍ വന്നുനിറയുന്നു. തോരാതെ പെയ്ത മഴയില്‍ കുന്നിറങ്ങിയെത്തിയ പെരുവെള്ളം ആനിയുടെ വീടിനെ വിഴുങ്ങാനായുന്നു.

ആഖ്യാനത്തിനായി തൃശൂരിന്റെ തനതായ വാമൊഴിവഴക്കങ്ങള്‍ സമൃദ്ധമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. വാമൊഴിയുടെ കരുത്തും സുഭഗതയും ഒട്ടും തൂവിപ്പോകാതെ എഴുത്തിന്‌ ഇഴയടുപ്പവും പൊലിമയും പകര്‍ന്നാണ്‌ ഈ വീണ്ടെടുപ്പെന്നത്‌ എഴുത്തുകാരിയുടെ നേട്ടമാണ്‌. കൌമാരത്തിലെത്തിയിട്ടില്ലാത്ത ആനി കേള്‍ക്കുന്നതിന്റെയും അറിയുന്നതിന്റെയും ചുവടുപിടിച്ചാണ്‌ ആഖ്യാനം മെനയപ്പെടുന്നത്‌. കഥാപാത്രങ്ങള്‍ ഏറെയും സ്ത്രീകളാണ്‌. സ്ത്രൈണമായ ജീവകാമനയുടെ പ്രാക്തനമായ വന്യത അവരില്‍ സദാ തുടിക്കുന്നു. ഹിതമായവയെ സ്വന്തം സുസന്തോഷങ്ങള്‍ ത്യജിച്ച്‌ തീവ്രതയോടെ പുണരുകയും അഹിതമായവയെ ഇടവേളകളില്ലാത്ത വീറോടെ എതിര്‍ക്കുകയും ചെയ്യുന്ന കുഞ്ഞുറോത ആദിമമായ മനുഷ്യബോദ്ധ്യങ്ങളുടെ പെരുമയെയാണ്‌ വെളിപ്പെടുത്തുന്നത്‌. പ്രത്യയശാസ്ത്രപരമായി പുരുഷമേല്‍ക്കോയ്മയെ പ്രതിരോധിക്കുമ്പോഴും പുരുഷനെന്ന ജൈവരൂപവുമായി ആഖ്യാനത്തിലൊരിടത്തും സാറാ ജോസഫ്‌ കലഹിക്കുകയോ പക വയ്ക്കുകയോ ചെയ്യുന്നില്ല. സ്ത്രീയുടെ അനുഭവലോകം തനിമയോടെ വരച്ചിടുക മാത്രം ചെയ്യുന്നു. വായനക്കാരന്‌ അയാളുടെ അമ്മയുടെയോ പെങ്ങളുടെയോ ഭാര്യയുടെയോ സ്ത്രീസുഹൃത്തിന്റെയോ കാണാനാവാതെപോയ ലോകങ്ങളിലേക്ക്‌ പാഠാന്തരപാലങ്ങള്‍ വായന സാദ്ധ്യമാക്കുന്നത്‌ അതുകൊണ്ടാണ്‌.

സ്ത്രീയും പുരുഷനും പരസ്പരം ആന്തരികതകളെ അറിയുകയും ആദരിക്കുകയും ചെയ്യാതെ സമൂഹത്തിന്റെ ഘടനാപരമായ സന്തുലിതാവസ്ഥ സാദ്ധ്യമാവുകയില്ല. ലിംഗവിവേചനം വ്യക്തിബന്ധങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെ പൊതുഘടനയുടെയും താളത്തെ ശിഥിലപ്പെടുത്തുണ്ട്‌. ഈ ശൈഥില്യം ആണിലും പെണ്ണിലും ഉള്ളടങ്ങിയിരിക്കുന്ന വളരാനും വികസിക്കാനുമുള്ള സാദ്ധ്യതകളെ സാര്‍ത്ഥകമായി പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നു. ഈ വിധം ലയരഹിതവും പുരുഷകേന്ദ്രീകൃതവുമായ സാമുഹികാവസ്ഥ സ്ത്രീയും പുരുഷനും ചേര്‍ന്ന്‌ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളിലൂടെയും കൂട്ടായ പ്രയത്നത്തിലൂടെയും നിര്‍മ്മിക്കേണ്ട പുത്തന്‍ സമൂഹത്തെ അസാദ്ധ്യമാക്കുന്നു. പുരുഷനൊപ്പം അവകാശാധികാരങ്ങളുള്ള പങ്കാളിയും സകലത്തിലും കൂട്ടവകാശിയും ആയി സ്ത്രീയെ മാറ്റുകയും അതിനെ ആദരിക്കാനും അംഗീകരിക്കാനും പ്രേരിപ്പിക്കുന്ന സാമൂഹികബോധത്തിലേക്ക്‌ പുരുഷന്‍ നടന്നുകയറുകയും ചെയ്യാതെ മാനുഷികവും പുരോഗമനപരവുമായ ഒരു നവലോകം നിര്‍മ്മിക്കാനാവില്ല. പുരോഗമനപ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ സ്ത്രീവാദപരമായ വിഷയങ്ങള്‍ ഉള്‍പ്പെടേണ്ടത്‌ സകല മനുഷ്യരുടെയും താത്പ്പര്യമായി മാറുന്നത്‌ അതുകൊണ്ടാണ്‌.

ആലാഹയുടെ പെണ്‍മക്കളില്‍ ചരിത്രം അപനിര്‍മ്മിക്കപ്പെടുന്നത്‌ ഈ താത്പ്പര്യങ്ങളോടെയാണ്‌. ചരിത്രനിര്‍മ്മിതിയില്‍ സ്ത്രീയുടെ പങ്കാളിത്തം അര്‍ഹമായ പ്രാതിനിധ്യഭാവത്തോടെയോ പ്രാധാന്യത്തോടെയോ രേപ്പെടുത്തിയിട്ടില്ല. ആദം-ഹവ്വ ചരിതത്തിലായാലും താത്രിവിചാരണയിലായാലും, സീതയുടെയും പാഞ്ചാലിയുടെയും സുകൃതവിവരണങ്ങളിലായാലും പുരുഷന്റെ ഏകപക്ഷീയവീക്ഷണമാണ്‌ എഴുത്തിന്റെ കേന്ദ്രം. കലയില്‍ മാത്രം സാദ്ധ്യമാകുന്ന പ്രശാന്തമായ പ്രസാദത്തോടെ ആലാഹയുടെ പെണ്‍മക്കളില്‍ സാറാ ജോസഫ്‌ ചരിത്രത്തെ തിരുത്തുന്നു. അതൊരിക്കലും ഏകപക്ഷീയമാകുന്നില്ല. മനുഷ്യാവസ്ഥയുടെ ആഴമുള്ള ഔന്നത്യങ്ങളെയാണ്‌ കീഴാളജീവിതത്തിന്റെ ഭാഗമായി ആ്യ‍ാനം കൊണ്ടുവരുന്നത്‌. ആ്യ‍ാനം ഉത്പാദിപ്പിക്കുന്ന വായനാപാഠങ്ങളാണ്‌ ചരിത്രത്തിന്റെ എഴുതപ്പെടാത്ത പുറങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട്‌ പൊതുധാരണകളെ ധനാത്മകമായി തിരുത്തുന്നത്‌. സ്ത്രീവാദപരം എന്നതിനൊപ്പമോ അതിലേറെയോ പ്രാധാന്യം ഈ നോവലില്‍ കീഴാളജീവിതത്തിന്‌ നല്‍കിയിരിക്കുന്നു. അവരോടുള്ള സഹഭാവമാണ്‌ ഈ നോവലിന്റെ ആഖ്യാനമുദ്ര. സ്ത്രീകളും കീഴാളരും കുഞ്ഞുങ്ങളും തീവ്രമായ സഹഭാവത്തോടെ കലരു മ്പോള്‍ കീഴാളജീവിതത്തിന്റെ നിറച്ചാര്‍ത്തും മണ്മണവുമുള്ള ജീവിതാനുഭവങ്ങള്‍ അനന്യമായ മലയാളിത്തത്തോടും ഒപ്പം സാര്‍വലൌകീകവുമായ ഭാവതീഷ്ണതകളോടെയും ഈ നോവലില്‍ തെളിയുന്നുവെന്നതാണ്‌ ആലാഹയുടെ പെണ്‍മക്കളുടെ പാരായണത്തെ മലയാളത്തില്‍ സവിശേഷമായ ഒരു വായനയാക്കുന്നത്‌. ഈ വ്യതിരിക്തതകള്‍ നോവലിനെ നമ്മുടെ എക്കാലത്തെയും മികച്ച രചനകളില്‍ ഒന്നാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.

പി.ജെ.ജെ.ആന്റണി