തര്‍ജ്ജനി

എഴുത്തും രാഷ്ട്രീയവും

അധികാര ഘടനയെ വെല്ലുവിളിക്കുന്നവരെയും, നിന്ദിതരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെയും ആദരിക്കുന്ന ഒരു സ്കാന്‍ഡിനേവിയന്‍ രീതി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനപ്രഖ്യാപനങ്ങളില്‍ എക്കാലവും കാണാം. രാഷ്ട്രീയ വിശ്വാസപ്രമാണങ്ങള്‍ക്കും നിലപാടുകള്‍ക്കുമാണോ അതോ കൈകാര്യം ചെയ്യുന്ന സാഹിത്യ വിഷയങ്ങളുടെ മേന്മക്കാണോ ബഹുമതിയെന്നത്‌ പലപ്പോഴും തര്‍ക്കവിഷയമാകാറുണ്ട്‌. പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നെങ്കിലും ഫാസിസ്റ്റ്‌ ചിന്താഗതിയോടാഭിമുഖ്യം പുലര്‍ത്തിയിരുന്നതിനാല്‍ എസ്രാപൌണ്ടിനെ നോബല്‍ സമ്മാനത്തിന്‌ പരിഗണിച്ചില്ല. എന്നാല്‍ ഫാസിസ്റ്റ്‌ വിരുദ്ധന്‍ യുദ്ധങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ആശയപ്രചരണം നടത്തുകയും ബുഷ്‌-ബ്ലയര്‍ കൂട്ടുക്കെട്ടിനെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നാടകകൃത്തും, തിരക്കഥാകൃത്തും, കവിയുമായ ഹാരോള്‍ഡ്‌ പിന്ററെ ബഹുമതികള്‍ തേടിയെത്തിക്കൊണ്ടിരിക്കുന്നു.

ഹാരോള്‍ഡ്‌ പിന്ററിലെ എഴുത്തുകാരനെയാണോ രാഷ്ട്രീയപ്രവര്‍ത്തകനെയാണോ 2005ലെ നോബല്‍ സാഹിത്യ സമ്മാനത്തിനായി തെരെഞ്ഞെടുത്തത്‌ ?

Harold Pinter

തന്റെ നാടകങ്ങള്‍ തന്റെ രാഷ്ട്രീയ നിലപാടുകളുടെ ഉല്‍പ്പന്നങ്ങളല്ലെന്ന് പിന്റര്‍ തുറന്നു സമ്മതിക്കുന്നു. "എനിക്ക്‌ ശക്തമായ രാഷ്ട്രീയ വീക്ഷണങ്ങളുണ്ട്‌; പക്ഷേ അവ ഒരിക്കലും എന്റെ നാടകങ്ങളില്‍ കടന്നു വരാറില്ല." പിന്റര്‍ ഒരിക്കല്‍ തന്റെ വിദ്യാര്‍ത്ഥികളോട്‌ പറഞ്ഞു . സുഹൃത്തും വഴികാട്ടിയുമായിരുന്ന സാമുവല്‍ ബെക്കറ്റിന്റെ "പ്രസാദാത്മകമായ വെളിപാടുകള്‍" അദ്ദേഹം ബ്രിട്ടീഷ്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇരുണ്ടതും, നനഞ്ഞതുമായ അകത്തളങ്ങളിലേക്ക്‌ കൊണ്ടുവന്നു. അവ പക്ഷേ കേവലമായ യഥാര്‍ത്ഥ വര്‍ണ്ണനയായിരുന്നില്ല.

വളച്ചുകെട്ടിയ നാടകശാലയ്ക്കുള്ളില്‍ എങ്ങുനിന്നോ പ്രവേശിക്കുന്ന കഥാപാത്രങ്ങള്‍ തീര്‍ത്ത മൌനങ്ങളും, അര്‍ത്ഥവിരാമങ്ങളും പരസ്പര വിരുദ്ധവും അസാധാരണവുമായ സംഭാഷണങ്ങളുംകൊണ്ട്‌ സങ്കീര്‍ണ്ണമായ "പിന്റ്രസ്ക്‌" അന്തരീക്ഷത്തില്‍ സങ്കല്‍പവും, യാഥാര്‍ത്ഥ്യവും തിന്മയും നന്മയും, അധാര്‍മ്മികതയും ധാര്‍മ്മികതയും കെട്ടുപിണഞ്ഞു കിടന്നു. അത്‌ സാമുവല്‍ ബെക്കറ്റിന്റെ അസംബന്ധനാടകത്തിന്റെ പിന്തുടര്‍ച്ചയല്ല, ഹാരോള്‍ഡ്‌ പിന്ററുടെ 'ഭീഷണമായ കോമഡി' യായിരുന്നു. ഒരു കാലഘട്ടത്തിലെ നാടക പ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു. ബ്രിട്ടനില്‍ മാത്രമല്ല"ആരോ പിന്റസ്ക്‌ ദീന്‍ ദാദ" (കൂടുതല്‍ പിന്റസ്ക്‌ അര്‍ത്ഥവിരാമങ്ങള്‍ വേണം) എന്നത്‌ കൊല്‍ക്കത്താ നാടക ട്രൂപ്പുകളുടെ പോലും രീതിയായിരുന്നു.

1980 മുതലിങ്ങോട്ട്‌ അദ്ദേഹമെടുത്ത സ്പഷ്ടവും നിശിതവുമായ ഇടതുപക്ഷരാഷ്ട്രീയനിലപാടുകള്‍ പിന്ററെ അതീവപ്രശസ്തനാക്കി. അവ അദ്ദേഹത്തിന്റെ നാടകങ്ങളുടെ മഹത്വത്തെ കൂട്ടുകയോ കുറക്കുകയോ ചെയ്തില്ലെങ്കിലും പുരസ്കാരങ്ങള്‍ തേടിവരാന്‍ സഹായകമായി. പീഢിതരുടെ അടഞ്ഞ വാതിലുകള്‍ തള്ളിത്തുറന്ന് അകത്തുകടന്നു, എന്നുള്ള സ്വീഡിഷ്‌ അക്കാദമിയുടെ പ്രശംസാപത്രം ഉദാഹരണം.
തീക്ഷ്ണമായ രാഷ്ട്രീയ നിലപാടുകള്‍ എടുത്തില്ലായിരുന്നുവെങ്കില്‍ പിന്ററുടെ പ്രതിഭയെ സ്വീഡിഷ്‌ അക്കാദമി കണ്ടെത്തുമായിരുന്നുവോ? സംശയമാണ്‌. ശരിയായ തീരുമാനം ചിലപ്പോള്‍ തെറ്റായ കാരണങ്ങളാല്‍ എടുത്തേയ്ക്കാം!

തെളിഞ്ഞതും, പതറാത്തതുമായ കയ്യൊപ്പു കൊണ്ട്‌ ഇരുപതാം നൂറ്റാണ്ടിനെ ധന്യമാക്കിയ വ്യക്തിയാണ്‌ എഴുത്തുകാരനും പ്രക്ഷോഭകാരിയുമായ ഹാരോള്‍ഡ്‌ പിന്റര്‍.

ആര്‍. മുരളീധരന്‍