തര്‍ജ്ജനി

അവസ്ഥകള്‍ അടിയന്തിരമാകുമ്പോള്‍

ഒരു തലമുറയുടെ ആയുഷ്കാലം മുപ്പതുവര്‍ഷമാണെന്നു പറയാറുണ്ട്‌. അങ്ങനെയെങ്കില്‍ അടിയന്തിരാവസ്ഥയുടെ ഒരു തലമുറ കഴിഞ്ഞു പോകുകയാണ്‌. പത്രമാസികാദികളില്‍ അനുസ്മരണങ്ങളായി, അഭിമുഖങ്ങളായി, വിശകലനങ്ങളായി, നിരീക്ഷണങ്ങളായി അതിന്റെ ആഘോഷങ്ങള്‍ കാണാനുണ്ട്‌. 1975 ജൂണ്‍ 25-ാ‍ം തീയതിയാണ്‌ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്‌. പതിനെട്ടു മാസങ്ങള്‍ക്കു ശേഷം തികച്ചും കാല്‍പ്പനികമായി വന്നതു പോലെ തന്നെ അതവസാനിച്ചു. ജനതയുടെ മൌലികാവകാശങ്ങളെ സസ്പെന്റ്‌ ചെയ്തുകൊണ്ട്‌ 359 (1) അനുച്ഛേദം ഒന്നര വര്‍ഷത്തോളം നടപ്പിലാക്കാന്‍ മാത്രം രാജ്യത്തിന്റെ ആഭ്യന്തര സ്ഥിതി വഷളായിരുന്നോ അന്ന്? 1984-ല്‍ പഞ്ചാബില്‍ മാത്രമായി ഒരിക്കല്‍ കൂടി രാജ്യം അടിയന്തിരാവസ്ഥ നടപ്പിലാക്കുമ്പോള്‍ അവിടത്തെ തീവ്രവാദി പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല എന്നു ശരാശരി ജനതയെ ബോദ്ധ്യപ്പെടുത്താനെങ്കിലും കേന്ദ്രത്തിന്‌ കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ നമ്മുടെ അടിയന്തിരാവസ്ഥാ പരാമര്‍ശങ്ങളില്‍ 1975 പോലെ ഒരിക്കലും 1984 കടന്നു വന്നതേയില്ല.

പാര്‍ലമെന്ററി മോഹങ്ങളുമായി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചു പോന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ അടിയന്തിരാവസ്ഥ ഒരു ദശാസന്ധിയായി തോന്നിയില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക്‌ അതൊരു രാഷ്ട്രീയ ആയുധമായത്‌ പിന്നീടാണ്‌. കേരളരാഷ്ട്രീയ രംഗത്തുണ്ടായ സമകാല കൂട്ടുകെട്ടുകള്‍ ഒരു തലമുറയ്ക്ക്‌ മുപ്പതു വര്‍ഷം കൊണ്ടുണ്ടാകുന്ന അഭിരുചി വ്യതിയാനങ്ങളെ വ്യക്തമായി ഉദാഹരിക്കുന്നുണ്ട്‌. കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും അടിയന്തിരാവസ്ഥ ഒരു വിഷമപ്രശ്നമാവാത്തതിനു കാരണമുണ്ട്‌. അടിയന്തിരാവസ്ഥയുടെ കയ്പ്പുഫലം അനുഭവിച്ച സംഘടനകള്‍ക്ക്‌ അന്നു ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനം ചിന്തിക്കേണ്ട കാര്യമാണ്‌. നക്സല്‍ പ്രസ്ഥാനത്തെയും ആര്‍ എസ്സ്‌ എസ്സിനെയും (ചില മത സംഘടനകളെയും) പറ്റി അന്നുണ്ടായിരുന്ന മദ്ധ്യവര്‍ഗ ധാരണകള്‍ അവരെ കൈയൊഴിയുന്നതില്‍ വലിയ കുറ്റബോധം പൊതു സൈക്കില്‍ ആഘാതമായി ഏല്‍പ്പിക്കത്തക്കവിധം ശക്ത്മായിരുന്നില്ല എന്നത്‌. മറ്റൊരു കാരണം, സ്വാതന്ത്ര്യാനന്തരം ഉണ്ടായ ഒരു അലംഭാവത്തെ അടിയന്തിരാവസ്ഥ ഭീഷണിപ്പെടുത്തി എന്നുള്ളതാണത്‌. സര്‍ക്കാര്‍ ആപ്പീസുകള്‍ കൃത്യസമയത്തു തുറന്നു. സമരങ്ങളും ബന്ദുകളും നിലച്ചു. നേതാക്കളുള്‍പ്പടെ ജനം പോലീസിനെ പേടിച്ചു. എന്നു വച്ചാല്‍ സാധാരണ ജനത്തിനെ സംബന്ധിച്ചിടത്തോളം നിയമം നടപ്പാവുകയാണ്‌. അരാജകമായ ഒരവസ്ഥയില്‍ നിന്നുമുള്ള മോചനം. അതുകൊണ്ട്‌ രാജ്യം മുഴുവന്‍ തുടര്‍ന്നു നടന്ന തെരെഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ വിധിയെഴുതിയപ്പോള്‍ കേരളം തിരിച്ചു ചിന്തിച്ചു. കെ വേണു പറയുന്നു "അടിയന്തിരാവസ്ഥയെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആദ്യം എന്റെ മനസ്സിലേയ്ക്ക്‌ കടന്നു വരിക അന്നത്തെ ഒളിവു ജീവിതമോ പോലീസ്‌ ഭീകരതയോ തടങ്കല്‍ പാളയങ്ങളോ ഒന്നുമല്ല, മറിച്ച്‌ അടിയന്തിരാവസ്ഥയും അതിന്റെ ഭീകരതകളും നടപ്പിലാക്കിയവരെ തന്നെ മലയാളികള്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിച്ചതിനെക്കുറിച്ചാണ്‌" (പച്ചക്കുതിര, ലക്കം11)

സ്വതന്ത്ര ഇന്ത്യയില്‍, മനുഷ്യാവകാശ ധ്വംസനവും മൌലികാവകാശ നിഷേധവും സെന്‍സറിംഗും മറ്റും മറ്റും അടിയന്തിരാവസ്ഥയോടെ തുടങ്ങി അടിയന്തിരാവസ്ഥയോടെ അവസാനിച്ച കാര്യമല്ല. ആംഡ്‌ ഫോഴ്സിന്റെ പ്രത്യേക അധികാര നിയമം, ദേശീയ സുരക്ഷാനിയമം, മിസ, ടാഡ, അസ്വസ്ഥ പ്രദേശ നിയമം തുടങ്ങി കാലാകാലങ്ങളില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തിട്ടുള്ള നിയമങ്ങള്‍ പഴുതുകള്‍ വച്ച്‌ വളച്ചൊടിച്ചാല്‍ ഏതു സ്റ്റേറ്റിനും സ്വന്തം പൌരന്മാരുടെ മേല്‍ കരാളവാഴ്ച നടത്താം. ഏതു നെഞ്ചത്തോട്ടും കുതിര കയറ്റാം. തങ്കമണി, മുത്തങ്ങ, കിള്ളി, നൈനാംകോണം, മദനി...... 78-നു ശേഷം കേരളത്തില്‍ മാത്രം നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്ക്‌ വിരലിലെണ്ണാവുന്നതല്ല. പുറമേയാണ്‌ പോലീസ്‌ സ്റ്റേഷനുകളില്‍ നടക്കുന്ന കൊലപാതകങ്ങളും ആത്മഹത്യകളും. കരുതല്‍ തടവുകാര്‍ക്ക്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജ്ജി നല്‍കാനാവില്ലെന്നും പൌരന്മാര്‍ക്ക്‌ ജീവനോ വ്യക്തിസ്വാതന്ത്ര്യത്തിനോ സംരക്ഷണം ആവശ്യപ്പെടാനാവില്ലെന്നും ഉള്ള വാദം അടിയന്തിരാവസ്ഥ കാലത്ത്‌ സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടതാണ്‌. ചില ഉദ്യോഗസ്ഥരുമായുള്ള അടുത്തക്കാലത്തു വന്ന അഭിമുഖങ്ങള്‍ കാണുമ്പോള്‍ ഇക്കാര്യങ്ങളില്‍ നമ്മുടെ പോലീസുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നു തോന്നും. വാഹനങ്ങളില്‍ വന്നുള്ള മോഷണം വ്യാപകമായതിനാല്‍ ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റ്‌ വലുതാക്കണമെന്നും അശ്ലീല സൈറ്റുകള്‍ ആളുകള്‍ കാണുന്നതിനാല്‍ സൈബര്‍ കഫേകളിലെ മറകള്‍ എടുത്തുകളയണമെന്നുമാണ്‌ പോലീസിന്റെ വകയായി ഏറ്റവും പുതുതായി ഇറങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍. (ജനല്‍ക്കമ്പി വളച്ചുള്ള മോഷണവും പതിവായതു കൊണ്ട്‌ വീടുകളില്‍ ജനലുകള്‍ പാടില്ല, വീട്ടിലെ കമ്പ്യൂട്ടറുകളിലും അശ്ലീലം കാണാമെന്നുള്ളതു കൊണ്ട്‌ കമ്പ്യൂട്ടറുകള്‍ മുറ്റത്തേ സ്ഥാപിക്കാവൂ എന്നുമൊക്കെ ഭാവിയില്‍ നിയമങ്ങള്‍ പ്രതീക്ഷിക്കാം.) കുറേക്കാലം മുന്‍പ്‌ കാറുകളില്‍ സണ്‍ ഗ്ലാസ്‌ പതിക്കുന്നതിനെതിരെയായിരുന്നു ഫത്‌വ. മനുഷ്യന്റെ സ്വകാര്യതയിലേയ്ക്ക്‌ സമൂഹത്തിലെ പിതൃസ്വരൂപങ്ങള്‍ കടന്നു കയറുന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങളാണിവ.

നിയമങ്ങളും നിരോധനങ്ങളും പൊതുജീവിതത്തിന്റെ സ്വസ്ഥതയെയും താത്‌പര്യത്തെയും ലാക്കാക്കി ജനിക്കുന്നതാണ്‌. ഈ മുന്‍ധാരണയില്‍ നിന്നാണ്‌ നിരോധനങ്ങളോടും നിയമങ്ങളോടും മാനസികൈക്യം നമുക്കു വന്നു പോകുന്നത്‌. എന്നാല്‍ ഏതു നിമിഷവും അധികാരത്തിന്റെ കരാളത നിസ്സഹായനായ ഒരു പൌരനു മേല്‍ ഉപാധികളില്ലാതെ പതിയുമെന്ന പാഠമാണ്‌ അടിയന്തിരാവസ്ഥ നല്‍കിയത്‌. അതാണതിന്റെ പ്രാധാന്യവും. ലോകചരിത്രത്തില്‍ ഓഷ്‌വിറ്റ്സ്‌ എന്ന നാണക്കേട്‌ എങ്ങനെയോ, അങ്ങനെയാവേണ്ടതാണ്‌ നമുക്ക്‌ കക്കയം ക്യാമ്പ്‌. ന്യൂറംബെര്‍ഗ്ഗ്‌ വിചാരണയില്‍ നാസികുറ്റവാളികള്‍ ചെയ്തു പോയ കൊടുമകള്‍ ഏറ്റുപറഞ്ഞ്‌ ശിക്ഷകള്‍ വാങ്ങി. എന്നാല്‍ ഇവിടെ അടിയന്തിരാവസ്ഥയുടെ മുപ്പതാം വാര്‍ഷികത്തില്‍ നുണകള്‍ മാത്രം ആവര്‍ത്തിക്കപ്പെടുന്നു. ഇരകള്‍ ഉണ്ടായെങ്കിലും കുറ്റവാളികള്‍ ഇല്ലാതെ പോയി. കുറ്റബോധം ആരെയും സ്പര്‍ശിച്ചതു പോലും ഇല്ല. ഒടുവില്‍ പോലീസുകാര്‍ തന്നെ ഫോര്‍ട്ട്‌ സ്റ്റേഷനില്‍, ഒരു നിരപരാധിയെ ഉരുട്ടിക്കൊന്നു കൊണ്ട്‌ അടിയന്തിരാവസ്ഥയുടെ മുപ്പതാം പിറന്നാള്‍ ഉചിതമായി കൊണ്ടാടി.

കാര്യങ്ങള്‍ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ട്‌ ഇപ്പോള്‍? നമുക്ക്‌ ഓര്‍മ്മകളില്ലല്ലോ. ജനാധിപത്യവും പൌരാവകാശങ്ങളും ഗ്യാസ്ചേംബറിനുള്ളിലായ പതിനെട്ടുമാസങ്ങളില്‍ കേരളത്തില്‍ വേട്ടയാടപ്പെട്ട കുറേ ജീവിതങ്ങളും രാജനും, അതിനുശേഷം നടന്ന നിരവധി അവകാശപ്രശ്നങ്ങളേക്കാള്‍ മേലെയാവുന്നത്‌, അതു നമ്മുടെ സാമൂഹിക ചരിത്രത്തിന്റെ മാനകമാണ്‌ എന്നുള്ളതുകൊണ്ടാണ്‌. അതില്‍ തട്ടിച്ചു കൊണ്ട്‌ വേണം നമ്മുടെ അവസ്ഥാന്തരങ്ങളുടെ തോതളക്കാന്‍. വെറുതേ നിരാശപ്പെടാന്‍ വേണ്ടിയെങ്കിലും.

ആര്‍. പി. ശിവകുമാര്‍