തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

വായന

പിന്നെയും അവശേഷിക്കുന്ന കവിത

മലയാളത്തില്‍ ഇത്‌ സിദ്ധാന്തങ്ങളുടെ അതിഭാരകാലമാണ്‌. സിദ്ധാന്തങ്ങളുടെ സൂചിക്കുഴയിലൂടെ കടന്നുപോകത്തക്കവണ്ണം എഴുത്തിനെ വളച്ചൊടിച്ച്‌ പരുവപ്പെടുത്തിയില്ലെങ്കില്‍ നിരൂപകവ്യാഘ്രം കടിച്ചുകീറും. എഴുത്തില്‍ വന്നുനിറയുന്ന വ്യര്‍ത്ഥതയ്ക്കും കൃത്രിമത്വത്തിനും ജാടയ്ക്കും കാരണം സിദ്ധാന്തങ്ങളില്‍ നിന്നുമുള്ള ഈ ഭീഷണി തന്നെയാണ്‌. പ്രൊക്രസ്റ്റസിന്റെ കട്ടില്‍ വിമര്‍ശകന്‍ മുന്നില്‍ വച്ചിരിക്കുന്നു. കാലുകള്‍ മാത്രമല്ല ശിരസ്സും വെട്ടിമാറ്റാതെ സമ്മതിക്കില്ലെന്ന പോര്‍വിളി അയാളുടേതാണ്‌. താരതമ്യേന മൃദുക്കളായ കവികള്‍ അത്യാഹിതവിഭാഗത്തിലെത്തിയത്‌ അങ്ങിനെയാണ്‌.

കവിതയുടെ ഖിന്നരായ പ്രണയികളെ എന്നിട്ടും ആഹ്ലാദിപ്പിക്കാന്‍ മൌലിക പ്രതിഭയുള്ള ചിലരെങ്കിലും ഉണ്ടെന്നത്‌ ചെറിയകാര്യമല്ല. അക്കൂട്ടത്തില്‍ ലാവണ്യത്തിന്റെ ഉടവാള്‍ച്ചന്തവും മാനുഷികതയുടെ കരിങ്കല്‍ക്കടുപ്പവുമായി മുന്നില്‍ നില്‍ക്കുന്നത്‌ കുരീപ്പുഴ ശ്രീകുമാറാണ്‌. കവിത കവിതയാകുന്നതിന്റെ തിണര്‍പ്പുകളുമായി കുരീപ്പുഴക്കവിതകള്‍ ഇടയ്ക്ക്‌ ആനുകാലികങ്ങളെ സമ്പന്നമാക്കുന്നത്‌ ഈ മാദ്ധ്യമത്തിന്‌ അനുവാചകര്‍ തീര്‍ത്തും നഷ്ടമാകാതിരിക്കാന്‍ കാരണമാകുന്നുണ്ട്‌. ഏറ്റവും കൂടുതല്‍ പേര്‍ കവിത എഴുതുകയും ഏറ്റവും കുറച്ചുപേര്‍ അത്‌ വായിക്കുകയും ചെയ്യുന്ന ഈ വിഷമവൃത്തം കവിത താണ്ടുമെന്ന പ്രത്യാശയും കുരീപ്പുഴ ശ്രീകുമാറിനെപ്പോലുള്ളവര്‍ ഉണര്‍ത്തുന്നു.

ആര്‍ദ്രതയും ആനന്ദവും മനുഷ്യജീവിതമെന്ന കടംകഥയുമായി കലര്‍ന്ന്‌ കുരീപ്പുഴയുടെ 'കുചേലക്കടല്‍' എന്ന കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതത്തെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണതയ്ക്കും ആഭയേറിയ ചരിത്രത്തിനും ഉജ്ജ്വലമായ ജിജ്ഞാസയ്ക്കും നിരര്‍ത്ഥകതയുടെ കസവുകരയും ഉണ്ടെന്ന്‌ സംശയിക്കുകയോ അറിയുകയോ ചെയ്ത കേവലമനുഷ്യര്‍ക്ക്‌ ഈ കവിത അനന്തധ്വനിയുള്ള പുലര്‍കാല ശംൊലിയാണ്‌. വിരാമങ്ങളില്ലാതെ വീര്‍പ്പടക്കുകയും തുടരുകയും ചെയ്യുന്ന അവ്യാ്യ‍േയമായ ഒന്നിന്റെ അകപ്പൊരുളിലേക്ക്‌ ലേസര്‍ രശ്മി കടന്നുകയറുന്ന ഒരനുഭവം. ധ്യാനത്തിന്റെ പൊന്‍ വെയിലില്‍ ദുരൂഹമായ ഒരു പ്രഹേളികയുടെ പൊരുള്‍ തിരിയുന്നുവോയെന്ന പ്രത്യാശ മിന്നല്‍പ്പിണരായി മനസ്സില്‍ വിരിയുന്നു. ഇരുട്ടിനും വെളിച്ചത്തിനും ഒരുപോലെ ചന്തമുണരുന്നു.

ദീര്‍ഘജീവിതശേഷിയാര്‍ന്ന
കരിങ്കല്ലിന്‍ മും നോക്കി
രാത്രിയേറെ കടന്നപ്പോള്‍
പുല്‍ക്കൊടി ചൊല്ലി:

അങ്ങിനെയാണ്‌ കുചേലവൃത്തമെന്ന കവിത ഉണരുന്നത്‌. അഭിമുമായി വരുന്ന കരിങ്കല്ലും പുല്‍ക്കൊടിയും ജീവിതാനുഭവങ്ങളുടെ രണ്ട്‌ ദ്വന്ദങ്ങളെയാണ്‌ വായനക്കാരന്റെ മനസ്സിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരുന്നത്‌. കഠിനമെന്നും അചേതനമെന്നും ക്ഷുദ്രമെന്നും ഒട്ടൊക്കെ അവിനാശകരമെന്നും വ്യവഹാരികതലം അടയാളപ്പെടുത്തുന്ന കരിങ്കല്ലെന്ന സൂചകത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ അവിടംകൊണ്ട്‌ ഒടുങ്ങുന്നതല്ല. ഓരോ വായനയിലും ആഴങ്ങള്‍ താണ്ടുന്ന നവീനപാഠങ്ങള്‍ സ്വരുപിക്കാന്‍ വേണ്ടും ആഴവും വിസ്തൃതിയും സര്‍വസാധാരണമെങ്കിലും ഉപയുക്തസമ്പന്നമായ ഈ പ്രതീകത്തിനുണ്ട്‌. ദീര്‍ഘജീവിതശേഷിയാര്‍ന്നതാണ്‌ കരിങ്കല്ലെന്ന്‌ കവി പറയുന്നത്‌ ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടാകണം. രാത്രിയുടെ ഏകാന്തതയിലാണ്‌ ഈ അഭിമുമെന്നതും ശ്രദ്ധേയമാണ്‌. ജീവിതത്തിന്റെ ഇരുണ്ട ഏകാന്തതയില്‍ സന്ധിക്കുന്ന കരിങ്കല്ലും പുല്‍ക്കൊടിയും അര്‍ത്ഥഗര്‍ഭമായ വാങ്മയം തന്നെയെന്നതില്‍ സംശയമില്ല.

ധന്യവാദം,
സ്നേഹിതാ, ഞാന്‍ അല്‍പജീവി
ഇന്നു രാവില്‍
അല്ലെങ്കില്‍ നാളെയെന്നെ
മൃത്യു ഭക്ഷിക്കും.
പശുവായോ ഇരുമ്പായോ
യന്ത്രമായോ, ഗതികെട്ട
പുലിയായോ അവന്‍ വന്നെന്‍
നാമ്പുകള്‍ കാരും.

സ്വന്തം ജീവിതത്തിന്റെ താരതമ്യേനയുള്ള തുച്‌'തയെ ഏറ്റുകൊണ്ടുതന്നെ പുല്‍ക്കൊടി കരിങ്കല്ലിനെ സ്നേഹിതനെന്ന്‌ ചൊല്ലി സമനെപ്പൊലെ അഭിവാദ്യംചെയ്യുന്നതില്‍ ഭേദാഭേദനിരാകരണത്തിന്റെ നിഴലാട്ടമുണ്ട്‌. കുരീപ്പുഴയിലെ കവിക്ക്‌ പ്രിയതരമായ സമത്വബോധത്തിന്റെ നിറഞ്ഞൊഴുകല്‍ തന്നെയാണിത്‌. ഒരുപക്ഷേ ഈ രാത്രിയില്‍ അല്ലെങ്കില്‍ നാളെ എന്നെ മൃതി ഭക്ഷിക്കുമെന്ന്‌ പുല്‍ക്കൊടി കരിങ്കല്ലിനോട്‌ പറയുന്നു. മൃഗമായോ, വാള്‍ത്തലയായോ, യന്ത്രമായോ, ഗതികെട്ട പുലിയായോ മരണം തന്നെ സന്ദര്‍ശിക്കുമെന്ന്‌ പുല്‍ക്കൊടിക്കറിയാം. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന പഴമൊഴിയുടെ സ്വാരസ്യം ഇവിടെ കവിതയില്‍ ചേര്‍ക്കുന്നത്‌ ഫലിതമോ നിരാസക്തിയോയെന്ന്‌ വ്യവേ‍'ദിക്കുക വിഷമകരമെങ്കിലും ആ പ്രയോഗം വായനക്കാരന്‌ ഹൃദ്യവും ചിന്തോദ്ദീപകവും ആയി ഭവിക്കുന്നു. മൃതിചിന്തയില്‍ നര്‍മ്മം കലരുമ്പോള്‍ അത്‌ പതിവുവട്ടങ്ങള്‍ വിട്ടുയര്‍ന്ന്‌ ഉദാത്തമായതിനോടടുക്കുന്ന പ്രതീതി രൂപപ്പെടുന്നു. കാവ്യാനുഭവത്തിന്റെ ഉദാത്തതയില്‍ നിന്നുകൊണ്ടാണ്‌ നെടുനാളായ്‌ ഉലകിന്റെ സാക്ഷിയായ കരിങ്കല്ലിനോട്‌ അറിവിന്റെ കണിക പുല്‍ക്കൊടി തേടുന്നത്‌.

പറയൂ
നീ കണ്ടതില്‍ വച്ചേറ്റവും
സുന്ദരമായൊരവസ്ഥ
മാരിയോ മഞ്ഞോ
വെയിലോ കാറ്റോ?

പുറമേ നിസ്സാരമെന്ന്‌ കരുതാവുന്ന പുല്‍ക്കൊടിയുടെ ജിജ്ഞാസ സത്യത്തില്‍ ജീവിതത്തിന്റെ സാര്‍ത്ഥകതയെത്തന്നെയാണ്‌ ലക്ഷ്യമിടുന്നത്‌. ജീവിതത്തിന്റെ ക്ഷണികത ചോദ്യം ഉന്നയിക്കുന്നത്‌ കുറച്ചുകൂടി സ്ഥായീഭാവമുള്ള മറ്റൊന്നിനോടാണ്‌. കവിയുടെ ആന്തരികതയില്‍ നിന്നും ഉണരുന്ന ഈ ചോദ്യം മനുഷ്യാവസ്ഥയുടെ പൊരുള്‍ തേടിയുള്ളതാണ്‌. ചോദ്യവും ഉത്തരവും ഉള്ളില്‍ത്തന്നെയാണ്‌. ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിനിധാനങ്ങളായ മാരിയോ മഞ്ഞോ വെയിലോ കാറ്റോ ഏതാണ്‌ ശ്രേഷ്ഠമെന്ന ചോദ്യം ബാഹ്യത്തെ കടന്നുകയറി ആന്തരികയിലേക്കാണ്‌ സഞ്ചരിക്കുന്നത്‌. അതുകൊണ്ടാണ്‌ കരിങ്കല്ലിന്റെ ചേതന ഉത്തരം തേടുമ്പോള്‍ ആദ്യം പതറിപ്പോകുന്നത്‌. അനുഭവങ്ങളുടെ സഞ്ചയികയില്‍ പരതുമ്പോഴും അത്‌ കുഴങ്ങുന്നുവെന്നാണ്‌ കവിയുടെ രേപ്പെടുത്തല്‍. എന്നിട്ടും ഉത്തരം ദൃഢബോദ്ധ്യത്തോടെ തന്നെയായിരുന്നു.

മരണം
ഞാന്‍ കണ്ടതില്‍ വച്ചേറ്റവും
സുന്ദരമായ ശരണം
രക്തസാക്ഷിത്വം
അതുല്യം ധന്യം

അതിന്മീതേ പറക്കുന്ന
പരുന്തില്ല
മധുരിക്കും കരിമ്പില്ല
കുടയ്ക്കുന്ന മരങ്ങളില്ല.

ജന്മത്തെ സംബന്ധിച്ചിടത്തോളം മൃതിയാണ്‌ ഏറ്റവും സുന്ദരമായ ശരണമെന്ന്‌ കരിങ്കല്ല്‌ പറയുന്നു. ഒരുപടികൂടി കടന്ന്‌ മറ്റുള്ളവര്‍ക്കായി ജീവന്‍ സമര്‍പ്പിച്ച്‌ മരണത്തെ സ്വീകരിക്കുന്നതാണ്‌ അതുല്യവും ധന്യവുമായ മൃതിയെന്ന്‌ കൂട്ടിച്ചേര്‍ക്കുന്നു. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന നാട്ടുമൊഴിയെ ഇണചേര്‍ത്ത്‌ രക്തസാക്ഷിത്വത്തിനുമീതെ പറക്കുന്ന പരുന്തില്ലെന്ന്‌ പ്രമാണപ്പെടുത്തുന്നു. അതേക്കാള്‍ മധുരിക്കുന്ന കരിമ്പില്ല, തണല്‍ തരുന്ന മരങ്ങളുമില്ലെന്ന്‌ നിണസാക്ഷിത്വത്തെ പിന്നെയും ബലപ്പെടുത്തുന്നു. ഒറ്റവായനയില്‍ കരിങ്കല്ല്‌ പുല്‍ക്കൊടിയുടെ ചോദ്യത്തിന്‌ ഉത്തരം നല്‍കിയോ എന്ന്‌ സംശയിച്ചേക്കാം. ഭൌതികവും പ്രത്യക്ഷവുമായ യാഥാര്‍ത്ഥ്യത്തിന്റെ പരിസരങ്ങളിലൂന്നിയതാണ്‌ ചോദ്യം. ഉത്തരം ചോദ്യകര്‍ത്താവിനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യത്തിന്റെ ആന്തരിക പ്രത്യക്ഷങ്ങളിലേക്കാണ്‌ ഉത്തരം സഞ്ചരിക്കുന്നത്‌. മനുഷ്യവസ്ഥയെ സംബന്ധിക്കുന്ന ജ്ഞാനത്തെ കവി ഇതിലൂടെ ആവിഷ്കരിക്കാന്‍ ഉദ്യമിക്കുന്നു.

മൃതിയെ ശരണമെന്ന്‌ കവി വിശേഷിപ്പിക്കുന്നത്‌ ലാഘവത്തോടെയാവില്ല. ജീവിതം അശാന്തവും അപൂര്‍ണ്ണവുമാണെന്ന ധ്വനി അതിലുണ്ട്‌. അശാന്തമായൊരു ഭൂമികയില്‍നിന്നേ ശര്‍ണാര്‍ത്ഥിയായി മൃതിയെ സമീപിക്കാനാവൂ. നിണസാക്ഷിത്വത്തെ അതോടുചേര്‍ത്തുവയ്ക്കുന്നതിനാല്‍ ജീവിതനിരാസമെന്ന ആലോചന ഇവിടെ തീര്‍ത്തും അപ്രസക്തവുമാണ്‌. നിരര്‍ത്ഥകമായതില്‍ നിന്നും സാര്‍ത്ഥകതയിലേക്കുള്ള കനല്‍പ്പാതയാണ്‌ രക്തസാക്ഷിയുടേത്‌. സമ്പ്രദായിക അദ്ധ്യാത്മികതയെ തിരസ്കരിച്ച്‌ മനുഷ്യവസ്ഥയുടെ അശാന്തിയും ആകുലതയും അന്യജീവനുകളോടുള്ള പ്രണയവും കലര്‍ന്ന സ്വാര്‍ത്ഥതയുടെ എതിര്‍കോടിയിലേക്ക്‌ സഞ്ചരിക്കുന്ന തീര്‍ത്തും മാനുഷികമായ ഒരു അദ്ധ്യാത്മികത ഇവിടെ അന്തര്യാമിയാവുകയാണ്‌. തുടര്‍ന്നുള്ള വരികളില്‍ ഈ ദര്‍ശനം പൂത്തുലയുന്നുമുണ്ട്‌. വ്യക്തി ഏകാകിയായിരിക്കെത്തന്നെ ചുറ്റുമുള്ളവരെയും പ്രകൃതിയെയും ചേര്‍ത്തുവച്ച്‌ സ്വയം അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ വ്യക്തിക്കുള്ളിലെ സര്‍ഗ്ഗാത്മകത മതബാഹ്യമായ അല്ലെങ്കില്‍ സമ്പ്രദായിക ഈശ്വരനില്‍ നിന്നും ഭിന്നിച്ച ഒരദ്ധ്യാത്മികതയിലേക്ക്‌ നടന്നടുക്കുന്നുണ്ട്‌. മനുഷ്യര്‍ക്കും ഇതര ചരാചരങ്ങള്‍ക്കുംവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതിലെ അതുല്യമായ ധന്യത ആ വിധമൊരു അദ്ധ്യാത്മികതയുടെ ഉല്‍പ്പന്നമാണ്‌. സ്വര്‍ഗ്ഗമോഹികള്‍ക്കും നരകഭീതിയില്‍ തളര്‍ന്നവര്‍ക്കും ഇതിന്റെ പൊരുള്‍ തിരിയുകയില്ല.

പുല്‍ക്കൊടിയുടെ ക്ഷണികജീവിതം അണയുന്നതിനെക്കുറിച്ച്‌ കവി എഴുതുന്നതിങ്ങിനെയാണ്‌ :

അറിഞ്ഞതങ്ങനെതന്നെ
പാതിരാവായില്ല
ചോരപ്പുഴ വന്നു
പുല്‍ക്കൊടിയെ പുണര്‍ന്നുപോയി.

രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ നിഴല്‍ വീണവയാണ്‌ ആദ്യ രണ്ട്‌ വരികള്‍. വാര്യരുടെ മൂന്നാമത്തെ വരി 'കുറഞ്ഞൊന്നുറങ്ങട്ടെ ഞാന്‍' എന്നാണ്‌. ചോരപ്പുഴ വന്നു പുല്‍ക്കൊടിയെ പുണര്‍ന്നുപോയി എന്ന കുരീപ്പുഴയുടെ വരികള്‍ക്ക്‌ അതുമായുള്ള ധ്വനിസാന്ദ്രമായ പാഠാന്തരബന്ധം ഹൃദയസ്പര്‍ശിയാണ്‌. ഇവിടെ നെബുലകളിലെന്നവണ്ണം പുതുനക്ഷത്രങ്ങളുമായി പൂത്തുലഞ്ഞ്‌ വായനാപാഠം വിസ്തൃതമാകുന്നു. തുടര്‍ന്ന്‌ കവിത തിടം വയ്ക്കുകയാണ്‌.

കുചേലന്മാര്‍ കല്ലുകളായ്‌
പുല്ലുകളായ്‌, പുഴുക്കളായ്‌
ധനവൃത്തം മുറിക്കുന്ന
പെരും കടലായ്‌.

കല്ലും പുല്ലും പുഴുക്കളുമൊക്കെയായി ദുര്‍ബലര്‍ ഭൂമി നിറയുന്നു. കുചേലന്മാര്‍ കടലായി പെരുകുന്നു. ബലരുടെ സുരക്ഷിതവൃത്തങ്ങളെ അവര്‍ ലംഘിക്കുന്നു. ധനവൃത്തം മുറിക്കുന്ന പെരും കടല്‍ എന്നത്‌ അനേകം വ്യാഖ്യാനങ്ങള്‍ക്ക്‌ സാദ്ധ്യതയുള്ള ഒരു പ്രതീകമാണ്‌. കുചേലന്മാര്‍ പെരുകുന്നത്‌ അന്തിമമായി ധനത്തിന്റെ സുരക്ഷിതവൃത്തം തകരുന്നതിന്‌ കാരണമാകുമെന്നും ദുര്‍ബലരുടെ മുന്നേറ്റം അത്‌ നിര്‍ണ്ണയിക്കുമെന്നും കവി ഉദ്ദേശിക്കുന്നുണ്ടാകും. പുതിയൊരു ലോകക്രമത്തെ അതുവഴി കവി സ്വപ്നം കാണുന്നു.

പൊടുന്നനെ കരിങ്കല്ലില്‍
ജല'ാ‍യ പൊടിയുന്നു
കടുപ്പം കന്മദമായി
കറുപ്പ്‌ കാരുണ്യമായി
വെളിച്ചം വെമ്പലായ്‌ വന്നു
കാവലേല്‍ക്കുന്നു.

ചരിത്രത്തിലൂടെയുള്ള ദുര്‍ബലരുടെ നിരന്തര സാന്നിദ്ധ്യത്തെയാണ്‌ കരിങ്കല്ല്‌ പ്രതിനിധാനം ചെയ്യുന്നത്‌. തിരസ്കൃതരായും അവഗണിക്കപ്പെട്ടും അപമാനിതരായും അവരുടെ കരിങ്കല്ലുപോലുള്ള സന്നിദ്ധ്യം തുടരുന്നുകൊണ്ടേയിരിക്കുന്നു. അവരുടെ തപ്തഹൃദയമാണ്‌ കന്മദമായി പകരുന്നത്‌. കറുപ്പ്‌ അധ്വാനത്തെയും കരുത്തിനെയും സൂചിപ്പിക്കുന്നു. ആ കറുപ്പാണ്‌ കാരുണ്യമാകുന്നത്‌. കന്മദം പൂണ്ട്‌ ഈറനാകുന്ന കരിങ്കല്ല്‌ ഒരു യുഗസംക്രമണത്തിന്റെ പുലരിയെ അടയാളം ചെയ്യുന്നു. വെമ്പലോടെ വെളിച്ചം കാവലേല്‍ക്കുന്നു. അതോടെ ഇരുട്ട്‌ കടന്നുപോകുന്നു. വായനയിലെ തപ്തത പ്രസാദവും പ്രത്യാശയുമായി ഭേദപ്പെടുന്നു.

വായനയുടെ ഒടുവിലും ചിലവരികള്‍ അവസാനിക്കാത്ത ആന്ദോളനങ്ങളുമായി മനസ്സില്‍ നീറിപ്പിടിച്ചുനില്‍ക്കുന്നുണ്ടാവും. 'ധന്യവാദം സ്നേഹിതാ, ഞാന്‍ അല്‍പജീവി ഇന്നുരാവില്‍ അല്ലെങ്കില്‍ നാളെയെന്നെ മൃത്യുഭക്ഷിക്കും' എന്ന വരികള്‍ മനുഷ്യാവസ്ഥയുടെ നിസ്സഹായതയെയാണ്‌ വെളിപ്പെടുത്തുന്നത്‌. ഈ വരികള്‍ ഒരു പ്രകമ്പനത്തിന്റെ മുറുക്കവും ഇളക്കവും സംവേദനക്കരുത്തുള്ള ഏത്‌ വായനക്കാരനിലാണ്‌ ഉണര്‍ത്താതിരിക്കുക.

വാചാലത കുരീപ്പുഴ ശ്രീകുമാറിന്‌ അന്യമാണ്‌. സമുദ്രജലം കുറുകുന്നതുപോലെ കുരീപ്പുഴയില്‍ കവിതയുടെ ലവണാംശം സാന്ദ്രമാകുന്നു. കുചേലക്കടലിലെ വരികള്‍ രണ്ടോമൂന്നോ വാക്കുകളില്‍ തിടംവയ്ക്കുന്നു. ഇത്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളുടെ പൊതുസ്വഭാവമാണ്‌. നിത്യജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന വസ്തുക്കളെയും സന്ദര്‍ഭങ്ങളെയും കാവ്യവസ്തുക്കളായി സ്വീകരിക്കുന്നത്‌ വായനക്കാരനും കവിതയ്ക്കുമിടയിലെ അകലത്തെ നേര്‍പ്പിക്കുന്നു. സൂചകങ്ങള്‍ സംവേദനക്കരുത്തുമായി കവിതയില്‍ നിവരുന്നു. കവിതയ്ക്ക്‌ ആന്തരികമായ ദേശഭാവം പകരുന്നു. അത്‌ ഹൃദ്യവും തീഷ്ണവുമാകുന്നു. പഴഞ്ചൊല്ലുകളും നാട്ടുമൊഴികളും ഉചിതം പോലെ സന്നിവേശിപ്പിക്കുന്നതും കുരീപ്പുഴയുടെ വരികള്‍ക്ക്‌ സൂചിമുനയുടെ കാന്തികത ചേര്‍ക്കുന്നുണ്ട്‌.

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെ മലയാളിയുടെ കാവ്യലോകത്തില്‍ വേറിട്ട്‌ അടയാളപ്പെടുത്തുന്നത്‌ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മാനുഷികദര്‍ശനത്തിന്റെ സാര്‍വലൌകികതയും ദൃഢതയുമത്രെ. ഈ കവിക്ക്‌ വ്യക്തമായ ഒരു ലോകവീക്ഷണമുണ്ട്‌. സമകാലവുമായി കലഹിച്ചുനില്‍ക്കുന്ന കവി ഒരു പുതിയലോകത്തെ കാണുന്നു. റിബലും ദാര്‍ശനികനും ആക്റ്റിവിസ്റ്റും കുരീപ്പുഴ ശ്രീകുമാറിലെ എഴുത്തുകാരനില്‍ നിജസാന്നിദ്ധ്യമാകുന്നത്്‌ അങ്ങിനെയാണ്‌. ബലരഹിതരോട്‌ പക്ഷം ചേര്‍ന്നുകൊണ്ട്‌ എഴുത്തിന്റെ ലവണലാവണ്യത്തെ സ്വന്തം കൊടിപ്പടമാക്കിയ പോരാളിയാണ്‌ ഈ കവി. ഈ നലം തികഞ്ഞ ആര്‍ജ്ജവവും നീക്കുപോക്കുകളില്ലാത്ത പോരാട്ടവീര്യവും സമകാലമലയാളകവിതയ്ക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന ഓജസ്സുറ്റപ്രസക്തിയെ കവിതയുടെ പ്രണയികള്‍ക്കായി വീണ്ടെടുക്കുന്നത്‌ കാണുക ആഹ്ലാദകരമാണ്‌.

Subscribe Tharjani |