തര്‍ജ്ജനി

കെ എം ഷെറീഫ്‌

റീഡര്‍,
ഇംഗ്ലീഷ് വിഭാഗം,
കോഴിക്കോട് സര്‍വ്വകലാശാല.പി.ഒ

Visit Home Page ...

കവിത

പോ മോനേ, ദറീദാ


ചിത്രീകരണം:ശ്രീകല

കണ്ട കളി പറയാന്‍
ഒരു ജന്മം മുഴുവനോ?
ഏതു വാക്കും പഴയ ചാക്കാകുമെന്ന്‌
ഞങ്ങള്‍ക്ക്‌ പ‍ണ്ടേയറിയാം.
ഏതു തലയില്‍ വരച്ചാലും
വെള്ളത്തിലെ വരയായിപ്പോകാം.
കളിയില്‍ ബാപ്പ മോനാകുന്നത് കണ്ടു്‍
ആരും മൂക്കത്ത്‌ വിരല്‍വെക്കുന്നില്ല
തലയില്‍ മുണ്ടിടാത്ത തൊമ്മന്‍
തമ്മില്‍ ഭേദമായവന്‍ തന്നെ.

മഴക്കാലത്തെ ചാട്ടു‍വലയിലെ മീന്‍ പോലെ
വാക്കുകള്‍ കുത്തൊഴുക്കില്‍ ചാടിമറയുന്നു‍:
സ്വത്വമിട്ട സത്വങ്ങള്‍,
മൗലികത്തില്‍ കാണാത്ത മൂലം,
നയത്തിലും മയത്തിലുമുള്ള അടവ്‌,
അനാശാസ്യത്തിലെ ആശ്വാസം,
മൊഴിമാറ്റാന്‍ കഴിയാത്ത മൊഴിമാറ്റം,
സ്വാശ്രയത്തില്‍ മുളച്ച ആല്‌,
കള്ളനു വേണ്ടാ‍ത്ത കഞ്ഞി,
സാംസ്കാരിക നായാട്ട്‌,
കല്ല്‌, കരട്‌, കാഞ്ഞിരക്കുറ്റി,
മുള്ള്‌, മുരട്‌, മൂര്‍ഖന്‍പാമ്പ്‌.

അങ്കലാപ്പിലായതും ഇടങ്ങേറായതും
മാഷമ്മാരും ടീച്ചറുമാരുമാണ്‌.
വലിച്ചുവാരിത്തിന്നു്‍
തൂറലും ഛര്‍ദ്ദിയും നില്‍ക്കാതെ
അലോപ്പതിയും ഹോമിയോപ്പതിയും
ആയുര്‍വ്വേദപ്പൊതിയും കഴിഞ്ഞു
ഇപ്പോള്‍ പ്രകൃതിചികിത്സയിലാണ്‌.
അവരുടെ അവിശ്വാസം
അവരെ രക്ഷിക്കട്ടെ.

Subscribe Tharjani |