തര്‍ജ്ജനി

ഒ. കെ. സുദേഷ്

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

നിരീക്ഷണം

വായനയുടെ മതംമാറ്റം

കലാസാഹിത്യമേഖലകളിലെ പ്രതിഭകള്‍ മരിച്ചാല്‍ അവരുടെ മികച്ച രചനകളോ അവയെ കുറിച്ചുള്ള പഠനങ്ങളോ പ്രസിദ്ധീകരിക്കുന്നതാണ്‌ കരച്ചിലിനും പിഴിച്ചിലിനുമേക്കാള്‍ നല്ലത്‌. വ്യക്തിഗതഓര്‍മ്മക്കുറിപ്പുകള്‍, മരിച്ചയാളിനേക്കാള്‍, മൃതശരീരം ചുമക്കുന്നവരേക്കാള്‍, അതിമഹത്തുക്കളായ 'ഓര്‍മ്മി'-കളെ മുന്നിലേക്കെടുപ്പിയ്ക്കും. അന്യരുടെ മരണങ്ങളിലും ഇന്ധനലാഭത്തിനു കിണയുന്ന 'ഓവര്‍ആര്‍ച്ചിങ്‌' മരിപ്പുകള്‍! മരിക്കാതെ നാമൊക്കെ എവിടെയൊടുങ്ങും എന്നോര്‍ത്തു ഹസിച്ചതാണ്‌; പരിഹാസമൊന്നുമല്ല കേട്ടോ! പിന്നെ, ആ നല്ല ഫൊട്ടോകള്‍ --പ്രത്യേകിച്ച്‌ കമല വളരെ ഫൊട്ടോജെനിക്‌ ആയിരുന്നതുകൊണ്ടും. നേരിട്ടു കാണാന്‍ ഭംഗിയുള്ളവരെല്ലാം ആ ഇനത്തില്‍ വന്നുവീഴാറില്ലല്ലോ. ദൗര്‍ഭാഗ്യമെന്നല്ലാതെ എന്തുപറയാന്‍. കാണാനുള്ള പൊരുത്ത-ഭംഗിയല്ല കാര്യം- 'നോബ്‌ള്‍' ആയ ഒരു ആത്മപ്രത്യക്ഷം പൊടുന്നനെ ക്യാമറയില്‍ കുടുങ്ങുന്ന നിമിഷമുണ്ട്‌. 'ലുക്സ്‌' എന്നൊക്കെ പറഞ്ഞുപോരാറുള്ള ആ സാധനം. അതാണ്‌ കാര്യം. അതില്‍ ആത്മക്കളിയുടെ ഒരു 'ആനിമലിസം' ഉണ്ട്‌. ചെ ഗുവാരയുടെ ആ കൊര്‍ദോ ഫൊട്ടോഗ്രാഫ്‌ അങ്ങിനെയാണ്‌ ആളെ കൂട്ടിയത്‌. അല്ലാതെ കക്ഷി സ്പിരിച്വലായിരുന്നതു കൊണ്ടല്ലല്ലോ. മൃഗങ്ങളില്‍, പക്ഷികളില്‍, മത്സ്യങ്ങളില്‍, സസ്യജാതികളില്‍ കാണാന്‍ കൊള്ളാത്തതായി ഒരിനം പോലും നമ്മെ തിരക്കി വരില്ല. പക്ഷെ മനുഷ്യരില്‍ നിന്ന്‌ വന്നേയ്ക്കും. കാരണം? ആത്മസന്നിഹിതനാണ്‌ താന്‍ എന്നറിയുന്ന അറിവാളിയുടെ ആത്മാവ്‌ പേറുന്നവനും കൂടിയാണ്‌ മനുഷ്യന്‍ - എന്നതായിരിക്കില്ലേ കാരണം? അതായിരിക്കാം മനുഷ്യരില്‍ ഏറിയകറും കാണാന്‍ കൊള്ളാത്തവരായിരിയ്ക്കുന്നത്‌ എന്നാവില്ലേ? എനിയ്ക്കു തോന്നുന്നതാണ്‌ കേട്ടോ; പരിഭ്രമിക്കുകയേ അരുത്‌.

പക്ഷെ മുഖ്യധാരയിലെ കമലാ-പതിപ്പുകളോടു പ്രതികരിച്ച വായനക്കാര്‍, നന്നേ മെലിഞ്ഞ ഒരു ന്യൂനപക്ഷവിചാരത്തെ ക്ഷീണിപ്പിച്ചേക്കും. ഇങ്ങിനെയൊരു അവസരം കിട്ടിയിട്ടുപോലും ആ വായനക്കാര്‍ ചില ചോദ്യങ്ങള്‍ പുറപ്പെടുവിക്കാനാവാതെ വിയര്‍ത്തൊലിച്ചു നില്ക്കുകയായിരുന്നു. പേടിച്ചുപോയ നമ്മുടെ നിരൂപകരേയും വാതില്‍-ബെല്ലടിപ്പുകാരെയും മേക്കട്ടു-കയറ്റ സൗഹൃദക്കാരേയും അങ്ങോട്ടോ-ഇങ്ങോട്ടോ എന്ന അന്ധാളിപ്പുകള്‍ മറച്ചുനില്ക്കുന്ന നമ്മുടെ ഫെമിനിസ്റ്റുകളേയും പോലെ വായനക്കാരും എക്കണോമിക്കലായ ഒരു പ്രതികരണ-താളം കണ്ടു. കമലയുടെ മരണമല്ല അവരെ പേടിപ്പിച്ചത്‌. ജീവിതാഘോഷം കൊണ്ട്‌ കമല, നമ്മിലെ എന്തു പ്രതികരണവന്ധ്യതകളെ എവ്വിധം വിറപ്പിച്ചു നിറുത്തിയോ, അതിനെ ഇവരാരും നേരിട്ടില്ല. അപ്രമാദിത്വങ്ങളില്ലാത്ത വ്യക്തിയായിരുന്നില്ല കമല. എന്നിട്ടും അവയത്രയും കമലയുടെ ഹൃദ്യമായ സംഭാഷണചാതുരിയില്‍ മറഞ്ഞൊതുങ്ങാന്‍ വെപ്രാളം പൂണ്ടു. പുതുകാലമൂല്യവ്യവസ്ഥയില്‍ നിന്ന്‌ സത്യസന്ധതയെ പരിഹസിച്ചു പുറത്താക്കുന്നവര്‍ ഉണര്‍ത്തുന്ന സാംസ്കാരികമുടിപ്പുകള്‍ ജനാധിപത്യശീലങ്ങളെ നൂലെടുപ്പോളം ദ്രവസാന്ദ്രിമയിലെത്തിക്കുകയാണ്‌. അതിലെ ശരി-തീരുമാനത്തിന്റെ മാനകീയവല്‍ക്കരണവും 'പിയര്‍' മര്‍ദ്ദ-തന്ത്രങ്ങളും കൂടി ഫ്യൂഡലിസ്റ്റ്‌ സദാചാരങ്ങളെ വീണ്ടും സാധുവാക്കുകയാണ്‌ എന്നര്‍ത്ഥം. ദയവില്ലാതെ പോലും വ്യക്തതയോടെ കാണേണ്ട കാര്യം.

കമല മതം മാറി. ഒരു മനുഷ്യന്‍ കുതിരയാവുന്നതു പോലെയൊരു അയഥാര്‍ത്ഥപരതയെ അതു കാണിയ്ക്കുന്നില്ല; ശരി. ഒരാള്‍ ഒരു മതവിശ്വാസധാരയില്‍ നിന്ന്‌ മറ്റൊന്നിലേയ്ക്ക്‌ മാറുന്നത്‌ ഒരു അത്ഭുതകൃത്യമല്ലതന്നെ. കമലയെന്നല്ല ഏത്‌ സാധാരണ മനുഷ്യനും മതംമാറുന്നതിന്‌ വിലക്കില്ലാത്ത ഒരു ജനാധിപത്യഘടനയേയും നാം അനുസരിച്ചു പോരുന്നുണ്ട്‌. പക്ഷെ കമല ഒരു സാധാരണ വ്യക്തിയല്ല എന്നറിയുന്നത്‌ അവരുടെ സാംസ്ക്കാരികവും സാമൂഹികവുമായ വ്യക്തിപ്രാധാന്യം കൊണ്ടുകൂടിയാണ്‌. അവര്‍ ഒരു എഴുത്തുകാരിയായിരുന്നു. അവര്‍ സാധാരണക്കാരിയായിരുന്നില്ല എന്നതിന്റെ മറുപുറശോഷിപ്പുകളില്‍ പോലും മതപരമായ ഏതെങ്കിലും വ്യക്തിസത്തയെ പ്രതിനിധീകരിക്കുന്നവരുമായിരുന്നില്ല. അവര്‍ കക്ഷിരാഷ്ട്രീയക്കാരിയായിരുന്നില്ല. സമുദായ സംഘാടകയോ സേവികയോ ആയിരുന്നില്ല. ഇതിനെയെല്ലാം വിരട്ടുവോളം, പകരം അവര്‍ നന്നേ മിനുക്കനെ ഒരു എഴുത്തുകാരിയായിരുന്നു എന്ന കാര്യം നാം എപ്പോഴും ഓര്‍മ്മിച്ചുകൊണ്ടേയിരിയ്ക്കുന്നു. ആ മേഖലാകൂട്ടത്തില്‍ തന്നെ അവര്‍ ഡിറ്റക്ടീവ്‌ കഥയെഴുത്തുകാരിയായിരുന്നുവോ; അല്ല. ശാസ്ത്രകഥയെഴുത്തുകാരിയായിരുന്നുവോ; അല്ല. തത്ത്വചിന്തക? 'സാഹിത്യ-സിദ്ധാന്തി'? തീര്‍ത്തുമായിരുന്നില്ല. അവര്‍ ഇറോട്ടിക്‌ എഴുത്തുവിഭാഗത്തില്‍ പെടുത്താവുന്ന രചയിതാവായിരുന്നില്ല (അങ്ങിനെ പലരും സ്വയംപറഞ്ഞു പറ്റിയ്ക്കുന്നുവെങ്കിലും). 'മാ'-കഥാകാരി? ഹെ, എന്തായിത്‌? എന്നാല്‍, ഇതിനെല്ലാം മറുപുറങ്ങളില്‍, ഭയമെന്തെന്നറിയാതെ എഴുതിയ കഥാകാരിയായിരുന്നു കമല --മലയാളത്തില്‍. ഒരു ജൈവ-എഴുത്തുകാരി. അവര്‍ സ്ത്രീ-പക്ഷ രചനയായിരുന്നുവോ നടത്തിയിരുന്നത്‌? ഈ വായനക്കാരന്‌ അങ്ങിനെ തോന്നിയിട്ടില്ല. ഒരു മാന്തള്‍ മത്സ്യം എങ്ങിനെയൊക്കെ സ്വജീവിതത്തെയും ലോകത്തേയും കാണുന്നുവെന്ന്‌ ഭാവിക്കാനാവുമെങ്കില്‍ ഒരു മനുഷ്യസ്ത്രീയുടെ കാര്യത്തിലൂം അതേ സ്വാഭാവികത മനുഷ്യപുരുഷന്‌ സാധിച്ചിരിക്കണം. തിരിച്ചും ആകാവുന്ന കാര്യം, അല്ലേ. കൃത്രിമമായ ഒരു പരിശീലനവും അതിനാവശ്യമില്ല. അത്‌, അമ്മ പെറ്റതു കൊണ്ടും പെങ്ങളുടെ കൂടെ വളര്‍ന്നുവന്നതു കൊണ്ടും നേടാന്‍ മാത്രമാവുന്ന അവബോധമല്ല പുരുഷന്‌. സ്വയം ലോകവീക്ഷണം കരുപ്പിടിപ്പിക്കുന്നതില്‍ നിന്ന്‌ ഒരു അപരിചിതത്വവും ഒരാളുടേയും പുരുഷസ്വഭാവത്തെ തടസ്സപ്പെടുത്തേണ്ടതില്ല (--തിരിച്ചും).

പക്ഷെ മതം മാറാന്‍ തീരുമാനിക്കുന്ന എഴുത്തുകാരത്രയും കുതിരകളിലേയ്ക്കു വമിയ്ക്കുന്നു. കുതിരകള്‍ എഴുതാറില്ല എന്നതുകൊണ്ടാവില്ലല്ലോ അത്‌. കുതിരകള്‍ -- കഴുതകളെ പോലെയല്ലെങ്കിലും -- നന്നായി 'ഹോഴ്സ്‌ വിസ്പറിങ്‌' നടത്തിയാല്‍, കഴുതകളേക്കാള്‍ അടിമത്തം പേറും. അവര്‍ക്കനുകൂലമായി, നിങ്ങളും ഒരു കുതിരയാണെന്ന മട്ടോളം 'അനുരാഗിച്ചാല്‍' മതി. അത്രയും അസാദ്ധ്യപാവങ്ങളാണവര്‍.

എന്നിട്ടും കമല മതം മാറി എന്നറിക. എന്തിന്‌ എന്നു ചോദിയ്ക്കുവാന്‍ സിവിലൈസ്ഡ്‌ ആയ ഒരു ജനാധിപത്യവാദിയ്ക്ക്‌ പഴുതുകളില്ല. ജനാധിപത്യം സാദ്ധ്യമാവുക, ഒരാള്‍ സെക്യൂലര്‍ ആയ മനോഘടനയിലേയ്ക്ക്‌ പരിണമിക്കുമ്പോഴാണ്‌. സെക്യൂലര്‍ എന്നത്‌ 'സെക്കുലര്‍' എന്ന നമ്മുടെ മുന്നുപാധി-രാഷ്ട്രീയാനുഭവത്തിന്റേയും അതിനോടുള്ള 'സിങ്ക്രണൈസേഷ'ന്റെയും അതിന്റെ തന്നെ സാഹിത്യാസ്വാദന തുടര്‍ച്ചയുടേയും വിചാര-മാതൃകയില്‍ ഒതുങ്ങുന്നില്ല. ഒരു ഇംഗ്ലീഷ്‌ പദത്തിന്റെ രണ്ടുതരം മലയാളം സ്പെല്ലിങ്ങുകള്‍ അടുത്തടുത്തു വെച്ചു കാണേണ്ട യോഗം ഇവിടെ സന്നിഹിതമായിരിയ്ക്കുന്നതു അങ്ങിനെയാവുകയാണ്‌. സെക്യൂലര്‍ എന്നത്‌ ജനാധിപത്യത്തിന്‌ ഒഴിച്ചുകൂടാത്ത ഒരു യോഗമാണ്‌. മറിച്ച്‌ 'സെക്കുലര്‍' എന്നത്‌ ജനാധിപത്യത്തെ അഴിമതിയിലാഴ്ത്താന്‍ നാം ഉപയോഗിയ്ക്കുന്ന ഒരു ഫ്യൂഡലിസ്റ്റ്‌ പകര്‍ന്നാട്ടവും. ഇവക്കിടയിലെ മാലയാളികമായ സ്പെല്ലിങ്‌ വ്യത്യാസം, ആ ഇംഗ്ലീഷു വാക്കിന്റെ ഉച്ചാരണവൈകല്യത്തെ സംബന്ധിക്കുന്നതേയല്ല. ആ വ്യത്യാസം അഴിമതിയെ സഹനീയമാക്കുന്ന ഒരു 'അള്ള്‌ പിടിപ്പിക്കല്‍ മാത്രം. ആ അള്ള്‌ ആട്ടിയിളക്കിയെടുത്താല്‍ അടപ്പു തെറിച്ചു; ഇളക്കിയെടുക്കാത്തിടത്തോളം വ്യത്യാസം നിലനില്ക്കുകയും ചെയ്യും. ജീവിച്ചു പോന്നേടത്തോളം മട്ടില്‍ തുടര്‍ന്നും ജീവിച്ചുപോരുക എന്നതാണതിന്റെ ആന്തരിക ഗുട്ടന്‍സ്‌. നന്നെ ചെറുങ്ങനെ പരിണമിച്ചാല്‍ പോതും എന്നൊരു പുഞ്ചിരി-താക്കീതും അതിലുള്‍ച്ചേരുന്നു.

സോ, കമല ഈ മാലയാളിക-ഗുട്ടന്‍സില്‍ ചെന്നുപെട്ടതാണോ, അതോ ഈ ഗുട്ടന്‍സു വെച്ച്‌ കരതലാമലകം വൃത്തിയായി കളിച്ചതാണോ? എന്റെ കണക്കില്‍, അവര്‍, ഈ രണ്ടിലും, ചെങ്കുത്തനെ ചെന്നുപെട്ടു എന്നാവും. അറുപതിലും എഴുപതിലും എഴുതിത്തെളിഞ്ഞവര്‍ -- ലോകമൊട്ടാകെ എന്നുതന്നെ കാണുക -- ഒന്നിലും കൂസാത്തവരായിരുന്നു. എഴുത്തിന്റെ പരമ്പരാഗത പഞ്ചഗവ്യമല്ല, മറിച്ച്‌ എഴുത്തുശൈലിയായിരുന്നു അവരെ ഹൃദ്യയാക്കിയത്‌. ആ ശൈലിയില്‍ മതപരമായ എന്തും ഗര്‍ഹണീയമായ ഒരു കുത്തന്‍-സാമാനമായി തടസ്സമുണ്ടാക്കുമായിരുന്നു. കമലയ്ക്ക്‌ യശസ്സുണ്ടാക്കിയത്‌ ആ മട്ടിലൊരു എഴുത്തു-പുലര്‍പ്പായിരുന്നു. എങ്കില്‍ അവര്‍ നൂറ്റാണ്ടറുതിയില്‍ മതം മാറിയതിന്‌ യുക്തമായ ഒരു കാരണമുണ്ടായിരുന്നിരിക്കണം; വേണ്ടേ? നൂറ്റാണ്ടറുതികളോടടുക്കുന്തോറും ജനം തരക്കേടില്ലാതെ ഒന്ന്‌ അളിഞ്ഞു കലങ്ങാന്‍ മോഹിയ്ക്കുമത്രേ; 'fin de siecle' എന്നാണ്‌ പദം - പത്തൊമ്പതാം നൂറ്റാണ്ടറുതി തൊട്ടുള്ള ഒരു യൂറോപ്യന്‍ പൊതു-അലമ്പ്‌ എന്നു കരുതുക.

പ്രായമാവുമ്പോഴേയ്ക്കും മനുഷ്യര്‍ 'സെനെയിലാ'‍വാറുണ്ട്‌. അതായിരുന്നുവോ അവരുടെ മതംമാറ്റത്തിനു കാരണം? എങ്കില്‍ അവര്‍ക്ക്‌ ദയാപൂര്‍ണ്ണം പഴുത്‌ കൊടുക്കേണ്ടതുണ്ട്‌. പക്ഷെ അങ്ങിനെ അനുമാനിക്കാനാവാത്ത വിധം അവര്‍ വിവാഹത്തെ കുറിച്ചും പൊടുന്നനെയുള്ള ഇസ്ലാമികതാല്പര്യത്തെ കുറിച്ചും വിലപേശിത്തന്നെ സമ്മോഹനം സംഭാഷിച്ചു പോന്നതായി കാണുന്നു. പുനര്‍വിവാഹമായിരുന്നു പ്രശ്നമായതെങ്കില്‍, അവരുടെ പൂര്‍വ്വമതം അതിനെ നിരോധിക്കുന്ന കാലമല്ല നടപ്പിലുണ്ടായിരുന്നത്‌; ഇപ്പോഴുമുള്ളത്‌. ഹിന്ദുവിധവകളുടെ ഗതികേടുകളെ കുറിച്ച്‌ അവര്‍ പറഞ്ഞിരുന്നു എന്നതു കൊണ്ടാണ്‌ ഇതെടുത്തെഴുതുക. പോട്ടെ, പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഒരാളായിരുന്നു കമലയെങ്കില്‍ തന്നെ, ഒരു 'ഹിന്ദു-വിധവാ-ഗതികേട്‌' അനുഭവിയ്ക്കുവാന്‍ മാത്രം അവരൊരു ബ്രാഹ്മണസ്ത്രീ ആയിരുന്നില്ല. ഒരിക്കല്‍, താനൊരു 'കിരിയത്തില്‍ നായര്‍' ആണെന്നവര്‍ പറഞ്ഞതായി നാം വായിച്ചിട്ടുള്ളതു കൊണ്ടാണ്‌ ഇങ്ങിനെ അനുമാനിയ്ക്കുക. ഒരു 'ചോവനെ' നിലയ്ക്കു നിറുത്തുവാനായിരുന്നുവെങ്കിലും ആ പറച്ചിലില്‍ ഒരു ഡി.എന്‍.എ. പ്രത്യക്ഷം നിര്‍സാംസ്ക്കാരികമായി നിഴല്‍ വീഴ്ത്തിനിന്നു.

അതല്ല, പ്രണയമായിരുന്നു മതംമാറ്റത്തിനു കാരണമായത്‌ എന്നും സൂചനകളുള്ളതായി കണ്ടും ചിലച്ചും കാണുന്നു. പ്രണയത്തെ വിവാഹത്തിലേക്കെത്തിയ്ക്കുവാന്‍ മതം മാറേണ്ടിവരുന്നത്‌ വെറും സാധാരണീയര്‍ക്ക്‌ പറഞ്ഞതല്ലേ? എന്തെങ്കിലും കാര്യലാഭമുണ്ടാക്കാം എന്ന്‌ പ്രതീക്ഷിക്കുന്നവര്‍ക്കുള്ളതല്ലേ? വേറൊരു നിവൃത്തിയുമില്ല എന്നു ചുമരിലിടിച്ച്‌ വീഴുന്നവര്‍ക്കുള്ളത്‌? അല്ലേ? ചിന്തിയ്ക്കുവാന്‍ സമയമുള്ളവരും ശേഷിയുള്ളവരും ശീലമുള്ളവരും അങ്ങിനെ ചെയ്താല്‍ അക്ഷന്തവ്യമായ അപരാധമായിത്തീരില്ല, അത്‌? കാരണം, ചിന്താശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം മതവും അതിന്റെ യുക്തിമണ്ഡലവും അതിലെ നൈതികതീര്‍പ്പുകളും വാഗ്ദാനങ്ങളും വളരെ പ്രാഥമികമായ ഒരു ലോകബോധത്തെ കുറിയ്ക്കുന്ന വളര്‍ച്ചാതലത്തെ കാണിയ്ക്കുന്നതാണ്‌. ചിന്താശേഷിയ്ക്കുള്ള ഭാഗ്യം, മതവിശ്വാസം തരുന്ന ഭാഗ്യത്തിനുപരിയാവുക അങ്ങിനെയാണ്‌. മുന്‍കാലങ്ങളില്‍ ആരൊക്കെയോ ചിന്തിച്ചും ഭാവിച്ചും ഉരുട്ടിക്കൂട്ടിയെത്തിയതാണ്‌ മതവിശ്വാസത്തിലൂടെ അദ്ധ്വാനിക്കാതെ കിട്ടുന്ന ഭാഗ്യം. ആ മുന്‍ചിന്തകര്‍ക്ക്‌ ഒപ്പം നില്ക്കുവാനാക്കുന്നതോ അവര്‍ക്കുപരിയായി നില്ക്കുവാനാക്കുന്നതോ ആണ്‌ ചിന്താശേഷി തരുന്ന ഭാഗ്യം. ആ ഭാഗ്യത്തെ കമല എന്ന എഴുത്തുകാരി നിരാകരിച്ചുവെന്നോ? എങ്കില്‍, അപ്രകാരം സ്വയം ശോഷണത്തിലേക്കെത്തിച്ച എഴുത്തുകാരുടെ രചനകള്‍ വാസ്തവത്തില്‍ 'ലിബറേറ്റഡ്‌' ആണോ? എന്നെങ്കിലും ആയിരുന്നുവോ?

പോട്ടെ, ഇനി ഇസ്ലാമിന്റെ ആത്മീയതയായിരുന്നു കമലയുടെ മതംമാറ്റത്തിനു കാരണമായി തീരുന്നതെങ്കില്‍ അതുള്‍ക്കൊള്ളുവാന്‍ ജീവിതരീതിയേയും വസ്ത്രരീതിയെ പോലും ഒരാള്‍ അട്ടിമറിയ്ക്കുവതെന്ത്‌? ആത്മസ്വൈരം കെടുത്തുന്ന ഒന്നാവില്ലേ അത്തരം 'എക്സിബിഷനിസം'? കമലയുടെ കാര്യമാണെങ്കില്‍, വല്യമ്മാമ നാലപ്പാട്ടു നാരായണ മേനോന്‍ 'ആര്‍ഷജ്ഞാനം' പോലൊരു കൃതി രചിച്ചയാള്‍ പോലുമായിരുന്നു. അമ്മ - ബാലാമണിയമ്മ - ആത്മീയവാദിയായിരുന്നില്ല എന്നു തെളിയിക്കുവാന്‍ തക്കതായൊന്നും പദ്യത്തിലായാലും ഗദ്യത്തിലായാലും അഭിമുഖസംഭാഷണങ്ങളിലായാലും കിട്ടാനുമില്ല. ഇവരൊക്കെ കമലയുടെ സ്വഭാവരൂപീകരണത്തെ ഒരുക്കൂട്ടിയവരാവാനേ വഴിയുമുള്ളു. അതായത്‌, ആത്മീയതയെ സംബന്ധിക്കുന്നതിലൊന്നിലും കമല അപരിചിതയാകുവാന്‍ വഴി കാണുന്നില്ല. എന്നിട്ടും അവര്‍ വളരെ വൈകിച്ചെന്ന്‌ ഇസ്ലാം തിരഞ്ഞെടുക്കുന്നു. ഹൈന്ദവമായ എന്തു ആത്മീയശോഷണമാണ്‌ അവരെ അതിനെ തയ്യാറെടുപ്പിച്ചത്‌ എന്നവര്‍ വ്യക്തമായി പറഞ്ഞിട്ടില്ല. മറിച്ച്‌ ശ്രീകൃഷ്ണനെ കല്പിത പുനര്‍ജന്മത്തിലേയ്ക്ക്‌ കൂടെ കൂട്ടി അവര്‍ നാടുകടന്നതായും കാണുന്നു. എന്തൊക്കെയാണ്‌ ഒരാള്‍ക്ക്‌ ഇതില്‍ നിന്നെല്ലാം നിരൂപിയ്ക്കുവാനാവുക?

അവര്‍ ഭയത്തിനു കീഴടങ്ങി എന്നതല്ലേ ഇതില്‍ നിന്നെല്ലാം ചേറിയെടുക്കാനാവുക? മുന്നിലേയ്ക്കു എടുത്തുവെച്ച കാല്‍ തി‍രിച്ചെടുക്കാന്‍ കഴിയാതെയായിപ്പോയി എന്നതായിരുന്നില്ലേ കാര്യം? അവര്‍ അതീവ ദുഃഖിതയായി തിരോഭവിച്ചു എന്നതല്ലേ ശരിയ്ക്കും വാസ്തവം? കുത്തിനോവിയ്ക്കുവാനല്ലല്ലോ ഇങ്ങിനെയെല്ലാം എഴുതുക. ഈ വായനക്കാരനെ, ഈ കാഴ്ചക്കാരനെ, അവരുടെ ദുഃഖം, ആരുടേയും അത്തരം ദുഃഖങ്ങള്‍, നീറ്റുന്നതുകൊണ്ടുകൂടിയാവുമല്ലോ.

മതം മാറുന്നതിലേയ്ക്കുള്ള അവരുടെ പേഴ്സണല്‍ വാഞ്ച എന്തായിരുന്നാലും, അതിലേക്ക്‌ ഈ കുറിപ്പ്‌ താല്പര്യം കാണിക്കുവാന്‍ പാടില്ലാത്തതാണ്‌. പക്ഷെ, അവര്‍, അതൊരു പേഴ്സണല്‍ കാര്യമല്ലാത്ത വിധം മാധ്യമങ്ങളില്‍ പെരുമാറ്റിയല്ലോ. അതൊരു ഇഷ്യു ആവുന്നത്‌ അങ്ങിനെയാണ്‌. കാരണം, കമല ആരായിരുന്നാല്‍ തന്നെയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുവാന്‍ മാത്രം പ്രാധാന്യപ്പെട്ടാല്‍ അതൊരു ഇഷ്യു ആയിത്തീരും. ആയിത്തീരലുകളുടെ വിധി അങ്ങിനെയാണ്‌. കാരണം, അപ്പോഴേ, കമല എന്ന ഒരാള്‍ ഇങ്ങിനെയൊക്കെ നമ്മെ ഇടപെടുവിക്കുവാന്‍ മാത്രം ആരായിരുന്നു എന്നറിയുവാന്‍ നമ്മെ ഉത്സുകികളാക്കുക. അവര്‍ മലയാളത്തില്‍ രചനാവൈശിഷ്ട്യമുള്ള ചില കഥകളെങ്കിലും എഴുതിയ ഒരാളായിരുന്നു എന്നത്‌ ആ അന്വേഷണം ക്ലേശമെന്യേ കാണിച്ചു തരികയും ചെയ്യും.

എഴുത്തുകാര്‍ക്ക്‌ മതം മാറാന്‍ കഴിയുമെങ്കില്‍ എഴുത്തിനും മതം മാറിവരാമോ എന്നൊരു ചോദ്യം അങ്ങിനെയാണ്‌ വായനക്കാരെയും കാഴ്ചക്കാരേയും പിടിച്ചു കുലുക്കുക. കാരണം, എഴുത്തിനും മതം മാറാനായാല്‍ വായനയ്ക്ക്‌ മാത്രമായി പിടിച്ചുനില്‍ക്കാനായി എന്നുവരുമോ!

Subscribe Tharjani |
Submitted by sunil cherian (not verified) on Tue, 2009-07-07 19:55.

ഇസ്ലാം കമലയുടെ 'സബ്സ്റ്റിറ്റ്യൂട്ട് ബോയ്‌ഫ്രണ്ട്' ആയിരുന്നു എന്ന കോമണ്‍ പല്ലവിയേക്കാള്‍ സുദേഷ് ചുരണ്ടിയ കാരണങ്ങളില്‍ ശ്രദ്ധേയമായത് അവരുടെ വയസ്സുദീനമാണു. വിജയന്‍ നരായണഗുരുവില്‍ തട്ടി വീണതു പോലെ കമലയുടെ 'ഡെഡ് എന്‍ഡ്' കുറേക്കൂടി എക്‌സ്പ്ളിസിറ്റായിരുന്നു. പ്രായമാവുമ്പോള്‍ മനുഷ്യര്‍ സ്പിരിച്ച്വല്‍ ഇടങ്ങള്‍ അന്വേഷിക്കുന്നത് കുറിപ്പില്‍ സുദേഷിനു കുറേക്കൂടി അന്വേഷിക്കാമായിരുന്നു.

Submitted by R.Sajan (not verified) on Wed, 2009-07-08 10:54.

Wahabi money ushered in Moslem influence in creative fields, in the last 15 years. In Malayalam, it began with 'Maadhyamam'. Ignorance of the language [and the then lack of suitable Computer fonts] made them spell their name incorrectly. Their financial influence however, ensured that such error was accepted as correct. The letter 'ddha' has consequently disappeared from the language. Such wholesome effect continues to be contributed by the minorities in different creative areas.

In times to come, Madhavikkutty might be remembered only because of her minority association. Her grave might become a shrine for lovers; and pose a threat to Beema palli [where Beema has been buried]. In 25 years, Madhavikkutty might merely be the heroine in a Laila-Majnu tale-with-a-twist unless the minorities wrest for her the same status that they managed for Vaikom Muhammed Bashir, an author of nominal genius when compared to Madhavikkutty.