തര്‍ജ്ജനി

മുഖമൊഴി

നിങ്ങള്‍ ആരുടെ ചേരിയില്‍?

നിങ്ങള്‍ ആരുടെ ചേരിയില്‍ എന്ന ചോദ്യം സാഹിത്യകാരന്മാരോട് പണ്ട് ചോദിച്ചിരുന്നു. അതു് അഖിലലോക ചോദ്യമായിരുന്നു. കേരളത്തിലും സാഹിത്യകാരന്മാരോട് ആ ചോദ്യം ചോദിക്കപ്പെട്ടു. ഓരോരുത്തരും പല ചേരികളിലായാണ് നിലയുറപ്പിക്കുന്നതെന്നും അത്തരം ചേരികള്‍ ചില പ്രത്യേകപരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ഈ ജ്ഞാനം സാഹിത്യകാരന്മാര്‍ക്കു് നല്കിയതു് രാഷ്ട്രീയക്കാരായിരുന്നു; ഇടതുപക്ഷക്കാര്‍. കൃത്യമായി പറഞ്ഞാല്‍ കമ്യൂണിസ്റ്റുകാര്‍. അതുവരെ പൂവും പൂങ്കാവനവും സൗന്ദര്യവും ഭാവനാസ്വര്‍ഗ്ഗവുമായിക്കഴിഞ്ഞ സാഹിത്യകാരന്മാര്‍ അതില്‍പ്പിന്നെയാണു് ചേരിതിരിവു് നടത്തുകയും ചേരിപ്പോരു് തുടങ്ങുകയും പുരോഗമനസാഹിത്യകാരന്മാരാവുകയുമൊക്കെ ചെയ്തതു്. പക്ഷെ, ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം കിട്ടിയതോടെ പുരോഗമനസാഹിത്യകാരന്മാരുടെ ഇടയില്‍ ചേരിപ്പോരുണ്ടാവുകയും അവര്‍ കൂട്ടം പിരിയുകയും ചെയ്തവെന്നു് ചരിത്രപുസ്തകത്തില്‍ വായിക്കാം. ചേരിപ്പോരിനു് കാരണം സാഹിത്യത്തില്‍ രൂപമാണോ ഭാവമാണോ പ്രധാനം എന്ന ചോദ്യമായിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വല്ലതും ചര്‍ച്ചയ്ക്കെടുത്താല്‍ ചേരിപ്പോരു് നടന്നു് തകര്‍ന്നുപോകുന്നതാണോ സാഹിത്യകാരന്മാരുടെ സഖ്യം? സാഹിത്യമല്ലാത്ത കാര്യത്തിന്റെ പേരില്‍ മാത്രമേ അവര്‍ക്കു് യോജിച്ചു നില്ക്കാനാവുകയുള്ളൂ എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതു്.

എന്തു തന്നെയായാലും ചേരിച്ചോദ്യം രാഷ്ട്രീയത്തിന്റെ തുരുപ്പുചീട്ടുകളില്‍ ഒന്നാണു്. ആവര്‍ത്തിച്ചു് ഈ തുരുപ്പു ചീട്ട് പ്രയോഗത്തിനു് വിധേയരായ ജനസാമാന്യം പലപ്പോഴും ചേരിയെക്കുറിച്ചുള്ള അങ്കലാപ്പില്‍ അകപ്പെട്ടു പോകാറുണ്ടു്. സ്വന്തം ചേരിയാണു് എന്നു് അവര്‍ കണക്കാക്കിയിരുന്ന ചേരിയില്‍ നിന്നും ഒരു നിലയ്ക്കും യോജിക്കാനാകാത്ത നടപടികള്‍ ആവര്‍ത്തിച്ചു് സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഒന്നുകില്‍ ചേരിബോധം ഉപേക്ഷിച്ചു് പിന്‍വാങ്ങുകയോ, താല്ക്കാലികമായെങ്കിലും മറുചേരിയോട് ഐക്യപ്പെടുകയോ ചെയ്യും. അവര്‍ക്കു്, ഇങ്ങനെ ഒരു സ്വാതന്ത്ര്യം സാദ്ധ്യമാണെന്ന ബോധം അവര്‍ വീണ്ടെടുക്കുകയാണു് എന്നു് ഈ താല്ക്കാലികപ്രതിഭാസത്തെ വിളിക്കാനാവില്ല. ഒരു തരം അരിശം തീര്‍ക്കല്‍, അല്ലെങ്കില്‍ ധിക്കാരം കാണിക്കല്‍. നിങ്ങള്‍ അങ്ങനെ ചെയ്യുമെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ചെയ്യും എന്നു് കാണിക്കല്‍. അതെല്ലാം കഴിഞ്ഞു് എല്ലാം ക്ഷമിച്ചും പൊറുത്തും, എന്തു തന്നെയായാലും നമ്മളുടെ ചേരിയല്ലേ എന്ന വിചാരത്തോടെ അവര്‍ തിരിച്ചു് ചേരിജീവിതചര്യകളിലേക്കു് മടങ്ങിപ്പോകും.

ചേരികളില്ലാതെ നമ്മുക്കു് ജീവിക്കാനാവില്ലേ? സ്വതന്ത്രമായി നമ്മുക്കു് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാദ്ധ്യമല്ലേ? സ്വതന്ത്രമായ കൂട്ടുകൂടലുകള്‍ സാദ്ധ്യമല്ലേ? ആരെങ്കിലും നയിച്ചില്ലെങ്കില്‍ വഴി തെറ്റിപ്പോകുന്നവരാണോ നമ്മള്‍? ഈ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാനുള്ള സമയമാണിതു്.

കേരളത്തിലെ വിദ്യാലയങ്ങളില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു് മുതലുള്ള പ്രവര്‍ത്തനം മുതല്‍ ആരംഭിക്കുന്നതാണു് ചേരി തിരിക്കല്‍. ഒന്നും വ്യക്തമായി മനസ്സിലാക്കാനുള്ള മാനസികപക്വതയെത്തിയിട്ടില്ലാത്ത പ്രായത്തില്‍ ഏതെങ്കിലും ചേരിയില്‍ ചേര്‍ത്തു്, ഈ ചേരിയുടെ പ്രവര്‍ത്തനം നടത്തുകയും, എല്ലാ പ്രവര്‍ത്തനത്തേയും നീതീകരിക്കുകയുമാണു് ചേരിയില്‍പ്പെട്ടവരുടെ ഉത്തരവാദിത്തം എന്നു് ധരിപ്പിക്കുന്നു. സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ, ഇത്തരം പ്രവര്‍ത്തനത്തില്‍ മനസ്സുകൊണ്ടുപോലും പങ്കെടുക്കാനാകാത്തവര്‍ നീതീകരിക്കുന്നു. അതു് അവരുടെ ഉത്തരവാദിത്തമാണു് എന്ന തെറ്റിദ്ധാരണയിലാണു് അവര്‍ അങ്ങനെ ചെയ്യുന്നതു്. വ്യക്തിപരമായി ശരിയെന്നു് തോന്നുന്നതു് പരസ്യമായി പ്രകടിപ്പിക്കാതിരിക്കുക വഴി ചേരിബോധം നിലനിറുത്തുകയാണവര്‍. ഏതു് നെറികേടിനേയും നാണംകെട്ട ന്യായവാദങ്ങള്‍ അവതരിപ്പിച്ചു് നീതീകരിക്കുന്ന കുതന്ത്രശാലികളായ രാഷ്ട്രീയക്കാരുടെ വാക്കുകള്‍ പിന്‍പറ്റി ചിന്തിക്കുക എന്ന വിധി അങ്ങനെ അവരില്‍ ആഴത്തില്‍ വേരു് പടര്‍ത്തുന്നു. ചിന്താപരമായ സ്വാതന്ത്ര്യമില്ലാതെ വണ്ടിക്കുതിരയെപ്പോലെ പരിമിതപ്പെടുത്തിയ കാഴ്ചവട്ടത്തിനകത്തു് സഞ്ചരിക്കുവാന്‍ അവര്‍ വിധിക്കപ്പെടുന്നു.

കേരളത്തിലെ ഇടത്തരക്കാരന്റെ ജീവിതം ചേരിബോധത്താല്‍ നിയന്ത്രിക്കപ്പെട്ടതാണു്. ചേരിബോധത്തിന്റെ ഉത്തരവാദിത്തം അവനുമേല്‍ സ്കൂള്‍ കാലത്തു തന്നെ കെട്ടിയേല്പിച്ച രാഷ്ട്രീയനേതാക്കള്‍ ഈ സ്ഥിരനിക്ഷേപത്തിന്റെ പലിശവാങ്ങി അവരുടെ അധികാരസോപാനങ്ങള്‍ പടുത്തുയര്‍ത്തുന്നു. ചോദ്യം ചെയ്യാനോ വിമര്‍ശിക്കാന്‍ പോലും സാദ്ധ്യമാവാത്ത വിധേയത്വം ഇടത്തരക്കാരന്റെ മുഖമുദ്രയാണു്. കരുത്തു് പ്രടകിപ്പിക്കുന്നവനു് വിധേയമായി ജീവിക്കുകയാണവര്‍. സ്കൂള്‍-കോളേജ് പഠനം കഴിഞ്ഞു് ജോലിനേടിയാല്‍ അവര്‍ ആദ്യം ചെയ്യുന്നതു് ഒരു സര്‍വ്വീസ് സംഘടനയില്‍ അംഗമാവുകയാണു്. അതോടെ എല്ലാം ഭദ്രമായി. സംഘടന നയിച്ചുകൊള്ളും, അതു് അനുസരിക്കുകയേ വേണ്ടൂ. എല്ലാ പ്രശ്‌നത്തില്‍ നിന്നും സംഘടന സംരക്ഷിച്ചുകൊള്ളും. കൈക്കൂലി വാങ്ങാം, പൊതുജനത്തോടു് നിരുത്തരവാദപരമായി പെരുമാറാം, എന്തുമാകാം. ആരുണ്ടിവിടെ ചോദിക്കാന്‍? ഞാനൊരു ബാലനശക്തനെന്നാകിലും കരുത്തരായ സംഘടനാനേതൃത്വം സംരക്ഷണകവചമായി എനിക്കുണ്ടു്. പൊതുജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ജീര്‍ണ്ണതയെ സ്ഥാപനവത്കരിക്കുന്നതില്‍ വിപ്ലവാത്മകമായ പങ്കു് ചേരിചിന്തയ്ക്കുണ്ടു്.

കേരള സര്‍വ്വകലാശാലയില്‍ ഒരു അദ്ധ്യാപിക ചേരിനേതൃത്വത്തിന്റെ അവഹേളനത്തിനും പീഡനത്തിനും ഇരയായി എല്ലാവിധത്തിലുള്ള ക്ലേശവും സഹിച്ചു് പൊരുതുന്നതിനെക്കുറിച്ചു് ഇടക്കാലത്തു് പത്രങ്ങളിലും ടെലിവിഷനിലും വാര്‍ത്ത വന്നിരുന്നു. ആ ശാസ്ത്രജ്ഞ ചേരിനേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ വിസമ്മതിച്ചതിനാലാണു് ദ്രോഹിച്ചതു്. മാന്യതയുടേയും സാമൂഹികബോധത്തിന്റേയും എല്ലാ സീമകളും ലംഘിച്ചുള്ള ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ ബുദ്ധിജീവിസമൂഹം കൃത്യമായ ചേരിബോധത്തോടെ ഒരു ശാസ്ത്രജ്ഞയ്ക്കെക്കതിരെയുള്ള അവകാശലംഘനത്തെ നോക്കിനിന്നു. ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചേരിയുടെ എതിര്‍ചേരിയില്‍ ഉള്ളവരും നിസ്സംഗരായിരുന്നു. ചേരികളുടെ താല്പര്യവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുന്നവരുടെ കാര്യത്തില്‍ നമ്മുക്കെന്തു് കാര്യം എന്നതായിരുന്നു അവരുടേയും നിലപാട്.

നിങ്ങള്‍ ഏത് ചേരിയില്‍ എന്ന ചോദ്യം സാഹിത്യകാരന്മാരോടു് മാത്രമല്ല പൊതുസമൂഹത്തിലെ എല്ലാവരോടും പ്രകടമായും അല്ലാതെയും നിരന്തരമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ ഒരു ചേരിയിലുമല്ല, സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും നിശ്ചയിച്ച മനുഷ്യരാണെന്നു് പറയാന്‍ കഴിയാതെ പോകുന്നിടത്താണു് എല്ലാ പ്രശ്‌നങ്ങളും ആരംഭിക്കുന്നതു്. ക്ഷുദ്രതാല്പര്യത്തിന്റെ ചേരീരൂപവത്കരണങ്ങളില്‍ നിന്നു് മാറി നില്ക്കാനും ചിന്തയിലും പ്രവര്‍ത്തനത്തിലും സ്വാതന്ത്ര്യം പ്രകടിപ്പിക്കുവാനും കഴിയാത്തിടത്തോളം അവകാശലംഘനങ്ങളും വ്യക്തിസ്വാതന്ത്ര്യധ്വംസനവും നീതീകരിക്കപ്പെടുന്ന സാഹചര്യം ശക്തിപ്രാപിക്കുക തന്നെയാണു് ചെയ്യുക.

Subscribe Tharjani |
Submitted by K.M.Venugopalan (not verified) on Mon, 2009-07-06 12:45.

Aptly worded piece, worth for not just the literary and academic communities, but also each 'social animal' who finds it tough to survive without taking recourse to one or other branded community even at the expense of his/her real sense of social belonging.

Submitted by Anonymous (not verified) on Wed, 2009-07-08 19:58.

അപ്പോള്‍ നാം ഒരു ചേരിചേരാനയം പ്രഖ്യാപിക്കുകയും ഒരു ചേരിചേരാചേരിയില്‍ ചേരുകയും വേണം. അങ്ങിനെ ചേരിചേരാനയം പ്രഖ്യാപിച്ചവരുടെതായ ഒരു പുതിയ ചേരി! ചേരികളില്‍ നിന്നും ചേരികളില്ലായ്മയിലേക്ക് ........എന്നിട്ടോ?

Submitted by chithrakaran:ചിത്രകാരന്‍ (not verified) on Fri, 2009-07-31 22:01.

nalla lekhanam .
ചേരികള്‍ ആയാലും ചേരി ചേരായ്മ ആയാലും വിഭാഗീയത തന്നെ . സത്യത്തില്‍ വിഭാഗീയത എന്നത് കുറച്ചുകൂടി നല്ല വാക്കാണെന്നു തോന്നുന്നു . അടിമത്വം ആണിത്‌. അടിമത്വത്തിന്റെ വിവിധ ബ്രാന്‍ഡുകള്‍ എന്നതിലുപരി vividha ചേരിക്കും ചേരി ചേരായ്മക്കും നന്മയുടെ ഉള്ളടക്കമൊന്നുമില്ല. ജന്മിയുടെതായാലും, മുതലാളിയുടെത് ആയാലും, തൊഴിലാളിയുടെതായാലും അടിമ ചേരി അടിമകളുടെതാണ്. എല്ലാ ചേരികളെയും ചേരിയില്ലായ്മയെയും ഉള്‍ക്കൊള്ളാനാകുന്ന സ്വാതന്ത്ര്യ ബോധമാണ് നമുക്കില്ലാതെയിരിക്കുന്നത്. നമ്മുടെ പുരോഗമാനവാദികളെന്നു കരുതുന്നവരിലാണ് അടിമത്വം കൂടുതലായി കണ്ടുവരുന്നത് ennathaan sahathaapakaram .
swaathanthryatthilekk manass unarnnavarkke ee lekhanatthinte ullatakkam manassilaakkaan kazhiyu .