തര്‍ജ്ജനി

ഹേനാ രാഹുല്‍

തപാല്‍ വിലാസം: 557, Hesseman Street, PO.Box. 1524, Holly Hill, SC.29059 USA.
ഫോണ്‍:001-803-348-3991
ബ്ലോഗ്: www.henarahul.blogspot.com
ഇ മെയില്‍ : henarahul@gmail.com

Visit Home Page ...

ലേഖനം

എന്റെ മാധവിക്കുട്ടി

തുടക്കത്തില്‍ സുഗതകുമാരിയും എം.ടിയും ഒ.എന്‍.വിയുമൊക്കെയായിരുന്നു പ്രധാനികള്‍. ഓട്ടോഗ്രാഫില്‍ എഴുതാനുള്ള വാചകങ്ങളും വാക്കുകളും ഇവരില്‍ നിന്നായിരുന്നു കട്ടെടുത്തിരുന്നത്. കൂട്ടുകാരികളുടെ മുന്നില്‍ മേനി ചമയാനും ഈ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉപകരിച്ചു. വായനയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിശ്ചലത അനുഭവപ്പെട്ടു തുടങ്ങിയെന്നു് തോന്നി. വായന ഇവിടെ അവസാനിക്കുകയാണൊ എന്നൊരു അനിശ്ചിതത്വം. അങ്ങിനെ മന്ദത അനുഭവപ്പെട്ട കാലത്താണ് വായനയില്‍ മാധവിക്കുട്ടിയെത്തുന്നത്. എന്റെ കഥയും കവിതകളും മൂന്നു് നോവലുള്‍ക്കൊള്ളുന്ന ആ ചെറിയ പുസ്തകവും അക്കാലത്ത് കൂടെ കൊണ്ടുനടന്നു. കവിതയും കഥയുമെല്ലാം ഒരാളില്‍ നിന്ന് വായിക്കാമെന്നായി, തുറന്നുവെച്ച ജീവിതവും. അവരുടെ കഥകളിലൂടെ ഒഴുകി നടന്നു. ഓരോ കാലത്തും ഓരോ മൂര്‍ച്ഛകള്‍.

അതിന് മുമ്പൊക്കെ സ്വന്തം വിചാരവികാരങ്ങളെ കൂട്ടുകാരോട് തുറന്ന് പറയാന്‍ മടിയായിരുന്നു. എന്റേത് മാത്രമായ ഭ്രാന്തായിക്കരുതി ഞാനതിനെ എന്റെയുള്ളില്‍ തന്നെ അടക്കം ചെയ്തുകൊണ്ടിരുന്നു. ചുങ്കപ്പിരിവുകാരെ ഭയന്ന് ആവശ്യത്തിന് മാത്രം പുറത്തെടുക്കുന്ന വാണിഭക്കാരെപ്പോലെ ഞാന്‍ എല്ലാം തഴിട്ടുപൂട്ടി ഭദ്രമാക്കിവെച്ചു. മാധവിക്കുട്ടിയെ വായിക്കാന്‍ കിട്ടിത്തുടങ്ങിയതോടെയാണ് എനിക്ക് സമാധാനമായത്. എന്റെ സ്വപ്നങ്ങളേയും മറ്റും കൂട്ടി വായിക്കാന്‍ ഒരു സുഹൃത്ത്. അതായിരുന്നു എനിക്ക് മാധവിക്കുട്ടി. വസന്തങ്ങളെ മറച്ചു പിടിക്കാനുള്ളതല്ല, പ്രദര്‍ശിപ്പിക്കാനുള്ളതാണെന്നും ഞാനറിഞ്ഞു. അവരുടെ എഴുത്ത് എന്റെ കൂടി എഴുത്തായിരുന്നു.

മറ്റുള്ളവരെപ്പോലെ അഭിവാഞ്ഛകളെ കൂടു തുറന്ന് വിട്ടെഴുതി അവര്‍ യാഥാസ്ഥിതികവും കുടുംബപരവുമായ പരിമിതസ്ഥലത്തേക്ക് തിരിച്ചുപോയില്ല. കുടുംബത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ ആയിരുന്നപ്പോഴും അവര്‍ നിറഞ്ഞു കവിഞ്ഞൊഴുകി. പൊതുജീവിതത്തിന് പൊള്ളലേല്പിച്ച് ഒഴുകിയ ആ ലാവയെ ആയിരുന്നു നമ്മള്‍ മാധവിക്കുട്ടിയെന്ന് സ്നേഹിച്ചത്. നെഞ്ചിന്റെ ഊക്കിനൊപ്പം അവര്‍ സഞ്ചരിച്ചു. കഥയും ജീവിതവും അവര്‍ക്ക് ഒരേ കാനനവും അതിന്റെ നിരന്തരസ്വാതന്ത്ര്യവുമായിരുന്നു. മനുഷ്യരെപ്പോലെ നഷ്ടത്തെക്കുറിച്ചല്ല അവര്‍ വേവലാതിപ്പെട്ടത്. ഓരോ വാക്കും അവര്‍ക്ക് മുന്നേറാനുള്ള താക്കോലായിരുന്നു. ഓരോ പ്രവൃത്തിയും അവര്‍ക്ക് വെളിച്ചത്തിലേക്കുള്ള പടികളായിരുന്നു. അരുതാത്തത് പറയാനായിരുന്നു ഏറെ താല്പര്യം. അത് പറയുമ്പോള്‍ ചുറ്റും നെറ്റികള്‍ ചുളിയുന്നുണ്ടോ എന്നവര്‍ നോക്കിയില്ല. പാരമ്പര്യത്തിന്റെ ആണിക്കല്ലുകള്‍ പതറുന്നുണ്ടൊ എന്നും അവര്‍ ചിന്തിച്ചില്ല. നാറാണത്ത് ഭ്രാന്തന്റെ കരുത്തോടെ അവര്‍ മുന്നേറുകയായിരുന്നു, ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന് ഉച്ചിയില്‍ നിന്ന് പൊട്ടിച്ചിരിക്കുവാന്‍.

ഒടുവില്‍ നമ്മള്‍ അവരെ ഒരു ബിംബമാക്കി. നമ്മുടെ മോഹന്‍ലാലിനെപ്പോലെയോ മമ്മൂട്ടിയെപ്പോലെയൊ. പ്രേക്ഷകരുടെ ആത്മ രതിക്കും ആഗ്രഹചിന്തകള്‍ക്കും ചിറകുകള്‍ നല്കുന്ന ബിംബങ്ങള്‍. അവരെ നമ്മള്‍ ആഘോഷമാക്കുന്നു. പിന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങി പഴയ കട്ടിലിന്റെ മടുപ്പിക്കുന്ന ഈര്‍പ്പത്തിലേക്ക് അടിയുന്നു.

ഇനി നമുക്ക് പരിക്കുപറ്റില്ലെന്നുറപ്പു് വരുന്നിടത്തൊക്കെ പ്രണയത്തിനു വേണ്ടിയുള്ള മാധവിക്കുട്ടിയുടെ വ്രണിതതീര്‍ത്ഥാടനങ്ങളെക്കുറിച്ച് പറഞ്ഞ് പ്രേക്ഷകപ്രശംസ പിടിച്ചു പറ്റാം. സ്വതന്ത്ര്യത്തിന്റെ പതാകാവാഹകരായ മാധവിക്കുട്ടിയുടെ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് സമയം കളയാം. അവര്‍ സഞ്ചരിച്ച ദൂരങ്ങളും സധൈര്യം നേരിട്ട ജീവിതവും അവരുടേതു മാത്രമാണെന്നും തിരിച്ചറിയാം.

Subscribe Tharjani |
Submitted by ശ്രീകൃഷ്ണദാസ്‌ മാത്തൂർ (not verified) on Mon, 2009-07-06 09:58.

മാധവിക്കുട്ടിയുടെ അഴിഞ്ഞുലഞ്ഞ കൈപ്പടയുടെ പകര്‍പ്പ്‌ ഏതോ കുഞ്ഞുമാസികയില്‍ കഴിഞ്ഞിടെ വായിച്ചതോര്‍ക്കുന്നു..
അക്ഷരാര്‍ത്ഥത്തില്‍, ഏവര്‍ക്കും കൂടുതല്‍ പ്രിയപ്പെട്ടവര്‍ക്ക്‌ കൂടുതല്‍ വേദനകളേകേണ്ടി വന്നിട്ടേയുള്ളു.
മരണാനന്തരം അവര്‍ക്ക്‌` ലഭിക്കുന്ന സ്നേഹാദരങ്ങള്‍ അനുപമവും...

നീര്‍മാതളം കൊഴിഞ്ഞതിന്‍ ശേഷവും, വലിയൊരു സംഗീതസമ്മ്മ്രാരാട്ട് വിടപറഞ്ഞപ്പോഴുമൊക്കെ, നമ്മളത്‌ അനുഭവിച്ചിരുന്നു...
പ്രിയപ്പെട്ട്‌ മാധവിക്കുട്ടിക്ക്‌ അവരുടെ തീരാത്ത സ്നേഹവായ്പുകള്‍ക്ക്‌` ആദരാഞ്ജലികള്‍...

മാത്തൂര്‍.

Submitted by Anonymous (not verified) on Tue, 2009-07-28 13:44.

she died as kamala surayya not madavikutty. but u cant accept it coz u still in darkness