തര്‍ജ്ജനി

തുഷാര. കെ.ടി

തടത്തില്‍ വീട്,
കുരീക്കാട്.പി.ഒ.
തിരുവാങ്കുളം, എറണാകുളം
പിന്‍: 682305

Visit Home Page ...

ലേഖനം

മാധവിക്കുട്ടിയും കലാപീഠവും

ടി.കലാധരനുമായി നടത്തിയ സംഭാഷണത്തെ ആധാരമാക്കി തയ്യാറാക്കിയത്


കേരളകലാപീഠത്തിലെ അനുസ്മരണയോഗത്തില്‍
കലാധരന്‍ സംസാരിക്കുന്നു

വരയും വര്‍ണ്ണങ്ങളും രൂപങ്ങളും സംഗീതവും കേരളകലാപീഠത്തിന്റെ അന്തരീക്ഷത്തിന്റെ ഭാഗമാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാരും എഴുത്തുകാരും നാടകപ്രതിഭകളും ചലച്ചിത്രകാരന്മാരും ഈ അനതരീക്ഷത്തെ പരിപോഷിപ്പിക്കാനായി കൂട്ടു ചേര്‍ന്നിട്ടുണ്ടു്. കലാപീഠത്തിലെ ചിത്രകലാപ്രദശനങ്ങളും സാഹിത്യസന്ധ്യകളും പ്രതിഭകളുടെ സാന്നിദ്ധ്യത്താല്‍ എന്നും അനുഗ്രഹീതമായിരുന്നു. മാധവിക്കുട്ടി കലാപീഠത്തില്‍ ആദ്യമായി എത്തിയത് ഒരു സാഹിത്യസന്ധ്യയില്‍ പങ്കെടുക്കാനായിരുന്നു. ഈ വരവാണു് മാധവിക്കുട്ടിയിലെ ചിത്രകാരിയെ കണ്ടെത്തുന്നതിനും പുറത്തു വരുന്നതിനും നിമിത്തമായതു്. അക്കാലത്തു് മാധവിക്കുട്ടിയുടെ സഹോദരി ഡോ.സുലോചനയുടെ മകള്‍ അനുരാധ നാലപ്പാട് കലാപീഠത്തില്‍ ചിത്രകലാവിദ്യാര്‍ത്ഥിയായിരുന്നു. സാഹിത്യസന്ധ്യയില്‍ മാധവിക്കുട്ടി പങ്കെടുക്കുകയെന്ന ആശയം അനുരാധ കാരണം ഉണ്ടായതായിരുന്നു. വരാമെന്നു് മാധവിക്കുട്ടി സമ്മതിച്ചു. അക്കാലത്തു് കേരളത്തില്‍ വളരെ അപൂര്‍വ്വം വേദികളില്‍ മാത്രമേ മാധവിക്കുട്ടി പങ്കെടുത്തിരുന്നുള്ളൂ. കലാപീഠത്തിലെ സാംസ്കാരിക സന്ധ്യകള്‍ പ്രാമാണികരായ എഴുത്തുകാരും പത്രപ്രവര്‍ത്തകരും കലാകാരന്മാരും ശ്രോതാക്കളായി എത്തുന്നതായിരുന്നു. എം.കെ.സാനു, എം.വിദേവന്‍,തോമസ് മാത്യ, സി.രാധാകൃഷ്ണന്‍ എന്നിവരെല്ലാം സജീവമായി സംവാദങ്ങളില്‍ പങ്കെടുക്കുമായിരുന്നു. എണ്‍പതുകളുടെ ഈ സജീവതയിലേക്കാണു് മാധവിക്കുട്ടിയെ ഞങ്ങള്‍ ക്ഷണിച്ചതു്.

വുഡ്‌ലാന്റ്‌സ് ഹോട്ടലില്‍ മാധവിക്കുട്ടിയെ കാണാന്‍ പോകുമ്പോള്‍ ഫോട്ടോഗ്രാഫറായ രാമനും എന്നോടൊപ്പം ഉണ്ടായിരുന്നു. 1985 ജനുവരി 26 ലെ സാഹിത്യസന്ധ്യയില്‍ പങ്കെടുക്കാനാണു് മാധവിക്കുട്ടിയെ ക്ഷണിച്ചതു്. ഈ സന്ദര്‍ശനം മാധവിക്കുട്ടിയുടെ അപൂര്‍വ്വവ്യക്തിത്വത്തെ അടുത്തറിയുന്നതിനു് തുടക്കം കുറിച്ചു. ഇരപത്തിയാറിനു് അവരെ കലാപീഠത്തിലേക്കു് കൂട്ടിക്കൊണ്ടുവരാനായി ചെല്ലുമ്പോള്‍ കസവുമുണ്ടും പച്ച ബ്ലൗസും സ്വര്‍ണ്ണാഭരണങ്ങളുമായി ഒരു മണവാട്ടിയെപ്പോലെ അവര്‍ ഒരുങ്ങി നില്പുണ്ടായിരുന്നു. ആ ചിത്രം ഇന്നും മായാതെ മനസ്സിലുണ്ടു്. സാഹിത്യസദസ്സിനു് യോജിക്കുന്നതാണോ ഈ വേഷം എന്നു് രാമന്‍ സംശയം പ്രകടിപ്പിച്ചു. മാധവിക്കുട്ടിയുടെ പ്രതികരണം പെട്ടെന്നായിരുന്നു. എന്താ ഇതു പോരെ എന്നായിരുന്നു അവര്‍ ചോദിച്ചതു്. ഈ വേഷം ഇഷ്ടമായില്ലെന്ന തോന്നലില്‍ അവര്‍ പരിഭവത്തിലായി. ഇഷ്ടവസ്ത്രമണിഞ്ഞ കുട്ടിയുടെ ചിണുങ്ങലായി. ആളുകള്‍ എന്തു കരുതുമെന്നു് ചിന്തിക്കാതെ വാശിപിടിക്കുന്ന കുട്ടിയോടെന്നപോലെ വീണ്ടും പറഞ്ഞപ്പോള്‍ വസ്ത്രം മാറാന്‍ അവര്‍ തയ്യാറായി. വയലിനിസ്റ്റ് എം. ചന്ദ്രശേഖരനെ ഞങ്ങള്‍ക്കു് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങള്‍ അതിനായി പോയി തിരിച്ചു വരുമ്പോഴേക്കും സാരി മാറി മുടി വിടര്‍ത്തിയിട്ട് ലളിതമായ ഒരു ആകര്‍ഷണീയതയോടെ അവര്‍ തയ്യാറായി നില്പുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം സാധിക്കുന്ന വേഷപ്പകര്‍ച്ച പോലെതന്നെയാണു് അവരുടെ ഭാവപ്പകര്‍ച്ചകളും.

അന്നത്തെ സാഹിത്യസന്ധ്യ ഏറെ പ്രത്യേകതകളുള്ളതായിരുന്നു. മാധവിക്കുട്ടി കലാപീഠത്തില്‍ അതിഥിയായി വരുന്നുവെന്നറിഞ്ഞപ്പോള്‍ അക്കാലത്തു് ഫാക്ടില്‍ ജോലി ചെയ്യുകയായിരുന്ന ടി. പത്മനാഭന്‍ ഉച്ചയോടെ കലാപീഠത്തിലെത്തി. മാധവിക്കുട്ടിയെ സദസ്സിലേക്കു് സ്വാഗതം ചെയ്യാനുള്ള ഉത്തരവാദിത്തം താന്‍ നിര്‍വ്വഹിച്ചുകൊള്ളാം എന്നു് പറയാനാണു് അദ്ദേഹം വന്നെത്തിയതു്. പൊതുവേദികളില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ചു നില്ക്കുന്ന ടി. പത്മനാഭനാണു് ഇതു് പറയുന്നതു്. വളരെ സന്തോഷം തോന്നി. വൈകുന്നേരം അപൂര്‍വ്വമായ അതിഥിയെ കാണാന്‍ നിറഞ്ഞ സദസ്സു്. കഥാകൃത്തു് ടി.ആറും കൂട്ടുകാരും സദസ്സിലുണ്ടായിരുന്നു. മാധവിക്കുട്ടിയോട് വിയോജിച്ചും വിമര്‍ശിച്ചും ടി.ആര്‍ ചര്‍ച്ചയില്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ കുസൃതി. പക്ഷെ മാധവിക്കുട്ടിക്കു് അതു് സഹിക്കാനാകുമായിരുന്നില്ല. അവര്‍ ക്ഷുഭിതയായി. വേദിയില്‍ നിന്നും അവര്‍ ഇറങ്ങിപ്പോയി. താമസസ്ഥലത്തു് തിരിച്ചെത്തിയിട്ടും അവരുടെ രോഷവും സങ്കടവും അടങ്ങിയില്ല. അവരതു് തറന്നു പറയുക തന്നെ ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണു് ഭര്‍ത്താവ് മുറിയിലെത്തിയതു്. ദാസേട്ടാ, എന്തു നല്ല പ്രോഗ്രാം എന്നു് അവര്‍ പരിപാടിയെക്കുറിച്ചു് പറഞ്ഞു. ഞങ്ങള്‍ ആകെ അമ്പരന്നു. പക്ഷെ ഞങ്ങളുടെ വിഷമം അതോടെ ലഘൂകരിക്കപ്പെട്ടു. മാനസികഭാവങ്ങളെ മുഖഭാവം കൊണ്ടു് മറച്ചു പിടിക്കുന്ന അഭിനയചാതുരിയാണു് അവിടെ ഞങ്ങള്‍ കണ്ടതു്. അവര്‍ തീവ്രമായ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. നിമിഷങ്ങള്‍ക്കകം ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു് അനായാസം മാറുന്നു. വിസ്മയജനകം തന്നെയായിരുന്നു. അതു്. ഇത്തരം ഭാവപ്പകര്‍ച്ചകള്‍ സ്ത്രീജീവിതത്തിന്റെ അനിവാര്യതയാണു് എന്നു് അവരുടെ എഴുത്തുകളും പറയാതെ പറയുന്നുണ്ടല്ലോ.

കിട്ടുന്നതൊക്കെ ആര്‍ക്കും കൊടുക്കുകയും തോന്നുന്നതു് മറയില്ലാതെ പറയുകയും ചെയ്യുന്ന ഭാവത്തിലെത്തുമ്പോഴാണു് കമലാദാസ് എന്ന കവയത്രിയുടെ ജനനം. സൗന്ദര്യമുള്ള എന്തിനേയും സൂക്ഷ്മമായി വിശകലനം ചെയ്തു് ഭാവനാലോകത്തു് ചിറകുയര്‍ത്തുന്ന പക്ഷിയായി അപ്പോള്‍ അവര്‍ മാറും. വാക്കുകളും വരകളും പുതിയ വഴികള്‍ തേടുമ്പോള്‍ തന്നെക്കുറിച്ചു് മറ്റുള്ളവര്‍ എന്തു കരുതുന്നുവെന്നു് ഒരു നിമിഷത്തേക്കെങ്കി
ലും വിസ്മരിച്ചു പോകുന്നു. ഇത്തരമൊരു തുറന്നടിക്കലില്‍ നിന്നായിരുന്നു കമലാദാസിലെ ചിത്രകാരിയുടെ ജനനം. അനുരാധയുടെ ചിത്രപ്രദര്‍ശനത്തിനെത്തിയപ്പോള്‍ ക്യാന്‍വാസും പെയിന്‍റും കിട്ടിയാല്‍ ഞാനും ചിത്രങ്ങള്‍ വരയ്ക്കും എന്നു് അവര്‍ പറഞ്ഞു. ആ വാക്കു് സത്യമായി. ക്യാന്‍വാസും നിറങ്ങളും മാധവിക്കുട്ടിയെ തേടിയെത്തി. എഴുത്തിലെന്നപോലെ അവര്‍ ചിത്രരചനയിലും തന്റേതായ രീതികളാണു് പ്രയോഗത്തില്‍ വരുത്തിയതു്. മനുഷ്യശരീരത്തിന്റെ നഗ്നതയിലാണു് സൗന്ദര്യം പൂര്‍ണ്ണമായി കാണുന്നതെന്നു് പറഞ്ഞ അവര്‍ വരച്ചത് ഏറെയും ന്യൂഡുകളായിരുന്നു. വിളറിയ മഞ്ഞ നിറത്തില്‍ പ്രകാശവത്തായ കണ്ണുകളും നരച്ച തവിട്ടുനിറവും ഇരുണ്ട പച്ച നിറവും ചേര്‍ന്നൊരുക്കിയ അനുഭവലോകമാണു് ആ ചിത്രങ്ങള്‍ കാഴ്ചവെക്കുന്നതു്. മലയാളികളുടെ ചിത്രാവബോധത്തിന്റെ സ്ഥിരം പാതകളില്‍ സഞ്ചരിക്കുവാന്‍ അവര്‍ക്കു് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.


കലാപീഠത്തിലെ സദസ്സ്

കമലയുടെ ഭാവാന്തരങ്ങള്‍ എന്നും ആസ്വാദകലോകത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സുരയ്യയിലേക്കുള്ള മാറ്റം ഇതിനു് ഉദാഹരണം. ഏറെ ചൂടും പുകയും ഉയര്‍ത്തിയ ആ മാറ്റം, പക്ഷെ അവരെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികം പോലെ ആയിരുന്നു. മതം മാറ്റത്തിനു ശേഷവും നാലപ്പാട്ടെ പൈതൃകവും കൃഷ്ണഭക്തിയും അവര്‍ കയ്യൊഴിഞ്ഞില്ല. പലര്‍ക്കും ഈ മാറ്റം മനസ്സിലാക്കാന്‍ തന്നെ സാധിച്ചില്ല. അങ്ങനെ അസ്വസ്ഥരായവരും അരിശപ്പെട്ടവരും അയക്കുന്ന കത്തുകള്‍ തുറന്നു നോക്കുക പോലും ചെയ്യാതെ അവര്‍ കീറിയെറിഞ്ഞു. തന്നെ ഉള്‍ക്കൊള്ളാനാകാത്ത മനസ്സുകളാണു് ആ കത്തുകള്‍ക്കു പിന്നിലുള്ളതെന്നു് മനസ്സിലാക്കാന്‍ അവര്‍ക്കു് സാധിക്കുമായിരുന്നു. പക്ഷെ, ലോകം തന്നെ പൊതുശത്രുവായി കാണുന്നുവെന്ന തോന്നല്‍ അവരെ നൊറ്റരപ്പെടുത്തി. എന്നാലും ആരെക്കുറിച്ചെങ്കിലുമോ എന്തിനെപ്പറ്റിയെങ്കിലുമോ ദോഷമായി ഒരു വാക്കും അവരുടെ നാവില്‍ നിന്നും വന്നില്ല. അപ്പോഴും വാക്കുകളില്‍ സ്നേഹവും കരുണയും മാത്രം. വാര്‍ദ്ധക്യത്തോടൊപ്പം ഈ നൊമ്പരങ്ങളും ചേര്‍ന്നപ്പോള്‍ ശാരീരികമായ അസ്വസ്ഥതകള്‍ അവരെ തളര്‍ത്തി. സ്വപ്‌നങ്ങള്‍ പൂത്തുലയുന്ന മനസ്സായിരുന്നു അപ്പോഴും അവരുടേത്. ജീവിതം കൊണ്ടു് എത്തിപ്പിടിക്കാന്‍ കഴിയാത്തതിനെ അവര്‍ ഭാവനകൊണ്ടു് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചു.

കൊച്ചി കടവന്ത്രയില്‍ നെപ്റ്റിയൂണ്‍ കണ്‍ട്രി എന്ന ഹൗസിംഗ് കോളനിയില്‍ എന്റെ ശില്പങ്ങളുടെ പ്രദര്‍ശനം നടന്ന സന്ദര്‍ഭത്തില്‍ മാധവിക്കുട്ടിയും വന്നിരുന്നു. 2000 ജനവരി 15നായിരുന്നു കിളിത്തറ എന്നു് പേരിട്ട ശില്പങ്ങള്‍ ഹിരോഷി മികാമി എന്ന ജാപ്പനീസ് ശില്പിയുടെ ഓര്‍മ്മയ്ക്കു് സമര്‍പ്പിക്കപ്പെട്ടതു്. എം.വി.ദേവനായിരുന്നു സമര്‍പ്പണം നടത്തിയതു്. ഈ പരിപാടിക്കു് മാധവിക്കുട്ടി വന്നതു് ശാരീരികമായ വിഷമങ്ങള്‍ അനുഭവിക്കുന്ന ഘട്ടത്തിലായിരുന്നു. പക്ഷെ 30 അടി ഉയരമുള്ള ശില്പം കണ്ടപ്പോള്‍ അതിനു മുകളില്‍ കയറണം എന്നായി അവരുടെ ആഗ്രഹം. അതിനു മുകളില്‍ കയറിയാല്‍ എന്തെല്ലാം കാഴ്ചകള്‍ കാണാം എന്നവര്‍ വിസ്മയിക്കുകയും ചെയ്തു. ആ പറച്ചിലിനിടയില്‍ അവര്‍ ഭാവനയിലൂടെ ആ ഉയരം കയറിക്കഴിഞ്ഞിരുന്നു. ആ ഭാവനാദൃശ്യത്തിന്റെ സൗന്ദര്യം അവരുടെ മനസ്സില്‍ നിറഞ്ഞു കത്തുകയായിരുന്നു. മുമ്പ് വസ്ത്രത്തെക്കുറിച്ചു് പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതികരണത്തിനു് സമാനമായ പ്രതികരണമാണു് ശില്പത്തിനുമേല്‍ കയറാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും കണ്ടതു്. ഏതേത് വേഷപ്പകര്‍ച്ചകളുണ്ടായാലും അവരുടെ സ്വത്വം തികഞ്ഞ തെളിച്ചത്തോടെ മാറ്റങ്ങളെ അതിജീവിച്ചു് നിലനിന്നു. സ്നേഹം, വാത്സല്യം, പ്രണയം, ദയ എന്നീ ഭാവങ്ങളായിരുന്നു അവരുടെ സ്വത്വത്തിന്റെ പൊരുള്‍ എന്നതു് നമ്മള്‍ ശരിയായി അറിഞ്ഞിരുന്നുവോ എന്നു് സംശയം.

കമലയിലെ രൂപപ്പകര്‍ച്ചകള്‍ മാത്രം ശ്രദ്ധിച്ചവര്‍ അവരുടെ സ്വത്വത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോയവരാണു്. അവരുടെ വാക്കുകളുടെ പിന്നാലെ പോയി വിവാദങ്ങള്‍ ഉണ്ടാക്കുവാനാണു് അവര്‍ ശ്രമിച്ചതു്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്കി ആദരിക്കാന്‍ സമൂഹത്തിന്റെ യാഥാസ്ഥിതികത്വം പ്രതിബന്ധമായി. എന്നാല്‍, അവരുടെ എഴുത്തിനെയും ആ രചനകള്‍ക്കു പിന്നിലെ എഴുത്തുകാരിയേയും ആഘോഷമായി കണ്ടതു് പുറം രാജ്യങ്ങളില്‍ ഉള്ളവരായിരുന്നു. ജനനിബിഡമായ ഭൂമിയില്‍ ഒരു വിരലടയാളം പോലും ബാക്കിവെക്കാതെ പറന്നുയരാന്‍ മോഹിച്ച കമലയുടെ മരണവും ഒരു ആഘോഷമാക്കി. ആഗ്രഹിച്ചതും അര്‍ഹമായതും നല്കാന്‍ മടിച്ചവര്‍ അവരുടെ മരണശേഷവും അതേ ഭാവത്തില്‍ തന്നെയാണല്ലോ എന്നറിയുമ്പോള്‍ ദു:ഖം തോന്നുന്നു.

Subscribe Tharjani |