തര്‍ജ്ജനി

ഹരികുമാര്‍ ചങ്ങമ്പുഴ

Visit Home Page ...

ലേഖനം

നാട്യങ്ങളില്ലാത്ത കഥാകാരി

സ്വന്തം ജീവിതത്തെ ഉത്തരാധുനികകാലഘട്ടത്തിന്റെ കള്ളികളില്‍ ഏറ്റവും അധികം രേഖപ്പെടുത്തുന്ന വ്യാവഹാരികസമ്പര്‍ക്കമാക്കി വിജയിക്കാന്‍ കഴിഞ്ഞ വ്യക്തിത്വങ്ങള്‍ അധികമില്ല. മതം, ലിംഗം, അധികാരം, നാമകരണം വേഷം തുടങ്ങി പല ഇടങ്ങളിലും ഒന്നിലേറെ മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഓരോന്നും സമൂഹത്തിന്റെ വിഭക്തയാഥാര്‍ത്യത്തിന്‌ ചൂടുള്ള ചര്‍ച്ചയാക്കാന്‍ പറ്റുന്ന ഘടനയായി ഉല്പാദിപ്പിക്കുകയും ചെയ്ത ഒരാളേ മലയാളത്തിലുള്ളൂ. ഏതു പേരില്‍ ആ വ്യക്തിത്വത്തെ രേഖപ്പെടുത്തും. കമല,ആമി, കമലാദാസ്‌, മാധവിക്കുട്ടി, കമലാസുരയ്യ തുടങ്ങി അനേകം സൂചകങ്ങള്‍ ഒരേ കാലം പ്രവര്‍ത്തിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. ഒടുവില്‍ സ്വീകരിച്ച പേര്‌ കമലാ സുരയ്യ എന്നാണെങ്കിലും ചരമറിപ്പോര്‍ട്ടില്‍ ചില പത്രമാദ്ധ്യമങ്ങള്‍ മനപ്പൂര്‍വം ആ പേര്‌ ഒഴിവാക്കിയത്‌ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. ആ പേര്‌ മാത്രം ഉപയോഗിച്ച പത്രങ്ങളുമുണ്ട്‌. പറഞ്ഞുവരുന്നത്‌ ആ മരണവാര്‍ത്തപോലും കേരളത്തിന്റെ സമകാലിക സാംസ്കാരികവിശകലനത്തിനുള്ള ശക്തമായ ഉപദാനമാണെന്ന വസ്തുതയാണ്‌.

പത്രമാദ്ധ്യമങ്ങള്‍ ഏതു പേരെങ്കിലും സ്വീകരിക്കട്ടെ. വക്ത്യനുസ്മരണങ്ങളുടെ സന്ദര്‍ഭത്തില്‍ ഏതു് പേരു് സ്വീകരിക്കണം? അതൊരു കുഴയ്ക്കുന്ന പ്രശ്നമാണ്‌. ഇവിടെ മാധവിക്കുട്ടി എന്നുപയോഗിക്കുന്നതിനു കാരണം മലയാളത്തില്‍ ഒരു സാഹിത്യകാരിയായി അവര്‍ രേഖപ്പെട്ടതും പ്രശസ്തയായതും ആ പേരിലാണ്‌. മാത്രമല്ല കമലാ സുരയ്യയായി നാമപരിവര്‍ത്തനവും മതപരിവര്‍ത്തനവും ചെയ്ത്‌ ജീവിക്കുമ്പോളും മാധവിക്കുട്ടി എന്നപേരില്‍ തന്നെ അവര്‍ പഴയ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളുമായി കമ്പോളത്തില്‍ വന്നിട്ടുണ്ടെന്നുള്ളതും ആ പേരിനോട്‌ അവരെ അടുപ്പിച്ചു നിര്‍ത്തുന്നു. ഒന്നുകൂടി വിശദീകരിക്കം. അവരെ ഏറെ പ്രശസ്തയാക്കിയത്‌ 'എന്റെ കഥ' ആണല്ലോ. അതില്‍ കമലാ സുരയ്യ എന്ന് രേഖപ്പെടുത്താത്തിടത്തോളം കര്‍ത്താവ്‌ മാധവിക്കുട്ടി തന്നെ. ഗ്രന്ഥകര്‍ത്താവ്‌ മരിക്കുന്നില്ല എന്നു പറയാം.

ഈ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളൂം അവരുടെ കഥകളിലും കണ്ടെത്തുവാന്‍ കഴിയും. വ്യക്തിജീവിതവും കാവ്യജീവിതവും ഇവിടെ അഭേദ്യമാകുന്നു. കാല്പനികസ്വഭാവമുള്ള ഏതു പ്രതിഭാശാലിയുടെയും ജീവചരിത്രസത്യം മാധവിക്കുട്ടിയിലും പ്രവര്‍ത്തിച്ചിരുന്നു എന്നുകാണാം.

കൊച്ചിയില്‍ സ്ഥിരതാമസമാക്കിയതിന്‌ ശേഷമാണ്‌ അവരെ കാണുകയും പരിചയപ്പെടുകയും മറ്റും ചെയ്തത്‌. ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്കില്‍ നടന്ന വിശ്വകലാസംഗമത്തില്‍ പങ്കെടുക്കാന്‍ മലയാളത്തിന്റെ കഥാകാരി എത്തി. ഏതു ജനക്കൂട്ടത്തിലും മാധവിക്കുട്ടിയുടെ ചുറ്റും പ്രകാശം പ്രസരിക്കുമായിരുന്നു. പ്രശസ്തരോ പ്രഗത്ഭരോ ഉന്നതരോ ആണ്‌ ചുറ്റും നില്ക്കുന്നതെങ്കില്‍ പോലും അവരെല്ലാം അസ്തപ്രഭരാവുന്നത്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അവിടെ മാധവിക്കുട്ടി എന്തു സംസാരിച്ചു എന്ന് എനിക്ക്‌ ഓര്‍മ്മയില്ല. എന്തോ പിച്ചും പേയുമൊക്കെ പറയുന്നതു പോലെ തോന്നി. അങ്ങനെയായിരുന്നു അവരെന്നും. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. കിളി ചിലയ്ക്കുന്നതു പോലെ. പറയുന്നതെല്ലം അവര്‍ക്ക്‌ തോന്നുന്ന കാര്യങ്ങളാണ്‌. അതിന്റെ വരും വരായ്കകള്‍ അവരെ ചിന്തിപ്പിക്കുന്നതേയില്ല.

അന്നവിടെ ഒ. എന്‍. വി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവരും ഉണ്ടായിരുന്നു. ചുള്ളിക്കാട്‌ ഇടപ്പള്ളിയിലേക്ക്‌ ചേക്കേറാന്‍ തുടങ്ങുന്ന സമയമാണ്‌. അദ്ദേഹമാണ്‌ എന്നെ മാധവിക്കുട്ടിക്ക്‌ പരിചയപ്പെടുത്തിയത്‌. ഉടനെ അവര്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചു. ചങ്ങമ്പുഴയെ കാണുന്നതുപോലെ തോന്നുന്നു. മോന്‍ സുന്ദരനാണ്‌.. ചങ്ങമ്പുഴയെപ്പോലെ.... പിന്നെയും എന്തൊക്കെയോ പറഞ്ഞു. ഞാന്‍ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ പറഞ്ഞു. ആ ഓട്ടോയില്‍ കയറണം, എറണാകുളത്തും കൊച്ചിയിലുമൊക്കെ കറങ്ങി നടക്കണം. എനിക്ക്‌ വലിയ ഇഷ്ടാ ഓട്ടോയിലിങ്ങനെ കറങ്ങിനടക്കാന്‍... ഓ അതിനെന്താ, ഞാന്‍ പൂര്‍ണ്ണസമ്മതം അറിയിച്ചു.

നിങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്താല്‍ നന്നായി സോപ്പ്‌ തേച്ച്‌ ഡെറ്റോള്‍ വെള്ളത്തില്‍ കുളിച്ചാല്‍ മതി എന്ന് പറഞ്ഞത്‌ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലത്ത്‌ എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഒരു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മാധവിക്കുട്ടി വന്നു. അവരെ കൊണ്ടുവരേണ്ടിയിരുന്നത്‌ എന്റെ ചുമതലയായിരുന്നു. വലിയ തമാശയോടെ, ഒട്ടൊരു അഭിമാനത്തോടെ ഇക്കാര്യവും അന്ന് അവര്‍ പരാമര്‍ശിച്ചു. എന്നിട്ട്‌ പറഞ്ഞു, നല്ലൊരു കഥയ്ക്കുള്ള സ്കോപ്പുണ്ട്‌, കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അഗ്നി വായിച്ചപ്പോള്‍ എനിക്കത് ഓര്‍മ്മവന്നു.

നഗരതീക്ഷ്ണതകളില്‍ നിന്ന് മഹാരാജാസിന്റെ പ്രൗഡിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ അവരുടെ മുഖത്തെ സന്തോഷവും ആഹ്ലാദവും ഇപ്പോഴും മനസ്സില്‍ തെളിയുന്നു. അവിടെ ജീവിക്കാന്‍ കഴിയാത്തതിന്റെ വ്യസനവും അതിന്‌ സാധിക്കുന്നവരുടെ മഹാഭാഗ്യത്തെക്കുറിച്ചുമൊക്കെ കുറെ നേരം പറഞ്ഞു. തുടര്‍ന്ന് കുട്ടികളുമായി ഒരു മുഖാമുഖം. കെ.ജി.ശങ്കരപ്പിള്ള ഒറ്റവാചകത്തില്‍ അദ്ധ്യക്ഷപ്രസംഗം ഒരുക്കി. മാധവിക്കുട്ടിയോട്‌ നിങ്ങള്‍ക്ക്‌ എന്തും ചോദിക്കാം എന്നു പറഞ്ഞു.

ചോദ്യങ്ങളേറെയും പെണ്‍പക്ഷത്തു നിന്നായിരുന്നു. പ്രണയത്തെ കുറിച്ചായിരുന്നു. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്‌. 'അരിയെത്ര പയറഞ്ഞാഴി' എന്ന മട്ടിലായിരുന്നു ഉത്തരങ്ങള്‍. എങ്കിലും കുട്ടികള്‍ ആവേശത്തോടെ ചോദിച്ചു. ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ തിരിച്ച്‌ പറഞ്ഞുകൊണ്ടുമിരുന്നു. ഒടുവില്‍ പോകാന്‍ നേരം ഒരു പെണ്‍കുട്ടി എന്തോ ചോദിച്ചപ്പോള്‍ "നാലപ്പാട്ടെ വീട്ടില്‍ ഒരുപാടു സ്ഥലമുണ്ട്‌. നിങ്ങള്‍ കാമുകനേം വിളിച്ചോണ്ട്‌ അങ്ങാട്ട്‌ പോരൂ.. ആരും നിങ്ങളെ തടയില്ല.. ഞാനുണ്ട്‌.." ഇതു കേട്ട്‌ കുട്ടികളെല്ലാം ആര്‍ത്തു ചിരിച്ചു. അപ്പോള്‍ ആ പെണ്‍കുട്ടി മാത്രം വിതുമ്പുന്നുണ്ടായിരുന്നു. എന്തായാലും ഈ കോമാളിരംഗത്ത്‌ കണ്ണും തള്ളിയിരിക്കുന്ന ശങ്കരപ്പിള്ളയുടെ മുഖമാണ്‌ ഇപ്പോള്‍ എനിക്ക്‌ ഓര്‍മ്മവരുന്നത്‌.

പിന്നീടും പലപ്പോഴും മാധവിക്കുട്ടിയെ കണ്ടിട്ടുണ്ട്‌. കാണുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം തോന്നിയിട്ടുള്ള ഒരു കാര്യം അവര്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തല്ല ജീവിക്കുന്നത്‌ എന്നാണ്‌. കുട്ടികള്‍ വര്‍ത്തമാനം പറയുമ്പോഴുള്ള ഒരു തരം ഭ്രമാത്മകത സംഭാഷണങ്ങളില്‍ ഉണ്ടായിരുന്നു. മനസ്സിന്റെ ഒരു ഭാഗം എപ്പോഴും ഭാവനാലോകത്താണ്‌ എന്നു തോന്നിപ്പിക്കുന്ന സംഭാഷണങ്ങള്‍.

തന്റെ അടുക്കല്‍ സമീപിക്കുന്ന ആരേയും അവര്‍ അകറ്റിയിരുന്നില്ല. എല്ലാവര്‍ക്കും തുല്യപരിഗണന കൊടുത്തിരുന്നതായും തോന്നിയിട്ടുണ്ട്‌. വാത്സല്യം,സ്നേഹം, അംഗീകാരം ഇതെല്ലാം ഏതൊരാള്‍ക്കും മാധവിക്കുട്ടിയില്‍ നിന്ന് ലഭിക്കുമായിരുന്നു. അവര്‍ ആരോടും തമാശപറയും, പരിഹസിക്കും,താന്‍ വലിയ ഒരാളാണെന്നോ മഹത്തായ എന്തോ ചെയ്തിട്ടുണ്ടന്നോ ഉള്ള ഭാവം അവരെ തീണ്ടിയിരുന്നേ ഇല്ല.

സാഹിത്യത്തിലേക്ക്‌ കടന്നാലും ഏറെ പ്രത്യേകതകള്‍ കാണാം. കപടമായ സഭ്യതയെക്കാള്‍ നിഷ്കളങ്കമായ സദാചാരലംഘനമാണ്‌ അഭിലഷണീയം എന്ന് വായനക്കാരന് തോന്നിപ്പിക്കും. സ്ത്രീവിമോചനമെന്നോ പുരുഷാധിപത്യമെന്നോ പുരുഷനെ എതിര്‍ക്കണമെന്നോ ആ കഥാകാരി പറയുന്നില്ല. മറിച്ച്‌ പുരുഷാധിപത്യപരമായ മേല്‍ക്കോയ്മ സമൂഹത്തില്‍ എവിടെയാണ്‌ സ്ഥിതിചെയ്യുന്നതെന്നും സ്ത്രീ തടവിലാക്കപ്പെടുന്നത്‌ എവിടെയാണെന്നും വളരെ നൈസര്‍ഗ്ഗികമായി അവര്‍ കാണിച്ചുതന്നു. എന്നാല്‍ ഒരു പെണ്ണ്‍ ഇതെല്ലാം പറയുന്നത്‌ ആര്‍ക്കും രുചിച്ചില്ല. വാസ്തവത്തില്‍ അക്കാലത്ത്‌ കാക്കനാടനും മുകുന്ദനും വിജയനും മറ്റും പറഞ്ഞതില്‍ കൂടുതലായി മാധവിക്കുട്ടി എന്തു പറഞ്ഞു? ഒന്നുമില്ല. എങ്കിലും ഒരു പെണ്ണ്‍ ഇങ്ങനെയെല്ലം പറയാമോ എന്നതായിരുന്നു പ്രശ്നം. എന്നും അതു തന്നെയാണ്‌ പ്രശ്നം. പക്ഷേ മാധവിക്കുട്ടി പറഞ്ഞുകൊണ്ടേയിരുന്നു. ഓരോന്നും ചെയ്തുകൊണ്ടിരുന്നു. കേരളസമൂഹം അവരുടെ പിന്നാലെ ചെന്നു എന്നതാണ്‌ സത്യം.

അവരുടെ കഥകളിലും ഇക്കാര്യങ്ങളെല്ലാം വളരെ സ്വാഭാവികമായി കടന്നുവരുന്നു. ജീവിതത്തോടും സൗന്ദര്യത്തോടും അവര്‍ക്കെന്നും വളരെ സ്നേഹമായിരുന്നു. സമൂഹം നിര്‍മ്മിച്ച വരമ്പുകളും മതില്‍ക്കെട്ടുകളും ഉടച്ചുനീക്കി എല്ലാതരത്തിലുമുള്ള സ്വാതന്ത്ര്യം തനിക്കും എല്ലവര്‍ക്കും ലഭ്യമാകണമെന്ന ജീവിതവീക്ഷണവും കഥകളില്‍ തെളിഞ്ഞ്‌ കാണാം. അവരുടെ മതപരിവര്‍ത്തനം പോലും ഇത്തരത്തില്‍ കാണാവുന്നതാണ്‌.

മാധവിക്കുട്ടി എഴുതാന്‍ വേണ്ടി ഒന്നും എഴുതിയില്ല. വായിപ്പിക്കാന്‍ ശ്രമിച്ചതുമില്ല. എഴുതേണ്ടത്‌ മാത്രമേ എഴുതിയുള്ളൂ. അതെല്ലാവരും വായിച്ചു. ആവോളം വായിച്ചു. മലയാളം ഉള്ളിടത്തോടം കാലം ആ കഥകള്‍ വായിക്കപ്പെടും, ചര്‍ച്ച ചെയ്യപ്പെടും.

എന്തായാലും സഹൃദയന്‌ കല്പനചെയ്യാന്‍ കഴിയാത്ത ലോകത്തിലേക്ക്‌ ഈ കാല്പനികനായിക യാത്രയായി. അപ്പോഴും എനിക്കൊരു സങ്കടം ബാക്കിയുണ്ട്‌. ഒരിക്കല്‍ ഓട്ടോറിക്ഷയില്‍ കയറ്റാമെന്ന കടം.
ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |
Submitted by sumangala (not verified) on Mon, 2009-07-06 12:16.

madhavikuttyye kurichulla oru avalokanavum nannayittilla... ore karyam thanne... mattiyum maricum ezhuthunnu... avar valare prathibhasali thnne... malayalathile ekkalatheyum nalla cherukathakal avarudethayittundu
..adyavasanam ellam kemam