തര്‍ജ്ജനി

മേരി ലില്ലി

മെയില്‍: marylilli@gmail.com

Visit Home Page ...

കവിത

ചിത്രം

എന്റെ മുറിയിലെ
തുറക്കാത്ത ജാലകത്തില്‍
ഒരു ചിത്രം ഞാന്‍ തൂക്കിയിട്ടുണ്ട്.
കറുത്ത ഒറ്റതെങ്ങും
സ്വര്‍ണ്ണനിറമാര്‍ന്ന ആകാശവും
പോന്നലുക്കിട്ട
ഒരു ചീന്ത്‌ മേഘവും
ഒരു കുഞ്ഞു മഞ്ഞ സൂര്യനും.

ഉദയമോ അസ്തമയമോ
എന്താണവിടെ നടക്കുന്നതെന്ന്
എനിക്കറിയില്ല.
എങ്കിലും അതിലേക്കു
നോക്കിയിരിക്കുമ്പോള്‍
ഞാനൊരു കടല്‍ത്തീരത്ത്‌
നില്ക്കുന്നതായും
ചെറുകാറ്റിലെന്റെ
മുടിയിഴകള്‍ ഇളകുന്നതും
പൊന്‍പ്രഭയെന്റെ
കവിള്‍ത്തടത്തില്‍ അമരുന്നതും
ഞാനറിയുന്നു.

സൂര്യന്‍ ജനിച്ചാലും മരിച്ചാലും
ഞാന്‍ കരയുകയില്ല.
നാളെ വീണ്ടും അവന്‍ വരും.
സായംസന്ധ്യയോ പുലരിയോ
എന്തുമായിക്കൊള്ളട്ടെ
എന്റെ പാദങ്ങള്‍ തീരത്തെ
മണല്‍ത്തരിയില്‍ ആഴ്ന്നിരിക്കും.
അവന്റെ സ്പര്‍ശത്തില്‍
എന്റെ മുഖം തുടുക്കും.

Subscribe Tharjani |