തര്‍ജ്ജനി

എന്‍. രേണുക

ലക്ഷ്മി നിവാസ്‌
കരിങ്ങാംതുരുത്ത്‌
കൊങ്ങോര്‍പ്പിള്ളി. പി.ഒ
ഏറണാകുളം. 683525

ഇ മെയ്‌ല്‍: renu9renu@gmail.com

Visit Home Page ...

ലേഖനം

തേനറകള്‍ നിറഞ്ഞ കാടു്

സംഗീതം ഹൃദയത്തിന്റെ മാത്രം കലയല്ല ബുദ്ധിയുടേയും സഹജാവബോധത്തിന്റേയും കലകൂടിയാണെന്നു് ഓസ്കര്‍ അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ഒരറിവല്ല. ഇന്ത്യന്‍സംഗീതത്തിന്റെ പരിധികളെ മറികടന്നു് സാര്‍വ്വലൗകികമായ സംഗീതം വിഭാവനംചെയ്ത രബീന്ദ്രനാഥ ഠാകൂര്‍ ഇതു് വളെരെ മുമ്പെ തിരിച്ചറിഞ്ഞിരുന്നു. അനുഭവദശയില്‍ ഭാവസങ്കലനങ്ങളുടെ ഭിന്നലോകങ്ങളിലേക്കു് സംഗീതവഴികള്‍ ഇഴവിടര്‍ന്നുപോകുന്നുവെങ്കിലും വിവിധവൈജ്ഞാനികശാഖകളിലുള്ള അറിവും ജീവിതാവബോധവും സംഗീതത്തെ ഗൗരവമായി സമീപിക്കുന്ന ഏതൊരു വ്യക്തിക്കും അനിവാര്യമാണു്. കാരണം സംഗീതത്തിലെ ഭാഷ ഒരു പരിധികഴിഞ്ഞാല്‍ അതിന്റെ ദേശീയവാദങ്ങളെ മറികടന്നു് ഈണങ്ങളില്‍ ലയിച്ചുചേരും. ലോകസംഗീതത്തിന്റെ നിലവാരത്തിലേക്കു് എത്തിച്ചേരുന്ന ഓരോ സംഗീതശെലിയും ഈണങ്ങളില്‍ അനേകം ദേശീയതകളെ ഉള്‍ക്കൊള്ളുന്നുണ്ടു്.

നാനാത്വത്തില്‍ ഏത്വം ദര്‍ശിക്കുന്നതിനേക്കാള്‍ ഏകത്വത്തിലെ നാനാത്വങ്ങളെ അന്വേഷിക്കുകയാണു് കാലോചിതമായിട്ടുള്ളതു്. സംഗീതം അക്കാദമികവിഷയമായി സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു് ഈ ഗവേഷണബുദ്ധി ആവശ്യമാണു്. കേരളത്തിലെ സംഗീതവിദ്യാഭ്യാസത്തിന്റെ പഠനപദ്ധതികള്‍ ശാസ്ത്രീയസംഗീതത്തിന്റെ സാങ്കേതികതലങ്ങളില്‍ മാത്രം ഊന്നുകയും അതിനുമപ്പുറം സംഗീതത്തിന്റെ സാംസ്കാരികചരിത്രത്തെക്കുറിച്ചോ, വിവിധ ദേശീയതകളെ പ്രതിനിധീകരിക്കുന്ന സംഗീതധാരകളെക്കുറിച്ചോ വ്യാപ്തമായ അറിവുകള്‍ നല്കാതിരിക്കുന്നതുകൊണ്ടുമാണു് കേരളത്തിലെ സംഗീതവിദ്യാര്‍ത്ഥികള്‍ ഭൂരിപക്ഷവും യു.ജി.സി ടെസ്റ്റുകളില്‍ പരാജിതരാകുന്നതു്. സംഗീതത്തില്‍ അന്തഹിതമായിരിക്കുന്ന നാദഘടനപോലെ തന്നെ പ്രധാനമാണു് അതിന്റെ സങ്കീര്‍ണ്ണചരിത്രവും. രബീന്ദ്രസംഗീതമെന്നാല്‍ മലയാളചലച്ചിത്രസംഗീതസംവിധായകനായ രവീന്ദ്രന്‍മാഷുടെ സംഗീതമാണെന്നു് ധരിച്ചുവെച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസരംഗത്തുപോലും കാണേണ്ടിവരുന്ന അനുഭവം രബീന്ദ്രസംഗീതത്തെക്കുറിച്ചു് ബാഹ്യമായെങ്കിലും ചിന്തിക്കാന്‍ പ്രേരകമാകുന്നു. കാരണം, ഒരു അക്കാദമികശൈലി എന്ന നിലയില്‍ രബീന്ദ്രസംഗീതത്തിന്റെ ഘടനയും ലോകമെമ്പാടും അതിനു് ലഭിച്ച പ്രചാരവും കേരളത്തിനു് മാതൃകയാണു്.

ബംഗാളിസംഗീതപദ്ധതിയിലെ സവിശേഷശൈലിയും ഇന്ത്യന്‍സംഗീതപാരമ്പര്യത്തിലെ അവിഭാജ്യധാരയുമാണു് രബീന്ദ്രസംഗീതം. രബീന്ദ്രസംഗീതം എന്നാല്‍ സോങ്‌സ് ഓഫ് രബീന്ദ്രനാഥ ഠാകൂര്‍ എന്നതു് നാമമാത്രമായ വ്യാഖ്യാനമാണു്. ഏകദേശം 2230 ല്‍ പരം പാട്ടുകള്‍ രചിക്കുകയും സംഗീതം പകരുകയും ചെയ്യുക വഴി ഠാകൂര്‍ എന്ന വ്യക്തിയെ മറികടന്നു് രബീന്ദ്രസംഗീതം ഒരു സംഗീതധാരതന്നെയായി വികസിക്കുകയാണുണ്ടായതു്. അക്കാദമികമായ ഘടനയും ലോകവ്യാപകമായ പ്രശസ്തിയും കൈവന്നു. വ്യക്തിപരമായ അഭിരുചി, സാര്‍വ്വലൗകികമായ ഒരു തലത്തിലേക്കു് ഉയര്‍ത്തപ്പെട്ടതിന്റെ ഉന്നതമായ മാതൃകയാണു് രബീന്ദ്രസംഗീതം. വിശ്വഭാരതി യൂനിവേഴ്‌സിറ്റിയിലും രബീന്ദ്രഭാരതി യൂനിവേഴ്‌സിറ്റിയിലും പ്രത്യേകമായ പഠനവിഭാഗമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. കനികാ ബന്ദോപാദ്ധ്യായയ്ക്കും ശാന്തിദേവ് ഘോഷിനും ശേഷം റിസ്വാന ചൗധുരി ബന്യ, ഷാജഹാന്‍ കമല്‍, സ്വാഗതലക്ഷ്മി ഗുപ്ത തുടങ്ങി നിരവധിഗായകരിലൂടെ രബീന്ദ്രസംഗീതം പലതായി പുര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്നു. രണ്ടു് യൂനിവേഴ്‌സിറ്റികളില്‍ അക്കാദമികവിഷയമായതുകൊണ്ടു് രണ്ടു് ശൈലികളും രബീന്ദ്രസംഗീതത്തില്‍ ഇന്നു് ശക്തമാണു്. ഇതിനര്‍ത്ഥം ഠകൂറിന്റെ മുദ്രയും ജീവാംശവും ഉള്ളതെങ്കിലും പരിണാമങ്ങള്‍ക്കു് വിധേയമാകുന്ന, കാലാനുസൃതമായ സംഗീതരൂപങ്ങളേയും സാങ്കേതികവികാസത്തേയും ഉള്‍ക്കൊള്ളുന്ന വളരെ impersonal ആയ സംഗീതശാഖയായി രബീന്ദ്രസംഗീതം വികസിക്കുന്നുവെന്നാണു്. കാലാന്തരത്തില്‍ ഒരു ബൃഹദ്ഘടനയായി വികസിക്കുവാന്‍ തക്കവിധം ഠാകൂര്‍ തന്റെ സംഗീതത്തെ ഭാവനചെയ്തിരുന്നു. അതുകൊണ്ടാണു് ബംഗാളിദേശീയത വിഭജനങ്ങളെ മറികടന്നു് ഈ സംഗീതശൈലിയെ അവരുടേതായി തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതു്.

ഭൂമിശാസ്ത്രപരവും രാഷ്ട്രീയപ്രേരിതവുമായ കാരണങ്ങളാല്‍ രബീന്ദ്രസംഗീതത്തിനു് ഏകമുഖമായ സംസ്കാരം ഇല്ല എന്നു തന്നെ പറയാം. ഇന്ത്യന്‍ പ്രവിശ്യയായ വെസ്റ്റ് ബംഗാളിലും ബംഗ്ലാദേശിലും രബീന്ദ്രസംഗീതത്തിനു് വേരുകളും പടര്‍ച്ചകളുമുണ്ടു്. ബംഗ്ലാദേശിന്റെ ദേശീയഗാനവും ഇന്ത്യയുടെ ദേശീയഗാനവും രചിച്ചതു് രബീന്ദ്രനാഥ ഠാകൂര്‍ തന്നെയാണെന്നു് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ടു്. രബീന്ദ്രസംഗതത്തിന്റെ മിശ്രസ്വഭാവത്തെ ഇവയെല്ലാം സാധൂകരിക്കുന്നുണ്ടു്. ഠുമ്രി, ഖവ്വാലി, നാടോടി ഈണങ്ങള്‍, യൂറോപ്യന്‍ മെലഡികള്‍, സിംഫണികള്‍ എന്നിവയുടെ കലര്‍പ്പുകള്‍ ഈ സംഗീതത്തെ ദേശാന്തരങ്ങള്‍ക്കു് പ്രിയമുള്ളതാക്കുന്നു. ചരിത്രം, ജ്യോതിശാസ്ത്രം, ആധുനികശാസ്ത്രം, നിയമം, തത്വചിന്ത, വിവിധ ഭാഷകള്‍, കാവ്യശാസ്ത്രം എന്നിങ്ങനെ അനേകം ജ്ഞാനമേഖലകളിലുള്ള മേല്‍ക്കൈ, മുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവരുമായി സാംസ്കാരികചര്‍ച്ചകള്‍ നടത്തുകയും ചെയ്ത അനുഭവങ്ങള്‍, കവി, നാടകകൃത്തു്, നോവലിസ്റ്റ്, ചെറുകഥാകൃത്തു്, സംഗീതജ്ഞന്‍, ചിത്രകാരന്‍, വിദ്യാഭ്യാസവിദഗ്ദ്ധന്‍, തത്വചിന്തകന്‍ തുടങ്ങി വ്യക്തിത്വത്തെ അനേകം തലങ്ങളിലേക്കു് വ്യാപിപ്പിക്കുവാനുള്ള സന്നദ്ധത- ഇതെല്ലാം രബീന്ദ്രസംഗീതത്തിന്റെ ബഹുസ്വരതയ്ക്കും ആധികാരകതയ്ക്കും പുറകിലുണ്ടു്. വിദേശിയായ ഒരു സംഗീതനിരൂപകന്‍ ഠാകൂറിനെ Vehicle of Personality എന്നു് വിശേഷിപ്പിച്ചതു് യാദൃച്ഛികമല്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്ന കാലത്തു തന്നെയാണു് ഠാകൂര്‍ സാര്‍ഗ്ഗാത്മകമായി ദേശീയപ്രക്ഷോഭത്തില്‍ ഇടപെടുന്നതു്. ബ്രിട്ടീഷ് ആധിപത്യത്തെ സാമൂഹികമായ രോഗാതുരതയായി തിരിച്ചറിയുമ്പോഴും കൊളോണിയല്‍ ഘടനയിലൂടെ തുറന്നുകിട്ടിയ സാംസ്കാരികവിനിമയത്തില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഇന്ത്യന്‍ നാഷണലിസത്തെക്കുറിച്ചുള്ള ഠാകൂറിന്റെ വീക്ഷണങ്ങള്‍ ഗാന്ധിയുടെ വിദേശബഹിഷ്കരണം പോലെ തീവ്രതരമായിരുന്നില്ല. ദേശസേ്‌നഹം മനുഷ്യരാശിയുടെ അവസാനതടവറയല്ല എന്നും അതിനുമപ്പുറമുള്ള മാനുഷികമായ അന്തസ്സിനെക്കുറിച്ചു് ബോധമുള്ളവരായിരിക്കുവാനുമാണു് ഠാകൂര്‍ തന്റെ രചനകളിലൂടെ ആഹ്വാനം ചെയ്യുന്നതു്. ഈ മാനുഷികതയാണു് രബീന്ദ്രസംഗീതത്തിന്റെ ദേശാന്തരീയവ്യാപ്തിയ്ക്കു് ആധാരം. ഭൂമിശാസ്ത്രപരമായ ദേശീയസങ്കല്പം ഠാകൂറിന്റെ സംഗീതത്തെ സങ്കുചിതമാക്കുന്നില്ല. ദേശീയഗാനങ്ങളുടെ രചയിതാവായിരിക്കുമ്പോഴും സംഗീതഘടനയുടെ പ്രാപഞ്ചികതയെക്കുറിച്ചു് അദ്ദേഹം ബോധവാനായിരുന്നു. സംഗീതത്തിന്റെ കോസ്മി ഇഫക്ടുകള്‍ ഠാകൂറിലെ താത്വികനായ സംഗീതജ്ഞന്‍ തിരിച്ചറിഞ്ഞു. ഓരോ രാഗത്തേയും പ്രതീകാത്മായി വ്യാഖ്യാനിക്കുവാന്‍ സന്നദ്ധനായി. ആകാശത്തിന്റെ ഉയിര്‍ത്തെഴുന്നേല്പായും അലംകൃതമായ രാത്രിയുടെ വിശ്രാന്തിയായും ഏകാന്തമായ സായന്തനങ്ങളുടെ വിതുമ്പലായും അനന്തതയുടെ ആഹ്വാനമായും ഓരോ രാഗവും ഭാവനചെയ്യപ്പെട്ടു. പ്രകൃതി, ഭക്തി, പ്രണയം, ദേശസേ്‌നഹം തുടങ്ങിയ ഭാവങ്ങള്‍ക്കനുസൃതമായ രാഗച്ഛായകള്‍ മിന്നിമറഞ്ഞു. എപ്പോള്‍ വേണമെങ്കിലും സംഗീതത്തിലെ നാദമായും മൗനമായും രൂപാന്തരപ്പെടുവാന്‍ പര്യാപ്തമായ കൃതികളാണു് അദ്ദേഹത്തിന്റെ നേവലുകളും കഥകളുമടക്കമുള്ള ഗദ്യാഖ്യാനങ്ങള്‍പോലും. അതിനാല്‍ നിശ്ചിതമായ ഒരു ഘടനയെ ചിതറിച്ചുകളയുന്നു അഭിനയസംഗീതത്തിന്റെ വിശാലമണ്ഡലങ്ങളെ രബീന്ദ്രസംഗീതം ഉള്‍ക്കൊള്ളുന്നു. നിശ്ശബ്ദതയെ ഉള്ളടക്കം ചെയ്ത എം.ബി. ശ്രീനിവാസന്റെ സംഗീതം പോലെ രബീന്ദ്രസംഗീതത്തില്‍ നാടകീയമുഹൂര്‍ത്തങ്ങളും മൗനങ്ങളും ചലനങ്ങളും മയങ്ങിക്കിടക്കുന്നു. യൂറോപ്യന്‍ ഓപ്പറകളുടെ മാതൃകയില്‍ രചിക്കപ്പെട്ട ഠാകൂറിന്റെ സംഗീത-നൃത്ത-നാടകങ്ങള്‍ ഇതിനു് പ്രകടമായ തെളിവുകളാണു്. നിരവധി ബംഗാളി നാടകങ്ങളില്‍ പശ്ചാത്തലസംഗീതമായും ചാരുലതയെപ്പോലെ പ്രഖ്യാതമായ സിനിമകളിലും ചില വിദേശചലച്ചിത്രങ്ങളിലും രബീന്ദ്രസംഗീതം ഉപയോഗിച്ചിട്ടുള്ളതിന്റെ യുക്തി ഇതാണു് പരിണീത എന്ന സമകാലീനചലച്ചിത്രത്തില്‍ പോലും ബംഗാളിന്റെ സംഗീതച്ഛായകള്‍ നിഴല്‍പരത്തുന്നുണ്ടു്.

രബീന്ദ്രനാഥ ഠാകൂറിന്റെ സമഗ്രമായ സംഭാവനകളും വ്യക്തിത്വവും വിശകലനം ചെയ്യുമ്പോള്‍ വ്യക്തിവാദത്തില്‍ അധിഷ്ഠിതമായ ആധുനികബോധം ശക്തമായിരുന്നുവെന്നു് കാണാം. ഉപനിഷത്തുകളുടേയും വേദങ്ങളുടേയും ശൃംഗാരത്തെ ഉത്സവമാക്കിത്തീര്‍ത്ത കാളിദാസകൃതികളുടെയും സ്വാധീനം രബീന്ദ്രസംഗീതത്തിന്റെ ഘടനയിലുണ്ടു്. അറിഞ്ഞതും അറിയപ്പെടാത്തതുമായ ഋതുക്കളുടെ ഗന്ധം നിറഞ്ഞ വനഭൂമിയാണതു്. തോമസ് മൂറിന്റെ ഐറിഷ് മെലഡികളോടു് രബീന്ദ്രസംഗീതത്തിനുള്ള ശക്തമായ ആഭിമുഖ്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടു്. ഇന്ത്യന്‍ ആധുനികത സാംസ്കാരവിനിമയത്തിന്റെ കലാചരിത്രമാണു് ഉള്‍ക്കൊള്ളുന്നതെന്നു് ഇവ ബോദ്ധ്യപ്പെടുത്തുന്നു സംഗീതത്തിലെ ദേശിമാതൃകളെ ഉള്‍വഹിക്കുമ്പോഴും individual എന്ന ഘടകത്തിനു് പ്രാമുഖ്യം നല്കിയിരുന്നു. വ്യക്തിഗതമായ ശൈലിയുടെ ആവിഷ്കരണമാദ്ധ്യമങ്ങളായ തന്ത്രിവാദ്യങ്ങളിലേയ്ക്കു രബീന്ദ്രസംഗീതം സ്വാംശീകരിക്കപ്പെട്ടതു് ഇവിടെ ഓര്‍ക്കാം. (ഉസ്താദ് വിലായത്ത് ഖാന്‍ - സിതാര്‍, ബുദ്ധദേവ് ദാസ്ഗുപ്ത - സരോദ്) കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു് ഉന്നതമായ സങ്കല്പങ്ങള്‍ സൂക്ഷിക്കുമ്പോഴും ഇന്ത്യക്കാരായ സംഗീതജ്ഞര്‍ പൂര്‍വ്വനിശ്ചിതവും സമയബന്ധിതവും ഘടനയുടെ കാവല്‍ക്കാര്‍കൂടിയാണെന്നു് ഠാകൂറിലെ സംഗീതജ്ഞന്‍ തിരിച്ചറിഞ്ഞു.


വിലായത് ഖാന്‍-ഒരു കവര്‍ ചിത്രം

In India the measure of a singer's freedom is in his owm creative personality ............... In our music there is a duality of freedom nad prescribed order എന്നു് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായുള്ള അഭിമുഖസംഭാഷണത്തിനിടയില്‍ ഠാകൂര്‍ സൂചിപ്പിക്കുന്നുണ്ടു്. പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീതപദ്ധതികളെ താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹം ഊന്നല്‍ നല്കുന്നതു് ഘടനയിലാണു്. പക്കവാദ്യങ്ങള്‍ ഉപയോഗിക്കുന്ന താളക്രമീകരണത്തിനും സംഗീതത്തിന്റെ സുഘടിതത്വത്തിനുമാണെന്നു് അദ്ദേഹം പറയുന്നുണ്ടു്. സംഗീതഘടനയില്‍ സംസ്കാരവും ലയിച്ചുചേര്‍ന്നിരിക്കുന്നു. ആത്മാവിഷ്കാത്തിന്റെ എല്ലാ മാതൃകകളും സംഗീതഘടനയില്‍ പ്രതിഫലിക്കുന്നതായി ഠാകൂര്‍ വിഭാവനം ചെയ്തിട്ടുണ്ടു്. മെലഡിയില്‍ വിട്ടുവീഴ്ചകളില്ലാതെ ആഴ്ന്നുകിടക്കുന്ന യൂറോപ്യന്‍ സംഗീതത്തിന്റെ ഘടയെ മുനകൂര്‍ത്ത കമാനങ്ങളോടുകൂടിയ ഗോഥി വാസ്തുശൈലിയോടു് താരതമ്യം ചെയ്യുന്നുണ്ടു്. സംസ്കാരത്തേയും മനുഷ്യാസ്തിത്വത്തേയും സംഗീതാത്മകമായി വ്യാഖ്യാിക്കുവാന്‍ ഠാൂര്‍ സന്നദ്ധനാകുന്നു.

രബീന്ദ്രസംഗീതം ഇന്ത്യയുടെ ഉപദേശീയതകളിലേക്കുള്ള കൈവഴിയും ഓര്‍മ്മപ്പെടുത്തലുമാണു്. കേരളത്തിലെ അക്കാദമികസംഗീതം ഉന്നതവിദ്യാഭ്യാസരംഗത്തുപോലും ജാധിപത്യാന്തരീക്ഷം സൂക്ഷിക്കുന്നില്ല സംഗീതസംബന്ധിയായ ഗവേഷണപ്രബന്ധളുടെ ചര്‍ച്ചകളില്‍ ചോദിക്കുന്നവരെയും വിമര്‍ശിക്കുന്നവരേയും ഗാന്ധാരം, ഋഷഭം, ചതുരശ്രമദ്ധ്യമം തുടങ്ങി തീര്‍ത്തും സാങ്കേതികമായ പദങ്ങള്‍ ഉപയോഗിച്ചു് ഭയപ്പെടുത്തുകയും പുറംലോകത്തിനു് പ്രവേശനമില്ലാത്ത ഏതോ ആഭിചാരപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗൂഢലോകമാണു് സംഗീതത്തിന്റേതു് എന്നു്‌വരുത്തിത്തീര്‍ക്കുകയും പ്രവണതയെ നിരാകരിക്കാനാവുകയില്ല. സംഗീതം അക്കാദമികഘടനയില്‍ പുലരുമ്പോള്‍ത്തന്നെ ജനഹൃദയങ്ങളോടു് വൈകാരികമായി സംവദിക്കുവാനുള്ള ഇലാസ്തികത വേണം എന്നു തന്നെയാണു് ബംഗാളിന്റെ സംഗീതചരിത്രം നമ്മോടു് പറയുന്നതു്.

കുറിപ്പുകള്‍

1.There is in human affiars an element of elasticity also,some freedom within a small range which is for the expression of our personality.It is like the musical system in India,which is not rigidly fixed as western music. Our composers give certain defenitive outline,a sytem of melody and rhythic arrangement, and within a certain limit the player can improvise upon it. He must be one with the law of that particular melody,and then he can give spontaneous expression to his musical feeling within the prescribed regulation. We praise the composer for his genius in a creating a foundation along with a superstructure of melodies,but we expect from the player his own skill in the creation of variations of melodic flourish and ornamentation.In creation we follow the central law of existence, but if we do not cut ourselves adrift from it,we can have sufficient freedom within in the limits of our personality for the fullest self-expression"

Subscribe Tharjani |