തര്‍ജ്ജനി

ഡോ: ബി.ഉഷാകുമാരി

ഡോ. ബി.ഉഷാകുമാരി,
കീഴൂട്ട് കൃഷ്ണനന്ദനം,
ഏരൂര്‍ പി.ഒ.
അഞ്ചല്‍ വഴി.
കൊല്ലം. 691 312

Visit Home Page ...

കവിത

സര്‍വ്വംസഹ

ഇനിയും സഹിക്കുക സര്‍വ്വംസഹേ
ശാപശസ്ത്രം മടക്കുക രത്നഗര്‍ഭേ!
തല മറന്നെണ്ണതേയ്ക്കുന്നവര്‍ മക്കളെ-
ന്നാകിലും നീ ഭൂതധാത്രിയല്ലേ?
നെറികേടുകാട്ടുവോരെങ്കിലും അംബ,
നിന്‍ മടിയില്‍ വളര്‍ന്ന കിടാങ്ങളല്ലേ?
തറവാട്ട്‌ സ്വത്ത്‌ മുടിച്ചവരെങ്കിലും
തലതൊട്ടനുഗ്രഹിച്ചിടണം നീ!
നിന്‍ മനസ്സമ്മാനമാടിയൊരെങ്കിലും
കലികാലമോര്‍ത്ത്‌ പൊറുക്കണം നീ.
ഉപദേശമൊന്നിനും കിഴ്പെടാത്തോര്‍
അഭിമാനസമ്പന്നര്‍ നിന്റെ മക്കള്‍,
ഉലകത്തെ വെട്ടിപ്പിടിക്കുവാനായ്‌
ഊക്കില്‍ത്തിരിയുന്നപമ്പരങ്ങള്‍,
സ്തനം നുകര്‍ന്ന നാവെപ്പൊഴും
നിന്‍ അപദാനമൊതുമെന്നാശ വേണ്ട
തഴുകിവളര്‍ത്തിയ തൈമരങ്ങള്‍
തണലുപകരുമെന്നോര്‍ത്തിടേണ്ട
മധുവേകി കൈകളെ തൊട്ടിലാക്കി
മധുരമാം താരാട്ടിലൂയലാട്ടി
കൈകാല്‍ വളരുവാന്‍ കാത്തതല്ലോ.
ഒരു നൂറ് സ്വപനങ്ങള്‍ നെയ്തതല്ലോ.
അഞ്ജനം തേച്ചു നീ ചേലണച്ച
കണ്‍കളില്‍ ക്രൗര്യം കുടിയിരിക്കേ
അമ്മയെ നോക്കി സ്മിതം പൊഴിച്ച
ചുണ്ട്‌ പരിഹാസവക്രമാകേ
പിച്ചനടത്തിയ പിഞ്ചുകാലുകള്‍
എല്ലാം മെതിക്കുവാനുച്ചലിക്കേ
എന്തും തകര്‍ക്കുവാന്‍ പോന്ന കൈകള്‍
അന്തരീക്ഷത്തില്‍ ചുഴറ്റി നില്‍ക്കേ
അസ്വസ്ഥരായ്‌ അസംതൃപ്തരായി നിന്‍
മാതൃത്വവും വിലപേശി നിലക്കേ
ഒരു മാത്ര നീയും തളര്‍ന്നുപോയോ?
തരള നേത്രങ്ങളില്‍ അമ്പരപ്പോ?
ഇനിയും സഹിക്കുക സര്‍വ്വംസഹേ
ശാപശസ്ത്രം മടക്കുക രത്നഗര്‍ഭേ!

Subscribe Tharjani |
Submitted by sarala (not verified) on Sun, 2009-07-05 20:42.

saravam sahikkuka thanne...