![]() |
|||||
ഇരുളാര്‍ന്നരാത്രിയില്‍ക്കേട്ടു വീണ്ടും
നിന്‍ കാലടിയൊച്ച പടികളില്‍ ഞാന്‍
പരിചിതമിന്നുമാശബ്‌ദമെന്റെ
കരളിനെ നുള്ളിയുണര്‍ത്തിയല്ലോ
മുകളിലേക്കോടിക്കയറിടുമ്പോള്‍
ധൃതിയില്‍ നീ താഴേക്കിറങ്ങിടുമ്പോള്‍
അറിയാമെനിക്കു തിരിച്ചറിയാം
പലനാളുകേട്ടകാലൊച്ചകളെ
ചിതല്‍ തിന്നകോണിപ്പടികളായി-
ട്ടറിയാതെ മാറിക്കഴിഞ്ഞുവോ ഞാന്‍?
ഒരു പ്രേതമെന്നപോല്‍ ഭൂതകാലം
മുകളില്‍ച്ചവിട്ടി നടന്നിടുന്നു.
ഒരു തുണ്ടടരുന്നിതെന്നില്‍നിന്നും
അറിയാതെ താഴെക്കൊഴിഞ്ഞിടുന്നു.
'പഴകിയകോണിപ്പടികളാണേ
ചിതല്‍ തിന്നകോണിപ്പടികളാണേ
ഇതുവിധം ചാടിയിറങ്ങിടൊല്ലേ'
അരികില്‍ വന്നമ്മപറഞ്ഞിരുന്നു.
'മുട്ടനിരുമ്പാണി വച്ചനിന്റെ
കട്ടിച്ചെരുപ്പിട്ടു തുള്ളിയാലേ
തകരുമീക്കോണിയെന്നോര്‍മ്മവേണം'
അരികില്‍ വന്നമ്മപറഞ്ഞിരുന്നു
വലിയേട്ട! നിന്‍മുറി തൂത്തുവാരും
ഒരു കൊച്ചുപെണ്ണിനെയോര്‍മ്മയുണ്ടോ?
നിറയെക്കടലാസുപൂവിനായി
ചെറിയമയില്‍പ്പീലിത്തുണ്ടിനായി
നിഴലുപോലെന്നും പുറകെയോടും
കുസൃതിക്കുരുന്നിനെയോര്‍മ്മയുണ്ടോ?
വിളറിത്തണുത്തപുലരികളും
നിറമുള്ളഹേമന്തസന്ധ്യകളും
വരികയും പോകയും ചെയ്‌തിടുമ്പോള്‍
അറിയുന്നു നീ തിരിച്ചെത്തുകില്ല
ചിറകുകള്‍വാടിക്കൊഴിഞ്ഞു വീണു
പതിനൊന്നുവര്‍ഷമടര്‍ന്നുവീണു
ഒരു സ്വപ്‌നത്തിന്റെ ചിറകിലേറി
അരികിലെത്തുന്നു നീ വല്ലനാളും
ഒരുവേള കണ്ടുമുട്ടീടുകില്‍ നാം
അറിയുമോ കൊച്ചനുജത്തിയെ നീ ?
ഇരുളാര്‍ന്നരാത്രിയിലിന്നലെയെന്‍
പടികളില്‍ നിന്റെ കാലൊച്ചകേട്ടു
പരിചിതമാണെനിക്കിപ്പൊഴുമാ-
പ്പലനാളുകേട്ടു മറന്നശബ്‌ദം
വലിയേട്ട! നീവെറും പൂഴിമണ്ണില്‍
ഒരുപിടിച്ചാരമായ് ചേര്‍ന്നുവല്ലോ.
ചിതല്‍ തിന്നകോണിപ്പടികളായി-
ക്കഴിയുന്നു ഞാനീപ്പഴയവീട്ടില്‍
വോങ് മേ,സിംഗപ്പൂര്‍
മൊഴിമാറ്റം: എം. കെ. ഭാസി