തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

കഥ

കവിത കെട്ടുന്നവരുടെ ഗ്രാമം

ഒരു ഇണ്ടംതുരുത്തായിരുന്നു ആ ഗ്രാമം. എഴുപുന്നത്തരകന്മാരുടെ തറവാടും കഴിഞ്ഞ്‌ മുന്നോട്ട്‌ ചെല്ലുമ്പോള്‍ നാടക കമ്പക്കാരനും പാട്ടെഴുത്തുകാരനുമായിരുന്ന കരുമാഞ്ചേരി ഗ്രേഷ്യന്‍ സാറിന്റെ വീട്‌ കാണാം. അവിടെ നിന്നും ഇടത്തോട്ട്‌ നടന്നാല്‍ ഏകാകികളുടെയും കുഞ്ഞുങ്ങളുടെയും നൊമ്പരങ്ങള്‍ പൂവിതള്‍ കൊണ്ട്‌ എഴുതുന്ന പ്രിയ എ.എസ്സിന്റെ വീടെത്തും. വലത്തോട്ടുള്ള വഴിയാണ്‌ നമ്മുടേത്‌. ആദ്യം ഔസേപ്പുകുട്ടിയുടെ വീട്‌. മിഴികള്‍ പൂട്ടി കണ്ണീരുപ്പുമായി വയലിന്‍ വായിക്കുന്ന ഔസേപ്പുകുട്ടി. പിന്നെ ചവിട്ടുനാടകത്തിന്‌ പ്രമാണം പാടുന്ന പവിയാന്‍ അണ്ണാവിയുടെ വീട്‌. സാക്ഷാല്‍ ചിന്നത്തമ്പി അണ്ണാവിയുടെ പരമ്പരയില്‍പ്പെട്ടയാള്‍. ചിന്നത്തമ്പി അണ്ണാവി തമിഴ്‌ മലയാളത്തില്‍ താളിയോലയില്‍ എഴുതിയ കാറള്‍മാന്‍ ചരിത്രം ചവിട്ടുനാടകത്തിന്റെ ചുവടികള്‍ പവിയാന്‍ അണ്ണാവിയുടെ കല്‍പ്പെട്ടിയിലുണ്ട്‌. പോഞ്ഞിക്കര റാഫിയും സബീന റാഫിയും അത്‌ പരിശോധിക്കാന്‍ ഒരിക്കല്‍ അണ്ണാവിയുടെ വീട്ടില്‍ വന്നിരുന്നു. നാലഞ്ചുവീടുകള്‍ പിന്നെയും കഴിഞ്ഞാല്‍ ചതുപ്പും ചെളിയും തന്നെ. ഒന്നൊന്നര അടിയോളം വെള്ളം കെട്ടിയ നീണ്ട വഴി. ഇരുവശങ്ങളിലും തോടാണ്‌. മീനും പാമ്പും തവളകളുമെല്ലാം സര്‍വതന്ത്രസ്വതന്ത്രരായി ഗതാഗതം ചെയ്യുന്ന ജലനിരത്ത്‌. ഉപദ്രവമൊന്നുമില്ല. നമ്മള്‍ കാലുമായി ചെല്ലുമ്പോള്‍ അവകള്‍ ഒതുങ്ങിപ്പൊയ്ക്കൊള്ളും. ജലനിരപ്പിനുമുകളിലായി എണ്ണമയം പോലെ പറ്റിക്കിടക്കുന്ന തത്തപ്പച്ച നിറമുള്ള ഒരു തരം പായല്‍ കാല്‍വണ്ണയില്‍ പറ്റിക്കൂടും. അലോസരമൊന്നുമില്ല. ജലജീവികളെ കാണാന്‍ തടസ്സമാണെന്നേയുള്ളു. ചിലയിടങ്ങളില്‍ പായല്‍ അകന്ന്‌ ജലം നല്ല കണ്ണീര്‍ത്തടം പോലുണ്ടാകും. എല്ലാം തെളിഞ്ഞ്‌ കാണാം. ജലത്തെ താങ്ങുന്ന മണ്ണിനുപോലും നല്ല വൃത്തി. കഴുകി വെടിപ്പാക്കി ആരോ അവിടെ ഇട്ടിരിക്കുന്നതുപോലെ. വശങ്ങളിലെ ചതുപ്പില്‍ ചീങ്കണ്ണികളുണ്ട്‌. ജലനിരത്തിനെ ഒഴിവാക്കി അവ അലസഗമനം ചെയ്യുന്നുണ്ടാവും. അവയുടെ സുജീവിതത്തിലേക്ക്‌ കടന്നുകയറാതെ സൂക്ഷിക്കണം.

മണ്ണില്‍ നടക്കുന്നതുപോലെ ജലത്തില്‍ നടക്കാനാവില്ല. കീറിമുറിച്ച്‌ മുന്നോട്ട്‌ നീങ്ങുന്നതിന്റെ പ്രയാസമുണ്ട്‌. ജലം നമ്മുടെ വേഗതയെ പ്രതിരോധിക്കും. കുറേ നടന്നുകഴിയുമ്പോള്‍ കാലുകള്‍ കുഴയുന്നതായി അനുഭവപ്പെടും. ജലത്തിന്‌ കട്ടികൂടിവരും. കാല്‍വണ്ണകള്‍ ജലത്തില്‍ പുതയുന്നതായി തോന്നും. ആഴം കൂടിവരുന്നോ എന്ന സംശയമുണ്ടാകും. നടത്തം നിര്‍ത്തിയാല്‍ നിങ്ങള്‍ നിശ്ചയമായും കുടുങ്ങും. നാലുപാടും വെള്ളപ്പരപ്പ്‌. പിന്നോട്ട്‌ നോക്കിയാല്‍ നിങ്ങള്‍ അമ്പരക്കും. കര അവ്യക്തമായിരിക്കും. മിക്കപ്പോഴും ഒന്നും കാണുകതന്നെയില്ല. നീരാവി നിങ്ങളുടെ കാഴ്ചയെ തടുക്കും. ചുറ്റുമുള്ള ലോകത്തെ രഹസ്യമാക്കും. ജലവിഭ്രാന്തിയില്‍ വീണുപോയാല്‍ പിന്നെ ഒക്കെ വിധിപോലെ വരും. ചീങ്കണ്ണികള്‍ നിങ്ങളെ ആഘോഷമാക്കും. അതിനൊന്നും ഇടം കൊടുക്കാതെ ഇടംവലം തിരിയാതെ ജലനിരത്ത്‌ വിടാതെ സഞ്ചരിക്കണം. നിങ്ങള്‍ കവിത കെട്ടുന്നവരുടെ ഗ്രാമത്തിലെത്തും.

പലരും അതിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും പോയവരാരും മടങ്ങിയെത്തിയിട്ടില്ല. എരമല്ലൂര്‍ കൊട്ടകയില്‍ പടം കണ്ടിറങ്ങുന്നവരില്‍ ചിലരെ നൂറ്റിമുപ്പത്തിയാറാം നമ്പര്‍ ചാരായ ഷാപ്പ്‌ കുടുക്കിട്ട്‌ പിടിക്കും. ഇരുട്ടില്‍ പുതഞ്ഞ ഷാപ്പ്‌ സര്‍പ്പക്കാവിന്റെ മറവില്‍ ഒരു നാട്ടുവനത്തില്‍ ഒളിച്ചിരിപ്പുണ്ടാവും. അതിനുള്ളില്‍ ആരാണ്‌ ലൗകികസുഖത്തെ വാറ്റിവില്‍ക്കുന്നതെന്ന്‌ മറ്റാരും അറിഞ്ഞിട്ടില്ല. ഷാപ്പിനുള്ളിലേക്ക്‌ ആര്‍ക്കും പ്രവേശനമില്ല. ലോകം ഇരുളാതെ അവിടെ കച്ചവടവുമില്ല. കുട്ടനാടന്‍ ദൃശ്യങ്ങളെ ചായത്തിലാക്കുന്നവര്‍ പതിവായി വരച്ചിടുമ്പോലെ ഒരു ഓലക്കുടില്‍. പിന്നിലെ വാതില്‍ സദാ അടച്ചിരിക്കും. മുന്നിലെ കിളിവാതിലിലൂടെയാണ്‌ ലോകവ്യാപാരം. അതിനുമുന്നില്‍ നിങ്ങള്‍ ചെന്നുനിന്നാല്‍ ചോദ്യവും പറച്ചിലുമൊന്നുമില്ല. ഇരുട്ടില്‍ ഒരു കൈ നിങ്ങള്‍ക്ക്‌ നേരെ നീണ്ടുവരും. പ്രത്യേക വലിപ്പത്തിലുള്ള ഒരു ഗ്ലാസില്‍ മുക്കാലും നിറഞ്ഞ പട്ടച്ചാരായം. അതിന്റെ കത്തിപ്പിടിക്കുന്ന ഗന്ധം. ഒറ്റവലിക്ക്‌ അതകത്താക്കി ഗ്ലാസ്‌ തിരികെ കൊടുക്കുമ്പോള്‍ വൃത്തിയായി പൊളിച്ച്‌ രണ്ടായി പകുത്ത താറാമ്മുട്ടയില്‍ ഉപ്പും കുരുമുളകുപൊടിയും തൂകിയത്‌ കിട്ടും. ചീനമുളകും നാടന്‍ കുരുമുളകും ഉപ്പും വാളന്‍പുളിയും നന്നായി അരച്ചത്‌ അതിനുശേഷം ഒരു ചെറിയ പാത്രത്തില്‍ നിങ്ങള്‍ക്ക്‌ നേരെ നീണ്ടുവരും. വിരല്‍ കൊണ്ട്‌ തോണ്ടി നാക്കില്‍ വയ്ക്കാം. പിന്നെ കൈ നീളുന്നത്‌ പണം വാങ്ങാനാണ്‌. ഇത്‌ എത്ര തവണ വേണമെങ്കിലും ആവര്‍ത്തിക്കാം. പല തവണ ആവര്‍ത്തിക്കുമ്പോള്‍ തല പെരുക്കും. ഉത്സാഹം കടുക്കും. അപ്പോഴാണ്‌ കവിത കെട്ടുന്നവരുടെ ഗ്രാമത്തില്‍ പോകണമെന്ന ആശ മുളയ്ക്കുക. പക്ഷേ നൂറ്റിമുപ്പത്തിയാറാം നമ്പര്‍ ചാരായഷാപ്പില്‍ നിന്നും കവിത തേടിയിറങ്ങിയവര്‍ക്ക്‌ ജലവിഭ്രാന്തിയില്‍ ഒടുങ്ങാനാവും നിയോഗം. അതല്ലെങ്കില്‍ ചീങ്കണ്ണികളുമായി ഒരു നേര്‍മുഖം. രണ്ടായാലും പോയവരാരും തിരിച്ചെത്തിയിട്ടില്ല. ഒരു പക്ഷേ കവിത കെട്ടുന്നവരുടെ ഗ്രാമത്തിന്റെ ഭംഗിയില്‍ അവര്‍ സ്വന്തം ലോകം മറന്നതാകാനും വഴിയുണ്ട്‌.

എന്നാലും കവിത കെട്ടുന്നവരുടെ ഗ്രാമം അവിടെത്തന്നെയുണ്ടെന്നത്‌ സുനിശ്ചിതമാണ്‌. അതില്‍ നീക്കുപോക്കൊന്നുമില്ല. എഴുപുന്നയ്ക്കും ചെല്ലാനത്തിനും ഇടയിലെ വിസ്തൃതമായ വെള്ളപ്പരപ്പിലെവിടെയോ ആ ഗ്രാമം ജീവനോടെയുണ്ട്‌. ജീവനുള്ള സകലരും കവിതയുടെ പ്രണയികളായ ഒരപൂര്‍വഗ്രാമം. ആരുടെയും മനസ്സിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന നാടന്‍ കവിതയാണ്‌ അവിടെ വിളയുന്നത്‌. ആരും അവിടെ കവിത വായിക്കുന്നില്ല. സംഗീതം പോലെ കേള്‍ക്കുകയാണ്‌. ഔഷധം പോലെ ആന്തരികതയിലേക്ക്‌ കിനിഞ്ഞിറങ്ങുകയാണ്‌. കവിത നിറഞ്ഞുതൂവുന്ന ഒരിടം. പ്രശാന്തതയുടെ ഒരു ഈറന്‍ തുരുത്ത്‌. ആവശ്യങ്ങള്‍ കുറവ്‌. എന്നാലും എല്ലാവര്‍ക്കും എല്ലാമുണ്ട്‌. ഒഴിഞ്ഞ ഇടങ്ങളെല്ലാം കവിത നിറയ്ക്കുന്നു. ജീവിതത്തിന്റെ താളം അത്‌ നിര്‍ണ്ണയിക്കുന്നു. പൂര്‍ണ്ണതയെ കവിത ഒരാന്തരിക അനുഭവമാക്കുന്നു. വളര്‍ച്ചയുടെയും വികാസത്തിന്റെയും വേരുകള്‍ക്ക്‌ അത്‌ ജൈവവളമാകുന്നു. കവിത മനുഷ്യരെ ചരിത്രത്തിന്റെ കാര്യസ്ഥരും ഉടമകളും ആക്കുന്നു. ഇതൊക്കെ ചോരയിലും മാംസത്തിലും അനുഭവിക്കുക സാദ്ധ്യമാണോ എന്ന്‌ സംശയിക്കുന്ന സന്ദേഹികളാണ്‌ കവിത കെട്ടുന്നവരുടെ ഗ്രാമം പുരാവൃത്തമാണെന്ന്‌ പറഞ്ഞുപരത്തുന്നത്‌. അവര്‍ ഒരിക്കല്‍പ്പോലും സ്വന്തം കാലുകളെ ജലസ്വാതന്ത്ര്യത്തിന്റെ നനവിലേക്ക്‌ ഇറക്കാത്തവരാണ്‌. വെള്ളാരംകല്ലുകളെയും തത്തപ്പച്ചപ്പുള്ള പായലിനെയും ജലജീവികളെയും സംശയത്തോടെ കാണുന്നവരാണ്‌. അവരുടെ സ്വപ്നങ്ങളില്‍ ചീങ്കണ്ണികള്‍ പുളയുന്നു. ജലനിയമങ്ങള്‍ വെടിഞ്ഞ്‌ അവ മനുഷ്യമാംസം ഭുജിക്കുന്നു. പാമ്പുകളും പഴുതാരകളും വിഷം ചീറ്റുന്നു. പച്ചത്തവളകള്‍ വെട്ടുകിളികളാകുന്നു. ജലം കുറ്റാക്കൂരിരുട്ടിനെ ഗര്‍ഭം ധരിക്കുന്നു.

പണ്ട്‌ മൂത്തേടത്ത്‌ വംശത്തിലെ ഒരു നാടുവാഴി കവിത കെട്ടുന്നവരുടെ ഗ്രാമം നശിപ്പിക്കാന്‍ തുനിഞ്ഞതാണ്‌. മനക്കോടത്ത്‌ താവളം ഒരുക്കി നാലുപാടുനിന്നും നീന്തല്‍ക്കാരായ പടക്കാരെ ഇറക്കി. പടിഞ്ഞാറ്‌ ചെല്ലാനം, കിഴക്ക്‌ എഴുപുന്ന, തെക്ക്‌ അഴീക്കല്‍, വടക്ക്‌ കണ്ടക്കടവ്‌. നാലുവശത്തുനിന്നും പട നീങ്ങി. തൊട്ടുപിന്നാലെ ചെറിയ വള്ളങ്ങളില്‍ പടമുഖ്യന്മാര്‍. വാളും കുന്തവും വെട്ടരിവാളും യഥേഷ്ഠം പ്രയോഗിച്ചു. അനന്തമായ ജലപ്പരപ്പിന്റെ നടുവിലെവിടെയോ വച്ച്‌ സംഘങ്ങള്‍ നാലും കൂട്ടിമുട്ടി. കവിത കെട്ടുന്നവരുടെ ഗ്രാമം അവരെ കബളിപ്പിച്ചു. ഇളിഭ്യര്‍ വീണ്ടും കൂടുതല്‍ കരുതലോടെ ആവര്‍ത്തിച്ചു. ഇക്കുറി അവര്‍ക്ക്‌ തെറ്റിയില്ല. ഗ്രാമം അവര്‍ക്ക്‌ വെളിപ്പെട്ടു.

ജലനിരപ്പിനെക്കാളും ഒരു വിരല്‍വണ്ണം താഴ്ന്ന്‌ ആയിരുന്നു നനവും ഈര്‍പ്പവും മുറ്റിയ ഗ്രാമത്തിന്റെ ഭൂനിരപ്പ്‌. ജലം അതിനെ സ്വന്തമെന്ന്‌ കരുതി. അകലെ പെരുംകരകള്‍ക്കും ഗ്രാമത്തോട്‌ പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത വീടുകള്‍. പക്ഷികള്‍ക്കും മരങ്ങള്‍ക്കും ഇടയിലെ ചാര്‍ച്ച മനുഷ്യര്‍ക്കും വീടുകള്‍ക്കും ഇടയില്‍ ഉണ്ടായിരുന്നു. അപാരമായ ഒരൊത്തിണക്കത്തില്‍ ആ ഗ്രാമം ഒരു നുറുങ്ങ്‌ പ്രപഞ്ചമായി. പല്ലക്കില്‍ ജലസ്പര്‍ശം തീണ്ടാതെ ഭരണാധികാരി ഗ്രാമത്തിന്‌ നടുവില്‍ എത്തി. മേലില്‍ ഒരാളും കവിത എഴുതരുതെന്നും സകലരും നാടുവാഴിയുടെ പാടത്തും പറമ്പിലും പണിക്കാരായിക്കൊള്ളണമെന്നും തീട്ടൂരം വായിക്കപ്പെട്ടു. തലയില്‍ നിലാവിറങ്ങിയ കുഴിമടിയന്മാര്‍ക്കുള്ളതാണ്‌ കവിതയെഴുത്തും വായനയുമെന്ന്‌ ഭരണാധികാരി ആക്രോശിച്ചു. പിന്നീടാണ്‌ കവിത കെട്ടുന്ന ഉപകരണങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്‌ പിറന്നത്‌. പക്ഷേ ഒരു വീട്ടിലും എഴുത്തുപകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഗ്രാമം ഒന്നടങ്കം നിരക്ഷരര്‍ ആണെന്ന വിചിത്ര വസ്തുത അങ്ങിനെ വെളിപ്പെട്ടു. പണിചെയ്യുമ്പോഴുള്ള ആനന്ദമാണ്‌ കവിതകളായി നാവില്‍ വരുന്നതെന്ന ഗ്രാമീണരുടെ വിശിദീകരണം ഭരണാധികാരിയെ ഉന്മാദിയാക്കി. നാടുവാഴിയുടെ പണിക്കാരായാല്‍ ആനന്ദം നഷ്ടമാകുമെന്നും കവിത ഒടുങ്ങുമെന്നും കേട്ടപ്പോള്‍ ഭരണാധികാരിക്ക്‌ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു. ക്രോധവും ഉന്മാദവും അതിന്റെ പണി തുടങ്ങി. അയാള്‍ വസ്ര്തങ്ങള്‍ പറിച്ചെറിഞ്ഞു. പല്ലക്കിന്‌ തീയിട്ടു. കൈയ്യില്‍ കിട്ടിയവരെയെല്ലാം കൊന്നു. അപ്പോഴേക്കും ഗ്രാമം മെല്ലെ ജലപ്പരപ്പിലേക്ക്‌ താഴുന്നതായി പടക്കാര്‍ക്ക്‌ അനുഭവപ്പെട്ടു. പ്രാണനുവേണ്ടിയുള്ള പൊരിച്ചിലില്‍ അവര്‍ വെള്ളത്തിലേക്ക്‌ ചാടി. പലരും ചീങ്കണ്ണികള്‍ക്ക്‌ ആഹാരമായി. ചിലരെങ്കിലും രക്ഷപെട്ടിരിക്കാം. അവരാരും കവിത കെട്ടുന്ന ഗ്രാമത്തെക്കുറിച്ച്‌ പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല.

ഇനിയിപ്പോള്‍ എന്റെ ഊഴമാണ്‌. വീര്‍പ്പിടുന്ന ഒരു കൂറ്റന്‍ ജലജീവിയെപ്പോലെ എനിക്കുചുറ്റും ജലരാശി. ദിക്കുകള്‍ അവ്യക്തങ്ങളാണ്‌. നീരാവി വന്‍മതില്‍ പോലെ കാഴ്ചയെ മയക്കുന്നു. നെഞ്ചൊപ്പം വെള്ളം. സഹസ്രാബ്ദങ്ങളുടെ ഗാരന്റിയുള്ള ഒരു കുഞ്ഞു ടോര്‍ച്ചും വാച്ചിന്റെ വലിപ്പമുള്ള വടക്കുനോക്കി യന്ത്രവുമാണ്‌ എന്റെ സഹായോപകരണങ്ങള്‍. അടങ്ങാത്ത ഉത്സാഹമാണ്‌ എന്റെ ഊര്‍ജം. മനുഷ്യര്‍ക്ക്‌ ഇനിയും ഒരുപാട്‌ ദൂരം മുന്നോട്ട്‌ പോകാനുണ്ടെന്നും കവിത കെട്ടുന്ന ഗ്രാമിണരുടെ അറിവ്‌ അതിന്‌ താങ്ങാകുമെന്നും എനിക്ക്‌ നിശ്ചയമുണ്ട്‌. ഒരിക്കലും ഒടുങ്ങാത്ത ജന്മങ്ങളുടെ തുടര്‍ച്ചയിലെ ഒരു കണ്ണിയാണ്‌ ഞാന്‍. ശരിയെന്ന്‌ തോന്നുന്നത്‌ ചെയ്യുക. അതു മാത്രമേ നമുക്കാവൂ. മനുഷ്യനായിരിക്കുകയെന്നത്‌ ക്ലേശവും ആനന്ദവും തന്നെ.

Subscribe Tharjani |