തര്‍ജ്ജനി

മനസ്സുമായൊരു മടക്കം

iluustration

മനസ്സിന്നലെ
തുറസ്സിലുയര്‍ന്ന
വര്‍ണ്ണങ്ങളില്ലാത്ത
ചിത്രഹീനമായൊരു ചുമര്‌

ദുരിതസൂര്യനെരിക്കുന്നകംപുറം
ദൂരെ നീയൊരു മരീചിക ...!
അടുക്കുന്തോറുമകന്നനന്തമായ്‌ തുടരും ലീല
ഇച്ഛകളെയെല്ലാം ഇറുത്തെറിഞ്ഞ്‌
വിടുതിവീടൊഴിയാനായുമ്പോള്‍

സ്‌മരണമഴ നീരിഴ നീട്ടുന്നു.
സ്മരപ്രിയ മന്ദമണയ്ക്കുന്നിതാ
പുനം വിട്ടിഴഞ്ഞെത്തും
പുതുനാഗത്തിന്നിളം പത്തിതന്നതിശോഭ
അമര്‍ത്തിച്ചുംബിക്കുമ്പോളേറും
അധരശോണിമ.
പിടഞ്ഞിമപാതിയടയും
മിഴിമുന
പതറിയേറിയമരുമുടലിന്‍
കാമന
നീന്തിത്തുടിക്കുമുന്മാദത്തിന്‍
ശരമുന
ഒഴുകിപ്പരക്കും സുഖനദിയുടെ ആഴം
ചിറപോട്ടും നിര്‍വൃതിയുടെ നിര്‍വേശം
പ്രളയാന്ത്യത്തിനാലസ്യനിമിഷം
മനസ്സിന്ന്
എഴുതാതിരിക്കാനാവാത്ത
കവിത കുറിച്ചൊളിച്ചുവച്ച
കടലാസ്‌.

സുനില്‍ ചിലമ്പിശ്ശേരില്‍
റിയാദ്‌, സൌദി അറേബ്യ.

Submitted by Sunil Krishnan (not verified) on Fri, 2005-10-07 22:44.

വിട്ടുപോകാത്തവയെകുറിച്ചും വീണ്ടും വീണ്ടും വിളിക്കുന്നവയെ കുറിച്ചും ഇനിയും എഴുതുക. നന്നായിരിക്കുന്നു.