തര്‍ജ്ജനി

ഓര്‍മ്മകള്‍ക്കറിയാം

Illustration അന്തിമാരിക്കുളിരിനിടയിലാരൊര-
ല്ലലിന്‍ ഗീതം പാടുന്നു.
അനാദി വാനിന്‍ വേദിയിലമര്‍ന്നാരേ
അഭംഗുരമുടുക്കു കൊട്ടുന്നു.

മേഘക്കുടിലിന്നടുപ്പത്തിരുന്നാരേ
എരിതീക്കനലൂക്കിലൂതുന്നു.
നനഞ്ഞ കാറ്റിന്‍ വരവിലാരേ
ഓലവാതില്‍ വഴി തുറക്കുന്നു.

ഈയാം പാറ്റകളുടെ വാഴ്വിലാരേ
ഇരുനാഴി മൃതിജലമൊഴിക്കുന്നു.
തേക്കിലച്ചോടെ വെളിച്ചബിന്ദുക്കള്‍
കെടാതെയാരേ പാത്തു വയ്ക്കുന്നു.

നാക്കില ചൂടി പൊരിപ്രാക്കെറിഞ്ഞി
ട്ടിട വഴി ധൃതിയാലാരകലുന്നു
വരിവെള്ളം പതയും ഇടപ്പാത തന്നി-
ലോര്‍മ്മകളേ പൊന്തീം പൊലിഞ്ഞും.

ഒ. എം. ഗണേഷ്‌ ഓമാനൂര്‍