തര്‍ജ്ജനി

സിനിമ

വെള്ളിത്തിരയ്ക്കുവേണ്ടി എഴുതുമ്പോള്‍


സുധീഷ് കമ്മത്ത് കമലഹാസനുമായി നടത്തിയ സംഭാഷണം.

ചെന്നൈ IITയില്‍ സിനിമാതാരവും സംവിധായകനുമായ കമലാഹാസന്റെ ഉത്സാഹത്തിലും നേതൃത്വത്തിലും നടന്ന രാഷ്ട്രാന്തരീയ തിരക്കഥാശില്പശാല ഒരു സ്വപ്നം സാക്ഷാത്തായ പ്രതീതിയാണുണര്‍ത്തിയത്. കെ ബാലചന്ദര്‍, ശേഖര്‍ കപൂര്‍, വിശാല്‍ ഭരദ്വാജ്, ഒലിവിയര്‍ ലോറല്‍, രാകേഷ് ഓം പ്രകാശ് മെഹ്ര, ബാലു മഹേന്ദ്ര എന്നിവരാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്ത 250-ഓളം യുവപ്രതിഭകള്‍ക്ക് സിനിമയുടെ വ്യാകരണവും തിരക്കഥയെഴുത്തിന്റെ രഹസ്യങ്ങളും പറഞ്ഞു കൊടുക്കുന്നത്. പരിപാടിയുടെ മുഖ്യസംഘാടകനായിരുന്ന കമലാഹാസനുമായി സുധീഷ് കമ്മത്ത് നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.


കമലഹാസന്‍

“തെരുക്കൂത്തുകാരെപ്പോലെയാണ് തമിഴ് സിനിമാക്കാര്‍. ഒറ്റനോട്ടത്തില്‍ കാണികളെ അത്ഭൂതപരതന്ത്രരാക്കുന്ന ചില നീക്കങ്ങള്‍ അവര്‍ നടത്തിക്കളയും. വ്യത്യസ്തമായ എന്തെങ്കിലും കാണിക്കാനാവശ്യപ്പെട്ടാല്‍ വീണ്ടും വീണ്ടും കാണിച്ചതു തന്നെ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.- ” ന്യൂയോര്‍ക്ക് പട്ടണത്തിലെ സെന്റര്‍ പാര്‍ക്കിനടുത്തുള്ള ആപ്പിള്‍ സ്റ്റോറില്‍ തന്റെ നോട്ട്ബുക്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തുകിട്ടാനായി കാത്തിരിക്കുന്ന വേളയില്‍ കമലാഹാസന്‍ പറഞ്ഞു. “ ഇപ്പോഴാവശ്യം പരിശീലനം സിദ്ധിച്ച നൃത്തവിദഗ്ദ്ധരെയാണ്. പലതരത്തിലുള്ള നൃത്തമാതൃകകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരെ. പഴയ രീതികള്‍ തന്നെ പിന്നെയും തുടര്‍ന്നു വരുമ്പോള്‍ പുതിയ മാതൃകകള്‍ എങ്ങനെ കടന്നുവരാനാണ് ?”

കഴിഞ്ഞ ജനുവരിയിലാണ് പുതുമുറക്കാരായ യുവരക്തങ്ങളെ സിനിമയുടെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുന്നതിനായി ഒരു തിരക്കഥാശില്പശാല നടത്തണമെന്ന ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം ആദ്യമായി സംസാരിക്കുന്നത്. മാര്‍ച്ച് മൂന്നാം വാരം ആയപ്പോള്‍ എനിക്ക് ഒരു ഫോണ്‍ വന്നു. കമല്‍ തന്നെ. ശില്പശാലയാണ് ഇപ്പോഴും മനസ്സില്‍. ക്ലാസ്സുകള്‍ നയിക്കേണ്ട കുറച്ചുപേരുടെ പട്ടിക കൈയിലുണ്ട്. ഇന്ത്യയില്‍ നടത്തിയിട്ടുള്ളതില്‍ വച്ച് വിപുലമായ ഒന്നായിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലെങ്കില്‍ ദക്ഷിണേന്ത്യയിലെങ്കിലും.


ഒലിവിയര്‍ ലോറല്‍

ചെന്നൈ IITയിലെ ICSR ഹാളില്‍ തിരശ്ശീല ഉയര്‍ന്നപ്പോള്‍ സിനിമയോട് അഗാധമായ സ്നേഹമുള്ള ഈ മനുഷ്യന്റെ മാസങ്ങള്‍ക്കു മുമ്പ് താലോലിച്ചു തുടങ്ങിയ സ്വപ്നം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തന്നെ സത്യമാവുകയാണെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ടായില്ല. ഫ്രെഞ്ചു സിനിമയിലെ മുടിചൂടാമന്നനായ ജീന്‍ ക്ലോഡ് കരേരയുള്‍പ്പടെ ലോകത്തെമ്പാടുമുള്ള മികച്ച സിനിമയുടെ വക്താക്കളായ പ്രഗത്ഭരാണ് പ്രസംഗകര്‍. മറ്റൊരാള്‍ ഒലിവിയര്‍ ലോറല്‍. അദ്ദേഹം ചെയ്ത ‘Indigenes’ എന്ന സിനിമ 2006-ല്‍ ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു‍. മെയ് 28നും ജൂണ്‍ 3 നും ഇടയ്ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്തവരുടെ പേരുവിവരം ഇങ്ങനെ : കെ ബാലചന്ദര്‍, ശേഖര്‍ കപൂര്‍, വിശാല്‍ ഭരദ്വാജ്, രാകേഷ് ഓം പ്രകാശ് മെഹ്ര, ബാലു മഹേന്ദ്ര, ഗുല്‍സാര്‍, ഋതുപര്‍ണ്ണഘോഷ്, ശ്യാമപ്രസാദ്, ശ്രീറാം രാഘവന്‍.....

ICSR ഓഡിറ്റോറിയത്തിലെ ഈ 250 പേരോട് എനിക്കും അസൂയ തോന്നുന്നു എന്നാണ് കമലാഹാസന്‍ പറഞ്ഞത്. അത്രയ്ക്ക് വിദഗ്ദ്ധരായ ആളുകളുടെ ക്ലാസുകളിലാണല്ലോ അവര്‍ ഇരിക്കുന്നത്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയുടെ സഹകരണത്തോടെ കമലാഹാസന്റെ ചലച്ചിത്രനിര്‍മ്മാണക്കമ്പനിയായ രാജ്‌കമല്‍ ഇന്റര്‍ നാഷണലാണ് ശില്പശാലയ്ക്ക് ചുക്കാന്‍ പിടിച്ചത്. “എഴുപതുകളില്‍ സിനിമയെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ത്തി പിടിച്ചു നമ്മള്‍ ഓടി നടക്കുകയായിരുന്നു. ഇവിടെ നിര്‍മ്മിച്ച സിനിമകളുടെ തിരക്കഥകള്‍ അച്ചടിക്കുന്ന ‘പേശും പടം’ എന്ന ഒരു പ്രസിദ്ധീകരണം അന്നുണ്ടായിരുന്നു. സെന്‍സറിനു മുമ്പാകെ എത്തിയ ചിത്രങ്ങളുടെ വിശദീകരണക്കുറിപ്പുകള്‍ മാത്രമായിരുന്നു അവ എന്ന് ഇന്നു നമുക്കറിയാം. വീഡിയോ ടേപ്പുകള്‍ അന്ന് ഇറങ്ങിയിരുന്നില്ല. അതുകൊണ്ട് അഞ്ചോ ആറോ പ്രാവശ്യം സിനിമകള്‍ കണ്ടു. സാഹിത്യരസം ആസ്വദിക്കാന്‍ ഒരിക്കല്‍‍. അഭിനയം കാണാന്‍ ഒരിക്കല്‍. ദൃശ്യങ്ങളുടെ ഭംഗി കാണാന്‍ ഒരിക്കല്‍. സീനുകള്‍ മുറിയുന്ന രീതി കാണാന്‍ ഒരിക്കല്‍. ആര്‍ സി ശക്തിയും ഞാനും ( ഇവരിരുവരും ചേര്‍ന്ന് കലാമൂല്യമുള്ള നല്ലൊരു ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. പേര് : ‘ഉണര്‍ച്ചികള്‍’) കാസിനോയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകളും കാണുമായിരുന്നു. ‘വുഡ് സ്റ്റോക്ക്’ എന്ന സിനിമ 30 പ്രാവശ്യമാണ് കണ്ടത്. സാന്‍ഡ്‌വിച്ചുമായി ചെന്നിരുന്ന് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാതെ ഇരുന്നാണ് അറ്റുത്തടുത്ത ഷോകള്‍ കണ്ടു തീര്‍ത്തത്. ഇടവേള സമയങ്ങളില്‍ പുറത്തിറങ്ങാറുപോലുമുണ്ടായിരുന്നില്ല. തിരിച്ചു ചെല്ലുമ്പോള്‍ മറ്റാരെങ്കിലും സീറ്റില്‍ കയറിയിരിക്കും എന്നു പേടിച്ചിട്ട്.” കമല്‍ ഓര്‍മ്മിച്ചു. കപ്പോള ‘ഗോഡ് ഫാദര്‍’ നിര്‍മ്മിക്കുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ അഭിനേതാക്കളെ മനസ്സില്‍ കാണാന്‍ തുടങ്ങി. പുതുമുഖങ്ങളെയാണ് അദ്ദേഹം ചിത്രത്തില്‍ അണിനിരത്താന്‍ പോകുന്നതെന്നു കേട്ടപ്പോള്‍ ആദ്യം ഞങ്ങളുടെ മനസ്സു മങ്ങി. പക്ഷേ ബ്രാന്‍ഡോ ഞങ്ങള്‍ക്ക് പ്രിയംകരനായിരുന്നു.” കമല്‍ ഓര്‍മ്മിച്ചു.

‘ഗോഡ് ഫാദര്‍ രണ്ടു കമലാഹാസന്‍ ചിത്രങ്ങള്‍ക്ക് നിമിത്തമായിരുന്നിട്ടുണ്ട്. ‘നായകനും’ ‘തേവര്‍മകനും’. തേവര്‍ മകന്റെ പ്രാഗ്‌രൂപം ഗോഡ്‌ഫാദറാണെന്ന് അധികം ആര്‍ക്കും അറിയില്ല. അതുപോലെ ഗോഡ് ഫാദറിന്റേത് കിംഗ് ലിയറാണെന്നും. ‘മഹാനദി’ ‘പാവങ്ങള്‍’ എന്ന ഹ്യൂഗോ നോവലില്‍ നിന്നുണ്ടായതാണ്. അതും അധികം ആരും ശ്രദ്ധിച്ചിട്ടില്ല.

തന്റെ പഴയ കൂട്ടുകാരന്‍ അനന്തുവിനാണ് കമല്‍ ഈ ശില്പശാല സമര്‍പ്പിച്ചത്. അദ്ദേഹമായിരുന്നു കമലിനെ സിനിമയുടെ മായികലോകത്തിലേയ്ക്ക് ആദ്യം കൊണ്ടു വന്നത്. ‘അവന്‍ തന്നെയാണ് എന്നെ ചലച്ചിത്രത്തിനുവേണ്ടിയുള്ള എഴുത്തും പരിചയപ്പെടുത്തിത്തന്നത്. സുചിത്ര ഫിലിം സൊസൈറ്റി ലോകമെമ്പാടുമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.” കമല്‍ ഓര്‍മ്മിക്കുന്നു.

“സിനിമയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ പോകുന്നതിന്റെയൊക്കെ ചെലവ് സ്വയം താങ്ങാവുന്ന അവസ്ഥയിലായി. എണ്‍പതുകളിലാണ്. ഞാന്‍ അമേരിക്കയില്‍ ചെന്ന് കുറച്ചുസമയം ജോണ്‍ ട്രൂബിയോടൊപ്പം കഴിച്ചുകൂട്ടി. നല്ല പരിശീലകനെപ്പോലെയാണ് ട്രൂബി. എനിക്കാവശ്യമായതെല്ലാം അദ്ദേഹം എന്നെ പഠിപ്പിച്ചു. തിരക്കഥാരചനയ്ക്കുള്ള സോഫ്റ്റ്വെയറില്‍ ഇന്ത്യയില്‍ തയാറാക്കിയ ആദ്യചിത്രമാണ് തേവര്‍മകന്‍.


ജീന്‍ ക്ലോദ് കരേര

കമലിന്റെ ജീവിതത്തിലെ മറ്റൊരു വലിയ സ്വാധീനമാണ് ജീന്‍ ക്ലോദ് കരേര. “ ഒരു ദിവസം അദ്ദേഹം മൂന്നുമണിക്കൂര്‍ എഴുതും. അതിനുശേഷം ഞങ്ങള്‍ സംസാരിച്ചിരിക്കും. ഒരിക്കല്‍ ബാറിലിരിക്കുമ്പോള്‍ ഞാന്‍ കൈയിലുള്ള തിരക്കഥ അദ്ദേഹത്തെ കാണിച്ചു. ‘മരുതനായകത്തിന്റെ’ ഫ്രെഞ്ച് ഭാഗം എഴുതാന്‍ ആരാണ് എന്റെ മനസ്സിലുള്ളതെന്ന് അദ്ദേഹം ചോദിച്ചപ്പോഴാണത്. അദ്ദേഹം ശുപര്‍ശ ചെയ്യുന്ന ഏതെങ്കിലും നവാഗതനായ എഴുത്തുകാരന്‍ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. കരേരെയെപ്പോലുള്ള ഒരാള്‍ എനിക്കു താങ്ങാന്‍ കഴിയുന്നതിനപ്പുറമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അങ്ങനെ പറഞ്ഞത്. ഉടനെ ചോദ്യം വന്നു : യുവാക്കളായ എഴുത്തുകാരു തന്നെ മതിയെന്നാണോ ? യുവത്വം മനസ്സില്‍ സൂക്ഷിക്കുന്ന തരക്കേടില്ലാത്ത ഒരുവനവായാലും പോരേ? ആരെയാണു താങ്കള്‍ ഉദ്ദേശിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി. “ജീന്‍ ക്ലോദ് കരേരയെപ്പറ്റി എന്താണഭിപ്രായം?” എന്നോടൊപ്പം രചനാപ്രക്രിയയില്‍ പങ്കാളിയാവാന്‍ മാത്രം എന്റെ എഴുത്ത് അദ്ദേഹത്തിനിഷ്ടപ്പെട്ടിരുന്നു, എന്നല്ലേ അതിനര്‍ത്ഥം?”

ഞങ്ങള്‍ രണ്ടാളും മരുതനായകത്തില്‍ പങ്കാളികളായിരുന്നു. കൂടെയുണ്ടായിരുന്ന സമയം അദ്ദേഹം എന്നോട് ബുനുവലുമായുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു. പിന്നെ അബ്ബാസ് കിരോസ്താമിയെ പരിചയപ്പെടുത്തി. അപ്പോഴാണ് എഴുത്തുകാരെയും സിനിമാസംവിധായകരെയും പരിശീലനത്തിലൂടെ പരിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ കടന്നു കൂടുന്നത്. നന്നായി കഥപറയാന്‍ അറിയാവുന്നവരെല്ലാം നല്ല തിരക്കഥാകൃത്തുകള്‍ ആവണമെന്നില്ല. ഷേക്സ്‌പിയര്‍ ഇന്നു ജീവിച്ചിരുന്നു എങ്കില്‍ അദ്ദേഹവും തിരക്കഥാരചന പ്രത്യേകം പരിശീലിക്കേണ്ടി വന്നേനേ. ഷേക്സ്പിയറിനെക്കാള്‍ വലുതെന്തോ ആണ് തിരക്കഥാരചന എന്നു പറയുകയല്ല, കളിയുടെ നിയമങ്ങള്‍ മാറി എന്ന് വിശദീകരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ ഞാനെടുത്തു, ഇന്ന് ഫിലിം സ്കൂളുകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ സ്വായത്തമാക്കാന്‍. ഞങ്ങള്‍ തെരെഞ്ഞെടുത്ത ഈ 250 കുട്ടികള്‍ക്ക് പുതിയകാലത്തെ എഴുത്തില്‍ ആദ്യചുവടു വയ്ക്കാന്‍ ഒരാഴ്ചകാലമേവേണ്ടി വരികയുള്ളൂ.”

സംസാരിക്കാനെത്തുന്നവര്‍ തികച്ചും വ്യത്യസ്തമായ പല പല (ചലച്ചിത്ര) സ്കൂളുകളില്‍ നിന്നാണ് . “എന്നേക്കാള്‍ പ്രായം കുറഞ്ഞവരെങ്കിലും എനിക്കെന്തെങ്കിലുമൊക്കെ പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളവരെയാണ് ഇവിടെ ക്ലാസ്സെടുക്കാനായി ക്ഷണിച്ചിട്ടുള്ളത്. കുറച്ചുപേര്‍ മികച്ച പരിശീലകരുമാണ്. കെ ബാലചന്ദര്‍ 100 സിനിമകള്‍ക്ക് എഴുതുകയും അവ നിര്‍മ്മിക്കുകയും ചെയ്തു. ഓരോന്നും വ്യത്യസ്തം. ബാലു മഹേന്ദ്രയും മണിരത്നവും അതെ. (സിനിമ തീര്‍ക്കാനുള്ളതുകൊണ്ട് അദ്ദേഹം വരും എന്നുറപ്പില്ല) അമേരിക്കക്കാരോ യൂറോപ്യരോ പരസ്പരം യോജിച്ചെന്നു വരില്ല. പക്ഷേ പലകോണില്‍ നിന്നുള്ള വീക്ഷണഗതികള്‍ ആവശ്യമാണ്. രചനാപാഠങ്ങള്‍ക്ക് ഒരു വഴി മാത്രമല്ല ഉള്ളത്.”
കമലാഹാസന്‍ പുഞ്ചിരിച്ചു കൊണ്ട് പറയുന്നു.

മൊഴിമാറ്റം: ശിവകുമാര്‍ ആര്‍.പി

Subscribe Tharjani |
Submitted by പ്രേമന്‍ മാഷ് (not verified) on Wed, 2009-07-08 13:08.

സിനിമയെ എത്ര മാത്രം ഗൌരവത്തിലാണ് കമലിനെ പോലുള്ളവര്‍ കാണുന്നത്. ആ മനോഭാവത്തെ തൊട്ടു കാണിക്കാന്‍ കുറിപ്പിന് കഴിഞ്ഞിട്ടുണ്ട്. നന്ദി.

Submitted by shine (not verified) on Wed, 2009-11-11 18:44.

Kamal is really a dedicated Personality. His movies are the best example. Many times, I compared Godfather and Nayakan... Kamals interpretation of Godfather to Indian circumstances done so nicely. Nice article.