തര്‍ജ്ജനി

പുസ്തകം

നിറങ്ങളുടെ സിംഫണിയും സൈബര്‍മലയാളവും മറ്റും


നിറങ്ങളുടെ സിംഫണി

കലാനുഭവത്തിന്റെ ധ്യാനാത്മകവും ലാവണ്യപരവുമായ മാനങ്ങളില്‍ ബദ്ധശ്രദ്ധനായ നിരൂപകനാണു് കെ.പി.രമേഷ്. സെന്‍ ബുദ്ധീസവും സംഗീതവും ഇന്ത്യന്‍ ആത്മീയതയും ചിത്രങ്ങളുമാണു് ഇദ്ദേഹത്തിന്റെ ഭാവുകത്വത്തെ രൂപപ്പെടുത്തിയതു്. അതിനാല്‍ ആശയങ്ങളെക്കാള്‍ അനുഭവത്തിലും അതിന്റെ സൌന്ദര്യപരതയിലും അഭിരമിക്കുന്ന നിരൂപണവഴിയാണു് ഇദ്ദേഹം തെരഞ്ഞെടുക്കുന്നത്.

നിറങ്ങളുടെ സിംഫണി സംഗീതം, ചിത്രകല, സാഹിത്യം എന്നിവയെക്കുറിച്ചുള്ള വേറിട്ട വായനാനുഭവം നല്കുന്ന ലേഖനങ്ങളുടെ സമാഹാരമാണു്.

രൂപകല്പനയിലും പ്രസാധനത്തിലും മികവു് പുലര്‍ത്തുന്ന പുസ്തകം പ്രതിപാദ്യത്തോട് നീതിചെയ്യാന്‍ ശ്രമിക്കുന്നു.

നിറങ്ങളുടെ സിംഫണി
കെ.പി.രമേഷ്
പ്രസാധനം: ഫേബിയന്‍ ബുക്സ്, മാവേലിക്കര.
115 പുറങ്ങള്‍
വില: 75 രൂപ


സൈബര്‍മലയാളം

കമ്പ്യൂട്ടറിനെക്കുറിച്ചു് മലയാളത്തില്‍ പുസ്തകങ്ങള്‍ നിരവധിയുണ്ടു് എന്നാല്‍ ഭാഷാസാങ്കേതികത എന്ന വിഷയം കൈകാര്യം ചെയ്യുന്ന ഒരെണ്ണം പോലുമില്ല. ഈ സാഹചര്യത്തിലാണു് യൂനിക്കോഡില്‍ എത്തിനില്ക്കുന്ന മലയാളഭാഷാസാങ്കേതികതയെക്കുറിച്ചുള്ള ഈ പുസ്തകം ടി.വി.സുനീത എഡിറ്റ് ചെയ്തു് പുറത്തിറക്കുന്നതു്.

മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം, ഹൈപ്പര്‍ ടെക്സ്റ്റ് അഥവാ തിരമൊഴി, ബ്ലോഗ്, വിക്കിപീഡിയ, മലയാളത്തിലെ വെബ്ബ് സൈറ്റുകള്‍, കമ്പ്യൂട്ടര്‍ മലയാളത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമ്പതു് ലേഖനങ്ങള്‍. ഒപ്പം എഡിറ്ററുടെ ആമുഖലേഖനവും. ഡോ. മഹേഷ് മംഗലാട്ട്, പി.പി.രാമചന്ദ്രന്‍, കെ.അശോക്‌കുമാര്‍, അനിജ. ഇ.ജെ, ഡോ.പി.സോമനാഥന്‍, ടോം.ജെ.മങ്ങാട്ട്, ഷിജു അലക്സ്, രാജ് നീട്ടിയത്ത്, കെ.എച്ച്ഹുസ്സൈന്‍ എന്നിവരുടേതാണു് ലേഖനങ്ങള്‍.

സൈബര്മലയാളം
എഡിറ്റര്‍: സുനീത.ടിവി
പ്രസാധനം: കറന്റ് ബുക്സ്, തൃശ്ശൂര്‍,
വിതരണം: കോസ്മോ ബുക്സ്, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്.
115 പുറങ്ങള്‍
വില: 75 രൂപ


കേരളത്തില്‍ ജീവിക്കുമ്പോള്‍


ചെറുകഥാകൃത്തും നോവലിസ്റ്റും പത്രാധിപരുമായ ഇ.വി.ശ്രീധരന്‍ കലാകൌമുദി, മംഗളം, വീക്ഷണം എന്നീ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും തെരഞ്ഞെടത്ത രചനകളുടെ സമാഹാരമാണു് കേരളത്തില്‍ ജീവിക്കുമ്പോള്‍. ശീര്‍ഷകം സൂചിപ്പിക്കുമ്പോലെ സമകാലിക കേരളത്തെക്കുറിച്ചുള്ള ധീരവും മൌലികവുമായ നിരീക്ഷണങ്ങളാണു് ഈ സമാഹാരത്തിലെ ലേഖനങ്ങളെ വ്യത്യസ്തമാക്കുന്നതു്. അതു തന്നെയാണു് ഈ സമാഹാരത്തിന്റെ മൂല്യവും.

മൂന്നു് ഭാഗങ്ങളിലായി നാല്പത്തിരണ്ടു് ലേഖനങ്ങളാണു് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. സാഹിത്യം, രാഷ്ട്രീയം, സമൂഹം എന്നിവയെല്ലാം നിശിതമായ പരിശോധിക്കപ്പെടുന്നവയാണു് ഈ ലേഖനങ്ങള്‍ എല്ലാം. വായനക്കാരനു മുമ്പില്‍ സുധീരമായ ചിന്തയുടെ കരുത്തുമായി ആലോചനയുടെ വാതായനങ്ങള്‍ തുറന്നിടുന്നവയാണ് ഈ ലേഖനങ്ങള്‍.
കേരളത്തില്‍ ജീവിക്കുമ്പോള്‍
ഇ.വി.ശ്രീധരന്‍
പ്രസാധനം: സമയം പബ്ലിക്കേഷന്‍സ്,ഫോര്‍ട്ട് റോഡ്, കണ്ണൂര്‍.
223 പുറങ്ങള്‍
വില: 110 രൂപ

Subscribe Tharjani |