തര്‍ജ്ജനി

വികേന്ദ്രീകൃത ആത്മത്വരകള്‍

If speech acts are able one produce realities, one could just as well say that fictions are not parasite in relation to reality. Rather, by intervening into reality they also produce realities-Just as a lie produces realitites -WOLFGANG ISER

Rainbow Ankaval

കവിതയുടെ വഴി ഇനിയും അദൃശ്യമാണെന്ന്‌ പറയുകയാവും ഉചിതം. ഒരോ കവിക്കു മുമ്പിലും ലോകം വേറേ വേറേ വേഷം കെട്ടി നില്‍ക്കുകയാണ്‌. ഒരു ലോകവും സ്ഥിരമല്ലെന്നറിയണമെങ്കില്‍ കവിത വായിക്കണം. കവിത പോലും സ്ഥിരമല്ല. ഒരു കവിതയിലെ വരി ആ കവിതയില്‍പ്പോലും സ്ഥിരമല്ല. ഒരോ അനുവാചകനുംമുമ്പില്‍ കവിത വ്യത്യസ്തമായ സൌന്ദര്യമാണ്‌ കാണിക്കുന്നത്‌. കവിതയ്ക്ക്‌ തനിമയില്ല. കവിത തനിമയ്ക്കും അപ്പുറത്തുള്ള, ഉണ്‍മയുടെ തന്നെ ഇല്ലായ്മയിലൂടെ മറ്റൊരു ഉണ്മ തേടുകയാണ്‌. കവിത ബാലകൃഷ്ണന്റെ കവിതകള്‍, വാസ്തവത്തില്‍, പൂര്‍വകവിതകളുടെ പാരമ്പര്യത്തില്‍നിന്ന്‌ സ്വാഭാവികമായി ഇടഞ്ഞ്‌ അപരസംഗീതത്തിന്റെ അപരിമേയതകളെ സ്പര്‍ശിക്കുകയാണ്‌. കവിതയുടെ ശാപം പാരമ്പര്യത്തില്‍ തന്നെ കാല്‍പനികതയാണ്‌. കാല്‍പനികതയെ എങ്ങനെ വിരട്ടി പുറത്തുകളയാം എന്ന ചിന്ത ബോധപൂര്‍വം ഫലപ്രാപ്തിയിലെത്തിയെന്നത്‌ മോഹമാകാം. എന്നാല്‍ ഉള്ളില്‍നിന്നുള്ള വിളിയില്‍ കാല്‍പനികതയുടെ ചതുരങ്ങള്‍ തകരുകയാണ്‌ ചെയ്യുന്നത്‌. കാല്‍പനികതയുടെ തകര്‍ച്ചയുടെ വിലാപങ്ങള്‍ കവിതയുടെ രചനകളില്‍ നിറയുന്നുണ്ട്‌.

കൂലം കുത്തിയൊഴുകുന്ന രാത്രിയുടെ ചാരനദികള്‍ക്ക്‌ അവളെയൊന്ന്‌ സ്പര്‍ശിക്കാനവുന്നുമില്ല എന്നെഴുതുമ്പോള്‍ ഓര്‍മ്മയുടെ പഴം ചേരുവകളെ തള്ളിക്കളയുകയാണ്‌ കവി ചെയ്യുന്നത്‌. ഈ കവിക്ക്‌ ഭൂതകാലത്തിന്റേതായ പതിവ്‌ അര്‍ത്ഥങ്ങളുള്ള മിത്തുകളിലും ഒരോ തവണയും മിത്തുകളെ വാക്കുകളുടെ ഭാഗമായി ഉപയോഗിച്ചുകൊണ്ട്‌ പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയാണെന്ന്‌ പറയാം. എന്നാല്‍ കവിതയ്ക്ക്‌ എന്തിനാണ്‌ അര്‍ത്ഥമെന്ന ഒരു ചോദ്യവുമുണ്ട്‌. ഏതെങ്കിലും അര്‍ത്ഥം ശാശ്വതമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ മനുഷ്യാത്മാവിന്റെ ശക്ത്തികൊണ്ട്‌ ആ അര്‍ത്ഥത്തെ തകിടം മറിക്കുകയോ നശിപ്പിക്കുകയോ ആണ്‌ കവിത ചെയ്യുന്നത്‌ .ഇത്‌ ആത്മധ്വംസകമാണ്‌ പലപ്പോഴും. കവിതയ്ക്ക്‌ പോലും കവിതയുടെ പാരമ്പര്യത്തെ ശാശ്വതവല്‍ക്കരിക്കണമെന്നില്ല. ഒരോ രചനയും അതില്‍നിന്നുതന്നെയുള്ള വിമോചനം പ്രഖ്യാപിക്കുന്ന കാവ്യരീതിയാണ്‌ ഇപ്പോഴുള്ളത്‌.

നോക്ക്‌, ജനലഴിയിലൂടെ നോക്ക്‌
കാക്കകള്‍ക്കായി മാനം നോക്കി മിഴിതളരുന്നത്‌
കൈകൊട്ടി മടുക്കുന്നത്‌
(ബലൂണുകള്‍ പറഞ്ഞത്‌)

എങ്കിലും കവിതയ്ക്ക്‌ പൂര്‍ണ്ണമായി പുറം കാഴ്ച്ചകള്‍ മാത്രമാകാനാവില്ല. കവിത അകംകാഴ്ചകളുടേതുമാണ്‌.

എന്റെയാകാശം
അതിന്റെയൊരു ചെറുകണം
ഉള്ളിന്നുമുള്ളില്‍ അതിന്റെയുമുള്ളില്‍,
പിന്നെയ്മുള്ളിലേക്കുള്ളില്‍
എത്ര ഭദ്രം?

എന്നെഴുതുന്നത്‌ ആത്മാവിന്റെയോ ആത്മവത്കൃതലോകത്തിന്റെയോ പ്രലോഭനത്തില്‍ നിന്നാണ്‌.

കവിതയുടെ രചനകളില്‍ ഏറ്റവും സവിശേഷമായി തോന്നിയത്‌ അതിലെ പരിഹാസവും നര്‍മ്മവുമാണ്‌. ആധുനികാന്തര കവിതയില്‍ നമ്മുടെ നാട്ടില്‍ ഇതുപോലൊരു നര്‍മ്മം ശക്തിപ്രാപിച്ചിട്ടെല്ലിന്ന്‌ കുറിക്കട്ടെ. കവിത അറിഞ്ഞോ, അറിയാതേയോ എഴുതുമ്പോഴെല്ലാം നര്‍മ്മത്തിന്റെ അടയാളങ്ങള്‍ പതിയുന്നു.

ധ്യാനബുദ്ധന്റെ നെറിയില്‍
തുറിച്ച കണ്ണു കൊത്തിവെച്ച്‌
ഒരു ദളിതശില്‍പി
മതം മാറിയതായി
പ്രഖ്യാപിച്ചിട്ടുണ്ട്‌
(വെള്ളപ്പൊക്കത്തില്‍)


ദയവായി
രണ്ടുറുമ്പുകളുടെ
പടം ചേര്‍ത്ത്‌
പ്രസിദ്ധീകരിക്കരുതേ
(സര്‍, ഒരു കവിത അയയ്ക്കുന്നു)

ആയതിനാല്‍ പ്രിയനേ
കവിവണ്ടേ, നീയിനി
ധൃതിയില്‍ ശിഷ്യപ്പെട്ടോളുക
ഒരു പാറ്റദൃഷ്ടിയുടെ വേദത്തിന്‌,
(തലയണമന്ത്രം)

ഇലവന്ന്‌
വള്ളിയെന്ന്‌
പുറമേയും
അകമേയും
ഓട്യോടീട്ടവരൊരു
വള്ളിക്കുടിലായേ
(കുട്ടിപ്പെര)

ഇങ്ങനെ ഏത്‌ കവിതയിലും ഈ കവിയ്ക്ക്‌ താന്‍ കണ്ട തലതിരിഞ്ഞ ലോകത്തെപ്പറ്റിയോര്‍ത്ത്‌ വിചിത്രമായി ചിരിക്കാനുണ്ട്‌. ഈ ചിരി വെറും ചിരിയല്ല. ദാര്‍ശനീകമായ മുഴക്കങ്ങളുണ്ടതിന്‌. അത്‌ ദൃശ്യമായതില്‍ നിന്നുണ്ടാകുന്നതല്ല.. ദൃശ്യമായതിനുമപ്പുറത്തെ അദൃശ്യതയെ കവി സൂക്ഷ്മമായി ശേഖരിച്ച്‌ തമാശയാക്കി മാറ്റുന്നു. ഇതിനിടയില്‍ പരസ്പരം ചേരാതെ നില്‍ക്കുന്ന ലോകത്തിന്റെ അസംബന്ധരീതികളാണ്‌ കവി കാണുന്നത്‌. കവിതയ്ക്ക്‌ അതു കാണാനുള്ള അവകാശമുണ്ട്‌. ഒരോ നിമിഷവും അമൂര്‍ത്തമോ വികലമോ ആത്മവിനാശകരമോ ആയി മാറുന്ന ലോകത്തെ കവി പരിഹാസത്തിന്റെ വാക്കുകള്‍ കൊണ്ട്‌ ആവാഹിക്കുകയാണ്‌. ശിഥിലമായ ലോകത്തെ ഉദ്ഗ്രഥിക്കാനും യുക്തിബദ്ധമായി സമര്‍ഥിക്കാനുമാണ്‌ പാരമ്പര്യ കവി ശ്രമിക്കുന്നതെങ്കില്‍, കവിതയെപ്പോലുള്ളവര്‍ ഛിന്നഭിന്നമായ ലോകത്ത്‌ നിന്ന്‌ യാതൊന്നും പെറുക്കികൂട്ടുന്നില്ല. അവര്‍ തങ്ങളെയും പിച്ചിച്ചീന്തി ലോക നീതിയില്ലായ്മയിലേക്ക്‌, ക്രമരാഹിത്യത്തിലേക്ക്‌ എറിഞ്ഞു കൊടുക്കുന്നു. നിയവിലുള്ള മതത്തിലോ, പ്രത്യയശാസ്ത്രത്തിലോ സംഘടനയിലോ ഒന്നും തന്നെ വിശ്വസിക്കാനാകാതെ, ചിതറിയലോകത്തിന്റെ വികേന്ദ്ര്Iകൃതമായ ആത്മത്വരകളിലേക്ക്‌ സ്വയം വിഘടിപ്പിക്കുകയാണ്‌ , ഇവിടെ കവി. ഇവിടെ സാമൂഹ്യനിര്‍മ്മാണമല്ല കവി ഏറ്റെടുക്കുന്നത്‌. തന്നില്‍തന്നെ അപരിചിതമായിതീര്‍ന്ന ,വികലമായിത്തീര്‍ന്ന പരിഹാസ്യമായി ഒടുങ്ങിയ കാലചിത്രങ്ങളെ വേര്‍തിരിച്ചെടുക്കുക എന്നത്‌ കാവ്യപ്രക്രിയയുടെ ഭാഗമായിത്തന്നെ സംഭവിക്കുകയാണ്‌. മനുഷ്യനെത്തന്നെ അതിവര്‍ത്തിക്കുന്നതാണ്‌ ഇവിടെ കവിത.

ജീവിതത്തോടുള്ള പ്രേമവും ജീവിതത്തോടുള്ള ഭയവുമാണ്‌ കവിതയുടെ കവിതകളിലെ ദുരന്തത്തെ നിശ്‌ച്ചയിക്കുന്നത്‌

കലയെന്നാല്‍...
മുഴുമിക്കാത്ത അന്വേഷണം
തിന്നാന്‍ കിട്ടാത്ത അപ്പം
അപ്പത്തിനില്ലാത്ത രുചി,
(ക്ലാസ്സില്‍ തീരാത്ത ചിത്രങ്ങള്‍)
എന്റെ ചെറുക്കന്‍
നാവില്‍ ശൂലം തറച്ചവന്‍
............................
പ്രേമത്തിന്റെ ശൂലം കയറ്റും മുമ്പ്‌
ചെറുക്കന്റെ നാവ്‌ പിഴുതെടുത്ത്‌
ചപ്പാത്തി ചുട്ടതെന്തിന്‌?
(ഗോതമ്പു ശില്‍പം)

ഈ വരികളെല്ലാം കവിതയുടെ ദുരന്തതീരത്തെ കാണിച്ചുതരുന്നതാണ്‌, രചയിതാവായ കവിതയുടെ അബോധത്തില്‍ തന്നെയുള്ള ദുരന്തബോധത്തെ ധ്വന്യാത്മകമായി സന്നിവേശിപ്പിക്കുന്നുണ്ട്‌.

കൊത്തിക്കൊത്തിയൊരുനാള്‍ പക്ഷി,
സിംഹമുറങ്ങിന്ന കണ്ണും ചൂഴ്ന്നുപോയി
(അങ്കവാലുള്ള പക്ഷി)

എന്നിങ്ങനെയെഴുതിക്കൊണ്ട്‌ തന്റെ ജീവിതവികാരത്തെ കുറേക്കൂടി വ്യക്തമായും കവിത അവതരിപ്പിക്കുന്നുണ്ട്‌.
അതേ സമയമം ഏറ്റവും ചടുലമായ, തീവ്രമായ ചില സന്ദര്‍ഭങ്ങളുമുണ്ട്‌.

ക്ഷണിക്കപ്പെട്ട സദസ്സില്‍
അവശേഷിച്ച പരുത്തിയുരിഞ്ഞതും
വിശുദ്ധനഗ്നത പൂണ്ടതും
കുപ്പായങ്ങള്‍ക്ക്‌ തീ പിടിക്കയാലാണ്‌
തെരുപാനം പടരുകയാലാണ്‌
(ലളിതകലകളുടെ ക്ലാസ്സ്മുറി)

സ്വന്തം ശരീരം ഒരു കലാപഭൂമിയാണെന്ന്‌ തിരിച്ചറിയുന്നതിന്റെ ചെറിയ സൂചനകള്‍ ഇതിലുണ്ട്‌. ഒരോ വാക്കും പ്രവൃത്തിയും കലാപഭൂമിയായി മാറുന്ന സമയങ്ങളുണ്ട്‌. അതാകട്ടെ, "തീപ്പൊരികള്‍ കെട്ടുവീണ ചാരം ഒരു താമരയിതള്‍ച്ചിത്രത്തില്‍ ലയിപ്പിക്കാന്‍" ഉദ്യമിക്കുന്നതിന്റെ പാഴ്വേലയായി മനസ്സിലാക്കുന്നുമുണ്ട്‌. കവി സ്വയമൊരു യുദ്ധം പ്രഖ്യാപിക്കുകയാണ്‌. നിലവിലുള്ള സമൂഹത്തോട്‌ ക്രിയാത്മകമായ സംവാദത്തിനുപകരം, അവയവങ്ങളായി മാറിയ ശരീരത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ട്‌ പുതിയ പരീക്ഷണത്തിലേര്‍പ്പെടുകയാണ്‌ കവി. സമൂഹത്തിനു കവിതയും ഇപ്പോള്‍ അപരിചിതമാണ്‌. ആ അപരിചിതത്വത്തെ, സമൂഹത്തെ തന്നെ ഉണര്‍ത്താനുള്ള ഗാനമാക്കുകയാണ്‌ കവി. ആഡ്രിയാനി റിച്ചി (Adrenne Rich)നെപ്പറ്റിയുള്ള ഒരു പഠനത്തില്‍ വെന്‍ഡി മാര്‍ട്ടിന്‍ (Wendy Martin) എഴുതുന്ന ഒരു വാചകം ഇവിടെ എടുത്തെഴുതട്ടെ.

Rich writes of the interconnection of all people; her body becomes a battleground, a graphic metaphor for the horrors of war.

എം.കെ ഹരികുമാര്‍