തര്‍ജ്ജനി

പൊയ്‌മുഖങ്ങള്‍

ഓഗസ്റ്റ്‌ 1
വനിത: സ്വാതന്ത്ര്യത്തിന്റെ ലഹരി നുണഞ്ഞ്‌ സങ്കല്‍പ്പ ലോകത്ത്‌ വിഹരിക്കുന്നവള്‍. എന്തിനും ഒരു മറുവശം കൂടിയുണ്ടെന്ന് അവള്‍ അറിഞ്ഞത്‌ കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടാം തീയതിയാണ്‌. അന്നാണ്‌ അവളുടെ ആദ്യാനുരാഗം(അങ്ങനെ പറയാമോ എന്തോ?) കരിഞ്ഞു പോയത്‌. നാലു വര്‍ഷത്തെ മൌനാനുരാഗത്തിന്റെ വെളിപ്പെടുത്തല്‍ ഇത്തരം ഭീകരമായ ഒരന്തരീക്ഷം തനിക്കു സമ്മാനിക്കുമെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ കാമുകസവിധത്തില്‍ നിന്ന് ചമ്മലില്ലാതെ തടിതപ്പുവാനുള്ള മാര്‍ഗ്ഗവും കണ്ടുവച്ചിരുന്നേനെ.

illustration

ജൂലൈ 28-ം തീയതി വൈകുന്നേരം അല്‍പം വ്യത്യസ്തയായാണ്‌ വനിത വീട്ടിലെത്തിയത്‌. കണ്ണുകള്‍ ചുവന്ന് തലമുടി പാറിപ്പറന്ന്.... ഏതോ ദുരന്തകഥയിലെ നായിയകയെ ഓര്‍മ്മപ്പെടുത്തുന്ന മുഖം. വാനിറ്റി ബാഗ്‌ മേശപ്പുറത്തേക്കെറിഞ്ഞ്‌ തലയണയില്‍ മുഖം പൂഴ്ത്തി കരഞ്ഞു. ശബ്ദം വെളിയില്‍ കേള്‍ക്കാതിരിക്കുവാന്‍ പുതിയ ഹിന്ദി ആല്‍ബം ഉച്ചത്തില്‍ വച്ചിരുന്നു. അരമണിക്കൂറിനു ശേഷം കരച്ചില്‍ അവസാനിപ്പിച്ച്‌ വനിത എഴുന്നേറ്റു. ഏതൊരു നിരാശകാമുകിയെയും പോലെ ആത്മഹത്യയെക്കുറിച്ചാണ്‌ ആദ്യം ചിന്തിച്ചത്‌. അതിനെ തുടര്‍ന്നുണ്ടായേക്കാവുന്ന അപവാദശരങ്ങളെ ഭയന്ന് വനിത പദ്ധതി മാറ്റിവച്ചു.

നരേന്ദ്രന്‍ എന്നും വനിതയ്ക്ക്‌ ആശ്വാസത്തിന്റെ ഹിമകണമായിരുന്നു. മൌനാനുരാഗത്തില്‍ അര്‍ത്ഥമില്ല എന്ന് പ്രിയ സുഹൃത്ത്‌ സഖിയുടെ വാക്കുകളാണ്‌ നരേന്ദ്രനു മുന്നില്‍ മനസ്സു തുറന്നു വയ്ക്കാന്‍ വനിതയെ പ്രേരിപ്പിച്ചത്‌. നരേന്ദ്രന്റെ മനസ്സ്‌ മറ്റൊരാള്‍ക്ക്‌ സ്വന്തം എന്നറിഞ്ഞ നിമിഷം വനിത തളര്‍ന്നു പോയി. ഒടുവില്‍ മുന്നിലിരിക്കുന്ന വാനില ഐസ്ക്രീമിനോടും നരേന്ദ്രനോടും നാലുവര്‍ഷത്തെ അനുരാഗത്തോടും യാത്രപറഞ്ഞിറങ്ങിയ വനിതയെയാണ്‌ നേരത്തെ കണ്ടത്‌.
ഇപ്പോള്‍ വനിത കൃഷ്ണവിഗ്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുകയാണ്‌. തെറ്റിദ്ധരിക്കേണ്ട നരേന്ദ്രന്റെ പ്രണയം കഷ്ടത്തിലാക്കുവാന്‍ തക്ക ക്രൂരയൊന്നുമല്ല അവള്‍. തന്റെ കാമുകനായിരുന്നവന്റെ ആഗ്രഹപൂര്‍ത്തിയ്ക്കായുള്ള പ്രാര്‍ത്ഥന.
ഹൊ! എന്തൊരു വിശാല മനസ്കത.
വനിതയുടെ പ്രാര്‍ത്ഥന നരേന്ദ്രന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം അത്ര ചെറുതൊന്നുമല്ലായിരുന്നു. ഓഗസ്റ്റ്‌ പതിനെട്ടാം തീയതി തന്റെ വിവാഹ ക്ഷണക്കത്ത്‌ നരേന്ദ്രനു നല്‍കി കാമുകി പ്രണയജീവിതത്തില്‍ നിന്നും വിരമിച്ചു. പാവം നരേന്ദ്രന്‍ തന്റെ ദുഃഖം പുറത്തു കാട്ടി നിരാശകാമുകന്‍ എന്ന ഇമേജ്‌ സൃഷ്ടിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റെ വാരിയെല്ല് എടുത്തല്ല ദൈവം അവളെ സൃഷ്ടിച്ചതെന്നോര്‍ത്ത്‌ അയാള്‍ സമാധാനിച്ചു.
നരേന്ദ്രന്റെ ജീവിതത്തിലേറ്റ ആഘാതമറിഞ്ഞ്‌ വനിത കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായി. പഴയ കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ നിന്ന് നരേന്ദ്രനെ എന്തിന്‌ എന്നെ പോലെയാക്കി എന്നു പറഞ്ഞ്‌ അല്‍പനേരം കണ്ണീര്‍ തൂവി. സഖിയുടെ സംശയദൃഷ്ടിയില്‍ നിന്നു രക്ഷനേടാനായി താനൊരു ഭണ്ഡാരപ്പെട്ടിയിലും കാണിക്കയിട്ടിലെന്ന് അവള്‍ക്ക്‌ ആണയിട്ടു പറയേണ്ടി വന്നു. നരേന്ദ്രനു സമീപം ചെന്ന് വീണ്ടും വേക്കന്‍സിയുണ്ടോയെന്ന് തിരക്കുവാന്‍ അത്ര ലജ്ജയില്ലാത്ത സ്ത്രീത്വത്തിന്‍ ഉടമയായിരുന്നില്ല വനിത.

പിന്നീട്‌ നരേന്ദ്രനെ കണ്ടപ്പോള്‍ വനിതയുടെ സംസാര വിഷയം സമൂഹത്തില്‍ നടമാടുന്ന വര്‍ഗ്ഗീയതയെക്കുറിച്ചായിരുന്നു. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തെക്കുറിച്ചവള്‍ വാതോരാതെ പറഞ്ഞു. അതിനിടയിലും നരേന്ദ്രന്‍ വല്ലതെ അസ്വസ്ഥനാവുന്നത്‌ അവള്‍ ശ്രദ്ധിക്കാതെയും ഇരുന്നില്ല.

നവംബര്‍ 12
നരേന്ദ്രനും വനിതയും തമ്മിലുള്ള വിവാഹകരാര്‍ ഇന്ന് ഉറപ്പിച്ചു.
വനിത വിത്ത്‌ നരേന്ദ്രന്‍ എന്നെഴുതിയ രണ്ടായിരത്തി അഞ്ഞൂറോളം കാര്‍ഡുകള്‍ വനിതയെ ചെറുതായൊന്നുമല്ല ആനന്ദിപ്പിച്ചത്‌. ജീവിതത്തില്‍ വിധി വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ പെട്ടെന്ന് ബോധവതിയായ വണ്ണം വനിത ചില വാചകങ്ങള്‍ സഖിയോട്‌ പറയുകയുണ്ടായി. അപ്പോഴും വനിതയുടെ മേലുള്ള സംശയം സഖിയില്‍ നിന്നു പൂര്‍ണ്ണമായും വിട്ടുമാറിയിരുന്നില്ല.

മാര്‍ച്ച്‌ 13
സിഗററ്റിന്റെ പുക വീണ്ടും തനിക്കു നേരെ വന്നപ്പോള്‍ വനിതാനരേന്ദ്രനു സഹിക്കുവാനായില്ല. അവരുടെ ദാമ്പത്യം വിജയകരമായി അറുപത്തിയൊന്നാം ദിവസം പിന്നിടുകയായിരുന്നു അന്ന്. വനിത നരേന്ദ്രനു സമീപം ഇരുന്ന് പത്രത്തിലെ പ്രധാന തലക്കെട്ടുകളിലൂടെ കണ്ണോടിക്കുകയായിരുന്നു. വനിത ഒന്നു ചുമച്ചു. നരേന്ദ്രന്‍ അത്‌ ശ്രദ്ധിച്ചില്ല. ഇന്നലെ 'നയന്‍ തേര്‍ട്ടി'യ്ക്കാണ്‌ നരന്‍ വന്നത്‌. ഇവിടെ ഒരു ടി വി പോലുമില്ലാതെ ഞാനൊറ്റയ്ക്കിരുന്നു ബോറടിക്കുകയായിരുന്നു. നരേന്ദ്രന്‍ അകത്തേയ്ക്കു പോയി. ഈയിടെ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ നരന്‌ തീരെ സമയമില്ല. വനിതയും അകത്തേയ്ക്കു പോയി.

എന്തൊക്കെയോ തകരുന്ന ശബ്ദം കേട്ടാണ്‌ അപ്പുറത്തെ ഫ്ലാറ്റിലേയ്ക്കു നോക്കിയത്‌. നരേന്ദ്രന്‍ പുറത്തിറങ്ങുന്നതു കണ്ട്‌ അവര്‍ തല അകത്തേയ്ക്കു വലിച്ചു.
ഇപ്പോള്‍ നരേന്ദ്രനും വനിതാ നരേന്ദ്രനും നഗരത്തിലെ ഒരു പ്രമുഖ സൈക്യാട്രിസ്റ്റിന്റെ മേശയ്ക്കു മുന്നില്‍ ഇരിക്കുകയാണ്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ നരേന്ദ്രന്‍ ശിരസ്സു കുലുക്കി സമ്മതം കാട്ടുന്നുവെങ്കില്‍ വനിതാനരേന്ദ്രന്‍, ജനാലയ്ക്കപ്പുറത്തുള്ള മരക്കൊമ്പിലിരുന്ന് ഒരു കിളി, കുഞ്ഞിന്‌ തീറ്റി നല്‍കുന്നത്‌ നോക്കുകയാണ്‌.

ഏപ്രില്‍ 18
വനിതാനരേന്ദ്രന്‍ മയക്കത്തിലാണ്‌. സമീപം അവളുടെ അമ്മ നില്‍ക്കുന്നു. വനിത ഉണര്‍ന്നപ്പോള്‍ അവര്‍ ആദ്യം ചോദിച്ചത്‌ നരേന്ദ്രനെ വിവരം അറിയ്ക്കണ്ടേ എന്നാണ്‌.
"വേണ്ട സൃഷ്ടിയുടെ വേദനയറിയാത്ത ആ വര്‍ഗ്ഗത്തോട്‌ എനിക്കു വെറുപ്പാണ്‌." വനിതാ നരേന്ദ്രന്‍ രോഷം കടിച്ചമര്‍ത്തി. 'നിന്റെ അച്ഛനോടും" വനിത മുഖം കുനിച്ചു.

ജൂലൈ 28
വിവാഹമോചനക്കരാര്‍ ഒപ്പിട്ടിറങ്ങിയ നരേന്ദ്രന്റെ ഘനീഭവിച്ച മുഖം വനിത ശ്രദ്ധിച്ചിരുന്നില്ല. ഒരു ദീര്‍ഘ നിശ്വാസത്തോടെ കാറിലേയ്ക്ക്‌ കയറുകയായിരുന്നു അവള്‍.

ശില്‍പ ബി രാജ്‌, പന്തളം