തര്‍ജ്ജനി

ബന്ദികള്‍

ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' എന്ന നോവലിനെക്കുറിച്ചുള്ള ചിന്തകള്‍

എല്ലാ കവാടങ്ങളും കൊട്ടിയടയ്ക്കപ്പെട്ടു വഴിമുട്ടി നില്‍ക്കുന്ന ഒരു ജനതയാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. അവരെ ഒന്നടങ്കം വ്യത്യസ്ത അധികാരസ്ഥാപനങ്ങള്‍ ബന്ദികളാക്കിയിരിക്കുന്നു. ബന്ധനത്തില്‍ നിന്നു തുറക്കുന്ന ഒരേയൊരു വാതില്‍ മരണത്തിലേയ്ക്കുള്ളതാണെന്ന് ബന്ദികള്‍ക്കറിയാം. അതവരെ നിസ്സഹായരും നിസ്സംഗരുമാക്കുന്നു. ഒരിത്തിരി ഭ്രാന്തു പോലും ആവേശിക്കാതെ മരണത്തിനു കീഴടങ്ങുന്നു. അധികാരത്തിന്റെ കൈയിലെ വെറും കരുക്കളായ മനുഷ്യരെ ബന്ദികള്‍ എന്ന സംജ്ഞയിലേയ്ക്ക്‌ ആനന്ദ്‌ തര്‍ജ്ജമ ചെയ്യുന്നു. അവര്‍ കനത്ത നിശ്ശബ്ദതയാണ്‌ അനുഭവിക്കുന്നത്‌. വാക്കുകളുടെ ഉറവ വറ്റി വാക്കുകള്‍ ഘനീഭവിക്കുന്നു. ബന്ദിയെ സംബന്ധിച്ചിടത്തോളം തന്റെ സ്വകാര്യ ലോകത്തിലേയ്ക്ക്‌ പിന്‍വലിയുക എന്ന ഒറ്റ മാര്‍ഗ്ഗത്തെക്കുറിച്ചേ ചിന്തിക്കേണ്ടതുള്ളൂ. ബന്ദിയാവുമ്പോള്‍, ഒരുവന്റെ മാനസിക ലോകത്തെകൂടി, ബുദ്ധിപരമായ ചിന്തയെകൂടി, അറസ്റ്റു ചെയ്തു മരവിപ്പിക്കുന്നു. ഇഷ്ടപ്പെട്ട രീതിയില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇവര്‍ക്ക്‌ നിഷേധിച്ചിരിക്കുന്നു. ചുരുക്കത്തില്‍ അധികാരത്തിന്റെ കൈകളില്‍ നിന്നു പുറത്തു കടക്കുക അസാധ്യമായി തീരുന്നു. ജനമനാട്ടില്‍ നിഷ്കാസിതരായി തീര്‍ന്ന ബന്ദികളാണ്‌ നാഗരികരെന്ന ചിന്ത ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' എന്ന നോവല്‍ ശക്തമായി കൈമാറുന്നുണ്ട്‌.

ഇന്നു മനുഷ്യന്‍ വിലപേശലിനുള്ള ഒരു കരു മാത്രമാണ്‌. ആരുടെയെങ്കിലും ലക്ഷ്യസാധ്യത്തിനായി എപ്പോള്‍ വേണമെങ്കിലും ഒരുവന്‍ ബന്ദിയാക്കപ്പെടാം. ആയുധത്തിന്റെ മുനത്തുമ്പില്‍ ജീവന്‍ വച്ച്‌ ഭയാതുരനായി കഴിയാം. പിന്നീട്‌ മൃഗീയമായി കൊല്ലപ്പെടാം. ലക്ഷ്യസാധ്യത ഒരു വിഷയമോ നിമിത്തമോ മാത്രമാണ്‌. ബന്ദികളെ മൃഗീയമായി പീഢിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ ഓരോ കാലത്തും ഓരോ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ നാം കാണുന്നുണ്ട്‌. തമാശക്കു വേണ്ടി പോലും ബന്ദികള്‍ പീഢിപ്പിക്കപ്പെടുന്നു. ശക്തിയുള്ളവന്റെ സന്തോഷമാണ്‌ അതിനടിസ്ഥാനം. പീഢനങ്ങളെ പ്രദര്‍ശനമാക്കിക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ താക്കീതും നല്‍കുന്നു. അധികാരത്തിന്റെ മുന്‍പില്‍ എല്ലാ മനുഷ്യരും ബന്ദികളാണെന്നാണ്‌ ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നത്‌.
യൂറോപ്പില്‍ നിന്നു നമ്മുടെ ക്ലാസിക്കല്‍ നൃത്തങ്ങള്‍ പഠിക്കാന്‍ ഇവിടെ വന്ന ക്രിസ്റ്റോഫര്‍ തന്റെ ചങ്ങാതിയാക്കിയത്‌ ഇംതിയാസ്‌ എന്ന അനാഥബാലനെയാണ്‌. അവരുടെ യാത്രകള്‍ക്കിടയിലെപ്പോഴോ ഇരുവരും ബന്ദികളാക്കപ്പെടുന്നു. ഏതോ തീവ്രവാദി സംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അവര്‍ ബന്ദികളാക്കപ്പെട്ടതെങ്കിലും ആരും അതേറ്റെടുത്തില്ല. എന്തിനെന്ന ചോദ്യത്തിന്‌ അതിലൊരാള്‍ വിദേശി എന്നു മാത്രമേ മനസ്സിലാക്കാനാവൂ. അതിനു വിശദീകരണം എഴുത്തുകാരന്‍ നല്‍കുന്നതിങ്ങനെയാണ്‌. "തീവ്രവാദി സംഘങ്ങളാണെങ്കില്‍ ഏതെങ്കിലും ഡിമാന്റുകള്‍ സാധിച്ചെടുക്കുന്നതു വരെ എവിടെ വേണമെങ്കിലും ഹോസ്റ്റേജാക്കി സൂക്ഷിക്കാം. അവരുടെ സംഘത്തില്‍ ചേര്‍ക്കന്‍ വേണ്ടിയാണ്‌ തട്ടികൊണ്ടു പോയിരിക്കുന്നതെങ്കില്‍ അവനെ പിന്നെ സ്വന്തം ബോംബിനു ഇരയായി വീണുകിടക്കുന്ന ചാവേര്‍ പടയാളിയുടെ അവസ്ഥയില്‍ പ്രതീക്ഷിച്ചാല്‍ മതി.വിശ്വാസത്തിന്റെ വഴിയിലൂടെയല്ലാതെ, ബലപ്രയോഗത്താല്‍ ചേര്‍ത്തവരെ അവര്‍ പോലും വിശ്വസിക്കുകയില്ല. ആയുധങ്ങളായാണ്‌ അവര്‍ പ്രയോഗിക്കപ്പെടുക." (പുറം 139)

ഊര്‍ജ്ജവും ആത്മാവുമുള്ള ഓരോരുത്തരും തട്ടിക്കൊണ്ടുപൊയ്ക്കഴിഞ്ഞാല്‍ വെറും ശരീരം മാത്രമായിത്തീരുന്നു. ചിന്തിക്കാന്‍ മനസ്സില്ലാത്തവര്‍. സംസാരിക്കാന്‍ നാവില്ലാത്തവര്‍. ഭയം എന്ന വികാരം മാത്രമനുഭവിക്കുന്നവര്‍. അധികാരം മനുഷ്യനെ ഒറ്റയടിക്ക്‌ ഒരുവന്റെ ഉള്ളിലുള്ളതിനെയെല്ലാം ചോര്‍ത്തിക്കളഞ്ഞ്‌ വെറും ശരീരം മാത്രമാകുന്നു. ക്രിസ്റ്റോഫറും ഇംതിയാസും കൊല്ലപ്പെടുകയാണുണ്ടായത്‌. ഒന്നു കുതറാനുള്ള ശേഷിപോലുമില്ലാതെ മരണത്തിനു വഴങ്ങി കൊടുത്ത ബന്ദികള്‍. ഇന്ന് ഓരോ മനുഷ്യനും ബന്ദിയാകാനുള്ള വിധിക്ക്‌ കാത്തിരിക്കുകയാണ്‌. മേജര്‍ ഡിസൂസ അതു സൂചിപ്പിക്കുന്നുണ്ട്‌. "രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന നമ്മള്‍ ഓരോരുത്തരും വൈകുന്നേരം അതേരൂപത്തില്‍ മടങ്ങിയെത്തുന്നുവെങ്കില്‍ അതൊരു ചാന്‍സ്‌ മാത്രമാണ്‌. അതിനിടയ്ക്ക്‌ നാം ആക്രമിക്കപ്പെട്ടേയ്ക്കാം. തട്ടികൊണ്ടു പോകപ്പെട്ടേയ്ക്കാം. അതിനു പിന്നില്‍ ലോജിക്‌ ഒന്നും വേണമെന്നില്ല. നിങ്ങളെ നിങ്ങളായിത്തന്നെ കണ്ടു കൊണ്ടാകാം. നിങ്ങളെ വേറൊരാളായി തെറ്റിദ്ധരിച്ചു കൊണ്ടാകാം. നിങ്ങള്‍ ആരാണെന്നു അന്വേഷിക്കാതെ തന്നെയാകാം, നിങ്ങള്‍ ഉന്നം വയ്ക്കപ്പെടുന്നത്‌. എന്താണു സംഭവിക്കാനരുതാത്തത്‌?" (പുറം 114)
അധികാരവും അവര്‍ സൃഷ്ടിച്ച അധോലോകസംഘങ്ങളും തീവ്രവാദി സംഘടനകളും മറ്റുമാണ്‌ മനുഷ്യരെ ബന്ദികളാക്കി വിലപേശാനും കശാപ്പു ചെയ്യാനും കാത്തിരിക്കുന്നത്‌.

'അപഹരിക്കപ്പെട്ട ദൈവങ്ങളില്‍ ' രണ്ട്‌ ആത്മഹത്യയുടേ സന്ദര്‍ഭം ആനന്ദ്‌ വിളക്കിച്ചേര്‍ത്തിട്ടുണ്ട്‌. ഒന്ന്, ഒരു തിബത്തന്‍ അഭയാര്‍ത്ഥി സ്വയം തീ കൊളുത്തി മരിച്ച സംഭവം. ചെറുപ്പകാരനായ ഒരു മനുഷ്യന്‍ വഴിവക്കിലെ ഡിവൈഡറില്‍ നിലയുറപ്പിച്ചതും സഞ്ചിയില്‍ നിന്ന് ഒരു കുപ്പിയെടുത്ത്‌ അതിലെ മണ്ണെണ്ണ ശരീരത്തിന്മേല്‍ ഒഴിച്ചതും ഒരു ലൈറ്റര്‍ കൊണ്ടു തീ കൊളുത്തിയതും വഴിപോക്കര്‍ അന്തം വിട്ടു നിന്നതുമെല്ലാം പകര്‍ത്തിയത്‌, ആ സമയത്ത്‌ അവിടെ നിന്നു കൊണ്ട്‌ ഒരു വഴിപോക്കനെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്ന ടി വി ചാനലിന്റെ ക്യാമറയായിരുന്നു. മരിച്ച മനുഷ്യന്‍ എന്തിനാണ്‌ താനത്‌ ചെയ്തത്‌ എന്നതിന്റെ ഒരു സൂചനയും നല്‍കിയില്ല. ഏത്‌ അവകാശങ്ങള്‍ ഉന്നയിച്ച്‌, എന്തിനോട്‌ പ്രതിഷേധിച്ച്‌ എന്നതിന്റെയൊന്നും ഒരു സൂചനയും പ്രകടമാക്കിയില്ല. ജനമദ്ധ്യത്തില്‍ നിന്നു കൊണ്ട്‌ അയാള്‍ ഏകാനായി കത്തിയമര്‍ന്നു. സ്വന്തം, അഥവാ അയാളുടെ ജനതയുടെ ജീവിതത്തിന്റെയോ പാപത്തിന്റെയോ ഭാരത്തെ കത്തിച്ച്‌ അമര്‍ത്തി.

കുറച്ചുവര്‍ഷം നെരിപ്പോടായി ജീവിച്ചതിനു ശേഷം കാഴ്ചക്കാര്‍ക്കു നേരെ കൈവീശി കാണിച്ചുകൊണ്ട്‌ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴോട്ടു ചാടി ചിതറിപ്പോയ ഒരു പെണ്‍കുട്ടിയെ, എന്‍ജിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനിയെ നമുക്കറിയാം. മറ്റു മാര്‍ഗ്ഗമില്ലാതെ മുഴുവന്‍ ഭാരവും ഇറക്കിവച്ച്‌ മുക്തയായ ആ പെണ്‍കുട്ടിയെ മലയാളികള്‍ക്ക്‌ മറക്കാന്‍ സമയമായിട്ടില്ല. ഒരാളുടെ വേദന മറ്റൊരാളറിയാന്‍ ആഗ്രഹിക്കാത്ത കാലഘട്ടത്തില്‍ സ്വയം കൊളുത്തുന്നൊരു ചിതയായി മാറാതിരിക്കാന്‍ ആത്മാഭിമാനമുള്ള മനുഷ്യനു കഴിയുകയില്ല. ഇതു കാലേക്കൂട്ടി അറിയാന്‍ എഴുത്തുകാരന്റെ ഇന്ദ്രിയങ്ങള്‍ക്കു കഴിഞ്ഞു എന്നതും പ്രധാനം തന്നെയാണ്‌. ഇതിനെ ഒന്നു കൂടി ബലപ്പെടുത്തുന്ന മറ്റൊരാത്മഹത്യയും ആനന്ദ്‌ ചിത്രീകരിക്കുന്നുണ്ട്‌.

നഗരത്തിലെ ഇരുപതുനില കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ആരും അയാളെ തിരിച്ചറിഞ്ഞില്ല. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ സാക്സോഫോണ്‍ വായിക്കാറുള്ള ഒരാളായിരുന്നു അത്‌. പക്ഷേ പോലീസ്‌ റസ്റ്റോറന്റ്‌ മാനേജരെ വരുത്തിയെങ്കിലും അയാള്‍ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.വൈകിയ രാത്രികളില്‍ റെസ്റ്റോറന്റും ബാറും ഒഴിഞ്ഞു കഴിഞ്ഞാലും അയാള്‍ അവിടെ ഒറ്റയ്ക്ക്‌ സാക്സോഫോണ്‍ വായിച്ചുകൊണ്ട്‌ ഇരിക്കാറുണ്ടായിരുന്നു. ശബ്ദം ഇല്ലാതായപ്പോള്‍ അയാള്‍ റെസ്റ്റോറന്റുകള്‍ക്കു പോലും അജ്ഞാതനായി തീര്‍ന്നു.

അത്ഭുതമെന്നു പറയട്ടെ, നമ്മുടെ കണ്‍മുന്‍പില്‍ ചാടിമരിച്ച എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ സാക്സോഫോണ്‍ വാദകനെപ്പോലെ അജ്ഞാതയായി മറിയിരിക്കുന്നു. സാക്ഷിമൊഴികൊടുക്കാന്‍ ഒരാള്‍ പോലും കോടതിയില്‍ ഹാജരാകാതെ ആ പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി നാം കൊല ചെയ്തു. അതേക്കുറിച്ചുള്ള വിവാദങ്ങള്‍ ഇപ്പോഴും ശമിച്ചിട്ടുണ്ടാവില്ല. എഴുത്തുകാരന്റെ ദര്‍ശനം എത്രവേഗത്തിലാണ്‌ നമുക്ക്‌ അനുഭവമായിത്തീര്‍ന്നത്‌. ഓരോ മനുഷ്യനും ആന്തരികമായി ഒരു മരുഭൂമിയെ വളര്‍ത്തുകയാണ്‌. അല്ലെങ്കില്‍ കൌമാര കുതൂഹലം വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിയെ തിരിച്ചറിയാനാവാത്ത വിധം മനുഷ്യരൊന്നടങ്കം വൃദ്ധരായിരിക്കുന്നു. നാമൊക്കെ അധികാരത്തിനെതിരെ- ഓരോ ആത്മഹത്യയും അധികാരം കാഴ്ചവയ്ക്കുന്ന കുരുതിയാണ്‌- ശബ്ദിക്കാന്‍ കരുത്തില്ലാത്ത ബന്ദികളായി മാറിയിരിക്കുന്നു.

ദൈവങ്ങള്‍ കാലഹരണപ്പെട്ടുകഴിഞ്ഞാല്‍ പിശാചായി മാറുമെന്നാണ്‌ നാടോടികളുടെ വിശ്വാസം. സ്ഥിരവാസികളായ മനുഷ്യര്‍ക്കും ദൈവം എന്ന വാക്ക്‌ ഉള്‍ക്കൊള്ളുന്നതെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞു എന്നും അതിനാല്‍ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നതു ചെകുത്താനാണെന്നും ആനന്ദ്‌ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്‌. നാടോടികളുടെ ദൈവങ്ങളെപ്പോലെ നമ്മുടെ ദൈവങ്ങളും അപഹരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെയും അവന്റെ വേദനകളെയും കണ്ടറിയുമ്പോഴാണ്‌, അതിനു പരിഹാരം കണ്ടെത്തുമ്പോഴാണ്‌ നാം ദൈവത്തെ അറിയുന്നത്‌. അതുകൊണ്ടു തന്നെ ദൈവം നമ്മുടെ ഉള്ളിലെ ആര്‍ദ്രതയാണ്‌. ശൈഥില്യങ്ങള്‍ക്കിടയില്‍ ഊറി വരുന്ന ഉറവയാണ്‌. മനുഷ്യത്വത്തിന്റെ സ്പര്‍ശങ്ങളൊക്കെയും ദൈവസ്പര്‍ശങ്ങളാണ്‌. ശിഥിലമായ ബന്ധങ്ങളെ, കാലഹരണപ്പെട്ട വിശ്വാസങ്ങളെ, സ്നേഹത്തെ ഒക്കെ നാം പുതുക്കേണ്ടിയിരിക്കുന്നു. കാലഹരണപ്പെടുക എന്നാല്‍ നഷ്ടപ്പെടുക എന്നു തന്നെയാണ്‌ അര്‍ത്ഥമാക്കേണ്ടത്‌. ആ നഷ്ടബോധമാണ്‌ ആനന്ദ്‌ ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത്‌.

ആധികൊള്ളുകയും ഉത്‌കണ്ഠപ്പെടുകയും ചെയ്യുന്ന നമ്മുടെ മനസ്സിനെയാണ്‌ നാം ബന്ധിച്ചിരിക്കുന്നത്‌. ആ ബന്ധനങ്ങളെ കുടഞ്ഞെറിയുവാന്‍ യുവത്വത്തിനു കഴിയുമെന്ന് എഴുത്തുകാരന്‍ പ്രത്യാശിക്കുന്നു. സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും വേര്‍തിരിച്ച നൂലിഴകളെ പൊട്ടിച്ചു കൊണ്ട്‌ സ്വപ്നങ്ങളുടെ പിന്നാലെ ആവേശപൂര്‍വം ഇറങ്ങിത്തിരിച്ച അമന്റെ ചിന്തകളും കുറിപ്പുകളുമാണ്‌ ഗണേശന്‌ കരുത്താകുന്നത്‌. ഒടുവില്‍ അമന്റെ കവിതകളടങ്ങിയ കടലാസു ശേഖരം അപ്പാടെയെടുത്ത്‌ മാറോടു ചേര്‍ത്തു പിടിച്ചപ്പോള്‍ അയാള്‍ക്ക്‌ പെട്ടെന്ന് യൌവനം അനുഭവപ്പെട്ടു എന്നാണ്‌ എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നത്‌. വാര്‍ദ്ധക്യത്തിന്റെ അടരുകളെ തകര്‍ത്തുകൊണ്ട്‌ ഗണേശനില്‍ യുവത്വം പ്രവേശിക്കുന്നു. ഒരു കൊടുംകാറ്റു സൃഷ്ടിക്കാന്‍ യുവത്വത്തിനു മാത്രമേ കഴിയൂ. പിറവി തന്നെ വൃദ്ധതയിലാരംഭിക്കുന്ന ഒരു തലമുറയ്ക്കു നല്‍കുന്ന താക്കീത്‌ കൂടിയാണിത്‌. മനുഷ്യന്റെ ശിഷ്ടജീവിതത്തിലെ നനവ്‌ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ്‌ ഈ ഓര്‍മ്മപ്പെടുത്തല്‍. ദൈവങ്ങള്‍ പോലും നഷ്ടപ്പെട്ടുപോയ അഥവാ ദൈവങ്ങള്‍ കൈവിട്ടുകളഞ്ഞ ഒരു ജീവിതത്തിന്‌ സ്നേഹത്തിലൂടെ മാത്രമേ മുന്നോട്ടു പോകാനാവൂ. അതേക്കുറിച്ചുള്ള ആനന്ദിന്റെ വ്യാകുലതയാണ്‌ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' എന്ന നോവല്‍.

ഡോ.ഇ ബാനര്‍ജി
പുതുമംഗലത്ത്‌, ചെറിയഴീക്കല്‍ പി ഓ, കരുനാഗപ്പള്ളി, കൊല്ലം 690573

Submitted by REMO (not verified) on Sat, 2008-11-22 23:22.

നന്ദി