തര്‍ജ്ജനി

വസ്ത്രങ്ങള്‍

illustration

വസ്ത്രം

നീ ആരെന്ന്
നീയണിയുന്ന വസ്ത്രം പറയുന്നു
നിന്റെ യഥാര്‍ത്ഥ മുഖം
തെളിക്കാനും ഒളിക്കാനും
നിന്റെ വസ്ത്രത്തിനു കഴിയുന്നു
വിവസ്ത്രനാകുമ്പോള്‍
നീ നികൃഷ്‌ടനാകുന്നു

വിവസ്ത്രയായ അവളുടെ കുളി
ഒളിഞ്ഞു കണ്ടപ്പോള്‍
പൂത്തുലഞ്ഞത്‌ കാമം
വിവസ്ത്രയായി അവളെ
ആള്‍ക്കൂട്ടത്തില്‍
തെളിഞ്ഞു കണ്ടപ്പോള്‍
കത്തിപ്പടര്‍ന്നത്‌ ക്രോധം

പുതിയ തുന്നല്‍ക്കാരന്‍

ഇന്നുള്ള കുപ്പായങ്ങള്‍
നമുക്കിണങ്ങാത്തവയാണ്‌
നാമെല്ലാമിപ്പോള്‍
പൂര്‍ണ്ണ നഗ്നരുമാണ്‌.
നമുക്കിനി
പുതിയ ഉടുപ്പുകള്‍ വേണം
പുതുവസ്ത്രങ്ങള്‍ മെനയാന്‍
ഒരു പുതിയ തുന്നല്‍ക്കാരനെയും!

നസീര്‍ സീനാലയം